TMJ
searchnav-menu
post-thumbnail

Outlook

വയനാട്ടിലേക്ക് പോകാം

08 Dec 2022   |   1 min Read
എന്‍ പ്രഭാകരന്‍

ILLUSTRATION : Savinay Sivadas | TMJ

 

ണിയരെക്കുറിച്ചു മാത്രമായി മലയാളത്തില്‍ എഴുതപ്പെട്ട ആദ്യത്തെ പഠനം ഡോ. പി സോമശേഖരന്‍ നായരുടെ 1976 ല്‍ പുസ്തകരൂപത്തില്‍ പുറത്തുവന്ന ‘പണിയര്‍’ ആണ്. ‘പണിയര്‍’കയ്യിലെത്തി ഏറെനാള്‍ കഴിയും മുമ്പ് അതിന്റെ ഒരു റിവ്യൂ എഴുതി പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞതില്‍ അന്ന് വലിയ സന്തോഷം തോന്നിയിരുന്നു. ഇന്ന് ഓര്‍ത്തെടുക്കുമ്പോള്‍ സന്തോഷത്തിന്റെ സ്ഥാനം വേദനയാണ് കയ്യടക്കുന്നത്. സോമശേഖരന്‍ നായര്‍ ഇന്ന് നമ്മോടൊപ്പമില്ല. കേരള യൂണിവേഴ്സിറ്റി ഭാഷാശാസ്ത്ര വിഭാഗത്തിലെ അധ്യാപകനായിരുന്ന അദ്ദേഹം എന്റെ റിസര്‍ച്ച് ഗൈഡായിരുന്നു. എനിക്ക് ഗവേഷണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കിലും എന്നോട് വളരെ സ്നേഹപൂര്‍വ്വം പെരുമാറിയിരുന്ന, സൗമ്യസ്വഭാവിയായ ആ ഗൈഡിനെക്കുറിച്ച് നല്ലതു മാത്രമേ ഓര്‍ക്കാനുള്ളൂ.

 

1976 നു ശേഷം പണിയരെക്കുറിച്ചും വയനാട്ടിലെ മറ്റു പല ആദിവാസി വിഭാഗങ്ങളെക്കുറിച്ചും വയനാടിനെക്കുറിച്ചും ശ്രദ്ധേയമായ ചില പുസ്തകങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. വയനാടന്‍ ആദിവാസികളുടെ ജീവിതം ചിത്രീകരിക്കുന്ന നോവലുകളും നാടകങ്ങളും വേറെയും. എം ആര്‍ പങ്കജാക്ഷന്‍ സമ്പാദനം നിര്‍വ്വഹിച്ച വയനാട്ടിലെ ആദിവാസികളുടെ പാട്ടുകള്‍, ഡോ. പി ജി പത്മിനിയുടെ പണിയഭാഷാ നിഘണ്ടു എന്നിവ എടുത്തു പറയേണ്ടുന്ന സംഭാവനകളാണ്. ഡോ. കുമാരന്‍ വയലേരിയുടെ കുറിച്യരുടെ ജീവിതവും സംസ്കാരവും അദ്ദേഹത്തിന്റെ തന്നെ കുറിച്യരുടെ പാട്ടുകളും നാടന്‍പാട്ടുകളും, ഡോ. അസീസ് തരുവണയുടെ വയനാടന്‍ രാമായണം, ഒ കെ ജോണിയുടെ വയനാട് രേഖകള്‍, ടി സി ജോണിന്റെ കേരളത്തിലെ സ്ഥലചരിത്രങ്ങള്‍-വയനാട്, ഡോ. പി ജി പത്മിനിയുടെ ‘കാട്ടുജീവിതത്തിന്റെ സ്പന്ദനതാളങ്ങള്‍’ ഇവയെല്ലാം ഗൗരവപൂര്‍ണ്ണമായ ഗവേഷണത്തിന്റെ ഫലങ്ങളാണ്.‘വയനാടന്‍ പുലയ(മാത)രുടെ ജീവിതത്തില്‍ കുടിയേറ്റ സംസ്കൃതി ഉണ്ടാക്കിയ പരിണാമങ്ങളെ’ക്കുറിച്ചുള്ള ഡോ.സിനുമോള്‍ തോമസിന്റെ ഗവേഷണ പ്രബന്ധം ഇതേ വരെ പുസ്തകരൂപത്തില്‍ വന്നിട്ടില്ല.

 

 

സര്‍ഗാത്മക രചനകളിലേക്കു വന്നാല്‍ ആദ്യം ഓര്‍മ്മിക്കേണ്ടുന്ന പുസ്തകം പി വത്സലയുടെ നെല്ല് (1972) ആണെങ്കിലും ആദിവാസി ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും കാതലിലേക്കു കടന്നുള്ള ആവിഷ്കാരം കെ ജെ ബേബിയുടെ മാവേലിമന്റ (1991) ത്തിലാണുളളത്. ടി സി ജോണിന്റെ ഉറാട്ടി, ജോസ് പാഴൂക്കാരന്റെ അരിവാള്‍ ജീവിതം, കഴിഞ്ഞ അരനൂറ്റാണ്ടിലേറെക്കാലത്ത് വയനാടന്‍ ജീവിതത്തിന്റെ പല തലങ്ങളിലുണ്ടായ മാറ്റങ്ങളും പ്രശ്നങ്ങളും
ആവിഷ്കരിച്ചിരിക്കുന്ന ഷീലാടോമിയുടെ ‘വല്ലി’ എന്നീ നോവലുകളും ശ്രദ്ധേയമായ സംഭാവനകള്‍ തന്നെ.

 

കേരളത്തിലെ ആഫ്രിക്ക(1963) എന്ന പുസ്തകത്തിലൂടെ കെ പാനൂര്‍ ആണ് വയനാട്ടിലെ ആദിവാസികളുടെ ജീവിത ദുരിതങ്ങള്‍ ആദ്യമായി ബഹുജന ശ്രദ്ധയിലേക്കുകൊണ്ടു വന്നത്. അടിയര്‍, കുറിച്യര്‍, കൊറഗര്‍, കാട്ടുനായ്ക്കര്‍, പണിയര്‍, കുറുമര്‍ തുടങ്ങിയ ആദിവാസി വിഭാഗങ്ങളുടെ ജീവിതാവസ്ഥയെക്കുറിച്ചും വിശ്വാസങ്ങളെയും ആചാരങ്ങളെയും കുറിച്ചുമെല്ലാം വളരെ വസ്തുനിഷ്ഠമായും എന്നാല്‍ അക്കാദമിക് രീതിയിലുള്ള എഴുത്തിന്റെ വരള്‍ച്ചയുടെ സ്പര്‍ശമില്ലാതെയും എഴുതിയ ഈ പുസ്തകം മലയാളികള്‍ക്ക് മറക്കാന്‍ കഴിയാത്ത ഒന്നാണ്.

 

ആദിവാസി ജീവിതത്തെ ഏറ്റവും സത്യസന്ധമായും സര്‍ഗാത്മകമായും സമീപിച്ച ആദ്യത്തെ നാടകകാരന്‍ കെ ജെ ബേബിയായിരുന്നു. ബേബിയുടെ നാട്ടുഗദ്ദിക എന്ന നാടകം കേരളത്തിലെ അനേകം തെരുവോരങ്ങളില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു.

 

ആര്‍ ശങ്കര്‍ മുഖ്യമന്ത്രിയായിരിക്കെ 1964 ല്‍ കേരള നിയമസഭയില്‍ ഭൂപരിഷ്കരണത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ ആദിവാസികള്‍ നേരിടുന്ന അനീതികളുടെ പ്രശ്നം നീലേശ്വരം എം.എല്‍.എ ആയിരുന്ന ഒ കോരന്‍ ഉന്നയിച്ചു. തന്റെ വാദങ്ങള്‍ക്കു തെളിവായി അദ്ദേഹം കേരളത്തിലെ ആഫ്രിക്ക സ്പീക്കറുടെ മേശപ്പുറത്തു വെക്കുകയും ചെയ്തു. ഗവണ്മെന്റ്  കോരന്റെ വാദങ്ങള്‍ അംഗീകരിച്ചില്ല. ആദിവാസികള്‍ അനുഭവിക്കുന്ന ചൂഷണവും അടിമത്തവും അസംബ്ലിക്കു പുറത്തും വലിയ ചര്‍ച്ചയായി. ഒടുവില്‍  ഗവണ്മെന്റ് തീരുമാനിച്ചത് മലയാളികള്‍ക്ക് അവമതിപ്പുണ്ടാക്കിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൂടിയായ പാനൂരിനെതിരെ നടപടിയെടുക്കാനും പുസ്തകം കണ്ടുകെട്ടാനുമാണ്. പുസ്തകനിരോധനം പക്ഷേ, നടപ്പിലായില്ല. 1965 ല്‍  ‘കേരളത്തിലെ ആഫ്രിക്ക’യ്ക്ക് യുനെസ്കോവിന്റെ പുരസ്കാരം ലഭിക്കുകയും ചെയ്തു.

 

ആദിവാസി ജീവിതത്തെ ഏറ്റവും സത്യസന്ധമായും സര്‍ഗാത്മകമായും സമീപിച്ച ആദ്യത്തെ നാടകകാരന്‍ കെ ജെ ബേബിയായിരുന്നു. ബേബിയുടെ നാട്ടുഗദ്ദിക എന്ന നാടകം കേരളത്തിലെ അനേകം തെരുവോരങ്ങളില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. 1977 ലാണെന്നാണ് ഓര്‍മ്മ, തിരുവനന്തപുരത്തു വെച്ചാണ് ഈ നാടകം ഞാന്‍ കണ്ടത്. അതില്‍പ്പിന്നെ നാട്ടുഗദ്ദിക കണ്ടിട്ടില്ല. എങ്കിലും ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷവും നാട്ടുഗദ്ദികയില്‍ ആദിവാസി നടീനടന്മാര്‍ തന്നെ അവതരിപ്പിച്ച ആദിവാസി കഥാപാത്രങ്ങളുടെ ‘പൈക്കിന്റേ’എന്ന നിലവിളി കാതില്‍ കിടന്നു മുഴങ്ങുന്നുണ്ട്. വയനാട്ടിലെ നടവയല്‍ വില്ലേജിലെ ചീങ്ങോട് എന്ന സ്ഥലത്ത് ആദിവാസി കുട്ടികള്‍ക്ക് അവരുടെ സംസ്കാരത്തിലെ നന്മകള്‍ കൈമോശം വരാത്ത രീതിയിലുള്ളതും കഴിവുകള്‍ ഏറ്റവും സ്വാഭാവികമായ രീതിയില്‍ വെളിച്ചത്തുകൊണ്ടു വരാന്‍ സഹായിക്കുന്നതുമായ ഒരു സമാന്തര വിദ്യാഭ്യാസം നല്‍കാന്‍ ഉദ്ദേശിച്ച്  ബേബിയും അദ്ദേഹത്തിന്റെ ഭാര്യ ഷെര്‍ലി ബേബിയും ചേര്‍ന്ന് കനവ് എന്ന പേരില്‍ ഒരു സ്ഥാപനം നടത്തുകയുണ്ടായി. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ കനവില്‍ നേരത്തേ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്കു തന്നെ സ്ഥാപനത്തിന്റെ നടത്തിപ്പ് ഏല്പിച്ചുകൊടുക്കുകയാണുണ്ടായത്.

 

കെ ജെ ബേബി | photo : wiki commons

 

വയനാട് കമ്പളക്കാട് കൊഴിഞ്ഞമ്പാറ പണിയക്കോളനിയിലെ ആദിവാസികളെ മാത്രം അഭിനയിപ്പിച്ച് മനോജ് കാന സംവിധാനം ചെയ്ത് അവതരിപ്പിച്ച‘ഉറാട്ടി’എന്ന നാടകം ഒന്നാന്തരം കലാസൃഷ്ടിയാണ്. ആദിവാസി ജീവിതത്തെ ആദിവാസികള്‍ തന്നെ അവരുടെ ഏറ്റവും സ്വാഭാവികമായ ശാരീരിക ചലനങ്ങളുടെ കരുത്തും സൗന്ദര്യവും പ്രയോജനപ്പെടുത്തി അവതരിപ്പിച്ച ‘ഉറാട്ടി’യെ അവിസ്മരണീയമായ ഒരനുഭവം എന്നു തന്നെയേ പറയാനാവൂ. ആദിവാസികള്‍ തന്നെ അഭിനയിച്ചതും മനോജ് തന്നെ സംവിധാനം നിര്‍വ്വഹിച്ചതുമായ ‘പട്ടിണി മരണം’ എന്ന ചെറുനാടകം വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രണ്ണന്‍ കോളേജില്‍ അവതരിപ്പിച്ചപ്പോഴാണ് മനോജ് കാനയെ ഞാന്‍ ആദ്യമായി കാണുന്നത്. തന്റെ നാടകജീവിതത്തെ തീര്‍ത്തും സാഹസികമായ ഒരു പാതയിലൂടെ വര്‍ഷങ്ങളോളം നടത്തിച്ച ഈ കലാകാരന്‍ ഇപ്പോള്‍ ചലച്ചിത്ര രംഗത്താണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മനോജിന്റെ ‘കെഞ്ചിര’ആദിവാസി ജീവിതത്തെ വിഷയമാക്കി ഉണ്ടാക്കിയ മികച്ച സിനിമയാണ്.

 

വയനാട്ടിലെ ആദിവാസി ജീവിതത്തെക്കുറിച്ചു പറയുമ്പോള്‍ ഒരിക്കലും മറന്നു കൂടാത്ത ആളാണ് ആദ്യം പത്രപ്രവര്‍ത്തകനും പിന്നീട് ടെലിവിഷന്‍ ജേര്‍ണലിസ്റ്റുമായിരുന്ന കെ ജയചന്ദ്രന്‍. ആദിവാസികളോടും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മറ്റു ജനവിഭാഗങ്ങളോടും ആത്മാര്‍ത്ഥമായ കൂറുണ്ടായിരുന്ന ജയചന്ദ്രന്‍ പട്ടിണിയും ദുരിതങ്ങളും നേരിടുന്ന ആദിവാസികളെക്കുറിച്ച് എഴുതാനും പറയാനും കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കാതിരിക്കാന്‍ മനസ്സുവെച്ചിരുന്നു. 1994 ല്‍ ഒരു മാസത്തോളം എറണാകുളത്ത് മഹാരാജാസ് കോളേജിനടുത്തെ ‘ബോസ്ബിഗ്’ ലോഡ്ജില്‍ ജയചന്ദ്രന്‍ താമസിച്ചിരുന്ന മുറിയില്‍ ഞാന്‍ മണിക്കൂറുകളോളം ചെലവഴിച്ചിരുന്നു. ആ ഒരു മാസക്കാലത്ത് മിക്കദിവസങ്ങളിലും അവിടെ എത്തിയിരുന്ന മറ്റൊരാള്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടാണ്. അനീതികള്‍ക്കെതിരെ സംസാരിക്കുക, അടിത്തട്ടിലുള്ള മനുഷ്യര്‍ക്കു വേണ്ടി വാദിക്കുക എന്നതിലപ്പുറം കടന്ന് വ്യക്തിജീവിതത്തില്‍ കാര്യമായ എന്തെങ്കിലും നേട്ടങ്ങളുണ്ടാക്കണം എന്നു കരുതി പ്രവര്‍ത്തിക്കാതിരുന്ന ജയചന്ദ്രന്‍ 1998 ല്‍ അകാലത്തില്‍ അന്തരിച്ചു. മരണത്തിനു ശേഷം ‘ജയചന്ദ്രന്‍ സുഹൃത് സംഘം’ അദ്ദേഹമെഴുതിയ റിപ്പോര്‍ട്ടുകള്‍ സമാഹരിച്ച് പുറത്തിറക്കിയ പുസ്തകമാണ് ‘വാസ്തവം’ (2000). മലയാളത്തിലെ വേറിട്ട ഒരു പുസ്തകം തന്നെയാണത്. ‘വാസ്തവ’ത്തിലെ ‘ആദിവാസി ജനത’ എന്നു പേര് നല്‍കിയിരിക്കുന്ന ആദ്യ സെക്ഷ്നിലെ ചില ലേഖനങ്ങളുടെ ശീര്‍ഷകങ്ങള്‍ താഴെ ചേര്‍ക്കാം:

 

1. രണ്ട് സേര്‍ നെല്ലും ഇത്തിരി ചോറും കൂലി

 

2. അവരിന്നും അടിമകള്‍ തന്നെ

 

3. ഉണ്ണാനും ഉടുക്കാനുമില്ലാതെ വയനാട്ടില്‍ ഒരു തലമുറ വളരുന്നു

 

‘പുരോഗന കലാസാഹിത്യ സംഘ’ത്തിന്റെ ഒരു കൂട്ടം പ്രവര്‍ത്തകര്‍ മുത്തങ്ങയിലെ ആദിവാസികളെ നേരിട്ടുകണ്ട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പോവുകയാണെന്നറിഞ്ഞ് ഞാനും അവരോടൊപ്പം പോയി. മുത്തങ്ങയില്‍ ഞങ്ങള്‍ കണ്ടത് ഏതാനും കുടിലുകളുടെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങള്‍ മാത്രമാണ്.

 

1980 നവംബര്‍ 1 ന് വയനാട് ജില്ല രൂപീകൃതമാവുന്നതു വരെ വടക്കേ വയനാട് കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരുന്നു. 1970 കാലം മുതല്‍ക്കേ വയനാട്ടിലേക്കുള്ള യാത്രകള്‍ ആരംഭിച്ച ഞാന്‍ പല തവണ അങ്ങോട്ടേക്കു പോയിട്ടുണ്ട്. 1976 അവസാനം ഒരു മാസത്തിലേറെക്കാലം വയനാട്ടില്‍ത്തന്നെ ഉണ്ടായിരുന്നു. പനമരത്തെ ഗംഗാധരന്‍ മാഷുടെ വീട്ടിലാണ് രണ്ടു ദിവസം താമസിച്ചത്. ഗംഗാധരന്‍മാഷ് വലിയ സാഹിത്യ തല്‍പ്പരനാണ്. രണ്ടു ദിവസം കഴിഞ്ഞ് താമസം മാനന്തവാടിയിലെ പല സുഹൃത്തുക്കളുടെയും അടുത്തായി. സന്ധ്യയാവുമ്പോള്‍ എത്തി രാത്രി തങ്ങി രാവിലെ തന്നെ പുറപ്പെടും. കാട്ടിക്കുളം, തിരുനെല്ലി, ബാവലി, വള്ളിയൂര്‍ക്കാവ്, ടൗണിന്റെ ഭാഗം തന്നെയായ എരുമത്തെരു, തവിഞ്ഞാല്‍, പടിഞ്ഞാറെത്തറ, വാളാട് അങ്ങനെ ഏതൊക്കെയോ സ്ഥലങ്ങളിലേക്കു പോയി. പലരെയും കണ്ടു. അക്കാലത്താണ് വയനാട്ടിലെ ആദിവാസികളെയും ജനങ്ങളെയും കുറിച്ച് ഏറ്റവുമധികം ഞാന്‍ മനസ്സിലാക്കിയത്. അന്നത്തെ മാനന്തവാടി ടൗണ്‍ ചെറുതും ബഹളങ്ങളില്ലാത്തതുമായിരുന്നു. പിന്നെപ്പിന്നെ നഗരം വളര്‍ന്നു. ഓരോ തവണ പോവുമ്പോഴും വയനാടിന്റെ പ്രകൃതിക്ക് കൂടുതല്‍ കൂടുതല്‍ മുറിവേറ്റുകൊണ്ടിരിക്കുന്നത് എനിക്ക് മനസ്സിലാക്കാനായി.

 

വയനാട്-കര്‍ണാടക അതിര്‍ത്തിയിലുള്ള ‘മുത്തങ്ങ’യില്‍ ആദിവാസികളും പോലീസും തമ്മില്‍ ഏറ്റുമുട്ടിയത് 2003 ലാണ്. 2001 ല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ആദിവാസികള്‍ 48 ദിവസം കുടില്‍ കെട്ടി സമരം നടത്തി. അന്ന് എ കെ ആന്റണിയായിരുന്നു മുഖ്യമന്ത്രി. ഒടുവില്‍ സര്‍ക്കാറുമായി ഒത്തുതീര്‍പ്പുണ്ടാക്കി ആദിവാസികള്‍  സമരം പിന്‍വലിച്ചു. സംസ്ഥാനത്ത് പല ഭാഗത്തായി ആദിവാസികള്‍ക്ക് ഒരേക്കര്‍ മുതല്‍ അഞ്ചേക്കര്‍ വരെ ഭൂമി നല്കാ‍മെന്നതായിരുന്നു സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം. ഒന്നര വര്‍ഷത്തിലധികം കാത്തിരുന്നിട്ടും ഒത്തു തീര്‍പ്പിലെ വ്യവസ്ഥകള്‍ നടപ്പില്‍ വരുത്താന്‍ ഗവണ്മെന്റിന്റെ ഭാഗത്തുനിന്ന് നീക്കങ്ങളൊന്നുമുണ്ടാവുന്നില്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ മുത്തങ്ങയില്‍ കുടില്‍ കെട്ടി സമരം ചെയ്യാന്‍ ആദിവാസികള്‍ തീരുമാനിക്കുക തന്നെ ചെയ്തു. ‘ആദിവാസി ഗോത്രസമിതി’ നേതാക്കളായ സി കെ ജാനുവും ഗീതാനന്ദനുമാണ് സമരത്തിന് നേതൃത്വം നല്‍കിയത്. 2003 ഫെബ്രവരി 19 ന് മുത്തങ്ങയില്‍ പോലീസ് വെടിവെപ്പ് നടന്നു. ജോഗി എന്ന ആദിവാസി ഈ  വെടിവെപ്പിലും കെ വി വിനോദ് എന്ന പോലീസുകാരന്‍ ആദിവാസികളുമായി ഉണ്ടായ ഏറ്റുമുട്ടലിലും കൊല്ലപ്പെട്ടു. വിനോദിനെ രക്ഷിക്കാനാവില്ലെന്നു ബോധ്യപ്പെട്ടതോടെ പോലീസുകാര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. പിന്നെ അവിടെ നടന്നത് ആദിവാസികള്‍ക്കെതിരായ കൊടിയ ആക്രമണം തന്നെയായിരുന്നു. കുട്ടികളും ഗര്‍ഭിണികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ക്ക് മര്‍ദ്ദനമേറ്റു. ആദിവാസികള്‍ ചിതറിയോടി. എത്രപേര്‍ക്ക് എന്തൊക്കെ സംഭവിച്ചു എന്നതിനെപ്പറ്റി വലിയ ഊഹാപോഹങ്ങള്‍ പ്രചരിച്ചു. എത്രപേര്‍ മരിച്ചു എന്നതിനെപ്പറ്റിപ്പോലും വ്യക്തമായി ആര്‍ക്കും ഒന്നും പറയാന്‍
പറ്റാത്ത അവസ്ഥയായിരുന്നു ആദ്യത്തെ കുറച്ചു ദിവസം.

 

മുത്തങ്ങ സമരത്തിൽ അറസ്റ്റു ചെയ്യപ്പെട്ട സി.കെ ജാനു | photo : wiki commons

 

‘പുരോഗമന കലാസാഹിത്യ സംഘ’ത്തിന്റെ ഒരു കൂട്ടം പ്രവര്‍ത്തകര്‍ മുത്തങ്ങയിലെ ആദിവാസികളെ നേരിട്ടുകണ്ട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പോവുകയാണെന്നറിഞ്ഞ് ഞാനും അവരോടൊപ്പം പോയി. മുത്തങ്ങയില്‍ ഞങ്ങള്‍ കണ്ടത് ഏതാനും കുടിലുകളുടെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങള്‍ മാത്രമാണ്. മുത്തങ്ങയ്ക്ക് സമീപത്തുള്ള പല ആദിവാസികളെയും കണ്ട് ഞങ്ങള്‍ വിശദമായി സംസാരിച്ചു. അവരില്‍ ചിലര്‍ മുത്തങ്ങ സമരത്തില്‍ പങ്കെടുത്തവരായിരുന്നു. ഇനി എന്തൊക്കെയാണ് സംഭവിക്കാന്‍ പോകുന്നതെന്നതിനെക്കുറിച്ച് എത്തും പിടിയുമില്ലാത്ത അവര്‍ അപ്പോഴും കടുത്ത ഭീതിയുടെയും അനേകം ആശങ്കകളുടെയും നടുവിലായിരുന്നു. സമരത്തില്‍ പങ്കെടുത്താല്‍ ഭൂമി കിട്ടും എന്ന് ആരൊക്കെയോ നല്‍കിയ പ്രതീക്ഷയാണ് അവരെ സമരരംഗത്ത് എത്തിച്ചത്. മുത്തങ്ങയിലെ ഭൂമി സംരക്ഷിത വനമാക്കാന്‍ പോവുകയാണെന്നു പറഞ്ഞ് 1960 ലും 80 ലും അവിടെ ഉണ്ടായിരുന്ന ആദിവാസികളെ ഒഴിപ്പിച്ച് യൂക്കാലിപ്റ്റ്സ് ചെടികള്‍ നട്ടതാണെന്നും ആ ഭൂമി തങ്ങള്‍ക്ക് തന്നാല്‍ നഷ്ടപ്പെടാന്‍ പോവുന്നത് വനഭൂമിയല്ലെന്നും അവര്‍ പറഞ്ഞു. പോലീസിന്റെ ഭാഗത്തു നിന്ന് ഇങ്ങനെ ഒരാക്രമണം ഉണ്ടാവുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നില്ല. ഞങ്ങള്‍ കണ്ടവരില്‍ ചിലര്‍ കാട്ടിലൂടെ ഒരുപാട് ദൂരം ഓടിയാണ് രണ്ടും മൂന്നും ദിവസം കഴിഞ്ഞൊക്കെ തളര്‍ന്നവശരായി വീട്ടില്‍ എത്തിയത്. മുത്തങ്ങയില്‍ നിന്ന് പോലീസുകാര്‍ തങ്ങളെ വെടിവെച്ചും തല്ലിയും ഓടിച്ചതിനെപ്പറ്റിയും ഒളിച്ചൊളിച്ച് വീട്ടില്‍ തിരിച്ചെത്തിയതിനെപ്പറ്റിയും പറഞ്ഞപ്പോള്‍ അവരുടെ ശബ്ദത്തില്‍ നിറഞ്ഞു നിന്നിരുന്ന വേദനയ്ക്കും നിസ്സഹായതയ്ക്കും അതിരില്ലായിരുന്നു. തന്റെ കാലില്‍ നെരിയാണിക്കടുത്ത് പോലീസിന്റെ അടിയോ ചവിട്ടോ ഏറ്റുണ്ടായ ചതവ് നീരുവെച്ചും നിറംമാറിയും ഇരിക്കുന്നതു കാണിച്ചു തന്ന് അവരിലൊരാള്‍ ‘പോലീസുകാരന്മാര് എന്നെ അടിച്ചിട്ടില്ലാന്നാ ഇവിടെ അന്വേഷിക്കാന്‍ വന്ന സാറമ്മാര് പറഞ്ഞത്. അടിക്കാണ്ട് ഞാന്‍ അടിച്ചൂന്ന് പറയ്വോ. എന്റെ കാല് ബെറ്തെ ഇങ്ങനെ ആവ്വ്വോ’ എന്ന് തീര്‍ത്തും നിഷ്കളങ്കമായി ചോദിച്ചപ്പോള്‍ നെഞ്ചിലൊരു പിടച്ചിലോടെയും കണ്ണീരടക്കാന്‍ പാടുപെട്ടും കൊണ്ടു മാത്രമേ അത് കേള്‍ക്കാന്‍ പറ്റുമായിരുന്നുള്ളൂ.

 

മുത്തങ്ങ സമരം ആദിവാസി പ്രശ്നങ്ങളിലേക്ക് ദേശീയ തലത്തില്‍ത്തന്നെ ജനശ്രദ്ധ ഉണര്‍ത്താന്‍ സഹായിച്ചു, അധികാരികള്‍ക്ക് ഇനി വെറുതെയിരിക്കാന്‍ കഴിയില്ല എന്നൊക്കെ പലരും പറയുന്നതു കേട്ടിരുന്നു. പക്ഷേ, സമരത്തിന് കാര്യമായ ഫലമൊന്നുമുണ്ടായില്ല എന്നാണ് പിന്നീട് മനസ്സിലായത്. വലിയ വലിയ അഴിമതികളുടെയും വഞ്ചനയുടെയും ഹിംസയുടെയും ഓര്‍മ്മകള്‍ എളുപ്പത്തില്‍ മാഞ്ഞു പോവുന്ന ഇടമാണ് പൊതുമനസ്സ്. ഈ സമരത്തിനും അതു തന്നെ സംഭവിച്ചു.

 

ആദിവാസി ജീവിതത്തിനും ആദിവാസികളുടെ മനോഭാവത്തിനും ഇങ്ങനെ ബാഹ്യമായ പല മാറ്റങ്ങളും വന്നിട്ടുണ്ടെങ്കിലും അവരില്‍ കുറിച്യര്‍, കുറുമര്‍, അടിയര്‍ എന്നിങ്ങനെയുള്ള വിഭാഗങ്ങളില്‍പ്പെട്ടവര്‍ ഒഴികെയുള്ളവര്‍, വിശേഷിച്ചും അംഗസംഖ്യകൊണ്ട് മുന്നില്‍ നില്‍ക്കുന്ന പണിയര്‍, ഇപ്പോഴും ആധുനികം, പരിഷ്കൃതം എന്നൊക്കെ പറഞ്ഞു വരുന്ന ജീവിതത്തിന്റെ മൂല്യസങ്കല്പങ്ങളുമായി, അല്ലെങ്കില്‍ സംതൃപ്ത ജീവിതത്തെക്കുറിച്ചും
ജീവിതവിജയത്തെക്കുറിച്ചും അത് ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങളുമായി ഒത്തുപോകുന്നതില്‍ ആന്തരികമായി പല തടസ്സങ്ങളും നേരിടുന്നവരാണ്.

 

2003 നു ശേഷം 2004 ലും 2005 ലും ഞാന്‍ മുത്തങ്ങയിലേക്കു പോയി. രണ്ടു തവണയും ആദിവാസിക്കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം കൂടിയുള്ള ‘രാജീവ് ഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹൈസ്കൂളി(കല്ലൂര്‍-നൂല്‍പ്പുഴ)ലേക്കു തന്നെ. എന്റെ സുഹൃത്തായ ലതീഷ് ബാബു അന്ന് അവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. ആദ്യം പോയത് ബ്രണ്ണന്‍ കോളേജിലെ ചില വിദ്യാര്‍ത്ഥികളോടൊപ്പമാണ്. സ്കൂളിലെ കുട്ടികളെ ബ്രണ്ണനിലെ വിദ്യാര്‍ത്ഥി സുഹൃത്തുകള്‍ മോണോആക്ടും മറ്റു ചില ചെറിയ ചില കലാപരിപാടികളും അവതരിപ്പിച്ച് രസിപ്പിച്ചു. രണ്ടാമത്തെ തവണ ഞാന്‍ തനിച്ചാണ് പോയത്. അന്ന് വൈകുന്നേരവും പിറ്റേന്നുമായി ഞാനും ലതീഷും മുത്തങ്ങയിലും പൊന്‍കുഴിയിലും നായ്ക്കട്ടി, പുലിതൂക്കി എന്നീ കോളനികളിലും പോയി. അങ്ങോട്ടൊക്കെ പോവും മുമ്പ് ആദ്യം പോയത് രാജീവ് ഗാന്ധി മെമ്മോറിയലില്‍ത്തന്നെ ജോലി ചെയ്യുന്ന മാധവേട്ടന്റെ വീട്ടിലേക്കാണ്. കുറുമ വിഭാഗത്തില്‍പ്പെട്ട അദ്ദേഹം താന്‍ ഉള്‍പ്പെടുന്ന ആദിവാസി വിഭാഗത്തെപ്പറ്റിയും വീട്ടില്‍ ഉണ്ടായിരുന്ന രണ്ട് ചെറുപ്പക്കാര്‍ മുത്തങ്ങ സംഭവത്തെപ്പറ്റിയും സാമാന്യം വിശദമായിത്തന്നെ സംസാരിച്ചു. അന്ന് മുത്തങ്ങയുടെ പരിസരപ്രദേശങ്ങളില്‍ ഞങ്ങള്‍ കണ്ട ആദിവാസികളില്‍ സര്‍ക്കാറുദ്യോഗസ്ഥനായ മാധവേട്ടനും ഏതാനും ചിലരുമൊഴികെയുള്ള ഏതാണ്ടെല്ലാവരും നന്നേ കഷ്ടപ്പെട്ടു ജീവിക്കുന്നവരായിരുന്നു.

 

ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസറായിരിക്കെ 2017 ജനവരി 19 ന് അകാലത്തില്‍ അന്തരിച്ച രാജേഷ് എം വടക്കുമ്പാട് മുത്തങ്ങ സമരത്തെത്തുടര്‍ന്ന് അറസ്റ്റു ചെയ്യപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയ ചാമന്‍ എന്ന ആദിവാസിയെപ്പറ്റി പറയുന്നുണ്ട്. രാജേഷിന്റെ മരണശേഷം സമാഹരിച്ച്‘അഴികള്‍ക്കപ്പുറം ഇപ്പുറവും’ എന്ന പേരില്‍ പുറത്തിറക്കിയ പുസ്തകത്തിലെ(2018) ‘മുത്തങ്ങയിലെ ചാമന്‍’ എന്ന ശീര്‍ഷകത്തിലുള്ള ലേഖനത്തില്‍ താനും ഈ ആദിവാസിയും തമ്മില്‍ ജയിലിനകത്തു വെച്ചു വളര്‍ന്നു വന്ന ആഴമേറിയ ഹൃദയബന്ധത്തെക്കുറിച്ച് രാജേഷ് ഉള്ളില്‍ തട്ടും വിധം എഴുതിയിട്ടുണ്ട്. ജാമ്യം കിട്ടി വളരെ സന്തോഷത്തില്‍ മറ്റെല്ലാ തടവുകാരും വീട്ടിലേക്കു പോവാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍ ചാമന്‍ മാത്രം ജയില്‍ വിട്ടുപോകാന്‍ മടിച്ച് കരയുകയാണ് ചെയ്യുന്നത്. താന്‍ ‘വീട്ടില്‍ വന്നു കാണും’ എന്ന് ഉറപ്പു നല്‍കിയാണ് രാജേഷ് അയാളെ സമാധാനിപ്പിച്ചയച്ചത്. ആ വാക്ക് പിന്നീട്  പാലിക്കുകയും ചെയ്തു. നായ്ക്കട്ടിയിലെ വീട്ടില്‍ ചാമനെ കാണാന്‍ പോയതിന്റെ അനുഭവം വിവരിച്ച ശേഷം “നമ്മള്‍ കോണ്‍ക്രീററുവീടുകളില്‍ ഭദ്രമായി ഉറങ്ങി അവന്റെ ദുഃഖത്തെക്കുറിച്ചും സംസാരിക്കുന്നു. എല്ലാ സംസാരവും കഴിയുമ്പോഴും അവന്‍ ഒന്നുമില്ലാത്ത കുടിലില്‍ത്തന്നെ അന്തിയുറങ്ങുന്നു” എന്നു പറഞ്ഞാണ് രാജേഷ് ‘മുത്തങ്ങയിലെ ചാമന്‍’ അവസാനിപ്പിക്കുന്നത്.

 

മുത്തങ്ങ സമരം | photo: wiki commons

 

കെ. പാനൂര്‍ ‘കേരളത്തിലെ ആഫ്രിക്ക’ എഴുതിയ കാലത്തേതുപോലുള്ള ജീവിതമല്ല ഇന്നത്തെ ആദിവാസികളുടേത്. അന്ന് ഉണ്ടായിരുന്നതു പോലുള്ള കടുത്ത അനാഥത്വവും അടിമപ്പണിയും അനാചാരങ്ങളും സൃഷ്ടിക്കുന്ന പ്രശ്നങ്ങളുമെല്ലാം കുറേയറെ പരിഹരിക്കപ്പെട്ടിട്ടുണ്ട്. വയനാട്ടിലെ ഏറ്റവും വലിയ ആദിവാസി വിഭാഗമായ പണിയരിലെ യുവജനങ്ങളില്‍ നല്ലൊരു പങ്ക് മറ്റുള്ളവരുടെ ജീവിതശൈലിയും ശീലങ്ങളും സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. “പണിയരുടെ ഇപ്പോഴത്തെ പ്രധാനപ്പെട്ട ഭക്ഷണം ഹോട്ടലുകളില്‍ നിന്നു കഴിക്കുന്ന പൊറോട്ടയും പോത്തിറച്ചിയുമാണ്… ഇപ്പോള്‍ രാത്രികാലങ്ങളില്‍ മാത്രമാണ് പണിയര്‍ വീടുകളില്‍ ഭക്ഷണം പാകം ചെയ്യുന്നത്. ‘ബിരാണ്ടി’യും റമ്മും ബീറുമെല്ലാം പണിയര്‍ക്ക് സുപരിചിതമാണിന്ന്. ” എന്നും "സ്ഥിതിയാകെ മാറിയിരിക്കുന്നു. ബാവലിയിലും കാട്ടിക്കുളത്തുമൊക്കെ നിന്നാല്‍, മദ്യപിച്ചു കഴിഞ്ഞാല്‍ ആരെയും ചീത്തവിളിക്കുന്ന പണിയരെ കാണാം. ഒരു യജമാനനെയും അവര്‍ ‘പാപ്പ’ എന്നു സംബോധന ചെയ്യില്ല. ആ സംബോധന ‘ചേട്ടന്‍’എന്നായി മാറിയിരിക്കുന്നു.” എന്നുമാണ് ‘പണിയഭാഷാനിഘണ്ടു’വിന് ആമുഖമായി എഴുതിയിരിക്കുന്ന ലേഖനങ്ങളിലൊന്നില്‍ ഡോ. പി ജി പത്മിനി പറയുന്നത്.

 

ആദിവാസി ജീവിതത്തിനും ആദിവാസികളുടെ മനോഭാവത്തിനും ഇങ്ങനെ ബാഹ്യമായ പല മാറ്റങ്ങളും വന്നിട്ടുണ്ടെങ്കിലും അവരില്‍ കുറിച്യര്‍, കുറുമര്‍, അടിയര്‍ എന്നിങ്ങനെയുള്ള വിഭാഗങ്ങളില്‍പ്പെട്ടവര്‍ ഒഴികെയുള്ളവര്‍, വിശേഷിച്ചും അംഗസംഖ്യകൊണ്ട് മുന്നില്‍ നില്‍ക്കുന്ന പണിയര്‍, ഇപ്പോഴും ആധുനികം, പരിഷ്കൃതം എന്നൊക്കെ പറഞ്ഞു വരുന്ന ജീവിതത്തിന്റെ മൂല്യസങ്കല്പങ്ങളുമായി, അല്ലെങ്കില്‍ സംതൃപ്ത ജീവിതത്തെക്കുറിച്ചും
ജീവിതവിജയത്തെക്കുറിച്ചും അത് ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങളുമായി ഒത്തുപോകുന്നതില്‍ ആന്തരികമായി പല തടസ്സങ്ങളും നേരിടുന്നവരാണ്.

 

ആദിവാസികളെ അവരുടെ പാട്ടിന് വിടുക, അവരെ അവരുടെ ഭാഷയിലൂടെ തന്നെ എല്ലാ വിഷയങ്ങളും പഠിക്കാനനുവദിക്കുക എന്നൊക്കെ പറയുന്നവരില്‍ കുറച്ചുപേരെങ്കിലും വളരെ ആത്മാര്‍ത്ഥമായിത്തന്നെയായിരിക്കാം അത് പറയുന്നത്. പക്ഷേ, പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ അവിടവിടെ ചെറിയ ചെറിയ തുരുത്തുകളായി കഴിയാന്‍ ആദിവാസികളെ അനുവദിച്ചാല്‍ അവരുടെ ഭാവി എന്തായിരിക്കും എന്നു കൂടി ആലോചിക്കണം.

 

ഫ്യൂഡല്‍ ജന്മിമാര്‍ തങ്ങളുടെ ജീവിതത്തിന്റെ നിയന്ത്രണം കയ്യടക്കുന്നതിനു മുമ്പ് പ്രകൃതിയില്‍ നിന്ന് നേരിട്ട് ശേഖരിക്കാന്‍ കഴിയുന്ന പല തരം കിഴങ്ങുകളും കായ്കനികളും കൊണ്ടും വേട്ടയാടിപ്പിടിക്കാനാവുന്ന മൃഗങ്ങളുടെ മാംസം കൊണ്ടും തൃപ്തിപ്പെട്ടിരുന്നവരാണ് അവര്‍. അടച്ചുറപ്പുള്ള സ്ഥിരമായ ഒരു പാര്‍പ്പിടത്തെക്കുറിച്ചുള്ള സങ്കല‍്പമില്ലാതെ കാട്ടില്‍ അലഞ്ഞു നടന്ന് കഴിയുന്ന ‘ഫുഡ് ഗാതറിംഗ് ട്രൈബി’ന്റെതായ ആ ജീവിതം ഇനി തിരിച്ചു
പിടിക്കാനാവില്ല. എങ്കിലും അതിനുള്ള മോഹം അവരുടെ ഉള്ളിന്റെ ഉള്ളില്‍ ഇപ്പോഴും സജീവമാണ്. പല ആദിവാസിക്കഥകളുടെയും പ്രമേയം അതാണ്. ഈ ജനവിഭാഗങ്ങളെ ഭക്ഷണത്തെയും പാര്‍പ്പിടത്തെയും വസ്ത്രത്തെയും സംസ്കാരത്തെയാകെപ്പറ്റിയും തന്നെയുള്ള പുതിയ ധാരണകളുമായി ആരോഗ്യകരമായി എങ്ങനെ ഇണക്കിക്കൊണ്ടുവരാനാകുമെന്നത് വലിയൊരു പ്രശ്നം തന്നെയാണ്. അവരുടെ ആന്തരികാവശ്യങ്ങളെ പൂര്‍ണ്ണമായി മനസ്സിലാക്കിക്കൊണ്ട് വളരെ അനുഭാവപൂര്‍വ്വം പദ്ധതികള്‍ ആസൂത്രണം ചെയ്ത് സാവകാശത്തില്‍ നടപ്പിലാക്കിയാലേ അത് സാധ്യമാവൂ. ആദിവാസികളെ അവരുടെ പാട്ടിന് വിടുക, അവരെ അവരുടെ ഭാഷയിലൂടെ തന്നെ എല്ലാ വിഷയങ്ങളും പഠിക്കാനനുവദിക്കുക എന്നൊക്കെ പറയുന്നവരില്‍ കുറച്ചുപേരെങ്കിലും വളരെ ആത്മാര്‍ത്ഥമായിത്തന്നെയായിരിക്കാം അത് പറയുന്നത്. പക്ഷേ, പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ അവിടവിടെ ചെറിയ ചെറിയ തുരുത്തുകളായി കഴിയാന്‍ ആദിവാസികളെ അനുവദിച്ചാല്‍ അവരുടെ ഭാവി എന്തായിരിക്കും എന്നു കൂടി ആലോചിക്കണം. യാതൊരു സമ്മര്‍ദ്ദവുമില്ലാതെയും സ്വന്തം ഭാഷയെയും സംസ്കാരത്തെയും കുറിച്ച് അവമതിപ്പ് അനുഭവപ്പെടാതെയും മറ്റു ഭാഷകളും മറ്റു കുട്ടികള്‍ പഠിക്കുന്ന എല്ലാ വിഷയങ്ങളും പഠിക്കാന്‍ പറ്റുന്ന ഒരു സാഹചര്യം ഹൈസ്കൂള്‍ തലം വരെയെങ്കിലും ഒരുക്കിക്കൊടുക്കാനാവുമെങ്കില്‍ അതാവും അവരോട് ചെയ്യുന്ന നീതി. അത് സാധ്യമാക്കുന്നതിനുള്ള പാഠ്യപദ്ധതിയിലേക്കും അധ്യാപനരീതിയിലേക്കും എത്തിച്ചേരാനുള്ള ആലോചനകള്‍ക്ക് ഇനിയും താമസം വരുത്തിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ക്കൂടുതല്‍ മോശമാവുകയേ ഉള്ളൂ

 

വയനാട്ടില്‍ പല തവണ പോയിട്ടുള്ള എനിക്ക് ആദിവാസികളില്‍ നിന്നോ മറ്റുള്ളവരില്‍ നിന്നോ മോശമായ ഒരനുഭവവും ഉണ്ടായിട്ടില്ല. വയനാട്ടില്‍ നിന്നു വന്ന് ബ്രണ്ണനില്‍ പഠിച്ച എന്റെ വിദ്യാര്‍ത്ഥികളെല്ലാം വളരെ നല്ലവരാണ്. ഞാന്‍ ബ്രണ്ണനില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് അവിടെ ഇക്കണോമിക്സ് ബി.എയ്ക്ക് പഠിച്ചിരുന്ന, ഞാന്‍ മെമ്പറായിരുന്ന വിദ്യാര്‍ത്ഥിസംഘടനയുടെ എതിര്‍ ചേരിയിലെ ഏറ്റവും ശക്തമായ സംഘടനയുടെ നേതൃസ്ഥാനത്തു തന്നെ ഉണ്ടായിരുന്ന, ഇപ്പോള്‍ മാനന്തവാടിയില്‍ വക്കീലായി ജോലി ചെയ്യുന്ന വേണുഗോപാലന്‍ അന്നും ഇന്നും എന്റെ വളര അടുത്ത സുഹൃത്തുക്കളിലൊരാണ്. സാമാന്യവല്‍ക്കരണത്തിലെ അപകടത്തെക്കുറിച്ച് അറിഞ്ഞുകൊണ്ടു തന്നെ പറയാം, നാനാതരത്തിലുള്ള പരിമിതികള്‍ക്കും ദുരിതങ്ങള്‍ക്കുമിടയിലായാലും വയനാട്ടുകാര്‍ പൊതുവെ നല്ലവരാണ്. കല്പറ്റ നാരായണന്റെ ‘കോന്തല’ എന്ന പുസ്തകത്തിന് നല്ല എഴുത്തിന്റെ ഒട്ടുമിക്ക ഗുണങ്ങളുമുണ്ട്. ആ പുസ്തകത്തെ അങ്ങനെ ആക്കുന്നതിന് നാരായണനെ സഹായിച്ചത് വയനാടിന്റെ നന്മ തന്നെയാണെന്നു തോന്നുന്നു.‘വയനാടിന്റെ ആത്മകഥ’ എന്നാണല്ലോ ‘കോന്തല’യുടെ ഉപശീര്‍ഷകം.

 

 

 

 

 

 

 

 

Leave a comment
RELATED