TMJ
searchnav-menu
post-thumbnail

Outlook

മുലായം സിങ് യാദവും സാമൂഹ്യനീതി രാഷ്ട്രീയത്തിന്റെ നാള്‍വഴികളും

10 Oct 2022   |   1 min Read
K P Sethunath

PHOTO: WIKI COMMONS

1947 ന് ശേഷമുള്ള ഇന്ത്യന്‍ ദേശരാഷ്ട്ര നിര്‍മിതിയുടെ ചാലകശക്തിയായി മാറിയ കോണ്‍ഗ്രസ്സിനുള്ള ബദലായി ഉയര്‍ന്നുവന്ന രാഷ്ട്രീയ ധാരകളെ പൊതുവെ മൂന്നു ഗണങ്ങളില്‍ ഉള്‍പ്പെടുത്താം. കമ്യൂണിസ്റ്റുകളും, സോഷ്യലിസ്റ്റുകളുമടങ്ങിയ ഇടതുപക്ഷം, രാഷ്ട്രീയ ഹിന്ദുത്വവാദികള്‍, പ്രാദേശിക രാഷ്ട്രീയത്തിന്റെ ഉപാസകര്‍. വിശാലമായ അര്‍ത്ഥത്തില്‍ ഈ മൂന്നു ധാരകളിലായി ഉരുത്തിരിഞ്ഞ കോണ്‍ഗ്രസ്സ്‌ വിരുദ്ധതയുടെ രാഷ്ട്രീയം 1960 കളുടെ അവസാനത്തിലാണ്‌ ഭരണകക്ഷിയെന്ന നിലയിലുള്ള കോണ്‍ഗ്രസ്സിന്റെ അധികാര കുത്തകയെ ചോദ്യം ചെയ്യുന്നതിനുള്ള ശേഷി കൈവരിക്കുന്നത്‌. കൃത്യമായി പറഞ്ഞാല്‍ 1967 ലെ പൊതു തെരഞ്ഞെടുപ്പായിരുന്നു അതിന്റെ തുടക്കം. ലോകസഭയില്‍ ഭൂരിപക്ഷം നേടിയെങ്കിലും ഉത്തര്‍പ്രദേശ്‌ അടക്കമുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിന്‌ അധികാരം നഷ്ടപ്പെടുന്ന സാഹചര്യം 67 ലെ തെരഞ്ഞെടുപ്പില്‍ സംജാതമായി. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ദിശാമാറ്റത്തിന്റെ സൂചകമായി തിരിച്ചറിയപ്പെടുന്ന 67 ലെ തെരഞ്ഞെടുപ്പിലൂടെയാണ്‌ മുലായം  സിങ് യാദവെന്ന നേതാവിന്റെ പിറവി.

പശ്ചിമ-മധ്യ ഉത്തര്‍പ്രദേശിലെ ഇട്ടാവക്കടുത്ത (Etawah) സൈഫാലി ഗ്രാമത്തിലെ കര്‍ഷക കുടുംബത്തില്‍ 1939 ല്‍ ജനിച്ച മുലായം 1967 ല്‍ ജസ്വന്ത്‌നഗര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും സംയുക്ത സോഷ്യലിസ്‌റ്റ്‌ പാര്‍ട്ടിയുടെ ( എസ്.എസ്.പി) സ്ഥാനാര്‍ത്ഥിയായി വിജയിച്ചു. രാം മനോഹര്‍ ലോഹ്യയുടെ സോഷ്യലിസ്‌റ്റു ആശയങ്ങളില്‍ ആകൃഷ്ടനായി വിദ്യാര്‍ത്ഥി ജീവിതകാലത്തു തന്നെ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ മുലായത്തിന്റെ ചെറുപ്പത്തിലെ ആഗ്രഹം ഗുസ്‌തിക്കാരനാവണം എന്നായിരുന്നു. ഗുസ്‌തിയില്‍ നിന്നും ശ്രദ്ധ രാഷ്ട്രീയത്തിലേക്കു തിരിഞ്ഞതോടെ അദ്ദേഹം ആഗ്ര സര്‍വകലാശാലയില്‍ നിന്നും രാഷ്ട്രമീമാംസയില്‍ എംഎ പാസ്സായി മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി. 1967 ല്‍ എസ്.എസ്.പി സ്ഥാനാര്‍ത്ഥിയായി വിജയിച്ച മുലായം 1974 ല്‍ ഭാരതീയ ലോക്‌ദളിന്റെ (ബിഎല്‍ഡി) സ്ഥാനാര്‍ത്ഥിയായി നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. ഹരിത വിപ്ലവത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന നവസമ്പന്നരായ കര്‍ഷകരുടെ രാഷ്ട്രീയഭാവനകള്‍ക്ക്‌ വേദിയൊരുക്കിയ ചൗധരി ചരണ്‍സിങായിരുന്നു ബിഎല്‍ഡി യുടെ സ്ഥാപകന്‍. 'വളരുന്തോറും പിളരുകയെന്ന' കേരള കോണ്‍ഗ്രസ്സ്‌ പ്രതിഭാസം വളരെ മുമ്പുതന്നെ പ്രയോഗത്തില്‍ വരുത്തിയ സംയുക്ത സോഷ്യലിസ്‌റ്റ്‌ പാര്‍ട്ടിയുടെ ശിഥിലീകരണവും നവസമ്പന്ന കര്‍ഷകരുടെയും, പിന്നാക്ക ജാതികളുടെയും രാഷ്ട്രീയ ഭാവനകളും ഒരേ ബിന്ദുവില്‍ സംഗമിക്കുന്നതിന്റെ രാഷ്ട്രീയരൂപമായിരുന്നു ബിഎല്‍ഡി. കോണ്‍ഗ്രസ്സ്‌ വിരുദ്ധതയായിരുന്നു അതിന്റെ പ്രധാന മുഖമുദ്ര. ക്രിസ്റ്റഫര്‍ ജെഫ്രലോട്ടിന്റെ 'ഇന്ത്യയിലെ നിശ്ശബ്ദ വിപ്ലവം: ഉത്തരേന്ത്യയിലെ പിന്നാക്ക ജാതികളുടെ ഉയര്‍ച്ച' (India's Silent Revolution: The Rise of the Lower Castes in North India) എന്ന പുസ്‌തകത്തില്‍ ഈയൊരു പ്രക്രിയയുടെ വിവിധ വശങ്ങള്‍ വിശദീകരിക്കുന്നുണ്ട്.

ശരത് യാദവ്, ലാലു പ്രസാദ്‌ യാദവ്, റാം വിലാസ് പാസ്വാന്‍ എന്നിവരോടൊപ്പം മുലായം സിങ് യാദവ് | ഫോട്ടോ twitter

വ്യവസായ-വാണിജ്യ മേഖലയിലെ അതിസമ്പന്നര്‍ കഴിഞ്ഞാല്‍ ഗ്രാമീണ മേഖലയിലെ ജന്മി-സവര്‍ണ്ണ വര്‍ഗ്ഗങ്ങളുടെ താല്‍പ്പര്യങ്ങളെ സംരക്ഷിക്കുന്ന രാഷ്ട്രീയ കക്ഷിയെന്ന മുദ്ര കോണ്‍ഗ്രസ്സിന്റെ മേല്‍ അതിനകം പതിഞ്ഞിരുന്നു. 1974 ല്‍ നിയമസഭയില്‍ വീണ്ടുമെത്തിയെങ്കിലും 1975 ല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപനത്തോടെ അടുത്ത 19 മാസം മുലായം ജയിലിലായി. 77 ലെ തെരഞ്ഞെടുപ്പില്‍ ജനത പാര്‍ട്ടിയായി രൂപാന്തരപ്പെട്ട ബിഎല്‍ഡി യുടെ പ്രതിനിധിയായ മുലായം ഉത്തര്‍പ്രദേശില്‍ ആദ്യമായി മന്ത്രിയായി. 1980 ല്‍ ജനത പാര്‍ട്ടി പല കഷണങ്ങളായതോടെ പഴയ ബിഎല്‍ഡി ലോകദളായി രൂപം മാറി. മുലായം ഉത്തര്‍പ്രദേശിലെ ലോകദളിന്റെ പ്രസിഡന്റായി. 1960 കള്‍ക്കു ശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണ്ണായക ദശകമായിരുന്നു 1980 കള്‍. ജനത പാര്‍ട്ടിയുടെ ശിഥിലീകരണം, ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സിന്റെ തിരിച്ചു വരവ്‌, ആസ്സാം-പഞ്ചാബ്‌ പ്രക്ഷോഭങ്ങള്‍, ഇന്ദിര വധം, രാജീവ്‌ തരംഗം, ബാബ്രി മസ്‌ജിദ്‌ വിവാദം, ബോഫോഴ്‌സ്‌ വിവാദം, കോണ്‍ഗ്രസ്സിലെ രാജീവ്‌ വിരുദ്ധ കലാപം, ദേശീയ മുന്നണി, മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭം തുടങ്ങി ഇന്ത്യന്‍ ദേശരാഷ്ട്രത്തിന്റെ അലകും പിടിയും ഉലയ്‌ക്കുന്ന തരത്തിലുള്ള നിരവധി സംഭവവികാസങ്ങളാണ്‌ ഈ 10 വര്‍ഷക്കാലയളവില്‍ അരങ്ങേറിയത്‌.

ദേശീയ തലത്തില്‍ തലക്കെട്ടുകള്‍ കയ്യടക്കിയ ഈ സംഭവവികാസങ്ങളുടെ കുത്തൊഴുക്കില്‍ അധികമാരും തിരിച്ചറിയാതെ പോയതാണ്‌ ഉത്തര്‍ പ്രദേശിലെ രാഷ്ട്രീയത്തില്‍ വന്ന ഗതിമാറ്റം. ലോകസഭയിലേക്ക്‌ ഏറ്റവുമധികം സീറ്റുകള്‍ സംഭാവന ചെയ്യുന്ന യുപി യുടെ രാഷ്ട്രീയ ഭൂമികയില്‍ നിന്നും കോണ്‍ഗ്രസ്സ്‌ ഏതാണ്ട്‌ അപ്രത്യക്ഷമാവുന്ന പ്രവണത എണ്‍പതുകളുടെ അവസാനത്തോടെ പ്രകടമായെങ്കിലും തൊണ്ണൂറുകളോടെ അത്‌ കൂടുതല്‍ വ്യക്തമായി. അതിന്റെ പ്രധാന ഗുണഭോക്താക്കളില്‍ ഒരാളായിരുന്നു മുലായം സിങും അദ്ദേഹം രൂപം കൊടുത്ത സമാജ്‌വാദി പാര്‍ട്ടിയും. ഉത്തര്‍ പ്രദേശിലെ കോണ്‍ഗ്രസ്സിന്റെ അധികാര സമവാക്യങ്ങളില്‍ വിള്ളലുണ്ടാക്കിയ രാഷ്ട്രീയ പ്രക്രിയയുടെ പ്രധാന നേതാക്കളില്‍ പ്രമുഖനെന്നു പറയുന്നതാവും കൂടുതല്‍ ശരി. കോണ്‍ഗ്രസ്സ്‌ വിരുദ്ധ സോഷ്യലിസ്‌റ്റ്‌ കക്ഷി, പിന്നാക്ക ജാതികളുടെയും നവസമ്പന്ന കര്‍ഷകരുടെയും രാഷ്ട്രീയ ഉണര്‍വുകള്‍, മുസ്ലീം ന്യൂനപക്ഷ സമുദായത്തിന്റെ ഒറ്റപ്പെടല്‍, ആക്രമണോത്സുകമായ രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ വളര്‍ച്ച തുടങ്ങിയ നിരവധി ഘടകങ്ങള്‍ മുലായം പ്രതിഭാസത്തിന്റെ വളര്‍ച്ചയുമായി ബന്ധപ്പെട്ട ഉത്തേജകങ്ങളായി. 1989 ല്‍ ഉത്തര്‍ പ്രദേശിലെ മുഖ്യമന്ത്രിയായി അധികാരമേറ്റതോടെ ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന നേതാവായി അദ്ദേഹം വളര്‍ന്നു.

2007 ലെ തെരഞ്ഞെടുപ്പില്‍ ബിഎസ്സ്‌പിയുടെ മായാവതിയോടു അടിയറവ്‌ പറഞ്ഞുവെങ്കിലും 2012 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തന്റെ മകന്‍ അഖിലേഷ്‌ യാദവിന്റെ വിജയത്തിനുള്ള വഴിയൊരുക്കി. മുഖ്യമന്ത്രിയായി അഖിലേഷിനെ വാഴിച്ച മുലായം 2014 ല്‍ നടക്കാനിരിക്കുന്ന പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിപദം ലക്ഷ്യം വെയ്‌ക്കുന്ന നേതാവെന്ന തോന്നലുളവാക്കിയിരുന്നു.

മണ്ഡല്‍-മസ്‌ജിദ്‌ വിവാദങ്ങള്‍ കൊടുമ്പിരിക്കൊണ്ട കാലയളവില്‍ രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ പ്രതീകമായി മാറിയ ബിജെപിക്ക്‌ എതിരെ ഉറച്ച നിലപാട്‌ സ്വീകരിക്കുന്ന നേതാവെന്ന പ്രതിച്ഛായ മുലായം കൈവരിച്ചു. വിശ്വഹിന്ദു പരിഷത്തിന്റെ കാര്‍മികത്വത്തില്‍ അയോധ്യയില്‍ ക്ഷേത്ര നിര്‍മ്മാണത്തിനായുള്ള ശിലാന്യാസ പരിപാടിക്കെതിരെ കര്‍ശ്ശന നടപടി സ്വീകരിച്ചതോടെ 'മൗലാന മുലായമെന്ന' പേരില്‍ ബിജെപിയും പരിവാര ശക്തികളും അദ്ദേഹത്തിന്‌ എതിരെ അക്രമണം അഴിച്ചുവിട്ടു. കേന്ദ്രത്തിലെ വിപി സിങിന്റെ നേതൃത്വത്തിലുള്ള ദേശീയ മുന്നണി സര്‍ക്കാര്‍ 1990 നവംബറില്‍ നിലംപതിച്ചുവെങ്കിലും കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ 1991 വരെ യുപിയില്‍ ജനതാദള്‍ മുഖ്യമന്ത്രിയായി മുലായം തുടര്‍ന്നു. 1991 ല്‍ ബിജെപി യുപിയില്‍ അധികാരത്തിലെത്തിയെങ്കിലും 1992 ഡിസംബറില്‍ ബാബ്രി മസ്‌ജിദ്‌ തകര്‍ത്തതിനെ തുടര്‍ന്ന്‌ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചു വിട്ടു. തുടര്‍ന്ന്‌ 1993 ല്‍ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുമായി ചേര്‍ന്ന്‌ തെരഞ്ഞെടുപ്പില്‍ മത്സരിച്ച മുലായം രണ്ടാമതും മുഖ്യമന്ത്രിയായെങ്കിലും 18 മാസത്തിനു ശേഷം ബിഎസ്‌പി സഖ്യം വിട്ടതോടെ അദ്ദേഹത്തിന്‌ സ്ഥാനം ഒഴിയേണ്ടി വന്നു. നീണ്ട 10 വര്‍ഷങ്ങള്‍ക്കു ശേഷം 2003 ല്‍ മൂന്നാമതും മുഖ്യമന്ത്രിയായി കരുത്ത്‌ തെളിയിച്ച മുലായം 2007 ലെ തെരഞ്ഞെടുപ്പില്‍ ബിഎസ്സ്‌പിയുടെ മായാവതിയോടു അടിയറവ്‌ പറഞ്ഞുവെങ്കിലും 2012 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തന്റെ മകന്‍ അഖിലേഷ്‌ യാദവിന്റെ വിജയത്തിനുള്ള വഴിയൊരുക്കി. മുഖ്യമന്ത്രിയായി അഖിലേഷിനെ വാഴിച്ച മുലായം 2014 ല്‍ നടക്കാനിരിക്കുന്ന പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിപദം ലക്ഷ്യം വെയ്‌ക്കുന്ന നേതാവെന്ന തോന്നലുളവാക്കിയിരുന്നു.

നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ 2014 ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ ബിജെപി കൈവരിച്ച വിജയത്തോടെ സംജാതമായ രാഷ്ട്രീയ സാഹചര്യത്തോടെ മുലായം സിങ് യാദവിന്റെ രാഷ്ട്രീയ പ്രഭാവം ക്രമേണ മങ്ങലിലായി. മുലായത്തിന്റെ സഹോദരനും വിശ്വസ്‌തനുമായ ശിവപാല്‍ യാദവും, അഖിലേഷ്‌ യാദവും തമ്മിലുള്ള പിണക്കം അപരിഹാര്യമായ നിലയിലെത്തിയതും കുടുംബത്തില്‍ ഒതുങ്ങി നില്‍ക്കാത്ത കലഹങ്ങളായി വളര്‍ന്നതും മുലായം പ്രതിനിധാനം ചെയ്‌ത രാഷ്ട്രീയത്തിന്റെ പരിമിതികള്‍ പുറത്തുകൊണ്ടു വരുന്നതായിരുന്നു. മുലായവും, അഖിലേഷും പാര്‍ട്ടിയില്‍ നിന്നും ഇരുവരെയും പരസ്‌പരം പുറത്താക്കുന്ന സാഹചര്യം ഈ പരിമിതികളെ കൂടുതല്‍ രൂക്ഷമാക്കി. 2014 ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശിലെ 80 സീറ്റുകളില്‍ 71 ഉം സ്വന്തമാക്കി ബിജെപി കരുത്തുനേടിയതോടെ സംസ്ഥാനത്തെ പരമ്പരാഗത തെരഞ്ഞെടുപ്പ്‌ സമവാക്യങ്ങളില്‍ വന്ന മാറ്റം പ്രകടമായിരുന്നു. ഈ മാറ്റം തിരിച്ചറിയുന്നതിനും അതിനെ നേരിടുന്നതിനുമുള്ള രാഷ്ട്രീയ തന്ത്രങ്ങള്‍ രൂപപ്പെടുത്താന്‍ മുലായത്തിനും, അഖിലേഷ്‌ യാദവിനും കഴിഞ്ഞില്ല. ലോകസഭ തെരഞ്ഞെടുപ്പിന്‌ പിന്നാലെ 2016 ല്‍ നടന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിലും ബിജെപി വിജയം ആവര്‍ത്തിച്ചതോടെ ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ്‌ സമവാക്യങ്ങള്‍ പുതിയ രൂപഭാവങ്ങള്‍ കൈവരിക്കുന്നതിന്റെ വ്യക്തമായ സൂചനകള്‍ നല്‍കി. 2019 ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ അഖിലേഷിന്റെ മുന്‍കൈയില്‍ മായാവതിയുടെ ബിഎസ്സ്‌പി യുമായി സഖ്യം സ്ഥാപിച്ചുവെങ്കിലും 80 ല്‍ 65 സീറ്റുകളുമായി ബിജെപിയും മോഡിയും ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പു വിജയങ്ങളുടെ ജൈത്രയാത്ര തുടര്‍ന്നു.

ലാലു പ്രസാദ് യാദവിനും അഖിലേഷ് യാദവിനുമൊപ്പം മുലായം സിങ് യാദവ് | Photo : Twitter

യോഗി ആദിത്യനാഥെന്ന കാഷായ വസ്‌ത്രധാരിയായ മുഖ്യമന്ത്രി സ്വന്തം നിലയില്‍ സ്വായത്തമാക്കിയ വോട്ടു ബാങ്കിന്റെ പ്രഭാവം 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിലും പ്രകടമായതോടെ 1960 കളില്‍ ഉരുത്തിരിഞ്ഞ കോണ്‍ഗ്രസ്സ്‌ വിരുദ്ധതയുടെ രാഷ്ട്രീയ ധാരകള്‍ പുതിയ സമവാക്യങ്ങള്‍ രൂപപ്പെടുത്തേണ്ടത്‌ അനിവാര്യമാണെന്നു തോന്നിപ്പിക്കുന്നതാണ്‌ ഉത്തര്‍പ്രദേശിലെ മുലായം സിങിന്റെ വളര്‍ച്ചയും തളര്‍ച്ചയും നല്‍കുന്ന സൂചനകള്‍. സോഷ്യലിസ്‌റ്റു ധാരയുടെ ഭാഗമായിരുന്ന മുലായത്തിന്റെ തെരഞ്ഞെടുപ്പ്‌ വിജയങ്ങള്‍ക്ക്‌ ഉത്തേജനം നല്‍കിയ നവസമ്പന്ന കര്‍ഷകരുടെയും, പിന്നാക്ക ജാതിക്കാരുടെയും രാഷ്ട്രീയ ഭാവനകള്‍ അവ രൂപമെടുത്ത കാലഘട്ടത്തിലെ ഭൗതിക സാഹചര്യങ്ങളില്‍ നിന്നും ഗണ്യമായി മാറിയിരിക്കുന്നു. പഴയ തലമുറയെ പ്രചോദിപ്പിച്ച രാഷ്ട്രീയം അവരുടെ പുതിയ തലമുറയെ സ്വാധീനിക്കണമെന്നില്ലെന്ന്‌ മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി നേടുന്ന വോട്ടുകളുടെ സ്വഭാവം വെളിപ്പെടുത്തുന്നു.

ഓരോ സമുദായവും അവരുടെ സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന (ഫലത്തില്‍ അതാതു സമുദായങ്ങളിലെ പ്രമാണിമാരുടെ താല്‍പ്പര്യങ്ങള്‍) തരത്തില്‍ രൂപപ്പെടുത്തുന്ന സഖ്യങ്ങള്‍ തെരഞ്ഞെടുപ്പ്‌ വിജയങ്ങളുടെ ഊടും പാവും നിശ്ചയിക്കുന്നതോടെ സാമൂഹ്യ നീതി, പിന്നാക്ക ഐക്യം, ദളിത്‌ ഐക്യം തുടങ്ങിയ തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തുവാന്‍ ശേഷിയുള്ള സമവാക്യങ്ങള്‍ വെറും വാചോടപങ്ങളായി മാറുന്ന സാഹചര്യം ഉടലെടുക്കുന്നു. മോഡിയും ദ്രൗപദി മുര്‍മുവുമെല്ലാം പിന്നാക്ക-ദളിത്‌ അധികാരത്തിന്റെയും, സാമൂഹ്യ നീതിയുടെയും പ്രതീകങ്ങളായി കൊണ്ടാടപ്പെടുന്നത്‌ അതിന്റെ ലക്ഷണയുക്തമായ ഉദാഹരണങ്ങളാണ്‌. 1970 കള്‍ക്കു ശേഷമുള്ള രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന പേരുകാരില്‍ ഒരാളായ മുലായവും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന/ചെയ്‌ത രാഷ്ട്രീയധാരയും ദേശീയരാഷ്ട്രീയത്തിന്റെ ഏതു കള്ളിയിലാവും ഉള്‍പ്പെടുകയെന്ന ചോദ്യം ഈയൊരു പശ്ചാത്തലത്തിലാണ്‌ പ്രസക്തമാവുന്നത്‌. നിലവിലുള്ള ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളെ മനസ്സിലാക്കുവാനും അത്തരമൊരു ചോദ്യം സഹായകരമാണ്‌. കോണ്‍ഗ്രസ്സിന്റെ കാര്‍മികത്വത്തില്‍ നടന്ന ദേശരാഷ്ട്ര നിര്‍മിതിയുടെ വിരുദ്ധധാരകളെക്കുറിച്ച്‌ തുടക്കത്തില്‍ സൂചിപ്പിച്ചിരുന്നു. അതില്‍ സോഷ്യലിസ്‌റ്റു ധാരയിലായിരുന്നു മുലായത്തിന്റെ രാഷ്ട്രീയ മാമോദീസ. ദേശരാഷ്ട്ര നിര്‍മിതിയുടെ കാര്‍മികത്വം കോണ്‍ഗ്രസ്സില്‍ നിന്നും ബിജെപിയിലും സംഘപരിവാരത്തിലുമെത്തുമ്പോള്‍ കോണ്‍ഗ്രസ്സ്‌ വിരുദ്ധതയുടെ പഴയ ധാരയില്‍ ഉടലെടുത്ത സോഷ്യലിസ്‌റ്റ്‌, പിന്നാക്ക-സാമൂഹ്യ നീതിയുടെ ഭാവനകള്‍ എത്രത്തോളം ഫലപ്രദമാണെന്ന ചോദ്യവും ഇപ്പോള്‍ അടിയന്തിര പ്രാധാന്യമര്‍ഹിക്കുന്നു. സോഷ്യലിസ്‌റ്റു ചേരിയിലെ പ്രമുഖരായ ജോര്‍ജ്‌ ഫെര്‍ണാണ്ടസ്സടക്കമുള്ള നേതാക്കള്‍ ബിജെപിയുമായി ചങ്ങാത്തം കൂടിയതിന്റെ പശ്ചാത്തലത്തില്‍ അത്തരം വിലയിരുത്തലുകളുടെ പ്രസക്തി ഏറുന്നു.

മുലായത്തിന്റെ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ ജീവിതത്തെ വിലയിരുത്തുമ്പോള്‍ അദ്ദേഹം സ്വീകരിച്ച രണ്ടു തീരുമാനങ്ങള്‍ പില്‍ക്കാലത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ടാവുമെന്ന വിലയിരുത്തല്‍ അസ്ഥാനത്താവില്ല. 1990 ല്‍ അദ്വാനി നടത്തിയ രഥയാത്രയുടെ പശ്ചാത്തലത്തില്‍ ജനതാദളിലെ ഒരു വിഭാഗം ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രി വി പി സിങിനെതിരെ നടത്തിയ കലാപത്തില്‍ ചന്ദ്രശേഖറിനൊപ്പം നില്‍ക്കാനുള്ള മുലായത്തിന്റെ തീരുമാനം അതിലൊന്നാണ്‌. പിന്നാക്ക ജാതികളുടെ ഐക്യത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടായിരുന്ന ഒരു രാഷ്ട്രീയ ധ്രുവീകരണത്തെ ശിഥിലമാക്കുന്നതായിരുന്നു ചന്ദ്രശേഖറിന്റെ തീരുമാനം. മുലായത്തിനെ പോലെയുള്ള ഒരാള്‍ ഉത്തര്‍പ്രദേശില്‍ ചന്ദ്രശേഖറിനൊപ്പം നില്‍ക്കുന്നതിന്‌ പകരം പിന്നാക്ക ഐക്യത്തിന്റെ ധ്രുവീകരണമെന്ന പാത സ്വീകരിച്ചിരുന്നുവെങ്കില്‍ യാദവരല്ലാത്ത പിന്നാക്ക ജാതികളെ കൂട്ടുപിടിച്ചു കൊണ്ടുള്ള സോഷ്യല്‍ എന്‍ജിനീയറിംഗ്‌ ഒരു പക്ഷെ അത്ര ഫലപ്രദമായി പ്രയോഗിക്കുവാന്‍ സംഘപരിവാരത്തിനും ബിജെപിക്കും കഴിയുമായിരുന്നില്ല. മുലായത്തിന്റെ രാഷ്ട്രീയ അടിത്തറ യാദവ-മുസ്ലീം സമുദായങ്ങളില്‍ മാത്രമായി ചുരുങ്ങുന്ന സാഹചര്യം ഒഴിവാക്കുന്നതിനും അത്‌ വഴിതെളിക്കുമായിരുന്നു. ഭരണാധികാരം കൈവന്ന സന്ദര്‍ഭങ്ങളിലെല്ലാം അമര്‍സിംഗിനെപ്പോലുള്ള അധികാര ദല്ലാളുമാരുമായുള്ള വഴിവിട്ട ചങ്ങാത്തവും ഇടപാടുകളും സുതാര്യവും സംശുദ്ധവുമായ ഭരണനിര്‍വഹണത്തിന്‌ തടസ്സമായതാണ്‌ മുലായത്തിന്റെ രണ്ടാമത്തെ വീഴ്‌ച. സാമൂഹ്യ നീതിയുടെ ആശയത്തിന്റെ സാക്ഷാത്‌ക്കാരത്തിനായി ചെറുപ്രായത്തില്‍ തന്നെ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങുകയും ഭരണാധികാരത്തിന്റെ ഉന്നതങ്ങളിലെത്തുകയും ചെയ്‌തുവെങ്കിലും അതുവഴി കൈവരിച്ച നേട്ടങ്ങള്‍ തന്റെ കുടുംബത്തിന്റെ നിയന്ത്രണത്തില്‍ മാത്രമായി ചുരുക്കിയ നേതാക്കളില്‍ ഒരാളെന്ന നിലയിലായിരിക്കും ചരിത്രം ഒരു പക്ഷെ മുലായത്തിന്റെ ഔസ്യത്തിനെ വിലയിരുത്തുക. ഈയൊരു ബാധ്യതയെ ഏതുവിധത്തില്‍ മറികടക്കാനാവുമെന്നതാണ്‌ അദ്ദേഹത്തിന്റെ പുത്രനും രാഷ്ട്രീയ പിന്‍ഗാമിയുമായ അഖിലേഷ്‌ യാദവ്‌ നേരിടാനിടയുള്ള പ്രധാന വെല്ലുവിളി.

Leave a comment