TMJ
searchnav-menu
post-thumbnail

Outlook

ഹെല്‍സ്‌കേപ്പ് ആവുന്ന മസ്‌കിന്റെ ട്വിറ്റര്‍

08 Nov 2022   |   1 min Read
തോമസ് കൊമരിക്കൽ

ഒരുകാലത്ത് ലോകത്തിന്റെ സ്പന്ദനങ്ങളെ അപ്പപ്പോള്‍ അറിയിക്കുന്ന സമൂഹ മാധ്യമമായി വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്ന ട്വിറ്ററില്‍ നിന്ന് ഇന്നും വലിയ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഇന്നത്തെ വാര്‍ത്തകളില്‍ പക്ഷെ മുഖ്യസ്ഥാനത്താവുന്നത് ട്വിറ്റര്‍ എന്ന ബഹുരാഷ്ട്ര കമ്പനി തന്നെയാണ്. ഒക്ടോബർ മാസം അവസാനത്തോടെയാണ് യുഎസ്സിലെ സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായ കമ്പനിയെ ഇലോണ്‍ മസ്‌ക് സ്വന്തമാക്കുന്നത്. ലോകത്തെ ഏറ്റവും ധനികനായ മനുഷ്യന്‍ എന്ന് ഫോബ്‌സ് അടക്കമുള്ള പ്രസിദ്ധീകരണങ്ങള്‍ വിശേഷിപ്പിക്കുന്ന മസ്‌ക്, 44 ബില്യണ്‍ ഡോളര്‍ വില നല്‍കിയാണ് കമ്പനി വാങ്ങിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മസ്‌കിന്റെ കടന്നുവരവോടെ ട്വിറ്റര്‍ വീണ്ടും ലൈംലൈറ്റില്‍ വന്നിരിക്കുകയാണ്. എന്നാല്‍ മുമ്പത്തേത് പോലെ ലോക നേതാക്കളുടെ ട്വിറ്ററിലെ ചലനങ്ങളല്ല പ്രധാനമായി പുറത്തു വരുന്നത്. മസ്‌കിന്റെ ഏറ്റെടുപ്പോടുകൂടി ട്വിറ്ററില്‍ വിദ്വേഷവും വെറുപ്പും വംശീയതയും വമിക്കുന്ന ട്വീറ്റുകള്‍ കൂടുതല്‍ കരുത്തോടെ തിരിച്ചു വരുമെന്ന സന്ദേഹമാണ് ഇപ്പോഴത്തെ വലിയ വാര്‍ത്ത. മസ്‌ക് ഏറ്റെടുത്ത അടുത്ത ദിവസങ്ങളില്‍ തന്നെ ആഫ്രിക്കന്‍ വംശജരെ അധിക്ഷേപിക്കുന്ന വാക്കുകളുടെ പ്രയോഗം ട്വിറ്ററില്‍ പല മടങ്ങ് വര്‍ധിച്ചതായുള്ള റിപ്പോര്‍ട്ടുകളും കമ്പനിയുടെ പോക്ക് എങ്ങോട്ടെന്ന് സൂചന നല്‍കുന്നു.

ഒരുപാട് സവിശേഷതകളുമായാണ് ട്വിറ്റര്‍ വെബ് ലോകത്ത് അവതരിച്ചത്. 2006 ലാണ് ജാക്ക് ഡോര്‍സി, നോവ ഗ്ലാസ്, ഇവാന്‍ വില്യംസ്, ബിസ് സ്‌റ്റോണ്‍ എന്നിവര്‍ ചേര്‍ന്ന് രൂപം നല്‍കിയ സമൂഹ മാധ്യമത്തെ പൊതുജനങ്ങളും ഉപയോഗത്തിന് ലഭ്യമാക്കുന്നത്. അവിടെ നിന്ന് മാസം 30 കോടി മനുഷ്യര്‍ ഉപയോഗിക്കുന്ന, 5 ബില്യണ്‍ ഡോളറില്‍ അധികം വരുമാനമുള്ള സേവന ദാതാവായി കമ്പനി വളര്‍ന്നു. ട്വിറ്ററിന്റെ മുന്നോട്ടുള്ള യാത്ര എല്ലായ്‌പ്പോഴും സുഖപ്രദമായിരുന്നില്ല. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളും വിദ്വേഷവും സമൂഹത്തെ പ്രത്യക്ഷമായി ബാധിച്ച് തുടങ്ങിയപ്പോള്‍ അവ നിയന്ത്രിക്കാന്‍ സമ്മര്‍ദ്ദമേറുകയും, ട്വിറ്റര്‍ അടക്കമുള്ള വന്‍കിട സമൂഹ മാധ്യമങ്ങള്‍ക്ക് നേരേ വിരലുകള്‍ ഉയരുകയും ചെയ്തു. അതിന്റെ പ്രത്യാഘാതമെന്നോണം, ഉള്ളടക്കം നിയന്ത്രിക്കുന്നതിനും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതും ലക്ഷ്യം വെക്കുന്ന പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കാന്‍ ഒട്ടുമിക്ക സമൂഹ മാധ്യമങ്ങളും നിര്‍ബന്ധിതരായി. എന്നാല്‍ മസ്‌കിന്റെ കീഴില്‍, ട്വിറ്ററിന്റെ പകുതിയോളം ജീവനക്കാരെ പിരിച്ചു വിട്ടിരിക്കുകയാണ്. ഈ കൂട്ട പിരിച്ചുവിടല്‍ ട്വിറ്റര്‍ എന്ന സമൂഹ മാധ്യമം സുരക്ഷയിലും ഉള്ളടക്കം നിയന്ത്രിക്കുന്നതിലും ഇതുവരെ കൈവരിച്ച എല്ലാ പുരോഗമനത്തെയും സാരമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

എലോൺ മസ്‌ക്  | photo : wiki commons

ഇന്ത്യയുള്‍പ്പടെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ട്വിറ്റര്‍ ജീവനക്കാര്‍ ഒരുപക്ഷെ അവരുടെ തൊഴില്‍ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ സമയങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ലോകത്താകമാനമുള്ള ജീവനക്കാരില്‍ പകുതി പേരെ ട്വിറ്റര്‍ പിരിച്ചുവിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 7,500 ജീവനക്കാരുള്ള ട്വിറ്ററില്‍, 3,700 പേരെ പുറത്താക്കിയതായി കണക്കാക്കപ്പെടുന്നു. ട്വിറ്ററിന്റെ ഭാഗമായി ഇന്ത്യയില്‍ ഇരുന്നൂറോളം പേര്‍ ജോലി ചെയ്യുന്നുണ്ട്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും തൊഴില്‍ നഷ്ടമായതായാണ് സൂചന. യുഎസ്സിലെ സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്ക് ഭീമന്റെ തലപ്പത്ത് ശതകോടീശ്വരനായ മസ്‌ക് എത്തിയതുമുതല്‍ കൂട്ട പിരിച്ചുവിടലിനുള്ള സാധ്യത നിലനിന്നിരുന്നു. ടെസ്ല എന്ന ഇലക്ട്രിക് വാഹന കമ്പനിയും ബഹിരാകാശ സാങ്കേതികവിദ്യ വികസിപ്പിക്കുന്ന സ്പേസ് എക്സും സ്വന്തമായുള്ള മസ്‌ക്, കഴിഞ്ഞ മാസം അവസാനത്തോടെയാണ് ട്വിറ്ററിന്റെ അമരത്തെത്തിയത്. അന്ന് തുടങ്ങിയതാണ് ട്വിറ്ററിലെ പുറത്താക്കലുകള്‍. കമ്പനിയുടെ തലപ്പത്തുണ്ടായിരുന്നവര്‍ക്ക് ആദ്യം പുറത്തുപോകേണ്ടി വന്നു. ഇന്ത്യന്‍ വംശജരായ സിഇഒ പരാഗ് അഗ്രവാളും, നിയമ വിഭാഗം മേധാവി വിജയ ഗഡ്ഡെയും ഉള്‍പ്പടെ കമ്പനിയുടെ ഉന്നതർക്ക് ഓഫീസില്‍ നിന്ന് പുറത്ത് പോകേണ്ടിവന്നു. ചീഫ് ഫിനാന്‍സ് ഓഫീസര്‍ നെഡ് സെഗലും കമ്പനിയില്‍ നിന്ന് പുറത്തുപോയി.

7,500 ജീവനക്കാരുള്ള ട്വിറ്ററില്‍ നിന്ന് പകുതിയോളം പേരെ പിരിച്ചുവിടുകയല്ലാതെ കമ്പനിക്ക് മുന്നോട്ട് പോകാന്‍ മറ്റ് മാര്‍ഗ്ഗമില്ലെന്നാണ് മസ്‌കിന്റെ പക്ഷം. 44 ബില്യണ്‍ ഡോളറെന്ന അതിശയകരമായ വിലയ്ക്ക് ട്വിറ്റര്‍ സ്വന്തമാക്കിയ ലോകത്തെ ഏറ്റവും ധനികനായ വ്യക്തി, സാമ്പത്തിക നഷ്ടം പറഞ്ഞാണ് ഈ നടപടി സ്വീകരിക്കുന്നത്. പ്രതിദിനം 4 മില്യണ്‍ ഡോളര്‍ നഷ്ടമാണ് ട്വിറ്റര്‍ വരുത്തിവെക്കുന്നതെന്ന് മസ്‌ക് ട്വിറ്ററില്‍ കുറിച്ചു. മസ്‌ക് ട്വിറ്റര്‍ വാങ്ങുന്നതിന് മുമ്പും കമ്പനി നഷ്ടത്തില്‍ തന്നെയായിരുന്നു. ട്വിറ്ററിന്റെ ഒരു ഓഹരിക്ക് 54.20 ഡോളര്‍ എന്ന നിരക്കിലാണ് മസ്‌ക് കമ്പനിയുടെ 765 ദശലക്ഷം ഓഹരികള്‍ വാങ്ങാന്‍ തീരുമാനിച്ചത്. വളരെ ഉയര്‍ന്ന വിലയാണ് മസ്‌ക് നല്‍കുന്നതെന്ന വാദവും പരക്കെ ഉയര്‍ന്നിരുന്നു. ട്വിറ്റര്‍ വാങ്ങുന്നതിനായി 12.5 ബില്യണ്‍ ഡോളര്‍ ബാങ്ക് വായ്പയും ലോകത്തെ ഏറ്റവും ധനികനായ മനുഷ്യന്‍ എടുത്തിട്ടുണ്ട്. ഈ വായ്പകള്‍ക്ക് പ്രതിവര്‍ഷം ഒരു ബില്യണ്‍ ഡോളര്‍ പലിശയും നല്‍കണം. ട്വിറ്റര്‍ വാങ്ങുന്നതില്‍ നിന്ന് പിന്മാറാന്‍ മസ്‌ക് പലവട്ടം തുനിഞ്ഞതുമാണ്. ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുടെ കാര്യത്തില്‍ മുന്‍ സിഇഒ പരാഗ് അഗ്രവാള്‍ കൃത്യമായ കണക്കുകള്‍ പങ്കുവെച്ചിരുന്നില്ല എന്ന കാരണം പറഞ്ഞാണ് കമ്പനി വാങ്ങാനുള്ള ഓഫര്‍ പിന്‍വലിക്കാന്‍ ഒരുങ്ങിയത്. എന്നാല്‍, കമ്പനിയുടെ മാനേജമെന്റ് ജൂലൈയില്‍ കോടതിയെ സമീപിച്ചു. കമ്പനി വാങ്ങാമെന്ന കരാര്‍ നിറവേറ്റാന്‍ ബാധ്യസ്ഥനാണെന്ന നിരീക്ഷണം ഡെലാവേര്‍ കോര്‍ട്ട് ഓഫ് ചാന്‍സെറിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതോടെ മസ്‌കിന് മറ്റ് വഴികളില്ലാതാവുകയായിരുന്നു. കരാര്‍ പ്രകാരമുള്ള വാഗ്ദാനം നിറവേറ്റുന്നതിന് ഒക്റ്റോബര്‍ 28 വരെ മസ്‌കിന് സമയം നല്‍കുകയായിരുന്നു.

ട്വിറ്റര്‍ പോലൊരു സാമൂഹ്യ മാധ്യമം മസ്‌കിന്റെ കീഴിലാകുന്നതോടെ അതില്‍ വെറുപ്പും വിദ്വേഷവും വമിക്കുന്ന ട്വീറ്റുകള്‍ വര്‍ധിക്കുമെന്ന ആശങ്ക പരക്കെ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജനറല്‍ മൊട്ടോര്‍സ്, ഫൈസര്‍, ഔഡി, ജനറല്‍ മില്‍സ് തുടങ്ങിയ വമ്പന്മാരടക്കം ട്വിറ്ററില്‍ പരസ്യം ചെയ്യില്ലെന്ന് പ്രഖ്യാപിക്കുന്നത്.

കമ്പനി വാങ്ങുന്ന നടപടികള്‍ പൂര്‍ത്തിയായതോടെ കഴിഞ്ഞ മാസം 27 ന് സിറാമിക്ക് സിങ്കും ചുമന്നാണ് മസ്‌ക് സാന്‍ ഫ്രാന്‍സിസ്‌കോയിലെ ട്വിറ്റര്‍ ആസ്ഥാനത്തെത്തിയത്. തുടര്‍ന്ന് അതിന്റെ വീഡിയോ 'Let that sink in' എന്ന തലക്കെട്ടില്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതുപോലുള്ള പി ആര്‍ സ്റ്റണ്ടുകളിലും സോഷ്യല്‍ മീഡിയ ഹീറോയിസത്തിലും ആനന്ദം കണ്ടെത്തുന്ന വ്യക്തിയാണ് മസ്‌ക് എന്ന് എല്ലാവര്‍ക്കുമറിയാം. മാത്രമല്ല, ട്വിറ്ററിന്റെ ഡയറക്റ്റര്‍ ബോര്‍ഡ് പിരിച്ചു വിട്ട് ഏക ഡയറക്റ്ററും സിഇഒയുമായി സ്വയം അവരോധിച്ചിരിക്കുകയുമാണ് ഇലോണ്‍ മസ്‌ക്.

മസ്‌കിന്റെ ഇത്തരം സ്വഭാവ വിശേഷങ്ങളും മറ്റും കോര്‍പ്പറേറ്റ് വൃത്തങ്ങളില്‍ അറിയപ്പെടുന്നത് കൊണ്ടാവാം, അയാള്‍ കമ്പനിയുടെ നേതൃത്വം ഏറ്റെടുത്തതോടെ പല പ്രധാന യുഎസ്സ് കമ്പനികളും ട്വിറ്ററില്‍ പരസ്യം നല്‍കേണ്ടതില്ല എന്ന തീരുമാനം സ്വീകരിച്ചത്. വലതുപക്ഷ ആശയങ്ങള്‍ പിന്‍പറ്റുന്ന മസ്‌ക്, വിദ്വേഷ വാക്കുകള്‍ ഉള്‍പ്പടെയുള്ള ആശയ പ്രകടനങ്ങള്‍ ഫ്രീ സ്പീച്ചിന്റെ ഭാഗമാണെന്ന് വാദിക്കുന്ന വ്യക്തിയാണ്. ട്വിറ്റര്‍ പോലൊരു സാമൂഹ്യ മാധ്യമം മസ്‌കിന്റെ കീഴിലാകുന്നതോടെ അതില്‍ വെറുപ്പും വിദ്വേഷവും വമിക്കുന്ന ട്വീറ്റുകള്‍ വര്‍ധിക്കുമെന്ന ആശങ്ക പരക്കെ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജനറല്‍ മൊട്ടോര്‍സ്, ഫൈസര്‍, ഔഡി, ജനറല്‍ മില്‍സ് തുടങ്ങിയ വമ്പന്മാരടക്കം ട്വിറ്ററില്‍ പരസ്യം ചെയ്യില്ലെന്ന് പ്രഖ്യാപിക്കുന്നത്. തന്റെ കീഴിലുള്ള ട്വിറ്റര്‍ ഫ്രീ ഫോര്‍ ഓൾ ഹെല്‍സ്‌കേപ്പ്, അഥവാ എന്തും ചെയ്യാനാവുന്ന നരകമാവില്ലെന്ന് പറഞ്ഞ് പരസ്യദാതാക്കളെ തണുപ്പിക്കാന്‍ മസ്‌ക് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇപ്പോള്‍ നടക്കുന്ന പുറത്താക്കല്‍ നടപടിയും പരസ്യക്കാരുടെ ഇടയില്‍ മോശം പ്രതികരണം ഉണ്ടാക്കാനാണ് സാധ്യത. ട്വിറ്റര്‍ ഉള്ളടക്കത്തിന്റെ നിലവാരം അവലോകനം ചെയ്യുന്ന Content Moderation സാങ്കേതിക വിഭാഗത്തെയടക്കം പുറത്താക്കല്‍ നടപടി സാരമായി ബാധിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ട്വിറ്ററിന്റെ 90% വരുമാനവും പരസ്യങ്ങളില്‍ നിന്നാണ് വരുന്നത്. പരസ്യക്കാര്‍ പിന്‍വാങ്ങുന്നതോടെ ട്വിറ്ററിന്റെ നഷ്ടക്കഥ തുടരുമെന്ന് അര്‍ത്ഥം. ട്വിറ്റര്‍ വാങ്ങുന്നതിന് എടുത്ത വായ്പകള്‍ക്ക് ഒരു ബില്യണ്‍ ഡോളര്‍ വാര്‍ഷിക പലിശയും മസ്‌ക് നല്‍കേണ്ടി വരുന്നു. ഈ സാഹചര്യത്തിലാണ് ചെലവു ചുരുക്കുന്നതിനുള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗം സ്വീകരിക്കുന്നത്, ജീവനക്കാരെ പിരിച്ചുവിടല്‍. ഇന്ത്യയടക്കം ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള ട്വിറ്റര്‍ ഓഫീസുകള്‍ വെള്ളിയാഴ്ച അടച്ചിടുകയും ജീവനക്കാരോട് കമ്പനിയില്‍ നിന്നുള്ള ഇ-മെയിലിനായി കാത്തിരിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു ട്വിറ്റര്‍ അധികൃതര്‍. മസ്‌കിന്റെ വരവ് മുതല്‍ ഭീതിയിലുള്ള ജീവനക്കാരെ കൂടുതല്‍ ആകാംക്ഷയിലേക്ക് തള്ളിവിടുന്ന നടപടിയാണ് കമ്പനി സ്വീകരിച്ചത്. മൂന്ന് മാസത്തെ ശമ്പളമടക്കം നല്‍കിയാണ് പിരിച്ചുവിടുന്നത് എന്ന് കമ്പനി പറയുമ്പോള്‍, നടപടി നിയമവിരുദ്ധമാണെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്. പുറത്താക്കലിനെതിരായ കോടതി നടപടികളും ആരംഭിച്ചു കഴിഞ്ഞു. വലിയ കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടുന്നതിന് മുമ്പായി 60 ദിവസത്തെ നോട്ടീസ് നല്‍കണമെന്നാണ് WARN Act എന്ന് അറിയപ്പെടുന്ന യുഎസ്സ് ഫെഡറല്‍ നിയമം പറയുന്നത്. പുറത്താക്കല്‍ നടപടി ഈ നിയമത്തിന് എതിരാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഒരുകൂട്ടം ജീവനക്കാര്‍ കോടതിയെ സമീപിക്കുന്നത്. ആവശ്യത്തിലധികം പ്രശ്നങ്ങളുള്ള ട്വിറ്ററിനുമേല്‍ അടുത്ത വെള്ളിടിയാകുമോ ഈ നിയമനടപടി എന്ന് കണ്ടറിയണം. വരുമാനക്കമ്മി, നഷ്ടം, പരസ്യക്കാരുടെ പിന്മാറ്റം, പോപ്പുലിസം, പിരിച്ചുവിടല്‍, നിയമനടപടി എന്നിവയെല്ലാമായി തികഞ്ഞൊരു ഹെല്‍സ്‌കേപ്പ് ആയി മാറിയിരിക്കുകയാണ് മസ്‌കിന്റെ ട്വിറ്റര്‍.

Leave a comment