TMJ
searchnav-menu
post-thumbnail

Outlook

ഹരിതയുടെ പ്രതിഷേധം കേരളത്തിലെ എത്ര പാര്‍ട്ടികളില്‍ സാധ്യമാകും?

17 Sep 2021   |   1 min Read
Faseela Mehar

പ്രശസ്ത പത്രപ്രവർത്തകൻ ഹസൻ സുറൂറിന്റെ  'ഇന്ത്യാസ് മുസ്ലിം സ്പ്രിംങ്' ( India's Muslim Spring) എന്ന പുസ്തകത്തിൽ ഒരധ്യായമുണ്ട്. അലിഗഢ് സർവകലാശാല സന്ദർശിച്ചപ്പോഴുള്ള അദ്ദേഹത്തിന്റെ അനുഭവങ്ങളും കണ്ടെത്തലുകളും വ്യക്തമാക്കുന്ന 'ദ 'ന്യൂ' മുസ്ലിം വുമൻ (The 'New' Muslim Women) എന്ന ആ അധ്യായത്തിൽ അദ്ദേഹം പറയുന്നത്,  'ഇന്നത്തെ ഇന്ത്യയിൽ ഒരു സാധാരണ  മുസ്ലിം പുരുഷനേക്കാൾ പുരോഗമനം മുസ്ലിം സ്ത്രീക്കുണ്ട് ' എന്നാണ്. അവർ അവർക്ക് പറയാനുള്ളത് ഭയസങ്കോചങ്ങളേതുമില്ലാതെ ഉറക്കെ പറയുന്നവരാണെന്നും രാഷ്ട്രീയമായി കൃത്യമായി ധാരണയുള്ളവരാണെന്നും സുറൂർ പറയുന്നു. ശക്തവും സ്വതന്ത്ര്യവുമായ നിലപാടുകൾ ഉള്ളവർ, അത് പ്രകടിപ്പിക്കാൻ ആശങ്കയില്ലാത്തവർ, വ്യക്തമായ ലക്ഷ്യവും അഭിലാഷവുമുള്ളവർ, അത് നേടിയെടുക്കാൻ കൽപിച്ചുറച്ചവർ-  ഇത്രയും കൂടി പറയുന്നു അദ്ദേഹം. പുസ്തകം പുറത്തിറങ്ങിയ 2014 കഴിഞ്ഞിട്ടിപ്പോൾ ഏഴു വർഷമായി. തീർച്ചയായും ഇന്ത്യയിലെ മുസ്ലിം സ്ത്രീകളും പെൺകുട്ടികളും അതിനേക്കാൾ ക്ലാരിറ്റിയും പുരോഗമനവും സ്വായത്തമാക്കിയിട്ടുണ്ട്. 

അതിനൊരു ഉദാഹരണമാണ് രണ്ടു ദിവസം മുമ്പ് കോഴിക്കോട്ട് നടന്ന മുൻ ഹരിത സംസ്ഥാന ഭാരവാഹികളുടെ പത്രസമ്മേളനം. ഹരിത മുൻ ജനറൽ സെക്രട്ടറി നജ്മ തബ്ശീറ 'ഞങ്ങളുടെ ഏജൻസി' എന്നെല്ലാം വ്യക്തതയോടെ പ്രയോഗിക്കുമ്പോൾ ചില പത്രക്കാർ അതെന്താണെന്ന് പിടികിട്ടാതെ നിന്നതും അത് കണ്ടിരുന്ന മറ്റ് ചിലർ 'ഓ.. ഒരു മുസ്ലിം പെൺകുട്ടിക്ക് ഇത്ര രാഷ്ട്രീയ അവബോധമൊക്കെ ഉണ്ടായി തുടങ്ങിയോ' എന്ന് അദ്ഭുതപ്പെട്ടതും ഈ 'പുരോഗമനം ' 'പൊതു'ചർച്ചകളിൽ കടന്നുവരാത്തതിന്റെ പ്രതികരണങ്ങളായിരുന്നു. മേൽപറഞ്ഞ പുസ്തകത്തിന്റെ ടാഗ് ലൈൻ പോലെ തന്നെ, 'എന്തുകൊണ്ടാണ് ആരും അതേ പറ്റി സംസാരിക്കാത്തത്? (why is nobody talking about it?).

ഹസൻ സുറൂറിന്റെ  'ഇന്ത്യാസ് മുസ്ലിം സ്പ്രിംങ്' എന്ന പുസ്തകം

ഇനിയെങ്കിലും അതേ പറ്റി തീർച്ചയായും സംസാരിച്ചു തുടങ്ങേണ്ടതുണ്ട്. മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയുടെ സ്ത്രീവിരുദ്ധത വാശിയോടെ ചർച്ച ചെയ്യുന്നവർക്ക് ഈ വിഷയവും മുഖവിലക്കെടുക്കാം. വിദ്യാഭ്യാസമെന്ന വിപ്ലവകരമായ പാതയിലൂടെ കേരളത്തിലെ മുസ്ലിം പെൺകുട്ടികൾ ആർജിച്ചെടുത്ത സാംസ്കാരിക, രാഷ്ട്രീയ സ്വത്വത്തെ കണ്ണു തുറന്ന് നോക്കാം. ഹരിതയുടെ നേതാക്കൾ കലഹിച്ചിറങ്ങിയത് മുസ്ലിം സമുദായത്തെ പ്രതിനിധീകരിക്കുന്ന പാർട്ടിയിൽ നിന്നായതിനാൽ രാഷ്ട്രീയ വെല്ലുവിളിക്കപ്പുറം 'ഈ സമുദായത്തിൽ നിന്നും സമുദായപാർട്ടിയിൽ നിന്നും ഇതിൽപരമെന്തെങ്കിലും നിഷ്കളങ്കരേ നിങ്ങൾ പ്രതീക്ഷിച്ചിരുന്നോ' എന്ന് ആകുലപ്പെടുന്നവർ ആ സമുദായത്തിന് ഇങ്ങനൊരു പുരോഗമനമുഖം കൂടിയുണ്ടെന്ന് കാണാതെ പോവരുത്.

വിദ്യാഭ്യാസമെന്നത് മുസ്ലിങ്ങൾക്കിടയിൽ ഒരു രാത്രി വെളുത്തപ്പോൾ ഉണ്ടായ വിപ്ലവമല്ല.  സമയമെടുത്ത് തന്നെയുണ്ടായ മാറ്റമാണത്. നവോത്ഥാന നായകരുടെയും മതസംഘടനകളുടെയും തീർച്ചയായും ഭാവിതലമുറ നന്നായി കാണണമെന്ന കുറേ ഉമ്മമാരുമാരുടെയും ബാപ്പമാരുടെയുമൊക്കെ നിശ്ചയദാർഢ്യത്തിന്റെ ഫലമാണത്. ഇപ്പോൾ 'ഹരിത'യിലെ പെൺകുട്ടികളോട് കനത്ത നീതിനിഷേധം കാണിച്ച ലീഗ് നേതൃത്വത്തിനും മറിച്ചൊരു അഭിപ്രായമുണ്ടായിരുന്നില്ല അന്ന്. അവരും സമുദായത്തിന് വിദ്യാഭ്യാസം വേണമെന്ന് കാംക്ഷിച്ചവരാണ്. 1949-ൽ കേരളാ സ്റ്റേറ്റ് മുസ്ലിം ലീഗ് പ്രസിദ്ധീകരിച്ച 'മുസ്ലിം ലീഗ് എന്തിന്?' എന്ന  കുറിപ്പിൽ അന്നത്തെ ദേശീയ പ്രസിഡൻറ് മുഹമ്മദ് ഇസ്മായിൽ പറയുന്നത് നോക്കൂ,

'ഗ്രാമത്തിലെ എല്ലാ കുട്ടികളും കൃത്യമായി സ്കൂളിൽ പോകുന്നുണ്ടോ എന്നു നോക്കുവാൻ വേണ്ടി ഓരോ പ്രാഥമിക മുസ്ലിം ലീഗും ഒരു പ്രത്യേക കമ്മിറ്റി രൂപീകരിക്കണം... സ്കൂളിൽ പോകുന്ന കുട്ടികൾക്ക് വല്ല വിഷമതകളുമുണ്ടെങ്കിൽ അത് ലീഗ് മെമ്പർമാരുടെയും മറ്റുള്ളവരുടെയും സഹായത്തോടു കൂടി കമ്മിറ്റി പരിഹരിച്ചു കൊടുക്കണം.... മുസ്ലിങ്ങളല്ലാത്ത കുട്ടികളെയും സാധ്യമാണെങ്കിൽ ഈ പ്രവർത്തന പരിധിയിൽ ഉൾപ്പെടുത്തണം.' (മുസ്ലിം ലീഗ് രേഖകൾ 1948- 1970 / പ്രസിദ്ധീകരണം: 2013). ഇന്ന് ഗ്രാമങ്ങൾക്ക് പകരം പട്ടണങ്ങളും സ്കൂളുകൾ കൂടാതെ കോളേജുകളും ലീഗ് തന്നെ തുടങ്ങിയിട്ടുണ്ട്.  ലീഗ് മാനേജ്മെൻ്റിന് കീഴിലുള്ള എത്രയോ കോളേജുകൾ കേരളത്തിലുണ്ട്. പക്ഷേ അവിടുന്ന് പഠിച്ചിറങ്ങുന്ന കുട്ടികളെ ഉൾക്കൊള്ളാനുള്ള വലിപ്പം നിർഭാഗ്യവശാൽ അവർക്കില്ലാതെ പോയി. അതാണല്ലോ നിലവിലെ പ്രശ്നവും.

Photo : Adv.Najma Thabsheera / facebook

എഴുപതുകൾ വരെ പണമായിരുന്നു സമുദായത്തിന്റെ വിദ്യാഭ്യാസത്തിന് വലിയൊരു വെല്ലുവിളി. ഗൾഫ് കുടിയേറ്റം അതിന് പരിഹാരം കൊണ്ടുവന്നു. മലബാർ പിന്നെ പല മേഖലകളിലും  കുതിക്കുകയായിരുന്നു എന്നുതന്നെ പറയാം. വിദ്യാഭ്യാസം സാർവത്രികമമായി. അക്കാലയളവിലെ സർക്കാർ പദ്ധതികളും ഗുണം ചെയ്തിട്ടുണ്ട്. രണ്ടായിരമാണ്ട് കഴിഞ്ഞതോടെ പല കോളേജുകളിലും പെൺകുട്ടികളായി എണ്ണത്തിൽ കൂടുതൽ. വിവിധ മേഖലകളിൽ മുസ്ലിം പെൺകുട്ടികൾ വിദ്യാഭ്യാസവും തൊഴിലും നേടി. പ്രൊഫഷണൽ കോളേജുകളിലും കോഴ്സുകളിലുമടക്കം മുസ്ലിം പെൺകുട്ടികൾ റാങ്ക് വരെ നേടി.  ഇന്ത്യയിലെ പ്രധാന സർവകലാശാലകളിലും വിദേശ സർവകലാശാലകളിലും അവർ പഠനത്തിനായി പുറപ്പെട്ടു. ഇതൊക്കെ ഇപ്പോഴും തുടരുന്നു. ഇനി തുടരുകയും ചെയ്യും. വിവാഹമോ മാതൃത്വമോ തടസമാകാതെ പഠനം നടത്തുന്ന എത്രയോ പെൺകുട്ടികളുണ്ട്.  മലപ്പുറത്തെ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം കണ്ട് ചിരി കോട്ടിയ പ്രമുഖ നേതാക്കൾ വരെയുണ്ട്. ഇവരെകൊണ്ട് ഇതൊന്നും നടക്കില്ലയെന്ന സാമൂഹ്യ ചിന്താഗതിയുടെ അത്തരം പ്രസ്താവനകളെ നിരാകരിക്കാൻ കൂടി പെൺകുട്ടികൾക്കായിട്ടുണ്ട്. 

പണ്ട് ഇംഗ്ലീഷ് പറയുന്ന ഒരു മാളിയേക്കൽ മറിയുമ്മയായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഇപ്പോഴത് പതിനായിരങ്ങളായി. പഠിപ്പിന്റെ പിന്തുർച്ചയായാണ് സ്വന്തം ശബ്ദം അവർ തിരിച്ചറിഞ്ഞത്. 

മുസ്ലിം പെൺകുട്ടികൾ വിദ്യാഭ്യാസം നേടിയെന്ന് പറയുമ്പോഴും സമുദായത്തിനകത്തെ പലതിനോടുമുള്ള ചെറുത്തുനിൽപുകളും കാണേണ്ടതുണ്ട്. ഇസ്ലാമിക് ഫെമിനിസ്റ്റ് എഴുത്തുകാരിയായ ഫാത്വിമ മർനീസി തന്റെ 'ബിയോണ്ട് ദ വെയ്ൽ' ( Beyond the veil) എന്ന പുസ്തകത്തിലെഴുതിയതു പോലെ,  'നിയമങ്ങൾക്കും ഔദ്യോഗിക നയങ്ങൾക്കുമപ്പുറം മെരുക്കുകയോ നിയന്ത്രിക്കുകയോ ചെയ്തില്ലെങ്കിൽ സാമൂഹിക വ്യവസ്ഥിതിയെ നശിപ്പിക്കുന്ന വിനാശകാരികളായാണ് മുസ്ലിം സാമൂഹിക വ്യവസ്ഥിതി സൂക്ഷാമർഥത്തിൽ സ്ത്രീകളെ കാണുന്നത്. ഈ കാഴ്ചപ്പാട് ദീർഘകാലാടിസ്ഥാനത്തിൽ സ്ത്രീകളുടെ ശാക്തീകരണത്തിനും തീരുമാനമെടുക്കാനുള്ള കഴിവിനെ സുഗമമാക്കാനും സഹായിക്കുന്നുണ്ട്.'  സ്ത്രീയെന്ന നിലയിലും മുസ്ലിം സ്ത്രീയെന്ന നിലയിലുമുള്ള രണ്ട് കെട്ടുപാടുകളെ പൊളിച്ചുകളഞ്ഞാണ് സാംസ്കാരിക മൂലധനം ഇവിടെ നിർമിക്കപ്പെടുന്നത്. അതിന്റെ മൂർച്ചയാണ് മുസ്ലിം സമുദായത്തിലെ വിദ്യാഭ്യാസമുള്ള പെൺകുട്ടികളിൽ കാണുന്നത്. മേൽപറഞ്ഞ ഹരിതയുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിൽ കണ്ടത്.

ഫാത്വിമ മർനീസിയുടെ 'ബിയോണ്ട് ദ വെയ്ൽ' എന്ന പുസ്തകം / photo : wiki commons
ഫാത്വിമ മർനീസി /  photo : wiki commons

പത്തുവർഷം മുമ്പ് സെപ്റ്റംബർ 11നാണ് ഹരിത നിലവിൽ വന്നത്. ഇനിയുമതാർക്കുവേണ്ടി നിലകൊള്ളുന്നുവെന്നതിൽ ലീഗ് നേതൃത്വത്തിന് സംശയമുണ്ടെന്ന് തോന്നുന്നു. എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് പ്രയോഗിച്ച ഭാഷയിലെ ശരികേടിനെയാണ് ഹരിതയിലെ പത്ത് പെൺകുട്ടികൾ ചോദ്യം ചെയ്തത്. നിരന്തരമായി ഹരിതയിലെ പെൺകുട്ടികളെ കുറിച്ച് അവരോടും മറ്റുള്ളവരോടും പറയുന്ന ഭാഷയിലെ പ്രശ്നമാണ്, കാഴ്ചയിലെ പ്രശ്നമാണ് അവർ പരാതിയായി നേതൃത്വത്തിന് നൽകിയത്. ദുഃഖകരമായ വസ്തുത എന്തിനാണ് പരാതിയെന്നത് പോലും,  അതിലെ പ്രശ്നമെന്താണെന്ന് പോലും നേതൃത്വത്തിലെ പലർക്കും മനസ്സിലായില്ല എന്നതാണ്. മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം ഒരു അഭിമുഖത്തിൽ പറഞ്ഞത് കേരളത്തിൽ 25 ലക്ഷം അംഗങ്ങളുള്ള പാർട്ടിയാണ് ലീഗെന്നും അതിൽ 12 ലക്ഷത്തോളവും അംഗത്വം സ്ത്രീകൾക്കാണെന്നുമാണ്. അങ്ങനെയെങ്കിൽ അവരെ ഒന്നടങ്കം പരിഹസിക്കുന്ന ഒരു നടപടിയല്ലേ ഇത്.?

ജെൻഡർ, സ്വത്വം, ആത്മാഭിമാനം, നിലനിൽപ്, തുല്യത എന്നൊക്കെ ആവർത്തിച്ചിട്ടും നീതി നിഷേധിക്കപ്പെട്ടപ്പോഴാണ് ഹരിതാ നേതാക്കൾ പരാതിയുമായി വനിതാ കമ്മീഷനിലെത്തിയതും സംഭവം ചർച്ചയായതും. അതിൽ വനിതാ കമ്മീഷൻ എന്ത് നടപടിയെടുക്കുമെന്നത് കണ്ടറിയണം. പ്രതിപക്ഷകക്ഷിയിലെ നേതാവിനെതിരെയുള്ള പരാതി ആയതിനാൽ പാർട്ടി അന്വേഷിച്ച് നടപടിയെടുക്കുമെന്ന മറുപടി ഉണ്ടാവില്ലായിരിക്കാം. 

പാർട്ടിയിലെ അധികാര വ്യവസ്ഥകളെ പാർട്ടിക്കുള്ളിൽ നിന്നുകൊണ്ട് തന്നെ ചോദ്യംചെയ്യുന്ന, അതിനെ തിരുത്തണമെന്ന് ഉറക്കെ പറയുന്ന പോരാട്ടമാണ് ഹരിത മുൻ നേതാക്കൾ മുന്നോട്ട് വെക്കുന്നത്. അതത്ര ചെറിയ കാര്യമല്ല. ആ പോരാട്ടം രണ്ട് പ്രധാന ചോദ്യങ്ങൾ കൂടി ഉന്നയിക്കുന്നുണ്ട്. ഇവർ നടത്തിയ പോലെ ഒരു പത്രസമ്മേളനം വിളിച്ചു ചേർക്കാൻ കേരളത്തിലെ മറ്റേതെങ്കിലും മുഖ്യധാര രാഷ്ട്രീയ പാർട്ടിയിലെ വനിതാ നേതാക്കൾക്ക് കഴിയുമോ എന്നതാണ് ആദ്യത്തെ ചോദ്യം. കഴിയില്ലെന്ന് തന്നെ പറയേണ്ടി വരും. ഉച്ചത്തിൽ എതിർപ്പുകൾ പോലും പറയാനാവുന്നില്ലയെന്നോർക്കണം. കേഡറായാലും സെമികേഡറായാലും ചോദ്യം ചെയ്യൽ അനുവദനീയമല്ല. കഴിഞ്ഞയാഴ്ചയാണ് കേരള പോലീസിൽ ആർഎസ്എസ് ഗ്യാങ് പ്രവർത്തിക്കുണ്ടെന്ന് അവതാളത്തിലായ സ്ത്രീസുരക്ഷ ചൂണ്ടിക്കാട്ടി ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനിരാജ പ്രതികരിച്ചത്. അതിന് സംസ്ഥാന നേതൃത്വത്തിന്റെ അനുമതി വാങ്ങിയില്ലെന്ന് പറഞ്ഞ് കെറുവിച്ച് കാനം കത്തെഴുതി. രാഷ്ട്രീയമല്ലാത്ത വിഷയത്തിൽ പ്രതികരിക്കാൻ സംസ്ഥാന നേതൃത്വത്തിന്റെ അനുമതി തേടേണ്ടതില്ലെന്ന് ആനിരാജ ദേശീയ നിർവഹക സമിതി യോഗത്തിൽ വ്യക്തമാക്കിയതോടെ അതവിടെ കഴിഞ്ഞു. ഇതിവിടെ പറഞ്ഞുവെന്നേയുള്ളൂ. 

മാളിയേക്കൽ മറിയുമ്മ /  photo : wiki commons

രണ്ടാമത്തെ ചോദ്യം ഏത് രാഷ്ട്രീയ പാർട്ടിയാണ് ആഭ്യന്തരവിഷയങ്ങൾ ചോദ്യം ചെയ്ത സ്ത്രീകൾക്ക് നീതി നൽകിയിട്ടുള്ളത് എന്നാണ്. അതുമല്ല, ഏത് പാർട്ടിയിലാണ് ഇവിടെ ലിംഗസമത്വമുള്ളത്.? എതിർ പാർട്ടിയിലാവുമ്പോൾ ആഹായെന്നും സ്വന്തം പാർട്ടിയിലാണെങ്കിൽ ഹോഹോയെന്നും പറയുന്ന ഇരട്ടത്താപ്പ്. 

പ്രാദേശിക വികസനത്തിന് രാഷ്ട്രീയം നോക്കേണ്ടതില്ല എന്ന് നയമുണ്ടായിരുന്ന കാലത്ത് ജില്ലാ വികസന യോഗത്തിൽ പങ്കെടുത്തതിനാണല്ലോ 1994-ൽ കെ.ആർ. ഗൗരിയമ്മയെ സിപിഎം പുറത്താക്കിയത്. കൊല്ലങ്ങൾ കുറേ കഴിഞ്ഞ് അവർ തിരിച്ചെത്തിയപ്പോൾ പുറത്താക്കാൻ അതൊരു കാരണമാണോ എന്ന നിലയിലേക്ക് സിപിഎം മാറിയിരുന്നു.   കഴിഞ്ഞ എൽഡിഎഫ് ഭരണകാലത്താണ് ഷൊർണൂർ എം.എൽ.എ ആയിരുന്ന പി.കെ.ശശിക്കെതിരെ ഡിവൈഎഫ്ഐ നേതാവ് ലൈംഗികാരോപണം ഉന്നയിച്ച പരാതി വന്നത്. ആ പെൺകുട്ടിയുടെ നീതിക്കായി സൈബർ പോരാളികളാരും വാദിച്ചു കണ്ടില്ല. ശശി പദവി രാജിവെച്ചിട്ടുമില്ല. രണ്ടാഴ്ച മുന്നേയാണ് കെ.ടി.ഡി.സി ചെയർമാൻ പദവി നൽകിയതും. ആ പെൺകുട്ടിയെ  ആരെങ്കിലും അന്വേഷിച്ചിരുന്നോ..? 

ഒക്കെ പോട്ടെ, ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പ്രതിയായ കേരളം കണ്ട നാണം കെട്ട കേസുകളിലൊന്നായ ഐസ്ക്രീം പാർലർ കേസിൽ വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി തള്ളണമെന്ന് എൽഡിഎഫ് സര്‍ക്കാര്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടത് 2019-ലാണ്. പറഞ്ഞുവന്നത് ലിംഗസമത്വം, ലിംഗനീതി എന്നൊക്കെ പറഞ്ഞാൽ 'ഞങ്ങൾ ഇത്രേം വനിതകളെ മത്സരിപ്പിച്ചു, കൂടുതൽ വനിതകളെ മേയർമാരാക്കി ' തുടങ്ങിയ ആശ്ചര്യങ്ങൾ മാത്രമാവരുത് എന്നാണ്.

ശബരിമലയിൽ സ്ത്രീകൾ കയറുന്നതിനെ ശരണം വിളിച്ച് പ്രതിരോധിക്കാൻ നിന്ന ബിജെപിക്കാരെക്കുറിച്ച് കൂടുതൽ എന്ത് പറയാനാണ്.? നൂറ്റാണ്ടിലെ തന്നെ പിന്തിരിപ്പൻ അച്ചുമായി ഇറങ്ങിയവരാണവർ. സഖ്യകക്ഷി ആയതു കൊണ്ടാവണം ഹരിത സംഭവത്തിൽ കോൺഗ്രസിന്റെ യുവതുർക്കികളും പ്രതികരിച്ചു കണ്ടില്ല. സ്വന്തം പാർട്ടിയിലെ വനിതാ നേതാക്കളെ ചാനലിലിരുന്നും പൊതുവേദിയിലും പരസ്യമായി ചീത്ത പറയുന്ന നേതാക്കളാണ് അവരുടെയും കൈമുതൽ.  

മുസ്ലിം ലീഗിനെ കുറ്റം പറയുന്നവർ കണ്ണാടി നോക്കണമെന്ന് സാരം. ഈ പറയുന്നവരെല്ലാം മാറിയേ പറ്റൂ. കാരണം വരുന്നത് പ്രതീക്ഷയുടെ പെൺകൂട്ടമാണ്. തലയുയർത്താനാണ്, താഴ്ത്താനുള്ളതല്ലെന്ന ഉറച്ച ബോധ്യമുള്ളവർ. ഹരിത തുറന്നിടതും പ്രതീക്ഷയുടെ ആ ചൂണ്ടുപലകയാണ്.

Leave a comment