മാഞ്ഞുപോവുന്ന ജീവിതങ്ങൾ, അനശ്വരമായി തുടരുന്ന കല്‍പിതകഥകൾ
"You remember," he says.
"Sure."
"Remembering a man's stories makes him immortal, did you know that?"
I shake my head. "It does. You never really believed that one though, did you?"
"Does it matter?"
He looks at me.
"No," he says. Then, "Yes. I don't know. At least you remembered."
ഡാനിയൽ വാലസ് രചിച്ച "ബിഗ് ഫിഷ്-എ നോവൽ ഓഫ് മിത്തിക്കൽ പ്രൊപ്പോഷൻസ്" എന്ന പുസ്തകത്തിലെ ഏതാനും വരികളാണ് നിങ്ങളിപ്പോൾ വായിച്ചത്. ആത്മകഥാപരം എന്ന് വിശേഷിപ്പിക്കാവുന്ന ഈ നോവൽ കല്‍പിത കഥകളും ഭ്രമാത്മകമായ വിവരണങ്ങളും കൊണ്ട് സമ്പന്നമാണ്. എന്നിരിക്കിലും, അവയെയെല്ലാം കവച്ചുവയ്ക്കുന്ന സവിശേഷമായ ഒരു സത്യസന്ധത ഇതിലെ വാചകങ്ങളിൽ കാണാം. ഒരുപക്ഷേ അതുതന്നെയാവും ഈ നോവലിന്റെ കൈയെഴുത്തുപ്രതി വായിച്ച ജോൺ ഓഗസ്റ്റ് ആവേശഭരിതനാകാനുള്ള കാരണവും. കൊളംബിയ പിക്ചേഴ്സ് സ്റ്റുഡിയോ മുഖാന്തരം ഓഗസ്റ്റ് ബിഗ് ഫിഷ് ചലച്ചിത്രമാക്കാനുള്ള പകർപ്പവകാശം നേടിയെടുക്കുകയും ചെയ്തു. എന്നാൽ നീണ്ട കാലയളവിനുശേഷമാണ് ചലച്ചിത്രം പുറത്തുവന്നത്. സ്പിൽബെർഗ് അടക്കമുള്ള പ്രമുഖ സംവിധായകർ പലപ്പോഴായി ഈ ചലച്ചിത്രവുമായി സഹകരിക്കാൻ ഒരുങ്ങിയിരുന്നെങ്കിലും ഒടുവിൽ അത് ടിം ബർട്ടനിൽ എത്തിച്ചേരുകയായിരുന്നു. ഇവരെയെല്ലാം ബിഗ് ഫിഷ് എന്ന പുസ്തകത്തിലേക്ക് ആകർഷിച്ചത് അതിന്റെ പ്രമേയം തന്നെയാണ്.
തിരക്കഥാകൃത്ത് ജോൺ ഓഗസ്റ്റ്, വില്യം എന്ന കഥാപാത്രത്തെ കാണുന്നത് തന്റെ തന്നെ മാതൃകയിലാണ്. ഒരേയിടത്ത് ഒരുമിച്ച് സമയം ചെലവഴിക്കുമ്പോഴും പരസ്പരം അപരിചിതർ മാത്രമായി തുടർന്നിരുന്ന രണ്ടു പേരാണ് ഓഗസ്റ്റിന്റെ ഓർമ്മയിൽ അയാളും അച്ഛനും. ടിം ബർട്ടനാകട്ടെ ദീർഘനാൾ രോഗഗ്രസ്തനായി മരണക്കിടക്കയിലായിരുന്ന അച്ഛനോട് ആ രോഗകാലത്ത് സംസാരിക്കാൻ ശ്രമിച്ചതിൻ്റെ വേദനാജനകമായ ഓർമ്മകളായിരുന്നു ബിഗ് ഫിഷ് എന്ന ചിത്രത്തിലേക്ക് വരുമ്പോൾ ഉണ്ടായിരുന്ന മൂലധനം.
1998 ൽ പ്രസിദ്ധീകരിക്കപ്പെട്ട ബിഗ് ഫിഷ് എന്ന നോവൽ 2003 ലാണ് ചലച്ചിത്രരൂപത്തിൽ പുറത്തുവന്നത്. എവാൻ മക്ഗ്രിഗോർ, ആൽബർട്ട് ഫിന്നി, ബില്ലി ക്രുഡപ്പ്, ഹെലേന ബോൺഹാം കാർട്ടർ, മറിയോൺ കോട്ടിലാഡ്, ഡാനി ഡെവിട്ടോ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രം മരണാസന്നനായ തന്റെ പിതാവുമായി രമ്യതയിലെത്താനുള്ള ഒരു മകന്റെ പരിശ്രമങ്ങളെ ആലേഖനം ചെയ്യുന്നു. വളർച്ചയുടെ ഘട്ടങ്ങളിൽ ഒരുകാലത്തും തനിക്കൊപ്പം ഉണ്ടാകാതിരുന്ന, ഓരോ ചോദ്യങ്ങൾക്കും അസംബന്ധമെന്ന് തോന്നിക്കുന്ന കെട്ടുകഥകൾ പറയുന്ന പിതാവിനോട് അസ്വാരസ്യം തോന്നുന്നത് അസ്വാഭാവികമല്ല. മുൻപ് പറഞ്ഞതുപോലെത്തന്നെ അവരുടെ പിതാക്കന്മാരുടെ മരണശേഷമാണ് തിരക്കഥാകൃത്തും സംവിധായകനും ഈ ചിത്രവുമായി സഹകരിക്കുന്നത്. അത്തരമൊരു വൈകാരികതലം നോവലിന്റെ എല്ലാ ഗഹനതകളും അതിന്റെ പൂർണമായ അർത്ഥത്തിൽ ആവിഷ്കരിക്കാൻ അവരെ പ്രാപ്തരാക്കിയിരുന്നു. നോവലിന്റെ അന്തഃസത്തയോട് വളരെ നീതിപുലർത്തുന്ന ഒന്നാണ് അവരൊരുക്കിയ ആവിഷ്കാരം. പ്രത്യക്ഷത്തിൽ പരസ്പരബന്ധമില്ലാത്ത ചെറുതും വലുതുമായ അധ്യായങ്ങളാണ് ബിഗ് ഫിഷ് എന്ന നോവലിലുള്ളത്. അതിൽ നിന്നും യുക്തിഭദ്രമായ ഒരു തിരക്കഥയും ഭ്രമാത്മകമായ ചലച്ചിത്രഭാഷ്യവും രൂപപ്പെടുത്തിയെടുക്കുന്നതിൽ അവർ വിജയിക്കുന്നുണ്ട്.
ചലച്ചിത്രം ആരംഭിക്കുന്നത് വിൽ ബ്ലൂം എന്ന ബില്ലി ക്രുഡപ്പ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വിവാഹച്ചടങ്ങിൽ നിന്നാണ്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന ദിവസം പോലും തന്നെക്കാൾ കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റുന്നത് മനോഹരമായി കെട്ടുകഥകൾ പറയുന്ന തന്റെ പിതാവാണെന്ന സത്യം അയാൾ നീരസത്തോടെ മനസ്സിലാക്കുകയാണ്. വർഷങ്ങളായി അടക്കിവെച്ചിരുന്ന പിതാവിനോടുള്ള അഭിപ്രായവ്യത്യാസങ്ങൾ അന്ന് പുറത്തുവരികയും അവർ തമ്മിൽ സുദീർഘമായ ഒരു മൗനം ഉടലെടുക്കുകയും ചെയ്യുന്നു. തുടർന്ന് മൂന്നുവർഷങ്ങളോളം അവർ തമ്മിൽ വളരെ ചുരുക്കം സംസാരങ്ങളെ ഉണ്ടാകുന്നുള്ളൂ. ഇടയ്ക്കുള്ള ഫോൺ സംഭാഷണങ്ങളിൽ പോലും അമ്മയാണ് അവർക്കിടയിലുള്ള പാലമാകുന്നത്. എന്നാൽ എല്ലാം മാറിമറിയുന്നത് പെട്ടെന്നാണ്. ഗുരുതരമായ ഒരു ക്യാൻസർ ബാധ എഡ്വേഡിന് സ്ഥിരീകരിക്കപ്പെടുന്നു. അവസാനദിവസങ്ങൾ അച്ഛനോടൊത്ത് ചെലവഴിക്കണം എന്ന ആഗ്രഹപൂർത്തീകരണത്തിനായി വില്യം തൻറെ ഭാര്യയോടൊപ്പം അലബാമയിലെ അവരുടെ വീട്ടിലേക്കെത്തുന്നു.
ജീവിതത്തിലെ ഓരോ നിമിഷവും കഥകളാൽ, മായക്കാഴ്ചകളാൽ ബുദ്ധിപൂർവ്വം മറ്റുള്ളവരിൽ നിന്നും മറച്ചു പിടിച്ചിരുന്ന ഒരാൾ തന്റെ മരണക്കിടക്കയ്ക്ക് എങ്ങനെയാണ്, ഏത് കഥ കൊണ്ടാണ് മുഖപടം തീർക്കുക എന്ന് ഒരുവേള വില്യം ആശ്ചര്യപ്പെടുന്നുണ്ട്. ഒരേസമയം അയാൾക്കുമുന്നിൽ തന്റെ പിതാവിന്റെ ജനനത്തെ കുറിച്ചുള്ള കൽപ്പിതകഥകളും തന്റെ മുന്നിൽ മരണക്കിടയിൽ കിടക്കുന്ന ക്ഷീണിത രൂപവും പരസ്പരം മാറിമറിയുന്നുണ്ട്.
Death was the worst thing that ever could have happened to my father. I know how this sounds -it's the worst thing that happens to most of us but with him, it was particularly awful, especially those last few preparatory years, the growing sicknesses that disabled him in this life, even as they seemed to be priming him for the next.
എന്നാണ് വില്യം പറയുന്നത്.
രോഗബാധയിൽ എഡ്വേഡിന്റെ ഏറ്റവും വലിയ വിഷമം അയാൾ വീട്ടിൽ ഒതുങ്ങിപ്പോയി എന്നതായിരുന്നു. തന്റെ ഇഷ്ടപ്രകാരം എല്ലായിടത്തും ചുറ്റിത്തിരിഞ്ഞിരുന്ന ഒരാൾ മുറിയുടെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങിപ്പോവുകയാണ്. എല്ലാ ദിവസവും ഒരേ മുറിയിൽ ഉറങ്ങി ഒരേയിടത്ത് ഉണർന്ന്, ഒരേ ആളുകളെ കണ്ട്, ഒരേ ജോലി ചെയ്ത്. അത്തരമൊരു ജീവിതം ഏറ്റവും വെറുത്തിരുന്ന ഒരാളാണ് ഇപ്പോൾ രോഗപീഡകളാൽ സ്വയം ചുരുങ്ങിപ്പോകുന്നത്. പിതാവിന്റെ കഥകളിൽ നിന്നും സത്യവും മിഥ്യയും വേർതിരിച്ചെടുക്കുക എന്ന ഭ്രാന്തുപിടിപ്പിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുകയാണ് വില്യം ബ്ലൂം. പരസ്പരം അത്ര സ്നേഹിക്കുമ്പോഴും പൂർണ്ണമായി മനസിലാക്കാൻ കഴിയാതെ പോകുന്ന ദുര്യോഗമാണ് അവർ അഭിമുഖീകരിച്ചത്. ഇനിയുള്ള കുറച്ചു സമയമെങ്കിലും പരസ്പരം മനസ്സിലാക്കാൻ ഉപയോഗിക്കണമെന്ന നിശ്ചയത്തിൽ വില്യം നടത്തുന്ന ശ്രമങ്ങളാണ് കഥയെ മുന്നോട്ടു കൊണ്ടുപോകുന്നത്. അത് ഒട്ടും എളുപ്പമല്ല. കാരണം അയാളുടെ ഓരോ കഥയും മറ്റനേകം കഥകളുമായി ഇഴപിരിയാനാവാത്ത വിധം ബന്ധിക്കപ്പെട്ടിരുന്നു.
അർത്ഥപൂർണ്ണമായ ഒരു സംഭാഷണത്തിലൂടെ പിതാവിനെ കൂടുതൽ മനസിലാക്കാനുള്ള വില്യമിന്റെ ശ്രമങ്ങൾ എല്ലാം പരാജയത്തിലാണ് കലാശിക്കുന്നത്. സ്വർഗ്ഗത്തിലും നരകത്തിലുമൊക്കെ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യം മതപരമായ കാര്യങ്ങൾ ഒരിക്കൽ പോലും സംസാരിച്ചിട്ടില്ലാത്ത ഒരാളോട്, തന്റെ പിതാവിനോട് ചോദിക്കുന്ന ദൃശ്യം നോവലിലുണ്ട്. അപ്പോഴും എഡ്വേഡിന് അവിടെ സഹായമാകുന്നത് അയാൾ എപ്പോഴും പറയാറുള്ള എണ്ണമറ്റ തമാശക്കഥകളിലൊന്നാണ്. ആ കഥ ഇങ്ങനെയാണ്. ഒരിക്കൽ സ്വർഗ്ഗവാതിലിൽ പത്രോസിനെ സഹായിക്കാനായി യേശു നിൽക്കുന്നു. ആത്മാക്കളെ സ്വർഗ്ഗത്തിലേക്ക് അല്ലെങ്കിൽ നരകത്തിലേക്ക് കടത്തിവിടാൻ, അതിനാണ് അയാൾ അവിടെ നിൽക്കുന്നത്. അപ്പോൾ അതാ കാഴ്ച്ചയിൽ സാധാരണക്കാരൻ എന്ന് എളുപ്പം വ്യക്തമാകുന്ന ഒരുവൻ അവിടേക്ക് വരുന്നു. സ്വർഗ്ഗരാജ്യം അർഹമാകുവാൻ നിങ്ങൾ എന്ത് മഹദ്പ്രവർത്തിയാണ് ചെയ്തിട്ടുള്ളത് എന്ന് അയാളോട് യേശു ചോദിക്കുന്നു. അപ്പോൾ അയാൾ പറയുകയാണ് "ഞാൻ കാര്യമായി ഒന്നും ചെയ്തിട്ടില്ല. ഞാൻ സാധാരണ ജീവിതം നയിച്ച ഒരു പാവം മരപ്പണിക്കാരനാണ്. എന്റെ ജീവിതത്തിൽ എടുത്തു പറയേണ്ടുന്ന ഒന്ന് എന്റെ മകൻ മാത്രമാണ്."
"നിങ്ങളുടെ മകനോ?" യേശു താല്പര്യപൂർവ്വം ചോദിച്ചു.
"അതെ അവൻ ഒരു സവിശേഷവ്യക്തിത്വം തന്നെയായിരുന്നു. അവൻറെ ജനനം സമാനതകൾ ഇല്ലാത്തതും. പിന്നീട് അവൻ ഒരു വലിയ പരിവർത്തനത്തിന് വിധേയനാവുകയും ലോകമെമ്പാടും അവൻറെ പ്രശസ്തി പരക്കുകയും ചെയ്തു. ഇന്നും ഏറെ പേർ അവനെ സ്നേഹിക്കുന്നു.
അത്രയും പറഞ്ഞപ്പോൾ യേശു ആ മനുഷ്യനെ ഇറുകെ പുണർന്നുകൊണ്ട് പിതാവേ എന്ന് വിളിക്കുന്നു..
അപ്പോൾ അയാൾ അത്ഭുതത്തോടെ യേശുവിനെ നോക്കി വിളിക്കുകയാണ് "പിനോക്യോ…"
പല അടരുകളുള്ള ഈ മനുഷ്യനെ പൂർണ്ണമായി മനസിലാക്കാൻ കഴിയുന്നില്ല എന്നത് വില്യമിനെ വല്ലാതെ നിരാശപ്പെടുത്തുന്നുണ്ട്. “he's not trying to be funny, he is just being him, something he can't not be. Beneath one facade there's another facade and then another, and beneath that the aching dark place, his life, something that neither of us understands.” എന്നാണു വില്യം സഹതാപത്തോടെ പറയുന്നത് പോലും.
സന്ദർഭത്തിന് യോജിക്കാത്ത അസംബന്ധകഥകൾ പറയുന്ന എഡ്വേഡിനെ അംഗീകരിക്കാൻ കഴിയാത്തയാളാണ് വില്യം. അതേസമയം നിസ്സഹായനും. ജീവിതകാലം മുഴുവനും ഒരു ആമയുടേതുപോലെ ജീവിച്ച ഒരാളാണ് എഡ്വേഡ് എന്നാണു വില്യം പറയുക. ഒരു പരിധിക്കപ്പുറം മനസ്സിനുള്ളിലേക്ക് ആർക്കും പ്രവേശനം നൽകാതിരുന്ന, പരുക്കൻ പുറന്തോടിനുള്ളിൽ സ്നേഹം ഭംഗിയായി ഒളിപ്പിച്ച ഒരാൾ. ആ പുറന്തോട് തകർത്ത് അതിനകത്തേക്ക് കയറുക എന്നുള്ളത് അസാധ്യമായിരുന്നു. ഇപ്പോൾ ഇതാ, മരണപ്പെടാൻ പോകുന്ന ഈ നിമിഷങ്ങളിലെങ്കിലും അത് അയാൾ തിരുത്തുമെന്ന്, സ്നേഹോദ്ദീപകമായ ഒരു മുഖം തനിക്കുമുമ്പിൽ തുറക്കുമെന്ന് വില്യം വൃഥാ ആശിക്കുന്നുണ്ട്. പക്ഷേ ഗൗരവകരമായ ഒരു കാര്യം സംസാരിക്കാൻ തുടങ്ങുമ്പോൾ അല്ലെങ്കിൽ വളരെ വൈകാരികമായ എന്തെങ്കിലും ഒരു സംഭാഷണത്തിനുള്ള സാഹചര്യം ഒരുങ്ങുമ്പോൾ പിതാവ് തന്റെ തമാശക്കഥകളിൽ, കെട്ടുകഥകളിൽ, ഒന്ന് വളരെ സൗകര്യപൂർവ്വം പുറത്തെടുക്കും. അതിൽപ്പെട്ട് ആ നിമിഷം വളരെ വേഗം നശിപ്പിക്കപ്പെടും. പിതാവിനെ മനസിലാക്കാൻ കഴിയുന്നില്ലെന്ന മകന്റെ അദൃശ്യവിലാപം ബാക്കിയാവും.
നോവലിസ്റ്റ് ഡാനിയൽ വാലസിന് എഡ്വേഡ് തന്റെ അച്ഛന്റെ തന്നെ ഒരു പകർപ്പ് ആയിരുന്നു. അധികമാരോടും കൂടുതൽ ഇണങ്ങാത്ത തന്റെ സ്വകാര്യങ്ങളെല്ലാം തന്നിൽ മാത്രം ഒതുക്കിയിരുന്ന ഒരു മനുഷ്യനായിരുന്നു അയാളുടെ അച്ഛൻ. ഒരു വലിയ തടാകത്തിലെ ഏറ്റവും വലിയ മത്സ്യമായിരിക്കാൻ ആഗ്രഹിച്ച ഒരച്ഛനെന്ന് നോവലിൽ വില്യം പറയുമ്പോൾ സത്യത്തിൽ അത് അച്ഛൻ പലപ്പോഴായി തനിക്ക് പറഞ്ഞുതന്നിരുന്ന കഥകളിലെ നെല്ലും പതിരും വേർതിരിച്ചെടുക്കാൻ ശ്രമിച്ചു പരാജയപ്പെട്ട വാലസിന്റെ ആത്മഭാഷണം തന്നെയാണ്.
ബിഗ് ഫിഷ് എന്ന ചിത്രം മുന്നോട്ടുവയ്ക്കുന്ന നിരവധി ആശയങ്ങൾ – അവയെല്ലാം കഥകളും കെട്ടുകഥകളും പുരാവൃത്തങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. എങ്ങനെ ഒരു കഥ മറ്റൊരു കഥയുമായി ബന്ധപ്പെടുന്നുവെന്നും കാലക്രമേണ കഥകളിൽ പുതിയ അടരുകൾ രൂപം കൊള്ളുന്നുവെന്നും ഒരു കഥ തീർത്തും വ്യത്യസ്തമായ മറ്റൊരു കഥയായി എങ്ങനെ പരിവർത്തനം ചെയ്യപ്പെടുന്നുവെന്നുമാണ് അത് സംവേദനം ചെയ്യാൻ പരിശ്രമിക്കുന്നത്. അതിനുമപ്പുറം അച്ഛനും മകനും തമ്മിലുള്ള വ്യക്തിബന്ധം എങ്ങനെ കാലക്രമേണ മുരടിച്ചു പോകുന്നുവെന്നും, പിന്നീട് തിരികെപ്പിടിക്കാൻ ശ്രമിക്കുമ്പോഴെല്ലാം അതെങ്ങനെയാണ് പലപല കാരണങ്ങളാൽ സംഭവിക്കാതെ പോകുന്നതെന്നുമുള്ള കാഴ്ച ഇവിടെയുണ്ട്.
വില്യമിന്റെ മനസ്സിൽ അച്ഛൻ പലപ്പോഴായി പറഞ്ഞ അത്ഭുതകരമായ കഥകളുണ്ട്. വിചിത്രങ്ങളായ കഥകൾ. ചെറുപ്പത്തിൽ ഒറ്റക്കണ്ണുള്ള മന്ത്രവാദിനിയെ കണ്ടുവെന്ന കഥ അതിൽ ആദ്യത്തേതാണ്. ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ട ഒരു കെട്ടിടത്തിലായിരുന്നു മന്ത്രവാദിനിയുടെ താമസം. അവരുടെ ഒരു കണ്ണ് സ്ഫടികം കൊണ്ട് നിർമ്മിച്ചതായിരുന്നു. ആരുടേയും ഭാവി തെളിയുന്ന സ്ഫടികക്കണ്ണ്. അതിനെ മറികടന്ന് ആരും മുന്നോട്ടു പോയിരുന്നില്ല. ഒരിക്കൽ കുറച്ച് കുട്ടികൾ ആ സ്ഫടികക്കണ്ണ് മോഷ്ടിക്കുന്നു. ആ കണ്ണ് തിരികെ മന്ത്രവാദിനിക്ക് ലഭിക്കാൻ എഡ്വേഡ് അവരെ സഹായിച്ചുവെന്നും അതിന് പ്രതിഫലമായി എഡ്വേഡ് എങ്ങനെയാണ് മരിക്കുക എന്ന ദൃശ്യം അവർ അയാൾക്ക് കാട്ടിക്കൊടുത്തു എന്നുമാണ് നോവലിൽ ഉള്ളത്. തന്റെ മരണം എങ്ങനെയായിരിക്കും എന്നുള്ള മുന്നറിവാണ് പിന്നീട് വിചിത്രങ്ങളായ പലതരം അനുഭവങ്ങളിലൂടെ കടന്നു പോകാൻ അയാളെ സഹായിച്ചിരിക്കുക. എത്ര വിചിത്രമായ അനുഭവമായാലും അതൊന്നും തന്നെ ബാധിക്കുകയില്ലെന്ന, ഇതിലൊന്നും താൻ മരണപ്പെടുകയില്ലെന്ന തിരിച്ചറിവ് അയാളെ സധൈര്യം മുന്നോട്ടു പോകാൻ പ്രേരിപ്പിച്ചിരുന്നു.
എഡ്വേഡ് ബ്ലൂം വേറെയും ഒട്ടനവധി കഥകൾ പറയുന്നുണ്ട്. അതിവേഗം വളർന്നതിനാൽ അസ്ഥികൾക്ക് വേണ്ടത്ര ബലമില്ലാതെ മൂന്നുവർഷത്തോളം അയാൾ കിടക്കയിൽത്തന്നെയായിരുന്നുവെന്നും ആ വർഷങ്ങളിലെല്ലാം അയാൾ വളരെയധികം പുസ്തകങ്ങൾ വായിക്കുകയും അവിടുത്തെ ലൈബ്രേറിയനേക്കാൾ കൂടുതൽ അറിവ് സമ്പാദിക്കുകയും ചെയ്തിരുന്നുവെന്നും നോവലിലുണ്ട്. പിന്നീട് അയാളുടെ പട്ടണത്തിൽ ഒരു ഭീമാകാരനായ മനുഷ്യൻ വരികയും അവിടുത്തെ ജീവജാലങ്ങളെയും കൃഷിയും എല്ലാം നശിപ്പിക്കുകയും ഭക്ഷണമാക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടാകുന്നു. മന്ത്രവാദിനിയിൽ നിന്നും തന്റെ മരണരഹസ്യം നേരത്തെ അറിഞ്ഞിട്ടുള്ള എഡ്വേഡ് സധൈര്യം ആ ഭീമനെ നേരിടാൻ പുറപ്പെടുന്നു.
കാൾ എന്ന് പേരായ ആ ഭീമാകാരമനുഷ്യൻ ഒരു സാധുവായിരുന്നു. അടങ്ങാത്ത വിശപ്പായിരുന്നു അയാൾക്ക്. എന്ത് കഴിച്ചാലും ഒടുങ്ങാത്ത വിശപ്പ്. അയാൾക്ക് ഭക്ഷണമുണ്ടാക്കി മടുത്ത അമ്മ ഒരു ദിവസം അയാളെ ഉപേക്ഷിച്ചുപോവുന്നു. അങ്ങനെയാണ് അയാൾ കൺമുന്നിൽ കാണുന്നതെന്തും ഭക്ഷിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേരുന്നത്. നോവലിൽ എഡ്വേഡ് അയാളെ ഒരു കർഷകനാക്കി മാറ്റിയെടുക്കുന്നുണ്ട്. ആ പട്ടണത്തിനിണങ്ങിയ രീതിയിൽ അയാൾ കാളിന്റെ ജീവിതം പരുവപ്പെടുത്തിയെടുക്കുന്നു. എന്നാൽ ചലച്ചിത്രത്തിലാകട്ടെ ഈ ചെറുപട്ടണത്തിൽ നിന്നാൽ ഇനിയൊന്നും നേടാനില്ലെന്ന് തിരിച്ചറിയുന്ന നായകൻ വലിയ നഗരത്തിലേക്കുള്ള യാത്രയിൽ തനിക്കൊപ്പം കാളിനേയും കൂട്ടുകയാണ്. I thought it was my destiny. A big fish in a big pond that's what I wanted. That's what I wanted from day one. എന്നാണ് എഡ്വേഡ് അതിനെപ്പറ്റി ഓർക്കുന്നത്.
നോവലിൽ മൈ ഫാദേഴ്സ് ഡെത്ത് എന്ന പേരിലുള്ള ഒരു അധ്യായമുണ്ട്. ടേക് വൺ, ടേക് ടു, ടേക് ത്രീ, ടേക് ഫോർ എന്നിങ്ങനെ നാല് കാഴ്ചകൾ. ഓരോ ഘട്ടത്തിലും കാഴ്ച ഒന്നുതന്നെയാണ്. പക്ഷേ സൂക്ഷ്മതലത്തിൽ അവയെല്ലാം വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു. മരണക്കിടക്കയിലുള്ള എഡ്വേർഡ് ബ്ലൂമിനെ അയാളുടെ സുഹൃത്ത് കൂടിയായ ഡോക്ടർ ബെനറ്റ് വന്നു പരിശോധിക്കുന്നു. വൈദ്യശാസ്ത്രത്തിന് ഇനിയൊന്നും ചെയ്യാൻ കഴിയുകയില്ലെന്ന സത്യം ഡോക്ടർ ബെനറ്റ് കുടുംബാംഗങ്ങളെ അറിയിക്കുന്നു. ഈ ഒരു ദിവസം സമാഗതമാകുമെന്ന് ഉറപ്പുണ്ടായിരുന്ന ബ്ലൂമിന്റെ ഭാര്യയും മകനും ഈ സാഹചര്യത്തെ എങ്ങനെ നേരിടണമെന്ന് ആലോചിക്കുന്നു.
This is how we talk. In the land of the dying, sentences go unfinished, you know how they're going to end. കാത്തിരിപ്പുമുറിയിൽ അമ്മയുമായുള്ള സംഭാഷണങ്ങൾ പലപ്പോഴും ഹ്രസ്വമായി അവസാനിക്കുന്നതിനേക്കുറിച്ച് വില്യം പറയുന്നത് ഇങ്ങനെയാണ്. എഡ്വേഡിനെ ആദ്യം കാണുന്നത് ഭാര്യയാണ്. പിന്നീട് മകൻ. അവർ തമ്മിൽ സംഭാഷണങ്ങൾ ഉണ്ടാകുന്നു. ഈ കാഴ്ച നമ്മൾ നാലുവട്ടം കാണുന്നുണ്ട്. ഓരോ കാഴ്ചയിലും അവർ തമ്മിൽ സംസാരിക്കുന്ന വിഷയങ്ങൾ കൂടുതൽ ഗഹനമാവുന്നു. ഗൗരവകരമായ വിഷയങ്ങൾ സംസാരിക്കുന്നതിൽ നിന്നും ആദ്യമെല്ലാം കൗശലപൂർവ്വമുള്ള തമാശകളിലൂടെ ഒഴിഞ്ഞുമാറിയിരുന്ന ആൾ, അവസാന ദൃശ്യത്തിലെത്തുമ്പോൾ വളരെ വികാരാധീനമായി സംസാരിക്കുന്ന കാഴ്ച നമുക്ക് കാണാം. നോവലിസ്റ്റിന്റെ ബുദ്ധിപൂർവ്വമായ ഒരു നീക്കമാണ് ഒരേ കാഴ്ചയുടെ വ്യത്യസ്ത ഭാവതലങ്ങൾ അനുഭവവേദ്യമാക്കുവാൻ നമ്മളെ സഹായിക്കുന്നത്.
"I haven't really been around here so much, you know. At home. Not as much as we all would have liked. Look at you, you're a grown man and I-I completely missed it." മരണക്കിടക്കയിൽ ഒരാൾ തന്റെ മകനോട് ചോദിക്കുകയാണ്, നിനക്ക് വേണ്ടപ്പോഴൊന്നും ഞാൻ ഉണ്ടായിരുന്നില്ല അല്ലേ എന്ന്. ആ ചോദ്യത്തിൽ വേദനയുണ്ട്. പക്ഷെ അത് അധികരിക്കുന്നത് ഇല്ല എന്ന് നിസംഗമായി മകൻ മറുപടി പറയുമ്പോഴാണ്.
ഗൗരവകരമായ സംഭാഷണങ്ങൾ ഏതുവിധേനയും ഒഴിവാക്കാൻ ശ്രമിക്കുന്ന ഒരു പിതാവാണ് എഡ്വേഡ്. തനിക്കും മകനുമിടയിൽ ആശയവിനിമയത്തിൽ സംഭവിച്ച സുദീർഘമായ ഇടവേളകൾ സ്വാഭാവികമായ ഒരു സംഭാഷണം വളരെ ദുർഘടമാക്കിത്തീർത്തിരുന്നു. മരണപ്പെടുകയാണെന്ന് തിരിച്ചറിഞ്ഞിട്ടും, ഒരുമിച്ച് ചിലവഴിക്കാൻ വളരെ കുറച്ചു നാളുകൾ മാത്രമേ ഉണ്ടാവൂ എന്ന് ഉറപ്പായിട്ടും, തന്റെ മനസ്സ് തുറക്കാൻ, താൻ തന്റെ മകനെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന് ഉറച്ചുപറയാൻ സാധിക്കാതെ പോകുന്ന, തങ്ങൾക്കിടയിൽ ഉറഞ്ഞുകൂടിയ മൗനം അലിയിച്ചു കളയേണ്ടതാണെന്നുള്ള ബോധ്യം ഉണ്ടായിരിക്കിലും അതിന് കഴിയാതെ പോകുന്ന ഒരു മനുഷ്യനായിട്ടാണ്, ഒരർത്ഥത്തിൽ പരാജയപ്പെടുന്ന ഒരു മനുഷ്യനായിട്ടാണ് അയാളെ എനിക്ക് കാണാൻ കഴിയുക. എന്നിട്ടും ഇടയ്ക്കൊരു സംഭാഷണത്തിൽ "Hey, I'll miss you." എന്നു പറയുന്ന എഡ്വേഡ് ഉണ്ട്.
"And me you."
"Really?" he says.
"Of course, Dad. I'm the one"
"Still here," he says. "So it figures that you’d be the one doing the missing."
ഇങ്ങനെ തുടരുന്ന ആ സംഭാഷണത്തിൽ മരണപ്പെട്ട മനുഷ്യരെ വേദനയോടെ ഓർക്കുന്ന, അവരുടെ ഓർമകളിൽ വിഹരിക്കാൻ ഇഷ്ടപ്പെടുന്ന മനുഷ്യരെ കാണാം. അതെന്നെ ഓർമിപ്പിച്ചത് റോഡ്രിഗോ ഗാർഷ്യ എഴുതിയ A Farewell to Gabo and Mercedes: A Son's Memoir of Gabriel García Márquez and Mercedes Barcha എന്ന പുസ്തകമാണ്. ഹൃസ്വമായ ആ പുസ്തകത്തിലുടനീളം ഘനീഭവിച്ച ദുഖമുണ്ട്. ദൈർഘ്യമേറിയ ആശുപത്രിവാസങ്ങളും സ്മൃതിഭ്രംശത്താൽ കഷ്ടപ്പെടുന്ന പിതാവിന്റെ സങ്കടക്കാഴ്ചകളുമെല്ലാം നിറഞ്ഞുതുളുമ്പാത്ത ഒരു കണ്ണുനീർത്തുള്ളിയായി ആ പുസ്തകത്തിൽ ഉറഞ്ഞു കിടക്കുന്നു.
(തുടരും)