TMJ
searchnav-menu
post-thumbnail

Outlook

മതപരതയിൽ കുടുങ്ങുന്ന കൊലപാതകങ്ങൾ

22 Nov 2022   |   1 min Read
അനഘ ഉദയഭാനു

രു പേരിൽ എന്തിരിക്കുന്നുവെന്ന ചൊല്ലിന്റെ കാലത്തു നിന്നും പേരിൽ എല്ലാം അടങ്ങുന്ന കാലത്തിലാണ് നമ്മുടെ ജീവിതം. അതിന്റെ ഓർമ്മപ്പെടുത്തലുകളായി ഓരോ സംഭവങ്ങളും മാറുന്നു. അഫ്‌താബ്‌ പൂനവാല എന്ന പേരും അത്തരം ഒരോർമപ്പെടുത്തലാണ്. നിന്ദ്യവും ക്രൂരവുമായ ഒരു കൊലപാതകം വർഗീയമായ വെറുപ്പിന്റെ സൃഷ്ടിയുടെ ഉപകരണമാവുന്നതിന്റെ ഓർമ്മപ്പെടുത്തൽ. ശ്രദ്ധ വാൾക്കർ എന്ന ഇരുപതുകാരിയെ നിഷ്ടൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അഫ്‌താബ്‌. അഫ്‌താബ്‌ എന്ന പേര് പുറത്തു വന്നതോടെ 'ലവ് ജിഹാദും' പിന്നാലെ എത്തി. ശ്രദ്ധയുടെ പിതാവും ഒരു വിഭാഗം ജനങ്ങളും 'ലൗ ജിഹാദ് ' ആരോപണം ഔപചാരികമായി ഉയർത്തിക്കഴിഞ്ഞു. ശ്രദ്ധ വാൾക്കറുടെ ലിവിങ് പാർട്ണറും കേസിലെ പ്രതിയുമായ അഫ്താബ് അമീൻ പൂനവാലയ്ക്ക് വധശിക്ഷ ഉറപ്പു വരുത്തണമെന്നും ശ്രദ്ധയുടെ പിതാവ് ആവശ്യപ്പെട്ടു.

ശ്രദ്ധയുടെ കൊലപാതകത്തിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പ് തന്നെ ഉത്തർപ്രദേശിൽ നിന്നും സമാനമായ മറ്റൊരു കൊലപാതകത്തിന്റെ വിവരം കഴിഞ്ഞ ദിവസം പുറത്തു വന്നു. പ്രിൻസ് യാദവ് എന്ന പേരുകാരനാണ് പ്രതി എന്നതിനാൽ ലവ് ജിഹാദ് ഉണ്ടായില്ല. മുൻ കാമുകിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി കിണറ്റിൽ ഉപേക്ഷിച്ചു എന്നാണ് യുപിയിലെ അസ്സംഗഡ് സംഭവത്തിലെ കേസ്. അതിന്റെ കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ വെളിപ്പെടുമെന്ന് കരുതപ്പെടുന്നു.

. ശ്രദ്ധ വാൾക്കർ : photo: social media

ഓൺലൈൻ ഡേറ്റിംഗ് ആപ്പ് വഴി പരിചയത്തിലായ ശ്രദ്ധയും അഫ്താബും 2019 ൽ മുംബൈയിൽ ജോലി ചെയ്യവെയാണ്‌ ലിവിങ് റിലേഷനിൽ ആവുന്നത്. 2022 മെയ്15 നാണ് ഇരുവരും ഡൽഹിയിലേക്ക് താമസം മാറ്റുന്നത്. ഡൽഹിയിലേക്ക് താമസം മാറ്റി മൂന്നു ദിവസങ്ങൾക്ക് ശേഷം മെയ് 18 നാണ് ശ്രദ്ധ വാൾക്കർ കൊല്ലപ്പെടുന്നത്. ഡേറ്റിംഗ് ആരംഭിച്ചത് മുതൽ ഇരുവരും തമ്മിൽ വഴക്കുകൾ പതിവായിരുന്നെന്നും അവിഹിത ബന്ധത്തെക്കുറിച്ച് പരസ്പരം സംശയിച്ചിരുന്നെന്നും അന്വേഷണോദ്യോഗസ്ഥർ പറയുകയുണ്ടായി. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് അഫ്താബ് ശ്രദ്ധയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക ശേഷം 35 കഷ്ണങ്ങളാക്കി മുറിച്ചു മാറ്റിയ ശ്രദ്ധയുടെ മൃതദേഹം അഫ്താബ് 18 ദിവസത്തോളം ഫ്രിഡ്ജിൽ സൂക്ഷിച്ചു. വെട്ടിമാറ്റപെട്ട ശരീര ഭാഗങ്ങൾ വ്യത്യസ്ത സമയങ്ങളിൽ ഡിസ്പോസ് ചെയ്യുന്നതിന് ഈ കാലയളവ് ഉപയോഗപ്പെടുത്തി.

ഒക്ടോബറിലാണ് ശ്രദ്ധയെ കാണാതായതുമായി ബന്ധപ്പെട്ട് പിതാവ് മുംബൈ പോലീസിൽ പരാതി നൽകുന്നത്. നവംബർ 8 ന് ഡൽഹിയിലെ മെഹ്‌റൗളി പോലീസ് സ്റ്റേഷനിലേക്ക് പരാതി കൈമാറി. ഛത്തർപൂരിലെ വീട്ടിലേക്കുള്ള ശ്രദ്ധയുടെ ഫോൺ പോലീസ് ട്രാക്ക് ചെയ്തതിനെത്തുടർന്ന് കാണാതായ റിപ്പോർട്ട് പിന്നീട് തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട ഐ പി സി വകുപ്പുകൾ പ്രകാരം എഫ് ഐ ആറായി മാറി. ഇരുവരും താമസിച്ച വീട്ടിലെ ഫ്രിഡ്ജിൽ നിന്നും ഫോറൻസിക് സംഘം രക്തത്തിന്റെയും മാംസത്തിന്റെയും അംശം കണ്ടെത്തിയതോടെ അഫ്താബ് പോലീസ് പിടിയിലാവുകയായിരുന്നു.

സൂസൈരാജിന്റെ മറുപടിയിൽ സംശയം തോന്നിയ മാത്യു കൊച്ചിയിൽ നിന്നും പിറ്റേ ദിവസം തന്നെ സൂസൈരാജറിയാതെ വിമാന മാർഗ്ഗം മുംബൈയിലെത്തി. സൂസൈരാജ് വാതിൽ തുറന്നയുടൻ ബെഡ്റൂമിലേക്ക് പോയ മാത്യു, ഗ്രോവറിനെ അവിടെ കാണുകയും തുടർന്ന് നടന്ന സംഘർഷത്തിൽ ഗ്രോവറിനെ കൊലപ്പെടുത്തുകയുമായിരുന്നു.

പ്രതിയെ കസ്റ്റഡിയിലെടുത്ത് ദിവസങ്ങൾ കഴിയുമ്പോൾ പൂർവകാല ഉദാഹരണങ്ങൾ പോലെത്തന്നെ ലവ് ജിഹാദിന്റെ പശ്ചാത്തലത്തിലേക്ക് കേസിനെ മാറ്റിയെടുക്കാനുമുള്ള ശ്രമങ്ങൾ ഒരു വിഭാഗം ഉയർത്തുകയാണ്. മതപരതയിൽ തളച്ചിടാൻ ശ്രമിക്കുന്ന ഇത്തരം കൊലപാതകങ്ങളുടെ സ്വഭാവം പരിശോധിച്ചാൽ കുറ്റകൃത്യത്തിന്‌ പിന്നിൽ കുറ്റവാളിയുടെ ക്രിമിനാലിറ്റിക്കൊപ്പം രൂഢമൂലമായ ആണധികാരമനസ് വഹിക്കുന്ന പങ്കും വ്യക്തമാണ്. മതപരമായ ലളിതവൽക്കരണങ്ങളെ അപ്രസക്തമാക്കുന്ന സമാനമായ സംഭവങ്ങൾ നൽകുന്ന സൂചനകൾ അതാണ്.

നീരജ് ഗ്രോവർ

2008 മെയ് മാസത്തിലാണ് സിനർജി അഡ്‌ലാബ്സിൽ ടെലിവിഷൻ എസ്‌സിക്യൂട്ടീവ് ആയിരുന്ന നീരജ് ഗ്രോവർ സമാനരീതിയിൽ കൊല്ലപ്പെടുന്നത്. കേസിൽ ഗ്രോവറിന്റെ കാമുകിയും നടിയുമായ മരിയ സൂസൈരാജും അവരുടെ കാമുകൻ ലഫ്റ്റനന്റ് എമിൽ ജെറോം മാത്യുവുമാണ് അറസ്റ്റിലായത്. 2008 മെയ് 6 ന് സൂസൈരാജിന്റെ അപ്പാർട്ട്മെന്റിലെത്തിയ ഗ്രോവറിന്റെ ശബ്ദം ഫോൺ മുഖേന മാത്യു കേൾക്കുകയായിരുന്നു. തുടർന്ന് നടന്ന സംഭാഷണത്തിൽ ഗ്രോവറിനെ അവിടെ രാത്രി താങ്ങാൻ അനുവദിക്കരുതെന്ന് മാത്യു ആവശ്യപ്പെട്ടു. സൂസൈരാജിന്റെ മറുപടിയിൽ സംശയം തോന്നിയ മാത്യു കൊച്ചിയിൽ നിന്നും പിറ്റേ ദിവസം തന്നെ സൂസൈരാജറിയാതെ വിമാന മാർഗ്ഗം മുംബൈയിലെത്തി. സൂസൈരാജ് വാതിൽ തുറന്നയുടൻ ബെഡ്റൂമിലേക്ക് പോയ മാത്യു, ഗ്രോവറിനെ അവിടെ കാണുകയും തുടർന്ന് നടന്ന സംഘർഷത്തിൽ ഗ്രോവറിനെ കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകശേഷം ഗ്രോവറിന്റെ മൃതദേഹം 300 കഷ്ണങ്ങളായി മുറിച്ചതായി പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. എന്നാൽ ഇത് വസ്തുതകളിൽ നിന്ന് അകലെയാണെന്ന് കേസുമായി ബന്ധപ്പെട്ട ജഡ്ജി പ്രസ്താവിക്കുകയുണ്ടായി. മതവുമായി യാതൊരു ബന്ധവുമില്ലാത്ത ഇത്തരം കുറ്റകൃത്യങ്ങൾ വികാരത്തിൽ നിന്നുണ്ടായവയാണ്.

നീരജ് ഗ്രോവർ | photo: social media

അനുപമ ഗുലാത്തി

സമാനമായ രീതിയിൽ 2010 ൽ ഡെറാഡൂണിൽ നടന്ന കൊലപാതകമാണ് അനുപമ ഗുലാത്തിയുടേത്. 1999 ലാണ് രാജേഷ് ഗുലാത്തിയുടെയും അനുപമ ഗുലാത്തിയുടെയും പ്രണയ വിവാഹം നടന്നത്. വിവാഹശേഷം ആറ് വർഷം യു എസ്സിലായിരുന്ന ദമ്പതികൾ 2006 ലാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. അടിക്കടി വഴക്കുണ്ടാകാറുണ്ടായിരുന്ന അനുപമ ഗുലാത്തിയുടെയും രാജേഷ് ഗുലാത്തിയുടെയും ദാമ്പത്യ ജീവിതത്തിലെ വഴക്കുകൾക്കിടയിലാണ് അനുപമയുടെ മരണം സംഭവിക്കുന്നത്. 2010 ഒക്ടോബർ 17 നാണ് അനുപമ കൊല്ലപ്പെടുന്നത്. രാജേഷുമായി നടന്ന വഴക്കിനിടയിൽ കട്ടിലിൽ തലയിടിച്ചു വീണ അനുപമയെ, രാജേഷ് തലയണ ഉപയോഗിച്ചു ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം മറച്ചു വെക്കാൻ ഒരു വലിയ ഫ്രീസർ വാങ്ങി അതിൽ അനുപമയുടെ മൃതദേഹം രാജേഷ് ഗുലാത്തി സൂക്ഷിച്ചു. ശരീരം മരവിച്ചപ്പോൾ ഇലക്ട്രിക്ക് സോ ഉപയോഗിച്ച് പലഭാഗങ്ങളായി വിഭജിക്കുകയും മുസോറിയിലെ വിവിധ വനങ്ങളിൽ ശരീര ഭാഗങ്ങൾ ഉപേക്ഷിക്കുകയുമായിരുന്നു. ക്രൂരമായ കുറ്റകൃത്യത്തിന്‌ ശേഷവും രാജേഷ് അനുപമയുടെ മരണം വീട്ടുകാരിൽ നിന്നും മറച്ചുവെച്ചു. സംശയം തോന്നിയ അനുപമയുടെ സഹോദരൻ സൂജൻ പ്രധാൻ ഡിസംബർ 12 ന് ഡെറാഡൂണിലേക്ക് പോയെങ്കിലും വീട്ടിനകത്തേക്ക് പോലും രാജേഷ് അദ്ദേഹത്ത പ്രവേശിപ്പിച്ചില്ല. തുടർന്നാണ് പ്രധാൻ പോലീസിൽ കേസ് ഫയൽ ചെയ്യുന്നത്. കന്റോൺമെന്റ് പോലീസ് രാജേഷിന്റെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ ഡീപ് ഫ്രീസർ കണ്ടെത്തി. അതിൽ നിന്നും അനുപമയുടെ മൃതദേഹത്തിന്റെ കഷ്ണങ്ങൾ കണ്ടെത്തിയതോടെ 2011 ൽ ഡെറാഡൂൺ പോലീസ് കേസിൽ കുറ്റപത്രം സമർപ്പിച്ചു. 2017 ൽ ഉത്തരാഖണ്ഡ് ഹൈക്കോടതി ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ രാജേഷ് ഗുലാത്തിയെ ജീവപര്യന്തം ശിക്ഷ തടവിന് വിധിച്ചു. ഗുലാത്തിക്കെതിരെ 15 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു. ഐ പി സി 302 ( കൊലപാതകം), 201 (തെളിവ് മറയ്ക്കൽ ) എന്നെ വകുപ്പുകൾ പ്രകാരമാണ് രാജേഷിനെ കോടതി ശിക്ഷിച്ചത്. 2010 ൽ പോലീസ് പിടിയിലായപ്പോൾ ഹോളിവുഡ് സിനിമകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കൊലപാതകം നടത്തിയതെന്ന് ഗുലാത്തി സമ്മതിച്ചിരുന്നു. ശ്രദ്ധ വാൾക്കർ കൊലപാതകക്കേസിലും പ്രതി അഫ്താബ് അമീൻ പൂനവാല ഇംഗ്ലീഷ് ടി വി സീരീസ് ആയ ടെക്സ്റ്ററിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കൊലപാതകം നടത്തിയതെന്ന് കുറ്റസമ്മതം നടത്തിയിരുന്നു.

2013 ന് രാത്രി ഉണ്ടായ അത്തരമൊരു വഴക്കാണ് ഉഷശ്രീയുടെ മരണത്തിൽ കലാശിച്ചത്. സ്റ്റീൽ ടോർച്ച് ഉപയോഗിച്ച് ഉഷശ്രീയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം 300 കഷ്ണങ്ങളാക്കി ടിഫിൻ ബോക്സുകളിലും പോളിത്തീൻ കവറിലും ഇരുമ്പു പെട്ടികളിലുമായി പരിദ സൂക്ഷിക്കുകയായിരുന്നു.

ഡോ. സോമനാഥ് പരിദ, ഉഷശ്രീ | photo: wiki commons

ഉഷശ്രീ

2013 ലാണ് ഒറീസ്സയിലെ ഭുവനേശ്വറിൽ തന്റെ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ റിട്ട. കേണൽ ഡോ. സോമനാഥ് പരിദ അറസ്റ്റിലാവുന്നത്. 62 കാരിയായ തന്റെ ഭാര്യ ഉഷശ്രീയെ പരിദ കൊലപ്പെടുത്തി. കൊലപാതകശേഷം മൃതദേഹം 300 കഷ്ണങ്ങളാക്കി അതേ വീട്ടിൽ തന്നെ 20 ദിവസത്തോളം പരിദ സൂക്ഷിച്ചു. വേഗത്തിൽ ദേഷ്യം വരുന്ന ആളാണ് ഡോ. പരിദയെന്നും ഇടയ്ക്കിടെ പൊട്ടിത്തെറിച്ചിരുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ദമ്പതികൾ പതിവായി വഴക്കുണ്ടാക്കാറുണ്ടായിരുന്നു. 2013 ന് രാത്രി ഉണ്ടായ അത്തരമൊരു വഴക്കാണ് ഉഷശ്രീയുടെ മരണത്തിൽ കലാശിച്ചത്. സ്റ്റീൽ ടോർച്ച് ഉപയോഗിച്ച് ഉഷശ്രീയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം 300 കഷ്ണങ്ങളാക്കി ടിഫിൻ ബോക്സുകളിലും പോളിത്തീൻ കവറിലും ഇരുമ്പു പെട്ടികളിലുമായി പരിദ സൂക്ഷിക്കുകയായിരുന്നു. മൂർച്ചയേറിയ നിരവധി ആയുധങ്ങളും ഉപകരണങ്ങളും ഉഷശ്രീയുടെ മൃതദേഹം ഛിന്നഭിന്നമാക്കുന്നതിനായി പരിദ ഉപയോഗിച്ചിരുന്നതായി പോലീസ് രേഖകൾ സൂചിപ്പിച്ചിരുന്നു. കൊലപാതകശേഷം ഉഷശ്രീയുടെ അറുത്തുമാറ്റിയ തല മേശപ്പുറത്തുവച്ച് തന്റെ ഭാര്യയോട് സംസാരിച്ചെന്നും അഴുകിയ ശരീര ഭാഗങ്ങളിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് തടയാൻ ഫിനൈലും മറ്റ് രാസവസ്തുക്കളും ഉപയോഗിച്ചതായും ഡോക്ടർ പോലീസിനോട് പറഞ്ഞു. 2020 ഫെബ്രുവരിയിൽ ഡോ. പരീദയെ ജീവപര്യന്തം തടവിനും 50000 രൂപ പിഴയ്ക്കും കോടതി ശിക്ഷിച്ചു.

മുരളീധരൻ

കേരളം ഞെട്ടലോടെയും നിഗൂഢതയോടെയും കണ്ട ഡോ. ഓമന എടാടൻ പ്രതിയായ 1996 ലെ കൊലപാതക കേസ്. 1996 ജൂൺ 11 നാണ് കണ്ണൂർ പയ്യന്നൂർ സ്വദേശിയായ ഡോ. ഓമന മുരളീധരനെ ഊട്ടിയിൽ വെച്ച് കൊലപ്പെടുത്തുന്നത്. മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്ന സംശയത്തെത്തുടർന്നാണ് ഡോ. ഓമന കാമുകനായ മുരളീധരന്റെ കൊലപാതകം ആസൂത്രണം ചെയ്തത് എന്ന് സംശയിക്കപ്പെടുന്നു. കൊടൈക്കനാലിലേക്ക് യാത്ര പോകാനെന്ന വ്യാജേന മുരളീധരനെ ഒപ്പം കൂട്ടിയ ഓമന ഊട്ടിയിൽ വെച്ച് വിഷം കുത്തിവെച്ച് മുരളീധരനെ കൊലപ്പെടുത്തുകയും മൃതദേഹം വിവിധ കഷ്ണങ്ങളാക്കി സ്യൂട്ട് ക്കേസിൽ നിറയ്ക്കുകയും ചെയ്തു. ഡോ. ഓമനയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ടാക്സി ഡ്രൈവർ പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്നാണ് ഓമന പോലീസ് പിടിയിലാവുന്നത്. കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ച ഓമനയെ 2001 ൽ പരോളിലിരിക്കെയാണ് കാണാതാവുന്നത്. 2017 ൽ ഡോ. ഓമന മലേഷ്യയിൽ മരണപ്പെട്ടതായുള്ള വാർത്തകൾ പുറത്തു വന്നെങ്കിലും അത് ഊഹം മാത്രമാണെന്ന വാർത്തകളും നിലനിൽക്കുന്നു.

ഡോ. ഓമന എടാടൻ | photo : wiki commons

മതപരമായ ചിഹ്നങ്ങൾ പേറുന്ന പേരുകളിൽ മാത്രമായി ഇത്തരം കൊലപാതകങ്ങൾ ചുരുക്കാനാവില്ലെന്ന് മേൽപ്പറഞ്ഞ കേസുകളുടെ നാൾവഴികൾ സൂചിപ്പിക്കുന്നു. കുറ്റവാളിയുടെയും ഇരയുടെയും മതപരതയിൽ മാത്രം ഇത്തരം കേസുകളെ ഒതുക്കുന്നത് വ്യക്തിപരമായും സാമൂഹ്യമായും അവ പ്രതിനിധാനം ചെയ്യുന്ന രൂക്ഷമായ വൈരുദ്ധ്യങ്ങളെ മറച്ചുപിടിക്കാൻ മാത്രമാവും ഉപകരിക്കുക.

Leave a comment