സർക്കാർ ചെയ്യാനുള്ളത് ചെയ്യട്ടെ, സമരം തുടരും
കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാത്ഥി സമരം ദേശീയ ശ്രദ്ധ നേടിയ ഒന്നായി ഇതിനകം മാറിയിട്ടുണ്ട്. ഒരു മാസത്തിലധികമായി നടക്കുന്ന സമരത്തില്‍ വേണ്ടുംവിധം ഇടപെടാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ ഇതിനകം തന്നെ പൊതുസമൂഹത്തിന്റെ വിമര്‍ശം ഉയര്‍ന്നിട്ടുമുണ്ട്. സമരം തുടരുക എന്നല്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് വേറെ വഴിയില്ല എന്നതാണ് നിലവിലെ സാഹചര്യം. സമരത്തിനാധാരമായ വിഷയങ്ങളുടെ ഗൗരവം സമൂഹത്തിന് ബോധ്യപ്പെടുന്നതാണ്. അവരുടെ ആവശ്യങ്ങള്‍ ന്യായമാണ് എന്ന ചിന്തയും സമൂഹത്തിലുണ്ട്. എന്നിട്ടും എന്തുകൊണ്ടാണിത് പരിഹരിക്കാനാവാത്ത ഒരു വിഷയമായി മാറുന്നത്? വിദ്യാർത്ഥികൾ വളരെ ഗൗരവമുള്ള വിഷയങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. സമരം തുടരുക എന്നതാണ് അവരുടെ തീരുമാനം. ക്ലാസുകൾ അടച്ചിടേണ്ട സ്ഥിതിയിലേക്കെത്തിക്കുന്നത് എന്തിനാണ്? ചില മഹാന്മാരുടെ കാലത്തിനു യോജിക്കാത്ത വിവരക്കേടുകൾ കേൾക്കേണ്ട അവസ്ഥയിലേക്ക് ഈ സാഹചര്യത്തെ വലിച്ചു നീട്ടുന്നത് എന്തിനാണ്? സർവ്വോപരി പോളിറ്റ്ബ്യുറോ അംഗവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ എം എ ബേബിക്ക് അടൂരിന്റെ ഭാഷയിലെ ആ സിന്റാക്സ് എറർ എന്തുകൊണ്ടാണ് മനസ്സിലാക്കാനാവാത്തത് എന്നൊക്കെയാണ് വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ചോദ്യങ്ങൾ.
കെ ആർ നാരായണൻ ഇന്‍സ്റ്റിറ്റ്യൂട്ടിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികളായ ശ്രീദേവ് സുപ്രകാശ്, അശ്വിൻ കൃഷ്ണ എന്നിവർ മലബാർ ജേർണലിനോടു സംസാരിച്ചത്തിന്റെ പ്രസക്ത ഭാഗങ്ങൾ:
ഈ ഘട്ടത്തിൽ സമരത്തിന് പേരിട്ടിരിക്കുന്നത് ആർട്ട് ഓഫ് പ്രൊട്ടസ്ററ് എന്നാണ്. ഇപ്പോൾ ഞങ്ങൾ ഇന്ത്യയിലെ തന്നെ പ്രഗൽഭരായിട്ടുള്ള ആളുകളെ ഇവിടെ കൊണ്ടുവന്ന് അല്ലെങ്കിൽ ഓൺലൈൻ ആയി ക്ലാസുകൾ നടത്തുക എന്നുള്ള കാര്യമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. Caste Matters എന്ന കൃതിയുടെ കർത്താവും സാമൂഹിക ശാസ്ത്രജ്ഞനുമായ സൂരജ് യെങ്ടെ (Suraj Yengde) ഇന്നലെ (16/01/2022) വന്നിരുന്നു, അകത്ത് കയറാൻ പറ്റിയില്ല. പക്ഷേ പുറത്ത് ഞങ്ങൾ ദിവസ വാടകയ്ക്ക് ഒരു ഓഡിറ്റോറിയം എടുത്തിട്ടുണ്ട് അവിടെ വെച്ച് അദ്ദേഹം ഒരു സെഷൻ കൈകാര്യം ചെയ്തു. അതുപോലെ രേഖ രാജ് ഒരു സെഷൻ കൈകാര്യം ചെയ്തിരുന്നു. അങ്ങനെയാണ് ഞങ്ങൾ ഇപ്പോൾ മുന്നോട്ടു പോകുന്നത്. അന്വേഷണക്കമ്മീഷന്റെ റിപ്പോർട്ട് വെള്ളിയാഴ്ച തന്നെ കമ്മീഷൻ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്, അതിൽ ഉടനെതന്നെ തീരുമാനം വരുമെന്നാണ് അറിയുന്നത്. കമ്മീഷന്റെ സിറ്റിങ്ങിൽ ഞങ്ങൾ തൃപ്തരായിരുന്നു. അവരും കാര്യങ്ങൾ മനസിലാക്കിയിട്ടുണ്ടെന്നാണ് ഞങ്ങൾക്ക് തോന്നിയത്. അവർ ഞങ്ങളെ കേൾക്കാൻ തയ്യാറായിരുന്നു. അന്വേഷണ കമ്മീഷൻ രണ്ടുതവണ ശങ്കർ മോഹനെ പോയി കണ്ടിരുന്നു. രണ്ടാമത്തെ തവണ അദ്ദേഹം സഹകരിക്കാൻ കൂട്ടാക്കിയില്ല എന്നാണ് മാധ്യമ റിപ്പോർട്ടുകളിൽ നിന്നും ഞങ്ങൾക്ക് കിട്ടിയിട്ടുള്ള അറിവ്. ആദ്യത്തെ കമ്മീഷനിട്ടിരുന്നത് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്നു, അനുഭാവപൂർവ്വമായ സമീപനമാണ് മന്ത്രി നടത്തിയിരുന്നത്, രാഷ്ട്രീയ ഇടപെടലുകൾ നടത്തുന്നുണ്ടെന്നാണ് അടൂർ ഗോപാലകൃഷ്ണൻ അവർക്കെതിരെ ഇപ്പോൾ പറഞ്ഞിട്ടുള്ളത്. അടൂർ ഗോപാലകൃഷ്ണൻ ഇതുവരെ സമരം ചെയ്യുന്ന വിദ്യാർത്ഥികളുമായി സംസാരിച്ചിട്ടില്ല. ഞങ്ങളുമായി അടൂർ ഈ വിഷയത്തെ പറ്റി സംസാരിച്ചിട്ടില്ല.പരാതിയും സമരം ചെയ്യാനുണ്ടായ കാരണവും വസ്തുതകൾ വിശദമാക്കികൊണ്ട് ഞങ്ങൾ മെയിൽ അയച്ചിരുന്നു. പക്ഷേ അതിനും മറുപടി ഉണ്ടായിരുന്നില്ല.
സംവരണ സീറ്റുകളിലേക്കുള്ള ഒഴിവുകൾ നികത്താത്തതിന് കാരണം ആവശ്യമായ യോഗ്യതകൾ ഇല്ലാത്ത കൊണ്ടാണ് എന്നാണ് അധികാരപ്പെട്ടവർ പറയുന്നത് എന്നാൽ ഒരടിസ്ഥാനവുമില്ലാതെയാണ് അവരത് പറയുന്നത്, അത് വ്യക്തവുമാണ്. ഈ കാര്യങ്ങളെല്ലാം ഞങ്ങൾ കൃത്യമായ വസ്തുതയോട് കൂടിയാണ് പറയുന്നത്. ഇവർ കാര്യങ്ങൾ ചെയ്യുന്നത് അഡ്മിഷൻ ഗയിഡ്‌ലൈൻസിന് വിരുദ്ധമായാണ്, നിയമപരമായിട്ടല്ല. ഗയിഡ്‌ലൈൻസിനെ അടിസ്ഥാനപ്പെടുത്തി വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുകയാണെങ്കിൽ ക്വാളിറ്റി ഇല്ലാത്ത വിദ്യാർത്ഥികളായിരിക്കും വരുന്നത് എന്നും ഡയറക്ടർ പറഞ്ഞിട്ടുണ്ട്. പരീക്ഷ നടത്തുന്ന LBS തന്നെ ഇന്‍സ്റ്റിറ്റ്യൂട്ടിന് കത്ത് കൊടുത്തിട്ടുണ്ട്, LBS ന്റെ ഡയറക്ടർ മന്ത്രിയോടത് പറഞ്ഞതുമാണ്. ഞങ്ങൾ എൺപത്തിരണ്ട് വിദ്യാർത്ഥികളും ഒരുമിച്ചാണ് നിൽക്കുന്നത്, പല സംഘടനകളും ഇവിടെ ഐക്യദാർഢ്യവുമായി വരുന്നുണ്ട്. അത് അവരുടെ ഉത്തരവാദിത്വത്തിന്റെ പുറത്താണ്, ഞങ്ങൾ ഒരു സംഘടനയുമായി ചേർന്ന് പ്രവർത്തിക്കുന്നില്ല. ഐക്യപ്പെട്ട് വരുന്നവർ അവരുടെ ഉത്തരവാദിത്വം നിർവ്വഹിക്കുന്നു എന്നാണ് ഞങ്ങൾ കരുതുന്നത്. ചില ഉത്തരവുകൾ വരുമ്പോൾ കലക്ടറോട് വിളിച്ച് ചോദിച്ചിട്ടുണ്ട് എന്താണ് കാരണം എന്ന് അങ്ങനെ ഉത്തരവ് ഇടേണ്ട അവസ്ഥയാണ് അതാണെന്റെ ചുമതല എന്നാണ് മറുപടി പറഞ്ഞത്. ഞങ്ങളെ പിന്തുണയ്ക്കുന്നത് വളരെ കുറച്ച് അധ്യാപകർ മാത്രമാണ്. രണ്ടോ മൂന്നോ പേര് മാത്രമേ വിദ്യാർത്ഥികളുടെ കൂടെ നിൽക്കുന്നുള്ളു. ബാക്കിയുള്ളവരൊക്കെ ഒന്നുകിൽ ശങ്കർ മോഹനെ പിന്തുണയ്ക്കുന്നവരോ അല്ലെങ്കിൽ മിണ്ടാതെ ഇരിക്കുന്നവരോ ആണ്. കമ്മീഷനോട് ശങ്കർ മോഹനെ അനുകൂലിച്ച് സംസാരിക്കാൻ വേണ്ടി അധ്യാപകരിൽ പലരും വന്നിരുന്നു. അതിലൊന്നും പെടാത്തയാളെയാണ് ഇപ്പോൾ അടൂർ പരസ്യമായി അപമാനിച്ചിരിക്കുന്നത്. അദ്ദേഹം വിദ്യാർത്ഥികൾക്കൊപ്പം മനസ്സുകൊണ്ട് നിൽക്കുന്ന ഒരു മനുഷ്യനാണ്. ജീവനക്കാരനായത് കൊണ്ട് തന്നെ ജ്യോതിഷ് സാറിന് കാര്യങ്ങളിൽ ഇടപെടുന്നതിന് പരിധിയുണ്ട്, പക്ഷേ അദ്ദേഹം മനസുകൊണ്ട് ഞങ്ങളുടെ കൂടെയാണ് അത് ഞങ്ങൾക്കറിയാം. അദ്ദേഹം ശരിയുടെ ഭാഗത്ത് നിൽക്കുന്നു. അനുഭവിച്ച കാര്യങ്ങളൊക്കെ അദ്ദേഹം അന്വേഷണ കമ്മീഷനോട് പറഞ്ഞിട്ടുണ്ട്, പരസ്യമായിട്ടല്ല. അതിന്റെ വൈരാഗ്യം തീർക്കുന്നതായിരിക്കാം ഇപ്പോൾ.
ഞങ്ങളുടെ ചോദ്യം ഇതാണ്; ഒരുമാസത്തിലധികമായി വിദ്യാർത്ഥികൾ ഇവിടെ സമരം ചെയ്യുന്നു, അത് പ്രാധാന്യമുള്ള കാര്യമല്ലേ? സർക്കാരിന്റെ ഒരു ഇന്‍സ്റ്റിറ്റ്യൂട്ടിൽ നിയമവിരുദ്ധമായിട്ടും ഭരണഘടനാവിരുദ്ധമായിട്ടും നടക്കുന്ന കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു വിദ്യാർത്ഥി സമൂഹം മുഴുവൻ ഒറ്റക്കെട്ടായി നിന്ന് സമരം ചെയ്യുമ്പോൾ അതിന് കുറച്ചുകൂടി പ്രാധാന്യം കൊടുക്കേണ്ടതില്ലേ എന്നൊരു ചോദ്യം മാത്രമേ ഞങ്ങൾക്കുള്ളു. ഞങ്ങൾ അത് അർഹിക്കുന്നുണ്ടെന്നാണ് ഞങ്ങൾക്ക് തോന്നുന്നത്, സർക്കാർ കുറച്ചുകൂടെ പ്രാധാന്യത്തോടെ ഈ വിഷയത്തെ കാണണം എന്നാണ് ഞങ്ങൾ കരുതുന്നത്. അവർ ആർക്ക് അവാർഡ് കൊടുക്കുന്നു എന്നത് ഞങ്ങൾ പരിഗണിക്കേണ്ട കാര്യമല്ല (ദേശാഭിമാനി പുരസ്ക്കാരം അടൂരിന് മുഖ്യമന്ത്രി നൽകുന്ന കാര്യം ചോദിച്ചപ്പോൾ നൽകിയ മറുപടി). ഒരു വ്യക്തിക്ക് എത്ര അവാർഡ് കിട്ടിയാലും അതുകൊണ്ടൊന്നും ഒരു കാര്യവുമില്ലെന്ന് ഞങ്ങൾക്കിപ്പോൾ വ്യക്തമായ കാര്യമാണ്. ഒരാൾ സമൂഹത്തോട് ഇടപെടുന്ന, അല്ലെങ്കിൽ ഒരു സമൂഹത്തിൽ ഇരുന്നുകൊണ്ട് എങ്ങനെ ഇടപെടുന്നു, കൂടെയുള്ള മനുഷ്യരെ എങ്ങനെ കാണുന്നു, എത്രത്തോളം സെൻസോടുകൂടിയാണ് പ്രവർത്തിക്കുന്നത് എന്നതിലൊക്കെയാണ് കാര്യം. അല്ലാതെ എത്ര അവാർഡ് കിട്ടിയതുകൊണ്ടും കാര്യമില്ല. ഒരാൾ എന്ത് പ്രവർത്തിക്കുന്നു എന്നതാണ്, അല്ലാതെ എന്ത് കിട്ടുന്നു എന്നതല്ല. എങ്ങനെ മനുഷ്യരോട് പെരുമാറുന്നു എന്നതാണ് അടിസ്ഥാനപരമായ കാര്യം.