TMJ
searchnav-menu
post-thumbnail

Outlook

ലൗ-ഹലാല്‍ ജിഹാദുകളും പള്ളി സമരവും

04 Dec 2021   |   1 min Read
K P Sethunath

വാണിജ്യ മത്സരമെന്ന പ്രയോഗത്തിനൊപ്പം വര്‍ഗീയ മത്സരമെന്ന (competitive communalism) പ്രയോഗവും നിത്യജീവിതത്തില്‍ സുപരിചിതമായി മാറിയിരിക്കുന്നു. വാണിജ്യ മത്സരത്തിന്റെ അടിസ്ഥാനം വിപണിയിലെ ഏറ്റിറക്കങ്ങളാവുമ്പോള്‍ അധികാര രാഷ്ട്രീയത്തിലെ കണക്കു കൂട്ടലുകള്‍ മത്സരാധിഷ്ഠിത വര്‍ഗീയതയുടെ എഞ്ചുവടി പാഠങ്ങളായി മാറുന്നു. ഇന്ത്യയിലെ മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നും ഭിന്നമായി മത്സരാധിഷ്ഠത വര്‍ഗീയത കേരളത്തില്‍ അസാദ്ധ്യമാണെന്ന ധാരണകളെ ദുര്‍ബലമാക്കുന്നതാണ് കേരളത്തിലെ പൊതുമണ്ഡലത്തില്‍ വിവിധ ധാരകളിലുള്ള വര്‍ഗീയ ശക്തികള്‍ ഇപ്പോള്‍ കൈവരിക്കുന്ന സ്വാധീനം. വിവിധ വംശ-ദേശക്കാരും, ഭാഷക്കാരും, മതക്കാരുമായി നൂറ്റാണ്ടുകള്‍ നീണ്ട നിരന്തര സമ്പര്‍ക്കങ്ങളിലൂടെ രൂപമെടുത്ത കേരളത്തിന്റെ ഭൂമിശ്ശാസ്ത്രപരമായ ആവാസവ്യവസ്ഥക്കു പോലും ഭീഷണിയാവുകയാണ് ഇപ്പോള്‍ അരങ്ങേറുന്ന വര്‍ഗീയതയുടെ പകര്‍ന്നാട്ടങ്ങള്‍. അതിന് താങ്ങാവുന്നതിനും അപ്പുറമാണ് വര്‍ഗീയതയുടെ വക്താക്കള്‍ പ്രസരിപ്പിക്കുന്ന വെറുപ്പും പകയും. ഭരണകൂടാധികാരത്തിനു വേണ്ടിയുള്ള കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ രൂപം കൊള്ളുന്ന ആധുനികമായ ഒരു വ്യവഹാരമാണ് വര്‍ഗീയത. രാഷ്ട്രീയാധികാരത്തിനായി പഴമയെ ഉപയോഗപ്പെടുത്തുന്നതിനുള്ള ബൃഹത്തായ ആശയനിര്‍മിതകളും, പ്രയോഗങ്ങളുമാണ് വിവിധ വര്‍ണ്ണങ്ങളിലുള്ള വര്‍ഗീയതകളുടെ അടിത്തറ. സ്വന്തം മതത്തിന്റെ ശ്രേഷ്ഠതയില്‍ അഭിരമിക്കുന്നതിനേക്കാള്‍ അന്യമതങ്ങളോടും, വിശ്വാസങ്ങളോടും, ആചാരങ്ങളോടും പുലര്‍ത്തുന്ന കഠിനമായ വിരോധവും, അസഹിഷ്ണുതയുമാണ് വര്‍ഗീയതയുടെ ആശയ നിര്‍മിതികളുടേയും, പ്രയോഗങ്ങളുടെയും ജീവവായു. ഡിജിറ്റല്‍ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ സാമൂഹ്യ മാധ്യമങ്ങളുടെ ആവിര്‍ഭാവത്തോടെ അസഹിഷ്ണുതയുടെ ആശയനിര്‍മിതികളും, പ്രയോഗങ്ങളും അസാധാരണമായ വേഗത കൈവരിച്ചുവെന്നു മാത്രമല്ല കാലദേശാതീതമായി ലോകമാകമാനം എത്തിക്കുന്നതിനുള്ള സൗകര്യവും ഒരുങ്ങി. സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളില്‍ നിന്നും തെരുവുകളിലേക്കും തിരിച്ചുമുള്ള വര്‍ഗീയതയുടെ പോക്കുവരവുകള്‍ പരസ്പരപൂരകമാകുന്നതിന്റെ ഉദാഹരണങ്ങളായി കേരളത്തില്‍ സമീപകാലത്ത് പ്രത്യക്ഷമായ ലവ്ജിഹാദ് മുതല്‍ ഹലാല്‍ വരെയുള്ള പ്രചാരണങ്ങളുടെ രീതി പരിശോധിച്ചാല്‍ വ്യക്തമാകും. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന്റെ പേരിലുള്ള പ്രക്ഷോഭങ്ങളാണ് മറ്റൊരുദാഹരണം. 'ലവ് ജിഹാദ് 'കേരളത്തില്‍ നിന്നും തുടങ്ങി മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചുവെങ്കില്‍ ഹലാല്‍ വിവാദം ഉത്തരേന്ത്യയില്‍ നിന്നും കേരളത്തിലേക്കു പടരുകയായിരുന്നു. നാര്‍ക്കോട്ടിക് ജിഹാദും സമാനമായ രീതികള്‍ പിന്തുടര്‍ന്നു. കൃത്യമായ ആസൂത്രണത്തോടെയാണ് ഇവ ഒരോന്നും തയ്യാറാക്കുന്നതും പ്രചരിപ്പിക്കുന്നതും.

ഉത്തര്‍പ്രദേശിലെ ഗാസിയാബാദിനടുത്തുള്ള ലോണിയെന്ന സ്ഥലത്തെ ഒരു ഭക്ഷണശാലയുടെ പേരില്‍ 7 സെക്കന്‍ഡുളള ഒരു വീഡിയോ സമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെ പറ്റി 'ദ വയര്‍' എന്ന ഓണ്‍ലൈന്‍ ജേണലില്‍ വന്ന റിപ്പോര്‍ട്ട് ഹലാല്‍ ജിഹാദിന്റെ നാള്‍വഴികള്‍ വെളിപ്പെടുത്തുന്നു. മുസ്ലീം ജനതയെ വിഷലിപ്തമായ ശത്രു നിര്‍മിതികളുടെ നിമിത്തമാക്കി മാറ്റുന്നതിന്റെ പൊതുരീതി അതില്‍ കാണാവുന്നതാണ്. ഭക്ഷണ കാര്യത്തില്‍ പൗരാണികമായും, മതപരമായും, അല്ലാതെയും കാലദേശങ്ങള്‍ക്കതീതമായി നില നില്‍ക്കുന്ന വിലക്കുകളും അനുഷ്ഠാനങ്ങളും നിമിഷനേരങ്ങള്‍ക്കുള്ളില്‍ ശത്രുനിര്‍മിതിയുടെ ഉപകരണമായി മാറുന്ന പ്രക്രിയ അമ്പരിപ്പിക്കുന്നതാണ്. നരവംശ ശാസ്ത്രജ്ഞരും, സാംസ്‌ക്കാരിക പഠിതാക്കളും വര്‍ഷങ്ങളായി പഠിക്കുകയും പുതിയ കണ്ടെത്തലുകളും ഉള്‍ക്കാഴ്ചകളും നിരന്തരം അവതരിപ്പിക്കുകയും ചെയ്യുന്ന മേഖലകളെ വെറുപ്പിന്റെയും പകയുടെയും ഉപകരണങ്ങളായി മാറ്റുന്നതിന് വലിയ ശ്രമങ്ങളൊന്നും വേണ്ടതില്ലെന്ന് 'വാട്ട്‌സ്ആപ്പ് സര്‍വകലാശാലകള്‍' നിരന്തരം തെളിയിക്കുന്നു. ഡിജിറ്റല്‍ മാധ്യമങ്ങളില്‍ നിന്നും വലിയ വെല്ലുവിളികള്‍ നേരിടുന്ന പരമ്പരാഗത മാധ്യമങ്ങളും (അച്ചടി, റേഡിയോ, ടെലിവിഷന്‍) ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വര്‍ഗീയത അടക്കമുള്ള ആപത്തുകളുടെ പ്രചാരകരാകുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആക്രമണോത്സുകമായ പ്രചാരണ പദ്ധതികളുമായി എണ്ണത്തിലും വ്യാപ്തിയിലും താരതമ്യം ചെയ്യാനാവില്ലെങ്കിലും മുസ്ലീം മതപരതയും, രാഷ്ട്രീയ ഇസ്ലാമിന്റെ ജഡിലോക്തികളും നിറഞ്ഞ ഉള്ളടക്കങ്ങളും നിരവധിയാണ്. വഖഫ് ബോര്‍ഡിലെ നിയമനങ്ങളുടെ ചുമതല പബ്ലിക് സര്‍വീസ് കമ്മീഷന്റെ നിയന്ത്രണത്തിലാക്കുന്നതിനെതിരെ പള്ളികള്‍ കേന്ദ്രീകരിച്ച് പ്രതിഷേധം നടത്താനുള്ള ചില സംഘടനകളുടെ നീക്കം കേരളത്തില്‍ ഇപ്പോള്‍ പ്രകടമാകുന്ന വര്‍ഗീയ ധ്രുവീകരണത്തെ കൂടുതല്‍ ശക്തമാക്കുന്നതിനാവും സഹായിക്കുക. ഉത്തരവാദിത്തപ്പെട്ട ചില സമുദായ സംഘടനകള്‍ അത്തരം സമരങ്ങളെ തള്ളിപ്പറഞ്ഞുവെന്നത് ഏറെ ആശ്വാസകരമാണ്.

കൊളോണിയല്‍ ആധുനികതയില്‍ നിന്നും ഊര്‍ജ്ജം കൈവരിച്ച മുഖ്യധാരയിലെ ദേശ-രാഷ്ട്ര വ്യവഹാരങ്ങളുടെ സുപ്രധാന ചേരുവകളിലൊന്നായി ഇന്ത്യയില്‍ വര്‍ഗീയത ഉരുത്തിരിയുന്നതിന്റെ ചരിത്രം 19-ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങള്‍ മുതല്‍ വെളിപ്പെട്ടുവെങ്കിലും 1920 കള്‍ മുതലാണ് അതിന്റെ രൂപഭാവങ്ങള്‍ വ്യക്തതയോടെ പ്രകടമായത്. മുസ്ലീം ജനവിഭാഗത്തെ ശത്രുപക്ഷത്ത് നിര്‍ത്തുന്ന ഭൂരിപക്ഷ ഹിന്ദുത്വ രാഷ്ട്രീയവും അതിനെ സാധൂകരിയ്ക്കുന്ന തരത്തില്‍ മുസ്ലീം രാഷ്ട്രീയവും കൃത്യമായ വര്‍ഗീയ സ്വത്വങ്ങളായി രൂപപ്പെടുന്നതിന്റെ ചരിത്രം 1920 കള്‍ മുതലുള്ള ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ രാഷ്ട്രീയ വ്യവഹാരങ്ങളുടെ അവിഭാജ്യഘടകമായി മാറിയതിന്റെ നാള്‍വഴികള്‍ ഇപ്പോള്‍ പരിചിതമാണ്. അതിന്റെ വിശദാംശങ്ങളിലേക്കു കടക്കുന്നില്ല. കൊളോണിയല്‍ അധീശത്വത്തിന് എതിരായ പോരാട്ടങ്ങളില്‍ നിന്നും സുരക്ഷിതമായ അകലം പാലിച്ച ഈ വര്‍ഗീയ സ്വത്വങ്ങള്‍ 1947 ല്‍ കൊളോണിയല്‍ ആധിപത്യം ഔപചാരികമായി അവസാനിച്ചതോടെ പുതിയ രൂപഭാവങ്ങളില്‍ തങ്ങളുടെ ദൗത്യം തുടര്‍ന്നു. കൊളോണിയല്‍ ആധിപത്യത്തില്‍ നിന്നും വിടുതല്‍ നേടിയതിന്റെ ഭാഗമായി ഉരുത്തിരിഞ്ഞ ദേശരാഷ്ട്ര സങ്കല്‍പ്പങ്ങളും, പ്രതീക്ഷകളും അധികം താമസിയാതെ നിരാശയ്ക്കു വഴിമാറിയതും വര്‍ഗീയ സ്വത്വങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം നല്‍കി. ഉത്തരേന്ത്യയിലെ ഗംഗാതട പ്രദേശങ്ങളായിരുന്നു വര്‍ഗീയ ശക്തികളുടെ സ്വാധീനമുണ്ടായ പ്രധാന ഭൂപ്രദേശം. പശ്ചിമേന്ത്യയിലെ ഗുജറാത്തും, മഹാരാഷ്ട്രയും ക്രമേണ അവരുടെ സ്വാധീനവലയത്തിലായി. 1980 കള്‍ മുതല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ഗൗരവമായി നിരീക്ഷിക്കുന്നവര്‍ക്ക് ഇക്കാര്യം ബോധ്യപ്പെടും. 1980 കള്‍ വരെ എല്ലാം കേമമായിരുന്നു എന്നല്ല അതിന്റെ അര്‍ത്ഥം. രാഷ്ട്രീയത്തിന്റെയും സാമൂഹ്യ ജീവിതത്തിന്റെയും പൊതുമണ്ഡലങ്ങളില്‍ വര്‍ഗീയ ശക്തികളുടെ ആശയങ്ങളും, പ്രയോഗങ്ങളും അധീശത്വം നേടിയിരുന്നില്ല എന്ന അര്‍ത്ഥത്തിലാണ് ഈ കാലഗണന. ഇതേ കാലയളവില്‍ വിമോചനാത്മകവും, പുരോഗമനപരവുമായ ആശയങ്ങളും, പ്രയോഗങ്ങളും നേരിട്ട തിരിച്ചടികളും, പ്രതിസന്ധികളും വര്‍ഗീയതയുടെ വക്താക്കളുടെ വളര്‍ച്ചയുടെ ആക്കം കൂട്ടി.

വര്‍ഗീയ ശക്തികള്‍ സ്വാധീനമുറപ്പിക്കുന്നതിന്റെ അനുരണനങ്ങള്‍ ഇതേ കാലഘട്ടത്തില്‍ കേരളത്തിലും പ്രകടമായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ബലാബലങ്ങള്‍ മാത്രമായി ഇന്ത്യയിലെയും, കേരളത്തിലെയും രാഷ്ട്രീയത്തെ വിലയിരുത്തുന്ന സമീപനം വര്‍ഗീയത ഉയര്‍ത്തുന്ന ഭീഷണിയുടെ ഗൗരവം വേണ്ടവിധത്തില്‍ ഗ്രഹിക്കുന്നതിന് വിലങ്ങുതടിയായി. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഭിന്നമായ ഭൂരിപക്ഷ-ന്യൂനപക്ഷ മതങ്ങളിലെ ജനസംഖ്യാനുപാതവും, മുന്നണി രാഷ്ട്രീയവും വര്‍ഗീയതയുടെ ശക്തികള്‍ക്ക് കേരളത്തില്‍ സ്വാധീനം ഉറപ്പിക്കുന്നതിനുള്ള അനുകൂല പരിസ്ഥിതി ഒരുക്കുന്നതില്‍ വഹിക്കുന്ന പങ്കും ഗൗരവമായ പരിശോധനയര്‍ഹിക്കുന്നു. തെരഞ്ഞെടുപ്പുകളില്‍ 1-2 ശതമാനം വോട്ടുകള്‍ നേടുന്ന ചില കക്ഷികള്‍ വരെ മുന്നണി രാഷ്ട്രീയത്തിന്റെ ബലാബലങ്ങള്‍ നിശ്ചയിക്കുന്നതില്‍ ചില പ്രദേശങ്ങളില്‍ എങ്കിലും നിര്‍ണ്ണായകമായി മാറുന്നതായി കാണപ്പെടുന്നു. കൊളോണിയല്‍ ചരിത്രരചനയുടെ ഭാഗമായി ഉരുത്തിരിഞ്ഞ ഇന്ത്യയിലെ ഹിന്ദു-മുസ്ലീം ഭരണ കാലഗണനയെ അടിസ്ഥാനമാക്കിയുള്ള ആഖ്യാനങ്ങളായിരുന്നു ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രധാന പ്രചരണോപാധികള്‍. പ്രധാനമായും ഉത്തരേന്ത്യയില്‍ അരങ്ങേറിയ ഈ സംഭവവികാസങ്ങളുമായി പ്രത്യക്ഷമായും പരോക്ഷമായും ഒട്ടും ബന്ധമില്ലാതിരുന്ന കേരളത്തിലടക്കം ഈ ചരിത്രഖ്യാനങ്ങള്‍ നിത്യജീവിത വ്യവഹാരത്തിന്റെ ഭാഗമായി മാറിയതിന്റെ പശ്ചാത്തലത്തിലാണ് മത്സരാധിഷ്ഠത വര്‍ഗീയത മാന്യത നേടുന്നതിന്റെ സന്ദര്‍ഭത്തെ മനസ്സിലാക്കാനാവുക. വിക്രമാദിത്യ കഥകളിലെ വേതാളത്തെ അനുസ്മരിപ്പിക്കുന്ന ഇന്ത്യയിലെ ഭരണകൂട മതേതരതയുടെ ചുമലില്‍ വര്‍ഗീയത സ്ഥിരസാന്നിദ്ധ്യമാവുന്നതിന്റെ ചരിത്രം കൂടി നിര്‍ധാരണം ചെയ്യുന്നതിലൂടെ മാത്രമാവും ഇന്നത്തെ ദുരവസ്ഥയെ മറികടക്കാന്‍ കഴിയുക.

Leave a comment