മലയാളത്തിന്റെ ചിരി
ദുഷ്ടനെ പനപോലെ വളർത്തും എന്നാണ്, അതുകൊണ്ട് കർത്താവ് തന്നെ ഇപ്പോഴൊന്നും കൊണ്ടുപോകില്ലെന്ന് ഇന്നസെന്റ് തമാശ പറയുമായിരുന്നു. ജീവിതത്തിന്റെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിൽ ആ തമാശ പറയാൻ ഇന്നസെന്റിനു മാത്രമേ സാധിക്കൂ. ജീവിതം പലപ്പോഴും അദ്ദേഹത്തിന് മുന്നിൽ വിലങ്ങുതടിയായി നിന്നിട്ടുണ്ട്. അദ്ദേഹം അതൊക്കെ മറികടന്നത് സഹജമായ തമാശകൊണ്ടാണ്. ആദ്യ കാലത്ത് മദ്രാസിലെ വീട്ടിൽ വൈദ്യുതി പോലുമില്ലാതെ കഴിയുമ്പോഴും തമാശ കൊണ്ടാണ് ആ ജീവിതം അദ്ദേഹം ആസ്വാദ്യകരമാക്കിയത്. മദ്രാസിലായിരിക്കുമ്പോൾ മകന് ഒന്നാം ക്ലാസിൽ ഫസ്റ്റ് റാങ്ക്
കിട്ടി, താനതിൽ ഏറെ വിഷമിച്ചു കാരണം തന്റെ മകനാണെങ്കിൽ അവനത് കിട്ടില്ല, പിന്നീട് ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ അവൻ രണ്ടു തവണ തോറ്റു, അന്ന് അവൻ എന്റെ മകൻ തന്നെ എന്നു പറഞ്ഞ് ഞാൻ തുള്ളിച്ചാടി എന്ന് ഇന്നസെന്റ് പറയുകയുണ്ടായി. ഇങ്ങനെ പറയാൻ സാധിക്കുന്ന പിതാവ് ഒരു പക്ഷേ ഇന്നസെന്റ് മാത്രമായിരിക്കും.
ലോനപ്പൻ നമ്പാടൻ മന്ത്രിയായിരുന്ന കാലം, ദൂരദർശനിൽ അദ്ദേഹം ഇന്നസെന്റിന്റെ ഒരു ഇന്റർവ്യു ചെയ്തു. താങ്കളെ പോലെ ഒരു സാധാരണ സിനിമാക്കാരനെ എന്നെ പോലൊരു മന്ത്രി ഇന്റർവ്യു ചെയ്യുമ്പോൾ തനിക്ക് മതിപ്പ് തോന്നുന്നില്ലേ എന്ന് മന്ത്രി ചോദിച്ചു, എനിക്ക് ഒരു തേങ്ങയും തോന്നുന്നില്ല എന്ന് ഇന്നച്ചൻ മറുപടി കൊടുത്തു. ഇന്നച്ചന് മാത്രം പറയാൻ കഴിയുന്ന, ഇന്നച്ചൻ പറഞ്ഞാൽ മാത്രം തമാശയാകുന്ന ചിലതുണ്ടായിരുന്നു. എവിടെയും ഏതു സമയത്തും തമാശ പറയാൻ ലൈസൻസുള്ള ഒരാളുകൂടിയാണ് ഇന്നസെന്റ്. ആ തമാശകൾ ഒരിക്കലും മലയാളികൾക്ക് അരോചകമായി തോന്നിയില്ല.
വേദനകളെല്ലാം നർമ്മത്തിൽ പൊതിഞ്ഞ ജീവിതമാണ് കാൻസർ വാർഡിലെ ചിരി എന്ന പുസ്തകത്തിൽ ഇന്നസെന്റ് വരച്ചു വെച്ചത്. പേരിലേതു പോലെ തന്നെ സത്യസന്ധമായ നിഷ്‌ക്കളങ്ക ജീവിതമായിരുന്നു ഇന്നസെന്റിന്റേത്. ബിസിനസുകാരനായാണ് ജീവിതം തുടങ്ങിയതെങ്കിലും ബിസിനസിൽ നഷ്ടങ്ങൾ മാത്രമേ അന്നുണ്ടായിട്ടുള്ളു. സിനിമ സ്വപ്നം കണ്ട് കോടമ്പാക്കത്തേക്ക് വണ്ടികയറിയപ്പോൾ പ്രസിദ്ധനായ ഒരു നടനാവുക എന്നു തന്നെയായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. സിനിമയിൽ അഭിനയിക്കുന്നതിനു മുൻപ് ജീവിതത്തിൽ എത്രയോ അധികം വേഷങ്ങൾ അദ്ദേഹം എടുത്തണിഞ്ഞിട്ടുണ്ട്. സ്റ്റേഷനറിക്കട നടത്തിയും തീപ്പെട്ടി കമ്പനി നടത്തിയും വോളിബോൾ ടീം മാനേജരായുമൊക്കെ അദ്ദേഹം ജീവിച്ചിട്ടുണ്ട്. ഒരേ ക്ലാസിൽ തന്നെ വീണ്ടും വീണ്ടും ഇരുന്നായിരുന്നു അദ്ദേഹത്തിന്റെ പഠനം, തോൽവി അന്നും ഇന്നച്ചനെ നിരുത്സാഹപ്പെടുത്തിയിട്ടില്ല. 'ഇന്നസെന്റേ ഇനി നീ പഠിക്കണ്ട. പഠിപ്പു തുടർന്നാൽ നിന്റെ അനിയൻ നിന്റെ ക്ലാസിൽ വരും. അത് നിനക്ക് ബുദ്ധിമുട്ടാവും' എന്ന് അപ്പൻ പറഞ്ഞതിൽ പിന്നെ അദ്ദേഹം സ്‌കൂളിൽ പോയിട്ടില്ല. വീട്ടിലിരുന്ന് മുഷിഞ്ഞപ്പോഴാണ് ഇരിങ്ങാലക്കുടയിൽ ഇന്നസെന്റ് ഏജൻസീസ് എന്ന കടയിടുന്നത്. അതുകഴിഞ്ഞ് തീപ്പെട്ടിക്കമ്പനി തുടങ്ങി. തീപ്പെട്ടി നിർമ്മാണത്തിനുള്ള സാധനങ്ങൾ വാങ്ങാൻ ശിവകാശിയിൽ പോകേണ്ടി വന്നപ്പോഴെല്ലാം ഇന്നച്ചൻ മദ്രാസിലൂടെയും അലഞ്ഞു. സിനിമയിൽ വല്ല സാധ്യതയും ഉണ്ടോ എന്നന്വേഷിക്കാനായിരുന്നു ആ ചുറ്റിക്കറങ്ങൽ.
അവിടെ നിന്നാണ് മലയാളത്തിലെ പകരക്കാരനില്ലാത്ത അഭിനേതാവായി ഇന്നസെന്റ് മാറുന്നത്. 1972 സെപ്റ്റംബർ 9 ന് റിലീസ് ചെയ്ത നൃത്ത ശാലയിലൂടെയാണ് ഇന്നസെന്റിന്റെ കടന്നു വരവ്. തുടർന്ന് നെല്ല്, ജീസസ്, ഉർവശിഭാരതി തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തു. 1980കളോടെ കൈ നിറയെ സിനിമകൾ അദ്ദേഹത്തെ തേടിയെത്തി. പ്രിയദർശന്റെ കിലുക്കത്തിലെ കിട്ടുണ്ണിയെ അറിയാത്ത ഒരാൾ പോലും ഈ നാട്ടിലില്ല. അദ്ദേഹത്തിന്റെ കോമിക് ടൈമിംഗും രസകരമായ വൺ ലൈനറുകളും സിനിമയെ എക്കാലത്തെയും വലിയ ഹിറ്റാക്കി. മലയാളത്തിലെ എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായി കിലുക്കം മാറി. സത്യൻ അന്തിക്കാട് സംവിധാനം നിർവഹിച്ച 'നാടോടിക്കാറ്റ്' (1987) എന്ന ചിത്രത്തിലും ഇന്നസെന്റ് ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. അദ്ദേഹത്തിന്റെ വേഷം ഇതിവൃത്തത്തിൽ നിർണായകമായിരുന്നു. കൂടാതെ, സ്വാഭാവികവും നർമ്മം കലർത്തിയുമുള്ള അഭിനയത്തിന് അദ്ദേഹത്തിന് വിപുലമായ അംഗീകാരം ലഭിച്ചു. നാടോടിക്കാറ്റ് ഒരു ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറുകയും ഒരു കൾട്ട് ക്ലാസിക് ആയി മാറുകയും ചെയ്തു. അതുപോലെ റാംജിറാവു സ്പീക്കിങ്, മാന്നാർ മത്തായി സ്പീക്കിങ് എന്നീ സിനിമകളിൽ അദ്ദേഹത്തിന്റെ പ്രകടനം സൂക്ഷ്മത നിറഞ്ഞതും മലയാളികളെ ഒന്നടങ്കം സ്വാധീനിച്ചതുമായിരുന്നു. ചെയ്ത കഥാപാത്രങ്ങൾ എല്ലാം തന്നെ അദ്ദേഹം അവിസ്മരണീയമാക്കി. സിനിമയിൽ മാത്രമല്ല രാഷ്ട്രീയത്തിലും തന്റെ സജീവ സാന്നിധ്യം അദ്ധേഹം നിലനിർത്തി. 1970കളിൽ റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടിയുടെ തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്ന ഇന്നസെന്റ് 1979-ൽ റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടിയുടെ പിന്തുണയുള്ള സ്ഥാനാർത്ഥിയായി ഇരിഞ്ഞാലക്കുട മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ആ തെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തിരുന്നു. പിന്നീട് 2014ൽ ചാലക്കുടി ലോകസഭാമണ്ഡലത്തിൽ എൽഡിഎഫ് പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥിയായി, യുഡിഎഫ് സ്ഥാനാർത്ഥി പി സി ചാക്കോയ്ക്കെതിരെ മത്സരിച്ചു വിജയിച്ചു. 2019ൽ വീണ്ടും ചാലക്കുടി ലോകസഭാമണ്ഡലത്തിൽ എൽഡിഎഫ് മുന്നണിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാനെതിരെ മത്സരിച്ചു എന്നാൽ വിജയിച്ചില്ല.
വിജയപരാജയങ്ങൾ എന്നും ജീവിതത്തിന്റെ ഭാഗമായിരുന്ന ഇന്നസെന്റ് വിടവാങ്ങുകയാണ്. എൺപതുകളിലും തൊണ്ണൂറുകളിലുമുള്ള മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന ആ നടനെ മലയാളികൾക്ക് മറക്കുക പ്രയാസകരമാണ്. നടനായും നല്ലൊരു മനുഷ്യനായും ജീവിച്ചു കാണിച്ച അദ്ദേഹം ഓരോ മലയാളി മനസിലും തനിക്കായി ഒരിടമുണ്ടാക്കിയാണ് കടന്നു പോകുന്നത്. അത് തന്നെയാകാം അദ്ദേഹത്തിന്റെ വിജയവും.