TMJ
searchnav-menu
post-thumbnail

Outlook

മുല്ലപ്പെരിയാറും കാലഹരണപ്പെട്ട അണക്കെട്ടുകളും

28 Oct 2021   |   1 min Read
K P Sethunath

Photo:wiki commons

ടവപ്പാതിയുടെ അവസാനലാപ്പില്‍ കേരളത്തില്‍ പെയ്ത ശക്തമായ മഴ സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് അവയുടെ സംഭരണശേഷിയുടെ ഏതാണ്ട് പരമാവധിയിലെത്തിച്ചതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും ഗണ്യമായി ഉയര്‍ന്നു. മുല്ലപ്പെരിയാര്‍ സ്ഥിതി ചെയ്യുന്ന ഇടുക്കി ജില്ലയിലും, സമീപ ജില്ലകളായ കോട്ടയത്തും, പത്തനംതിട്ടയിലുമുണ്ടായ വ്യാപകമായ ഉരുള്‍പൊട്ടലുകളും, മണ്ണിടിച്ചിലും ഭയാശങ്കകള്‍ പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ചു. മഴയുടെ തീവ്രത 3-4 ദിവസമായി കുറഞ്ഞതും, മുല്ലപ്പെരിയാര്‍ സമിതിയുടെ ചൊവ്വാഴ്ച നടന്ന അടിയന്തര യോഗത്തില്‍ ജലനിരപ്പ് 138 അടിയായി നിലനിര്‍ത്താന്‍ തമിഴ്‌നാട് സമ്മതിച്ചുവെന്ന വാര്‍ത്തയും ആശ്വാസകരമാണെങ്കിലും സുരക്ഷയെക്കുറിച്ചുള്ള വ്യാകുലതകള്‍ അവസാനിക്കുമെന്നു തോന്നുന്നില്ല. 125-വര്‍ഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉയര്‍ത്തുന്ന ആപത്തിനെ ചൊല്ലിയുള്ള ഉത്ക്കണ്ഠകളും, ആശങ്കകളും വരാനിരിക്കുന്ന നാളുകളില്‍ കൂടുതല്‍ ഗരുതരാവസ്ഥയില്‍ എത്തുന്നതിനുള്ള സാഹചര്യമാണ് ഉരുത്തിരിയുന്നത്. അണക്കെട്ടിന്റെ സുരക്ഷതിത്വവുമായി ബന്ധപ്പെട്ട സാങ്കേതിക വിഷയങ്ങള്‍ക്കു പുറമെ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളും നല്‍കുന്ന സൂചനകള്‍ അതാണ്. ഈയൊരു പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്ര സഭ University-യുടെ UNU-INWEH (United Nations University- Institute for Water, Environment and Health) തയ്യാറാക്കിയ രണ്ട് റിപ്പോര്‍ട്ടുകളിലെ ഉള്ളടക്കം പരിശോധന അര്‍ഹിക്കുന്നു. കാനഡയിലെ ഹാമില്‍ട്ടണില്‍ ആസ്ഥാനമുള്ള UNU-INWEH ആഗോളതലത്തില്‍ ജലവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പഠന-ഗവേഷണങ്ങള്‍ നടത്തി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഒരു സവിശേഷ വിഷയത്തില്‍ മൗലികമായ ഗവേഷണം വഴി പുതിയ കണ്ടെത്തലുകള്‍ നടത്തുന്നതിനുപരി നിലവിലുള്ള ഗവേഷണ-പഠനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ക്രോഡീകരിക്കുന്ന റിപ്പോര്‍ട്ടുകളാണ് അവര്‍ തയ്യാറാക്കുന്നതില്‍ നല്ലൊരു പങ്കും. UN-INWEH- ന്റെ രണ്ട് റിപ്പോര്‍ട്ടുകളില്‍ ഒരെണ്ണം ഇതിനകം തന്നെ മാധ്യമങ്ങളില്‍ സ്ഥാനം പിടിച്ചു. 'വയസ്സാവുന്ന ജലസംഭരണ ഇന്‍ഫ്രാസ്റ്റ്രക്ച്ചറുകള്‍: ഉയര്‍ന്നു വരുന്ന ആഗോള വിപത്ത് (Ageing Water Storage Infrastructure: An Emerging Global Risk) എന്ന 37-പേജുള്ള റിപ്പോര്‍ട്ടില്‍ മുല്ലപ്പെരിയാറും ഉള്‍പ്പെട്ടതോടെ റിപ്പോര്‍ട്ടിലെ പരാമര്‍ശം സ്വാഭാവികമായും വാര്‍ത്തകളില്‍ ഇടം തേടി. വയസ്സായ അണക്കെട്ടുകളും, അവയുടെ ഡീകമ്മിഷനിംഗും സംബന്ധിച്ച കേസ് സ്റ്റഡീസില്‍ ഉള്‍പ്പെടുത്തിയ ലോകത്തിലെ 6-അണക്കെട്ടുകളില്‍ ഒരെണ്ണമായിരുന്നു മുല്ലപ്പെരിയാര്‍. ഡുമിന്‍ഡ പെരേര, വ്‌ളാദിമീര്‍ സ്മാക്തിന്‍, സ്‌പെന്‍സര്‍ വില്യംസ്, ടെയിലര്‍ നോര്‍ത്ത്, അലന്‍ കറി എന്നിവര്‍ തയ്യാറാക്കിയതായിരുന്നു റിപ്പോര്‍ട്ട്. പ്രായം ചെന്ന അണക്കെട്ടുകളെ ഒഴിവാക്കുന്നതിന്റെ സാമൂഹ്യ-സാമ്പത്തിക പ്രത്യാഘാതങ്ങള്‍: ഒരു വിലയിരുത്തല്‍ എന്ന ഒരു റിപ്പോര്‍ട്ടും  
UN-INWEH ഈ മാസം പുറത്തിറക്കിയിട്ടുണ്ട്. 

റിപ്പോര്‍ട്ടുകളുടെ ഉള്ളടക്കം

ആഗോളതലത്തില്‍ വലിയ അണക്കെട്ടുകളുടെ നിര്‍മ്മാണം, പഴക്കം, പ്രദേശകികതലത്തില്‍ അണക്കെട്ടുകളുടെ പഴക്കം, പ്രവര്‍ത്തനം, അണക്കെട്ടുകള്‍ ഡീകമ്മിഷന്‍ ചെയ്യുന്നതിനുള്ള കാരണങ്ങള്‍, പ്രത്യാഘാതങ്ങള്‍, പ്രവണതകള്‍, പ്രായം ചെന്ന അണക്കെട്ടുകളും അവയുടെ ഡീകമ്മിഷനുമായി ബന്ധപ്പെട്ട കേസ് സ്റ്റഡീസ് - എന്നിവയാണ് ഇരു റിപ്പോര്‍ട്ടുകളിലെയും പ്രതിപാദ്യ വിഷയങ്ങള്‍. അണക്കെട്ടിന്റെ ആയുസ്സ് എത്ര വര്‍ഷമാണെന്ന കാര്യത്തില്‍ ഇതുവരെ ഏകാഭിപ്രായം ഉണ്ടായിട്ടില്ല. 50 മുതല്‍ 100 വര്‍ഷം വരെയുള്ള മാനദണ്ഡങ്ങള്‍ പൊതുവെ ഉപയോഗിക്കപ്പെടുന്നു. 50 വര്‍ഷം എന്ന മാനദണ്ഡമാണ് ഈ റിപ്പോര്‍ട്ടില്‍ സ്വീകരിച്ചിട്ടുള്ളത്. തറനിരപ്പില്‍ നിന്നും 5 മുതല്‍ 15 മീറ്റര്‍ വരെ ഉയരവും 30 ദശലക്ഷം ക്യുബിക് ജലസംഭരണ ശേഷിയുമുള്ളവ വലിയ അണക്കെട്ടുകളുടെ ഗണത്തില്‍ ഉള്‍പ്പെടുന്നു. ഈ നിര്‍വചനപ്രകാരം ലോകമാകെയുള്ള 58,700 വലിയ അണക്കെട്ടുകള്‍ ലോകത്തിലെ നദികളില്‍ ലഭ്യമായ ജലത്തിന്റെ 16 ശതമാനം സംഭരണശേഷി വഹിക്കുന്നു. ജലസേചനം, വൈദ്യുതിയുദ്പാദനം, ജലവിതരണം, പ്രളയ നിയന്ത്രണം, വിനോദം എന്നിവയാണ് അണക്കെട്ടുകള്‍ നിറവേറ്റുന്ന പ്രധാന ദൗത്യങ്ങള്‍. ലോകത്തെ കാര്‍ഷികോല്‍പ്പാദനത്തിന്റെ 40 ശതമാനവും അണക്കെട്ടുകളെ ആശ്രയിച്ചിരിക്കുന്നു. ലോകത്തിലെ മിക്കവാറും നഗരങ്ങളും, വ്യവസായ കേന്ദ്രങ്ങളും ജല ലഭ്യതക്കായി അണക്കെട്ടുകളെ ആശ്രയിക്കുന്നു.  

മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മാണ സമയത്ത് / സുരേഷ് ഇളമണിന്‍റെ ശേഖരത്തില്‍ നിന്നും

അണക്കെട്ടുകളുടെ ആയുസ്സിന്റെ പുസ്തകം

അണക്കെട്ടുകള്‍ മാത്രമല്ല മനുഷ്യ നിര്‍മ്മിതമായ എല്ലാ ഇന്‍ഫ്രാസ്റ്റക്ച്ചറുകള്‍ക്കും ഒരു നിശ്ചിത ആയുസ്സുണ്ടാകും. കാലപ്പഴക്കം അല്ലെങ്കില്‍ വയസ്സാവുകയെന്ന കാര്യം ഇന്‍ഫ്രസ്റ്റ്രക്ച്ചറുകളുടെ രൂപഘടനയില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. 1930-1970 കാലഘട്ടത്തിലാണ് ഇപ്പോള്‍ നിലനില്‍ക്കുന്ന ഭൂരിഭാഗം വലിയ അണക്കെട്ടുകളുടെയും നിര്‍മ്മാണമെന്ന വസ്തുത കണക്കിലെടുത്താല്‍ 50 വര്‍ഷത്തെ ആയുസ്സിന്റെ മാനദണ്ഡമനുസരിച്ച് ഭൂരിഭാഗം അണക്കെട്ടുകളുടെയും കാലാവധി കഴിഞ്ഞിരിക്കുന്നു അല്ലെങ്കില്‍ അതിന്റെ വക്കിലാണ്. അമേരിക്കയിലും ഏഷ്യയിലുമായി 50-100 വര്‍ഷത്തെ കാലപ്പഴക്കം വന്ന 16,000-ത്തോളം വലിയ അണക്കെട്ടുകള്‍ നിലനില്‍ക്കുന്നു. 100 വര്‍ഷത്തിലധികം പഴക്കമുള്ളവ 2,300 എണ്ണമാണ്. അമേരിക്കയിലെ ചെറുതും, വലുതുമായ 90,580 അണക്കെട്ടുകളില്‍ 56 ശതമാനവും 50 വയസ്സ് പിന്നിട്ടവയാണ്. ചൈനയില്‍ 30,000 അണക്കെട്ടുകള്‍ പ്രായമായവയുടെ ഗണത്തില്‍ വരുമ്പോള്‍ ഇന്ത്യയില്‍ 1,115 വലിയ അണക്കെട്ടുകള്‍ 2025-ഓടെ 50 വര്‍ഷം പൂര്‍ത്തിയാക്കിയവയുടെ ഗണത്തില്‍ വരും. 2050-ഓടെ 50 വര്‍ഷം പൂര്‍ത്തിയാക്കിയ വലിയ അണക്കെട്ടുകളുടെ എണ്ണം ഇന്ത്യയില്‍ 4,250-ലെത്തും. അതില്‍ 64 എണ്ണം അപ്പോഴേക്കും 150 വര്‍ഷം പിന്നിട്ടിരിക്കും.

വലിയ തോതില്‍ ജലസംഭരണികളായ, പശ്ചാത്തല സൗകര്യങ്ങളെന്ന നിലയിലുള്ള അണക്കെട്ടുകള്‍ ആഗോളതലത്തില്‍ ഒരു വിപത്താവുന്നതിന്റെ സാഹചര്യം ഇതാണ്. കാലപ്പഴക്കം മൂലം അണക്കെട്ടുകള്‍ക്ക് സംഭവിക്കുന്ന അപകടങ്ങള്‍ വലിയ നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കുമെന്ന ശാസ്ത്രീയ വിലയിരുത്തലുകള്‍ ഇപ്പോള്‍ വളരെയധികം ലഭ്യമാണ്. അണക്കെട്ടുകള്‍ പൊളിയുക, അണക്കെട്ടുകളുടെ പരിപാലനത്തിനും, റിപ്പയറിനും വരുന്ന ചെലവുകളുടെ വര്‍ദ്ധന, ചെളിയും, എക്കലും ജലസംഭരണിയില്‍ അടിഞ്ഞുകൂടുന്നതിന്റെ തോതിലുള്ള വര്‍ദ്ധന, അണക്കെട്ടിന്റെ കാര്യക്ഷമതയും പ്രയോജനവും ഇല്ലാതാവുക -- എന്നിവയാണ് അണക്കെട്ടുകള്‍ വയസ്സായതിന്റെ ലക്ഷണങ്ങള്‍. പ്രായാധിക്യം ബാധിച്ച തകരാറുകള്‍ മൂലം ലോകമാകെ 5-അണക്കെട്ടുകള്‍ 1977-നു ശേഷം പൊളിഞ്ഞതായി ലഭ്യമായ കണക്കുകള്‍ കാണിക്കുന്നു. ബ്രസീലിലെ 43-വര്‍ഷം പഴക്കമുള്ള ബ്രുമാഡിന്‍ഹോ (Brumadinho) അണക്കെട്ട് 2019-ല്‍ പൊളിഞ്ഞതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. 270 പേര്‍ അതില്‍ മരണമടഞ്ഞിരുന്നു. അഫ്ഗാനിസ്ഥാനിലെ 50 കൊല്ലം പഴക്കമുള്ള പജ്ഞഷീര്‍ അണക്കെട്ട് 2018-ല്‍ പൊളിഞ്ഞതില്‍ 10 പേര്‍ മരണമടഞ്ഞപ്പോള്‍ ബള്‍ഗേറിയയിലെ 75-കൊല്ലം പഴക്കമുള്ള ഇവാനോവോ അണക്കെട്ട് 2012 പൊളിഞ്ഞത് 8-പേരുടെ മരണത്തിനിടയാക്കി. ശ്രീലങ്കയിലെ 100 വര്‍ഷം പഴക്കമുള്ള കനതലെ അണക്കെട്ടിന്റെ 1986-ലെ തകര്‍ച്ച 180 പേരുടെ ജീവനെടുത്തപ്പോള്‍ 1977-ല്‍ അമേരിക്കയിലെ 78-കൊല്ലം പഴക്കം ചെന്ന കെല്ലി ബാര്‍ണസ് അണക്കെട്ടിന്റെ തകര്‍ച്ചയില്‍ 36 പേര്‍ക്ക് ജീവന്‍ നഷ്ടമായി.                        
പൊതുസുരക്ഷയും കാലാവസ്ഥ വ്യതിയാനവും

പൊതുസുരക്ഷയാണ് വലിയ അണക്കെട്ടുകളുമായി ബന്ധപ്പെട്ട വിപത്തില്‍ പ്രഥമ പരിഗണയര്‍ഹിക്കുന്ന വിഷയം. അണക്കെട്ടിലെ ചോര്‍ച്ച, വിള്ളല്‍, ഉയരം, ഘടനപരമായ ദൗര്‍ബല്യം എന്നിവ മൂലം അണക്കെട്ടുകള്‍ അപകടത്തിലാവുന്നതിന്റെ കാരണങ്ങള്‍ പലപ്പോഴും മോശം രൂപഘടന (ഡിസൈന്‍), മോശം നിര്‍മ്മാണം, പരിപാലനത്തിന്റെ അഭാവം, കൃത്യവിലോപം തുടങ്ങിയവയാണ്. അണക്കെട്ടുകളുടെ പഴക്കവും മോശം പരിപാലനവും ഒത്തു ചേരുമ്പോള്‍ അപകടത്തിലാവുക പൊതുസുരക്ഷയാണെന്ന കാര്യം UNU-INWEH റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിപത്തിന്റെ സാധ്യതകളെ പറ്റി സുതാര്യവും, കൃത്യവുമായ വിലയിരുത്തലുകള്‍ സമയാസമയം നടത്തുകയെന്നതാണ് അടിയന്തര കര്‍ത്തവ്യം. അണക്കെട്ടുകള്‍ തകരുന്നതിന് കാലപ്പഴക്കം മാത്രം കാരണമായി കരുതാനാവില്ല. മുകളില്‍ സൂചിപ്പിച്ച കാരണങ്ങള്‍ക്കു പുറമെ പ്രളയം, ഉരുള്‍പൊട്ടല്‍, ആന്തരികശോഷണം, പ്രവർത്തന തകരാറുകള്‍ എന്നിവ വയസ്സായ അണക്കെട്ടുകളെ കൂടുതല്‍ ഗുരുതരമായി ബാധിക്കുന്നു.

കാലാവസ്ഥ വ്യതിയാനം മൂലം സംഭവിക്കുന്ന അസാധാരണമായ സംഭവങ്ങള്‍ പഴക്കം ചെന്ന അണക്കെട്ടുകളുടെ ആയുസ്സിനെ കൂടുതല്‍ ദുര്‍ബലമാക്കുന്നു.പ്രത്യേകിച്ചും, പ്രളയങ്ങള്‍ പോലുള്ളവയുടെ തീവ്രതയും, എണ്ണവും കൂടി വരുമെന്ന സാഹചര്യത്തില്‍ പഴയ അണക്കെട്ടുകളുടെ നിലനില്‍പ്പ് ചോദ്യചിഹ്നമാവുന്നു. ഈ അണക്കെട്ടുകള്‍ രൂപകല്‍പ്പന ചെയ്ത കാലഘട്ടത്തില്‍ പരിഗണിച്ചിരുന്ന ജലസംബന്ധിയായ (ഹൈഡ്രോളജിക്കല്‍) സ്ഥിതിവിവരകണക്കുകള്‍ കാലഹരണപ്പെടുന്ന സാഹചര്യം അവഗണിക്കാനാവാത്ത യാഥാര്‍ത്ഥ്യമായിരിക്കുന്നു. മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ഏറ്റവുമധികം ശ്രദ്ധ ആവശ്യപ്പെടുന്ന വസ്തുത ഇതായിരിക്കും. തികച്ചും വ്യത്യസ്തമായ ഒരു കാലാവസ്ഥ സന്ദര്‍ഭത്തിനും, സാഹചര്യത്തിനും വേണ്ടി തയ്യാറാക്കിയ രൂപകല്‍പ്പന ഇപ്പോഴത്തെ സാഹചര്യത്തെ ഉള്‍ക്കൊള്ളുന്നതിന് പ്രാപ്തമല്ലെന്ന തിരിച്ചറിവാണ് ഇക്കാര്യത്തില്‍ നിര്‍ണ്ണായകം.

mullaperiyar dam / Photo:suresh elamon

അണക്കെട്ടുകളുടെ ഡീകമ്മീഷനിംഗ്
                     
വയസ്സായ അണക്കെട്ടുകള്‍ ഡീകമ്മിഷന്‍ ചെയ്യുന്ന പ്രവണത ലോകമാകെ ദൃശ്യമാണെങ്കിലും
അവയില്‍ ഭൂരിഭാഗവും ചെറിയ അണക്കെട്ടുകളാണ്. അതായത് 5-മീറ്ററില്‍ താഴെ ഉയരമുള്ള അണക്കെട്ടുകള്‍. വലിയ അണക്കെട്ടുകളുടെ ഡീകമ്മീഷനിംഗ് ഇപ്പോഴും ശൈശവ ദശയിലാണെന്ന് UNU-INWEH റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. വയസ്സായ അണക്കെട്ടുകളും, അവയുടെ ഡീകമ്മിഷനിംഗും സംബന്ധിച്ച റിപ്പോര്‍ട്ടിലെ കേസ് സ്റ്റഡീസില്‍ ലോകമാകെയുള്ള 6-അണക്കെട്ടുകളുടെ കാര്യം പ്രതിപാദിക്കുന്നു. ഡീകമ്മിഷണിംഗ് ചെയ്യുകയെന്നാല്‍ അണക്കെട്ടിനെ ഒറ്റയടിക്ക് പൊളിച്ചു മാറ്റുകയല്ല. വളരെ അവധാനതയോടെ ആസൂത്രണം ചെയ്തു നടപ്പിലാക്കേണ്ട പദ്ധതിയാണ് ഡീകമ്മിഷനിംഗ്. അണക്കെട്ടിനെ ഒഴിവാക്കുന്നതിന്റെ ഭാഗമായി സംഭവിക്കുന്ന നേട്ട-കോട്ടങ്ങളുടെ കൃത്യമായ വിലയിരുത്തല്‍, പ്രത്യക്ഷമായും, പരോക്ഷമായും അണക്കെട്ടുമായി ബന്ധപ്പെട്ടിരിക്കുന്ന ജനസമൂഹങ്ങളില്‍ ഉണ്ടാവുന്ന പ്രത്യാഘാതങ്ങള്‍, പാരിസ്ഥിതികമായ ഫലങ്ങള്‍, സാമ്പത്തിക ബാധ്യത, ഡീകമ്മീഷനിംഗിന് വേണ്ടി വരുന്ന സമയം തുടങ്ങിയ ഒരോ ഘടകങ്ങളും വിശദമായി പരിശോധന അര്‍ഹിക്കുന്നു. അവക്കെല്ലാം ഉചിതമായ മാനദണ്ഡങ്ങള്‍ കണ്ടെത്തുകയും വേണം. അമേരിക്കയിലെ എല്‍വ നദിയില്‍ പണിത എല്‍വാ, ഗ്ലൈന്‍സ് കാനിയോണ്‍ അണക്കെട്ടുകളാണ് അമേരിക്കയില്‍ ഡീകമ്മീഷണ്‍ ചെയ്ത ഏറ്റവും വലിയ അണക്കെട്ടുകള്‍. 110 വര്‍ഷം പഴക്കമുള്ള ഇവ രണ്ടും ഒഴിവാക്കുന്നതിനുള്ള തീരുമാനം 2004-ല്‍ കൈക്കൊണ്ടുവെങ്കിലും അതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് 2011-ല്‍ ആയിരുന്നു. മൊത്തം 325 മില്യണ്‍ ഡോളര്‍ ചെലവ് വന്ന പദ്ധതി നാലു വര്‍ഷം കൊണ്ട് പൂര്‍ത്തിയായി. ഫ്രാന്‍സിലെ Allier നദിയില്‍ സ്ഥിതി ചെയ്യുന്ന 78 വര്‍ഷം പഴക്കമുള്ള Poute അണക്കെട്ട് ഭാഗികമായി ഡീകമ്മീഷനിംഗ് നടത്തിയിരുന്നു. പൊതുസുരക്ഷ ആയിരുന്നില്ല വിഷയം. അറ്റാലാന്റിക് സാല്‍മണ്‍ എന്ന മീനിന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ട വിഷയത്തിന്റെ പേരിലായിരുന്നു പ്രധാനമായും വൈദ്യുതോല്‍പ്പാദനത്തിനായി ഉപയോഗിച്ചിരുന്നു, ഈ അണക്കെട്ടിനെ ഭാഗികമായ ഡീകമ്മീഷനിംഗ് നടത്തിയത്. 1968-ല്‍ നിര്‍മ്മിച്ച കാനഡയിലെ Mactaquac അണക്കെട്ട് ചില സാങ്കേതിക തകരാറുകളുടെ പേരില്‍ ഡീകമ്മീഷണിംഗ് ചെയ്യണമെന്ന ആവശ്യം ഇപ്പോഴും സജീവ പരിഗണനയിലാണ്. ആഫ്രിക്കന്‍ രാജ്യങ്ങളായ സിംബാവെയിലും, സാംബിയയിലുമായി സ്ഥിതി ചെയ്യുന്ന കരിബ അണക്കെട്ടും ഡീകമ്മീഷണിംഗ് നടത്തണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. 60 വര്‍ഷത്തെ പഴക്കമുള്ള ഈ അണക്കെട്ടിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് 300 മില്യണ്‍ ഡോളര്‍ വായ്പ അനുവദിച്ചിരുന്നു. 2023-ഓടെ അറ്റകുറ്റ പണികള്‍ പൂര്‍ത്തീകരിക്കുമെന്നു കരുതുന്നു. ജപ്പാനിലെ 56-വര്‍ഷം പഴക്കമുള്ള Arase അണക്കെട്ട് ഡീകമ്മീഷണിംഗ് നടത്താന്‍ 2010-ല്‍ അധികൃതര്‍ തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്തു. പ്രാദേശികമായ പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിലാണ് തീരുമാനം നടപ്പിലാക്കിയത്. അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നതു പോലെ തന്നെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് അവയുടെ അപനിര്‍മ്മാണവുമെന്ന് UNU-INWEH റിപ്പോര്‍ട്ട് അടിവരയിടുന്നു. മുല്ലപ്പെരിയാറിലെ നിലവിലുള്ള അണക്കെട്ട് ഡീകമ്മീഷണിംഗ് നടത്തി പുതിയ അണക്കെട്ട് നിര്‍മ്മിക്കാമെന്ന കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ ലാഘവ ബുദ്ധിയോടെയുള്ള അഭിപ്രായങ്ങള്‍ എളുപ്പത്തില്‍ നടപ്പിലാക്കുവാന്‍ കഴിയുന്നതല്ലെന്ന വ്യക്തമായ സന്ദേശം UN-INWEH ന്റെ രണ്ടു റിപ്പോര്‍ട്ടുകളും നല്‍കുന്നു.

Leave a comment