TMJ
searchnav-menu
post-thumbnail

Outlook

സ്നേഹനിർഭരം ഓർമ്മിക്കപ്പെടുന്ന മനുഷ്യർ, അവർ ബാക്കിയാക്കുന്ന അടയാളങ്ങൾ

24 Jan 2023   |   2 min Read
സിവിക് ജോൺ

 

 

ലച്ചിത്രത്തിന്റെ ആരംഭ ദൃശ്യം അതിരാവിലെ നഗരത്തിന്റെ നിശബ്ദമായ നിരത്തിലൂടെ മെല്ലെ വന്നുനിൽക്കുന്ന ഒരു ടാക്സി കാറാണ്. ആ ടാക്സി വന്നുനിൽക്കുന്നത് ടിഫനിസ് ഷോറൂമിനു മുന്നിലാണ്. വാഹനത്തിൽ നിന്നും പ്രഭാതഭക്ഷണം അടങ്ങിയ ഒരു പേപ്പർ ബാഗുമായി മനോഹരമായി വസ്ത്രം ധരിച്ച ഒരു പെൺകുട്ടി പുറത്തിറങ്ങുന്നു. സ്റ്റോറിന്റെ ചില്ലുജാലകങ്ങളിലൂടെ പ്രദർശിപ്പിച്ചിരിക്കുന്ന മനോഹരങ്ങളായ വജ്രാഭരണങ്ങൾ ശ്രദ്ധിച്ചുകൊണ്ട്, അവൾ സാവധാനം നിരത്ത് കടന്ന് തന്റെ അപ്പാർട്ട്മെന്റിലേക്ക് പോകുന്നു. വസ്ത്രധാരണത്തിൽ നിന്നും അവളൊരു പാർട്ടിയിൽ നിന്നാണ് വരുന്നതെന്ന് നമുക്ക് മനസ്സിലാക്കാം. ഒരു ആഘോഷരാവിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രമായിരുന്നിട്ടും, പ്രഭാതത്തിൽ തീർത്തും ഏകയായി, തന്റെ പൊള്ളയായ ജീവിതത്തിലേക്ക് മടങ്ങിപ്പോകേണ്ടിവരുന്നതിന്റെ നിരാശ ആ ചുവടുകളിൽ കാണാം. ഹോളി ഗോലൈറ്റ്‌ലി എന്നാണ് ആ പെൺകുട്ടിയുടെ പേര്. ട്രൂമൻ കപ്പോട്ടിന്റെ തൂലികയിൽ വിരിഞ്ഞ അവിസ്മരണീയ കഥാപാത്രം. ഒരു കാലഘട്ടത്തിന്റെതന്നെ സാംസ്കാരികപരിച്ഛേദം എന്ന് വിശേഷിപ്പിക്കാൻ തക്കവണ്ണം പ്രഭാവമുണ്ടായിരുന്നു ആ പെൺകുട്ടിക്ക്. എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന ട്രൂമൻ കപ്പോട്ടിന്റെ ഏറ്റവും പ്രശസ്തമായ കഥാപാത്രമാണ് ഹോളി ഗോലൈറ്റ്‌ലി.

 

ലേഖനങ്ങൾക്കൊപ്പംതന്നെ ചെറുകഥകളും സ്ഥിരമായി എഴുതിയിരുന്നുവെങ്കിലും കപ്പോട്ട് പ്രശസ്തി കൈവരിക്കുന്നത് ‘ബ്രേക്‌ഫാസ്റ്റ് അറ്റ് ടിഫനിസ്‌’ എന്ന തന്റെ നോവല്ലയിലൂടെയാണ്. അതുവരെ കണ്ടുശീലിച്ച കഥാപാത്രങ്ങളുടെ മാതൃകയിലായിരുന്നില്ല ഹോളി എന്ന കഥാപാത്രത്തെ കപ്പോട്ട് രൂപപ്പെടുത്തിയത്. എഴുത്തുകാരും, രാഷ്ട്രീയക്കാരും, അഭിനേത്രികളും ഉൾപ്പെടുന്ന തന്റെ സൗഹൃദവലയത്തിലെ പലരുടെയും സ്വഭാവസവിശേഷതകൾ ഫലപ്രദമായി സംയോജിപ്പിച്ചാണ് കപ്പോട്ട് ഹോളിഡേ ഗോലൈറ്റ്‌ലി എന്ന കഥാപാത്രത്തെ സൃഷ്ടിക്കുന്നത്. അതുകൊണ്ടുതന്നെ പിൽക്കാലത്ത് ആ കഥാപാത്രത്തിന്റെ ഉറവിടം എവിടെനിന്ന് എന്നതിൽ പല സംവാദങ്ങളും ഉണ്ടായിട്ടുണ്ട്. ഊന ഒനീൽ, കരോൾ ഗ്രേസ്, മേവ് ബ്രണ്ണൻ, ഡോറിയൻ ലേ, സൂസി പാർക്കർ, ഗ്ലോറിയ വാൻഡർബിൽറ്റ്, മാർഗരീറ്റ് ലിറ്റ്‌മാൻ എന്നിങ്ങനെ അതിപ്രശസ്തരായ പലരും ഹോളിയുടെ പ്രചോദനമായി എന്ന് പറയപ്പെടുമ്പോഴും കപ്പോട്ട് തന്റെ ബാല്യത്തിൽ നിന്നുമാണ് ആ കഥാപാത്രത്തെ രൂപപ്പെടുത്തിയതെന്നുകാണാം. കപ്പോട്ടിന്റെ അമ്മ നീനയുടെ ജീവിതവും നോവെല്ലയിലെ പാത്രസൃഷ്ടിയും തമ്മിൽ അതിശയകരമായ സാമ്യം പുലർത്തുന്നു. എങ്ങനെയാണ് നിത്യജീവിതത്തിലെ പരിചിതരുടെ സ്വഭാവസവിശേഷതകൾ ഫലപ്രദമായി ഒരു കഥാപാത്രത്തിലേക്ക് സന്നിവേശിപ്പിക്കുന്നത് എന്നു സംശയം തോന്നാം. എന്നാൽ അതിന്റെ ഉത്തരം Music for Chameleons എന്ന തന്റെ സമാഹാരത്തിന്റെ ആമുഖത്തിൽ കപ്പോട്ട് തന്നെ വെളിപ്പെടുത്തുന്നുണ്ട്. വിദൂരപരിചയത്തിൽ പോലും ഒരു എഴുത്തുകാരനും ഇല്ലാതിരുന്നിട്ടും എട്ടാം വയസിൽ എഴുതിത്തുടങ്ങിയതിനെക്കുറിച്ച് അയാൾ പറയുന്നത് തീർത്തും ദയാരഹിതനായ ഒരു യജമാനനു കീഴിൽ ആജീവനാന്ത തടവുകാരനായി മാറുന്നത് താൻ തിരിച്ചറിഞ്ഞിരുന്നില്ല എന്നാണ്. ദൈവം ഒരു വരദാനം നൽകുമ്പോൾ അതിനൊപ്പം സ്വയം മുറിപ്പെടുത്താൻ മാത്രം ഉദ്ദേശിച്ചുകൊണ്ട് ഒരു ചമ്മട്ടിയും നൽകുന്നുണ്ട് എന്നാണ് ആ വാക്കുകൾ.

 

ട്രൂമൻ കപ്പോട്ട് | photo: twitter

 

സാഹസിക കഥകളും, അപസർപ്പക കഥകളും തമാശക്കഥകളുമെല്ലാം ആസ്വദിച്ചെഴുതാൻ ശ്രമിച്ചിരുന്ന ബാല്യത്തെക്കുറിച്ച് അയാൾ പറയുന്നത് ഇങ്ങനെയാണ്:

“It was a lot of fun at first. It stopped being fun when I discovered the difference between good writing and bad, and then made an even more alarming discovery: the difference between very good writing and true art; it is subtle, but savage. And after that, the whip came down!”

 

എഴുത്തിലെ പൊടിക്കൈകളും നുറുങ്ങുവിദ്യകളും പരിശീലിക്കാനായി ചിലവഴിച്ച അന്തമില്ലാ മണിക്കൂറുകൾ. സംഭാഷണശൈലിയിലെ വ്യതിയാനങ്ങളും, സുന്ദരമായ വാചക ഘടനയും, തുടക്കം മുതൽ ഒടുക്കം വരെ വായനക്കാരനെ പിടിച്ചിരുത്താനായി എഴുത്തിന്റെ സൂക്ഷ്മതലത്തിൽ വരുത്തേണ്ടുന്ന മാറ്റങ്ങളുമെല്ലാം സ്വയം പരിശീലിക്കുകയായിരുന്നു അയാൾ. പുസ്തകങ്ങളിൽ നിന്നുമാത്രമല്ല, സംഗീതത്തിൽ നിന്ന്, ചിത്രങ്ങളിൽ നിന്ന്, നിത്യജീവിതത്തിലെ കാഴ്ചകളിൽ നിന്നെല്ലാം അയാൾ പ്രചോദനം കണ്ടെത്തി. ആ കാലത്ത് താൻ എഴുതിക്കൂട്ടിയവയിൽ ഏറ്റവും സവിശേഷമായവ നിത്യജീവിതത്തിലെ കാഴ്ചകളുടെ വിവരണമായിരുന്നു എന്ന് കപ്പോട്ട് Music for Chameleonsന്റെ ആമുഖത്തിൽ വെളിപ്പെടുത്തുന്നു. തന്റെ അയൽക്കാരെക്കുറിച്ചുള്ള ദീർഘവിവരണങ്ങൾ, സാന്ദർഭികമായി കേൾക്കാനിടവന്ന സംഭാഷണങ്ങളുടെ സത്യസന്ധമായ പുനഃസൃഷ്ടിക്കൽ. പിൽക്കാലത്ത് തന്റെ പത്രപ്രവർത്തകശൈലിയുടെ രൂപീകരണത്തിന് പോലും കാരണമായിത്തീർന്നത് ആ ശീലമായിരുന്നു എന്ന് കപ്പോട്ട് പറയുന്നു. നീണ്ട പതിനാലു വർഷങ്ങൾ ഒരുദിവസം പോലും മുടങ്ങാതെ സ്വയം പുതുക്കാനായി നടത്തിയ നിരന്തരശ്രമങ്ങളാണ് അയാളിൽ ഒരു വിജയിയായ എഴുത്തുകാരനെ സൃഷ്ടിച്ചത്. ആ ശീലത്തിന്റെ തുടർച്ചയിലാണ്, ഇത് ഞാൻ തന്നെയല്ലേ എന്ന് ആർക്കും സംശയം തോന്നിക്കുംവിധം അതിശയകരമായ സാമ്യം പുലർത്തുന്ന കഥാപാത്ര രൂപീകരണം വിജയകരമായി സാധ്യമാവുന്നത്.

 


1958 നവംബറിലാണ് ‘ബ്രേക്‌ഫാസ്റ്റ് അറ്റ് ടിഫനിസ്’ പ്രസിദ്ധീകരിക്കുന്നത്. എസ്ക്വയർ മാഗസിനിൽ. സത്യത്തിൽ അത് പ്രസിദ്ധീകരിക്കേണ്ടിയിരുന്നത് ഹാർപ്പർ മാഗസിനിലായിരുന്നു. അതേവർഷം ജൂലൈ മാസത്തിൽ. എന്നാൽ ഹാർപ്പർ മാഗസിന്റെ എഡിറ്റോറിയൽ ബോർഡിൽ വന്ന ചില മാറ്റങ്ങളെത്തുടർന്ന് നോവല്ലയുടെ ഉള്ളടക്കത്തെ സംബന്ധിച്ചു ചില തർക്കങ്ങൾ ഉടലെടുക്കുകയും ഒടുവിൽ ബ്രേക്‌ഫാസ്റ്റ് അറ്റ് ടിഫനിസ് എസ്ക്വയർ മാഗസിനിലേക്ക് എത്തുകയുമായിരുന്നു. വളരെയധികം നിരൂപക പ്രശംസയും വായനക്കാരെയും നേടിയ നോവല്ലയ്ക്ക് അധികം വൈകാതെതന്നെ ചലച്ചിത്രഭാഷ്യം ഒരുങ്ങുകയും ചെയ്തു. ബ്ലേക് എഡ്‌വേഡ്സ് സംവിധാനം ചെയ്ത ചിത്രം ചലച്ചിത്രങ്ങളുടെ ചരിത്രത്തിലെ അവിസ്മരണീയമായ ഒരു ഏട് തന്നെയാണ്. ഓഡ്രി ഹെപ്ബേണിന്റെ കയ്യിൽ ഹോളിഡേ ഗോലൈറ്റ്‌ലി ഭദ്രമായിരുന്നു. തലമുടി ഉയർത്തിക്കെട്ടി പതിവിലും വലിയൊരു സിഗരറ്റ് ഹോൾഡറുമായി നിൽക്കുന്ന ഹോളിയുടെ നിശ്ചലദൃശ്യം ഇരുപതാം നൂറ്റാണ്ടിലെ അമേരിക്കൻ ചലച്ചിത്രചരിത്രത്തിൽ ഏറ്റവും പ്രസക്തമായ ഒന്നാണ്.

 

നിങ്ങൾ എഴുതുന്നത് വിലകൊടുത്തു വാങ്ങാൻ ആൾക്കാർ തയ്യാറാവുന്നുണ്ടോ എന്നത് ഏതൊരു എഴുത്തുകാരനും ഭയക്കുന്ന ഒരു ചോദ്യം തന്നെയാണ്. കാരണം സാമ്പത്തിക വിജയം എല്ലാവർക്കും അവകാശപ്പെടാൻ കഴിയുന്നതല്ല എന്നതുതന്നെ. അവിടെയും ആ പാത്രസൃഷ്ടിയിലൂടെ എഴുത്ത് എന്ന പ്രക്രിയയെക്കുറിച്ചുള്ള മൗലികമായ നിരീക്ഷണങ്ങൾ പങ്കുവെയ്ക്കാൻ കപ്പോട്ട് ശ്രദ്ധിക്കുന്നുണ്ട്.

 


റോമൻ ഹോളിഡേ എന്ന ചിത്രത്തിലൂടെ ഹോളിവുഡിൽ കാലുറപ്പിച്ച ഓഡ്രിക്ക് പിന്നീടൊരിക്കലും തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. സബ്രീനയും, ബ്രേക്‌ഫാസ്റ്റ് അറ്റ് ടിഫനിസും, മൈ ഫെയർ ലേഡിയുമെല്ലാം ഉദാഹരണങ്ങൾ. ചലച്ചിത്രങ്ങളിൽ നിന്നും ഇടവേളയെടുത്ത കാലങ്ങളിൽ യൂണിസെഫുമായി സഹകരിച്ച് ദാരിദ്ര്യ നിർമാർജ്ജന പദ്ധതികളുടെ ഭാഗമാവുകയും ചെയ്തിരുന്നു ഓഡ്രി. അർബുദ ബാധയാൽ അറുപത്തിമൂന്നാം വയസ്സിൽ അന്തരിക്കുമ്പോൾ അഭിനേത്രി എന്നതിനപ്പുറം ഒരു മികച്ച മനുഷ്യാവകാശപ്രവർത്തക എന്ന പേരിൽ അവരുടെ പ്രശസ്തി വളർന്നുകഴിഞ്ഞിരുന്നു. ഓഡ്രി ഹെപ്ബേൺ ബ്രേക്‌ഫാസ്റ്റ് അറ്റ് ടിഫനിസിലൂടെ നിരൂപക പ്രശംസ നേടിയെങ്കിലും കപ്പോട്ടിന്റെ കാഴ്ചപ്പാടിൽ അവരത്ര നന്നായിരുന്നില്ല. അവരേക്കാൾ നന്നായി ഹോളിയെ അവതരിപ്പിക്കാൻ മെർലിൻ മൺറോയ്ക്ക് കഴിയുമായിരുന്നു എന്നായിരുന്നു കപ്പോട്ടിന്റെ ഭാഷ്യം. അവിടെ മാത്രമല്ല, മറ്റുപലയിടത്തും കപ്പോട്ടിന്റെ കാഴ്ചപ്പാടിനെ അട്ടിമറിച്ചുകൊണ്ടാണ് ചലച്ചിത്രം പുറത്തുവന്നത്. അതുകൊണ്ടുതന്നെയാണ് ആത്മാവില്ലാത്ത ഒരു പുനഃരാവിഷ്കാരം എന്ന് പലപ്പോഴായി ചിത്രത്തെക്കുറിച്ച് അയാൾ പറഞ്ഞത്. പലപ്പോഴും ബ്രേക്‌ഫാസ്റ്റ് അറ്റ് ടിഫനിസ് കപ്പോട്ടിന്റെതന്നെ ആദ്യകാലജീവിതത്തിന്റെ ഒരു പതിപ്പാണോ എന്നു സംശയിച്ചാലും തെറ്റുപറയാൻ കഴിയില്ല. നോവല്ലയിൽ ഒരിടത്തും പ്രധാന കഥാപാത്രമായ എഴുത്തുകാരന് പേരില്ല. എഴുതുന്ന കഥകളൊന്നു തന്നെ പ്രസിദ്ധീകരിക്കാൻ കഴിയാത്ത, പ്രസിദ്ധീകരിച്ചവയ്ക്ക് പോലും വളരെ ചുരുങ്ങിയ വായനകൾ മാത്രമുണ്ടാവുന്ന ഒരാളാണ് അയാൾ. തനിക്കൊപ്പം ഒരേ കെട്ടിടത്തിൽ താമസിച്ചിരുന്ന ഹോളിയുമായുള്ള അയാളുടെ സൗഹൃദമാണ് കഥയുടെ കാതൽ. താനൊരു എഴുത്തുകാരനാണെന്ന് അയാൾ പറയുമ്പോളുള്ള ഹോളിയുടെ പ്രതികരണം ചിരിയുണർത്തുന്നതാണ്:

“Tell me, are you a real writer?"

 

"It depends on what you mean by real."

 

"Well, darling, does anyone buy what you write?"

 

"Not yet."

 

നിങ്ങൾ എഴുതുന്നത് വിലകൊടുത്തു വാങ്ങാൻ ആൾക്കാർ തയ്യാറാവുന്നുണ്ടോ എന്നത് ഏതൊരു എഴുത്തുകാരനും ഭയക്കുന്ന ഒരു ചോദ്യം തന്നെയാണ്. കാരണം സാമ്പത്തിക വിജയം എല്ലാവർക്കും അവകാശപ്പെടാൻ കഴിയുന്നതല്ല എന്നതുതന്നെ. അവിടെയും ആ പാത്രസൃഷ്ടിയിലൂടെ എഴുത്ത് എന്ന പ്രക്രിയയെക്കുറിച്ചുള്ള മൗലികമായ നിരീക്ഷണങ്ങൾ പങ്കുവെയ്ക്കാൻ കപ്പോട്ട് ശ്രദ്ധിക്കുന്നുണ്ട്. പക്ഷെ ചലച്ചിത്രത്തിൽ പോൾ എന്ന എഴുത്തുകാരന് ഹോളിയോടുള്ള സൗഹൃദം പലപ്പോഴും പ്രണയത്തിലേക്ക് പുരോഗമിക്കുന്നുണ്ട്. അതിനു കാരണം ചലച്ചിത്രങ്ങൾ അതുവരെയും പിന്തുടർന്നുവന്നിരുന്ന ശുഭപര്യവസാനകാഴ്ചപ്പാടാവാം. അല്ലെങ്കിൽ ഒരുപക്ഷെ നോവല്ലയിലെ എഴുത്തുകാരനും കപ്പോട്ടിനെപ്പോലെ സ്വവർഗാനുരാഗിയാവാമെന്നും, അത്തരമൊരു ചിത്രീകരണം നിലവിലെ സാമൂഹിക സാഹചര്യത്തിൽ അഭിലഷണീയമല്ല എന്നുമുള്ള തോന്നലാവാം. നോവലിസ്റ്റ് ജാക്ക് ഡൺഫിയോടൊപ്പമാണ് കപ്പോട്ട് ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ചത്. മരണശേഷം തന്റെ വില്ലിന്റെ പ്രധാന അവകാശിയായി കപ്പോട്ട് നിർദ്ദേശിച്ചിരുന്നതും ഡൺഫിയെയായിരുന്നു. നോവല്ല ആരംഭിക്കുന്നത് ഹോളിയെക്കുറിച്ച് ജോ ബെല്ലും പ്രധാന കഥാപാത്രമായ എഴുത്തുകാരനും തമ്മിൽ നടക്കുന്ന സംഭാഷണത്തിലൂടെയാണ്. വളരെ ചുരുങ്ങിയ കാലത്തെ പരിചയമേ ഹോളിയുമായി ഉള്ളൂവെങ്കിലും അവരുടെ ജീവിതത്തിൽ അവൾ ചെലുത്തിയ നിസ്സീമമായ സ്വാധീനം മനസ്സിലുള്ളതിനാലാണ് തീർത്തും അപ്രതീക്ഷിതമായ ഒരു സാഹചര്യത്തിൽ അവരെ പുറകിലുപേക്ഷിച്ചുപോയ ആ യുവതിയെക്കുറിച്ച് വർഷങ്ങൾക്കുശേഷം ഒരു ചെറിയ വിവരം ലഭിക്കുമ്പോഴേക്കും അവർ അത്ര ആവേശത്തോടെ ഒത്തുചേരുന്നത്.

 

ഹോളി ഗോലൈറ്റ്‌ലി ( ബ്രേക്‌ഫാസ്റ്റ് അറ്റ് ടിഫനിസ്‌ ) | photo : twitter

 


ജോ ബെൽ എഴുത്തുകാരനോട് പറയുന്ന കഥ, മറ്റൊരാൾ അയാളോട് പറഞ്ഞ കഥയാണ്. I.Y.Yuniosh, ഹോളിയുടെയും എഴുത്തുകാരന്റെയും ഒപ്പം അതെ കെട്ടിടത്തിൽ താമസിച്ചിരുന്ന ജാപ്പനീസ് ഫോട്ടോഗ്രാഫർ. ആഫ്രിക്കയിലെ ഒരു ഫോട്ടോഗ്രാഫി ടൂറിനിടയിൽ യാദൃശ്ചികമായി ഒരു കുടിലിൽ ഹോളിയുടെ മുഖസാദൃശ്യമുള്ള, മരത്തിൽ കൊത്തിയ ശില്പം യുനിയോഷി കാണുകയാണ്. വർഷങ്ങൾക്ക് മുമ്പേ തന്റെ പരിചയക്കാരിയായിരുന്ന ഹോളിയുടെ സാദൃശ്യത്തിലുള്ള ശിൽപ്പം കണ്ടുഞെട്ടിയ അയാൾ എന്ത് വിലകൊടുത്തും അത് വാങ്ങാൻ തയ്യാറാവുന്നുണ്ടെങ്കിലും അത് നിർമ്മിച്ച ശില്പി അത് കൈമാറാൻ ഒരുക്കമല്ല. ശില്പി പറഞ്ഞ കഥയനുസരിച്ച് രണ്ട് പുരുഷന്മാർ അടങ്ങുന്ന സംഘത്തോടൊപ്പം ഒരു വിനോദയാത്രയ്ക്ക് അവിടെയെത്തിയ യുവതിയുടെ ഛായയിൽ നിർമ്മിച്ചതാണ് ആ ശില്പം. പനി ബാധിച്ച് പുരുഷന്മാർ കിടപ്പിലായ രണ്ടാഴ്ചക്കാലം തനിക്കൊപ്പം സമയം ചിലവഴിച്ച യുവതിയുടെ ഓർമ്മയ്ക്കായാണ് അയാൾ ആ ശിൽപം കടഞ്ഞെടുത്തത്. എത്ര ശ്രമിച്ചിട്ടും ശിൽപ്പം വാങ്ങാൻ കഴിയാത്തതിനാൽ ഗത്യന്തരമില്ലാതെ ആ ശിൽപ്പത്തിന്റെ ചിത്രവുമായി മടങ്ങുകയാണ് യുനിയോഷി. അയാൾ കൊണ്ടുവന്ന ചിത്രം കണ്ട ഞെട്ടലിലാണ് ജോ ബെൽ തങ്ങളുടെ പൊതുസുഹൃത്തായ എഴുത്തുകാരനെ വിളിച്ചുവരുത്തുന്നത്.

 

ആ സംഭാഷണമാണ് ഹോളി എന്ന പെൺകുട്ടി തങ്ങൾക്കൊപ്പമുണ്ടായിരുന്ന കാലത്തെക്കുറിച്ച് ഓർത്തെടുക്കാൻ എഴുത്തുകാരനെ പ്രേരിപ്പിക്കുന്നത്. പക്ഷെ ഈ ദൃശ്യങ്ങൾ ഒന്നുംതന്നെ ബ്ലേക്ക് സൃഷ്ടിച്ച ബ്രേക്‌ഫാസ്‌റ്റ് അറ്റ് ടിഫനിസിന്റെ ഭാഗമല്ല. ജോ ബെൽ എന്ന കഥാപാത്രം പോലും ആ ചലച്ചിത്രത്തിലില്ല. ചലച്ചിത്രം ഒരു ക്ലാസിക് ആണെന്നത് വിസ്മരിക്കുന്നില്ല, അപ്പോഴും ചലച്ചിത്രം മാത്രം പരിചയിക്കുന്ന ഒരാൾക്ക് നഷ്ടമാവുന്ന ചിലതുണ്ട്. അങ്ങനെ അപ്രത്യക്ഷമാവുന്ന കഥാപാത്രങ്ങളിൽ പ്രധാനിയാണ് ജോ ബെൽ എന്ന ബാർടെൻഡർ. മുമ്പ് പറഞ്ഞ ആ സംഭാഷണത്തിനൊടുവിൽ അവൾ ചിലപ്പോൾ ഈ നഗരത്തിൽ തന്നെയുണ്ടാവും നമുക്കിടയിൽ എന്ന് പറയുന്ന എഴുത്തുകാരനോട്. “ഒരിക്കലുമില്ല, ഈ നഗരത്തിൽ ഞാൻ നടന്നുതീർക്കാത്ത വഴികളില്ല. ഓരോ നടത്തത്തിലും ഞാൻ തിരയാറുള്ളത് അവളുടെ മുഖമാണ്. അവൾ ഈ നഗരത്തിലുണ്ടെങ്കിൽ ഞാനവളെ എന്നോ കണ്ടേനേ” എന്ന് പറയുന്നുണ്ട് ജോ. നിങ്ങളും അവളെ സ്നേഹിച്ചിരുന്നു എന്ന് ഞാനറിഞ്ഞില്ല എന്ന് അത്ഭുതത്തോടെ പറയുന്ന എഴുത്തുകാരനോട് “ഞാനവളെ സ്നേഹിച്ചിരുന്നു, അതൊരിക്കലും മറ്റൊരർത്ഥത്തിലായിരുന്നില്ല” എന്ന് മറുപടി പറയുന്നു ജോ. You can love somebody without it being like that. You keep them a stranger, a stranger who's a friend എന്നതാണ് ആ വാചകങ്ങൾ. പേരില്ലാത്ത ആ എഴുത്തുകാരൻ ഓർമ്മിച്ചു പറയുന്ന ഹോളിയുടെ കഥയിൽ പിന്നീടും പലയിടത്തായി ജോ ബെൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒടുവിൽ നഗരം വിടാനൊരുങ്ങുന്ന ഹോളിക്കായി ഒരു വിലകൂടിയ വാഹനം തന്നെ ഏർപ്പാടാക്കി നൽകുന്നുണ്ട് ജോ ബെൽ.

 

ജീവിതത്തിൽ സ്ഥിരമായ ആഗ്രഹങ്ങൾ ഒന്നുമില്ലാത്ത യുവതിയാണ് ഹോളി എന്ന് കരുതരുത്. വലിയ പണക്കാരനായ ഒരാളെ വിവാഹം കഴിച്ചു ജീവിതത്തിൽ എങ്ങനെയും രക്ഷപ്പെടണം എന്ന് ലക്ഷ്യമിടുന്ന ഒരു കഥാപാത്രം ഒരിക്കലും ഒരു റോൾമോഡൽ അല്ല എന്നിരിക്കിലും പാത്രസൃഷ്ടിയിൽ കപ്പോട്ട് പുലർത്തിയ സൂക്ഷ്മതയും ഓഡ്രി ഹെപ്‌ബേണിന്റെ മനോഹരമായ അവതരണവും ഹോളിയെ അവിസ്മരണീയമാക്കുന്നതിൽ വലിയ പങ്കുവഹിച്ചു.

 

നോവല്ലയിലും ചലച്ചിത്രത്തിലും ഹോളി അഭിമുഖീകരിക്കുന്ന സാഹചര്യങ്ങളും അവളുടെ കഥ പറയുന്ന രീതിയുമാണ് അവിസ്മരണീയമായ ഒരു കഥാപാത്രത്തെ തീർത്തും വിഭിന്നമായ രണ്ടു പേരാക്കുന്നത്. മിഥ്യാബോധത്തിലൂന്നിയ ഒരു ജീവിതം, യാതൊരുതരത്തിലുമുള്ള സുരക്ഷിതത്വവുമില്ലാത്ത ഒരു ജീവിതം നയിക്കുമ്പോഴും ഒരേ സമയം നിഷ്കളങ്കയും തന്ത്രശാലിയുമാവാൻ ഹോളിക്ക് കഴിയുന്നുണ്ട്. തീർച്ചയായും അവൾക്ക് വേദനിപ്പിക്കുന്ന ഒരു ഭൂതകാലമുണ്ട്. ദാരുണമായ ഒരു ജീവിതം പുറകിലുപേക്ഷിച്ചാണ്‌ അവൾ ന്യൂയോർക്കിൽ എത്തിയിരിക്കുന്നത്. തന്റെ ഭൂതകാലത്തെ വിദഗ്ധമായി മറച്ചുവയ്ക്കാൻ അവൾക്ക് കഴിയുന്നുണ്ട്. ചലച്ചിത്രത്തിലും നോവലിലും അവളുടെ ഈ ഇതരജീവിതങ്ങൾ തികഞ്ഞ കയ്യടക്കത്തോടെ വെളിവാക്കപ്പെടുന്നുണ്ട്. ഉന്നതസ്വാധീനമുള്ള പ്രശസ്തരുമായി സ്ഥിരം സമ്പർക്കം പുലർത്തുന്നയാളാണ് ഹോളി. അക്കൂട്ടത്തിൽ ഒ ജെ ബെർമൻ എന്ന ഹോളിവുഡ് ടാലെന്റ് ഏജന്റ് ഉണ്ട്. റസ്റ്റി ട്രോളർ എന്ന സമ്പന്നനുണ്ട്. ഹോസെ യിബാര ജെഗർ എന്ന ബ്രസീലിയൻ നയതന്ത്ര ഉദ്യോഗസ്ഥനുണ്ട്. അവർക്കുവേണ്ടി അവൾ ഇടയ്ക്കിടെ പാർട്ടികൾ നടത്താറുണ്ട്. അത്തരമൊരു പാർട്ടിയിലേക്ക് എഴുത്തുകാരനെ ഹോളി ക്ഷണിക്കുന്നുണ്ട്. പാർട്ടിയിലെ അതിഥികളിൽ നിന്നുമാണ് ഹോളിയുടെ വിചിത്രശീലങ്ങളെക്കുറിച്ച് നമ്മൾ അറിയുന്നത്. ഒരു നടിയാവണം എന്ന ലക്ഷ്യത്തോടെ നഗരത്തിലെത്തുന്ന ഹോളിയ്ക്ക് അവസരങ്ങൾ ഒരുക്കാൻ ബെർമൻ തയ്യാറാണ്. പക്ഷെ ഒഡീഷന്റെ അന്ന് ഇതൊന്നും വേണ്ടെന്നു പറഞ്ഞ് മറ്റൊരു നഗരത്തിലേക്ക് താമസം മാറ്റാൻ മടിക്കാത്ത ഹോളിയെ നമുക്ക് നോവെല്ലയിൽ കാണാം.

 


ജയിലിൽ കഴിയുന്ന മാഫിയ തലവൻ സാലി ടോമാറ്റോയെ ആഴ്ചയിൽ ഒരിക്കൽ സന്ദർശിക്കുകയും അയാൾ പറയുന്ന കാലാവസ്ഥാ റിപ്പോർട്ട് അയാളുടെ വക്കീലിന് കൈമാറുകയും ചെയ്യുകയാണ് ഇടവേളകളിലെ ഹോളിയുടെ ജോലി. നൂറു ഡോളറാണ് അതിനു സാലി ടൊമാറ്റോ തന്റെ വക്കീൽ മുഖാന്തരം ഹോളിയ്ക്ക് നൽകുന്ന പ്രതിഫലം. ഇതിൽ അപകടമുണ്ടെന്ന് ഹോളിയുടെ അഭ്യുദയകാംക്ഷികൾ പലപ്പോഴായി സൂചിപ്പിക്കുന്നുണ്ടെങ്കിലും ഹോളി അത് കാര്യമാക്കുന്നില്ല. ജീവിതത്തിൽ സ്ഥിരമായ ആഗ്രഹങ്ങൾ ഒന്നുമില്ലാത്ത യുവതിയാണ് ഹോളി എന്ന് കരുതരുത്. വലിയ പണക്കാരനായ ഒരാളെ വിവാഹം കഴിച്ചു ജീവിതത്തിൽ എങ്ങനെയും രക്ഷപ്പെടണം എന്ന് ലക്ഷ്യമിടുന്ന ഒരു കഥാപാത്രം ഒരിക്കലും ഒരു റോൾമോഡൽ അല്ല എന്നിരിക്കിലും പാത്രസൃഷ്ടിയിൽ കപ്പോട്ട് പുലർത്തിയ സൂക്ഷ്മതയും ഓഡ്രി ഹെപ്‌ബേണിന്റെ മനോഹരമായ അവതരണവും ഹോളിയെ അവിസ്മരണീയമാക്കുന്നതിൽ വലിയ പങ്കുവഹിച്ചു. പ്രധാനകഥാപാത്രമായ എഴുത്തുകാരനും ഹോളിയും തമ്മിൽ വളരെ സ്വാഭാവികമായി ഒരു സൗഹൃദം രൂപപ്പെടുന്നത് നമുക്ക് അനുഭവിച്ചറിയാം. പട്ടാളത്തിലുള്ള തന്റെ സഹോദരൻ ഫ്രെഡിന്റെ അതേ ഛായയാണ് നിങ്ങൾക്കെന്നാണ് ഹോളി അയാളോട് പറയുന്നത്. വളരെ ആഴമേറിയ സംഭാഷണങ്ങൾ അവർ തമ്മിലുണ്ടാവുന്നുണ്ട്. ടിഫനിസിനെക്കുറിച്ചുള്ള സംഭാഷണം അത്തരത്തിലൊന്നാണ്. അകാരണമായ വിഷാദത്താൽ വലയം ചെയ്യപ്പെടുന്ന ദിവസങ്ങളെക്കുറിച്ചാണ് ഹോളി സംസാരിക്കുന്നത്. മഴ പെയ്യുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നതുപോലെയല്ല. ആകെ അസ്വസ്ഥരാവുന്ന, ഭയത്താൽ വിയർക്കുന്ന ദിവസങ്ങൾ. എന്തിനെയാണ് ഭയപ്പെടുന്നതെന്നറിയാത്ത, എന്തോ മോശമായി സംഭവിച്ചേക്കുമെന്നു തോന്നുമെങ്കിലും അതെന്താവുമെന്നു തീർച്ചയില്ലാത്ത ദിനങ്ങൾ. അത്തരം ദിവസങ്ങളിൽ, മദ്യത്തിനോ മറ്റു ലഹരികൾക്കോ നൽകാൻ കഴിയാത്ത സ്വാസ്ഥ്യം ടിഫനിസിൽ നിന്നും തനിക്ക് ലഭിക്കാറുണ്ടെന്നാണ് ഹോളി പറയുക. ശാന്തമായ ടിഫനിസിന്റെ അന്തരീക്ഷത്തിൽവെച്ച് തനിക്ക് മോശമായതൊന്നും സംഭവിക്കില്ലെന്ന് അവൾ ഉറച്ചുവിശ്വസിക്കുന്നു. ടിഫനിസിൽ അനുഭവപ്പെടുന്ന സുരക്ഷിതത്വം യഥാർത്ഥ ജീവിതത്തിൽ എവിടെയെങ്കിലും ലഭിച്ചാൽ വളരെ നന്നായിരുന്നേനെ എന്ന് രഹസ്യമായി ആശിക്കുന്ന ഹോളിയെക്കാണാം നമുക്കിവിടെ. അവളുടെ തുറന്നുപറച്ചിലുകൾ അതിന്റെ പൂർണ്ണതയിൽ മനസ്സിലാക്കുന്നുണ്ട് അയാൾ. മറ്റൊരു സന്ദർഭത്തിൽ ഒരിക്കൽപ്പോലും ഒരു ജീവിയേയും ഈ കൂട്ടിലടയ്ക്കില്ല എന്ന ഉറപ്പിന്മേൽ അയാൾക്കൊരു വിലകൂടിയ കിളിക്കൂട് സമ്മാനിക്കുന്ന ഹോളിയെ കാണാം.

 

ബ്രേക്‌ഫാസ്റ്റ് അറ്റ് ടിഫനിസ്‌ സിനിമയിലെ രംഗം

 


അതിനർത്ഥം അവർ തമ്മിൽ പ്രശ്നങ്ങളൊന്നുമില്ല എന്നല്ല. അതിഭീകരമായ വാക്കേറ്റങ്ങളും മാസങ്ങളോളം നീണ്ട മൗനവും അവർക്കിടയിലുണ്ടാവുന്നുണ്ട്. അവയിൽ പലതിനും കാരണം ഹോളിയുടെ ജീവിതത്തെക്കുറിച്ചുള്ള സംഭാഷണങ്ങളാണ്. അവൾ സ്വയം ഒരു മായാലോകം തീർത്തിരിക്കുന്നത് അവളുടെ അതുവരെയുള്ള സങ്കടകരമായ ജീവിതത്തിൽ നിന്നും ഒളിച്ചോടാൻ കൂടിയാണ്. തനിക്ക് ചുറ്റുമുള്ളവരെ തീർത്തും ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന ഹോളി ഒരർത്ഥത്തിൽ സ്വന്തം ജീവിതത്തോടും അത്ര ഗൗരവമേ പുലർത്തുന്നുള്ളൂ. അതിന്റെപേരിൽ ഒരിക്കൽ അവർ തമ്മിൽ വളരെ വലിയൊരു വഴക്കുണ്ടാവുന്നുണ്ട്. ആ വഴക്കിനുശേഷമുള്ള മൗനത്തിന്റെ ഇടവേളയിലാണ് അയാൾ ഡോക് ഗോലൈറ്റ്‌ലിയെ കാണുന്നത്. ഹോളിയുടെ പിതാവാണ് ഡോക് എന്നാണയാൾ ആദ്യം കരുതുന്നതെങ്കിലും ഹോളി ഡോകിന്റെ ഭാര്യയായിരുന്നു എന്ന വാർത്ത അയാൾക്ക് അവിശ്വസനീയമായിരുന്നു. ഹോളിയെ ഡോക് അറിയുക ലുലമേ എന്ന പേരിലാണെന്നുമാത്രം. കഷ്ടിച്ച് പതിനാലു വയസ്സുള്ളപ്പോഴാണ് ലുലമേ ബാൺസ് എന്ന പെൺകുട്ടിയെ ഡോക് കാണുന്നത്. ഒപ്പം അവളുടെ അനിയനുമുണ്ടായിരുന്നു. അയാളുടെ അടുക്കളയിൽനിന്നും ഭക്ഷണം മോഷ്ടിക്കുകയായിരുന്നു അവർ. വളരെ ക്ഷീണിതരായിരുന്നു അവർ. ഡോക് അവരെ ഏറ്റെടുത്തു. അധികം വൈകാതെ ലുലമേ അയാളെ വിവാഹം കഴിച്ചു.

 

എന്നാൽ ഒരുദിവസം അയാളെയും അയാളുടെ മക്കളെയും തന്റെ അനുജനെയും പുറകിലുപേക്ഷിച്ച് ലുലമേ യാത്രയായി. അന്നുമുതൽ ഡോക് ലുലമെയെ അന്വേഷിക്കുന്നുണ്ടെങ്കിലും ഇപ്പോഴാണ് അവരുടെ വിലാസം കിട്ടുന്നത്. താൻ ഇവിടെ എത്തിയിട്ടുണ്ടെന്ന വിവരം അറിയിക്കാൻ ഡോക് എഴുത്തുകാരനെ ചുമതലപ്പെടുത്തുന്നു. അവരുടെ സമാഗമത്തിന് എഴുത്തുകാരൻ വഴിയൊരുക്കുന്നുണ്ടെങ്കിലും ഡോക്കിനൊപ്പം പോവാൻ അവൾ ഒരുക്കമല്ല. അയാളെ അനുനയിപ്പിച്ച് മടക്കിയയച്ച ശേഷം ജോ ബെല്ലിന്റെ ബാറിലേക്കാണ് ഹോളി/ ലുലമേ എത്തുന്നത്. ആരെയും അതിരുകവിഞ്ഞു സ്നേഹിക്കരുതെന്നും നിങ്ങളുടെ സ്നേഹത്താൽ ശക്തരായതിനുശേഷം നിങ്ങളെ മുറിപ്പെടുത്തിക്കൊണ്ട് അവർ കടന്നുപോകുമെന്നും ജോ ബെല്ലിനെ ഉപദേശിക്കുന്നുമുണ്ട് ഹോളി. ഇവിടെ ഹോളിയുടെ കഥാപാത്രം കപ്പോട്ടിന്റെ അമ്മ നീനയുടെ പൂർണ്ണഛായ കൈവരിക്കുന്നത് കാണാം. രണ്ടു പേരും നഗരങ്ങളിൽ നിന്നും ഏറെ അകലെ മറ്റൊരു പേരിൽ വളർന്നവർ. നന്നേ ചെറുപ്പത്തിൽ വിവാഹം കഴിച്ചവർ, പിന്നീട് ഭർത്താവിനെയും മറ്റുബന്ധുക്കളെയും ഉപേക്ഷിച്ച് പുതിയൊരു പേരിൽ ന്യൂയോർക്കിൽ എത്തിയവർ. യഥാർത്ഥ സംഭവങ്ങളിൽനിന്നും രൂപപ്പെടുത്തുന്ന കഥാപാത്രങ്ങൾക്ക് സാങ്കൽപ്പിക കഥാപാത്രങ്ങളേക്കാൾ മിഴിവേറുന്നു എന്ന് നമുക്കു കാണാം. പക്ഷെ യഥാർത്ഥ സംഭവങ്ങൾ കഥകൾക്ക് ആധാരമാക്കുന്നതിന്റെ പേരിൽ കപ്പോട്ടിന് നേരിടേണ്ടിവന്ന വിമർശനങ്ങൾ ചില്ലറയല്ല. ആൻസേഡ്‌ പ്രേയേഴ്‌സ്‌ എന്ന പേരിൽ എഴുതിത്തുടങ്ങിയ നോവലിൽ സുഹൃത്തുക്കളെത്തന്നെ കഥാപാത്രങ്ങളാക്കിയതോടെ പലരും കപ്പോട്ടുമായുള്ള സൗഹൃദം തന്നെ വേണ്ടെന്നുവെച്ചിരുന്നു. പക്ഷെ അയാൾ അപ്പോഴും സങ്കടപ്പെട്ടിരുന്നത് തന്റെ എഴുത്ത് പൂർണ്ണതയിൽ എത്തിക്കാൻ കഴിയുന്നില്ലല്ലോ എന്നതിനെച്ചൊല്ലിയായിരുന്നു.

 

അവൾ യാത്ര പറയുന്നതുകാണാനുള്ള ശക്തിയില്ലാതെ ജോ കരഞ്ഞുകൊണ്ട് പിൻവാങ്ങുന്നത് നോവല്ലയിൽ വായിക്കുന്ന ഏതൊരാൾക്കും ചലച്ചിത്രത്തിൽ ജോ ബെൽ എന്ന കഥാപാത്രത്തെക്കുറിച്ച് ഒരു പരാമർശം പോലും ഇല്ലാത്തതിൽ അമർഷം തോന്നാതെ തരമില്ല. പെരുമഴയത്ത്, വണ്ടി മുന്നോട്ടു നീങ്ങവേ ചവറുവീപ്പകൾക്കരികിലൊരിടത്ത് അതുവരെയും ഓമനിച്ചുവളർത്തിയ പേരില്ലാത്ത പൂച്ചയെ ഹോളി ഉപേക്ഷിക്കുകയാണ്.

 

Music for Chameleonsന്റെ ആമുഖത്തിൽ നമുക്ക് ഇങ്ങനെ കാണാം:

“How can a writer successfully combine within a single form say the short story-all he knows about every other form of writing? For this was why my work was often insufficiently illuminated, the voltage was there, but by restricting myself to the techniques of whatever form I was working in, I was not using everything I knew about writing all I'd learned from film scripts, plays, reportage, poetry, the short story, novellas, the novel. A writer ought to have all his colors, all his abilities available on the same palette for mingling (and, in suitable instances, simultaneous application). But how?"

ഒരു സാഹിത്യരൂപത്തിന്റെ നിയതമായ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നുകൊണ്ട് എഴുതാൻ ശ്രമിക്കുന്നത് എപ്പോഴും എഴുത്തിനെ പരിമിതപ്പെടുത്തുമെന്നും ഒരാൾ തന്റെ പക്കലുള്ള എല്ലാ അറിവുകളെയും എഴുതുവാനുള്ള ഇന്ധനമാക്കണമെന്നും പറയുന്ന കപ്പോട്ട്, വ്യക്തിഗതവിവരങ്ങൾ എഴുത്തിൽ ഉപയോഗിക്കുന്നതിനോടുള്ള വിമർശനങ്ങളെ നേരിടുന്നതും മറ്റൊരു വാദഗതിയോടെയാണ്. ഒരുവൻ തന്റെ നിരീക്ഷണപാടവത്താൽ സ്വാംശീകരിച്ചെടുക്കുന്ന വിവരങ്ങൾ തന്റെ സാഹിത്യരചനയിൽ ഉപയോഗപ്പെടുത്തുന്നതിനെ തടയാൻ ആർക്കും അവകാശമില്ല എന്നാണ് കപ്പോട്ട് പറഞ്ഞത്. അതിനെ അപലപിക്കാം, പക്ഷെ അതെഴുതാനുള്ള അവകാശം നിഷേധിക്കപ്പെടാൻ പാടില്ല എന്ന്. പിന്നീട് പതിറ്റാണ്ടുകൾക്കിപ്പുറം നോർവീജിയൻ എഴുത്തുകാരനായ കാൾ ഓവ് ക്‌നോസ്ഗാർഡ് My Struggle എന്ന പേരിൽ ആറുഭാഗങ്ങളിലായി ആത്മകഥാപരമായ നോവലുകൾ പുറത്തിറക്കിയതും അതിലെ വിവരങ്ങൾ ഒടുവിൽ അയാളുടെ വിവാഹമോചനത്തിൽ കലാശിച്ചതും ഓർമ്മ വന്നാൽ അത് യാദൃശ്ചികം എന്ന് പറയാൻ കഴിയില്ല.

 

 


ഹോളിയുടെ കഥയിൽ ദുരന്തങ്ങൾ ഒന്നിനുപുറകെ മറ്റൊന്നായി സംഭവിച്ചുകൊണ്ടിരുന്നു. ഹോളിയെ വിവാഹം കഴിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന റസ്റ്റി ട്രോളർ ഹോളിയുടെ സുഹൃത്തിനെ വിവാഹം കഴിക്കുന്നത് ആദ്യ തിരിച്ചടി. പിന്നീട് ബ്രസീലിയൻ നയതന്ത്ര ഉദ്യോഗസ്ഥൻ ഹൊസെയുമായുള്ള വിവാഹത്തിന് ഒരുക്കംകൂട്ടവേ സഹോദരൻ ഫ്രെഡിന്റെ മരണവാർത്തയും ഹോളിയെ തേടിയെത്തുന്നു. അധികം വൈകാതെ തന്നെ മറ്റൊന്നുകൂടി സംഭവിക്കുന്നു. ജയിലിൽനിന്നും തന്റെ കാർട്ടൽ ബിസിനസ് മുന്നോട്ട് കൊണ്ടുപോവാൻ സാലി ടോമാറ്റോയെ സഹായിച്ചതിന്റെ പേരിൽ ഹോളിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു. ബെർമാൻ വഴി ഹോളിയ്ക്ക് ജാമ്യം ലഭിക്കുന്നുണ്ടെങ്കിലും ഈ നഗരം ഇനിയെനിക്ക് യോജിക്കില്ല എന്ന തിരിച്ചറിവിൽ ഹോളി ന്യൂയോർക്ക് വിടാനൊരുങ്ങുകയാണ്. അതുവരെ തനിക്ക് സ്വന്തമായിരുന്നതെല്ലാം പുറകിലുപേക്ഷിച്ചുകൊണ്ട്. ഹോളിയെ യാത്രയയക്കാൻ അവിടെ ജോ ബെല്ലും എഴുത്തുകാരനും മാത്രമാണുള്ളത്. അവൾ യാത്ര പറയുന്നതുകാണാനുള്ള ശക്തിയില്ലാതെ ജോ കരഞ്ഞുകൊണ്ട് പിൻവാങ്ങുന്നത് നോവല്ലയിൽ വായിക്കുന്ന ഏതൊരാൾക്കും ചലച്ചിത്രത്തിൽ ജോ ബെൽ എന്ന കഥാപാത്രത്തെക്കുറിച്ച് ഒരു പരാമർശം പോലും ഇല്ലാത്തതിൽ അമർഷം തോന്നാതെ തരമില്ല. പെരുമഴയത്ത്, വണ്ടി മുന്നോട്ടു നീങ്ങവേ ചവറുവീപ്പകൾക്കരികിലൊരിടത്ത് അതുവരെയും ഓമനിച്ചുവളർത്തിയ പേരില്ലാത്ത പൂച്ചയെ ഹോളി ഉപേക്ഷിക്കുകയാണ്. പുതിയൊരിടം കണ്ടെത്തിക്കോളൂ എന്ന് പറഞ്ഞുകൊണ്ട് ആ പൂച്ചയെ നിഷ്കരുണം ഉപേക്ഷിക്കുമ്പോൾ അവിടെ ഹോളി എറിഞ്ഞുടയ്ക്കുന്നത് അതുവരെ ജീവിച്ചുതീർത്ത ജീവിതങ്ങളുമായി അവളെ ബന്ധിച്ചുനിർത്തുന്ന അവസാനകണ്ണിയാണ്. തനിക്കും ആ പൂച്ചക്കും എവിടെയെങ്കിലും സ്വന്തമെന്നു വിളിക്കാൻ കഴിയുന്നൊരിടമുണ്ടാവും എന്ന പ്രതീക്ഷയോടെയാണ് അവൾ വിടവാങ്ങാൻ ഒരുങ്ങുന്നത്.

 


പക്ഷെ അവൾക്ക് മനംമാറ്റമുണ്ടാകുന്നുണ്ട്. ആ പൂച്ച അവൾക്ക് സ്വന്തമാണെന്ന തിരിച്ചറിവിൽ അവൾ പൂച്ചയെ തിരയുന്നുണ്ട്. എന്നാൽ ഇവിടെ സിനിമയും നോവല്ലയും വ്യത്യാസപ്പെടുന്നു. സിനിമയിൽ ഹോളി പൂച്ചയെ കണ്ടെത്തുന്നുണ്ട്, പോൾ അവളെ സ്നേഹപൂർവ്വം ചേർത്തുനിർത്തി ചുംബിക്കുന്നുണ്ട്. അവളെ എപ്പോഴും സ്നേഹിച്ചിരുന്ന, അവൾക്ക് തിരികെ സ്നേഹിക്കാൻ കഴിയുന്ന ഒരാളെ ഹോളി കണ്ടെത്തുന്നു. പരസ്പരസ്നേഹവും പ്രതിബദ്ധതയും എന്താണെന്ന് അവൾ മനസ്സിലാക്കുന്നു. എന്നാൽ പുസ്തകത്തിൽ അങ്ങനെയൊന്നുമല്ല സംഭവിക്കുന്നത്. അവർ എത്ര തിരഞ്ഞിട്ടും ആ പൂച്ചയെ അവർക്ക് കണ്ടെത്താനാവുന്നില്ല. അതെവിടേക്കോ മറഞ്ഞുപോയിരിക്കുന്നു. അതുവരെയും താനെടുത്ത തെറ്റായ തീരുമാനങ്ങളുടെ ഭാരം താങ്ങാനാവാതെ തളർന്നുനിൽക്കുന്ന ഹോളിയെ ആശ്വസിപ്പിക്കാനായി പൂച്ചയെ താൻ തപ്പിക്കണ്ടുപിടിക്കുമെന്നും അതിനെ സംരക്ഷിച്ചുകൊള്ളാമെന്നും എഴുത്തുകാരൻ വാക്കുനൽകുന്നു. നേർത്തൊരു ചിരിയോടെ വിറച്ചുകൊണ്ട് അവൾ ചോദിക്കുന്നത് എന്നെയാര് രക്ഷിക്കുമെന്നാണ്. നഷ്ടപ്പെടുത്തിയതിനു ശേഷം മാത്രം ഒരു വസ്തു തനിക്കെത്ര വിലപ്പെട്ടതായിരുന്നു എന്ന തിരിച്ചറിയേണ്ടിവരുന്ന ദുര്യോഗം തന്നെ ഒരിക്കലും വിട്ടുപോവുകയില്ലെന്ന വിലാപത്തോടെയാണ് ഹോളി അവിടെനിന്നും അവരുടെയെല്ലാം ജീവിതങ്ങളിൽ നിന്നും യാത്രയാകുന്നത്. മാസങ്ങൾക്ക് ശേഷം എഴുത്തുകാരന്റെ വിലാസത്തിൽ ഒരു പോസ്റ്റ് കാർഡ് വരുന്നുണ്ട്. ബ്രസീലിൽ നിന്നും താനിപ്പോൾ അർജന്റീനയിലെത്തി എന്നും, ഇവിടെ തനിക്ക് സ്ഥിരമായ ഒരു മേൽവിലാസമുണ്ടാവുമെന്നു പ്രതീക്ഷിക്കുന്നുവെന്നും പുതിയ വിലാസത്തിൽ നിന്നും ഉടനെ എഴുതാമെന്നും പറഞ്ഞുകൊണ്ടുള്ള ഒരു പോസ്റ്റ് കാർഡ്. പക്ഷെ പുതിയൊരു വിലാസം അയാൾക്ക് ലഭിക്കുന്നില്ല. ആദ്യത്തെ പോസ്റ്റ്കാർഡ് വന്ന വിലാസത്തിൽ അന്വേഷിച്ചിട്ടും അവളെ കണ്ടെത്താനാവുന്നില്ല. അവളുടെ വിലാസം ലഭിച്ചാലുടൻ എഴുതാൻ അയാളുടെ പക്കൽ ഒരുപാട് വിശേഷങ്ങളുണ്ടായിരുന്നു. അയാളുടെ രണ്ടു കഥകൾ പ്രസിദ്ധീകരിച്ചുവന്നത്, റസ്റ്റി ട്രോളർ വീണ്ടും വിവാഹമോചനം നേടിയത്, അവർ ആ ബിൽഡിങ്ങിൽ നിന്നും താമസം മാറിയത്, എല്ലാത്തിനുമുപരിയായി ആ പൂച്ചയെക്കുറിച്ച്. അയാൾ അവൾക്ക് നൽകിയ വാക്ക് പാലിച്ചതിനെക്കുറിച്ച്. ഒരുപാട് ദിവസങ്ങൾ അയാൾ ആ പൂച്ചയെ തിരഞ്ഞുനടന്നു. ഒടുവിൽ ശൈത്യത്തിലെ വെയിൽതിളക്കമുള്ള ഒരു ഞായറാഴ്ച ഉച്ചനേരം അയാൾ ആ പൂച്ചയെ കണ്ടെത്തുന്നു. നിറയെ പൂച്ചെടികളും, വൃത്തിയുള്ള കർട്ടനുകളുമുള്ള, ഒരു മുറിയുടെ ജനാലക്കൽ ഇരിക്കുകയായിരുന്നു ആ പൂച്ച. ആ പൂച്ചയ്ക്ക് ഇപ്പോഴെന്താവും പേരെന്ന് അയാൾ അത്ഭുതപ്പെടുന്നുണ്ട്. പുതിയ ഉടമസ്ഥർ അതിനൊരു പേരിട്ടിരിക്കും എന്നയാൾക്ക് തീർച്ചയാണ്. ആഫ്രിക്കയിലെ ഒരു കുടിലിലോ ലോകത്തിന്റെ മറ്റേതെങ്കിലുമൊരു കോണിലോ ഹോളിക്കും സ്വന്തമെന്നു പറയാൻ ഒരു വീട് ലഭിച്ചിരിക്കുമെന്നു വിശ്വസിക്കുന്ന എഴുത്തുകാരന്റെ ദൃശ്യത്തിലാണ് നോവല്ല അവസാനിക്കുക.

 

ചലച്ചിത്രം ഏതെങ്കിലും രീതിയിൽ യഥാർത്ഥ നോവല്ലയെ കവച്ചുവയ്ക്കുന്നുണ്ടെങ്കിൽ അത് ഹെൻറി മാൻസിനിയുടെ സൗണ്ട് ട്രാക്കിലൂടെയാവും. ഓഡ്രി ഹെപ്ബേൺ തന്നെ ആലപിച്ചിരിക്കുന്ന മൂൺ റിവർ എന്ന ഗാനം ഇന്നും ഏറെപ്പേർ ഇഷ്ടപ്പെടുന്ന ഒന്നാണ്. ജീൻസും മുഴുക്കയ്യൻ ടീഷർട്ടും തലയിൽ ഒരു ടവലും ധരിച്ച് ജനൽപ്പടിയിൽ ഇരുന്ന് ഗിറ്റാർ മീട്ടിക്കൊണ്ടു പാടുന്ന ഹോളിയുടെ ദൃശ്യം അവിസ്മരണീയമാണ്

 

ചലച്ചിത്രത്തിന് വേണ്ടി കഥാഗതിയിൽ വരുത്തിയ ഈ മാറ്റം ഹോളിയുടെ അതുവരെയുള്ള പാത്രസൃഷ്ടിയെ നിരാകരിക്കുകയാണ്. വളരെ സങ്കീർണ്ണമായ ഒരു കഥാപാത്രത്തെ ഗാർഹികവൽക്കരിക്കുന്നതിലൂടെ ഒരു പുരുഷനാൽ മാത്രം രക്ഷിക്കപ്പെടാൻ കഴിയുന്ന സാധാരണ യുവതിയായി മാറുകയാണ് ചലച്ചിത്രത്തിൽ ഹോളി. ചലച്ചിത്രത്തോടുള്ള വിമർശനങ്ങൾ അവിടെയും അവസാനിക്കുന്നില്ല. നോവല്ലയിൽ തീർത്തും നിരുപദ്രവകാരിയായിരുന്ന യുനിയോഷിയുടെ കഥാപാത്രത്തെ വംശീയമായി അധിക്ഷേപിക്കുന്ന രീതിയിലാണ് ബ്ലേക്ക് എഡ്‌വേഡ്സ് ചലച്ചിത്രത്തിൽ വിഭാവനം ചെയ്തിട്ടുള്ളത്. ഹാസ്യത്തിനുവേണ്ടി ചെയ്തതാവാമെങ്കിലും അര നൂറ്റാണ്ടിനിപ്പുറം ആ കാഴ്ചയിൽ ഹാസ്യം ഒരിടത്തും കാണാൻ കഴിയുന്നില്ല. അത്തരമൊരു പാത്രസൃഷ്ടിയിൽ ചലച്ചിത്രത്തിന്റെ അണിയറപ്രവർത്തകർ പലപ്പോഴായി ഖേദപ്രകടനം നടത്തിയിട്ടുണ്ടെന്നത് വിസ്മരിക്കുന്നില്ല. പക്ഷെ ചലച്ചിത്രത്തിന്റെ ആസ്വാദനത്തിനു വിഘാതമാവുംവിധം ആ കഥാപാത്രം മുഴച്ചുനിൽക്കുന്നതായി കാണാൻ കഴിയും.

 

ചലച്ചിത്രം ഏതെങ്കിലും രീതിയിൽ യഥാർത്ഥ നോവല്ലയെ കവച്ചുവയ്ക്കുന്നുണ്ടെങ്കിൽ അത് ഹെൻറി മാൻസിനിയുടെ സൗണ്ട് ട്രാക്കിലൂടെയാവും. ഓഡ്രി ഹെപ്ബേൺ തന്നെ ആലപിച്ചിരിക്കുന്ന മൂൺ റിവർ എന്ന ഗാനം ഇന്നും ഏറെപ്പേർ ഇഷ്ടപ്പെടുന്ന ഒന്നാണ്. ജീൻസും മുഴുക്കയ്യൻ ടീഷർട്ടും തലയിൽ ഒരു ടവലും ധരിച്ച് ജനൽപ്പടിയിൽ ഇരുന്ന് ഗിറ്റാർ മീട്ടിക്കൊണ്ടു പാടുന്ന ഹോളിയുടെ ദൃശ്യം അവിസ്മരണീയമാണ്. മികച്ച ഗാനത്തിനും പശ്ചാത്തലസംഗീതത്തിനുമുള്ള ഓസ്കാർ പുരസ്കാരങ്ങളും ചിത്രത്തിലൂടെ മാൻസിനി നേടുകയുണ്ടായി. കപ്പോട്ടിന്റെ പ്രശസ്തി ബ്രേക്‌ഫാസ്റ്റ് അറ്റ് ടിഫനിസിൽ ഒതുങ്ങിനിന്നില്ല. 1966 ൽ പുറത്തിറങ്ങിയ ഇൻ കോൾഡ് ബ്ലഡ് എന്ന നോൺ-ഫിക്ഷൻ നോവൽ അമേരിക്കൻ സാഹിത്യചരിത്രത്തിലെ എണ്ണം പറഞ്ഞ സൃഷ്ടികളിലൊന്നാണ്. 1959 ൽ കാൻസാസിൽ നടന്നൊരു കൂട്ടക്കൊലയെക്കുറിച്ചുള്ള വാർത്തയ്ക്കു പുറകെ സഞ്ചരിച്ച് നീണ്ട ആറു വർഷങ്ങൾ കൊണ്ട് തയാറാക്കിയ പുസ്തകം. ടു കിൽ എ മോക്കിങ്ബേഡ് എന്ന നോവലിലൂടെ പ്രശസ്തയായ ഹാർപ്പർ ലീയോടൊത്താണ് കപ്പോട്ട് ഇതിനാവശ്യമായ വിവരശേഖരണം നടത്തിയത്. ബാല്യകാലസുഹൃത്തുക്കളായിരുന്ന കപ്പോട്ടിന്റെയും ലീയുടെയും ആദ്യ നോവലുകളിൽ സുഹൃത്തിന്റെ സാദൃശ്യത്തിലുള്ള കഥാപാത്രങ്ങൾ ഉണ്ടായിരുന്നു. ടു കിൽ എ മോക്കിങ്ബേഡിലെ ഡിൽ എന്ന കഥാപാത്രം കപ്പോട്ടിന്റെ ഛായയിൽ സൃഷ്ടിച്ചതാണ്.

 

‘ബ്രേക്‌ഫാസ്റ്റ് അറ്റ് ടിഫനിസ്‌' സിനിമയിലെ രംഗം

 

അതുപോലെത്തന്നെ കപ്പോട്ടിന്റെ ആദ്യ നോവൽ അദർ വോയ്സസ് അദർ റൂംസ് ലെ Idabel Thompkins ഹാർപ്പർ ലീയുടെ പുനരാവിഷ്കാരവും. ഇൻ കോൾഡ് ബ്ലഡ് വളരെ വേഗം ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടം നേടി. പക്ഷെ അതിനുശേഷം ഒരു നോവൽ പൂർത്തിയാക്കാൻ കപ്പോട്ടിനു കഴിഞ്ഞില്ല. ആൻസേർഡ് പ്രയേഴ്‌സ് എന്ന നോവലിന്റെ പ്രസിദ്ധീകരണ സമയത്തുണ്ടായ കോലാഹലങ്ങൾ മുമ്പ് വിശദമാക്കിയിരുന്നല്ലോ. ഒരു ബൃഹദ്നോവലായി വിഭാവനം ചെയ്യപ്പെട്ടിരുന്നെങ്കിലും നാല് ചെറുഭാഗങ്ങൾ പ്രസിദ്ധീകരിച്ചുവന്നതിനുശേഷം ഉണ്ടായ പ്രശ്നങ്ങളെത്തുടർന്ന് ആ നോവൽ ഉപേക്ഷിക്കപ്പെടുകയായിരുന്നു. അതിനുകാരണം സുഹൃത്തുക്കളുടെ എതിർപ്പല്ല, മറിച്ച് തന്റെ എഴുത്തിന്റെ പൂർണ്ണത നഷ്ടമാവുന്നു എന്നതാണെന്നാണ് കപ്പോട്ട് പിന്നീട് പറഞ്ഞത്.

 

To begin with, I think most writers, even the best, overwrite. I prefer to underwrite. Simple, clear as a country creek. But I felt my writing was becoming too dense, that I was taking three pages to arrive at effects! ought to be able to achieve in a single paragraph.

 

ഹ്രസ്വവാചകങ്ങൾ കൊണ്ടുതന്നെ വിശദമായ ഒരു വാങ്മയചിത്രം സൃഷ്ടിക്കാനുള്ള ശേഷി നഷ്ടമാകുന്നു എന്നതായിരുന്നു സുഹൃത്തുക്കൾ തള്ളിപ്പറഞ്ഞതിനേക്കാൾ കപ്പോട്ടിനെ അലട്ടിയിരുന്ന പ്രശ്നം. എന്നാൽ സത്യത്തിൽ ആൻസേർഡ് പ്രയേഴ്‌സ്നു ലഭിച്ച മോശം പ്രതികരണങ്ങൾ കപ്പോട്ടിന്റെ മയക്കുമരുന്നുപഭോഗം കൂട്ടുകയാണുണ്ടായത്. എഴുപതുകളുടെ അവസാനത്തോടെ കപ്പോട്ട് റീഹാബിലിറ്റേഷൻ സെന്ററുകളിൽ നിത്യസന്ദർശകനായി മാറി. തലച്ചോറിന്റെ ഒരു ഭാഗംതന്നെ ചുരുങ്ങിപ്പോകുന്ന തരത്തിലേക്ക് അയാളുടെ ആസക്തി വളർന്നു. ഒടുവിൽ അൻപത്തൊൻപതാം വയസ്സിൽ തന്റെ സുഹൃത്തിന്റെ വീട്ടിൽ വെച്ച് മരണപ്പെടുമ്പോൾ ഇനിയും ഏറെ അത്ഭുതങ്ങൾ അയാളുടെ തൂലികയിൽ ബാക്കിയായിരുന്നു. നിശ്ചിത ഇടവേളകളിൽ അപ്രകാശിതമായ കയ്യെഴുത്തുപ്രതികൾ കണ്ടെടുക്കപ്പെട്ടുകൊണ്ടിരുന്നതിനാൽ മരണശേഷവും പുതിയ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന എഴുത്തുകാരനായി തുടരുവാനുള്ള ഭാഗ്യം മറ്റനേകരെപ്പോലെ കപ്പോട്ടിനും കൈവന്നു. അപ്പോഴും അനിതരസാധാരണമായ രചനാവൈഭവത്തിനുടമയായിരുന്ന, തന്റെ ക്രാഫ്റ്റ് പുതുക്കാൻ നിരന്തരം ശ്രമിക്കുമായിരുന്ന ഒരാൾ ജീവിതം നീട്ടിക്കിട്ടിയിരുന്നെങ്കിൽ എഴുതുമായിരുന്ന കഥകൾ അതിലും എത്രയോ മികച്ചതായിരുന്നേനെ.

 

 

 

 

 

 

Leave a comment