മല്ലികാര്‍ജുന്‍ ഖാര്‍ഗെ; തോല്‍വിയറിയാത്ത നേതാവ്
ILLUSTRATION: SAVINAY SIVADAS / TMJ
രാജ്യസഭ അംഗവും കര്‍ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഇതോടെ, രണ്ട് ദശാബ്ദങ്ങള്‍ക്ക് ശേഷം ഗാന്ധി കുടുംബത്തിന് പുറത്തുള്ള ഒരാള്‍ രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്ത് എത്തി. കര്‍ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവും 2009 മുതല്‍ ദേശീയ രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇനിയുള്ള നാളുകളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കും. നിലവില്‍ കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭ അംഗമാണ് ഖാര്‍ഗെ. തിരുവനന്തപുരം എം പി ശശി തരൂരിനെയാണ് ഖാര്‍ഗെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയത്. 9,500ല്‍ അധികം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഡെലിഗേറ്റുകളില്‍ 8000ത്തോളം പേര്‍ ഖാര്‍ഗെയ്ക്ക് വോട്ട് രേഖപ്പെടുത്തിയപ്പോള്‍ തരൂരിന് നേടാനായത് 1000ല്‍ അധികം വോട്ടുകള്‍ മാത്രമാണ്. 17ന് നടന്ന തെരഞ്ഞെടുപ്പില്‍ പിസിസി ഡെലിഗേറ്റുകളില്‍ 96% പേരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വോട്ട് രേഖപ്പെടുത്തിയിരുന്നു.
1969 മുതല്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ വിശ്വസ്തനായ സഹചാരിയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. 27 വയസ്സുള്ള ഖാര്‍ഗെയെ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയായിരുന്ന ഡി ദേവരാജ് അര്‍സ് ആണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗമാകാന്‍ ക്ഷണിക്കുന്നത്. ഇന്ന് 80-ാം വയസ്സില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന ഇന്ത്യയുടെ 'ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടിയുടെ' അധ്യക്ഷനാകുമ്പോള്‍, ഖാര്‍ഗെ എന്ന കോണ്‍ഗ്രസുകാരന്റെ രാഷ്ട്രീയ യാത്ര പിന്നിടുന്ന മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടിയാവുകയാണ് അത്. 1972 ല്‍ ആദ്യമായി എം എല്‍ എ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷം തുടര്‍ച്ചയായി പത്ത് തെരഞ്ഞെടുപ്പുകള്‍ അദ്ദേഹം ജയിച്ചു; എട്ടെണ്ണം നിയമസഭയിലേക്കും, രണ്ട് തവണ ലോകസഭയിലേക്കും. ചുരുക്കത്തില്‍, തെരഞ്ഞെടുപ്പ് വിജയങ്ങളുടെ നീണ്ട ചരിത്രവുമായാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള ഖാര്‍ഗെയുടെ വരവ്. വിജയം തുടര്‍ക്കഥയാക്കിയ ഈ രാഷ്ട്രീയക്കാരന്‍ 'സോലില്ലദ സര്‍ദാര' അഥവാ തോല്‍വിയറിയാത്ത നേതാവ് എന്നാണ് കര്‍ണാടക രാഷ്ട്രീയത്തില്‍ അറിയപ്പെടുന്നത്.
50 വര്‍ഷത്തിലധികമായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഖാര്‍ഗെയുടെ നേതൃപാടവവും അനുഭവസമ്പത്തും ബിജെപി-ആര്‍എസ്എസ് കൂട്ടുകെട്ടില്‍ നിന്ന് ഉയര്‍ന്ന് വരുന്ന പുത്തന്‍ വെല്ലുവിളികളെ നേരിടുന്നതില്‍ പാര്‍ട്ടിക്ക് കരുത്താകുമെന്ന് കരുതുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധികാര കേന്ദ്രമായ ഗാന്ധി കുടുംബത്തോടുള്ള ഖാര്‍ഗെയുടെ ബന്ധവും ഇക്കാര്യത്തില്‍ ഉപകാരപ്രദമാകുമെന്ന് കരുതുന്നു. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ തന്നെ ഖാര്‍ഗെയുടെ വിജയം ഉറപ്പിച്ചിരിക്കുകയായിരുന്നു പാര്‍ട്ടി അണികളില്‍ ഏറെയും. സോണിയ ഗാന്ധിയുടെ രഹസ്യമായ പിന്തുണയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വവും ഖാര്‍ഗെയും ഇക്കാര്യം നിഷേധിക്കുകയാണ് ഉണ്ടായത്.
ബുദ്ധ ധര്‍മ്മത്തോടൊപ്പം കോണ്‍ഗ്രസ് രാഷ്ട്രീയത്തെയും സ്വന്തം ജീവിതത്തോട് ഏറ്റവും ചേര്‍ത്ത് പിടിക്കുന്നയാളാണ് ഖാര്‍ഗെ. കോൺഗ്രസിന്റെ ഏറ്റവും പ്രമുഖനായ ദളിത് നേതാവ് എന്ന് അറിയപ്പെടുമ്പോഴും, താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന് അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്ന് ഖാര്‍ഗെ വ്യക്തമാക്കുന്നു. ചുരുക്കി പറഞ്ഞാല്‍ 80 വയസ്സുള്ള ഖാര്‍ഗെയിലൂടെ ബഹുമുഖ പ്രതിഭയായ ഒരു നേതാവിനെ അധ്യക്ഷ സ്ഥാനത്ത് എത്തിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ഒരുപക്ഷെ പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലത്തിലൂടെയാണ് കോണ്‍ഗ്രസ് കടന്നു പോകുന്നത്. ഈ സാഹചര്യത്തില്‍ സമ്പന്നമായ അനുഭവ പരിചയവും തെളിയിക്കപ്പെട്ട സംഘാടന മികവുമുള്ള ഒരാളെ അധ്യക്ഷനാക്കുക എന്നതാണ് ഏറ്റവും യുക്തിപരമെന്ന് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത പിസിസി ഡെലിഗേറ്റുകള്‍ ചിന്തിച്ചിരിക്കണം. ഗാന്ധി കുടുംബത്തോട് വളരെ നല്ല ബന്ധം സൂക്ഷിക്കുന്നയാളുമാണ് ഖാര്‍ഗെ. ബിജെപിയുടെ രൂപത്തില്‍ എതിര്‍പക്ഷം അതിശക്തമായിരിക്കുന്ന ഈ കാലത്ത് ഗാന്ധി കുടുംബവും പാര്‍ട്ടി നേതൃത്വവും തമ്മില്‍ എതെങ്കിലും തരത്തിലുള്ള തര്‍ക്കമുണ്ടായാല്‍ അത് പാര്‍ട്ടിക്ക് താങ്ങാവുന്നതിലും അപ്പുറമാവും. ഖാര്‍ഗെ അമരത്ത് എത്തുന്നതോടെ അത്തരമൊരു സാഹചര്യം ഒഴിവാക്കാനും കഴിയുമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ കരുതുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ പലകുറി അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചയാളുമാണ് ഖാര്‍ഗെ. മുഖ്യമന്ത്രി സ്ഥാനം ഖാര്‍ഗെയില്‍ നിന്ന് മൂന്ന് തവണയെങ്കിലും വഴുതി പോവുകയും ചെയ്തു.
ദേശീയ രാഷ്ട്രീയത്തിലേക്ക്
വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ആരംഭിച്ച്, ട്രേഡ് യൂണിയന്‍ നേതാവായും പിന്നീട് കര്‍ണാടക രാഷ്ട്രീയത്തില്‍ സജീവ സാന്നിധ്യവുമായി മാറിയ ഖാര്‍ഗെ ഇന്ന് അറിയപ്പെടുന്നത് കോണ്‍ഗ്രസിന്റെ ദേശീയ നേതാവ് എന്ന നിലയിലാണ്. 2009 ലാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ദേശീയ രാഷ്ട്രീയത്തിലേക്ക് നീങ്ങുന്നത്. ലോകസഭ തെരഞ്ഞെടുപ്പില്‍ തിളക്കമുള്ള വിജയം നേടിയ ഖാര്‍ഗെ, രണ്ടാം യുപിഎ സര്‍ക്കാരില്‍ തൊഴില്‍ വകുപ്പ് മന്ത്രിയായി. തുടര്‍ന്ന് റെയില്‍വെ, സാമൂഹ്യ നീതി എന്നീ വകുപ്പുകളും ഖാര്‍ഗെ വഹിക്കുകയുണ്ടായി. എന്നാല്‍, 2014 ല്‍ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ പരാജയത്തിന്റെ ചൂടറിഞ്ഞു. രണ്ട് തവണ അധികാരത്തിലിരുന്ന കോണ്‍ഗ്രസ് ആകട്ടെ 44 സീറ്റുകളിലേക്ക് ചുരുങ്ങുകയും ചെയ്തു. ഗുല്‍ബര്‍ഗ ലോകസഭ മണ്ഡലത്തില്‍ നിന്ന് രണ്ടാമതും വിജയിച്ച് ലോകസഭയിലെത്തിയ ഖാര്‍ഗെയെ വലിയ ഉത്തരവാദിത്തമാണ് കാത്തിരുന്നത്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ഖാര്‍ഗെ അവരോധിക്കപ്പെട്ടു. മഹാഭാരതത്തെ ഉപമിച്ച്, എണ്ണത്തില്‍ കുറവാണെങ്കിലും 100 കൗരവരെ കണ്ടാലും ഭയപ്പെടാത്ത പാണ്ഡവരെ പോലെയാണ് തങ്ങള്‍ എന്ന് ഖാര്‍ഗെ പ്രഖ്യാപിക്കുകയും ചെയ്തു. സ്ഫുടമായി ഹിന്ദി സംസാരിക്കുന്ന ഖാര്‍ഗെ മികച്ച പാര്‍ലമെന്റേറിയന്‍ എന്ന പേരും സമ്പാദിക്കുകയുണ്ടായി. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുകയും ചെയ്തു.
2019 ല്‍ പക്ഷെ ഖാര്‍ഗെയുടെ 'സോലില്ലദ സര്‍ദാര' എന്ന വിളിപ്പേരിന് വിള്ളലേറ്റു. മോദി തരംഗത്തില്‍ കര്‍ണാടകയും മുങ്ങിയപ്പോള്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്ന തോല്‍വിയറിയാത്ത നേതാവും പരാജയത്തിന്റെ ചൂടറിഞ്ഞു. ബിജെപിയുടെ ഉമേഷ് ജാധവില്‍ നിന്ന് അദ്ദേഹം പരാജയം ഏറ്റുവാങ്ങി. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി, കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗമായി ഖാര്‍ഗെയെ തെരഞ്ഞെടുത്തു. രാജ്യസഭയിലും, പ്രതിപക്ഷ നേതാവെന്ന നിലയില്‍, ബിജെപിക്ക് എതിരായ മൂര്‍ച്ചയേറിയ ആക്രമണങ്ങള്‍ക്ക് ഖാര്‍ഗെ നേതൃത്വം നല്‍കി വരുന്ന സമയത്താണ് പാര്‍ട്ടിയെ ആകെ നയിക്കാനുള്ള നിയോഗം ഖാര്‍ഗെയെ തേടിയെത്തുന്നത്. ഒരാള്‍ക്ക് ഒരു പദവി എന്ന കോണ്‍ഗ്രസിന്റെ ഉദയ്പൂര്‍ പ്രഖ്യാപനത്തിലെ നയം ഉള്‍ക്കൊണ്ട്, രാജ്യസഭ പ്രതിപക്ഷ സ്ഥാനം രാജിവെച്ച ശേഷമാണ് ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്.
അധ്യക്ഷ സ്ഥാനം തെക്കേ ഇന്ത്യയിലേക്ക്
സ്വാതന്ത്ര്യം ലഭിച്ച ശേഷം തെക്കേ ഇന്ത്യയില്‍ നിന്നുള്ള ആറാമത്തെ കോണ്‍ഗ്രസ് അധ്യക്ഷനാണ് ഖാര്‍ഗെ. ബി പട്ടാഭി സീതാരാമയ്യ, എന്‍ സഞ്ജീവ റെഡ്ഡി, കെ കാമരാജ്, എസ് നിജലിംഗപ്പ, പി വി നരസിംഹറാവു എന്നിവരാണ് ഖാര്‍ഗെയുടെ മുൻഗാമികൾ. മാത്രമല്ല രണ്ട് ദശാബ്ദത്തില്‍ അധികമായി ഗാന്ധി കുടുംബത്തിന് പുറത്തുള്ള ആരും തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയിട്ടില്ല. തെരഞ്ഞെടുപ്പില്‍ മുഖ്യ എതിരാളിയായിരുന്ന ശശി തരൂരിന്റെ തട്ടകമായ കേരളത്തില്‍ നിന്ന് പോലും പിസിസി ഡെലിഗേറ്റുകള്‍ ഖാര്‍ഗെയെ പിന്തുണയ്ക്കുകയുണ്ടായി. രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ ഖാര്‍ഗെയുടെ പ്രചാരണ ക്യാംപെയ്നുകളില്‍ സജീവമായി പങ്കെടുത്തിരുന്നു. തെക്കേ ഇന്ത്യയിലെ ബഹുഭൂരിപക്ഷം കോണ്‍ഗ്രസ് നേതാക്കളുടെയും പിന്തുണയോടെയാണ് ഖാര്‍ഗെ അധ്യക്ഷ സ്ഥാനത്തേക്കെത്തുന്നത്.
ഉത്തരേന്ത്യക്കാരനായ നേതാവാകും അധ്യക്ഷ സ്ഥാനത്തേക്ക് വരിക എന്ന ധാരണ തെരഞ്ഞെടുപ്പിന് മുന്നെ ഉണ്ടായിരുന്നു. എന്നാല്‍, ഉത്തരേന്ത്യ ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലും, ദേശീയ തലത്തിലും പാര്‍ട്ടി പ്രവര്‍ത്തനത്തെ ഏകോപിപ്പിക്കാന്‍ കഴിവുള്ള നേതാവാണ് ഖാര്‍ഗെ എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ ഏറ്റവും പഴക്കമേറിയ രാഷ്ട്രീയ പാര്‍ട്ടിയുടെ അധ്യക്ഷനായി ഉയര്‍ന്നിരിക്കുന്ന ഖാര്‍ഗെയുടെ രാഷ്ട്രീയത്തിലെ വളര്‍ച്ച അധ്വാന ശീലനായ അദ്ദേഹം സ്വയം ആര്‍ജിച്ചെടുത്തതാണ് എന്നാണ് മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. മതേതരത്വത്തിലും, ബഹുസ്വരതയിലും അടിയുറച്ച നിലപാടുകളാണ് ഖാര്‍ഗെയുടേത്. ആര്‍എസ്എസ്-ബിജെപി, മോദി-ഷാ കൂട്ടുകെട്ടുകളെ നേരിടുന്നതില്‍ ഖാര്‍ഗെയുടെ ഉറച്ച ബോധ്യങ്ങളും വിശാലമായ അനുഭവ സമ്പത്തും ഏറെ സഹായകരമാകുമെന്നാണ് പ്രതീക്ഷ.
വെല്ലുവിളികള്‍
അധ്യക്ഷ സ്ഥാനം ഏറ്റെടുത്തയുടന്‍ വലിയ വെല്ലുവിളികളാണ് കോണ്‍ഗ്രസിന്റെ ഈ സീനിയര്‍ നേതാവിനെ കാത്തിരിക്കുന്നത്. രണ്ട് സംസ്ഥാനങ്ങള്‍ ഉടന്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ്; ഹിമാചല്‍ പ്രദേശും ഗുജറാത്തും. രണ്ടിടത്തും പ്രചാരണ പരിപാടികളുമായി മുഖ്യശത്രുവായ ബിജെപി ഏറെ മുന്നോട്ട് പോയിക്കഴിഞ്ഞു. ഹിമാചല്‍ പ്രദേശില്‍ നവംബര്‍ 12ന് തെരഞ്ഞെടുപ്പ് നടക്കും. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് തീയതികള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുകയും ചെയ്യും. അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ക്കായി പാര്‍ട്ടിയുടെ വിഭാഗങ്ങളെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുകയെന്ന വെല്ലുവിളി ഖാര്‍ഗെ ഏങ്ങനെ കൈകാര്യം ചെയ്യുമെന്നത് കണ്ടറിയണം.
അതോടൊപ്പം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ വലിയ മാറ്റങ്ങളിലേക്ക് നയിക്കുക എന്ന കാര്യവും ഖാര്‍ഗെക്ക് മുന്നിലുണ്ട്. പാര്‍ട്ടിയുടെ കീഴ് തട്ടിലുള്ളവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത് മുതല്‍ ബിജെപിയില്‍ നിന്ന് നിരന്തരം ഭീഷണിയും പ്രലോഭനവും നേരിടുന്ന നേതാക്കളെ രാഷ്ട്രീയമായി ഉറപ്പിക്കുന്നതില്‍ വരെ ഖാര്‍ഗെ കണ്ണെത്തിക്കേണ്ടി വരും. മേയ് മാസത്തില്‍ കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ച ഉദയ്പൂര്‍ പ്രഖ്യാപനം നടപ്പില്‍ വരുത്തുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് ഖാര്‍ഗെ ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു. കോണ്‍ഗ്രസിന്റെ സംഘടനാ തലത്തിലും മറ്റും കാലാനുസൃതമായ മാറ്റം കൊണ്ടുവരുന്നതിനുള്ള തീരുമാനങ്ങളാണ് പ്രഖ്യാപനത്തിന്റെ ഉള്ളടക്കം. ഇതിനെല്ലാം ഉപരിയായി 2024 പൊതു തെരഞ്ഞെടുപ്പിലേക്കായി മോദി-ഷാ സഖ്യവും സംഘപരിവാറും കരുതി വെച്ചിരിക്കുന്ന രാഷ്ട്രീയ ആയുധങ്ങളെ നിഷ്പ്രഭമാക്കുക എന്ന പരമമായ ലക്ഷ്യവും 'തോല്‍വിയറിയാത്ത നേതാവിനെ' കാത്തിരിക്കുന്നുണ്ട്.