TMJ
searchnav-menu
post-thumbnail

Outlook

ലാഘവ ബുദ്ധികൾ ചരിത്രത്തോട് ചെയ്യുന്നത്

10 Nov 2022   |   1 min Read
എന്‍ പ്രഭാകരന്‍

മ്മുടെ വൈകാരിക ജീവിതത്തിനും ചിന്താജീവിതത്തിനും കേന്ദ്രം നഷ്ടമാവുമ്പോള്‍, ചുറ്റുപാടും നടക്കുന്ന സംഭവങ്ങള്‍ക്കും വ്യക്തിഗതാനുഭവങ്ങള്‍ക്കും അപ്പപ്പോള്‍ അവ നമുക്ക് എങ്ങനെ പ്രത്യക്ഷമാകുന്നു എന്നതിനപ്പുറം മറ്റു തലങ്ങള്‍ ഉള്ളതായി മനസ്സിലാക്കാനുള്ള സന്നദ്ധത നാം ഉപേക്ഷിക്കുമ്പോള്‍ എന്തൊക്കെ സംഭവിക്കുന്നു എന്നു നോക്കാം.

ചരിത്രത്തില്‍ നിന്നു പുറത്തുകടന്നിരിക്കുന്നതായി സങ്കല്‍പിക്കാനുള്ള പ്രേരണയാണ് ആദ്യം രൂപപ്പെടുന്നത്. ഈ പ്രേരണയാണ് ചരിത്രത്തെക്കുറിച്ചുള്ള വികല ധാരണകള്‍ രൂപപ്പെടുത്തുന്നതിലേക്കും അവ ആഘോഷിക്കുന്നതിലേക്കും നയിക്കുന്നത്. ചരിത്രമെന്നത് ഭൂതകാലസംബന്ധിയായ വസ്തുതകളുടെയും വിവരങ്ങളുടെയും ആധികാരികമായ സമാഹാരണം നടന്നിരിക്കുന്ന ജ്ഞാനമേഖലയാണെന്നാണ് നാം ധരിച്ചുപോന്നിട്ടുള്ളത്. എന്നാല്‍ നമ്മുടെ ധാരണ പൂര്‍ണ്ണമായും ശരിയായിരുന്നില്ലെന്ന കാര്യം ഇന്ന് നമുക്കറിയാം. ചരിത്രകാരന്മാര്‍ പല വസ്തുതകളും ഉപേക്ഷിച്ചും പലതിനെയും വളച്ചൊടിച്ചുമാണ് ചരിത്രത്തിന്റെ നിര്‍മ്മാണം സാധിച്ചിരിക്കുന്നത്. അതുകാരണം ചില ജനവിഭാഗങ്ങളും ജീവിതമേഖലകളും അപ്പാടെ ചരിത്രത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ സ്വാതന്ത്രസമരത്തിലെ ആദിവാസികളുടെ പങ്കിനെക്കുറിച്ച് വളരെ വൈകിയാണ് നാം അറിയുന്നത്. കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത ബ്രിട്ടീഷ് വിരുദ്ധ സമരങ്ങള്‍ വേറെയുമുണ്ടെന്ന് ചില പ്രാദേശിക ചരിത്രങ്ങളില്‍ നിന്ന് ഇപ്പോഴും വെളിപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. ചക്രവര്‍ത്തിമാരെ വാഴ്ത്തുമ്പോള്‍ അവരുടെ ഭരണകാലത്ത് അടിത്തട്ടിലെ ജനജീവിതം എങ്ങനെയായിരുന്നുവെന്നതിനെക്കുറിച്ച് മൗനം പാലിക്കുകയാണ് ചരിത്രകാരന്മാര്‍ ചെയ്തിട്ടുള്ളത്. ദളിതരുടെ ജീവിതം പൂര്‍ണമായും തമസ്കരിക്കപ്പെട്ടു എന്ന ബോധ്യത്തില്‍ നിന്നാണ് രണജിത് ഗുഹയുടെയും മറ്റുചില ചരിത്രകാരന്മാരുടെയും നേതൃത്വത്തില്‍ കീഴാളപഠനം (Subaltern Studies) എന്ന പുതിയ ദിശയിലേക്ക് ചരിത്രം മുന്നേറുന്നത്. നിലവിലുള്ള ചരിത്രത്തിന്റെ അപര്യാപ്തകളെക്കുറിച്ചുള്ള ബോധ്യം 1980 കളില്‍ രൂപപ്പെട്ടു വികസിച്ച നവചരിത്രവാദത്തിനു പിന്നിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ തിരിച്ചറിവുകള്‍ ആധുനികോത്തരന്മാരുടെ കാര്യത്തില്‍ ചരിത്രത്തെ അപ്പാടെ നിഷേധിക്കാനുള്ള ന്യായീകരണങ്ങളായിത്തീരുകയാണ് ചെയ്തത്.

painting : Salvador Dali


കൃതികളുടെ വിശകലനവും വിലയിരുത്തലും സാധിക്കുമ്പോള്‍ അവയുടെ ചരിത്രപരത സമഗ്രമായി പരിശോധിക്കണമെന്നാണ് നവചരിത്രവാദികള്‍ പറഞ്ഞത്. കൃതിയുടെ പശ്ചാത്തലത്തിലേക്ക് ചരിത്രത്തെ ആനയിച്ച് അതില്‍ നിന്ന് ഒരു കാലഘട്ടത്തിലെ മുഖ്യവൈരുദ്ധ്യങ്ങള്‍ ചികഞ്ഞെടുക്കുക, കൃതി ഉണ്ടായ കാലത്തെ അടിത്തട്ടിലെ ജനജീവിതത്തിന്റെ ചേരുവ നിശ്ചയിച്ച സാമ്പത്തിക ബന്ധങ്ങള്‍ വിശദീകരിക്കുക, നിശ്ചിത ചരിത്രസന്ദര്‍ഭവുമായി കൃതിയിലെ കഥാപാത്രങ്ങള്‍ എത്രത്തോളം പുരോഗമനപരമായി പ്രതികരിച്ചു എന്നു പരിശോധിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളാണ് സാമ്പ്രദായിക മാര്‍ക്സിസ്റ്റ് സാഹിത്യവിമര്‍ശകന്മാര്‍ ചെയ്തുപോന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായി കൃതിയില്‍ ആവിഷ്കാരം നേടിയിരിക്കുന്ന കാലം, ഗ്രന്ഥകാരന്റെ/ ഗ്രന്ഥകാരിയുടെ കാലം, കൃതി വായിക്കപ്പെടുന്ന കാലം ഇവയുടെയെല്ലാം സര്‍വതലസ്പര്‍ശിയായ പരിശോധനയാണ് നവചരിത്രവാദം ലക്ഷ്യമാക്കിയത്.

നാം അറിയുന്ന ചരിത്രം ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്ന ചരിത്രമാണ്. ആഖ്യാനം സ്വാഭാവികമായും ആഖ്യാതാവിന്റെ താല്‍പര്യത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. അതിന് ആധികാരികതയോ സമഗ്രതയോ അവകാശപ്പെടാനുള്ള അര്‍ഹതയില്ല. അതുകൊണ്ടു തന്നെ ഒരു ചരിത്രം എന്നതല്ല, പലപ്പോഴും പരസ്പരം നിഷേധിക്കുന്ന പല ചരിത്രങ്ങളാണ് ശരി. നമ്മുടെ പൂര്‍വികര്‍ നിര്‍മ്മിച്ചെടുത്തിരിക്കുന്ന ചരിത്രം അവര്‍ക്കു മുമ്പ് പലര്‍ നിര്‍മ്മിച്ച ചരിത്രങ്ങളെ ആസ്പദമാക്കിയുള്ള മറ്റൊരു നിര്‍മ്മിതിയാണ്. സാഹിത്യകൃതികളെയും ഇങ്ങനെയുള്ള നിര്‍മ്മിതികളായിത്തന്നെയാണ് കാണേണ്ടത്. അവയുടെ അപഗ്രഥനം മറ്റനേകം നിര്‍മ്മിത പാഠങ്ങളുടെ പാരസ്പര്യത്തെ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കിക്കൊണ്ട് വേണം നിര്‍വ്വഹിക്കാന്‍. ഇങ്ങനെ പോകുന്നു നവചരിത്രവാദികളുടെ വാദങ്ങള്‍. ഈ വാദങ്ങളുടെ അല്ലെങ്കില്‍ ചരിത്ര സമീപനരീതിയുടെ പിന്‍ബലത്തോടെ സാഹിത്യകൃതികളുടെ വിശകലനം സാധിക്കുമ്പോള്‍ കൃത്യമായ ഏതെങ്കിലും ഒന്നോ രണ്ടോ കണ്ടെത്തലുകളിലല്ല നാം എത്തിച്ചേരുക. പരസ്പര വിരുദ്ധമായ അനേകം താത്പര്യങ്ങള്‍ കൃതിക്കുള്ളില്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടിരിക്കുന്നതായി നമുക്ക് കണ്ടെത്താന്‍ കഴിഞ്ഞേക്കും. നിബിഡമായ വിവരണം (thick description) എന്നതുതന്നെയാണ് നവചരിത്രവാദത്തിന്റെ പ്രയോഗത്തില്‍ സംഭവിക്കുന്നത്. കൃതിയുടെ പിന്നിലെ ചരിത്ര വസ്തുതകളുടെ ഇടതിങ്ങിയ വിവരണം ഫലത്തില്‍ കൃതിയില്‍ നിന്ന് അകന്നകന്നുപോകലായിത്തീരും. ഇത് കൃതിയെ അവഗണിക്കാനും അതുവഴി സാഹിത്യത്തെയും ചരിത്രത്തെയുമെല്ലാം അവഗണിക്കാനും തങ്ങള്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്ന പുതിയ ആഖ്യാനത്തില്‍ അല്ലെങ്കില്‍ ആഖ്യാനാഭ്യാസത്തില്‍ രസിക്കാനും നിരൂപകരെ പ്രേരിപ്പിക്കും.

ചരിത്രത്തിനു നേര്‍ക്ക് ഉദാസീനരാവുന്നവര്‍ക്ക് പിന്നെ സാഹിത്യത്തിലും സംസ്കാരപഠനങ്ങളിലുമെല്ലാം എന്തും അനുവദനീയമാണെന്ന തോന്നലുണ്ടാവും. ബോധപൂര്‍വ്വം ചരിത്രവസ്തുതകള്‍ തകിടം മറിക്കപ്പെടുന്നത് കണ്ടാലും അവര്‍ക്ക് ഒരു വിഷമവും തോന്നില്ല.

ചരിത്രം അതിന്റെ ശുദ്ധരൂപത്തില്‍, സത്യസന്ധമായ രൂപത്തില്‍ ലഭിക്കുക അസാധ്യമാണെന്ന തീര്‍പ്പില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ ചരിത്രപഠനം ഒരു സംഭവത്തിന്റെ പരസ്പരഭിന്നമായ അനേകം വിവരണങ്ങളിലൂടെയും വ്യാഖ്യാനങ്ങളിലൂടെയുമുള്ള സഞ്ചരിക്കല്‍ മാത്രമായിത്തീരും. ആത്യന്തികമായി ചരിത്രത്തിനു നേര്‍ക്കുള്ള നിര്‍വികാരതയും ഉദാസീനതയുമായിരിക്കും അതിന്റെ ഫലം. ഇത് നവചരിത്രവാദികളുടെ മാത്രം കാര്യമല്ല. ആധുനികോത്തരരുടെ മൊത്തം സമീപനത്തില്‍ ഈയൊരു പ്രശ്നമുണ്ട്. In Defense of History എന്ന പുസ്കത്തിന്റെ ആമുഖത്തില്‍ എഡിറ്റര്‍മാരിലൊരാളായ Ellen Meiksins Wood ഇക്കാര്യം ഇങ്ങനെ വിശദീകരിക്കുന്നുണ്ട് : “Despite their insistences on epochal differences and specificities, despite their claims to have exposed the historicity of all values and knowledges (or precisely their because of their insistence on “difference” and the fragmented nature of reality and human knowledge, they are remarkably insensitive to history.”

ചരിത്രത്തിനു നേര്‍ക്ക് ഉദാസീനരാവുന്നവര്‍ക്ക് പിന്നെ സാഹിത്യത്തിലും സംസ്കാരപഠനങ്ങളിലുമെല്ലാം എന്തും അനുവദനീയമാണെന്ന തോന്നലുണ്ടാവും. ബോധപൂര്‍വ്വം ചരിത്രവസ്തുതകള്‍ തകിടം മറിക്കപ്പെടുന്നത് കണ്ടാലും അവര്‍ക്ക് ഒരു വിഷമവും തോന്നില്ല. ജനങ്ങളുടെ ഓര്‍മ്മയില്‍ സജീവമായി നില്‍ക്കുന്ന ചരിത്രത്തിനു തന്നെയും തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റം വരുത്തി സാഹിത്യരചന നടത്തുക എന്നത് ആധുനികോത്തരകാലത്ത് പല വിദേശ എഴുത്തുകാരും അവലംബിച്ചിട്ടുള്ള രീതിയാണ്. വൈകിയാണെങ്കിലും മലയാളത്തിലും ആ രീതി എത്തിക്കഴിഞ്ഞു. രാഷ്ട്രീയചരിത്രം, പുസ്തകങ്ങളുടെ ചരിത്രം, പ്രാദേശിക ജനജീവിതത്തിന്റെ ചരിത്രം എല്ലാം തോന്നും പടി വക്രീകരിച്ച് വസ്തുതയ്ക് യാതൊരു പരിഗണനയും നല്‍കാതെ എഴുതുന്നവര്‍ തീര്‍ച്ചയായും ‘സത്യാനന്തരകാലം’(post truth era) എന്നു പേരുനല്‍കി ഒരു വിഭാഗം ആളുകള്‍ കൊണ്ടാടുന്ന ഏറ്റവും പുതിയ കാലത്തിന്റെ എഴുത്തുകാര്‍ തന്നെയാണ്. അവരുടെ എഴുത്ത് സാഹിത്യത്തെ ഏത് ദിശയിലൂടെ മുന്നോട്ടുകൊണ്ടുപോകാനാണ് ശ്രമിക്കുന്നത് എന്നതിനെക്കുറിച്ചേ ആലോചിക്കാനുള്ളൂ.

representational image | pixabay

ചരിത്രം കെട്ടുകഥകളുടെ അല്ലെങ്കില്‍ നിക്ഷിപ്ത താത്പര്യത്തോടെ നിര്‍മ്മിക്കപ്പെട്ട ആഖ്യാനങ്ങളുടെ കൂമ്പാരമാണ് എന്ന വാദം അംഗീകരിച്ചു കഴിഞ്ഞാല്‍ പിന്നെ എന്തും ആഖ്യാനമാണെന്നു പറയാന്‍ മടിയുണ്ടാവില്ല. രാഷ്ട്രീയ സംവാദങ്ങളില്‍ കേരളത്തിലെ രാഷ്ട്രീയനേതാക്കള്‍ തന്നെ സംശയലേശമില്ലാതെ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു ആഖ്യാനം (നറേറ്റീവ്)എന്ന വാക്ക്. ഒരു സംഭവം, അത് സ്ത്രീപീഡനമോ മയക്കുമരുന്നു കടത്തോ മറ്റേതെങ്കിലും കുറ്റകൃത്യത്തില്‍ പ്രതിയെ രക്ഷിക്കാനുദ്ദേശിച്ചുള്ള ഇടപെടലോ ആകട്ടെ, അത് ഒരാരോപണമാക്കി ഒരു രാഷ്ട്രീയകക്ഷിയോ ഗ്രൂപ്പോ ഉയര്‍ത്തിക്കൊണ്ടു വന്നാല്‍ ‘അത് നിങ്ങളുടെ നറേറ്റീവ്’ എന്നു പറഞ്ഞു തള്ളിക്കളയുക പതിവാക്കിത്തുടങ്ങിയിട്ടുണ്ട് എതിര്‍പക്ഷത്തുള്ളവര്‍. എന്തും നറേറ്റീവ് ആയിക്കഴിഞ്ഞാല്‍ പിന്നെ ശരിതെറ്റുകളുടെ പ്രശ്നം ഉത്ഭവിക്കുന്നില്ല.

Leave a comment