TMJ
searchnav-menu
post-thumbnail

Outlook

തെയ്യത്തിലേക്കു തിരിച്ചു വരാം

27 Dec 2022   |   1 min Read
എന്‍ പ്രഭാകരന്‍

PHOTO: PRASOON KIRAN

 

തെയ്യത്തെക്കുറിച്ചും ഇതര ഫോക് കലാരൂപങ്ങളെയും വ്യത്യസ്ത ജനവിഭാഗങ്ങളുടെ സംസ്കാരത്തെയും കുറിച്ച് ഏറ്റവുമധികം പഠനങ്ങള്‍ നടന്നതും അവയില്‍ പലതും പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടതും കഴിഞ്ഞ മൂന്ന് ദശകക്കാലത്തിനുള്ളിലാണ്. കേരള ഫോക്‌ലോർ അക്കാദമി നിലവില്‍ വന്നതും (1995) കേരളത്തില്‍ ആദ്യമായി ഫോക്‌ലോറിന് ഒരു യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്റ് ഉണ്ടായതും (1999) ഇതിന് പ്രേരണയായിത്തീര്‍ന്നിട്ടുണ്ടാവും. വടക്കന്മാരുടെ സ്വന്തം എന്നു പറയാവുന്ന തെയ്യത്തിന് സമീപകാലത്തായി ഇത്രയധികം ശ്രദ്ധയും പ്രചാരവും സിദ്ധിച്ചതിന് തീര്‍ച്ചയായും കൂടുതല്‍ ആഴത്തിലുള്ള കാരണങ്ങളുണ്ടാവും. ആഗോളവല്‍ക്കരണാനന്തരമുള്ള പുതിയ ജീവിതസാഹചര്യങ്ങള്‍ സൃഷ്ടിച്ച അരക്ഷിതത്വവും മാനസ്സിക സമ്മര്‍ദ്ദവുമാണ് മുത്തപ്പനെ സര്‍വ്വവ്യാപകമാക്കിയതെന്ന ദിനേശന്‍ വടക്കിനിയിലിന്റെ നിരീക്ഷണം ഏറെ ശ്രദ്ധേയമാണ്. മറ്റ് ഹിന്ദു ദൈവങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു രൂപത്തില്‍ സ്ഥിരമായി ഒരിടത്ത് ഇരുന്ന് (ഗുരുവായൂരപ്പനെയും അയ്യപ്പനെയും പോലെ) ഭക്തജനങ്ങളെ അങ്ങോട്ടു വന്നു കാണാന്‍ ആവശ്യപ്പെടുന്നവരല്ല മുത്തപ്പനും കതിവനൂര്‍ വീരനും മറ്റും. വിളിപ്പുറത്ത് പ്രത്യക്ഷപ്പെടുന്ന ഇത്തരം ഫോക്ദൈവങ്ങളോട് ഇക്കാലത്ത് ആളുകള്‍ക്ക് പ്രത്യേകമായ മമതയുണ്ടാവും. തങ്ങളുടെ തൊഴില്‍ സാഹചര്യവും ജീവിതവും അരക്ഷിതമാവുമ്പോള്‍ അവര്‍ മുത്തപ്പനെ അങ്ങോട്ടു വിളിച്ചുകൊണ്ടു പോവും. അതു വഴി തങ്ങള്‍ക്ക് രക്ഷ കൈവരും എന്ന വിശ്വാസത്തില്‍ അവര്‍ക്ക് താല്‍ക്കാലികമായെങ്കിലും ആശ്വാസവും ആത്മവിശ്വാസവും കൈവരിക്കാം. ( ദിനേശന്‍ വടക്കിനിയിലിന്റെ ‘അനുഷ്ഠാനം, കല, സമൂഹം’ എന്ന പുസ്തകത്തിലെ ലേഖനങ്ങള്‍ ഈ വസ്തുത ഉള്‍പ്പെടെ തെയ്യത്തെ സംബന്ധിച്ചുള്ള പല കാര്യങ്ങളും വിശദമായും വിദഗ്ധമായും അപഗ്രഥിക്കുന്നവയാണ്).

 

ആഗോളവല്‍ക്കരണകാലത്ത് സാധാരണ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന വിധത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. മുതലാളിത്ത ജീവിതസങ്കല്പങ്ങള്‍ നമ്മെ ഏറെക്കുറെ പൂര്‍ണ്ണമായിത്തന്നെ കീഴടക്കുകയും ജീവിതം ഒരു മത്സരമാണെന്നും ഓരോരുത്തരും സ്വന്തം നിലയ്ക്കു തന്നെ രക്ഷാമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണമെന്നുമുള്ള തോന്നല്‍ വ്യാപകമായി. കടുത്ത ജീവിതമത്സരത്തില്‍ പങ്കെടുക്കുന്ന വ്യക്തികള്‍ക്ക് പരസ്പരസ്നേഹത്തിനും സൗഹൃദത്തിനു തന്നെയും പരിധി നിശ്ചയിക്കേണ്ടി വരും. അതുകൊണ്ടു തന്നെ കൂട്ടായ്മ വളരെ പരിമിതമായ അര്‍ത്ഥത്തില്‍ മാത്രമേ സാധ്യമാവൂ. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊന്നും തന്നെ പഴയതുപോലെ പ്രത്യയശാസ്ത്രവും ആദര്‍ശവും മുറുകെ പിടിച്ചു മുന്നോട്ടു പോവുക സാധ്യമല്ലെന്നും അവയ്ക്കും കാലത്തിനനുസരിച്ചു മാറി ബഹുരാഷ്ട്രമുതലാളിത്തം ആവശ്യപ്പെടുന്ന അതിജീവനതന്ത്രങ്ങളെല്ലാം സ്വീകരിക്കേണ്ടി വരുന്നുണ്ടെന്നും ഉള്ള കാര്യം ഏറെക്കുറെ എല്ലാവരും തിരിച്ചറിഞ്ഞുകഴിഞ്ഞു. രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കുമുള്ള പ്രസക്തി വളരെ താല്‍ക്കാലികമാണെന്നും എത്ര ചൂടുള്ള ചര്‍ച്ചയിലേക്കു നയിച്ചാലും ഒരു പ്രശ്നത്തിന് ചര്‍ച്ചയില്‍ നിലനില്‍ക്കാനാവുന്നത് നന്നേ ചുരുങ്ങിയ ഒരു കാലയളവിലേക്ക് മാത്രമാണെന്നും എല്ലാവര്‍ക്കും അറിയാം. എല്ലാ കലകളും സാഹിത്യവും ഏറിയും കുറഞ്ഞും വിപണിയുടെ താല്‍പര്യങ്ങള്‍ക്ക് കീഴടങ്ങുന്നുണ്ടെന്നതിന് ഒരോരുത്തരും സാക്ഷ്യം വഹിക്കുന്നുണ്ട്. ജ്ഞാനത്തിന്റെ വിതരണവും ആര്‍ജനവും സ്വതന്ത്രമായും സര്‍ഗാത്മകമായും നടക്കുന്ന ഒരു മേഖല എന്ന നിലയ്ക്ക് വിദ്യാഭ്യാസത്തിന് ഇനി അധികകാലം നിലനില്‍ക്കാനാവില്ല, നാനാതരം വിപണികളില്‍ സമര്‍ത്ഥമായി വ്യാപരിക്കാന്‍ കഴിയുന്നവരായി വിദ്യാര്‍ത്ഥികളെ മാറ്റിത്തീര്‍ക്കുന്നതിനുള്ള അടവുകളുടെയും തന്ത്രങ്ങളുടെയും അഭ്യസനത്തിനുള്ള വേദിയായി അത് മാറ്റപ്പെടുകയാണ് എന്ന വാസ്തവവും ഗണ്യമായ ഒരു വിഭാഗം ആളുകള്‍ക്ക് ബോധ്യമായിക്കഴിഞ്ഞു. ഇങ്ങനെയുള്ള പല കാരണങ്ങളാല്‍ പൊതുമണ്ഡലം വളരെ നിര്‍ജീവമായിത്തീര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് തെയ്യങ്ങളുടെ വ്യാപകത്വവും തെയ്യം പഠനങ്ങളുടെ സമൃദ്ധിയും യാഥാര്‍ത്ഥ്യമായിത്തീര്‍ന്നത്.

 

REPRESENTATIONAL IMAGE : PRASOON KIRAN

 

ദീര്‍ഘകാലം ഒരനുഷ്ഠാനമെന്ന നിലയില്‍ മാത്രം നിലനില്‍ക്കുകയും വിശ്വാസികളല്ലാത്തവരുടെ ശ്രദ്ധ നാമമാത്രമായി ലഭ്യമാവുന്ന അവസ്ഥയില്‍ പുരോഗമനവാദികളുടെയും യുക്തിവാദികളുടെയും വിട്ടുവീഴ്ചയില്ലാത്ത വിമര്‍ശനങ്ങള്‍ക്കും പരിഹാസത്തിനും വിധേയമായിക്കൊണ്ട് അത്ര സുഖകരമല്ലാത്ത അവസ്ഥയില്‍ കഴിഞ്ഞിരുന്ന തെയ്യങ്ങളുടെ ഉത്സാഹപൂര്‍ണമായ തിരിച്ചുവരവിന് നാം അനുകലിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടുന്ന വശങ്ങളുണ്ടോ? ജീവിത നവീകരണത്തെയും പുരോഗതിയെയും കുറിച്ചുള്ള പാശ്ചാത്യാശയങ്ങളെത്തന്നെ ആശ്രയിക്കണമെന്ന നിലപാടും നമ്മുടെ നാട്ടുതനിമകളെ സ്നേഹിക്കാന്‍ പഠിപ്പിക്കാതിരുന്ന ആധുനികവിദ്യാഭ്യാസവും കൊണ്ട് നമുക്ക് സംഭവിച്ച നഷ്ടത്തെക്കുറിച്ചുണ്ടായ ബോധ്യമാണ് തെയ്യത്തിലേക്കും നാട്ടറിവിലേക്കുമെല്ലാം തിരിച്ചുവരാന്‍ നമ്മെ പ്രേരിപ്പിച്ചതെന്നുള്ള ഒരു വാദമുണ്ട്. ഇ പി രാജഗോപാലന്‍ ‘നാട്ടറിവും വിമോചനവും’ എന്ന പുസ്തകത്തില്‍ ഈ ആശയം അവതരിപ്പിച്ചിട്ടുണ്ട്. ഈയൊരാശയം പല കോണുകളില്‍ നിന്നായി വ്യത്യസ്തമായ രൂപത്തില്‍ അവതരിപ്പിച്ചു കണ്ടിട്ടുള്ളതാണ്. തെയ്യം പഠനത്തിലും പ്രാദേശിക ചരിത്രപഠനത്തിലും അടുത്ത കാലത്തായി പലരും താല്‍പര്യം കാണിച്ചു വരുന്നുണ്ട്. പക്ഷേ, പുതിയ തലമുറയിലെ യുവജനങ്ങളെ സംബന്ധിച്ചിടത്തോളം തെയ്യം മുഖ്യമായും ഒരു കൗതുകവും പലരെയും കണ്ടും കേട്ടും ആഹ്ളാദങ്ങള്‍ പങ്കുവെക്കാനുള്ള വിശാലമായ ഒരു ഇടത്തിന് കാരണമായിത്തീരുന്ന ഒരു കലാരൂപവുമാണ്. ഇതേവരെ പറഞ്ഞ കാര്യങ്ങളെല്ലാം തെയ്യത്തിലുള്ള താല്‍പര്യത്തിന്റെ ശക്തമായ തിരിച്ചുവരവിനു പിന്നിലെ യഥാര്‍ത്ഥ വസ്തുതകള്‍ തന്നെയാണ്. അവയോടൊപ്പം വടക്കന്‍ മനസ്സിന്റെ അടിസ്ഥാനപരമായ ചില ആസക്തികളെക്കൂടി അടയാളപ്പെടുത്തുന്നുണ്ട് ഈ തിരിച്ചുവരവ്.

 

ബ്രിട്ടീഷ് അധികാരികളും മിഷനറിമാരും ഒരുക്കിയെടുത്ത അനുകൂല സാഹചര്യം തന്നെയാണ് കേരളീയ നവോത്ഥാനത്തിന് സ്ഫോടനാത്മകമായ രീതിയില്‍ ആരംഭം കുറിക്കാന്‍ ശ്രീനാരായണഗുരുവിനെ പ്രാപ്തനാക്കിയത്. അതുകൊണ്ടുതന്നെയാണ് ‘ബ്രിട്ടീഷുകാരാണ് നമുക്ക് സന്ന്യാസം തന്നത്' എന്ന് ഒരു സന്ദര്‍ഭത്തില്‍ അദ്ദേഹം പ്രസ്താവിച്ചത്.

 

ജാതിവ്യവസ്ഥയുടെ എല്ലാ തിന്മകളും നിലനില്‍ക്കെത്തന്നെ ജാതിക്കും മതത്തിനും അതീതമായി മനുഷ്യനെ മനസ്സിലാക്കാനുള്ള ലോകബോധം കുറച്ചു മുമ്പേ തന്നെ ആര്‍ജിച്ചു തുടങ്ങിയവരാണ് വടക്കന്മാര്‍. സ്വാതന്ത്ര്യലബ്ധിക്ക് ഒന്നര നൂറ്റാണ്ടു മുമ്പു തന്നെ മലബാര്‍ ബ്രിട്ടീഷുകാരുടെ അധികാരത്തിനു കീഴില്‍ വന്നതുകൊണ്ട് സ്വാതന്ത്ര്യത്തെയും ജാതിമതാതീതമായി എല്ലാ മനുഷ്യര്‍ക്കും നീതി ലഭ്യമാക്കാനുള്ള സാധ്യതയെയും പറ്റി അവരില്‍ ചിലര്‍ അറിയാന്‍ തുടങ്ങിയിരുന്നു. അതിനുള്ള സൗഭാഗ്യം ലഭിച്ചവരുടെ എണ്ണം പ്രത്യേകം രേഖപ്പെടുത്താന്‍ മാത്രമില്ലാത്ത വിധം ചെറുതായിരുന്നു ആദ്യഘട്ടത്തില്‍ എന്നത് ശരിയാണ്. എന്നാല്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനദശകത്തില്‍ത്തന്നെ മലബാര്‍ മേഖലയില്‍ സ്കൂളുകള്‍ ആരംഭിച്ച് വിദ്യാഭ്യാസമേഖലയിലുള്ള ഇടപെടലുകള്‍ക്ക് തുടക്കം കുറിച്ചിരുന്നു എന്ന വസ്തുതയുടെ പ്രാധാന്യം നാം ഓര്‍ക്കുക തന്നെ വേണം. 1793 ലാണ് രാജ്യത്തെ തന്നെ ഏറ്റവും പഴയ സ്കൂളുകളിലൊന്നായ കോഴിക്കോട്ടെ ഇന്നത്തെ സെന്റ് ജോസഫ് ബോയ്സ് ഹൈസ്കൂള്‍ (സ്കൂളിന്റെ ആദ്യരൂപമായ സെക്കന്ററി സ്കൂള്‍) ജെസ്യൂട്ട് പുരോഹിതന്മാര്‍ സ്ഥാപിച്ചത്. ഇതിനും രണ്ടു നൂറ്റാണ്ടു മുമ്പുതന്നെ തലശ്ശേരിയിലെ സെന്റ് ജോസഫ് ഹയര്‍സെക്കന്ററി സ്കൂളിന്റെ ആദ്യരൂപമായ ‘ആംഗ്ളോ ഇന്ത്യന്‍ സ്കൂള്‍’ ഹോളി റൊസാറി ചര്‍ച്ചിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. ഗവ.ബ്രണ്ണന്‍ കോളേജിന്റെ പൂര്‍വ്വരൂപമായ ബ്രണ്ണന്‍ സ്കൂള്‍ 1862 ലും കണ്ണൂരിലെ സെന്റ് മൈക്കിള്‍സ് സ്കൂള്‍ 1865 ലും പയ്യന്നൂരിലെ ബി ഇ എം എല്‍ പി സ്കൂള്‍ 1898 ലുമാണ് പ്രവര്‍ത്തനമാരംഭിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധമാവുമ്പോഴേക്കും ക്രിസ്തീയ പുരോഹിതന്മാരും ബ്രിട്ടീഷുകാരിലെ ചില ഉദാരമതികളും കാണിച്ചുകൊടുത്ത മാതൃക പിന്‍പറ്റി ഉത്തര കേരളത്തിന്റെ പല ഭാഗത്തും സ്കൂളുകള്‍ സ്ഥാപിതമായിത്തുടങ്ങിയിരുന്നു.

 

ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച സ്കൂളുകളുടെ വളരെ ശ്രദ്ധേയമായ ഒരു പ്രത്യേകത ജാതിമത വ്യത്യാസമില്ലാതെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവയില്‍ പ്രവേശനം നല്‍കിയിരുന്നു എന്നതാണ്. തലശ്ശേരി തുറമുഖത്തിലെ മാസ്ററര്‍ അറ്റന്റായിരുന്ന എഡ്വേര്‍ഡ് ബ്രണ്ണന്റെ വില്‍പ്പത്രമനുസരിച്ച് അദ്ദേഹത്തിന്റെ ജീവിതസമ്പാദ്യത്തിന്റെ ഒരു ഭാഗമുപയോഗിച്ച് സ്ഥാപിച്ച ബ്രണ്ണന്‍ സ്കൂളിന്റെ പ്രവേശനകവാടത്തിലെ ഫലകത്തില്‍ രേഖപ്പെടുത്തിയിരുന്നത് ഇങ്ങനെയാണ്:

 

ബ്രണ്ണന്‍ സ്കൂളിന്റെ പ്രവേശനകവാടത്തിലെ ഫലകം

 

മലയാളത്തിലെ ആദ്യത്തെ വര്‍ത്തമാനപത്രങ്ങളായ രാജ്യസമാചാരവും പശ്ചിമോദയവും 1847 ല്‍ തന്നെ തലശ്ശേരിയിലെ ഇല്ലിക്കുന്നില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്നു. ഒരു ജര്‍മന്‍ മിഷനറിയായ ഡോ.ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ആയിരുന്നു അവയുടെ പ്രസാധകന്‍. മതപ്രചാരണം ലക്ഷ്യവെച്ചായിരുന്നു ഇവ പ്രസിദ്ധീകരിച്ചതെങ്കിലും മലയാള ഗദ്യത്തിന്റെ വളര്‍ച്ചയ്ക്ക് അവ നല്‍കിയ സംഭാവനകള്‍ അവണിക്കാനാവില്ല. 1839 ആവുമ്പോഴേക്കും മലയാളം നന്നായി പഠിച്ചു കഴിഞ്ഞിരുന്ന ഗുണ്ടര്‍ട്ട് തന്റെ ബംഗ്ളാവിന്റെ വരാന്തയില്‍ ഒരു മലയാളം സ്കൂള്‍ ആരംഭിച്ചു. വൈകാതെ അദ്ദേഹം തലശ്ശേരി നഗരത്തിലും കതിരൂരും ധര്‍മടത്തുമെല്ലാം മലയാളം സ്കൂളുകള്‍ സ്ഥാപിച്ചു. ഫ്യൂഡല്‍ മൂല്യസങ്കല‍്‍‍പങ്ങള്‍ക്ക് വിരുദ്ധമായ പുതിയ പല ബോധ്യങ്ങളില്‍ വ്യക്തിജീവിത പുരോഗതിയെയും സാമൂഹ്യപുരോഗതിയെയും കുറിച്ചുള്ള പുതിയ ബോധ്യങ്ങള്‍ തന്നെ) എത്തിച്ചേരാന്‍ വടക്കന്മാരില്‍ കുറച്ചുപേരെ സഹായിച്ച പല സംഭവങ്ങളില്‍ ഏതാനും ചിലത് മാത്രമാണ് ഇവിടെ ചൂണ്ടിക്കാണിച്ചത്.

 

ഇനി കേരളീയ നവോത്ഥാനത്തിലേക്കു വരാം

 

ബ്രിട്ടീഷ് അധികാരികളും മിഷനറിമാരും ഒരുക്കിയെടുത്ത അനുകൂല സാഹചര്യം തന്നെയാണ് കേരളീയ നവോത്ഥാനത്തിന് സ്ഫോടനാത്മകമായ രീതിയില്‍ ആരംഭം കുറിക്കാന്‍ ശ്രീനാരായണഗുരുവിനെ പ്രാപ്തനാക്കിയത്. അതുകൊണ്ടുതന്നെയാണ് ‘ബ്രിട്ടീഷുകാരാണ് നമുക്ക് സന്ന്യാസം തന്നത്' എന്ന് ഒരു സന്ദര്‍ഭത്തില്‍ അദ്ദേഹം പ്രസ്താവിച്ചത്. നവോത്ഥാനത്തിലേക്കു നയിക്കുന്ന ജാതിവിരുദ്ധ മുന്നേറ്റങ്ങള്‍ ശ്രീനാരായണഗുരുവിനു മുന്നേ തന്നെ വൈകുണ്ഠസ്വാമികളും ആറാട്ടുപുഴ വേലായുധപ്പണിക്കരും തുടങ്ങിവെച്ചിരുന്നുവെങ്കിലും ഗുരുവാണ് കേരളത്തിലെ സവര്‍ണമേധാവിത്വത്തെ ഞെട്ടിക്കും വിധത്തിലുള്ള പുതിയ ഒരു തുടക്കത്തിന്റെ ബലവുമായി അതിനെ മുന്നോട്ടുകൊണ്ടുപോയത്.

 

നീക്കുപോക്കില്ലാത്ത പ്രായോഗികബുദ്ധിയും സുഖസൗകര്യങ്ങളിലുള്ള ഭ്രമവും കുടുംബബന്ധങ്ങളും സ്വന്തം കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയും ഭദ്രമായിരിക്കണമെന്ന നിര്‍ബന്ധവും ഇരുപക്ഷത്തെയും ചുരുക്കം ചിലരൊഴിച്ച് എല്ലാവരെയും കീഴടക്കി. വെവ്വേറെ കുലചിഹ്നങ്ങളും തങ്ങളുടെ അടയാളങ്ങളായി സ്വീകരിച്ച രാഷ്ട്രീയാചാരങ്ങളും അനുഷ്ഠാനങ്ങളും മാത്രമായി രാഷ്ട്രീയം ചുരുങ്ങി. പ്രത്യയശാസ്ത്രത്തോടുള്ള പ്രതിബദ്ധത എന്നത് ഗോത്രവീര്യമായി മാറി.

 

കേരളീയ നവോത്ഥാനത്തിന്റെ ആശയലോകം യൂറോ കേന്ദ്രിതമായിരുന്നു എന്ന നിരീക്ഷണം പലരില്‍ നിന്നായി ഉണ്ടായിട്ടുണ്ട്. വളരെ ലളിതമായ ചില ചോദ്യങ്ങള്‍ മാത്രമാണ് അവര്‍ക്ക് മറുപടിയായി നല്‍കാനുള്ളത്. കേരളത്തില്‍ നിന്നു തന്നെ സ്വതന്ത്രമായി രൂപപ്പെട്ട ഒരു നവോത്ഥാനം ഇവിടെ ഉണ്ടാവട്ടെ എന്നു കരുതി ശ്രീനാരായണഗുരുവും മറ്റുള്ളവരും കാത്തിരിക്കുകയായിരുന്നെങ്കില്‍ ഇവിടെ നവോത്ഥാനം സംഭവിക്കാന്‍ എത്ര കാലം കഴിയേണ്ടി വരുമായിരുന്നു? മാത്രവുമല്ല പല കാരണങ്ങളാല്‍ അനുകൂലമായ ആത്മനിഷ്ഠ സാഹചര്യം പരിമിതമായെങ്കിലും ഒരുങ്ങിക്കഴിഞ്ഞാല്‍ നവോത്ഥാനം നീട്ടിവെക്കാന്‍ ശ്രീനാരായണ ഗുരുവിനോ അദ്ദേഹത്തിന്റെ മുന്‍ഗാമികളായിരുന്ന വൈകുണ്ഠസ്വാമികള്‍ക്കോ വേലായുധപ്പണിക്കര്‍ക്കോ സാധ്യമാവുമായിരുന്നോ? കേരളീയ നവോത്ഥാനം നാഗരികതയെക്കുറിച്ചുള്ള ബ്രിട്ടീഷുകാരുടെ ആശയങ്ങളെയും ക്രിസ്ത്യന്‍ മിഷനറിമാരുടെ സ്വാധീനത്തെയുമെല്ലാം അകലെ നിര്‍ത്തിയാണ് സംഭവിച്ചിരുന്നതെങ്കില്‍ അതിന്റെ ഉള്ളടക്കം കൂടുതല്‍ പുരോഗമനപരമാവുമായിരുന്നു എന്ന് ആര്‍ക്കെങ്കിലും ഉറപ്പിച്ചു പറയാനാവുമോ?

 

കേരളീയ നവോത്ഥാനത്തിന്റെ ആശയലോകം യൂറോ കേന്ദ്രിതമായ ഒന്നായിരുന്നതുകൊണ്ടല്ല തെയ്യത്തിനും നാടോടിസംസ്കാരത്തിലെ മറ്റു പല ഘടകങ്ങള്‍ക്കും അവ അര്‍ഹിക്കുന്നതായി ഇന്ന് നമുക്ക് തോന്നുന്ന പരിഗണന നല്‍കാന്‍ വടക്കന്‍ കേരളത്തിലെ ചെറുതല്ലാത്ത ഒരു വിഭാഗം ആളുകള്‍ കുറച്ചുകാലം തയ്യാറാവാതിരുന്നത്. ആധുനിക രീതിയിലുള്ള വിദ്യാഭ്യാസത്തിലേക്കു പ്രവേശിച്ചതും കമ്യൂണിസവുമായുള്ള പരിചയവുംവഴി സ്വന്തമാക്കാന്‍ കഴിഞ്ഞ നൂതനാശയങ്ങളുടെ വെളിച്ചത്തില്‍ തങ്ങളുടെ സാംസ്കാരിക പാരമ്പര്യത്തെ കാണാന്‍ തുടങ്ങിയപ്പോള്‍ അതില്‍ ഉള്‍പ്പെടുന്ന പ്രതിലോമപരമായ പലതിന്റെയും കൂട്ടത്തില്‍ അവര്‍ തെയ്യത്തെയും കണ്ടു. തെയ്യംകഥകളുടെ ഉള്ളടക്കം യാഥാസ്ഥിതിക ധാരണകളില്‍ പലതിനും തീര്‍ത്തും എതിരായിരുന്നെങ്കിലും തെയ്യം എന്ന അനുഷ്ഠാനം അനേകം അനീതികള്‍ക്ക് കാരണമാവുന്ന ജന്മിത്വത്തെയും നാടുവാഴിത്തത്തെയും താങ്ങിനിര്‍ത്താനാണ് സഹായകമാവുന്നതെന്ന് അവര്‍ക്ക് മനസ്സിലായതുകൊണ്ടുതന്നെയാണ് അവര്‍ തെയ്യത്തിനുനേരെ പുറംതിരിഞ്ഞു നിന്നത്.

 

ശ്രീനാരായണ ഗുരു

 

തെയ്യത്തെയും നാട്ടറിവുകളെയും മാത്രമല്ല സ്വന്തം പ്രദേശത്തെ ജനജീവിതത്തെ ആകെത്തന്നെ മുന്നോട്ടുകൊണ്ടുപോകുന്ന സാധാരണ മനുഷ്യബന്ധങ്ങളെയും ഏതൊരാളില്‍ നിന്നും ചില സന്ദര്‍ഭങ്ങളില്‍ പരമ്പരാഗതമായി ഒരു വ്യക്തിയും കുടുംബവും അനുഷ്ഠിച്ചുവരുന്ന ചില ചടങ്ങുകളിലെ പങ്കാളിത്തത്തെക്കുറിച്ച് സമൂഹം പ്രതീക്ഷിക്കുന്ന കാര്യങ്ങളെയും അവഗണിക്കാന്‍ കഴിയുന്ന മനോനിലയിലേക്ക് വടക്കന്‍ കേരളത്തിലെ ജനങ്ങളില്‍ വലിയൊരു വിഭാഗം എത്തിച്ചേര്‍ന്നത് നവോത്ഥാനം ഉല്‍പാദിപ്പിച്ച ആശയങ്ങളുടെ സ്വാധീനം കൊണ്ടാണോ? പരമ്പരാഗതമായി നിലനിന്നുപോരുന്ന പല ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും നാട്ടുമര്യാദകളിലും മനുഷ്യനെ പല തരത്തില്‍ അസ്വതന്ത്രരാക്കുന്ന പലതും ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്ന് തിരിച്ചറിയുന്നതോടെ അവയോടുള്ള എതിര്‍പ്പിലേക്ക് ആളുകള്‍ തിരിയുന്നതില്‍ തെറ്റായി ഒന്നുമില്ല. അതും കവിഞ്ഞ് മനുഷ്യബന്ധങ്ങളെയും സാമൂഹ്യബന്ധങ്ങളെയും കെട്ടുറപ്പുള്ളതും ഊഷ്മളവുമാക്കുന്ന സംഗതികളെക്കൂടി ശത്രുതാപരമായി നോക്കിക്കാണുന്നതും അങ്ങനെ പ്രതികരിക്കുന്നതും പക്ഷേ ആരോഗ്യകരമാണെന്നു പറയാനാവില്ല. ഒരുപാട് പേരുടെ കാര്യത്തില്‍ ഇത് സംഭവിച്ചതിനു പിന്നിലെ പ്രധാനകാരണം രാഷ്ട്രീയാശയങ്ങളെ ഉള്‍ക്കൊള്ളുന്നതില്‍ സംഭവിച്ച വലിയ പിഴവാണ്. ആദ്യം ദേശീയ പ്രസ്ഥാനത്തിനും തുടര്‍ന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വലിയ ജനപിന്തുണ ലഭിച്ച പ്രദേശമാണ് വടക്കന്‍ കേരളം. ദേശീയ പ്രസ്ഥാനത്തിന്റെയും കമ്യൂണിസത്തിന്റെയും ആശയലോകത്തെ അവര്‍ സ്വീകരിച്ചത് വളരെ വൈകാരികമായാണ്. ഏത് ജീവിത സൗകര്യവും ഏറ്റവും നിസ്സാരമെന്നു പറയാവുന്ന ആഡംബരം പോലും പ്രസ്ഥാനം ആവശ്യപ്പെടുകയാണെങ്കില്‍ ഉപേക്ഷിക്കാനും പ്രസ്ഥാനത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാനും അവര്‍, വിശേഷിച്ചും വടക്കന്‍ കേരളത്തിലെ പുരുഷന്മാര്‍, തയ്യാറായിരുന്നു. എന്നാല്‍ കുടുംബത്തിനകത്തും പുറത്തും എല്ലാ വ്യവഹാരങ്ങളിലും കൂടുതല്‍ മാന്യതയും മാനുഷികതയും വിവേചനശേഷിയും പുലര്‍ത്തുന്ന വ്യക്തികളാക്കി തങ്ങളെ മാറ്റിപ്പണിയാന്‍ രാഷ്ട്രീയം സഹായിക്കണമെന്ന കാര്യം അവരില്‍ നന്നേ ചെറിയ ഒരു വിഭാഗമേ മനസ്സിലാക്കിയുള്ളൂ. കേവല വൈകാരികതയുടെതായ ആദ്യഘട്ടം കഴിഞ്ഞപ്പോള്‍ ഭൂതകാലത്തിന്റേതായ എല്ലാറ്റിനെയും നിഷേധിക്കണം, ഒരേയൊരു മാനമുള്ള യുക്തിബോധം തങ്ങളുടെ എല്ലാ തീരുമാനങ്ങളെയും നിര്‍ണയിക്കണം, വൈകാരികമായി സമീപിക്കുന്നതിനു പകരം എല്ലാകാര്യങ്ങളെയും പ്രായോഗിക ബുദ്ധിയോടെ സമീപിക്കണം, എല്ലാം പൂര്‍വ്വ നിശ്ചിതമായ ഫലങ്ങളില്‍ എത്തിച്ചേരണം എന്നീ പരിഗണനകള്‍ മുന്നിലേക്കു വന്നു.

 

കോണ്‍ഗ്രസ്സുകാരിലാണെങ്കില്‍ ഉപരിപ്ലവമായ ഗാന്ധിഭക്തി, ഖദര്‍ വസ്ത്രം ധരിക്കല്‍, മദ്യവര്‍ജനം എന്നീ കാര്യങ്ങളെ മുറുകെ പിടിക്കല്‍, കമ്യൂണിസ്റ്റുവിരോധം എന്നിവ ആദ്യഘട്ടത്തിലേതുപോലെത്തന്നെ തുടര്‍ന്നു. ഇരുകൂട്ടരിലും ആദ്യകാലത്ത് അര്‍ത്ഥപൂര്‍ണമായ രീതിയില്‍ത്തന്നെ ആദര്‍ശവാദികളായ, തീര്‍ത്തും നിസ്വാര്‍ത്ഥരായ കുറേപേര്‍ ഉണ്ടായിരുന്നു. പിന്നെപ്പിന്നെ അവരുടെ എണ്ണം കുറഞ്ഞുവന്നു. നീക്കുപോക്കില്ലാത്ത പ്രായോഗികബുദ്ധിയും സുഖസൗകര്യങ്ങളിലുള്ള ഭ്രമവും കുടുംബബന്ധങ്ങളും സ്വന്തം കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയും ഭദ്രമായിരിക്കണമെന്ന നിര്‍ബന്ധവും ഇരുപക്ഷത്തെയും ചുരുക്കം ചിലരൊഴിച്ച് എല്ലാവരെയും കീഴടക്കി. വെവ്വേറെ കുലചിഹ്നങ്ങളും തങ്ങളുടെ അടയാളങ്ങളായി സ്വീകരിച്ച രാഷ്ട്രീയാചാരങ്ങളും അനുഷ്ഠാനങ്ങളും മാത്രമായി രാഷ്ട്രീയം ചുരുങ്ങി. പ്രത്യയശാസ്ത്രത്തോടുള്ള പ്രതിബദ്ധത എന്നത് ഗോത്രവീര്യമായി മാറി. വലിയൊരു ശതമാനം ആളുകളിലും അതും ഇല്ല. എന്തിനെന്നറിയാതെ തുടര്‍ന്നുപോരുന്നതും കൈവിടാന്‍ മടിയുള്ളതുമായ അടുപ്പം മാത്രം. നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ആശയലോകം സ്വന്തം രാഷ്ട്രീയദര്‍ശനത്തിന് മാറിക്കൊണ്ടിരിക്കുന്ന ലോകത്തില്‍ പുതിയ പലതും സ്വാംശീകരിച്ചുകൊണ്ടുള്ള വളര്‍ച്ചയും പുതിയ പ്രതികരണശേഷിയും കൈവരുത്തിക്കൊണ്ടേയിരിക്കല്‍ എന്നത് ഇരുകൂട്ടരുടെയും പരിഗണനയിലില്ല. ഇങ്ങനെ പുറമെ പ്രക്ഷുബ്ധവും അകമേ നിശ്ചലവുമായ ഒരു രാഷ്ട്രീയത്തെ ചിന്താലോകത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന ഒരു ജനതയ്ക്ക് പാരമ്പര്യത്തിലെയും നാട്ടുജീവിതത്തിലെയും ഒരു സാംസ്കാരിക ഏകകത്തോടും സര്‍ഗാത്മകമായി പ്രതികരിക്കാനാവില്ല. ഈ ജനതയിലെ ഒരു അതിന്യൂനപക്ഷം മാത്രമാണ് തെയ്യത്തിലെയും നാടന്‍കലകളിലെയുമെല്ലാം സൗന്ദര്യാംശത്തില്‍ ആനന്ദം കണ്ടെത്തുകയും പുതിയ കാലത്തില്‍ തെയ്യം എന്തായിരിക്കണം, എങ്ങനെ നിലനില്‍ക്കണം എന്നീ കാര്യങ്ങളെക്കുറിച്ച് താല്‍പര്യപൂര്‍വ്വം ചര്‍ച്ച ചെയ്യുകയും ചെയ്യുന്നത്. അവര്‍ മാത്രമാണ് കലയും സാഹിത്യവും നിലനില്‍ക്കണമെന്നും തങ്ങള്‍ക്ക് ഉള്‍ക്കനം നല്‍കുന്ന ഒരു ദര്‍ശനത്തിന്റെ പിന്തുണ വേണമെന്നും ആഗ്രഹിക്കുന്നത്.

 

തെയ്യത്തെ കാലത്താല്‍ പരുക്കേതുമേല്‍ക്കാതെ സംരക്ഷിക്കാന്‍ ഇനി കഴിയുമോ? അത് സാധ്യമാക്കേണ്ട ആവശ്യം തന്നെയുണ്ടോ? അനുഷ്ഠാനത്തിന്റെ പരിസരവും ഭക്തിയുടെ പിന്തുണയും നഷ്ടപ്പെട്ടാല്‍പ്പിന്നെ തെയ്യത്തിന് നിലനില്‍പ്പ് സാധ്യമാവുമോ? ഇവയുടെ പിന്തുണ വേണ്ടെന്നു വെച്ചാല്‍ പിന്നെന്താണ് തെയ്യത്തില്‍ നിന്ന് നമുക്ക് പ്രതീക്ഷിക്കാനാവുക? ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരങ്ങള്‍ ഒട്ടും ലാഘവബുദ്ധിയോടെയല്ലാതെ കണ്ടെത്തേണ്ടുന്ന ഒരു വഴിത്തിരിവിലാണ് നാം നില്‍ക്കുന്നത്.

 

രാഷ്ട്രീയത്തിനു വന്ന ഈ അര്‍ത്ഥപരിണാമം ഏറ്റവും പുതിയ കാര്യമാണ്. ഇത് സംഭവിക്കുന്നതിനു മുമ്പേ തന്നെ വടക്കരിലെ യുവലോകം (അവര്‍ ഇന്ന് വൃദ്ധജനങ്ങളായി) നാടിന്റെ സ്വത്വത്തെ നിര്‍ണയിക്കുന്ന എല്ലാറ്റിനെയും, അവയില്‍ പരമ്പരാഗത വിശ്വാസങ്ങളും ആചാരങ്ങളും കുടംബബന്ധങ്ങളെക്കുറിച്ചും കുടുംബത്തിനുള്ളില്‍ വ്യക്തിപാലിക്കേണ്ട മര്യാദകളെക്കുറിച്ചും സമൂഹം സൂക്ഷിക്കുന്ന ധാരണകളുമെല്ലാം പെടും, വെറുപ്പോടും അവജ്ഞയോടും കാണാന്‍ തുടങ്ങിയിരുന്നു. സമൂഹത്തിനകത്തെ സാമ്പത്തിക ബന്ധങ്ങളില്‍ വന്നുകൊണ്ടിരുന്ന മാറ്റങ്ങളുള്‍പ്പെടെ പലതും ഈ പരിണതിക്ക് കാരണമാണ്. അവയോളം തന്നെ പ്രധാനപ്പെട്ട ഒന്നാണ് അസ്തിത്വവാദത്തിന്റെ ചില ഘടങ്ങളില്‍ മാത്രം ഊന്നിക്കൊണ്ടുള്ള ആധുനികതയ്ക്ക് യുവജനങ്ങള്‍ക്കിടയില്‍ കൈവന്ന സ്വാധീനം. ഇവിടെ പ്രചരിച്ച ആധുനികത പൈങ്കിളി ആധുനികതയാണ് എന്നു മനസ്സിലാക്കാനുള്ള വകതിരിവ് കുറച്ചു വൈകി മാത്രമാണ് അവര്‍ക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞത്. എന്തിനെയും അതിവൈകാരികമായി സ്വീകരിക്കുന്ന ശീലം പാരമ്പര്യമായിത്തന്നെ കിട്ടിയ വടക്കന്‍ സമൂഹത്തിലെ യുവജനങ്ങളില്‍ ഗണ്യമായ ഒരു വിഭാഗം അപ്പോഴേക്കും ആധുനികതയ്ക്ക് കീഴ്പ്പെട്ടുകഴിഞ്ഞിരുന്നു. അവര്‍ക്കു പിന്നാലെ വന്നവരില്‍ ഒരു ന്യൂനപക്ഷത്തിനും ഇതു തന്നെ സംഭവിച്ചു. ആധുനികതയ്ക്ക് തെക്കന്‍ കേരളത്തിലും സ്വീകാര്യതയുണ്ടായിരുന്നു. പക്ഷേ, അവര്‍ മിക്കവാറും അതിന്റെ നായകന്മാരായിരുന്ന കാക്കനാടന്‍, ഒ വി വിജയന്‍, എം മുകുന്ദന്‍ ഇവരെയും ആധുനികതയുടെ താത്വികാചാര്യനായിരുന്ന കെ പി അപ്പനെയും കൊണ്ടാടി എന്നതിനപ്പുറം ഇവരുടെ കൃതികളിലൂടെ പ്രസരിച്ച ഒന്നിനെയും ഉള്ളിലേക്കെടുത്തില്ല. ആധുനികതയുടെ മാനസ്സികാഘാതം ശരിക്കും അനുഭവിച്ചത് വടക്കന്‍ കേരളത്തിലെ യുവജനങ്ങളാണ്. ഇപ്പോള്‍ ആ ആഘാതത്തില്‍ നിന്ന് ഏറെക്കുറെ മുക്തരായിക്കഴിഞ്ഞ അവസ്ഥയിലാണ് അവര്‍ സ്വന്തം സാംസ്കാരിക സ്വത്വം വീണ്ടെടുക്കുന്നതിനെപ്പറ്റി ആലോചിക്കുന്നത്. തെയ്യത്തിലും നാട്ടുവഴക്കങ്ങളിലും നാടന്‍കലകളിലുമെല്ലാമുണ്ടായ പുതിയ താല്‍പര്യത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന പല പ്രേരണകളില്‍ ഒന്ന് ഇതാണ്.

 

തെയ്യത്തെ കാലത്താല്‍ പരുക്കേതുമേല്‍ക്കാതെ സംരക്ഷിക്കാന്‍ ഇനി കഴിയുമോ? അത് സാധ്യമാക്കേണ്ട ആവശ്യം തന്നെയുണ്ടോ? അനുഷ്ഠാനത്തിന്റെ പരിസരവും ഭക്തിയുടെ പിന്തുണയും നഷ്ടപ്പെട്ടാല്‍പ്പിന്നെ തെയ്യത്തിന് നിലനില്‍പ്പ് സാധ്യമാവുമോ? ഇവയുടെ പിന്തുണ വേണ്ടെന്നു വെച്ചാല്‍ പിന്നെന്താണ് തെയ്യത്തില്‍ നിന്ന് നമുക്ക് പ്രതീക്ഷിക്കാനാവുക? ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരങ്ങള്‍ ഒട്ടും ലാഘവബുദ്ധിയോടെയല്ലാതെ കണ്ടെത്തേണ്ടുന്ന ഒരു വഴിത്തിരിവിലാണ് നാം നില്‍ക്കുന്നത്. വടക്കന്‍ കേരളത്തിലുള്ളവര്‍ക്കു തന്നെയേ ഇവയെ ഗൗരവബോധത്തോടെയും സത്യസന്ധമായും വസ്തുതകള്‍ കൃത്യമായും ഉള്‍ക്കൊണ്ടുകൊണ്ടും മനസ്സിലാക്കാനാവൂ.

 

REPRESENTATIONAL IMAGE : PRASOON KIRAN

 

എണ്‍പതുകൊല്ലത്തിലധികം ഭക്തജനങ്ങള്‍ ഏതൊക്കെ വികാരങ്ങളോടെയാണോ സ്വീകരിച്ചിട്ടുണ്ടാവുക ആ അവസ്ഥയില്‍ ഒരു മാറ്റവും വരാതെ തെയ്യത്തെ നിലനിര്‍ത്തുക ഇനി അസാധ്യമാണ്. അങ്ങനെ നിലനിര്‍ത്തേണ്ട ആവശ്യവുമില്ല. അനുഷ്ഠാനത്തിന്റെ പരിസരം പഴയ പടി നിലനിര്‍ത്തുക എന്നതും ഇനി സാധ്യമാവില്ല. കാരണം തെയ്യം നടക്കുന്ന കാവുകളില്‍ തെയ്യാട്ടത്തിനുവേണ്ടി ഒരുക്കുന്ന തട്ടകത്തിന്റെ സ്വഭാവത്തില്‍ തന്നെ ഒരുപാട് മാറ്റം വന്നു. തെയ്യത്തിന്റെ അണിയലങ്ങള്‍ക്കുപയോഗിക്കുന്ന വസ്തുക്കളില്‍, തെയ്യത്തിന്റെ ചലനങ്ങളില്‍ എല്ലാം മാറ്റങ്ങള്‍ വന്നു. ഭക്തജനങ്ങളുടെ മനോഭാവത്തിലും അടിസ്ഥാനപരമായ മാറ്റങ്ങള്‍ വന്നുകഴിഞ്ഞു. അവരില്‍ ഭൂരിപക്ഷവും ഭക്തന്മാരേ അല്ല. അല്പനേരം തെയ്യം കാണാം, പിന്നെ മറ്റു തിരക്കുകളിലേക്ക് മടങ്ങാം എന്ന തീരുമാനവുമായി വരുന്നവരും ഫോട്ടോ എടുക്കാന്‍ വരുന്നവരും സെല്‍ഫി എടുക്കാന്‍ വരുന്നവരും കാവിന്റെ പരിസരഭംഗികളും ചന്തയിലെ വൈവിധ്യവും കാണാനും പരിചയക്കാരായ ഒടുപാടുപേരെ കാണാനും ദൈനംദിന ജീവിതത്തിലെ ആവര്‍ത്തന സ്വഭാവമുള്ള അനുഭവങ്ങളില്‍ നിന്ന് ഒരു രാത്രിയെങ്കിലും മാറി മനസ്സിനെ ഒന്നു സ്വതന്ത്രമാക്കാലോ എന്നൊക്കെ കരുതി വരുന്നവരു മൊക്കെയാണ്. ചിലേടത്ത് ഇവരുടെ ചുവടുവെപ്പുകളുടെ താളത്തിലേക്ക് തെയ്യത്തിന്റെ ചലനങ്ങള്‍ കോലധാരി അറിയാതെ തന്നെ മാറിപ്പോകും. തെയ്യത്തിന് ക്യാമറുകള്‍ക്കു വേണ്ടി പോസ് ചെയ്യേണ്ടിവരും, മുത്തപ്പന്‍ തെയ്യത്തിന് ചില ഭക്തന്മാരില്‍ നിന്നും ഉയരുന്ന കുസൃതിച്ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടിവരും. മറ്റു പല തെയ്യങ്ങള്‍ക്കും ഭക്തജനങ്ങളോട് അവര്‍ക്കിഷ്ടം തോന്നും വിധം സംസാരിക്കേണ്ടി വരും. ഇതെല്ലാം മാറിയ കാലം ആവശ്യപ്പെടുന്നതാണ്. ഇവയൊന്നും അനുവദിക്കാതെ തെയ്യാട്ടം നടക്കണം എന്ന് കാവുകാരോ തറവാട്ടുകാരോ ശഠിച്ചാല്‍ തെയ്യപ്പറമ്പുകള്‍ മിക്കവാറും ശൂന്യമാകും. അല്ലാതെ തന്നെ പലേടത്തും തെയ്യം ഉടനീളം കണ്ടുനീളം കണ്ടുനില്‍ക്കുന്നവര്‍ ആരും തന്നെ ഇല്ല എന്ന അവസ്ഥ വന്നിട്ടുണ്ട്. തെയ്യംമൗലികവാദികള്‍ വിചാരിച്ചാല്‍ ഈ മാറ്റങ്ങളെ ചെറുത്തു നില്‍ക്കാനാവില്ല. തെയ്യം കാവിനു പുറത്തുപോകാതിരുന്നാല്‍ത്തന്നെ ഇതാണ് അവസ്ഥ. ഈ അവസ്ഥയിലും തെയ്യം കാണുന്നതിലും അതേക്കുറിച്ച് സംസാരിക്കുന്നതിലും പഠിക്കുന്നതിലും ചര്‍ച്ച ചെയ്യുന്നതിലുമൊക്കെ എന്താണര്‍ത്ഥം; എന്താണതിന്റെ ആവശ്യം?

 

വടക്കന്‍ കേരളത്തിലുള്ള ഒരുപാട് പേരുടെ ആന്തരികസ്വത്വത്തെ നിര്‍ണയിക്കുന്ന ഘടകങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് തെയ്യം. കുട്ടിക്കാലം മുതല്‍ക്കുള്ള ഓര്‍മ്മ, തെയ്യപ്പറമ്പിലെ ചെണ്ടകൊട്ട് കേള്‍ക്കുമ്പോഴുണ്ടാവുന്ന അനിര്‍വചനീയ അനുഭൂതികള്‍, തെയ്യപ്പറമ്പില്‍ ചുറ്റിനടക്കുമ്പോള്‍ കിട്ടുന്ന അനന്യമായ അനുഭവം ഇങ്ങനെ പലതുമാണ് അതിനെ അങ്ങനെ ആക്കിത്തീര്‍ക്കുന്നത്. തെയ്യം നടക്കുന്ന സ്ഥലത്തിന്റെ സ്വഭാവത്തില്‍ മാറ്റം വന്നാലും അത് കുറേയൊക്കെ നിലനില്‍ക്കും. പിന്നെ, മുമ്പ് സാധ്യമല്ലാതിരുന്ന വിധത്തില്‍ തെയ്യത്തെ ഒരു സൗന്ദര്യാനുഭവമായി സ്വീകരിക്കാന്‍ കഴിയുമ്പോഴുണ്ടാവുന്ന ബൗദ്ധികമായ നവോന്മേഷം, തെയ്യം പുരാവ‍ൃത്തങ്ങള്‍, തെയ്യത്തിന്റെ ഭാഗമായ അനുഷ്ഠാനങ്ങള്‍, തെയ്യത്തിന്റെ ആഹാര്യശോഭയെ യാഥാര്‍ത്ഥ്യമാക്കിത്തീര്‍ക്കുന്ന ഘടകങ്ങള്‍ ഇവയുടെയൊക്കെ സമഗ്രമായ വിശകലനത്തിലൂടെ വിദൂരഭൂതകാലത്തിലെ പല മനുഷ്യാനുഭവങ്ങളിലേക്കും സഞ്ചരിക്കുമ്പോള്‍ ലഭിക്കുന്ന ജ്ഞാനം നല്‍കുന്ന ആനന്ദം ഇവയ്ക്കു പുറമേ പുതിയ ലോകസാഹചര്യം സൃഷ്ടിക്കുന്ന നാനാതരം അരക്ഷിതത്വത്തില്‍ നിന്നും തെയ്യത്തിനു മുന്നില്‍ നില്‍ക്കുമ്പോഴും തെയ്യത്തെ സ്വന്തം വീട്ടുമുറ്റത്തേക്കോ സ്വന്തം തൊഴിലിടത്തേക്കോ കൊണ്ടുവരുമ്പോഴും താല്‍ക്കാലികമായെങ്കിലും കൈവരുന്ന ആശ്വാസം; എല്ലാം പ്രധാനപ്പെട്ടവയാണ്. ഇവയില്‍ ഒന്നും തന്നെ നിസ്സാരസംഗതിയല്ല.

 

(അവസാനിച്ചു)

 

 

 

 

 

 

 

 

Leave a comment
RELATED