TMJ
searchnav-menu
post-thumbnail

Outlook

മിഖായേൽ ഗോർബച്ചേവ് നൂറ്റാണ്ടിന്റെ നായകൻ, നൂറ്റാണ്ടിന്റെ വില്ലൻ

31 Aug 2022   |   1 min Read
ഡോ. പി ജെ വിന്‍സെന്റ്

PHOTO: WIKI COMMONS

രുപതാം നൂറ്റാണ്ടിന്റെ ചരിത്രത്തെ നിര്‍ണയിക്കുകയും നിശ്ചയിക്കുകയും ചെയ്ത പ്രമുഖ നേതാക്കളില്‍ മുന്‍നിരയിലുള്ള വ്യക്തിയാണ് മിഖായേല്‍ ഗോര്‍ബച്ചേവ്. 1917ലെ ബോള്‍ഷെവിക് വിപ്ലവവും അതേത്തുടര്‍ന്ന് ലോകരാഷ്ട്രീയത്തില്‍ വന്നിട്ടുള്ള മാറ്റങ്ങളും ഇരുപതാം നൂറ്റാണ്ടിന്റെ രാഷ്ട്രീയ ഭൂമികയെ നിശ്ചയിച്ചു. 1949ല്‍ ചൈനയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നതോടുകൂടി ഏറ്റവും വലിയ രാജ്യമായ റഷ്യയ്ക്ക് ശേഷം ലോകത്തെ ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമായ ചൈനയിലും കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നു. രണ്ടാം ലോകമഹായുദ്ധം 1939ല്‍ ആരംഭിച്ച് 1945ല്‍ അവസാനിച്ചതോടെ ലോകരാജ്യങ്ങള്‍ രണ്ട് ചേരികളായി തിരിയുകയായിരുന്നു. സൂപ്പര്‍ പവര്‍ പദവിയിലേക്കുയര്‍ന്ന സോവിയറ്റ് യൂണിയന്റെ നേതൃത്വത്തില്‍ സോഷ്യലിസ്റ്റ് ബ്ലോക്കും അമേരിക്കയുടെ നേതൃത്വത്തില്‍ മുതലാളിത്ത ബ്ലോക്കും രൂപം കൊണ്ടു. ഇരു ബ്ലോക്കുകള്‍ക്കിടയിലും, സൂപ്പര്‍ പവറുകളായ അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലും പ്രത്യയശാസ്ത്രം, രാഷ്ട്രീയം, സൈനികം എന്നീ തലങ്ങളില്‍ ശക്തമായ സംഘര്‍ഷവും നിലനിന്നു. എന്നാല്‍ ഈ ശീതയുദ്ധം ഒരു ഹോട്ട് വാര്‍ ആയി മാറാതിരിക്കാനുള്ള സാഹചര്യവും അക്കാലത്ത് ഉണ്ടായി. അതിന് പ്രധാനപ്പെട്ട കാരണം ഒരു ആണവയുദ്ധം ലോകത്തെ സര്‍വ്വനാശത്തിലേക്ക് നയിക്കും എന്ന തിരിച്ചറിവ് ആയിരുന്നു.

1953ല്‍ ജോസഫ് സ്റ്റാലിന്റെ മരണപ്പെട്ടശേഷം, ക്രൂഷ്‌ചേവും ആന്ദ്രേപ്പോവും ബ്രഷ്‌നേവുമെല്ലാം സോവിയറ്റ് യൂണിയനെ സുസംഘടിതമായി നിലനിര്‍ത്തുന്നതില്‍ വിജയിച്ചു. എന്നാല്‍ 1980കളില്‍ ഉണ്ടായ ആഗോളീകരണത്തിന്റെ ശക്തമായ വേലിയേറ്റം സോവിയറ്റ് യൂണിയന്റെ ആഭ്യന്തരവൈരുദ്ധ്യങ്ങളെ പുറത്ത് കൊണ്ട് വന്നു. 1980കളില്‍ ബ്രിട്ടനില്‍ മാര്‍ഗരറ്റ് താച്ചറും അമേരിക്കയില്‍ റൊണാള്‍ഡ് റീഗനും അധികാരത്തില്‍ വന്നതോടെ 1970കളിലെ സഹകരണത്തിന്റെ പാത ഉപേക്ഷിക്കുകയും റൊണാള്‍ഡ് റീഗന്‍ - മാര്‍ഗരറ്റ് താച്ചര്‍ അച്ചുതണ്ട് സൈനികമായും പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും സോവിയറ്റ് യൂണിയനെയും സോഷ്യലിസ്റ്റ് ബ്ലോക്കിനെയും ശിഥിലീകരിക്കാനുള്ള നയങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. 1970കള്‍ അറിയപ്പെടുന്നത് സഹകരണത്തിന്റെ കാലം എന്നാണ്. ഈ സഹകരണത്തിന്റെ കാലത്തുനിന്ന് സംഘര്‍ഷത്തിന്റെ കാലത്തേക്ക് 1980കളുടെ തുടക്കത്തില്‍ നീങ്ങി. ഈയൊരു സാഹചര്യത്തിലാണ്, 1985ല്‍ മിഖായേല്‍ ഗോര്‍ബച്ചേവ് സോവിയറ്റ് യൂണിയന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നത്. അദ്ദേഹത്തിന് ഒരേ സമയം സോവിയറ്റ് യൂണിയനെ ശക്തമായി മുന്നോട്ട് കൊണ്ടുപോവുക എന്ന ഉത്തരവാദിത്വവും, അതോടൊപ്പം ആഗോള രംഗത്ത് അമേരിക്കയുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കാനുള്ള താല്‍പ്പര്യവും ഉണ്ടായിരുന്നു. ഗോര്‍ബച്ചേവ് പ്രാധാന്യം കൊടുത്തത് സോവിയറ്റ് യൂണിയന്റെ നവീകരണത്തിനും പരിഷ്‌കരണത്തിനും ആയിരുന്നു.

ജോസഫ് സ്റ്റാലിൻ | Photo: wiki commons

സോവിയറ്റ് യൂണിയന്റെ ശാക്തീകരണത്തിനും ആഭ്യന്തരരംഗത്തും സാമ്പത്തികരംഗത്തും അതിനെ ബലപ്പെടുത്തുന്നതിനുമായി 'ഗ്ലാസ്‌നോസ്ത്' അദ്ദേഹം നടപ്പിലാക്കി. സുതാര്യമായ ഒരു രാഷ്ട്രീയഘടന സോവിയറ്റ് യൂണിയനില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയായിരുന്നു അത്. ഒരേ സമയം കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് സോവിയറ്റ് യൂണിയനെയും, ഘടക റിപ്പബ്ലിക്കുകളും കേന്ദ്രവും അതായത് മോസ്‌കോയും തമ്മിലുള്ള ബന്ധവും കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കാനും, പാര്‍ട്ടി ഘടനയെ കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കാനും അദ്ദേഹം ലക്ഷ്യം വെച്ചു. രാഷ്ട്രീയസുതാര്യത ലക്ഷ്യം വെച്ച് നടപ്പാക്കിയ ഗ്ലാസ്‌നോസ്ത് പക്ഷെ വന്‍ പരാജയമായിരുന്നു. ഇതോടൊപ്പം സാമ്പത്തികരംഗത്തെ പരിഷ്‌കാരങ്ങള്‍ക്ക് പെരിസ്‌ട്രോയിക്ക (റീസ്ട്രക്ചറിംഗ് ) എന്ന പേരില്‍ അദ്ദേഹം തുടക്കം കുറിച്ചു. ഒരു ക്ലോസ്ഡ് ഇക്കോണമി ആയിരുന്നു സോവിയറ്റ് യൂണിയന്റെ സമ്പദ്ഘടന, മാര്‍ക്കറ്റ് ഉണ്ടായിരുന്നില്ല. സോഷ്യലിസ്റ്റ് വ്യവസ്ഥ നിലനിര്‍ത്തിക്കൊണ്ടുതന്നെ മാര്‍ക്കറ്റ് സോഷ്യലിസത്തിലേക്കുള്ള ഒരു പരിവര്‍ത്തനം സുഗമമാക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം പെരിസ്‌ട്രോയിക്ക നടപ്പാക്കിയത്. പക്ഷെ ഗവണ്‍മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നടപ്പാക്കിയ ഈ രണ്ട് പരിഷ്‌കാരങ്ങളും അതിന്റെ സ്വാഭാവികമായ പ്രതിസന്ധികളെ പരിഹരിച്ച് കൊണ്ടുപോകുന്നതില്‍ പരാജയപ്പെട്ടു. അതില്‍ ഗോര്‍ബച്ചേവിന്റെ നേതൃത്വപരമായ പങ്ക് വളരെ വലുതായിരുന്നു. സോവിയറ്റ് യൂണിയന്‍ പോലെ വലിയൊരു രാജ്യത്തിന്റെ പ്രശ്‌നങ്ങളെ കണ്ട് പരിഹരിക്കാനുള്ള രാഷ്ട്രീയമായ ശേഷിയോ സ്വാധീനമോ അദ്ദേഹത്തിനുണ്ടായിരുന്നില്ല. മറിച്ച് അദ്ദേഹത്തിന്റെ പല ആശയങ്ങളും ഉട്ടോപ്പിയന്‍ ആയിരുന്നു. ലോകസമാധാനത്തേക്കുറിച്ച് അദ്ദേഹം സ്വപ്‌നങ്ങള്‍ കണ്ടു. ആണവയുദ്ധം ഇനി ഉണ്ടാകാതിരിക്കാനുള്ള സാഹചര്യങ്ങളേക്കുറിച്ച് പ്രഭാഷണങ്ങള്‍ നടത്തി. ലോക രാജ്യങ്ങളിലെല്ലാംതന്നെ അദ്ദേഹത്തിന് വലിയ അംഗീകാരം കിട്ടി. ഇതൊക്കെയാണെങ്കിലും ആഭ്യന്തരരംഗത്ത് സോവിയറ്റ് യൂണിയനെ ശാക്തീകരിക്കുന്നതിലും ആ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിലും അദ്ദേഹം സമ്പൂര്‍ണമായി പരാജയപ്പെട്ടു എന്നതായിരുന്നു അദ്ദേഹത്തിന്റെ പരിഷ്‌കാരങ്ങളുടെ ഫലം.

ശീതയുദ്ധം അവസാനിപ്പിച്ച നേതാവ് എന്ന് മാധ്യമങ്ങള്‍ പ്രഘോഷിക്കുമ്പോള്‍, ശീതയുദ്ധം അവസാനിച്ചില്ല എന്ന് മാത്രമല്ല, അതില്‍ സ്വയം പരാജയപ്പെട്ട് തന്റെ രാജ്യത്തെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും ഇല്ലാതാക്കിയ ഒരു നേതാവാണ് ഗോര്‍ബച്ചേവ് എന്ന് തിരുത്തി പറയേണ്ടിവരും.

മിഖായേല്‍ ഗോര്‍ബച്ചേവിന്റെ 91മത്തെ വയസ്സില്‍ അദ്ദേഹം മരണമടഞ്ഞു. ചരിത്രപുരുഷന്‍ എന്ന് വിളിക്കാവുന്ന, ഇതിഹാസമാനമായ തലങ്ങളിലേക്ക് ഉയര്‍ന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന പ്രധാനപ്പെട്ട മാധ്യമങ്ങളെല്ലാം പറയുന്നത് ശീതയുദ്ധത്തിന് അന്ത്യം കുറിച്ച നേതാവ് എന്നാണ്. ടൈംസ് ഓഫ് ഇന്ത്യ പറയുന്നത് ലാസ്റ്റ് സോവിയറ്റ് ലീഡര്‍ ഹു എന്‍ഡഡ് ദി കോള്‍ഡ് വാര്‍ എന്നാണ്. എന്‍ഡിടിവിയും ഇന്ത്യാ ടുഡേയും അതുതന്നെ ആവര്‍ത്തിച്ചു. അന്താരാഷ്ട്രമാധ്യമങ്ങളും അങ്ങനെ തന്നെ. ചുരുക്കത്തില്‍ ആഗോളതലത്തിലും ഇന്ത്യയിലും കോള്‍ഡ് വാര്‍ അവസാനിപ്പിച്ച സോവിയറ്റ് നേതാവ് എന്ന നിലയിലാണ് മാധ്യമങ്ങള്‍ ഗോര്‍ബച്ചേവിനെ അവതരിപ്പിക്കുന്നത്. യഥാര്‍ഥത്തില്‍ സോവിയറ്റ് യൂണിയനെ സംബന്ധിച്ചിടത്തോളം അത് ഏകപക്ഷീയമായിരുന്നു. കോള്‍ഡ് വാര്‍ അവസാനിപ്പിച്ച് ഏകപക്ഷീയമായി പിന്‍വാങ്ങിയത് സോവിയറ്റ് യൂണിയന്‍ ആണ്. ശീതയുദ്ധം ഒരിക്കലും അവസാനിച്ചില്ല എന്നതാണല്ലോ വസ്തുത. കാരണം, ശീതയുദ്ധ കാലത്ത് അമേരിക്കന്‍ ബ്ലോക്കിനോട് നേരിട്ട് ഏറ്റുമുട്ടിയ, സൈനികമായും രാഷ്ട്രീയപരമായും എതിര്‍ത്തുനിന്ന് സോഷ്യലിസ്റ്റ് ബ്ലോക്ക് സ്വയം പിരിഞ്ഞ് പോവുകയാണ് ഉണ്ടായത്. സോഷ്യലിസ്റ്റ് രാജ്യങ്ങള്‍, കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഒന്നൊന്നായി സ്വാതന്ത്ര്യം പ്രാപിച്ചു. പടിഞ്ഞാറന്‍ യൂറോപ്പിനെയും തെക്കന്‍ യൂറോപ്പിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇരുമ്പ് മറ മിഖായേല്‍ ഗോര്‍ബച്ചേവിന്റെ നേതൃത്വത്തില്‍ത്തന്നെ ഇല്ലാതാക്കി. 1989ല്‍ ബെര്‍ലിന്‍ മതില്‍ പൊളിഞ്ഞുവീണു. കിഴക്കന്‍ ജര്‍മ്മനിയും പടിഞ്ഞാറന്‍ ജര്‍മനിയും ഒന്നായി. 1991ല്‍ സോവിയറ്റ് യൂണിയന്‍ തന്നെ പൂര്‍ണമായും ശിഥിലമായി. വാഴ്‌സാ പാക്ട് പിരിച്ചുവിട്ടു. അത്തരത്തില്‍ ഏകപക്ഷീയമായ ഒരു പിന്‍നടത്തമായിരുന്നു അത്. ശീതയുദ്ധം അവസാനിക്കുന്നില്ല. വാഴ്‌സാ പാക്ടിന്റെ എതിരാളിയായിരുന്ന നാറ്റോ പിരിച്ചുവിട്ടില്ല എന്നുമാത്രമല്ല അതില്‍ കൂടുതല്‍ അംഗങ്ങള്‍ ചേര്‍ന്ന് കൊണ്ടിരിക്കുകയുമാണ്.

മാര്‍ഗരറ്റ് താച്ചറും റൊണാള്‍ഡ് റീഗനും | photo: wiki commons

ഗോര്‍ബച്ചേവ് സിപിഎസ്യുവിന്റെ, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് സോവിയറ്റ് യൂണിയന്റെ ജനറല്‍ സെക്രട്ടറി ആയിരുന്നു, ലോകത്തെ ഏറ്റവും ശക്തമായ കമ്യൂണിസ്റ്റ് പാര്‍ട്ടിയയായിരുന്നു അത്. മാത്രമല്ല, പോപ്പിന്റെ നേതൃത്വത്തിലുള്ള കാത്തലിക് ചര്‍ച്ച് കഴിഞ്ഞാല്‍ ഒരുപക്ഷെ ഏറ്റവും ശക്തമായ ഒരു സംഘടനാരൂപം കൂടിയായുരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് സോവിയറ്റ് റഷ്യ. അത്ര സുശക്തമായ സംഘടനാരൂപം ഉള്ള പാര്‍ട്ടിയെ പിരിച്ചുവിട്ടത്, അതിന്റെ ജനറല്‍ സെക്രട്ടറി തന്നെയായ മിഖായേല്‍ ഗോര്‍ബച്ചേവ് ആയിരുന്നു. മാത്രവുമല്ല യൂണിയന്‍ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന അതിശക്തമായ ആ രാഷ്ട്രത്തെയും പിരിച്ചുവിട്ടു. പിന്നീടത് റഷ്യന്‍ ഫെഡറേഷന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്‍ഡിപ്പെന്‍ഡന്റ് സ്റ്റേറ്റ്‌സ് എന്ന വളരെ അയഞ്ഞ ഘടനയായി മാറുകയാണ് ഉണ്ടായത്. സ്വന്തം രാജ്യത്തെയും, പ്രത്യയശാസ്ത്രത്തെയും, പാര്‍ട്ടിയെയും ഇല്ലാതാക്കിയ ഒരു നേതാവ് എന്ന നിലയില്‍ കൂടെയാണ് ഗോര്‍ബച്ചേവിനെ ചരിത്രം അടയാളപ്പെടുത്തുന്നത്. ശീതയുദ്ധം അവസാനിപ്പിച്ച നേതാവ് എന്ന് മാധ്യമങ്ങള്‍ പ്രഘോഷിക്കുമ്പോള്‍, ശീതയുദ്ധം അവസാനിച്ചില്ല എന്ന് മാത്രമല്ല, അതില്‍ സ്വയം പരാജയപ്പെട്ട് തന്റെ രാജ്യത്തെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും ഇല്ലാതാക്കിയ ഒരു നേതാവാണ് ഗോര്‍ബച്ചേവ് എന്ന് തിരുത്തി പറയേണ്ടിവരും. ചരിത്രത്തില്‍ ഒരു വഞ്ചകന്റെ സ്ഥാനം കൂടി അദ്ദേഹത്തിന് ചാര്‍ത്തിക്കൊടുക്കുന്ന ആളുകളുമുണ്ട്. അത് ഒരു പരിധിവരെ ശരിയുമാണ്. അദ്ദേഹത്തിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം കിട്ടി എന്നത് ശരിയാണ്. എന്നാല്‍, അത് സ്വന്തം രാജ്യത്തെ തകര്‍ത്തെറിഞ്ഞതിനുള്ള സമ്മാനം ആയിട്ടേ കാണാന്‍ സാധിക്കുകയുള്ളൂ. പിന്നീട് റഷ്യന്‍ ഫെഡറേഷനില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ഒരു ശതമാനം വോട്ട് മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്. സോവിയറ്റ് യൂണിയന്റെ ഹൃദയമായിരുന്ന റഷ്യയില്‍ അദ്ദേഹം എത്ര മാത്രം അസ്വീകാര്യനായിരുന്നു എന്നതിന്റെ നിദര്‍ശനമാണത്. മാത്രമല്ല, സോവിയറ്റ് യൂണിയനിലെ അധികാരം അവസാനിപ്പിച്ച ശേഷം അദ്ദേഹം അമേരിക്കയിലേക്ക് പോവുകയാണുണ്ടായത്. അവിടെ ഒരു യൂണിവേഴ്‌സിറ്റിയില്‍ വൈസ് ചാന്‍സലറായി കുറേക്കാലം സേവനമനുഷ്ടിച്ചു. പിന്നീട് തിരിച്ചുവന്നെങ്കിലും രാഷ്ട്രീയത്തില്‍ ഇടപെടാതെ, ഏകാന്തവാസമെന്നപോലെ ജീവിക്കുകയാണ് ചെയ്തത്. മാധ്യമങ്ങള്‍ ആഘോഷിക്കുന്നത്രയും വലുപ്പം മിഖായേല്‍ ഗോര്‍ബച്ചേവിനില്ല ഇല്ല എന്നതാണ് വാസ്തവം.

മിഖായേല്‍ ഗോര്‍ബച്ചേവ് | photo: wiki commons

ശീതയുദ്ധം അവസാനിപ്പിച്ച മഹാനായ നേതാവ് എന്ന നിലയില്‍ പാശ്ചാത്യ മാധ്യമങ്ങള്‍ അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടുമ്പോഴും യഥാര്‍ഥത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് സോവിയറ്റ് യൂണിയനെയും, സോഷ്യലിസ്റ്റ് ബ്ലോക്കിനെയും, വാഴ്‌സാ പാക്ടിനെയുമെല്ലാം പിരിച്ചുവിട്ട, സോവിയറ്റ് യൂണിയന്‍ എന്ന മഹത്തായ രാജ്യത്തെ ശിഥിലമാക്കിയ നേതാവ് എന്ന നിലയിലാണ് അദ്ദേഹം ചരിത്രത്തില്‍ അറിയപ്പെടുക. പെരിസ്‌ട്രോയിക്കയും ഗ്ലാസ്‌നോസ്തും ആവശ്യമായ മാറ്റങ്ങളാണ് മുന്നോട്ടുവെച്ചത്. സമാനമായ പരിഷ്‌കാരം 1970കളില്‍ ഡെങ് സിയാവോ പിങിന്റെ നേതൃത്വത്തില്‍ ചൈനയും നടപ്പാക്കിയിരുന്നു. പക്ഷെ ആ രാജ്യത്തെത്തന്നെയും അതിലെ കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് സംവിധാനത്തെയും നിലനിര്‍ത്തിക്കൊണ്ടായിരുന്നു ആ മാറ്റങ്ങള്‍ നടപ്പിലാക്കിയത്. അത്തരത്തിലുള്ള പരിഷ്‌കാരമായിരുന്നു വേണ്ടിയിരുന്നത്. കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കി എന്ന പ്രയോഗം പോലെ, പരിഷ്‌കാരങ്ങളിലൂടെ ലോകത്തെ ഏറ്റവും ശക്തമായ രണ്ടാമത്തെ രാജ്യത്തെ ഇല്ലാതാക്കുകയായിരുന്നു അദ്ദേഹം. ഇങ്ങനെ ഈ ദിശയില്‍ വിമര്‍ശനാത്മകമായിട്ട് മാത്രമേ ഗോര്‍ബച്ചേവിനെ വിലയിരുത്താന്‍ സാധിക്കുകയുള്ളൂ. റഷ്യയില്‍ അദ്ദേഹം ഇപ്പോഴും ഏറ്റവും അധികം അണ്‍പോപ്പുലര്‍ ആയിരിക്കാനും കാരണം ഇതാണ്. ഏതായാലും 1980കളിലെയും 90കളിലെയും ലോകരാഷ്ട്രീയത്തെ നിര്‍ണായകമായി സ്വാധീനിക്കുകയും നിശ്ചയിക്കുകയും ചെയ്ത നേതാവിന് റഷ്യന്‍ കാഴ്ചപ്പാടിലൂടെ നോക്കുമ്പോള്‍, മഹത്തായ സോവിയറ്റ് യൂണിയനെ തകര്‍ത്ത ഒരു വഞ്ചകന്‍ എന്ന സ്ഥാനവുമുണ്ട്. 1999ല്‍ പുടിന്‍ അധികാരത്തില്‍ വരികയും പുടിന്റെ നേതൃത്വത്തില്‍ റഷ്യ ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യുമ്പോള്‍ പുടിന്റെ സ്വപ്‌നങ്ങളിലുള്ളത് പഴയ സോവിയറ്റ് യൂണിയന്‍ തന്നെയാണ്. കിഴക്കന്‍ യൂറോപ്പിലും ലോകരംഗത്തും വലിയ ശക്തിയുണ്ടായിരുന്ന സോവിയറ്റ് യൂണിയനെ തിരിച്ച് കൊണ്ടുവരിക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഈ നിലയില്‍, ആഗോള തലത്തില്‍ പാശ്ചാത്യലോകത്ത് ആഘോഷിക്കപ്പെടുമ്പോഴും റഷ്യയില്‍ ഒരു വഞ്ചകന്റെ പരിവേഷം കൂടെയുള്ള നേതാവായിത്തന്നെ വേണം മിഖായില്‍ ഗോര്‍ബച്ചേവിനെ നോക്കിക്കാണാന്‍. ഇരുപതാം നൂറ്റാണ്ടിനെ ഏറ്റവും നിര്‍ണായകമായി സ്വാധീനിച്ച നേതാവ് എന്ന നിലയില്‍ അദ്ദേഹത്തിന് വലിയ പ്രാധാന്യമുണ്ട്. അത് ചരിത്രം നിശ്ചയമായും രേഖപ്പെടുത്തപ്പെടുകയും ചെയ്യും.

Leave a comment