TMJ
searchnav-menu
post-thumbnail

Outlook

എം. ഗംഗാധരന്‍: അറിവും ഉള്‍ക്കാഴ്ചയും

16 Feb 2022   |   1 min Read
പി കൃഷ്ണനുണ്ണി

ചരിത്ര പഠനങ്ങളിലും സംസ്കാര പഠനങ്ങളിലും സാമൂഹ്യ പ്രവർത്തങ്ങളിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച എം ഗംഗാധരൻ മാഷിനെ പറ്റി ഡൽഹി സർവകലാശാലയിലെ അധ്യാപകനും എഴുത്തുകാരനുമായ പി കൃഷ്ണനുണ്ണി എഴുതിയ അനുസ്മരണം.

എം ഗംഗാധരന്‍ മാഷെ ആദ്യമായി കാണുന്നത് 1990ല്‍ മൂവാറ്റുപുഴയില്‍ കെ. വേണുവിന്റെ നേതൃത്വത്തില്‍ നടന്ന കുത്തക വിരുദ്ധ കണ്‍വെന്‍ഷനില്‍ വെച്ചായിരുന്നു. മൂന്നു ദിവസത്തോളം നീണ്ടുനിന്ന കണ്‍വെന്‍ഷനില്‍ നിരവധി വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളുമുണ്ടായിരുന്നു. അതിനോടൊപ്പം കേരളത്തിലെ പലയിടങ്ങളില്‍ നിന്നും വന്ന സാംസ്കാരിക പ്രവര്‍ത്തകര്‍, കലാകാരന്മാര്‍, നാടോടി ഗായക സംഘങ്ങള്‍, നാടകാവതരണങ്ങള്‍ എന്നിവയെല്ലാംകൊണ്ട് പ്രത്യേക സാമൂഹിക പശ്ചാത്തലം ആ കണ്‍വെന്‍ഷന് നിറപ്പകിട്ടേകി. പല പ്രഭാഷകരുടെയും പ്രഭാഷണങ്ങളുടെ മിനിട്ട്സ് കുറിക്കുകയെന്നതായിരുന്നു എന്റെ ജോലി. അക്കാദമിക് സൈദ്ധാന്തികനും, സാമൂഹിക പ്രവര്‍ത്തകനുമായ, എ കെ രാമകൃഷ്ണന്റെ പ്രഭാഷണം ആണവനിലയങ്ങള്‍ സൃഷ്ടിക്കുന്ന പരിഭ്രാന്തികളെക്കുറിച്ചായിരുന്നു. എം ഗംഗാധരന്റേത് പുതുമൂലധനത്തിന്റെ കടന്നുവരവോടെ നീതി നിഷേധിക്കപ്പെട്ടവരെക്കുറിച്ചായിരുന്നു എന്നാണോര്‍മ്മ. അദ്ദേഹത്തിന്റെ സംഭാഷണത്തിനു ശേഷം സംസാരിക്കുവാന്‍ ഞാന്‍ ചെന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ചില ലേഖനങ്ങളും ‘ബോധത്തിന്റെ പടുകുഴികള്‍’ എന്ന പുസ്തകം വായിച്ച കാര്യവും പറഞ്ഞു. കണ്‍വെന്‍ഷന്‍ കഴിഞ്ഞ കഴിഞ്ഞ ദിവസം തന്നെ കോഴിക്കോട്ടേക്ക് മടങ്ങണമെന്നും ‘ജയകേരളം’ മാസികയുടെ പ്രൂഫുകള്‍ നോക്കുവാനുണ്ടെന്നും പറഞ്ഞതോര്‍ക്കുന്നു. എന്തുകൊണ്ടോ ഒരു വിഷയത്തെ കേന്ദ്രീകരിച്ചോ കുത്തക വിരുദ്ധതയുടെ സാധ്യതകളെ അവലംബിച്ചോ ഒരു സംസാരം ഞങ്ങള്‍ക്കിടയില്‍ നടന്നില്ല. അദ്ദേഹത്തിന്റെ തിരക്കും ഇതര പ്രശ്നങ്ങളുമായിരുന്നു കാരണം.

പിന്നീട് ‘ജയകേരള’ത്തില്‍ എന്റെ രണ്ടു കവിതകളും ഒരു ലേഖനവും പ്രസിദ്ധീകരിക്കുകയുണ്ടായി. ലേഖനം ‘ആര്‍ക്കിടൈപ്പുക’ളെക്കുറിച്ചായിരുന്നതിനാല്‍, തദ്ദേശിയ ആര്‍ക്കിടൈപ്പുകള്‍ എന്തെന്നറിയണമെങ്കില്‍ വിശാലമായ കേരള യാത്രകളും ദക്ഷിണേന്ത്യൻ ചരിത്രവുമറഞ്ഞിരിക്കണമെന്ന് സൂചിപ്പിച്ചു കൊണ്ട് അദ്ദേഹം എനിക്ക് കത്തയയ്ക്കുകയുണ്ടായി. അതിനയയ്ച്ച മറുപടിയിലൂടെയാണ് മാഷുമായുള്ള ബന്ധമാരംഭിക്കുന്നത്. പാശ്ചാത്യ ആര്‍ക്കിടൈപ്പ് മാതൃകകള്‍ നമ്മുടേതിൽ നിന്ന് വിഭിന്നമാണെന്നു മാത്രമല്ല; അതിലൂടെ സ്രഷ്ടമാകുന്ന മാതൃകാ വിച്ഛേദനവും . അന്യവത്കരണവും തദ്ദേശിയതയോടുള്ള അവജ്ഞയുമെല്ലാം വിശദമായി പ്രതിപാദിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ കത്ത് വന്നു. തുടർന്നങ്ങോട്ട് പല വിഷയങ്ങളെക്കുറിച്ചും ഞങ്ങള്‍ കത്തുകളിലൂടെ സംവദിച്ചു. നേര്‍ച്ചരിത്രമെന്ന ഒന്നില്ലെന്നും വളവുകളും കുണ്ടുകളും നിറഞ്ഞ മാര്‍ഗങ്ങളാണ് ചരിത്രത്തിലുള്ളതെന്നും അതിലൂടെയുള്ള സഞ്ചാരം മാത്രമേ നമുക്ക് ചരിത്രത്തോടൊപ്പം നമ്മെ അറിയുവാൻ സഹായകമാവൂ എന്നും അദ്ദേഹം നിർദ്ദേശിച്ചു.

എം. ഗംഗാധരനെ വെറുമൊരു ചരിത്രകാരനായി പരിഗണിക്കുന്നതില്‍ സാരമായ പിഴവുകളുണ്ട്. കാരണം ചരിത്രമെന്ന അക്കാദമിക്/ സംസ്കാരിക വ്യവഹാരത്തിനപ്പുറം സഞ്ചരിച്ച് നീതിയുടെയും നിഷേധത്തിന്റേയും സത്യത്തിന്റേയും നിലനില്‍പ്പിന്റേയുമെല്ലാം അവസ്ഥകള്‍ മനസ്സിലാക്കുവാന്‍ ശ്രമിച്ച വ്യക്തിയായിരുന്നു എം ഗംഗാധരന്‍.

മണ്ഡല്‍ കമ്മിഷന്റെ വരവോടെ ദേശരാഷട്രിയം കലുഷിതമാകുന്ന സമയമായിരുന്നു അക്കാലം. മണ്ഡല്‍ കമ്മിഷനെ പൂര്‍ണ്ണമായും അനുകൂലിക്കാതെ; എന്നാല്‍ അതിന്റെ ആവശ്യകതയെപ്പറ്റി വാചാലമാകുന്ന ഒരു കത്താണ് മാഷിന്റേതായി അവസാനം ലഭിച്ചത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം പുനര്‍ സ്ഥാപിക്കപ്പെട്ട ബന്ധവും അതിന്റെ തുടര്‍ച്ചകളുമെല്ലാം ടെലിഫോണ്‍ സംഭാഷണങ്ങലൂടെയായിരുന്നു. മണ്ഡല്‍ കമ്മീഷന്‍ പ്രക്ഷോഭത്തിനുശേഷം ഞാന്‍ ദില്ലിയിലേക്ക് പത്രപ്രവര്‍ത്തനത്തിനായി വരികയുണ്ടായി. മാഷിന്റെ കത്തിന് ദില്ലി പശ്ചാത്തലത്തില്‍ മറുപടി അയയ്ക്കാന്‍ കഴിയാതിരുന്നത് ദുഃഖമായി ഇപ്പോഴും നിലനില്‍ക്കുന്നു.

എം. ഗംഗാധരനെ വെറുമൊരു ചരിത്രകാരനായി പരിഗണിക്കുന്നതില്‍ സാരമായ പിഴവുകളുണ്ട്. കാരണം ചരിത്രമെന്ന അക്കാദമിക്/ സംസ്കാരിക വ്യവഹാരത്തിനപ്പുറം സഞ്ചരിച്ച് നീതിയുടെയും നിഷേധത്തിന്റേയും സത്യത്തിന്റേയും നിലനില്‍പ്പിന്റേയുമെല്ലാം അവസ്ഥകള്‍ മനസ്സിലാക്കുവാന്‍ ശ്രമിച്ച വ്യക്തിയായിരുന്നു എം ഗംഗാധരന്‍. ചരിത്രമെന്നത് വെറും വ്യവഹാരമല്ലെന്നും ചിലരുടെ ശാഠ്യങ്ങൾക്കൊത്ത് നിലകൊള്ളേണ്ട ഒന്നല്ലെന്നും അദ്ദേഹം വിളിച്ചുപറഞ്ഞു. കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തില്‍, എഴുതപ്പെട്ടവരുടെ ചരിത്രങ്ങളെക്കാള്‍ എഴുതപ്പെടാതെ പോയവരുടെയും അടയാളപ്പെടുത്താത്തവരുടെയും ചരിത്രങ്ങളുണ്ടെന്ന് ഒട്ടേറെ ദശകങ്ങള്‍ക്ക് മുന്‍പേ അദ്ദേഹം തിരിച്ചറിഞ്ഞു. ഉദാഹരണത്തിന് വടക്കന്‍ കേരളത്തിലെ ആദിവാസിഗോത്ര വിഭാഗങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടോ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കുള്ളിലെ വിഭിന്നതകളെക്കുറിച്ചോ മറ്റും. എങ്കിലും ചരിത്ര രചനയില്‍ മുഖ്യധാര സമ്പ്രദായത്തില്‍ നിന്നും അകന്നു നില്‍ക്കുവാനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ശബദ്ങ്ങൾ കേള്‍പ്പിക്കുവാനും അദ്ദേഹം ശ്രമിക്കുകയുണ്ടായി. ‘മലബാര്‍കലാപ’ത്തില്‍ നിഷ്പക്ഷത നിലനിര്‍ത്താന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ടങ്കിലും ദേശീയ കലാപമായി അത് വളര്‍ന്നാവോ എന്നതിനുള്ള ഉത്തരം ആ കൃതിയിലില്ലെന്ന് പറയേണ്ടി വരും. ഒരു പക്ഷേ, കാര്‍ഷിക കലാപത്തിന്റെ രൂപത്തില്‍ വളര്‍ന്നുവന്ന പ്രക്ഷോഭത്തെ മതപരമായ വിഭജനങ്ങളും പിന്നീട് വര്‍ഗീയ ചിത്രീകരണവും മാറ്റിത്തീര്‍ത്തതിനെക്കുറിച്ചായിരുന്നു. അദ്ദേഹം ആകാംക്ഷ. ഭാഗികമായി ആ പുസ്തകം പില്‍ക്കാലങ്ങളില്‍ (കലാപാനന്തര) ഉണ്ടായ വര്‍ഗീയതയെക്കുറിച്ചുള്ള അടയാളപ്പെടുത്തലായിരുന്നു. ഖേദകരമെന്നു പറയട്ടെ, മലബാര്‍ കലാപത്തിന്റെ നൂറുവര്‍ഷം തികഞ്ഞ വേളയില്‍ ചര്‍ച്ചകളില്‍ അധികം ഇടം പിടിക്കാതെ പോയ പലകാര്യങ്ങളും അതിലുണ്ടായിരുന്നു.

ബന്ധുവും സഹയാത്രികനുമായ ചരിത്രകാരന്‍ എം ജി എസ് നാരായണനില്‍ നിന്നും എം ഗംഗാധരന്‍ വളരെ വ്യത്യസ്തനായിരുന്നു. എം ജി എസ് പല കാലങ്ങളില്‍ പലതായി സഞ്ചരിച്ചു. മാര്‍ക്സിയന്‍ സൈദ്ധാന്തിക ചരിത്ര രചയിതാവായി അറിയപ്പെട്ട അദ്ദേഹം പിന്നീട് ആര്‍ക്കും പ്രവചിക്കുവാന്‍ സാധിക്കാത്ത വിധത്തില്‍ വലതുപക്ഷ ചരിത്രരചനാരീതിയോട് കൂറ് പുലര്‍ത്തുകയും അതിനു ശേഷം നിഷ്പക്ഷ ചരിത്രരചന മാര്‍ഗമെന്ന നിലയില്‍ എല്ലാ മത-വര്‍ഗ ചേരികളുടേയും താത്ക്കാലിക വക്താവായി മാറുകയുമാണുണ്ടായത്. എം ജി എസ് ന്റെ സമയോചിത മാറ്റങ്ങളോട് കടുത്ത എതിര്‍പ്പ് എം. ഗംഗാധരന്‍ പ്രകടിപ്പിക്കുകയുണ്ടായി. അതൊന്നും അവരുടെ വ്യക്തി സൗഹാർദത്തെ ബാധിച്ചിരുന്നില്ലതാനും. എം ജി എസ് ന്റെ ചരിത്ര രീതിയില്‍ നിന്നും വിഭിന്നമായികൊണ്ട് മലബാറിനെ അറിയുവാന്‍ ശ്രമിച്ചൂവെന്നതാണ് എം ഗംഗാധരന്റെ നേട്ടങ്ങളിലൊന്ന്. മാപ്പിള സംസ്കാരത്തെക്കുറിച്ചും വാണിജ്യ മേഖലകളെക്കുറിച്ചും കലയെക്കുറിച്ചുമെല്ലാമുള്ള അദേഹത്തിന്റെ മലബാര്‍ പഠനങ്ങളിൽ ഭൂതകാലത്തേക്കാള്‍ കഴിഞ്ഞ നിമിഷങ്ങള്‍ സൃഷ്ടിച്ചെടുത്ത വര്‍ത്തമാനങ്ങളാണ് നിറഞ്ഞുനില്‍ക്കുന്നത്.പൊതുസംസ്കാരമെന്നത് ഇന്നലെകളുടെ ചരിത്രമാണെന്നും അതിനു യുഗങ്ങള്‍ക്കപ്പുറം എന്തുണ്ടായിരുന്നുവെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.

M.g.s.narayanan

‘ബോധത്തിന്റെ പടുകുഴി’ കളെന്ന ഒരൊറ്റ കൃതി മതി എം.ഗംഗാധരന്റെ അധുനികതെയെക്കുറിച്ചുള്ള അവബോധമെന്തായിരുന്നുവെന്ന്‍ രേഖപ്പെടുത്തുവാന്‍. കടമ്മനിട്ട, ബാലചന്ദ്രന്‍ ചുള്ളിക്കാട്, കക്കാട്, സച്ചിദാനന്ദന്‍ തുടങ്ങിയ നിരവധി ആധുനിക കവികളുടെ കവിതകളുടെ അനന്യമായ പഠനമെന്നതിലുപരി, മലയാള ആധുനികതയ്ക്കുള്ളിലെ ചില രഹസ്യ ഇടങ്ങളെയും ഭാഷയുടെ പുരാവൃത്തത്തിലൂടെ ബദല്‍ സൃഷ്ടിക്കപ്പെടുന്ന വംശാവലികളുടെ തുടര്‍ച്ചകളെയും ആധുനികയ്ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന പാരമ്പര്യത്തിന്റെയും നാട്ടുതനിമയുടെയും കവിതകളുടെ ചൊല്‍അവതരണങ്ങളിലൂടെ സംജാതമാകുന്ന വികരനിര്‍ഭരതയെയും അതിനെ അന്ധമായി ആശ്ലേഷിക്കുന്ന യുവതലമുറയെയുമെല്ലാം എം.ഗംഗാധരന്‍ തുറന്നുകാട്ടുന്നു. പാശ്ചാത്യ സിദ്ധാന്തങ്ങളുടെ അകമ്പടിയില്ലാതെ എഴുതപ്പെട്ട ഈ കൃതിയില്‍ മലയാളിയുടെ ആധുനികത എന്താണെന്ന അടയാളപ്പെടുത്തലിനുപരി;എന്താകണമെന്ന നിഷ്കര്‍ഷയില്ല. ബിംബങ്ങളുടെയും പ്രക്തനരൂപങ്ങളുടെയും വിഭ്രമാത്മക ശൈലിയുടേയുമെല്ലാമായ ആധുനിക ബോധസഞ്ചയത്തിനുള്ളില്‍ വിള്ളലുകള്‍ വീണിട്ടുണ്ടെന്ന അദ്ദേഹത്തിന്റെ നിഗമനം ആധുനികതയെന്ന ആഘോഷത്തിനുള്ളില്‍ മനുഷ്യന്റെ പീഢയെന്തെന്ന അറിവും അതില്‍ നിന്നുള്ള വിച്ഛേദനങ്ങളുമാണ്. ഇന്ദ്രിയവേദ്യങ്ങളായ പ്രപഞ്ചാനുഭൂതികളെ തിരിച്ചു വിളിക്കുകയും പലപ്പോഴും ഗൃഹാതുരതയുടെ ഗഹ്വരങ്ങള്‍ക്കുള്ളില്‍ വിലയം കൊള്ളുകയും ചെയ്യുന്ന ആധുനിക കവിതയെ ആധുനികതക്കുള്ളില്‍ നടക്കുന്ന വിമോചന മാര്‍ഗമായി കാണണമെന്ന ആശയമാണ് ഗംഗാധരന്‍ മുന്നോട്ട് വെക്കുന്നത്. ഭാവപ്രപഞ്ചങ്ങളെ അധ്യാരോപിക്കാതെ മനുഷ്യന്‍ അവന്റെ ‘കാവലാളായി’ മാറുമ്പോള്‍ ഭാഷക്കുള്ളിലും പരിസരങ്ങളിലും അചിന്ത്യമായ ഉരുള്‍പൊട്ടലുകളുണ്ടാകുന്നു. ഒരര്‍ത്ഥത്തില്‍ നിങ്ങള്‍ക്കതിനുള്ളില്‍ നിപതിക്കാം; അല്ലെങ്കില്‍ ലാവപ്രവാഹത്തിനു ചുറ്റും കാഴ്ചക്കാരനായി സഞ്ചരിക്കാം. അതാണ്‌ ആധുനികതയുടെ നിയോഗം. 'ബോധതിന്റെ പടുകുഴി'കളില്‍ ബോധത്തെ ഉള്ളില്‍ നിഗ്രഹിക്കുന്ന നിരവധി വസ്തുക്കളുണ്ടെന്ന് നാം തിരിച്ചറിയുന്നു. മറ്റു പല ആധുനികതയുടെ പഠനങ്ങളെക്കാളും ഏറെ വ്യത്യസ്തമായൊരു കൃതിയാണിതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഈ കൃതിയാവട്ടെ ആധുനികതയ്ക്കൊരു രാഷ്ട്രീയമുണ്ടോയെന്നോ മറ്റോ അന്വേഷിക്കുന്നില്ല താനും.

ഗാന്ധിസത്തെ മനസ്സിലാക്കുമ്പോഴും അദ്ദേഹം അംബേദ്‌കറിസവും മാര്‍ക്സിസവും പലപ്പോഴും അഭികാമ്യമാണെന്ന് വിശ്വസിച്ചിരുന്നു.കാലഹരണപ്പെട്ട ജടിലവക്യങ്ങളെ ഉപേക്ഷിക്കുക മാത്രമല്ല വലിച്ചെറിയുകയാണ്‌ വേണ്ടതെന്ന് അദ്ദേഹം പലപ്പോഴും ആവര്‍ത്തിച്ചു.

ഒരു പൊതുപ്രവർത്തകനെന്ന നിലയില്‍ എം.ഗംഗാധരന്റെ സംഭാവനകള്‍ പരിഗണിക്കുമ്പോള്‍ എണ്ണമറ്റകാര്യങ്ങളായിരിക്കും പറയുവാനുണ്ടാവുക. എന്നാല്‍ കഴിഞ്ഞ ദശകങ്ങളില്‍ എന്‍ഡോസള്‍ഫനെതിരെ അദ്ദേഹം ചെയ്ത പ്രവര്‍ത്തനങ്ങള്‍. അതുല്യമായിരുന്നു. സംഘടനാതലത്തില്‍ പ്രവര്‍ത്തിച്ച ഒരാളല്ലെങ്കിലും ഒട്ടനവധി പേരെ പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിലും ചൂഷണത്തിന്റെ ഇരകളാകുന്ന പ്രാദേശിക നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നവരെ അതില്‍ നിന്നും വിമുക്തമാക്കുന്നതിലും സ്ത്രീ സമത്വതിന്റെയും സ്വാതന്ത്രത്തിന്റെയും പുതിയ സമവാക്യങ്ങള്‍ നിര്‍മ്മിക്കുന്നതിനും അദ്ദേഹം ചെയ്ത കാര്യങ്ങള്‍ മറ്റേതൊരു സംസ്കാരിക പണ്ഡിതനില്‍ നിന്നും വ്യത്യസ്തമായിരുന്നു. തന്റെ കര്‍മപന്ഥാവില്‍ എപ്പോഴും സ്വയം വിമര്‍ശനത്തിന് തുനിഞ്ഞിരുന്നുവെന്നതാണ് അദ്ദേഹത്തിന്റെ മറ്റൊരു മുഖമുദ്ര.

ഇക്കാരണത്താലാകും ഗാന്ധിസത്തെ ചേര്‍ത്തുനിര്‍ത്തി നിരവധി പരീക്ഷണങ്ങളില്‍ അദ്ദേഹം ഏര്‍പ്പെട്ടതും. പ്രലോഭനങ്ങളില്‍ വഴുതിവീഴാതെ ദൈനംദിന ജീവിതത്തെ അനുഭവങ്ങളിലൂടെ അനാച്ഛാദനം ചെയ്ത ചരിത്രകാരനെന്ന നിലയ്ക്ക്, ഒരു പ്രത്യേക വിദ്യാലയത്തിന്റെയോ ആശയത്തിന്റെയോ പിന്‍ഗാമിയായിരുന്നില്ല എം.ഗംഗാധരന്‍. ഗാന്ധിസത്തെ മനസ്സിലാക്കുമ്പോഴും അദ്ദേഹം അംബേദ്‌കറിസവും മാര്‍ക്സിസവും പലപ്പോഴും അഭികാമ്യമാണെന്ന് വിശ്വസിച്ചിരുന്നു. കാലഹരണപ്പെട്ട ജടിലവക്യങ്ങളെ ഉപേക്ഷിക്കുക മാത്രമല്ല വലിച്ചെറിയുകയാണ്‌ വേണ്ടതെന്ന് അദ്ദേഹം പലപ്പോഴും ആവര്‍ത്തിച്ചു.

എം ഗംഗാധരനാല്‍ നാം യുക്തിവാദത്തിനും ശാസ്ത്രവാദത്തിനുമപ്പുറത്തുള്ള മനുഷ്യനെ കാണുന്നു. അത്തരമൊരു മനുഷ്യനാണ് ഇപ്പോള്‍ ചരിത്രമായി തീര്‍ന്നിരിക്കുന്നത്. സാംസ്കാരിക ചരിത്രത്തിന്റെ നേര്‍ക്കണ്ണാടിയായിരുന്നു എം.ഗംഗാധരന്‍.

Leave a comment