മധു മാഷ്: സ്നേഹാഭിനിവേശങ്ങളുടെ രാഷ്ട്രീയവും നാടകവും
Photo : Facebook
മധു മാസ്റ്ററുടെ വിളിപ്പേരില്‍ എനിക്കെന്നുമൊരു സന്ദേഹമുണ്ടായിരുന്നു. മാഷെന്ന് വേണോ ? മാസ്റ്ററെന്ന്
വേണോ ? മാസ്റററില്‍ ബഹുമാനമുണ്ട്. മാഷില്‍ സ്നേഹം ചേരുംപടിചേരും. അങ്ങനെയാണ് ഞാന്‍ മാഷില്‍ ഉറച്ചത്. രണ്ടാമത്തേത് എങ്ങിനെ വന്നുവെന്ന് പലവട്ടം ആലോചിച്ചിട്ടുണ്ട്. അങ്ങനെയാണ് മധുമാസ്റ്ററുടെ സ്വത്വത്തിലേക്ക് ഞാന്‍ കടന്നത്. ധാരാളമായി കൊടുത്തതായിരുന്നു മാഷ് തിരിച്ചെടുത്തത്. വ്യക്തിനിഷ്ഠമായ സ്നേഹാഭിനിവേശങ്ങളുടെ പുറത്തേക്കുള്ള സഞ്ചാരമായിരുന്നു മാഷ്. അങ്ങനെയാണ് മാഷുടെ കലാപ്രവര്‍ത്തനങ്ങള്‍ സമരതീക്ഷണമായത്.
ആധുനിക നാടകപ്രസ്ഥാനത്തിന്‍റെ ആരംഭത്തില്‍ മാഷുണ്ടെന്ന് അയ്യപ്പപണിക്കര്‍ എഴുതിയിരുന്നു. ബ്രഹ്തിയന്‍ നാടകധാരയുടെ മലയാളപാഠം മാഷ് തുടങ്ങി വെച്ചെന്നായിരുന്നു സാരം. അപ്പോള്‍ ഒരു അക്കാദമിക ബൗദ്ധിക തലത്തിന്‍റെ സാന്നിധ്യം മാഷില്‍ ആരോപിച്ചെടുക്കാം. ഇല്ലായിരുന്നു, ഒട്ടുമേ. പിന്നെന്തായിരുന്നു ഈ രസതന്ത്രം. ഉത്തരം മലയാള നാടക അരങ്ങിലെ ഈ മാഷായിരുന്നു. ഒരുതരം ഓര്‍ഗാനിക് കലാപ്രവര്‍ത്തന പദ്ധതിയായിരുന്നു ഇത് ജീവിച്ചുപോകുന്ന സാമൂഹ്യ, രാഷ്ട്രീയ പരിസരത്തിലേക്ക് സങ്കലനപ്പെടുക, അതിന്‍റെ പരിഹാരങ്ങളിലേക്ക് കലാപദ്ധതിയെ വിളക്കി ചേര്‍ക്കുക. അപൂര്‍വമായ പ്രതിഭയുടെ വെളിച്ചത്തിലേ ഇത് നടക്കൂ.
അറുപതുകളുടെ പകുതിയും എഴുപതുകളുടെ തുടക്കവും കേരളമങ്ങനെ കത്തി നില്‍ക്കുകയായിരുന്നു.
മുഖ്യധാരാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുണ്ടാക്കിയ നിരാശയും ലോകകമ്യൂണിസ്റ്റ് ക്രമങ്ങളിലെ ചില്ലറ വെളിച്ചങ്ങളും ചേര്‍ന്ന് കേരളമങ്ങനെ സമരസന്നദ്ധമായപ്പോള്‍ മധുമാഷുണ്ടായി. മാഷെ പോലെ ഒട്ടേറെ പേര്‍. ചിന്താപദ്ധതികളില്‍ തീ കോരിയിട്ടവര്‍. എ സോമന്‍, കോഴിക്കോട്ടെ സേതു, രാമചന്ദ്രന്‍ മൊകേരി, ജോയ് മാത്യു, അമ്മത്, ഒഡേസ, അമ്മ അറിയാന്‍, കൈ കോര്‍ക്കാന്‍ മനുഷ്യരാവുകയെന്നായിരുന്നു കാഴ്ചയും മുദ്രാവാക്യവും. നക്സല്‍ പ്രസ്ഥാനങ്ങളും ജനകീയ സാംസ്കാരികവേദിയും അതുല്‍പ്പാദിപ്പിച്ച നീതി ബോധവും ചേര്‍ത്തെടുത്തായിരുന്നു മധുമാഷ് അരങ്ങുകള്‍ക്ക് തീ കൊളുത്തിയത്. സിവിക്കും സുരാസുവുമൊക്കെ പലധാരകളായി ഒരു മനോഭാവത്തില്‍ ഒന്നിക്കുന്നുണ്ടായിരുന്നു. സ്പാര്‍ട്ക്കസും അമ്മയുമെല്ലാം. ആഗോളമായ ഒരു കലാപദ്ധതിയില്‍ നിന്ന് മാഷ് കൊളുത്തിയെടുത്ത സമരഗാഥകളായിരുന്നു. എഴുത്തിന്‍റെ കയ്യടക്കത്തില്‍ നിന്ന് ഫോമിന്‍റെ അപാരമായ സാധ്യതകളിലേക്ക് മാഷ് നാടകവേദിയെയും നടപ്പുരാഷ്ട്രീയ സന്ദേഹങ്ങളെയും കൊളുത്തിയിട്ടു. അക്കാദമികമായ പരിമിതികളെയാകെ സംഘബലത്തിലും ജൈവമായ പ്രതിഭാ വിളയാട്ടത്തിലും സമരസപ്പെടുത്തിയെടുത്ത് മാഷ്
അതിജീവിച്ചു.
കോഴിക്കോട്ടെ തെരുവോരത്തും ബേപ്പൂരിലെ സ്കൂള്‍ പരിസരത്തൂം ടൗണ്‍ഹാളിലെ വെള്ളി വെളിച്ചത്തും ഒരേ വൈഭവത്തോടെ മാഷ് നാടകം കെട്ടിപ്പടുക്കുമായിരുന്നു. എന്നുവെച്ചാല്‍, പരിപൂര്‍ണമായും ഒരു സാമൂഹ്യ ജീവിയായി മാഷ് കലാജീവിതത്തെ പരിവര്‍ത്തനപ്പെടുത്തിയിരുന്നുവെന്ന് സാരം. ചുറ്റുമുള്ളവരെ ഒരു നിമിഷത്തിലെ തന്‍റെ പ്രവര്‍ത്തനപദ്ധതിയിലേക്ക് ചേര്‍ത്തുനിറുത്തുന്ന കണിശമായ മാനുഷികഭാവം. അടിമുടി രാഷ്ട്രീയമായിരുന്നു മാഷ്. അത് കലര്‍പ്പില്ലാത്ത ഇടതുബോധ്യവുമായിരുന്നു. പാര്‍ട്ടി ഘടനകളുടെ പുറത്തേക്ക് രാഷ്ട്രീയഭാ വത്തിന്‍റെ സമരരൂപം പ്രസരിപ്പിച്ച ശുദ്ധമാനസം. ബോധാബോധങ്ങളുടെ അതിരുകള്‍ അലിഞ്ഞു കൊണ്ടിരുന്നപ്പോഴും ഓര്‍മയുടെ അടരുകളില്‍ ചോര്‍ച്ച വീണു തുടങ്ങിയപ്പോഴും ഒരു കറ്റവെളിച്ചത്തില്‍ ഈ ബോധ്യമങ്ങനെ ഇടയ്ക്കിടെ മാഷില്‍ മിന്നി ത്തെളിയുമായിരുന്നു.
സ്നേഹാനന്ദങ്ങളുടെ മാഷ്ത്തം മാറ്റി നിറുത്തിയാലും മാഷ് തൊഴില്‍ പരമായി മാഷ് തന്നെയായിരുന്നു. എന്നു വെച്ചാല്‍ സ്കൂള്‍ അധ്യാപകന്‍. തൊഴിലിടത്തിലൊരിടത്തും മാഷുടെ ഇരട്ടപ്രവര്‍ത്തനപദ്ധതി
സംഘര്‍ഷങ്ങളുണ്ടാക്കിയിരുന്നില്ല. അത്രയും ശുദ്ധനായിരുന്നു ഈ മനുഷ്യന്‍. പക്ഷെ, കാഴ്ചയിലൊരു വൈരുദ്ധ്യം പ്രകടവുമായിരുന്നു. അലസസുന്ദരമായി ഒഴുകി പരന്ന താടിയും മുടിയും എന്തിനെയോ പിടി കൂടാന്‍ പോകുന്ന തിരക്കിട്ട നടത്തം. അരാജകമോടിയുടെ മുണ്ടും കുപ്പായവും മാഷുടെ സ്വത്വത്തെ അത്രയും സുന്ദരമാക്കിയിരുന്നു. സദാ കലാപ സന്നദ്ധമായിരുന്ന മനസ്സിനെ മറച്ചുവെക്കാതെ തന്നെ മാഷ് പൊതുവിടങ്ങളില്‍ ഇടപെടുമായിരുന്നു. ഒഴിവുകഴിവുകളില്ലാത്ത ഒരു ശുദ്ധസ്വരൂപത്തിന്‍റെ പേരായിരുന്നു മധുമാഷ്. മാഷും സംഘവും തീ കൊളുത്തിയ കാലത്തില്‍ നിന്ന് നീതി ബോധത്തിന്‍റെയും സംഘഗാനങ്ങളുടെയും അടരുകള്‍ അഴിയുന്നതില്‍ ഈ കലാകാരന്‍ ഖിന്നനാവുന്ന വര്‍ഷങ്ങളായിരുന്നു അവസാനത്തേത്. കോഴിക്കോട്ടെ തെരുവുകള്‍ ഒരു കാലം സ്വന്തമാക്കിയിരുന്ന മാഷ്, ഇവിടം അന്യമായി പോയ ഒരു മാനസിക ഭാവത്തിലേക്ക് മാറി പോയിരുന്നു. ഇടയ്ക്ക് ജോയി മാത്യു ഒരുക്കിയ ഒരു കൂട്ടായ്മയില്‍ മിന്നി മറഞ്ഞ മാഷ്, ചേളന്നൂരിലെ വീട്ടിലേക്ക് സ്വയം തിരസ്കൃതനാവുകയായിരുന്നു.
മരണത്തിന് പോലും മാറ്റിയെടുക്കാനാവാത്ത മനോഹരങ്ങളായ ജീവിതങ്ങളാണ് പ്രതിഭകളുടേത്. ജീവിച്ചു
തീര്‍ത്തത്രയും വര്‍ഷങ്ങളുടെ ഗരിമയും സൗന്ദര്യവുമാണത്. സ്വയം മറന്നും സഹജീവികളുടെ ജീവിതങ്ങളിലേക്ക് ചേര്‍ത്തു വെക്കുന്ന ജീവിതവര്‍ഷങ്ങളാണത് സാധ്യമാക്കുന്നത്. ഈ അച്ചാരം തിരിച്ചേല്‍പ്പിച്ചാണ് മാഷ് പോകുന്നത്. അര്‍ഹരായവര്‍ ഇതിനെ വീണ്ടും കൈപ്പറ്റട്ടെ. അല്ലെങ്കില്‍ അര്‍ഹിക്കുന്നവര്‍ ധാരാളമായി ഉണ്ടാവട്ടെ .