TMJ
searchnav-menu
post-thumbnail

Outlook

മാഞ്ഞുപോവുന്ന ജീവിതങ്ങൾ, അനശ്വരമായി തുടരുന്ന കല്‍പിതകഥകൾ

05 Oct 2022   |   2 min Read
സിവിക് ജോൺ

രണ്ടാം ഭാഗം

ചില്ലറ മാറ്റങ്ങളോടുകൂടിയാണ് തിരക്കഥാകൃത്ത് ജോൺ  ഓഗസ്റ്റ് ബിഗ് ഫിഷ് എന്ന നോവലിനെ ചലച്ചിത്രരൂപത്തിലാക്കിയത്. അങ്ങനെയുള്ള മാറ്റങ്ങളിൽ പ്രധാനം എഡ്വേർഡ് ഒരു സർക്കസ് കമ്പനിയിൽ ജോലി ചെയ്തിരുന്നുവെന്നും അവിടെനിന്നാണ് അയാളുടെ പ്രണയിനിയും പിൽക്കാലത്ത് ഭാര്യയുമായിത്തീർന്ന സാന്ദ്രയെ കാണുന്നതിനുള്ള സാഹചര്യമൊരുങ്ങുന്നതെന്നുമുള്ള ഭാഗമാണ്. സർക്കസ് ഉടമ ഒരു വെയർവുൾഫ് ആണെന്നും അതിനെ മെരുക്കിയെടുക്കാൻ എഡ്വേഡിന് നിഷ്പ്രയാസം സാധിച്ചു എന്നും സിനിമയിൽ നമ്മൾ കാണുമ്പോൾ അതിന് ആസ്പദമായ  നോവലിലെ ഭാഗം  മൃഗങ്ങളുമായി സംസാരിക്കാനും അവരെ ഇണക്കി വളർത്താനും  ചെറുപ്പം മുതലേ ഉണ്ടായിരുന്ന എഡ്വേഡിന്റെ കഴിവിനെ പരാമർശിക്കുന്ന ഒരു ചെറിയ അധ്യായം മാത്രമാണ് എന്നതാണ് യാഥാർഥ്യം. തീരെ ചെറിയൊരു കഥാസന്ദർഭത്തെ ഇങ്ങനെ മിഴിവാർന്ന ഒരു കാഴ്ചയാക്കി മാറ്റിയെടുക്കുന്നിടത്താണ്  തിരക്കഥാകൃത്തിന്റെ വൈദഗ്ധ്യം പ്രകടമാവുന്നത്.

ആഷ്ടണിൽ നിന്ന് പുറത്തിറങ്ങുന്ന എഡ്വേഡ് രണ്ടായി പിരിയുന്ന ഒരു വഴി കാണുന്നു. ഒന്ന് നഗരത്തിലേക്കുള്ള നേരായ വഴിയും മറ്റൊന്ന് കാട്ടുപാതകളിലേക്കുള്ള ആൾ സഞ്ചാരമില്ലാത്ത ഒരു വഴിയുമാണ്. ആ വഴിയിലൂടെ പോയവരെ പിന്നീടാരും കണ്ടതായി ചരിത്രമില്ല. ആ കാട്ടുവഴി അതിലെ യാത്രികരെ നയിക്കുന്നത് ഒരർത്ഥത്തിൽ ഒരു തടവറയിലേക്കാണ്. സ്പെക്ടർ എന്ന പേരായ ഒരു നഗരമാണത്. എല്ലാ വിധ സുഖസമൃദ്ധിയുമുള്ള ആരുടേയും ഏത്  ആവശ്യങ്ങളും നിവർത്തിക്കുന്ന ഒരു നഗരം.  അവിടെനിന്നും പുറത്തു പോകാൻ ആർക്കും യാതൊരു കാരണവും ഉണ്ടായിരുന്നില്ല. അവിടെ അയാൾക്ക് പരിചയക്കാരുണ്ട്.  നോർതർ വിൻസ്ളോ  എന്ന പേരിൽ പ്രശസ്തനായ ഒരു കവി. പക്ഷേ ഉപരിപ്ലവമായ ഒരു ജീവിതം മാത്രമാകും അവിടുത്തേത് എന്ന് തിരിച്ചറിയുന്ന എഡ്വേഡ് അവിടം വിടാൻ തീരുമാനിക്കുന്നു. അയാളുടെ പട്ടണത്തിൽ  നിന്നും മൂന്നുവർഷം മുമ്പ് പാരീസിലേക്ക് പുറപ്പെട്ട കവി ഇപ്പോഴും സ്‌പെക്ടർ എന്ന നഗരത്തിന്റെ തടവറയിൽ കുരുങ്ങി നിൽക്കുമ്പോഴാണ് അയാൾ അവിടെനിന്നും പുറത്തുപോകാൻ തീരുമാനിക്കുന്നത്. അവിടെനിന്നും പുറത്ത് കടക്കാൻ ഒരു വഴിയേ ഉള്ളൂ. അതിനു കാവലായി ഒരു  ഭീമാകാരനായ നായയും. രക്ഷപ്പെടാൻ ശ്രമിക്കുന്നവരുടെ എല്ലാം കൈവിരലുകൾ ആ നായ കടിച്ചുമുറിച്ചു. നായയെ കബളിപ്പിച്ചു അവിടെനിന്ന് പുറത്തു കടക്കാൻ ആർക്കും കഴിഞ്ഞില്ല. എന്നാൽ അയാൾക്ക് അത് സാധിക്കുന്നു.

നോവലിലും ചിത്രത്തിലും പലയിടങ്ങളിലും ചുറ്റിസഞ്ചരിച്ചുകൊണ്ട് ബിസിനസുകൾ ചെയ്യുന്ന ഒരു സെയിൽസ്മാൻ ആയിട്ടാണ് എഡ്വേർഡിനെ കാണിച്ചിരിക്കുന്നത്. ആ യാത്രയിലുടനീളം അയാൾ കാണുന്ന അത്ഭുതങ്ങൾ ഉണ്ട്.

ചലച്ചിത്രത്തിൽ ആ നായക്ക് പകരം നമ്മൾ കാണുന്നത് ജെന്നി ഹിൽ എന്ന കഥാപാത്രത്തെയാണ്. അവർ സ്പെക്ടറിന്റെ മേയറുടെ പുത്രിയാണ്. കുറച്ചു നാൾ കൂടി കഴിഞ്ഞാൽ എനിക്ക് നിങ്ങളെ വിവാഹം കഴിക്കാനുള്ള പ്രായമാവും എന്ന് പറയുന്ന,  നഗരം വിടാൻ ഒരുങ്ങുന്ന എഡ്വേഡിന്റെ  പാദുകങ്ങൾ ഒളിപ്പിച്ചു വയ്ക്കുന്ന ജെന്നിയെ ഇനിയും താൻ മടങ്ങി വരും എന്ന് സമാശ്വസിപ്പിച്ചുകൊണ്ട് അയാൾ അവിടം വിടുന്നു. സ്പെക്ടർ വിട്ടുപോകുന്ന അയാൾ എത്തിച്ചേരുന്നത് ഒരു സർക്കസ് കൂടാരത്തിലാണ്. ഇവിടെയാണ് ചലച്ചിത്രം  നോവലിൽ നിന്ന് വിഭിന്നമായി സഞ്ചരിക്കുന്നത്. സാന്ദ്ര കെ ടെമ്പിൾടൺ  എന്ന യുവതിയെ കാണുകയും വിവാഹം കഴിക്കുകയും ചെയ്യുന്ന ആ ഭാഗങ്ങൾ ആ കാഴ്ചയുടെ ഹൃദയഹാരിയായ ഭാഗങ്ങളിലൊന്നാണ്.

നോവലിലും ചിത്രത്തിലും പലയിടങ്ങളിലും ചുറ്റിസഞ്ചരിച്ചുകൊണ്ട് ബിസിനസുകൾ ചെയ്യുന്ന ഒരു സെയിൽസ്മാൻ ആയിട്ടാണ് എഡ്വേർഡിനെ കാണിച്ചിരിക്കുന്നത്. ആ യാത്രയിലുടനീളം അയാൾ കാണുന്ന അത്ഭുതങ്ങൾ ഉണ്ട്. ഒരിക്കൽ വലിയ മഴ പെയ്യുകയും ഭൂമി പിളർന്ന് രണ്ടായി പോവുകയും ചെയ്തു എന്നുപറയുന്ന എഡ്വേഡിനെ  നമുക്ക് കാണാം. അല്ലെങ്കിൽ ഒരുടലും രണ്ട് തലയും ഉള്ള സയാമീസ് ഇരട്ടകളെ കാണുന്നതിനെക്കുറിച്ച് പറയുന്ന എഡ്വേഡ്. ഈ സയാമീസ് ഇരട്ടകളുടെ ഭാഗം സിനിമയിൽ വരുമ്പോൾ അതിന്  കൊറിയൻ യുദ്ധത്തിന്റെ പശ്ചാത്തലം കൂടി നൽകുന്നുണ്ട്.

നോവൽ പുരോഗമിക്കവേ  അതിൽ വില്യമിന്റെ ഒരു സ്വപ്നദൃശ്യത്തിന്റെ വിവരണമുണ്ട്. മരണക്കിടക്കയിലുള്ള തന്റെ പിതാവിനെ കാണാൻ അയാളുടെ പരിചിതർ, സുഹൃത്തുക്കൾ, സുദീർഘമായ ജീവിതത്തിൽ അയാൾ മൂലം ജീവിതം മാറ്റിമറിക്കപ്പെട്ട അനവധി പേർ, ഓരോരുത്തരായി അയാളെ കാണാൻ വരികയാണ്. ആദ്യ ദിവസങ്ങളിൽ അത് എല്ലാവർക്കും സന്തോഷകരമാണെങ്കിലും പിന്നീട് ഇത്രയധികം പേരുടെ സ്ഥിരസാന്നിധ്യം എഡ്വേഡിന്റെ  കുടുംബത്തെ  അസ്വസ്ഥരാക്കുന്നുണ്ട്. സ്വപ്നദൃശ്യത്തിൽ വില്യം ആ സംഘത്തിന്റെ തലവൻ എന്ന് തോന്നിക്കുന്നയാളോട് നിങ്ങൾ ഇവിടെ നിന്നും ഉടനെ പോകണമെന്നു സൂചിപ്പിക്കാൻ ഒരുങ്ങുമ്പോൾ അയാൾ ഇങ്ങനെയാണ് പറയുന്നത്.

“ഞങ്ങൾക്കെല്ലാം പറയാൻ  കഥകളുണ്ട്. നിങ്ങൾക്കുള്ളത് പോലെത്തന്നെ. നിങ്ങളുടെ പിതാവ്  ഞങ്ങളുടെ ജീവിതത്തെ എങ്ങനെ സ്പർശിച്ചെന്ന്, ഞങ്ങളെ എങ്ങനെയെല്ലാം സഹായിച്ചെന്ന്, ഞങ്ങൾക്കുവേണ്ടി എന്തൊക്കെ ചെയ്തുവെന്ന്… വലുതും ചെറുതുമായ അനവധി  കഥകൾ... കാലക്രമേണ ഈ കഥകളെല്ലാം ഒരുമിച്ച് ചേരും.. ഓരോ കഥകളും അടരുകളാകുന്ന ഒരു വലിയ കഥയായി അത് രൂപാന്തരപ്പെടും. അതുകൊണ്ടാണ് ഞങ്ങളെല്ലാം ഇവിടെ വന്നിരിക്കുന്നത്.  ഞങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമാണ്. ഞങ്ങളുടെ ജീവിതത്തിൽ അദ്ദേഹം ഒരു പങ്കുവഹിച്ചത് പോലെ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഞങ്ങൾക്കും ഒരു സ്ഥാനമുണ്ട്.” താങ്കൾക്കുവേണ്ടി എന്റെ പിതാവ് എന്താണ് ചെയ്തത് എന്ന് ചോദിക്കുന്ന വില്യമിനോട് അയാൾ കൃതജ്ഞതയോടെ പറയുന്ന മറുപടി അദ്ദേഹം എന്നെ ഒരുപാട് ചിരിപ്പിച്ചു എന്നതാണ്. അയാളുടെ മറുപടി വില്യമിനെ തന്റെ കുട്ടിക്കാലത്തെ ഓർമിപ്പിക്കുന്നു. ഒരിക്കൽ പോലും തനിക്കരികിൽ ഉണ്ടായിട്ടില്ല എന്ന്  പിതാവിനെക്കുറിച്ച് ധരിച്ചിരുന്നപ്പോഴെല്ലാം അയാൾ മറന്നുകിടന്ന ഒരു വസ്തുത അയാൾക്ക് വെളിവാകുന്നത് ആ സ്വപ്നദൃശ്യത്തിലാണ്.

സിനിമയിലെ രംഗം | photo: wiki commons

“But he liked to leave me laughing. This is how he wanted to remember me, and how he wanted to be remembered. Of all his great powers, this was perhaps his most extraordinary: at any time, at the drop of a hat, he could really break me up.” മനോഹരമായ തമാശകളിലൂടെ ചുറ്റുമുള്ളവരിൽ സന്തോഷം നിറക്കുക. എത്ര വലിയ സങ്കടവും മറന്നുകളയാൻ  ഏവരെയും പ്രാപ്തരാക്കുക. അതായിരുന്നു പിതാവ് തനിക്കായി ചെയ്യാൻ ശ്രമിച്ചത് എന്ന് മകൻ തിരിച്ചറിയുകയാണ്. സ്വപ്നത്തിൽ സംഘത്തലവൻ അവിടെ തടിച്ചുകൂടിയ ആൾക്കാരെ പിരിച്ചുവിടാൻ ആലോചിക്കുകയാണ്. “It will be hard.. To go. These people -they really care. They'll be lost without this place. Not for long, of course. Lives have a way of getting on with themselves. But in the short run it will be hard. എന്ന് വിഷമത്തോടെ പറയുന്ന അയാളെ അതിശയിപ്പിച്ചുകൊണ്ട് രോഗക്കിടക്കയിൽ നിന്നും അവരെ കാണാനായി എഡ്വേഡ് എഴുന്നേറ്റുവരുന്നു. അവരോരോരുത്തരെയും അഭിവാദ്യം ചെയ്യുന്നു. അംഗവിക്ഷേപങ്ങളോടെ എല്ലാവരുമായി ആശയവിനിമയം നടത്തുന്നു. സന്തോഷത്തോടെ അയാളുടെ അഭ്യുദയകാംക്ഷികൾ തിരികെ പോകുമ്പോൾ തന്റെ പിതാവ് എത്ര നന്നായാണ് മനുഷ്യരോട് ഇടപഴകിയിരുന്നതെന്ന് ആ സ്വപ്നദൃശ്യത്തിലൂടെ വില്യം തിരിച്ചറിയുകയാണ്. അതുകൊണ്ടാണ് അടുത്ത ദിവസത്തെ സംഭാഷണത്തിൽ "Do you, Know what makes a man great." എന്ന് ചോദിക്കുന്ന പിതാവിനോട് തെല്ല് നേരത്തെ നിശബ്ദതയ്ക്ക് ശേഷം വില്യം ഇങ്ങനെ മറുപടി പറയുന്നത്.
"I think,that if a man could be said to be loved by his son, then I think that man could be considered great." ജീവിതത്തിന്റെ ഏറിയ പങ്കും പിതാവിനോട് മുഖംതിരിച്ചു നിന്ന ഒരാളുടെ വാക്കുകളാണ്.

എഡ്വേഡ് എന്തായിരുന്നു എന്ന് മകൻ പൂർണ്ണമായി മനസിലാക്കിത്തുടങ്ങുന്നു. ചലച്ചിത്രത്തിൽ അത്തരമൊരു തിരിച്ചറിവിലേക്ക് നയിക്കുന്ന സാഹചര്യം തികച്ചും വിഭിന്നമാണ്‌. പിതാവ് മരണത്തോടടുക്കുന്നു എന്നത് തീർച്ചയാണ്. എത്ര ശ്രമിച്ചിട്ടും അദ്ദേഹത്തിന്റെ ഭൂതകാലത്തെക്കുറിച്ച് സത്യസന്ധമായ ഒരു സംഭാഷണം സാധ്യമാകുന്നുമില്ല. അതുകൊണ്ടാണ് വില്യം പിതാവിന്റെ പഴയ രേഖകൾ എല്ലാം പരിശോധിക്കാൻ ഒരുങ്ങുന്നത്. ആ പരിശോധനയ്ക്കിടയിൽ എഡ്വേഡ് പറഞ്ഞിരുന്ന  പല കഥകളുടെയും തെളിവുകൾ അമ്മ മകനു കാണിച്ചുകൊടുക്കുന്നുണ്ട്. ഞാൻ അതെല്ലാം വെറും കെട്ടുകഥകൾ എന്നാണ് വിചാരിച്ചിരുന്നതെന്ന് വില്യം അത്ഭുതത്തോടെ പറയുമ്പോൾ മറ്റാർക്കും മനസ്സിലാക്കാൻ കഴിയാതിരുന്ന ഒരു ജീവിതം പൂർണമായി മനസ്സിലാക്കിയതിന്റെ സംതൃപ്തി അമ്മയുടെ മുഖത്ത് കാണാം.
രോഗം ഗുരുതരമായ കാലത്ത് ബെഡ് റൂമിൽ നിന്നും ഗസ്റ്റ് റൂമിലേക്ക് മാറാനുള്ള തീരുമാനത്തെ ചോദ്യം ചെയ്തപ്പോൾ “I don't want her to go to bed every night after I'm gone looking over at my side and shivering, if you know what I mean.” എന്ന മറുപടിയിൽ ഒളിപ്പിച്ചിരുന്ന കരുതൽ വില്യം ഓർത്തെടുക്കുന്നു. സ്നേഹം പൂർണ്ണമായും പ്രകടിപ്പിക്കാനറിയാത്ത, താനും സ്നേഹത്തിനർഹനാണെന്ന് തിരിച്ചറിയാത്ത ഒരാളായിരുന്നു പിതാവ് എന്ന് വില്യം തിരിച്ചറിയുന്നു. “Regardless of how much he loved his wife, his son, he could only stand so much love. Being alone was lonely, but there was an even greater loneliness sometimes when he was surrounded by a lot of other people who were constantly making demands of him. He needed a break.” എപ്പോഴും വിദൂരദേശങ്ങളിലേക്ക് നിരന്തരം സഞ്ചരിക്കാനുള്ള എഡ്വേഡിന്റെ  ത്വരയെ വാലസ് അടയാളപ്പെടുത്തുന്നത് ഇങ്ങനെയാണ്.

ജെന്നിയെ കണ്ടുമുട്ടിയതിനു ശേഷമാണ് സ്പെക്ടറിലേക്കുള്ള ഓരോ യാത്രയിലും ഓരോരുത്തരുടെ ആതിഥ്യം സ്വീകരിച്ചിരുന്ന എഡ്വേഡ്‌ സ്വന്തമായി ഒരു വീട്ടിലേക്ക് മാറിത്താമസിക്കുന്നത്. ജെന്നിയെയും   ആ വീട്ടിലേക്ക് അയാൾ ഒപ്പം കൂട്ടി.

അച്ഛന്റെ  പഴയ രേഖകൾ തിരക്കുന്നതിനിടയിലാണ്  ജെന്നി ഹിൽ എന്ന സ്ത്രീക്കുറിച്ച് വില്യം അറിയുന്നത്. ജെന്നി എഡ്വേഡിന്റെ ഒരു രഹസ്യക്കാരിയായിരുന്നു എന്നുപോലും ഒരുവേള മകൻ ഭയക്കുന്നുണ്ട്. എന്നാൽ അങ്ങനെയായിരുന്നില്ല. കാര്യങ്ങൾ. സ്‌പെക്ടർ എന്ന  പട്ടണം; ഒരുകാലത്ത് സ്വപ്നസമാനമായിരുന്ന ആ പട്ടണം നാശോന്മുഖമായ ഒരു കാലമുണ്ടായിരുന്നു. തന്റെ പലവിധ ഊരുചുറ്റലുകളിൽ  ഒരിക്കൽ വീണ്ടും സ്പെക്റ്ററിൽ എത്തിച്ചേരുന്ന എഡ്വേഡ് ആ നഗരത്തിന്റെ ദുര്യോഗം കണ്ട് ആ നഗരത്തെ രക്ഷിക്കാൻ തീരുമാനിക്കുന്നു. താൻ മൂലം ജീവിതത്തിൽ ഉന്നതിയിൽ എത്തിയ പലരെയും നേരിൽ കണ്ട് എഡ്വേഡ് സഹായം അഭ്യർത്ഥിക്കുന്നു. സാവധാനം നഗരത്തിലെ ഓരോ ഇഞ്ച് സ്ഥലവും അയാൾ വിലയ്ക്കുവാങ്ങുന്നു. ആരിൽ നിന്നും അയാൾ  ഒരു പണവും ഈടാക്കുന്നില്ല. തങ്ങളുടെ ജീവിതം അതേ നിലയിൽ തുടരുവാൻ അയാൾ അവരെ പ്രോത്സാഹിപ്പിക്കുന്നു. പക്ഷേ എന്നാൽ അയാളുടെ കാഴ്ചക്കപ്പുറം ഒരു വീട് ഒളിഞ്ഞു കിടന്നിരുന്നു. ഇടിഞ്ഞുതുടങ്ങിയ ഒരു വീട്. ആ വീട്ടിൽ ഒരു യുവതിയും.

എഡ്വേഡ്‌  തിരിച്ചു വരുന്നതും കാത്തിരുന്ന പക്ഷേ അയാൾ വരാതായപ്പോൾ മറ്റൊരു വിവാഹത്തിലേക്ക് എത്തിപ്പെട്ട പെൺകുട്ടി. ജെന്നി. നഗരത്തെ രക്ഷിക്കാൻ ജെന്നിയുടെ വീട് കൂടി അയാൾക്ക് സ്വന്തമാക്കേണ്ടതുണ്ടായിരുന്നു. എന്നാൽ അതിൻറെ ഉടമസ്ഥാവകാശം കൈമാറാൻ ജെന്നി ഒരുക്കമായിരുന്നില്ല. എന്നിട്ടും അയാൾ ആ വീടിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നു. ഈ ഇടവേളയിലെങ്ങോ ജെന്നിയിൽ ചെറുപ്പത്തിൽ അയാളോട് തോന്നിയിരുന്ന ഇഷ്ടം വീണ്ടും നാമ്പിടുന്നുണ്ട്. എന്നാൽ അയാൾ എല്ലാക്കാലത്തും സാന്ദ്രയെ മാത്രം സ്നേഹിച്ചിരുന്ന ഒരാളായിരുന്നു. ജെന്നി തന്നെ വില്യമിനോട് പറയുന്നുണ്ട്.
“To him, there’s only two women. Your mother and everyone else. And one day I realized I was in love with a man who could never love me back. I was living in a fairytale.” എന്ന്.

നോവലിൽ പക്ഷേ അതിനു സമാനമായുള്ളത് വളരെ അസ്വസ്ഥതയുളവാക്കുന്ന ഒരു ദൃശ്യമാണ്. ജെന്നിയെ കണ്ടുമുട്ടിയതിനു ശേഷമാണ് സ്പെക്ടറിലേക്കുള്ള ഓരോ യാത്രയിലും ഓരോരുത്തരുടെ ആതിഥ്യം സ്വീകരിച്ചിരുന്ന എഡ്വേഡ്‌ സ്വന്തമായി ഒരു വീട്ടിലേക്ക് മാറിത്താമസിക്കുന്നത്. ജെന്നിയെയും   ആ വീട്ടിലേക്ക് അയാൾ ഒപ്പം കൂട്ടി. കുറച്ചുദിവസങ്ങൾ സ്‌പെക്ടറിൽ ചെലവഴിച്ചതിനുശേഷം അയാൾ തന്റെ ജോലിയുമായി ബന്ധപ്പെട്ട് തിരികെപ്പോകും. ചിലപ്പോൾ അയാൾ നാളുകളോളം വരാതിരിക്കും. അപ്പോൾ ജെന്നി അയാൾക്കു വേണ്ടി കാത്തിരിക്കും. കാത്തിരിപ്പിനൊടുവിൽ ചില രാത്രികളിൽ അവളിൽ നിന്ന് ഒരു ദീർഘവിലാപം പുറപ്പെടും. ഒരു  ജാലവിദ്യയിൽ നിന്നെന്ന  പോലെ തൊട്ടടുത്ത ദിവസം ദൂരെ അയാൾ പ്രത്യക്ഷപ്പെടും. കാലക്രമേണ അയാളുടെ വിട്ടുനിൽക്കലുകളുടെ ദൈർഘ്യം കൂടി വന്നു. അയാളുടെ വരവുകളും പോക്കുകളും ആരെയും ബാധിക്കാതെയായി. അയാൾ അവിടെയുണ്ടെന്നുമില്ലെന്നും ആളുകൾ പറഞ്ഞു. ആ വിരുദ്ധനിലകൾ തമ്മിലുള്ള അന്തരം ആർക്കും പ്രശ്നമല്ലാതെയായി. എല്ലാവരാലും അവഗണിക്കപ്പെടുന്നത്,  ഉപേക്ഷിക്കപ്പെടുന്നത് ജെന്നിയെ കൂടുതൽ നൈരാശ്യത്തിൽ ആഴ്ത്തി.

സിനിമയിലെ രംഗം | photo: wiki commons

എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ജെന്നി സാവധാനം വിസ്മൃതിയിലേക്ക് മറഞ്ഞു  പോവുകയാണ്. മനോഹരമായ ആ ഭവനം ആരാലും ശ്രദ്ധിക്കപ്പെടാതെ സാവധാനം ഒരു ചതുപ്പായി പരിണമിക്കുകയാണ്. എഡ്വേഡ്‌ ജെനിയെ ആദ്യമായി കണ്ടത് എങ്ങനെയാണ് എന്നതിന് നോവലിൽ കൃത്യമായി വിശദീകരണങ്ങളില്ല.  നോവലിൽ തന്നെ ഒരുഘട്ടത്തിൽ പറയുന്നത് It doesn't matter; the story keeps changing. All of the stories do. Since none of them are true to begin with. എന്നാണ്.  ഒരാളുടെ ഓർമ്മയിൽ തെളിയുന്ന ദൃശ്യങ്ങൾ. അവയുടെ നിറവും രൂപവും താനേ മാറിമറിഞ്ഞുകൊണ്ടിരിക്കും. അങ്ങനെയാണ് അവർ ഓരോരോ ദൃശ്യങ്ങൾ കല്പിച്ചുണ്ടാക്കുന്നത്.  തന്നിലേക്ക് മടങ്ങിവരുന്ന എഡ്വേഡിനെയും കാത്ത് രാത്രി മുഴുവൻ നിൽക്കുമായിരുന്നു ജെന്നി എന്ന്  ആളുകൾ പറഞ്ഞത് അങ്ങനെയാണ്. രാത്രിയിൽ അവളുടെ കണ്ണുകൾ തിളങ്ങുന്ന രണ്ട് നക്ഷത്രങ്ങളായി ഇരുളിൽ വഴിയാത്രക്കാരെ പേടിപ്പെടുത്തിയിരുന്നു. എഡ്വേഡ്‌ വന്നതേയില്ല. ഒരിക്കലും വന്നില്ല. പക്ഷേ ഇരുളിൽ, ദൂരെ വീടിന്റെ ജനാലയിൽ, മുനിഞ്ഞു കത്തുന്ന രണ്ട് വിളക്കുകൾ പോലെ അവളുടെ കണ്ണുകൾ തെളിഞ്ഞുനിന്നു. മനോഹരമായിരുന്ന ആ ഭവനത്തിലും പൂച്ചെടികൾ നിറഞ്ഞുനിന്ന പൂന്തോട്ടത്തിലും ആകെ കളകൾ നിറഞ്ഞു. വള്ളിച്ചെടികൾ പടർന്നു പൊങ്ങി ആ വീടിനെയാകെ മൂടി. അവിടെ ഒരു വീട് ഉണ്ടായിരുന്നു എന്ന് പോലും ആരും ഓർമ്മിക്കാത്ത അവസ്ഥയെത്തി. പിന്നെ ദിവസങ്ങളോളം നീണ്ട മഴ പെയ്തു. ആ മഴയിൽ അവിടെ ഒരു തടാകം ഉയർന്നുവന്നു. എല്ലാത്തിനുമൊടുവിൽ ആ വീടിനു ചുറ്റും വലിയൊരു ചതുപ്പ് രൂപപ്പെട്ടു.  ഒരിക്കൽ ജെന്നിയെ രക്ഷിച്ചെടുത്ത അതേ ചതുപ്പ്!!! പക്ഷേ ഇത്തവണ അതിന്റെ ആഴവും വ്യാപ്തിയും കൂടിയിരിക്കുന്നു,  ആരാലും അവിടെനിന്നും അവളെ രക്ഷിക്കാൻ കഴിയില്ല എന്ന മട്ടിൽ നോവലിൽ തെളിയുന്ന  ഈ ദൃശ്യത്തിന് സമാനമായിട്ടാണ് ജെന്നി one day i realized i was in love with a man who could never love me back. i was living in a fairytale എന്ന ആ വാചകങ്ങൾ പറയുന്നത്. അന്തമില്ലാത്ത ആ ജലപ്രവാഹത്തെ അതിജീവിക്കാൻ കഴിയാത്തതിന്റെ സങ്കടത്തിലാണ് ഓരോ തവണയും യാത്ര കഴിഞ്ഞ് തിരികെ വീട്ടിലെത്തുന്ന അച്ഛൻ ഞങ്ങളോട് സംസാരിക്കാതായതെന്ന് മകൻ മനസ്സിൽ ഓർക്കുന്നിടത്താണ് നോവലിൽ ആ ഭാഗം അവസാനിക്കുന്നത്.

തിരികെ വീട്ടിലെത്തുന്ന മകൻ അച്ഛൻറെ ആരോഗ്യനില മോശമായതിനാൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു എന്ന  വിവരമറിയുകയാണ്. എഡ്വേഡിന്റെ മരണം സുനിശ്ചിതമായി കഴിഞ്ഞിരിക്കുന്നു. Man. I'd caught him at a bad time in his life. And this was no fault of his own. It was simply that the world no longer held the magic that allowed him to live grandly within it. His illness was his ticket to a better place. എന്ന് പറയുന്ന വില്യമിനെ കാണാം നമുക്ക്.
പലപ്പോഴും അയാളോട് മനസ്സ് തുറക്കാൻ ശ്രമിച്ചിരുന്ന മകനു മുമ്പിൽ അയാൾ മനസ്സ് തുറക്കുകയാണ്.

പിതാവിന്റെ കല്പിതകഥകൾ ഒരുകാലത്തും അയാളിൽ ഉദ്വേഗം  ജനിപ്പിച്ചിരുന്നില്ല എന്നിരിക്കലും അനുനിമിഷം മരണത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന തന്റെ പിതാവിനുവേണ്ടി അയാൾ ഒരു കല്പിതകഥ മെനയുന്നു.  ആ കഥയിൽ എഡ്വേഡ്‌ അതുവരെ പരിചയിച്ച എല്ലാവരും തന്നെ യാത്രയാക്കാൻ വന്നിരിക്കുന്നതായി കാണുന്നു ആ സന്തോഷത്തിലാണ് അയാൾ ശാന്തമായി മരിക്കുന്നത്.

ജെന്നി (Helena Bonham Carter) | photo: wiki commons

"I'm a father, I can't help it. A father worries. I am a father, and as a father I've tried to teach you a thing or two. I really did try. Maybe I wasn't around so much, but when I was, I tried to teach. So what I want to know is-you think I did a good job?  Tell me before I die. Tell me what it is I've taught you. Tell me everything it is I've taught you about life so I can go ahead and die and so I won't have to worry so much. Just... just go ahead and say it." ഒരർത്ഥത്തിൽ അതൊരു വിലാപമാണ്. സ്നേഹിക്കാൻ അറിയാതെപോയതിനാൽ  തിരസ്കൃതനായ ഒരു പിതാവിന്റെ വിലാപം..

അതിനൊടുവിൽ  തന്റെ മരണം എങ്ങനെയായിരിക്കും എന്ന് തനിക്കറിയാമെന്ന്, ആ മന്ത്രവാദിനി തനിക്ക് ബാല്യത്തിലെ അത് പറഞ്ഞുതന്നിട്ടുണ്ട്‌ എന്ന് പതിവായി പറഞ്ഞുകൊണ്ടിരുന്ന അയാൾ മകനോട് ചോദിക്കുകയാണ്, “എൻറെ മരണം എങ്ങനെയാണ്  എന്ന് നീ എനിക്ക് പറഞ്ഞു തരൂ..  ആ ദൃശ്യം എനിക്കിപ്പോൾ കാണാൻ കഴിയുന്നില്ല.. നിനക്കത് കൃത്യമായി പറഞ്ഞു തരാൻ കഴിയുമെന്ന്”.. പിതാവിന്റെ കല്പിതകഥകൾ ഒരുകാലത്തും അയാളിൽ ഉദ്വേഗം  ജനിപ്പിച്ചിരുന്നില്ല എന്നിരിക്കലും അനുനിമിഷം മരണത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന തന്റെ പിതാവിനുവേണ്ടി അയാൾ ഒരു കല്പിതകഥ മെനയുന്നു.  ആ കഥയിൽ എഡ്വേഡ്‌ അതുവരെ പരിചയിച്ച എല്ലാവരും തന്നെ യാത്രയാക്കാൻ വന്നിരിക്കുന്നതായി കാണുന്നു ആ സന്തോഷത്തിലാണ് അയാൾ ശാന്തമായി മരിക്കുന്നത്.

എഡ്വേഡിന്റെ ശവസംസ്കാരത്തിൽ അയാൾ പറഞ്ഞ കഥകളിലെ കഥാപാത്രങ്ങൾ എല്ലാം പങ്കെടുക്കുന്നുണ്ട്. കഥകളിൽ അയാൾ അവർക്ക് കല്പിച്ചു നൽകിയിരുന്ന മായക്കാഴ്ചകളുടെ തൊങ്ങലുകൾ, അതിന്റെ വേഷഭൂഷണകൾ ഒന്നുമില്ലാത്ത സാധാരണ മനുഷ്യരായിരുന്നു അവർ. പക്ഷേ അതിമനോഹരമായി കഥകൾ മെനയുവാനുള്ള അയാളുടെ സിദ്ധി, ആ സാധാരണ മനുഷ്യരെ അസാധാരണമായ മറ്റൊരു ഭാവനാലോകത്തിലേക്ക്  ഉയർത്തിയിരുന്നു. കുട്ടിക്കാലത്ത് താൻ അത്ഭുതം കൊണ്ട അതേ കഥകൾ, പിന്നെ അസത്യം എന്ന തോന്നലിൽ താൻ തള്ളിക്കളഞ്ഞ അതേ കഥകൾ, ആ കഥകളിലെ കഥാപാത്രങ്ങൾ, തന്റെ പിതാവ് ഉയിർ കൊടുത്ത കഥാപാത്രങ്ങൾ നേരിട്ട്,  തനിക്കു മുന്നിൽ വരുന്നത് വില്യമിനെ തന്റെ പിതാവിന്റെ ജീവിതത്തെ കൂടുതൽ സുവ്യക്തമായി മനസ്സിലാക്കാൻ സഹായിക്കുകയാണ്.

വർഷങ്ങൾക്കുശേഷം തന്റെ മകനോട് ഇതുപോലെ മനോഹരമായ കഥകൾ പറഞ്ഞു കൊടുക്കുന്ന വില്യമിന്റെ ദൃശ്യത്തിലാണ് ചിത്രം അവസാനിക്കുന്നത്. അപ്പോഴും വില്യമിന്റെ വിവാഹ ദിവസം എഡ്വേഡ്  പറഞ്ഞ കഥയിലെന്നത് പോലെ നദിയിൽ ആർത്തുല്ലസിക്കുന്ന ഒരു വലിയ മത്സ്യത്തെ കാണാം. വന്യമായ നദിയിൽ മദിച്ചു നീന്തുന്ന പടുകൂറ്റൻ മത്സ്യത്തിന്റെ ദൃശ്യത്തിനകമ്പടിയായി “A man tells his stories so many times that he becomes the stories. They live on after him, and in that way he becomes immortal.” എന്ന വാചകം കേൾക്കാം. വില്യം അയാളുടെ പിതാവിന് മരണക്കിടക്കയിൽ വച്ച് പകർന്നുകൊടുത്ത അയാളുടെ മരണ ദൃശ്യം അതായിരുന്നു. വർഷങ്ങളോളം നീന്തി നീന്തി നീന്തി അയാൾ തന്റെ മനുഷ്യജീവിതം ഉപേക്ഷിച്ച് ഒരു വലിയ മത്സ്യമായി പരിവർത്തനം ചെയ്യപ്പെടുകയും അങ്ങനെ പുതിയൊരു ഉഭയജീവിതം സമാരംഭിക്കുകയും ചെയ്യുന്നുവെന്ന്..

ഭാഗം ഒന്ന്:

https://themalabarjournal.com/outlook-lives-that-fade-fairy-tales-that-remain-immortal-civic-john-2/

Leave a comment