യാത്ര തീർന്നിട്ടും തുടരുന്ന ജീവിതം
സാഹിത്യവും സിനിമയും തമ്മിലുള്ള അതിര് പഴയ കാലങ്ങളിലെന്ന പോലെ അത്ര കനത്തതല്ല ഇപ്പോൾ. എഴുത്തും ദൃശ്യങ്ങളും അവയുടെ അനുവാചകർക്ക് ഒരേ തരം കലാനുഭൂതി നൽകുന്നു. ഇക്കാലത്തിന്റെ ദൃശ്യകലകൾക്ക് ,പ്രത്യേകിച്ച് സിനിമയ്ക്കും സീരീസുകൾക്കും സാഹിത്യവും സാഹിത്യമെഴുത്തുകാരുടെ ജീവിതവും ഒക്കെ വിഷയങ്ങളാകുന്നു. തിരിച്ചുമതെ.
ലോക വേദിയിലെ അത്തരം അതിർലംഘന കലാ സൃഷ്ടികളെ കുറിച്ചാണ് സിവിക് ജോൺ എഴുതുന്നത്. ദി മലബാർ ജേണലിലെ words and visuals കോളത്തിൽ.
പുതിയ കാലത്തെ കഥാകൃത്തുക്കളിൽ ശ്രദ്ധേയനായ സിവിക് ജോൺ ഷാങ്ഹായ് , ഛായ എന്നിവ അടക്കമുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഒരു ഷോപ്പിംഗ് മാളാണ് കാഴ്ചയിൽ. അവിടെ തങ്ങളുടെ സുഹൃത്തുക്കളെയും കാത്തിരിക്കുന്ന രണ്ടുപേർ. രണ്ട് എഴുത്തുകാർ. അതിൽ ഒരാൾ ഇങ്ങനെ പറയുന്നു.
“If you’re used to doing heavy-duty literary stuff—we’re talkin’ caviar for the general, that doesn’t sell all that well? Being human animals with egos, we find a way to accommodate that fact of our ego, by the following equation: If it sells really well and gets a lot of attention, it must be shit. It’s just generated by the hype machine.
Then of course the ultimate irony is: um, if your own thing gets a lot of attention and sells really well, then the very mechanism you’ve used to shore yourself up when your stuff didn’t sell well, is now part of the Darkness Nexus when it does. And I’m still working that through.”
മാസ്റ്റർപീസ് എന്ന് കണ്ണും പൂട്ടി വിശേഷിപ്പിക്കാവുന്ന തന്റെ പുസ്തകം എല്ലാവരാലും വാഴ്ത്തപ്പെടുന്ന സമയവും അതിന്റെ എഴുത്തുകാരന്റെ മനോവ്യാപാരങ്ങളാണ്. അത്ഭുതപ്പെടേണ്ടതില്ല. അയാൾ അങ്ങനെത്തന്നെയായിരുന്നു. എഴുത്തുകാരന്റെ പേര് ഡേവിഡ് ഫോസ്റ്റര്‍ വാലസ്. പുസ്തകം ഇൻഫിനിറ്റ് ജെസ്റ്റ്. ഒരു തലമുറയെത്തന്നെ സ്വാധീനിച്ച പുസ്തകം. ആ പുസ്തകത്തെക്കുറിച്ചും പുസ്തകങ്ങളുണ്ടായി. അനേകം വ്യാഖ്യാനങ്ങളുണ്ടായി. സ്വപ്നതുല്യമായ സ്വീകരണമായിരുന്നു എല്ലാവരിൽനിന്നും ആ പുസ്തകത്തിനു ലഭിച്ചത്. ഇന്‍ഫിനിറ്റ് ജെസ്റ്റ് അതിന്റെ വിജയകുതിപ്പ് തുടരവേ ഡേവിഡ് ഫോസ്റ്റര്‍ വാലസുമായി റോളിംഗ് സ്റ്റോണ്‍ മാഗസിന്റെ റിപ്പോർട്ടർ ഡേവിഡ് ലിപ്സ്കി ഒരു അഭിമുഖം നടത്തിയിരുന്നു. ഇന്‍ഫിനിറ്റ് ജെസ്റ്റ് ബുക്ടൂറിന്റെ അവസാന ഘട്ടമായിരുന്നു അത്. വാലസിന് ഒപ്പം ചിലവഴിച്ച കാലത്തിന്റെ ഓര്‍മയായാണ് Although of Course You End Up Becoming Yourself: A Road Trip With David Foster Wallace എന്ന പുസ്തകം ഡേവിഡ് ലിപ്സ്കി എഴുതുന്നത്.
ലിപ്സ്കിയുടെ പുസ്തകത്തെ ആധാരമാക്കി പുറത്തുവന്ന 'The End of the Tour' എന്ന ചലച്ചിത്രമാണ് ഈ കുറിപ്പിന്റെ പ്രതിപാദ്യവിഷയം, ഒപ്പം ഡേവിഡ് ഫോസ്റ്റര്‍ വാലസ് എന്ന എഴുത്തുകാരനെയും അകാലത്തില്‍ പൊലിഞ്ഞ അയാളുടെ അസാമാന്യ പ്രതിഭയെയും ഓര്‍ത്തെടുക്കലും. വളരെ യാദൃശ്ചികമായാണ് ഡേവിഡ് ഫോസ്റ്റര്‍ വാലസ് എന്ന എഴുത്തുകാരനെക്കുറിച്ച് അറിയാന്‍ ഇടവരുന്നത്. ചലച്ചിത്രപ്രേമികളുടെ എണ്ണമറ്റ കൂട്ടായ്മകളില്‍ എവിടെയോ കണ്ട സജഷന്‍ ആയിരുന്നു 'The End of the Tour' എന്ന ചിത്രം. ജെസി ഐസന്‍ബെര്‍ഗ്, ജേസണ്‍ സീഗള്‍ എന്നിവര്‍ അഭിനയിച്ച് 2015 ല്‍ പുറത്തുവന്ന ചിത്രം വളരെയധികം നിരൂപകപ്രശംസ പിടിച്ചുപറ്റിയ ഒന്നായിരുന്നു. ആ ചലച്ചിത്രക്കാഴ്ചയില്‍ നിന്നുമാണ് ഡേവിഡ് ഫോസ്റ്റർ വാലസ് എന്ന എഴുത്തുകാരന് പുറകെയുള്ള എന്റെ യാത്ര തുടങ്ങുന്നത്.
ഇന്‍ഫിനിറ്റ് ജെസ്റ്റ് എന്ന പുസ്തകത്തെക്കുറിച്ച് ചലച്ചിത്രത്തില്‍ നിന്നറിഞ്ഞിരുന്നെങ്കിലും ഡേവിഡിന്റെതായി ആദ്യം വായിച്ചത് സ്ട്രിങ് തിയറി എന്നൊരു ലേഖനസമാഹാരമാണ്. 2019 ക്രിക്കറ്റ് വേള്‍ഡ് കപ്പ് ഫൈനലിനൊപ്പം തന്നെ വിംബിള്‍ഡണ്‍ ഫൈനലും നടന്നിരുന്നു. അപ്പോള്‍ 37 വയസ് കഴിഞ്ഞിരുന്ന റോജര്‍ ഫെഡറര്‍ ദ്യോക്കോവിച്ചിനോട് ഏറ്റുമുട്ടുകയാണ്. സാധ്യതകള്‍ മാറിമറിഞ്ഞ കളികള്‍ക്കൊടുവില്‍ ഇംഗ്ലണ്ടും ദ്യോക്കൊവിച്ചും വിജയം വരിക്കുന്നു. അനേകം ആരാധകരെപ്പോലെ ഞാനും നിരാശനായി ടെലിവിഷന്‍ ഓഫ് ചെയ്ത് ഉറങ്ങാന്‍ കിടക്കുന്നു. അടുത്ത ദിവസം ഒരു യാത്രക്കിടയില്‍ സുഹൃത്തിനോട് സംസാരിക്കുമ്പോള്‍ തലേന്നത്തെ ഫൈനലുകളെപ്പറ്റി പരാമര്‍ശമുണ്ടായി. നീളുന്ന സംസാരത്തില്‍ എപ്പോഴോ സ്ട്രിംഗ് തിയറി എന്ന പേരില്‍ ഡേവിഡ് ഫോസ്റ്റര്‍ വാല്ലസ് എഴുതിയ ഒരു പുസ്തകമുണ്ട് എന്ന് ഞാന്‍ പറഞ്ഞതും സുഹൃത്ത് തന്റെ ശേഖരത്തിൽ നിന്നും അതിന്റെ ഇ-ബുക്ക് അയച്ചുതരുന്നു.
ഒരു നാഷണൽ ലെവൽ ടെന്നീസ് പ്ളേയർ ആയിരുന്ന ഡേവിഡ് പല കാലങ്ങളിലായി ടെന്നീസ് എന്ന കളിയെ മുൻനിർത്തി എഴുതിയ അഞ്ച് ലേഖനങ്ങൾ ആണ് ഇതിൽ. ഒന്ന്, അയാളുടെ ചെറുപ്പകാലത്ത് ടെന്നീസ് കളിച്ചിരുന്നതിനെക്കുറിച്ച് ഒരു ഓര്‍മ്മക്കുറിപ്പ്. ട്രേസി ഓസ്റ്റിന്‍ എന്ന ഒരു മുൻ താരത്തിന്റെ ജീവചരിത്രത്തെക്കുറിച്ചുളള ലേഖനം- പൊള്ളയായ ജീവിതാഖ്യാനങ്ങള്‍ നിറഞ്ഞ ഒരു ടിപ്പിക്കല്‍ സ്പോര്‍ട്സ് ബയോഗ്രഫി എന്നാണ് ഡേവിഡിന്റെ കുറിപ്പിൽ നിന്ന് എനിക്ക് മനസിലായത്. അത് വായിക്കുമ്പോള്‍ മറ്റൊരു പ്രമുഖ ആത്മകഥ ഓര്‍മ വന്നിരുന്നു. ഞാനും എന്റെ ബാറ്റിംഗ് റെക്കോഡുകളും മാത്രമുള്ള ഒരു ആത്മകഥ. മൂന്നാമത്തേത് മൈക്കിൾ ജോയ്സ് എന്ന കളിക്കാരനെ കുറിച്ചാണ്. കളിച്ചിരുന്നപ്പോള്‍ വലിയ നേട്ടം ഒന്നും ഉണ്ടാക്കാഞ്ഞ അറുപത്തിനാലാം റാങ്കിനപ്പുറം കടക്കാഞ്ഞ അയാളെ ഭൂരിഭാഗം പേരും അറിയുക മരിയ ഷറപ്പോവയുടെ കോച്ച് എന്ന നിലയിലാവും. കനേഡിയന്‍ ഓപ്പണ്‍ കളിക്കാന്‍ വരുന്ന അയാളെ മുന്‍നിര്‍ത്തി സീഡിംഗ് സിസ്റ്റത്തേക്കുറിച്ചും എ.ടി.പി. റാങ്കിങ്ങിനെക്കുറിച്ചുമെല്ലാം എഴുതിയിരിക്കുന്നു. ലിയാണ്ടർ പേസും മഹേഷ് ഭൂപതിയുമെല്ലാം പരാമര്‍ശിക്കപ്പെടുന്നുണ്ട് ഈ ലേഖനത്തിൽ. നാലാമത്തെ ലേഖനം യു എസ് ഓപ്പണെക്കുറിച്ച്. അവിടുത്തെ നടപ്പുരീതികളെക്കുറിച്ച്. എങ്ങനെ അതൊരു നല്ല കച്ചവടമാകുന്നു എന്നെല്ലാം. അവസാനമായി റോജര്‍ ഫെഡററെക്കുറിച്ച്. അയാളുടെ കേളീമികവിനെക്കുറിച്ച്, കോര്‍ട്ടില്‍ അയാള്‍ കാണിക്കുന്ന മായാജാലങ്ങളെക്കുറിച്ച്, നിയര്‍ പെര്‍ഫെക്റ്റ് എന്ന് വിശേഷിപ്പിക്കാവുന്ന ഫെഡറര്‍ നിമിഷങ്ങളെക്കുറിച്ച്. ടെന്നീസ് കാര്യമായി പിന്തുടരാത്തയൊരാൾക്കുപോലും രോമാഞ്ചം വരുന്ന എഴുത്ത്. ഫെഡറർ എങ്ങനെ ഒരു തലമുറയെത്തന്നെ പ്രചോദിപ്പിക്കുന്നു എന്നും സമകാലീനരില്‍ നിന്നും അയാള്‍ എങ്ങനെ വേറിട്ടു നില്‍ക്കുന്നു എന്നെല്ലാം വിശദമായി ഡേവിഡ് എഴുതിയിട്ടുണ്ട്. വായിക്കേണ്ടുന്ന ഒരു ലേഖനമാണത്.
ടെലിവിഷനില്‍ മാത്രം കളി കണ്ട് പരിചയിച്ചവരാണ് നമ്മള്‍ അധികവും. വാലസിന്റെ എഴുത്തില്‍ പലയിടത്തും ടെലിവിഷന്‍ കാഴ്ചയില്‍ ഒരിക്കലും ടെന്നീസിന്റെ സത്യം മനസിലാവില്ല എന്ന് ആവര്‍ത്തിച്ചു പറയുന്നുണ്ട്. കണ്ണുചിമ്മുന്നതിലും വേഗത്തില്‍ മൂളിപ്പറക്കുന്ന പന്തുകളും നാലോ അഞ്ചോ നീക്കങ്ങള്‍ മുന്‍കൂട്ടിക്കണ്ട് ഒരു ചതുരംഗക്കളി പോലെ പോയിന്റിലേക്ക് എത്തുന്ന കളിക്കാരന്റെ മിടുക്കും, വെറും ഒരു കളി എന്നതിലുമുപരിയായി അതൊരു കലാരൂപമായി മാറുന്നത് ടെലിവിഷന്‍ കാഴ്ചയില്‍ തെളിയുകയില്ല എന്ന് വാലസ് ആവര്‍ത്തിച്ചു പറയുന്നുണ്ട്. ത്രിമാനസ്വഭാവമുള്ള യഥാര്‍ത്ഥ കാഴ്ച്ചയെ ഒരു ദ്വിമാന രൂപത്തിലേക്ക് മാറ്റുമ്പോള്‍ സംഭവിക്കുന്നതാവാം ഇത്, എങ്കിലും പരസ്യവരുമാനം ലക്ഷ്യമിട്ട് നടക്കുന്ന ടെലിവിഷന്‍ സംപ്രേക്ഷണത്തിനിടെ യഥാര്‍ത്ഥ ടെന്നീസ് പ്രേമികള്‍ക്ക് നഷ്ടമാവുന്ന വിലമതിക്കാനാവാത്ത നിമിഷങ്ങള്‍ ഉണ്ടെന്ന് ഡേവിഡ് പറയുമ്പോള്‍ അംഗീകരിച്ചേ മതിയാവൂ (ക്രിക്കറ്റിനും ഫുട്ബാളിനും ഏതൊരു കായിക ഇനത്തിനും ഇത് ബാധകമാണ് എന്നാണ് വ്യക്തിപരമായ പക്ഷം). വിഷാദരോഗിയായിരുന്ന വാലസ് 2008ല്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. അന്ന് ഇരുപത്തിയേഴ് വയസുകാരനായ ഫെഡറര്‍ മികച്ച ടെന്നീസ് കളിക്കാരില്‍ ഒരാളായിരുന്നു. 11 വര്‍ഷങ്ങള്‍ക്കിപ്പുറം 38ആം വയസിന്റെ പടിവാതില്‍ക്കല്‍ നിന്നു കൊണ്ട് 4 മണിക്കൂര്‍ 57 മിനുറ്റ് എന്ന വിംബിള്‍ഡണ്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫൈനല്‍ കളിക്കുമ്പോള്‍ അത് അയാളുടെ ഏറ്റവും കടുത്ത ആരാധകന്‍ പോലും പ്രതീക്ഷിച്ച ഒന്നായിരിക്കില്ല. അന്ന് പോസ്റ്റ് മാച്ച് സെറിമണിയില്‍ 37 വയസില്‍ ജീവിതം തീര്‍ന്നെന്നു കരുതി ഇരിക്കുന്ന ഒരാള്‍ക്കെങ്കിലും പ്രചോദനമാകാന്‍ കഴിഞ്ഞുവെങ്കില്‍ എനിക്ക് അത് മതി എന്ന് പറഞ്ഞു തിരിഞ്ഞു നടക്കുന്ന ഫെഡറര്‍ ഒരു സുന്ദരകാഴ്ച തന്നെയായിരുന്നു. ജീവിച്ചിരുന്നെങ്കില്‍ വാലസ് ഈ കളി എങ്ങനെ കാണുമായിരുന്നു എന്ന് ആലോചിച്ചിരുന്നു സ്ട്രിംഗ് തിയറി വായിക്കുമ്പോള്‍. എന്തെല്ലാം വിശേഷണങ്ങളോടെ, എത്ര സുന്ദരമായി അയാള്‍ ആ കളിയെ വർണിച്ചേനെ എന്ന്. തീര്‍ച്ചയായും അയാള്‍ കണ്ടേക്കാവുന്ന ഏറ്റവും സുന്ദരമായ ടെന്നീസ് കാഴ്ചകളില്‍ ഒന്നായിരുന്നിരിക്കും അത്. നമ്മുടെ നഷ്ടം…
ചലച്ചിത്രത്തിലേക്ക് വരാം. 2008-ലാണ് ചലച്ചിത്രം ആരംഭിക്കുന്നത്. ഡേവിഡ് ഫോസ്റ്റർ വാലസിന്റെ അപ്രതീക്ഷിതമായ ആത്മഹത്യാവാർത്ത അറിഞ്ഞു ചകിതനാവുന്ന ഡേവിഡ് ലിപ്‌സ്‌കിയാണ് ഓപ്പണിങ് സീക്വൻസിൽ. ആ വാർത്തയുടെ ഞെട്ടലിൽ നിന്നും കരകയറാനായി ലിപ്സ്കി പണ്ട് റോളിംഗ് സ്റ്റോൺ അഭിമുഖത്തിന് വേണ്ടി ആലേഖനം ചെയ്ത സംഭാഷണങ്ങൾ വീണ്ടും കേൾക്കുന്നു…
1996 ൽ പുറത്തുവന്ന ഇൻഫിനിറ്റ് ജെസ്റ്റ് എല്ലാ അർത്ഥത്തിലും ഒരു പ്രതിഭാസം തന്നെയായിരുന്നു. ചെറിയ വിജയങ്ങൾ മാത്രം പരിചയിച്ച ഒരു എഴുത്തുകാരൻ എന്ന നിലയിൽ വാലസിന്റെ പുസ്‌തകത്തിന് ലഭിക്കുന്ന ഉയർന്ന പ്രശംസയെക്കുറിച്ച് ലിപ്‌സ്‌കിയ്ക്ക് തുടക്കത്തിൽ സംശയം തോന്നിയെങ്കിലും പുസ്തകം വായിച്ച അയാൾ അമ്പരന്നുപോയിരുന്നു. അങ്ങനെയാണ് ഇൻഫിനിറ്റ് ജെസ്റ്റിന്റെ ബുക്ക് ടൂറിൽ വെച്ച് വാലസിനെ അഭിമുഖം ചെയ്യാമെന്ന ആശയം റോളിംഗ് സ്റ്റോൺ മാഗസിൻ എഡിറ്റർക്ക് മുന്നിൽ അയാൾ വെക്കുന്നത്. വാലസിനെ കാണാൻ ലിപ്സ്കി ഇല്ലിനോയ്‌സിലേക്ക് യാത്രയാവുന്നു. ആദ്യ കാഴ്ചയിൽ വളരെ അന്തർമുഖനായ ഒരാളെന്നാണ് ലിപ്സ്കിയ്ക്ക് വാലസിനെ തോന്നുന്നത്. താൻ പറയുന്നതെല്ലാം അഭിമുഖത്തിൽ ഉൾപ്പെടുത്തരുത് എന്നും അഞ്ചു മിനുട്ടിനുള്ളിൽ ചിലപ്പോൾ അത് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടേക്കും എന്നും മുൻകൂട്ടി പറയുന്ന വാലസ് ഈ അഭിമുഖത്തിൽ തീർത്തും തൽപ്പരനല്ല എന്നുപോലും ഒരുവേള തോന്നിക്കുന്നുണ്ട്. പക്ഷെ സംഭാഷണം പുരോഗമിക്കേ അവർ തമ്മിലുള്ള അന്തരം കുറയുന്നു. വിവിധ വിഷയങ്ങളിലെ അഭിപ്രായങ്ങൾ അവർ പങ്കുവെയ്ക്കുന്നു. അതിൽ ഒന്ന് ഇവിടെ പരാമർശിക്കേണ്ടതുണ്ടെന്നു തോന്നുന്നു.
"Because the technology is just gonna get better and better and better and better. And it’s gonna get easier and easier, and more and more convenient, and more and more pleasurable, to be alone with images on a screen, given to us by people who do not love us but want our money. Which is all right. In low doses, right? But if that’s the basic main staple of your diet, you’re gonna die. In a meaningful way, you’re going to die." ഈ വാചകങ്ങളാണത്.
നവമാധ്യമങ്ങൾ ഒരു വിദൂരസ്വപ്നം മാത്രമായിരുന്ന ഒരു കാലത്തിരുന്ന് വാലസ് പറഞ്ഞ വാചകങ്ങളാണ്… We're a sad generation with happy pictures എന്ന വാചകം ശരിയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്, അത് കൂടുതൽ അടിവരയിട്ടുറപ്പിക്കാൻ വാലസിന്റെ ഈ വാചകങ്ങളും കാരണമാകുന്നു.
സംതിങ് റിയൽ അമേരിക്കൻ എന്ന പേരിൽ 1996 മാർച്ചിൽ സലോൺ മാഗസിനിൽ വന്ന ലോറ മില്ലറുമായുള്ള അഭിമുഖത്തിൽ ഇൻഫിനിറ്റ് ജെസ്റ്റ് എഴുതാനുണ്ടായ സാഹചര്യത്തെ കുറിച്ച് വാലസ് പറയുന്നത്.
"I wanted to do something sad. I’d done some funny stuff and some heavy, intellectual stuff, but I’d never done anything sad. And I wanted it not to have a single main character. The other banality would be: I wanted to do something real American, about what it’s like to live in America around the millennium.
There’s something particularly sad about it, something that doesn’t have very much to do with physical circumstances, or the economy, or any of the stuff that gets talked about in the news. It’s more like a stomach-level sadness. I see it in myself and my friends in different ways. It manifests itself as a kind of lostness. Whether it’s unique to our generation I really don’t know." എന്നാണ്.
അതിനെ സാധൂകരിക്കുന്ന നിലയിൽ നോവലിൽ ഉടനീളം മൗനത്തിന്റെയും വിഷാദത്തിന്റെയും അദൃശ്യമായ ഇഴകളുണ്ട്. പ്രത്യക്ഷത്തിൽ പോപ്പ് കൾച്ചർ റെഫറൻസുകളാലും അസാധ്യമായ നർമത്താലും നിറഞ്ഞു നിൽക്കുമ്പോഴും അതിൽ അന്തർലീനമായ വിഷാദം ഒരുതരത്തിൽ അയാൾ ആഗ്രഹിച്ചതുപോലെത്തന്നെ ഒരു യുവതയുടെ നേർചിത്രമാണ്.
ലിപ്സ്കിയുമായുള്ള സംഭാഷണങ്ങളെക്കുറിച്ച് ഇത്രയും പറഞ്ഞിട്ടും, വാലസിന്റെ ഒരു അഭിമുഖത്തിൽ നിന്നും ഒരു വാചകം എടുത്തുപറയേണ്ടിവരുമ്പോൾ അത് ലോറ മില്ലറുമായുള്ള അഭിമുഖത്തിൽ നിന്നായതെന്തെന്ന് അത്ഭുതം കൂറുന്നവരുണ്ടാകാം. അതിന് വളരെ ലളിതമായ ഒരു കാരണമേയുള്ളൂ… ഒരാഴ്ചക്കാലത്തോളം വാലസിനൊപ്പം സഞ്ചരിച്ചിരുന്നെങ്കിലും അയാളുമായി സുദീർഘമായ സംഭാഷണങ്ങളിൽ ഏർപ്പെട്ടിരുന്നെങ്കിലും ലിപ്സ്കി നടത്തിയ ആ അഭിമുഖം പ്രസിദ്ധീകരിക്കേണ്ടതില്ല എന്നായിരുന്നു മാനേജ്‌മെന്റ് തീരുമാനം. പിന്നീട് ആ ഓഡിയോ ടേപ്പുകൾ ഉപയോഗപ്പെട്ടത് വാലസിന്റെ മരണശേഷം ഒരു ഓർമ്മകുറിപ്പ് എഴുതാൻ മാത്രമാണ്. ചലച്ചിത്രം കാണുമ്പോൾ ഇങ്ങനെയൊന്നാവും സംഭവിക്കുക എന്ന് പ്രതീക്ഷിച്ചില്ലെങ്കിലും അവർ രണ്ടുപേരും തമ്മിൽ സ്വാഭാവികമായി രൂപപ്പെട്ട ഒരു ഒത്തിണക്കം എന്നെ മറ്റൊരു കാഴ്ച ഓർമ്മപ്പെടുത്തിയിരുന്നു. കാമറൂൺ ക്രോ എഴുതി സംവിധാനം ചെയ്ത ഓൾമോസ്റ്റ് ഫേമസ് എന്ന ചിത്രം. റോളിംഗ് സ്റ്റോൺ മാഗസിന്റെ റിപ്പോർട്ടർ ആയിരുന്നകാലത്തെ സ്വാനുഭവങ്ങൾ മുൻനിർത്തി ക്രോ സംവിധാനം ചെയ്ത ഓൾമോസ്റ്റ് ഫേമസ് വളരെ മികച്ചൊരു കാഴ്ചാനുഭവമാണ്. മ്യൂസ്സിക് ഇൻഡസ്ട്രിയെ മുൻനിർത്തി പ്രശസ്തി എന്ന മായക്കാഴ്ചയെ ആഴത്തിൽ പരിശോധിക്കുന്ന ചിത്രം. അവിടെയും പ്രധാന കഥാപാത്രങ്ങൾ തമ്മിൽ അർത്ഥവത്തായ സംഭാഷണങ്ങളുണ്ട്. ഇവിടെയാകട്ടെ രണ്ടുപേരും പല കാലങ്ങളിലായി റിപ്പോർട്ടർ ജോലി ചെയ്തിട്ടുള്ളവരുമാണ്. അത് കൊണ്ട് തന്നെ വാലസിന്റെയും ലിപ്സ്കിയുടെയും സംഭാഷണങ്ങളിൽ ആരോഗ്യകരമായ ഒരു കൊടുക്കൽവാങ്ങൽ നമുക്ക് കാണാൻ കഴിയും. പക്ഷെ അവിടേക്ക് എത്തുന്നത് ചില്ലറ വാക്കേറ്റങ്ങളിലൂടെയൊക്കെയാണ് എന്നത് വൈചിത്ര്യമായി തോന്നാം. എന്നാലും അങ്ങനെയാണ് സംഭവിച്ചത്.
ലിപ്സ്കിയുമായുള്ള സംഭാഷണം സൗഹാർദ്ദപരമായി പുരോഗമിക്കേ വാലസിന്റെ യൗവനാരംഭത്തിലെ മാനസികാരോഗ്യപ്രശ്നങ്ങളും ആശുപത്രിവാസവുമെല്ലാം പരാമർശവിധേയമാവുന്നുണ്ട്. അതിനെപ്പറ്റി സംസാരിക്കാൻ ശ്രമിക്കുമ്പോൾ അയാൾ അസ്വസ്ഥനാകുന്നുമുണ്ട്. അറിവുകളുടെ അപാരസഞ്ചയത്തിൽ വിദഗ്ധമായി ഒളിപ്പിച്ചുവെച്ചിരുന്നവ ഒരാൾ മനസിലാക്കിയതിലെ അസ്വസ്ഥതയാണോ? അറിയില്ല…
ഇൻഫിനിറ്റ് ജെസ്റ്റ് മാത്രമല്ല അയാളുടെ ലേഖനങ്ങളും സംഭാഷണങ്ങൾ പോലും അനവധി അറിവുകളുടെ അത്ഭുതശേഖരമായിരുന്നു. ഏതൊരു കാര്യത്തേക്കുറിച്ചും വിശദമായ അറിവ് നേടുക എന്നത് നിർബന്ധബുദ്ധിയോടെ കണ്ടിരുന്ന ഒരാളെന്ന നിലയിൽ അയാളുടെ എഴുത്തിലും സംഭാഷണങ്ങളിലും അത് വെളിവായിരുന്നു. Give me twenty-four hours alone, and I can be really, really smart എന്ന് ആത്മവിശ്വാസത്തോടെ പറയുന്ന വാലസിനെ കാണാം Although of Course You End Up Becoming Yourself ൽ. Consider the lobster and other essays എന്ന ലേഖനസമാഹാരം തന്നെ പരിശോധിക്കൂ… അതിലെ വിഷയങ്ങൾ ഓരോന്നും വ്യത്യസ്തമാണ്. ലോബ്സ്റ്റർ ഉൽപ്പാദന-വിതരണ ശൃംഖലയെക്കുറിച്ച് എഴുതുന്ന ഗൗരവത്തിൽത്തന്നെ അയാൾ അഡൽറ്റ് വീഡിയോ നെറ്റ്‌വർക്കിന്റെ വാർഷിക അവാർഡ് വിതരണത്തെക്കുറിച്ച് സംസാരിക്കും. അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പിലെ മത്സരാർത്ഥിയുടെ ഇലക്ഷൻ ക്യാമ്പയിനെക്കുറിച്ച് സംസാരിക്കുന്നതിനൊപ്പം തന്നെ ജോൺ അപ്ഡൈകിനെക്കുറിച്ചും ഫ്രാൻസ് കാഫ്കയെക്കുറിച്ചും വളരെ ആഴത്തിലുള്ള ലേഖനങ്ങൾ- തികച്ചും മൗലികമായ ദർശനങ്ങൾ മുന്നോട്ടുവെയ്ക്കും. പ്രതീക്ഷക്കൊത്തുയരാതെ പോകുന്ന ടെന്നീസ് താരങ്ങളെ കുറിച്ച് നിരാശപ്പെടുന്ന നേരം തന്നെ ഇംഗ്ലീഷ് ഭാഷയുടെ വികാസത്തെക്കുറിച്ചും ജനപ്രിയമായ ഭാഷാശൈലികളെക്കുറിച്ചും ഭാഷാശാസ്ത്രപരമായി വളരെ ആഴമുള്ള ലേഖനങ്ങൾ എഴുതും. അതും ഓരോ ലേഖനങ്ങളും വായിക്കുമ്പോൾ ഇതിലും നന്നായി ഇതിലും വിശദമായി മറ്റാർക്കും ഇതെഴുതാൻ പറ്റില്ല എന്നു തോന്നിപ്പോവും. ഇതിനേക്കാൾ വിശദമായി മറ്റൊരാൾക്ക് എഴുതാൻ പറ്റില്ല എന്ന് വെറുതെ പറയുന്നതല്ല.
പല അഭിമുഖങ്ങളിലും വാലസ് സംസാരിച്ചിട്ടുള്ള ഒരു കാര്യമുണ്ട്, താൻ എഴുതിക്കൊടുക്കുന്ന ലേഖനങ്ങൾ വലിപ്പക്കൂടുതൽ മൂലം പലവട്ടം വെട്ടിച്ചുരുക്കിയശേഷമാണ് പ്രസിദ്ധീകരിക്കപ്പെടുക എന്ന്. A supposedly fun thing I'll never do again എന്ന പുസ്തകത്തിൽ കരീബിയനിലൂടെ നടത്തുന്ന ഒരു ലക്ഷ്വറി ക്രൂയിസ് യാത്രയുടെ വിവരണം ഉണ്ട്. 100 പേജോളമുള്ള ഒരു ലേഖനം. 110 പേജുള്ള ഒറിജിനൽ ലേഖനം അന്ന് നേർപകുതിയാക്കിയാണ് മാഗസിനിൽ പ്രസിദ്ധീകരിച്ചത്. അതിന്റെ പേരിൽ നിരവധി ഫോൺകോളുകളും മീറ്റിങ്ങുകളും വേണ്ടിവന്നിരുന്നു എന്നും ഓർത്തെടുക്കുന്നു. പിന്നീട് പുസ്തകത്തിലേക്ക് വരുമ്പോൾ അതിൻറെ സുപ്രധാന ഭാഗങ്ങളെല്ലാം മുഴുവനായി നിലനിർത്താൻ കഴിഞ്ഞു എന്നും അയാൾ പറയുന്നുണ്ട്. അയാളുടെ ഓരോ കുറിപ്പുകളും അത്രത്തോളം സുദീർഘവും എന്നാൽ വായനക്കാരെ ഓരോ നിമിഷവും ത്രസിപ്പിക്കുന്ന ഭാവനോദ്ദീപകമായ വിവരണങ്ങളാൽ നിറഞ്ഞതുമാണ്. വിദഗ്ധമായി ഒളിപ്പിച്ചു വെച്ചിട്ടുള്ള നർമ്മം, ബുദ്ധിപൂർവം രൂപപ്പെടുത്തുന്ന വാചകങ്ങൾ ഇവയെല്ലാം ആ എഴുത്തുകൾക്ക് ചാരുതയേകുന്നു.
ചലച്ചിത്രം പുരോഗമിക്കേ ബുക്ക് ടൂറിൽ വാലസിനെ അനുഗമിക്കുന്ന ലിപ്സ്കിയെ കാണാം. ഒരു റേഡിയോ ഇന്റർവ്യൂവും ബുക്ക് റീഡിങ് സെഷനും ആ ടൂറിന്റെ ഭാഗമാണ്. ബുക്ക് റീഡിങ്ങിന് മുൻപും റേഡിയോ ഇൻറർവ്യൂവിന് മുമ്പും വളരെ അസ്വസ്ഥനായി കാണപ്പെട്ടിരുന്ന വാലസ് എന്നാൽ അഭിമുഖം തുടങ്ങുമ്പോൾ അല്ലെങ്കിൽ പുസ്തകവായനയും അതിനുശേഷമുള്ള ചോദ്യോത്തരങ്ങളും നടക്കുമ്പോൾ എത്ര അനായാസമായാണ് ആളുകളോട് ഇടപെടുന്നത് എന്നത് ലിപ്സ്കി അത്ഭുതത്തോടെ നോക്കിക്കാണുന്നുണ്ട്. തൊട്ടുമുൻപത്തെ നിമിഷം ആകെ വിയർത്ത് തൊണ്ട വരണ്ട് എനിക്ക് സംസാരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല എന്ന് പറഞ്ഞിരുന്ന മനുഷ്യൻ എത്ര വേഗം ആ പ്രക്രിയയുമായി ഇഴുകിച്ചേരുന്നു എന്നത് തീർച്ചയായും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ഒരാൾക്കൂട്ടത്തെ എത്ര മനോഹരമായാണ് വാലസ് തൻറെ മായാവലയത്തിൽ അകപ്പെടുത്തുന്നതെന്ന് ദിസ് ഈസ് വാട്ടർ എന്ന പേരിൽ പിന്നീട് പ്രശസ്തമായ കെന്യൻ കോളേജ് ഗ്രാജുവേഷൻ സെറിമണി സ്പീച്ചിൽ ഞാൻ അറിഞ്ഞിട്ടുണ്ട്. നിത്യവൃത്തി എങ്ങനെയാണ് ഒരു മനുഷ്യന്റെ രസമുകുളങ്ങളുടെ സംവേദനക്ഷമതയെ അതിവിദഗ്ധമായി നിരാകരിക്കുന്നത് എന്ന് ഉദാഹരണസഹിതം വിശദമാക്കുന്നുണ്ട് വാലസ്. പ്രതികരണസ്വഭാവം തീരെ കാണിക്കാത്ത ഒരു സദസ്സിനെ തന്റേതായ കഥനരീതിയിലൂടെ അയാൾ പലവട്ടം കയ്യടിപ്പിക്കുന്നുണ്ട്. നിത്യവൃത്തി മനുഷ്യന്റെ ചിന്താരീതികളെ എങ്ങനെയാണ് മാറ്റുന്നത് എന്ന് അയാൾ പറഞ്ഞുകൊണ്ടിരിക്കുന്ന സന്ദർഭത്തിൽ സദസ്സ് സ്വയമറിയാതെ കയ്യടിക്കുന്നുണ്ട്. മുഴങ്ങുന്ന കയ്യടികൾക്ക് നടുവിൽ നിന്നുകൊണ്ട് അയാൾ ചിരിയോടെ പറയുന്നത് "അങ്ങനെ ചിന്തിക്കണം എന്നല്ല, അങ്ങനെ ചിന്തിക്കരുത് എന്നതായിരുന്നു ഞാൻ പറഞ്ഞുകൊണ്ടിരുന്നത്" എന്നാണ്. വാക്കുകളുടെ ശക്തി, അരുതുകളെ പോലും മറികടക്കാൻ പര്യാപ്തമാണെന്ന് അയത്നലളിതമായി അയാൾ തെളിയിച്ചിരുന്നു.
റീഡിങ് സെഷനു ശേഷം വാലസിന്റെ സുഹൃത്തുക്കൾക്കൊപ്പം അവർ ഒരു ഷോപ്പിംഗ് മാളിൽ പോവുകയും ചലച്ചിത്രം കാണുകയും ചെയ്യുന്നുണ്ട്. സിനിമയിൽ അതിൻറെ തുടർന്നുള്ള വിവരണങ്ങൾ ഇല്ലെങ്കിലും ടെലിവിഷൻ അഡിക്‌ഷൻ എന്നതിൻറെ ഭീകരമായ മുഖം, അങ്ങനെയൊരു ദുശീലം വാലസിന് എത്രത്തോളം ഉണ്ടായിരുന്നു എന്നതിന്റെ നേർവിവരണങ്ങൾ ലിപ്സ്കിയുടെ പുസ്തകത്തിൽ ഉണ്ട്. തങ്ങൾക്കൊപ്പം സിനിമയ്ക്ക് വരാമെന്നു പറഞ്ഞ സുഹൃത്തുക്കളെ കാത്തിരിക്കുന്ന സമയത്താണ് ഈ ലേഖനത്തിന്റെ തുടക്കത്തിൽ പരാമർശിച്ച സംഭാഷണം നടക്കുന്നത്. തൻറെ എഴുത്തിനെക്കുറിച്ച്, എഴുത്തിന്റെ വിജയത്തെക്കുറിച്ച്, അത് തന്നെ എങ്ങനെ സ്വയം സംശയിക്കാൻ ഇടവരുത്തുന്നു എന്നതിനെക്കുറിച്ച് അയാൾ മനസ്സ് തുറക്കുന്നത്. 1079 പേജുകളോളം വരുന്ന ഒരു ബൃഹദ്നോവൽ എഴുതുമ്പോൾ, അതും ഫ്രാഗ്‌മെന്റഡ് ആയിട്ടുള്ള ഒരു എഴുത്തു ശൈലിയിൽ, വിദൂരമല്ലാത്ത ഒരു ഭാവിയിൽ നടന്നേക്കാവുന്ന ഒന്നെന്ന പ്രതീതി നിലനിർത്തിക്കൊണ്ട്, സുദീർഘമായ വിശദീകരണങ്ങളും അതിലും വിശദമായ അടിക്കുറിപ്പുകളും അടങ്ങുന്ന ഒരു വലിയ നോവൽ-അത്തരമൊരു എഴുത്ത് ഒരു മനുഷ്യനെ എങ്ങനെയെല്ലാം മാറ്റിക്കളയും എന്ന് അയാൾ തന്നെ പറയുന്നുണ്ട്.
ഇങ്ങനെത്തന്നെ മതിയോ അല്ലെങ്കിൽ ഇതിലും നന്നാക്കാൻ എന്ത് ചെയ്യണം എന്ന് സ്വയം ചോദിച്ചുകൊണ്ട് എഴുത്തിൽ തുടർന്ന നാളുകളെ ഓർക്കുമ്പോൾത്തന്നെ, നിങ്ങളുടെയോ മറ്റേതെങ്കിലും നിരൂപകരുടെയോ പ്രശംസയ്ക്ക് വേണ്ടിയല്ല ഞാൻ അത് ചെയ്തതെന്ന് അയാൾ ലിപ്സ്കിയോട് പറയുന്നുണ്ട്. നിരൂപകപ്രശംസയും വായനക്കാരുടെ അംഗീകാരവും പുസ്തകത്തെ തേടി വരുന്നുവെങ്കിലും ആ പുസ്തകം എഴുതുക എന്നുള്ളത്, എഴുതി തീർക്കുക എന്നുള്ളത് (എഴുതിത്തുടങ്ങുക എന്നതിലും പതിൻമടങ്ങു ദുർഘടമാണ് എഴുത്തിൽ തുടരുക എന്നത്, അതിലും വിഷമകരമാണ് എഴുത്ത് പൂർത്തിയാക്കുക എന്നത് എന്നുള്ളത് വ്യക്തിപരമായ അനുഭവം) എത്രത്തോളം വലിയൊരു ജോലിയായിരുന്നു എന്ന് അയാൾ പറയുന്നുണ്ട്. 1700 പേജുകൾ വരുന്ന കയ്യെഴുത്തുപ്രതി പലവട്ടം എഡിറ്റ് ചെയ്തിട്ടാണ് ആയിരം പേജുകളിലേക്ക് ഒതുങ്ങുന്നത്. ശരി ഇതാ ഞാൻ ഒരു എഴുത്തുകാരനായിരിക്കുന്നു എന്ന് സ്വയം ബോധ്യപ്പെടുത്താൻ ആണോ ഇത് എഴുതുന്നത് എന്ന് പോലും അയാൾ ചോദിക്കുന്നുണ്ട്. വാലസ് അതിന് മുൻപ് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാത്ത ഒരാളല്ല. കൃത്യമായ ഇടവേളകളിൽ ലേഖനങ്ങൾ, കഥകൾ എല്ലാം പ്രസിദ്ധീകരിച്ചിരുന്ന ആൾ തന്നെയാണ്. ഈ നോവൽ തനിക്ക് വിജയം കൊണ്ട് തരുമോ എന്നുപോലും തീർച്ചയില്ല എന്നിരിക്കലും വളരെ ബുദ്ധിമുട്ടി അയാളത് പൂർത്തിയാക്കുന്നു. ആ ഘട്ടത്തിൽ അനുഭവിച്ചു പോകുന്ന മാനസികവ്യാപാരങ്ങളെ വാലസ് ഇങ്ങനെയാണ് ഓർക്കുന്നത്.
" I went through a period so bad, that that stuff had to stop mattering to me, or I think I would’ve blown my brains out. I came reasonably close. Or I could have at least tried in such a way that I would have damaged myself trying horribly."
പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ഒരു തൂങ്ങിമരണത്തിൽ വാലസ് ഭൂമുഖത്തു നിന്നും അപ്രത്യക്ഷനാവുമ്പോൾ പൂർണ്ണതയ്ക്ക് വേണ്ടിയുള്ള നിരന്തരശ്രമങ്ങളിൽ എന്ത് അർത്ഥമാണുള്ളതെന്ന് ചോദിക്കാൻ തോന്നിയാൽ അതൊരിക്കലും തെറ്റാവില്ല. അതുകൊണ്ടാണല്ലോ അയാളുടെ അതിതീവ്ര പരിശ്രമങ്ങളെ പറ്റി വാലസിന്റെ അടുത്ത സുഹൃത്തും എഴുത്തുകാരനും ആയ ജോനാഥൻ ഫ്രാൻസൻ "This is the paradox of Dave: The closer you get, the darker the picture, but the more genuinely lovable he was. It was only when you knew him better that you had a true appreciation of what a heroic struggle it was for him not merely to get along in the world, but to produce wonderful writing." ഇങ്ങനെ പറഞ്ഞത്.
അന്നത്തെ രാത്രി പുരോഗമിക്കുമ്പോൾ തൻറെ സുഹൃത്തിനോട് ലിപ്സ്കി ഫ്‌ളർട് ചെയ്യുന്നു എന്ന തോന്നൽ വാലസിന് ഉണ്ടാവുകയും അവർ തമ്മിൽ അതിനെ സംബന്ധിച്ച് ചെറിയ വാഗ്വാദത്തിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ട്. പുസ്തകത്തിൽ ഇങ്ങനെയൊരു പരാമർശം ഇല്ലെങ്കിലും ലിപ്സ്കി തന്നോട് പങ്കുവെച്ച ഒരു ഓർമ്മയിൽ നിന്നുമാണ് ഇത്തരം ഒരു കഥാസന്ദർഭം ചിത്രത്തിൽ ഉൾപ്പെടുത്തിയതെന്ന് ചിത്രത്തിൻറെ തിരക്കഥാകൃത്ത് Donald Margulies തന്നെ പിന്നീട് പറഞ്ഞിരുന്നു. പുസ്തകത്തിൽ ഇല്ലാത്ത കാര്യങ്ങൾ സിനിമയിൽ ഉണ്ടെങ്കിലും അതെല്ലാം യഥാർത്ഥത്തിൽ നടന്നിരുന്നു എന്നും ലിപ്സ്‌കി അതിനെപ്പറ്റി സംസാരിക്കുകയും അത് ചലച്ചിത്രത്തിൽ ഉൾപ്പെടുത്താൻ അനുവാദം നൽകുകയും ചെയ്തിരുന്നു എന്നും ഡൊണാൾഡ് പറയുന്നു. അത് ഒരു വിവാദ വിഷയമാണ്. കാരണം ഈ സിനിമ പുറത്തിറങ്ങുന്നതിൽ വാലസ്സിൻറെ ബന്ധുക്കൾക്കോ അടുത്ത സുഹൃത്തുക്കൾക്കോ സമ്മതമായിരുന്നില്ല. ചലച്ചിത്രം ഒരിക്കലും വാലസിന്റെ ഒരു പൂർണ്ണമായ ചിത്രം നൽകുന്നില്ല എന്നായിരുന്നു അവരുടെ കാഴ്ചപ്പാട്. വാലസ് എന്ന വ്യക്തി ഇതിലും എത്രയോ അധികം മാനങ്ങൾ ഉണ്ടായിരുന്ന ഒരാളാണെന്ന് അവർ വിശ്വസിച്ചു പോന്നിരുന്നു.
ചിത്രത്തെ എതിർത്തവരിൽ പ്രധാനപ്പെട്ട ഒരാൾ ജോനാഥൻ ഫ്രാൻസനാണ്. വാലസിന്റെ മരണശേഷം farther away എന്ന പേരിൽ ന്യൂയോർക്കർ മാഗസിനിൽ എഴുതിയ ലേഖനത്തിൽ വാലസിനെ അതുവരെ ലാഘവത്തിൽ കണ്ടുപോന്നിരുന്നവരുടെ ഇരട്ടതാപ്പിനെ അയാൾ തീവ്രതയോടെ വിമർശിക്കുന്നുണ്ട്.
"People who had never read his fiction, or had never even heard of him, read his Kenyon College commencement address in the Wall Street Journal and mourned the loss of a great and gentle soul. A literary establishment that had never so much as short-listed one of his books for a national prize now united to declare him a lost national treasure. Of course, he was a national treasure, and, being a writer, he didn’t “belong” to his readers any less than to me. But if you happened to know that his actual character was more complex and dubious than he was getting credit for, and if you also knew that he was more lovable—funnier, sillier, needier, more poignantly at war with his demons, more lost, more childishly transparent in his lies and inconsistencies—than the benignant and morally clairvoyant artist/saint that had been made of him, it was still hard not to feel wounded by the part of him that had chosen the adulation of strangers over the love of the people closest to him." എന്നാണ് അയാൾ പറയുന്നത്.
സ്ത്രീസുഹൃത്തിന്റെ കാര്യത്തിൽ ഉണ്ടായ ഉരസലിന് ശേഷവും ലിപ്സ്കിയുമായുള്ള അഭിമുഖസംഭാഷണം വാലസ് തുടർന്നു പോകുന്നുണ്ട്. അപ്പോഴാണ് വാലസിന്റെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച്, അഡിക്ഷനുകളെക്കുറിച്ച്, മാനസികാരോഗ്യ കേന്ദ്രത്തിലെ വാസത്തെക്കുറിച്ച് എല്ലാം അയാൾ തുറന്നുസംസാരിക്കുന്നത്. അയാൾ വളരെ കംഫർട്ടബിൾ ആയിട്ട് അതിനെപ്പറ്റി സംസാരിച്ചു എന്നല്ല; ആ ഓർമ്മകൾ പോലും അയാൾക്ക് ദുസ്സഹമായിരുന്നു എന്ന രീതിയിൽ തന്നെയാണ് ആ വിവരങ്ങൾ അയാൾ നമ്മളോട് പങ്കുവെക്കുന്നത്. ഇൻഫിനിറ്റ് ജെസ്റ്റ് എന്ന നോവലിൽ നമ്മൾ കാണുന്ന ആ മാനസികാരോഗ്യകേന്ദ്രവും മറ്റു ഫെസിലിറ്റികളും എല്ലാം ഒരുതരത്തിൽ അയാളുടെ തന്നെ പ്രതിഫലനങ്ങൾ ആയിരുന്നു എന്ന് കരുതിയാലും അത്ഭുതപ്പെടാനില്ല. പിറ്റേന്ന് രാവിലെ അതെല്ലാം മറന്ന് സ്വാഭാവികമായൊരു സൗഹൃദ സംഭാഷണത്തിലേർപ്പെടുന്നുണ്ട് അവരിരുവരും. വളരെ ആരാധനയോടെ മാത്രം കണ്ടിരുന്ന എഴുത്തുകാരന് തൻറെ ആദ്യ നോവലിൻറെ കോപ്പി കൊടുക്കണമോ വേണ്ടയോ എന്ന് ശങ്കിച്ചു നിൽക്കുന്ന ലിപ്സ്കിയെ നമുക്ക് കാണാം. ഒടുവിൽ മടിച്ചുമടിച്ച് തന്റെ വിലാസവും രേഖപ്പെടുത്തിയ ആ പുസ്തകം വാലസിനു നീട്ടുമ്പോൾ അയാളുടെ മുഖത്ത് തന്റെ ആരാധനാപാത്രത്തിന്റെ അംഗീകാരത്തിനു വേണ്ടി കൊതിക്കുന്ന ഒരാരാധകന്റെ ഭാവം പ്രകടമാണ്.
തന്റെ ജീവിതം വളരെ സ്വകാര്യമായി സൂക്ഷിക്കുന്ന ഒരു മനുഷ്യൻ ഞാൻ ഇടക്കൊക്കെ നൃത്തം ചെയ്യാൻ പോകാറുണ്ട്, ഇവിടെ അടുത്തൊരു ആരാധനാലയത്തിൽ എന്ന് ലജ്ജയോടെ മനസുതുറക്കുന്ന കാഴ്ച വളരെ മനസ്സ് നിറക്കുന്ന ഒന്നാണ്. പക്ഷെ ആ സൗഹൃദം തുടർന്നില്ല… ഏറെ പ്രതീക്ഷയോടെ പൂർത്തിയാക്കിയ അഭിമുഖം പ്രസിദ്ധീകരിക്കാൻ കഴിയാഞ്ഞതിൽ ലിപ്സ്കി ഖിന്നനായിരുന്നു. അതുകൊണ്ടാവും അയാൾ പിന്നീട് ആ സൗഹൃദം തുടരാൻ മുൻകൈ എടുക്കാൻ മടിച്ചത്. മറുവശത്ത് വാലസ് കൂടുതൽ തിരക്കുകളിലേക്ക്, ഒരു പ്രണയത്തിലേക്ക്, വിവാഹത്തിലേക്ക്, അനിവാര്യമായ മരണത്തിലേക്കുള്ള പ്രയാണം തുടരുകയും. ഒടുവിൽ വാലസിന്റെ മരണവാർത്ത അറിയുമ്പോൾ അയാൾ പറയുന്നുണ്ട്.
I wrote many e-mails in my head, and one or two on the actual computer, and one I finished and e-mailed to myself to see what it’d read like to open, and decided it looked a little loopy and that I’d been the right person to open it after all. I read him, thought about him, and I never saw him again except on television once.
ആ ഓർമയിലാവാം ലിപ്സ്കി തന്റെ പുസ്തകത്തിന്റെ ആമുഖക്കുറിപ്പ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ് "So I’d say to David, if I could, that living these days again with him was a great pleasure. I’d thank him, I’d say I was grateful for his letting me be there. I’d tell him it reminded me of what life was like, instead of being a relief from it, and I’d say it made me feel much less lonely to read."
പുസ്തകങ്ങളുടെ ധർമ്മം ഏകാന്തത അകറ്റുക എന്നതാണെന്ന് വിശ്വസിച്ച ഒരു മനുഷ്യന് മറ്റേത് വാക്കുകളാണ് ഉചിതമാവുക. അറിയില്ല. ലേഖനത്തിന് വിഷയമായ ചലച്ചിത്രം അവസാനിച്ചു കഴിഞ്ഞുവെങ്കിലും ഡേവിഡ് ഫോസ്റ്റർ വാലസ് എന്ന എഴുത്തുകാരനെക്കുറിച്ച് കുറച്ചുകൂടി സംസാരിക്കണം എന്ന് തോന്നുന്നതിനാൽ ഈ ലേഖനം അയാളുടെ വിഷാദകാലത്തിലേക്ക് കടക്കുകയാണ്. തന്റെ കൗമാരത്തിന്റെ അന്ത്യപാദങ്ങൾ മുതൽ യൗവനത്തിലുടനീളം അയാൾ വിഷാദരോഗത്തിനുള്ള മരുന്നുകൾ കഴിച്ചിരുന്നു. നാർഡിൽ എന്നുപേരുള്ള ആന്റി ഡിപ്രെസെന്റ് 1989 മുതൽ അയാളുടെ പ്രിസ്ക്രിപ്ഷന്റെ ഭാഗമായിരുന്നു. ആന്റി ഡിപ്രസന്റ് മരുന്നുകളുടെ ആദ്യ തലമുറയിലെ കണ്ണി എന്നു പറയാവുന്ന നാർഡിലിനു അതിന്റേതായ പാർശ്വഫലങ്ങൾ ഉണ്ടായിരുന്നു. പല ഭക്ഷണപദാർത്ഥങ്ങളും വാലസിൽ അതിഭീകരമായ അലർജിക് റിയാക്ഷൻ ഉണ്ടാക്കുമായിരുന്നു. 2007 ലാണ് അത് സംഭവിക്കുന്നത്. ഭാര്യക്കും മാതാപിതാക്കൾക്കും ഒപ്പം ഒരു റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിക്കുന്ന വാലസിന് ഭക്ഷണത്തിൽ നിന്ന് എന്തോ ഒരു അലർജി ബാധിക്കുന്നു. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന കഠിനമായ വയറുവേദന മൂലം അയാൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നു. നീണ്ട പതിനെട്ടു വർഷങ്ങളായി നാർഡിൽ ഉപയോഗിച്ചുകൊണ്ടിക്കുന്ന ഒരാളാണ് തങ്ങളുടെ രോഗിയെന്ന് തിരിച്ചറിയുന്ന ഡോക്ടർമാർ ആ മരുന്ന് ഉപേക്ഷിക്കാൻ അയാളെ പ്രേരിപ്പിക്കുന്നു. വൈദ്യശാസ്ത്രം ഇത്രയധികം പുരോഗമിച്ച ഒരു കാലഘട്ടത്തിൽ പാർശ്വഫലങ്ങൾ ഇല്ലാത്ത ഒരു മരുന്ന് എളുപ്പത്തിൽ ലഭ്യമാവും എന്ന് ഡോക്ടർമാർ പറഞ്ഞു. വാലസിന്റെ കുടുംബാംഗങ്ങളും അതിനെ അനുകൂലിച്ചു. അങ്ങനെയാണ് നാർഡിൽ ഉപേക്ഷിക്കാൻ വാലസ് തീരുമാനിക്കുന്നത്. ഒറ്റയടിക്ക് മരുന്ന് നിർത്തുകയായിരുന്നില്ല. നാർഡിലിൻ്റെ അളവ് കുറച്ചു കൊണ്ടുവരുന്നതിനൊപ്പം പുതിയൊരു മരുന്ന് ക്രമേണ ഡോസേജ് കൂട്ടി കൊണ്ടുവരികയായിരുന്നു. ഒടുവിൽ നാർഡിൽ പൂർണ്ണമായും ഒഴിവാക്കുമ്പോഴേക്ക് പുതിയൊരു മരുന്നിൽ വാലസ് പൊരുത്തപ്പെട്ടിരിക്കും എന്നായിരുന്നു ഡോക്ടർമാരുടെ നിഗമനം.
എന്നാൽ കാര്യങ്ങൾ അങ്ങനെയൊന്നുമല്ല സംഭവിച്ചത്. ഗുരുതരമായ ഒരു വിഷാദത്തിലേക്ക് വാലസ് വളരെവേഗം വഴുതിവീണു. അതിനൊരു കാരണം എന്ന് പറയുന്നത്- ഇത് ലിപ്സ്കി തന്റെ പുസ്തകത്തിൻറെ ആമുഖത്തിൽ പറയുന്നതാണ്, അയാൾ ഒരു സൈക്യാട്രിസ്റ്റിനോട് സംസാരിച്ചതിൽ നിന്നും മനസ്സിലാവുന്നത്- ഒരു മരുന്ന് കുറേക്കാലം നന്നായി പ്രവർത്തിക്കുമ്പോൾ, ഇനി അത് ഇല്ലാതെ മുന്നോട്ട് ജീവിക്കാൻ കഴിയും എന്നൊരു പ്രതീക്ഷ നമ്മളിൽ ഉടലെടുക്കും. ഇനി മുന്നോട്ട് പ്രശ്നങ്ങളില്ല, നമ്മുടെ അസുഖങ്ങളെല്ലാം ഭേദമായി, നമുക്കിനി ശാന്തമായ, സ്വസ്ഥമായ ഒരു ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയും എന്നെല്ലാം. പക്ഷേ പലപ്പോഴും സംഭവിക്കുന്നത്, അതേ രോഗലക്ഷണങ്ങൾ ഒരു സമയത്തിന് ശേഷം വീണ്ടും ആവർത്തിക്കപ്പെടുന്നു എന്നുള്ളതാണ്. ഒരിക്കൽ വിജയകരമായി വർത്തിച്ചുപോന്ന മരുന്നിനു പോലും രക്ഷിക്കാൻ കഴിയാത്ത രീതിയിൽ വിഷാദത്തിലേക്ക് വീണുപോകുന്ന ഒരു ദുര്യോഗമാണ് അവരെ കാത്തിരിക്കുന്നത്.
ഈ കാലയളവിൽ വാലസിന്റെ സഹോദരി അയാളോട് സ്ഥിരമായി ഫോണിൽ സംസാരിക്കുമായിരുന്നു. ഇപ്പോൾ നിനക്ക് എങ്ങനെയുണ്ട് എന്ന് ചോദിക്കുമ്പോഴെല്ലാം അയാൾ മറുപടി പറഞ്ഞിരുന്നത് .“I’m not all right. I’m trying to be, but I’m not all right.” ഇങ്ങനെയാണ്. തങ്ങൾ കൂടി അനുവദിച്ച് നടത്തിയ ഒരു പരീക്ഷണത്തിലൂടെ തൻറെ സഹോദരൻ തീർത്തും അനാരോഗ്യപരമായ ഒരു സാഹചര്യത്തിലേക്ക് വഴുതിപ്പോകുന്നത് വേദനയോടെ നോക്കി നിൽക്കാൻ മാത്രമേ ഏമിക്ക് കഴിഞ്ഞിട്ടുള്ളൂ. മരുന്നുകൾ ഒന്നുംതന്നെ ഫലിച്ചില്ല. ജൂൺമാസം ഡേവിഡ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വീണ്ടും അയാൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഡോക്ടർമാർ വാലസിനു തുടർച്ചയായി പന്ത്രണ്ട് റൗണ്ട് ഷോക്ക് തെറാപ്പി നൽകി. ലിപ്സ്കിയുമായുള്ള സംഭാഷണങ്ങളിൽ ഷോക്ക് തെറാപ്പിയെ താനെത്രത്തോളം ഭയക്കുന്നുവെന്ന് വാലസ് പറയുന്നുണ്ട്. തന്റെ തലച്ചോറിന്റെ പ്രവർത്തനത്തെത്തന്നെ ഈ ഷോക്ക് തെറാപ്പി ബാധിക്കുമെന്നും അതിനാൽ എന്തെങ്കിലും സാഹചര്യം ഉണ്ടെങ്കിൽ ഒരിക്കലും ഷോക്ക് തെറാപ്പിക്ക് തന്നെ വിധേയനാക്കരുതെന്നും അതിയായി ആഗ്രഹിച്ചിരുന്ന ഒരാൾ മറ്റൊരു മാർഗ്ഗവുമില്ലാതെ അതിനു വിധേയനാവേണ്ടി വരുന്ന കാഴ്ച അതീവ ദുഃഖകരമാണ്. അതിനുശേഷം ഗത്യന്തരമില്ലാതെ അവർ വീണ്ടും നാർഡിലിലേക്ക് മടങ്ങി പോകുന്നു.
പക്ഷെ അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടിരുന്നു. ഒരു സദസ്സിനെ അഭിമുഖീകരിക്കാനോ,സ്വന്തം മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങുവാനോ തൻറെ വിദ്യാർത്ഥികളെ കാണുവാനോ പോലുമുള്ള ആത്മവിശ്വാസം അയാൾക്ക് നഷ്ടപ്പെട്ടു പോയിരുന്നു. ശരീരഭാരം മുപ്പത് കിലോയോളം കുറയുകയും അയാളുടെ ഭക്ഷണത്തിന്റെയും ഉറക്കത്തിന്റെയും എല്ലാം ക്രമം തെറ്റുകയും ചെയ്തു. ഇടയ്ക്കിടെ സന്തോഷകരമായ നിമിഷങ്ങൾ കൈവന്നെങ്കിലും വളരെ വേഗം തന്നെ അവസ്ഥ മോശമാകുമായിരുന്നു. മരണത്തിന് കുറച്ചു ദിവസങ്ങൾക്കു മുൻപ് മാതാപിതാക്കളെ തന്റെ അടുത്തേക്ക് വരുത്തി അവർക്കൊപ്പം സമയം ചെലവഴിച്ചിരുന്നു അയാൾ. രക്ഷപെട്ടേക്കും എന്നൊരു പ്രതീക്ഷ അവരിൽ ഉണർത്തിയ ശേഷമാണ് അയാൾ ആത്മഹത്യ ചെയ്യുന്നത്. വാലസിന്റെ മരണത്തെക്കുറിച്ച് സഹോദരി പറയുന്ന വാചകം ശ്രദ്ധിക്കൂ.
“David and his dogs, and it’s dark. I’m sure he kissed them on the mouth, and told them he was sorry. Part of me still expect to wake up from this, but everywhere i turn is proof that he’s really most sincerely dead. will he be remembered as a real, living person?"
ഫ്രാൻസൻ പറയുന്നത് തനിക്ക് ഏറ്റവും പ്രിയപ്പെട്ടവരെ വേദനിപ്പിക്കണം എന്നൊരു ഗൂഢമായ ഉദ്ദേശം കൂടി അയാൾക്കുണ്ടായിരുന്നു എന്ന് കരുതിയാൽ തെറ്റ് പറയാനാകില്ലെന്നാണ്. കാരണം ഈ ഒരു അസുഖം അയാളുടെ ചിന്താരീതിയിൽ എന്തെല്ലാം മാറ്റം വരുത്തുന്നുവെന്ന് നേരിട്ട് കണ്ടിട്ടുള്ള ഒരാളാണ് ഫ്രാൻസൻ. ചുറ്റുമുള്ളവർക്ക് വളരെ പ്രസാദാത്മകമായ കാഴ്ചകളിൽ സന്തോഷം കണ്ടെത്താൻ കഴിയുമ്പോൾ, തന്റെ കണ്മുന്നിലുള്ള കാഴ്ചകൾ പോലും അവഗണിക്കാൻ തക്കവണ്ണം സ്വന്തം തലച്ചോറിനുള്ളിലെ അനന്തമായ ചിന്താശകലങ്ങളിൽ കുരുങ്ങിപ്പോയി അകാലത്തിൽ അവസാനിച്ച ഒരു ജീവിതമാണ് വാലസിന്റേത്.
"In the summer before he died, sitting with him on his patio while he smoked cigarettes, I couldn’t keep my eyes off the hummingbirds around his house and was saddened that he could, and while he was taking his heavily medicated afternoon naps I was studying the birds of Ecuador for an upcoming trip, and I understood the difference between his unmanageable misery and my manageable discontents to be that I could escape myself in the joy of birds and he could not." എന്നാണ് farther away എന്ന ലേഖനത്തിൽ ഫ്രാൻസൻ ഓർമിക്കുന്നത്.
വാലസ് ഒരു പെർഫെക്ഷനിസ്റ്റായിരുന്നു. എഴുതുന്നതെന്തും, പറയുന്നതെന്തും ചെയ്യുന്നതെന്തും ഏറ്റവും മികച്ചതാവണമെന്ന്, മറ്റാരേക്കാളും നന്നായി ചെയ്യണമെന്നുള്ള നിർബന്ധബുദ്ധി അയാളിൽ പ്രകടമായിരുന്നു. അതിനുവേണ്ടിയുള്ള അമിതമായ അധ്വാനത്താലാണ് അകാലത്തിൽ അയാൾ ആത്മഹത്യയിൽ അഭയം തേടുന്നത്. വാലസ് മരണപ്പെടുമ്പോൾ പെയിൽ കിംഗ് എന്ന നോവൽ എഴുത്തിന്റെ വിവിധ ഘട്ടങ്ങളിലായിരുന്നു. എഴുത്ത് മുന്നോട്ട് നീങ്ങുന്നില്ല എന്നതിന്റെ നിരാശ അയാളിൽ പ്രകടമായിരുന്നു. വാലസിന്റെ മരണശേഷം അയാളുടെ ഏജൻറ് ബോണി നഡേലിന്റെ മുൻകൈയ്യിലാണ് പെയിൽ കിംഗ് പുറത്തുവരുന്നത്. ആയിരത്തിലധികം വരുന്ന മാനുസ്‌ക്രിപ്റ്റ് പേജുകൾ എഡിറ്റ് ചെയ്ത് അഞ്ഞൂറുപേജ് വരുന്ന പുസ്തകമായാണ് പ്രസിദ്ധീകരിച്ചത്. വാലസ് ജീവിച്ചിരുന്നെങ്കിൽ പെയിൽ കിംഗ് ഈ രൂപത്തിലാണോ പുറത്തുവരിക എന്ന് പറയാൻ കഴിയില്ലെങ്കിലും എല്ലാം നല്ല രീതിയിൽ അവസാനിച്ചിരുന്നെങ്കിൽ അയാൾ എഴുതാൻ സാധ്യതയുണ്ടായിരുന്ന നോവൽ നിലവിൽ വിപണിയിലുള്ള പുസ്തകത്തേക്കാൾ മികച്ചതാവുമായിരുന്നു എന്നാണ് വിശ്വാസം.
ലിപ്സ്കിയുമായിട്ടുള്ള സംഭാഷണങ്ങളിൽ ഒരു പുസ്തകത്തിന്റെ ഭീമമായ വിജയം അതേ വിജയം ആവർത്തിക്കാൻ എഴുത്തുകാരനെ നിർബന്ധിക്കുന്ന ഒരു അവസ്ഥയെ ഭയക്കുന്ന വാലസിനെ കാണാം.
"you get lavishly rewarded for that first book, and it’s gonna be very difficult for him ever to do anything else. I mean there’s gonna be part of you that just wants to do that over and over and over again, so you continue to get the food pellets of praise. It’s one more way that all this stuff is toxic.
Same risk for you?
Sure. Because whatever I do, the next thing will be very different from this. And if it gets reamed, then I’ll think: “Oh no. Maybe Infinite Jest II.” In which case, somebody needs to come and just put a bullet in my head. To be merciful.".
എന്നാണ് അയാൾ പറയുന്നത്. പെയിൽ കിംഗ് താൻ ആഗ്രഹിക്കുന്ന രീതിയിൽ പൂർത്തിയാക്കാൻ കഴിയില്ല എന്ന വാലസിന്റെ വേണ്ടാപ്പേടിയും അയാളുടെ മരണം വേഗത്തിലാക്കാൻ കാരണമായിരുന്നിരിക്കാം. പലരും വാലസിന്റെ മരണത്തോട് പ്രതികരിച്ചത് പല രീതിയിലാണ്. ഡേവിഡ് ലിപ്സ്കി വർഷങ്ങൾക്കു മുമ്പ് വാലസിനോടൊപ്പം നടത്തിയ യാത്രയെക്കുറിച്ച് സുദീർഘമായ ഒരു ലേഖനം എഴുതി. ആ ഓഡിയോ ടേപ്പുകൾ വിപുലീകരിച്ച് പിന്നെ ഒരു പുസ്തകം പുറത്തിറക്കി. അയാളുടെ ആദ്യകാല കാമുകിയായിരുന്ന മേരി കാർ അയാൾ ഒരു മോശം കാമുകനായിരുന്നു എന്നെഴുതി. Suicide’s Note: An Annual. എന്ന കവിതയിൽ
I just wanted to say ha-ha, despite
your best efforts you are every second
alive in a hard-gnawing way for
all who breathed you deeply in,
each set of lungs,
those rosy implanted wings,
pink balloons.
എന്ന് അവസാനിക്കുന്ന കവിത. മരണത്തിനുശേഷം ഇയാൾ ഇങ്ങനെ ആഘോഷിക്കപ്പെടുന്നത് മേരി കാർ ഒരിക്കലും നല്ല പ്രവണത ആയി കണ്ടില്ല. പേഴ്സണൽ ബൗണ്ടറീസ് ബഹുമാനിക്കാത്ത, സ്റ്റോക്കിങ് എന്ന് പോലും വിശേഷിപ്പിക്കാവുന്ന രീതിയിൽ അവരെ ആ ബന്ധത്തിലേക്ക് വലിച്ചെത്തിച്ച ഒരാൾ എന്നാണ് അവർ ഓർത്തെടുക്കുന്നത്. പക്ഷേ farther away എന്ന പേരിൽ ന്യൂയോർക്കറിൽ ജോനാഥൻ ഫ്രാൻസൻ എഴുതിയ ലേഖനം ഒരർത്ഥത്തിൽ അയാൾക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച ചരമക്കുറിപ്പുകളിൽ ഒന്നാണ്.
വാലസിന്റെ മരണത്തിന് രണ്ടുവർഷത്തിനു ശേഷമാണ് ഈ കുറിപ്പിനാസ്പദമായ സംഭവം നടക്കുന്നത്. Alejandro Selkirk Island എന്ന പേരിൽ അറിയപ്പെടുന്ന ദ്വീപിലേക്ക് അവിടെ മാത്രം കണ്ടുവരുന്ന Masafuera rayadito എന്ന ഒരു പ്രത്യേകയിനം പക്ഷിയെ നേരിൽ കാണാനുള്ള ആഗ്രഹവുമായി യാത്ര പോകുന്ന ഫ്രാൻസനെയാണ് നമ്മൾ കാണുന്നത്. പതിനായിരത്തോളം വാക്കുകളിലായി നീണ്ടുകിടക്കുന്ന ആ ലേഖനത്തിൽ അയാൾ Masafuera rayadito എന്ന പേരുള്ള വംശനാശഭീഷണി നേരിടുന്ന പക്ഷികളെ കുറിച്ച്, അവരുടെ പ്രജനനത്തെക്കുറിച്ച്, റോബിൻസൺ ക്രൂസോ എന്ന നോവലിനെ കുറിച്ച്, യാത്രയിലയാൾ വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ച്, റോബിൻസൺ ക്രൂസോ എന്ന നോവൽ എങ്ങനെയാണ് മഹത്തായ ഒരു സൃഷ്ടി ആവുന്നതെന്ന്, ഒരു ഏകാന്തദ്വീപിൽ ഒറ്റപ്പെട്ടുപോകുന്ന മനുഷ്യൻ എങ്ങനെയാണു വർഷങ്ങൾ നീണ്ടുനിൽക്കുന്ന ഏകാന്തതയെ അതിജീവിക്കുന്നതെന്ന്, അങ്ങനെയുള്ള സന്ദർഭങ്ങൾ ഒരാളുടെ വ്യക്തിത്വവികാസത്തിന് എങ്ങനെ കാരണമാകുന്നു എന്നെല്ലാം പരിശോധിക്കുന്നുണ്ട്. ഇതിനൊപ്പം തന്നെ എത്തിച്ചേരാൻ വളരെ വിഷമകരമായ വളരെ ദുർഘടമായ പാതകൾ താണ്ടി ഈ പറയുന്ന പക്ഷിയുടെ പ്രജനനകേന്ദ്രം കാണാനായി അയാൾ നടത്തുന്ന യാത്രയുടെ വിവരണങ്ങളുണ്ട്. അതിനോട് ചേർത്താണ് അയാൾ വാലസിനെ ഓർക്കുന്നത്. ഈ ലേഖനത്തിന് ഒരു ത്രിമാന സ്വഭാവമുണ്ട്. ഒരേ സമയം അത് വാലസിന്റെ ചരമക്കുറിപ്പും പക്ഷിനിരീക്ഷണത്തിലുള്ള ഫ്രാൻസന്റെ കൗതുകങ്ങൾ വെളിപ്പെടുത്തുന്ന ഒരു ജീവശാസ്ത്ര ലേഖനവും ഒരു കൾച്ചറൽ ലാൻഡ് മാർക്ക് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കൃതിയെക്കുറിച്ചുള്ള ഉൾക്കാഴ്ച പകരുന്ന ഒരു ലേഖനവുമാണ്. ഇതിൽ വാലസിനെക്കുറിച്ച് എഴുതിയിട്ടുള്ള ഭാഗങ്ങളെക്കുറിച്ച് മാത്രം പരാമർശിച്ചുകൊണ്ട് ഈ ലേഖനം അവസാനിപ്പിക്കാം എന്ന് കരുതുന്നു.
ദ്വീപിലേക്കുള്ള യാത്രയ്ക്ക് തൊട്ടുമുൻപായി ഫ്രാൻസൻ വാലസിന്റെ വിധവയെ സന്ദർശിച്ചിരുന്നു. ഇങ്ങനെയൊരു യാത്രയ്ക്കാണ് അയാൾ ഒരുങ്ങുന്നത് എന്നറിയുന്നതോടെ അവർ പഴയ ഒരു വുഡൻ മാച്ച് ബോക്സിൽ വാലസിന്റെ ചിതാഭസ്മം കുറച്ച് അയാളുടെ കയ്യിൽ കൊടുത്തു വിടുകയാണ്. ദൂരെ എവിടെയോ ഒരു പ്രകൃതിയിൽ വാലസിന്റെ ചാരവും വിലയം പ്രാപിക്കും എന്ന ആശ്വാസം അവരിൽ പ്രകടമായിരുന്നു. അത് വാങ്ങി ആ യാത്ര തുടങ്ങുമ്പോൾ ഫ്രാൻസൻ ആലോചിക്കുന്നത് ഒരുതരത്തിൽ ചിതാഭസ്മവുമായുള്ള ഈ യാത്ര അവരുടെ മാത്രം സമാധാനത്തിനു വേണ്ടിയല്ല, ഒരു തരത്തിൽ തന്റെയും സ്വാസ്ഥ്യത്തിന് വേണ്ടിയാണെന്നാണ്. കാരണം കഴിഞ്ഞ രണ്ടു വർഷമായി എഴുത്തിൽ വ്യാപൃതനായിക്കൊണ്ട് വാലസിന്റെ മരണം എന്ന സത്യത്തെ നിരാകരിക്കാൻ അയാൾ വിഫലമായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. വാലസ് ഒരു രോഗിയായിരുന്നു. വർഷങ്ങളായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്ന ഒരാൾ. പക്ഷേ അതിനപ്പുറം, ലോകമറിയുന്ന പ്രതിഭാശാലിയായ എഴുത്തുകാരൻ എന്നതിനുമപ്പുറം, വേറിട്ട ഒരു വ്യക്തിത്വം അയാൾക്ക് ഉണ്ടായിരുന്നു. അയാളുടെ എഴുത്തിന്റെ പ്രത്യേകതയായിട്ട് ഫ്രാൻസനോർത്തെടുക്കുന്ന ഒന്നുണ്ട്. അയാളുടെ കഥാപാത്രങ്ങൾ ഒന്നും തന്നെ പെർഫെക്റ്റ് ആയിട്ടുള്ള മനുഷ്യരല്ല. പലവിധ അസ്വാഭാവികതകളുള്ള, സ്നേഹത്തേക്കാൾ സ്നേഹരാഹിത്യം കൈമുതലായ, ഒരാളുടെ മാനസികവ്യഥകളെ ചൂഷണം ചെയ്യാൻ മടി കാണിക്കാത്ത കഥാപാത്രങ്ങളാണ് അയാളുടെ സൃഷ്ടികളിൽ. എങ്കിലും അത് വായിക്കുമ്പോൾ ഒരു വായനക്കാരൻ തന്റെ ഉള്ളിൽ അന്തർലീനമായുള്ള വിഷാദത്തെക്കുറിച്ച്, സമൂഹത്തിൽ താൻ നേരിടുന്ന ഒറ്റപ്പെടലുകളെ കുറിച്ച്, ആൾക്കൂട്ടത്തിന്റെ വന്യതയിലും ഒറ്റയിലയുടെ പിടച്ചിൽ അനുഭവിക്കുന്ന തന്റെ ഹൃദയത്തേക്കുറിച്ച് കൂടുതൽ ബോധവാനാവും. അത് വാലസിന്റെ എഴുത്തിന്റെ മികവ് തന്നെയാണ്. അപ്പോഴും തനിക്ക് ലഭിക്കുന്ന സ്നേഹവും പ്രശസ്തിയും ഒന്നും താൻ തീരെ അർഹിക്കുന്നില്ല എന്നൊരു കുറ്റബോധം അയാളുടെ ഉള്ളിൽ എവിടെയോ ഉറങ്ങിക്കിടന്നിരുന്നു എന്നാണ് ഫ്രാൻസൻ പറയുന്നത്. ഇത്രയൊന്നും താൻ അർഹിക്കുന്നില്ല എന്ന ആ ഒരു ചിന്ത പിന്നീട് എപ്പോഴോ ആത്മഹത്യ എന്നൊരു ഒറ്റ വാതിലിലേക്ക് പടർന്നു കയറുകയാണ്. ഏതൊരു ലഹരിയെക്കാളും, എഴുത്തിനെക്കാളും, സ്നേഹത്തെക്കാളുമുപരിയായി അയാൾക്ക് ഒടുവിൽ രക്ഷയാവുന്നത് ആത്മഹത്യ എന്ന മാർഗം തന്നെയാണ്. ആ ഒറ്റവാതിൽ…
നാർഡിലിൽ നിന്ന് വിട്ടുനിൽക്കാൻ ഉണ്ടായിരുന്ന കാരണങ്ങൾ- ആരോഗ്യപരമായ കാരണങ്ങൾ അല്ലെങ്കിൽ എഴുത്തിനും മറ്റ് ബന്ധങ്ങൾക്കും വേണ്ടി കൂടുതൽ സമയം ചെലവഴിക്കാൻ ഉണ്ടായിരുന്ന ആഗ്രഹം അല്ലെങ്കിൽ ഒരു മാനസിക രോഗിയായി ചിത്രീകരിക്കപ്പെടാൻ ഉള്ള താല്പര്യമില്ലായ്മ- അങ്ങനെയുള്ള ആ കാരണങ്ങൾ എന്തുതന്നെയായിരുന്നാലും അതൊന്നും മതിയാകുമായിരുന്നില്ല എന്നാണ് വാലസിന്റെ ആത്മഹത്യ തെളിയിക്കുന്നത്. തീർച്ചയായും അയാൾ എഴുത്തിനെ വളരെയധികം സ്നേഹിച്ചിരുന്നു. അയാളുടെ തന്നെ വാചകങ്ങളിൽ, ഫിക്ഷൻ എഴുത്ത് എന്നത് ജീവിച്ചിരിക്കുക എന്നതിന്റെ ഏകാന്തതയെ മറികടക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമായിരുന്നു. എഴുതുമ്പോൾ, അതിലൂടെ പുറത്തുവരുന്ന ആശയങ്ങളിലൂടെ അത് മറ്റുള്ളവരിൽ ഉണർത്തുന്ന വികാരങ്ങളിലൂടെ തന്റെ വിഷാദത്തിൽ നിന്നും ഒരു പരിധിവരെ രക്ഷനേടാനാകും എന്ന് അയാൾ വിശ്വസിച്ചിരുന്നു. പുതിയ നോവൽ നീണ്ടുനീണ്ടുപോകുന്നതിന്റെ നിരാശ ഫിക്ഷൻ എഴുത്തിൽ നിന്നും ലഭിച്ചിരുന്ന സന്തോഷത്തെയും നശിപ്പിക്കുന്നു എന്ന തിരിച്ചറിവ് അയാൾക്ക് കൈകാര്യം ചെയ്യാൻ കഴിയുന്നതിലും അധികമായിരുന്നു. ജീവിതത്തിൽ ഒരിക്കൽക്കൂടി ഒരു ആത്മഹത്യാശ്രമമോ അല്ലെങ്കിൽ ഇനിയൊരിക്കൽക്കൂടി ഒരു മാനസികാരോഗ്യകേന്ദ്രത്തിലെ സൈക്കാട്രി വാർഡോ സ്വപ്നം പോലും കണ്ടിട്ടില്ലായിരുന്ന, ഒരിക്കലും അവിടേക്ക് പോകാൻ ആഗ്രഹമില്ലാതിരുന്ന ഒരു വാലസ്, അങ്ങനെയാണ് മരണത്തിലേക്ക് നടന്നെത്തുന്നത്.
ഫ്രാൻസന്റെ ലേഖനം അവസാനിക്കുന്നത് അയാളുടെ യാത്രയുടെ ആന്റി ക്ലൈമാക്സിലാണ്. ഒരു പേമാരിയിൽ അയാളുടെ ടെന്റ് നശിച്ചുപോവുകയാണ്. യാത്ര വേണ്ടെന്ന് വെച്ച് അയാൾ മടങ്ങിപ്പോകുന്നു. അപ്പോഴും അയാൾ പറയുന്നത് it was better this way, that it was time to accept finitude and incompleteness and leave certain birds forever unseen, that the ability to accept this was the gift I’d been given and my beloved dead friend had not എന്നാണ്. ഒടുവിൽ ഒരേ വലിപ്പമുള്ള രണ്ട് ഉരുളൻ കല്ലുകൾ ചേർത്തുവെച്ച ഒരു പീഠത്തിൽ വെച്ച് ആ മാച്ച് ബോക്സ് തുറന്ന് വാലസിന്റെ ചിതാഭസ്മം അയാൾ വായുവിൽ പറത്തിവിടുന്നു. ആ ധൂളികൾ വായുവിൽ പടരവേ ദൂരെയെവിടെയോ ഫ്രാൻസന്റെ കാഴ്ചയ്ക്കപ്പുറം ചിലപ്പോൾ അയാൾക്ക് കാണാൻ കഴിയാതിരുന്ന ആ കിളികൾക്കൊപ്പം വാലസും ഉണ്ടായിരുന്നിരിക്കാം. ജീവനോടിരുന്നപ്പോൾ ആസ്വദിക്കാൻ കഴിയാതിരുന്ന ഭംഗിയുള്ള കാഴ്ചകളെല്ലാം അയാൾ മരണശേഷം ആസ്വദിച്ചിരിക്കാം… അല്ലെങ്കിലും പ്രേതവിചാരങ്ങൾ ആരറിയുന്നു…