TMJ
searchnav-menu
post-thumbnail

Outlook

മലബാറിലെ മുസ്‌ലിം രാഷ്ട്രീയം; 1980 ൽ നിന്ന് 2021ലെത്തുമ്പോൾ

16 Dec 2021   |   1 min Read
എം ലുഖ്മാന്‍

1985ൽ നടന്ന സമസ്തയുടെ അറുപതാം വാർഷിക സമ്മേളനം, മുസ്‌ലിം ലീഗും കേരളത്തിലെ സുന്നി മുസ്‌ലിംകളും തമ്മിലുള്ള ബന്ധത്തെ അടയാളപ്പെടുത്തുമ്പോൾ പ്രധാനമായി വിവരിക്കേണ്ട സംഭവമാണ്. വഹാബി ലീഗ് എന്നായിരുന്നു 1950 കളിൽ മലബാറിൽ പരക്കെ ലീഗ് അറിയപ്പെട്ടിരുന്നത്. സലഫി പ്രസ്ഥാനത്തിന്റെ ആദ്യരൂപമായ ഐക്യസംഘത്തിന്റെ തന്നെ തുടർച്ചയിലാണ് ലീഗ് വളർന്നുവരുന്നതും. കെ.എം സീതിയെപ്പോലുള്ള സലഫി നേതാക്കളുടെ ജീവചരിത്രം ഒരേ സമയം കേരളത്തിലെ ലീഗിന്റെയും സലഫിസത്തിന്റെയും കൂടി ചരിത്രമാണ്.

മുസ്ലിംകളിലെ മറ്റു വിശ്വാസികളെ അവിശ്വാസികളായി കാണുന്ന രീതി സ്വീകരിച്ചവരായിരുന്നു സലഫികൾ. സാംസ്‌കാരിക സജീവതയുടെയും വിവിധ മതവിശ്വാസികൾക്കിടയിൽ സൗഹൃദം രൂപപ്പെടുത്തിയ നേർച്ചകൾ പോലുള്ള ആചാരങ്ങളുടെയുമെല്ലാം നിശിതമായ വിമർശകരായിരുന്നു അവർ. പിൽക്കാലത്ത് ഐ.എസ് പോലുള്ള ഭീകര സംഘടനകൾക്ക് ആശയ സ്രോതസ് നൽകിയ ഇബ്നു അബ്ദുൽ വഹാബ് എന്ന വ്യക്തിയുടെ ദർശനങ്ങളായിരുന്നു ആദ്യം മുതലേ കേരളത്തിലെ സലഫികളുടെയും ആശയക്കരുത്ത്. ഈജിപ്തിൽ നിന്ന് വന്നതാണ് കേരളത്തിലെ സലഫിസം എന്നും, അതിനു ഇബ്നു അബ്ദുൽ വഹാബുമായി ബന്ധമില്ല എന്നുമുള്ള ചില വ്യാഖ്യാനങ്ങളെ വക്കം അബ്ദുൽ ഖാദിർ മൗലവി രചിച്ച ഗ്രന്ഥങ്ങൾ തന്നെ ഖണ്ഡിക്കുന്നു. ഇബ്നു അബ്ദുൽ വഹാബിനെ നീതീകരിക്കുന്ന നിരവധി പരാമർശങ്ങൾ അദ്ദേഹത്തിന്റെ പുസ്തകത്തിലുണ്ട്.

സലഫിസത്തിന്റെ ഈ കാർക്കശ്യത്തെ നേരിടാനാണ് 1926 ൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രൂപീകരിക്കുന്നത്. സുന്നി പണ്ഡിതരുടെ കൂട്ടായ്മ എന്ന നിലയിൽ. 1940 കൾ മുതൽ 70 വരെയുള്ള കാലത്താണ്, സലഫിസം അതിന്റെ വന്യത കേരളത്തിൽ പുറത്തെടുത്തത്. അതിനു ഏറ്റവുമധികം രാഷ്ട്രീയ സഹായം നൽകിയതു മുസ്‌ലിംലീഗാണ്. അഥവാ, ലീഗിന്റെ വേദികൾ ഉപയോഗിച്ചാണ് അവര്‍ കേരളത്തില്‍ വളര്‍ന്നത്. കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന സുന്നി വിശ്വാസികളുടെ നിരവധി പള്ളികളാണ് പിടിച്ചടക്കിയത്. കോഴിക്കോട് ടൗണിൽ സുന്നി വിശ്വാസികൾ ഭക്ത്യാദരവുകളോടെ കാണുന്ന മുഹിയുദ്ധീൻ ശൈഖ്, ശാദുലി ഷെയ്ഖ് തുടങ്ങിയവരുടെ നാമത്തിൽ നിർമിച്ച പള്ളികളും അവയിലുണ്ട്. മുഹിയുദ്ധീൻ പള്ളിയും, ശാദുലി പള്ളിയുമടക്കം ഏഴ് പള്ളികളാണ് സലഫികൾ അന്ന് കോഴിക്കോട് പിടിച്ചടക്കിയത്. മുസ്‌ലിം ലീഗിനെ വേദിയാക്കി സലഫിസം നടത്തുന്ന ഈ മത കൈയേറ്റങ്ങൾ, സുന്നി വിശ്വാസികൾക്ക് നേരെയുള്ള ഭർത്സനങ്ങൾ എന്നിവയെല്ലാം കേരളത്തിലെ പരമ്പരാഗത സുന്നി വിശ്വാസികൾക്കേൽപ്പിച്ച ആഘാതം ചെറുതായിരുന്നില്ല. സലഫിസം, സമാനമായി 1940 കളുടെ ആരംഭത്തിൽ വന്ന ജമാഅത്തെ ഇസ്‌ലാമി എന്നീ തെറ്റായ വിശ്വാസ ധാരകളെ കുറിച്ച് പൊതുമുസ്‌ലിം സമൂഹത്തിനു പരിചയപ്പെടുത്തുകയും, അവരെ സംരക്ഷിക്കുകയുമായിരുന്നു മലബാറിലെ മുസ്‌ലിം ഉലമക്ക് പ്രധാനമായും അന്ന് ചെയ്യാനുണ്ടായിരുന്നത്.

സലഫി നേതാക്കളുടെ വേദിയായിരുന്ന അക്കാലത്തെ മുസ്‌ലിം ലീഗ് കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന സുന്നി വിശ്വാസികളോട് എന്ത് നിലപാടാണ് എടുത്തതെന്നതിന് രണ്ട് ഉദാഹരണം കൂടി വിവരിക്കാം. 1978 ലാണ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ മർകസ് തുടങ്ങുന്നത്. അക്കാലത്ത് പി.സി ഇബ്രാഹീം മാസ്റ്റർ ലീഗിൽ സജീവമായി നേതൃഘടകത്തിൽ ഉണ്ടായിരുന്ന ആളാണ്. അദ്ദേഹം മർകസിന്റെ കമ്മറ്റി അംഗമായപ്പോൾ, ലീഗ് തീരുമാനിച്ചു, ലീഗിൽ പദവി വഹിക്കെ മർകസ് കമ്മറ്റിയിൽ അംഗത്വം നേടാൻ പാടില്ല എന്ന്. അതോടെ ലീഗുമായുള്ള ബന്ധം അദ്ദേഹം ഉപേക്ഷിക്കുകയായിരുന്നു. ലീഗ് നേതാവായിരുന്ന സീതി ഹാജി കടുത്ത സലഫി കൂടിയായിരുന്നു. അദ്ദേഹം നിയമസഭംഗമായ കാലത്ത്, കൊണ്ടോട്ടി പുളിക്കലിൽ 1979 ൽ നടന്ന ഒരു സമ്മേളനത്തിൽ അദ്ദേഹം പ്രസംഗിച്ചു- എന്റെ അവസാന തുള്ളി രക്തം വരെ സുന്നികൾക്കെതിരെ ചെലവഴിക്കും എന്ന്.

കൗതുകകരമായ കാര്യം, സുന്നി വിശ്വാസികളുടെ വോട്ടു നേടി അവർ നിയമസഭാ അംഗമാകുന്നു. മന്ത്രിമാരാകുന്നു.അവരുടെ ഊർജം മുഴുവൻ സുന്നികളെ നശിപ്പിക്കാന്‍ ചിലവഴിക്കുമെന്ന് പ്രഖ്യാപിക്കുന്നു. ഇതേ തുടർന്ന് വളരെ ശക്തമായ നിലപാട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പണ്ഡിതർ ചേർന്ന് എടുത്തു. ഇ.കെ അബൂബക്കർ മുസ്‌ലിയാർ സമസ്തയുടെ ജനറൽ സെക്രട്ടറിയും എ.പി അബൂബക്കർ മുസ്‌ലിയാർ ജോയിന്റ് സെക്രട്ടറിയുമായി പ്രവർത്തിക്കുന്ന കാലമാണത്. 1979 ജൂണ്‍ പതിനാറിന് ചേർന്ന സമസ്ത മുശാവറയുടെ തീരുമാനം ഇപ്രകാരമായിരുന്നു. ‘സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും അതിന്റെ കീഴ്ഘടകങ്ങളും രാഷ്ട്രീയമായി സംഘടിക്കേണ്ടതില്ല എന്നും എന്നാൽ സുന്നത്ത് ജമാഅത്തിനും അതിന്റെ സ്ഥാപനങ്ങൾക്കും എതിരായി പ്രവർത്തിക്കുന്ന ഏത് രാഷ്ട്രീയക്കാരനേയും എതിർത്ത് പരാജയപ്പെടുത്താൻ യുക്തമായ നടപടികൾ സാന്ദർഭികമായി സ്വീകരിക്കും. സമസ്തയുടെ രാഷ്ട്രീയ തീരുമാനം നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായി രാഷ്ട്രീയ നേതാക്കളെ കണ്ട് അടുത്ത തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി മുസ്‌ലിംകളിൽ നിന്ന് സുന്നികളല്ലാത്തവരെ നിറുത്തരുതെന്ന് ഉണർത്തുവാൻ തീരുമാനിച്ചു’ (സമസ്ത 60ാം വാർഷിക സുവനീർ)

ലേഖനത്തിലെ ആദ്യവാക്യത്തിലേക്കു വരാം. 1985 ലെ സമസ്‌തയുടെ സമ്മേളനം സുന്നി മുസ്ലിംകളുടെ മഹാശക്തി ബോധ്യപ്പെടുത്തുന്ന ഒന്നായിരുന്നു. അതിനു മുമ്പ് സമസ്തയുടെ സമ്മേളനത്തിൽ ലീഗുകാരായ രാഷ്ട്രീയ നേതാക്കൾക്ക് കൂടി ഇടം ഉണ്ടായിരുന്നു. സലഫികൾക്ക് നൽകുന്ന നിർലോഭ പിന്തുണയും, രാഷ്ട്രീയമായി സുന്നികൾക്കെതിരെയുള്ള നീക്കങ്ങളും കടുത്തതോടെ അതവസാനിപ്പിച്ചു. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ സ്വാഗതവും, ഇ.കെ അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനവും നടത്തിയ ആ സമ്മേളനത്തിൽ, സുന്നികളുടെ വോട്ടു നേടി സുന്നി വിരുദ്ധ പ്രവർത്തനം നടത്തുന്ന രാഷ്ട്രീയക്കാർക്കുള്ള കടുത്ത വിമർശനങ്ങൾ വന്നു. ലീഗിനെ വലിയ തോതിൽ ആശങ്കയിലാക്കിയ പരിപാടിയായിരുന്നുവത്.

എന്നാൽ ലീഗ് ഉള്ളിൽ കളി തുടങ്ങിയിരുന്നു. സമസ്തയിലെ ഒരു വിഭാഗം പണ്ഡിതരെ, ഏതു ഘട്ടത്തിലും തങ്ങളുടെ കൂടെ നിർത്തുവാൻ തന്ത്രങ്ങൾ മെനഞ്ഞിരുന്നു. ഇ.കെ അബൂബക്കർ മുസ്‌ലിയാരെ കൂടി ആ പക്ഷത്തേക്ക് ചേർത്തു. ലീഗിന്റെ വലയത്തിൽ നിന്ന് പ്രവർത്തിച്ചാൽ, അത്ര കാലം ഉണ്ടായ വിശ്വാസ നഷ്ടങ്ങൾ ആവർത്തിക്കുമെന്ന് തീർച്ചയുണ്ടായിരുന്നു അനേകം പണ്ഡിതർക്ക്. സുന്നി വിശ്വാസത്തിന്റെ സംരക്ഷണത്തിന് വേണ്ടി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് അബ്ദുറഹ്മാൻ ബുഖാരി ഉള്ളാൾ, എം.എ അബ്ദുൽ ഖാദിർ മുസ്‌ലിയാർ തുടങ്ങിയ പണ്ഡിതരുടെ നേതൃത്വത്തിൽ സമസ്തയിലെ വലിയൊരു ശതമാനം വിശ്വാസികൾ ഉറച്ചുനിന്നതോടെ 1989 ൽ ഇ.കെ അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ ഇ.കെ വിഭാഗം സമസ്തയും, കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ എ.പി വിഭാഗം സമസ്തയുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പിളരുകയായിരുന്നു. യുവാവായിരിക്കെത്തന്നെ സമസ്തയുടെ നേതൃത്വത്തിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1974 ൽ സമസ്ത മുശാവറ അംഗമായും, വൈകാതെ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലാകെ സഞ്ചരിച്ച് സമസ്തയുടെ ജനകീയ അടിത്തറ ഭദ്രമാക്കി. ഇ.കെ അബൂബക്കർ മുസ്‌ലിയാർ, അദ്ദേഹത്തിന്റെ സഹോദരൻ ഇ.കെ ഹസൻ മുസ്‌ലിയാർ, കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ എന്നീ ത്രിമൂർത്തികളായിരുന്നു സലഫിസത്തിന്റെ വ്യാപനത്തിൽ നിന്ന് കേരളത്തിലെ സുന്നി മുസ്ലിംകളെ എഴുപതുകളിലും എൺപതുകളിലും സംരക്ഷിച്ചത്. 1989 ൽ സമസ്ത പിളർന്നപ്പോൾ, പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത് എ.പി വിഭാഗത്തിന് അൽപായുസ്സേ ഉള്ളൂ എന്ന്. എന്നാൽ, കേരളത്തിലെ ഏറ്റവും സംഘടിത ശക്തിയായ, ഭദ്രതയുള്ള, ഏതെങ്കിലും രാഷ്ട്രീയ കക്ഷികളുടെ ഓരം ചേരാതെ തന്നെ നിലനിൽക്കാൻ കഴിയുന്ന സുന്നി സംഘടനയായി അവർ മാറുകയായിരുന്നു. മറുഭാഗത്ത് ഇ.കെ സമസ്ത വിഭാഗമാകട്ടെ, പൂർണ്ണമായും ലീഗിന്റെ ഒരു പോഷക സംഘടനപോലെയായി മാറുകയായിരുന്നു. രണ്ടു പതിറ്റാണ്ടായുള്ള ആ രീതിക്കാണ് ജിഫ്രി തങ്ങൾ നേതൃത്വത്തിൽ വന്നതോടെ മാറ്റങ്ങൾ വന്നുതുടങ്ങിയത്.

പി കെ കുഞ്ഞാലിക്കുട്ടി, കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവര്‍.

ജിഫ്രി തങ്ങളുടെ വരവോടെ സംഭവിച്ചത്

പാണക്കാട് തങ്ങൾ കുടുംബത്തെ ലീഗിന്റെ നേതൃത്വത്തിൽ നിർത്തി, അതിനെ ഉയര്‍ത്തിക്കാട്ടി സുന്നി മുസ്ലിംകളുടെ വോട്ടു നേടുന്ന സമീപനമായിരുന്നു എഴുപതുകളിലും എൺപതുകളിലും ലീഗിന്റേത്. അതിന് മുന്‍പ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളെയും മുന്‍നിര്‍ത്തി ഒരു ഭാഗത്ത് ഇസ്ലാമിക ആധ്യാത്മികതയെ ചേർത്തുനിർത്തുന്നു എന്ന പ്രതിച്ഛായ ഉണ്ടാക്കുന്നതോടൊപ്പം, മറുഭാഗത്ത്, അധികാരത്തിൽ വന്നാൽ സുന്നി വിരുദ്ധ പ്രവർത്തനങ്ങളുടെ മുൻപിൽ ലീഗ് നിൽക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായിരുന്നു. പഴയ കാലത്തെ സലഫി നേതാക്കളെല്ലാം ലീഗുകാർ കൂടിയായിരുന്നു. ലീഗിന്റെ നേതൃത്വത്തിലെ വലിയൊരു ഭാഗം സലഫികളും. ചന്ദ്രികയിൽ നബിദിന വാർത്തകൾ പോലും നൽകാത്ത ഒരു കാലം ഉണ്ടായിരുന്നു. സിറാജ് ദിനപത്രം 1984 ൽ തുടങ്ങിയത് സുന്നികൾക്ക് സവിശേഷമായൊരു അസ്തിത്വം നൽകാനായിരുന്നു.

ജിഫ്രി തങ്ങൾ സമസ്തയുടെ നേതൃത്വത്തിൽ വന്നതോടെ, സുന്നത്ത് ജമാഅത്തിന്-സുന്നി വിശ്വാസധാരക്ക് കൂടുതൽ പ്രബലമായ ഒരു തലം വരണം എന്ന ആലോചനക്ക് ഇ.കെ വിഭാഗത്തിൽ ശക്തികൂടി. മറ്റൊരു തലമുള്ളത് ഇടതുപക്ഷ അടിത്തറ കേരളത്തിൽ കൂടുതൽ ഭദ്രമാകുന്ന അവസ്ഥ വന്നു. രണ്ടാം തവണ പിണറായി വിജയൻ അധികാരത്തിൽ വന്നതോടെ, സമസ്തയുടെ താൽപര്യങ്ങൾ സർക്കാരിന് മുമ്പിൽ സമർപ്പിക്കുകയും തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കുകയും ചെയ്യണമെന്ന ചിന്തയും അവരിൽ സജീവമായി. വിശേഷിച്ചും ലീഗിന്റെ പിടിയിൽ നിന്ന് മാറി അൽപം സ്വാതന്ത്ര്യമുള്ള ഒരു കക്ഷിയായി ഇ.കെ വിഭാഗം സമസ്തയെ മാറ്റണം എന്നാഗ്രഹിക്കുന്ന ചിലർക്ക്. ഉമർ ഫൈസി മുക്കത്തിന്റെ ഓരോ സന്ദർഭങ്ങളിലും ഉള്ള പ്രസ്താവനകൾ വിലയിരുത്തിയാൽ ഇടതുപക്ഷ സർക്കാറിനെ പ്രീണിപ്പിക്കാനാണ് എന്ന് വ്യക്തമാകും.

കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം.

ഏതൊരു സംഘടനയുടെയും അടിത്തറ പ്രാദേശിക തലങ്ങളിലാണ്. അവിടെ എത്ര ജാഗ്രതയുണ്ടോ, രാഷ്ട്രീയ വിവേകമുണ്ടോ എന്നതിനെ അടിസ്ഥാനമാക്കിയാണ് സംഘടനയുടെ ഭദ്രത. പ്രാദേശിക യൂണിറ്റ് ഘടകങ്ങളിൽ ഇപ്പോഴും ലീഗും, ഇ.കെ വിഭാഗം സമസ്തയും ഒന്നുപോലെ പ്രവർത്തിക്കുന്നതാണ്. 1990 കൾക്ക് ശേഷം, എ.പി വിഭാഗം സമസ്തയുടെ ശക്തി ക്ഷയിപ്പിക്കുക എന്നൊരു താൽപര്യത്തിൽകൂടി വന്നതാണ് അത്. യൂണിറ്റ് തലങ്ങളിൽ ലീഗുമായി ചേർന്ന് പ്രവർത്തിക്കുന്നതിനാൽ, ഒരു സവിശേഷ അസ്തിത്വം ഉണ്ടാക്കാനൊന്നും ഇ.കെ വിഭാഗത്തിനായിട്ടില്ല. ജിഫ്രി തങ്ങളുടെ നേതൃത്വത്തിലേക്കുള്ള വരവ് തന്നെ അടുത്തകാലത്ത് സംഭവിച്ചതാണ്.

ജിഫ്രി തങ്ങളുടെ നിലപാടുകൾ ഇ.കെ വിഭാഗം സമസ്തക്ക് സവിശേഷ അടിത്തറ വേണമെന്നതിലാണ് ഊന്നി നിൽക്കുന്നത്. ലീഗ് ഒരു രാഷ്ട്രീയ പാർട്ടിയാണ്. പല തരത്തിൽ അതിനാൽ ജീർണ്ണിക്കപ്പെട്ടിട്ടുമുണ്ട്. സലഫി വിഭാഗങ്ങളുടെ താൽപര്യങ്ങൾക്ക് അതിൽ മുൻഗണന ലഭിക്കുന്നു. അതുകൊണ്ടു തന്നെ ജമാഅത്തെ ഇസ്ലാമിയുമായി സൗഹൃദം കൂടാൻ അവർക്ക് യാതൊരു വിധ അങ്കലാപ്പുമില്ല. ലീഗിന്റെ രാഷ്ട്രീയ ലൈനിലേക്ക് സമസ്തയുടെ കൂടി പ്രവർത്തകരായ ആളുകൾ പൂർണ്ണമായി വീഴുന്നത് ദീനിന്റെ പരിശുദ്ധിക്ക് ഭംഗം വരുമെന്ന് അദ്ദേഹം മനസ്സിലാക്കുന്നു. അദ്ദേഹം ഉയർത്തുന്ന നിലപാട് മനസ്സിലാക്കാൻ, ഇപ്പോഴും ഇ.കെ വിഭാഗം അണികളിൽ മഹാഭൂരിപക്ഷത്തിനും പറ്റിയിട്ടില്ല. കോഴിക്കോട് നടന്ന ലീഗിന്റെ വഖഫ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ മഹാഭൂരിപക്ഷവും ഇ.കെ വിഭാഗക്കാരായിരുന്നു.

പക്ഷെ, ഈ നിലപാട് ഇ.കെ വിഭാഗത്തിൽ ഇപ്പോഴും ഉപരിതലത്തിൽ വളരെ കുറച്ചു പേരില്‍ മാത്രമേ ഉള്ളൂ . അതല്ലെങ്കിൽ ഈ നിലപാടിന്റെ നേര് തിരിച്ചറിയാൻ കഴിയുന്നവർ വളരെ കുറച്ചേ ഉള്ളൂ. പള്ളികളിൽ വഖഫ് പ്രഭാഷണം നടത്താൻ ലീഗ് ആഹ്വാനം ചെയ്തപ്പോൾ, അതേറ്റെടുത്ത ഇ.കെ വിഭാഗം പ്രവർത്തകരുടെ ആവേശം സാമൂഹിക മാധ്യമങ്ങളിൽ എമ്പാടും നിറഞ്ഞിരുന്നു. എന്നാലതിന്റെ അപകടം മനസിലാക്കി അതിൽ നിന്ന് പിന്തിരിയാൻ ആഹ്വാനം ചെയ്ത ജിഫ്രി തങ്ങളെ ഏറ്റെടുത്ത ഇ.കെ വിഭാഗക്കാരുടെ എണ്ണം തുലോം കുറവായിരുന്നു. അദ്ദേഹത്തിന്റെ നിലപാടുകളെ വിമര്‍ശിച്ച് പോസ്റ്റുകൾ ഇടുന്ന ഇ.കെ സമസ്തയുടെ തന്നെ ആളുകളെയും ധാരാളം നാം കണ്ടു. ആരെ സ്വീകരിക്കണം എന്ന സന്ദേഹം വരുമ്പോൾ, ഒന്നാമത് ലീഗിനെ എന്ന് ഉത്തരം നൽകുന്നവരാണ് നിലവിലുള്ള ഇ.കെ വിഭാഗത്തിലെ മഹാഭൂരിപക്ഷവും എന്ന് , മലബാറിലെ പ്രദേശങ്ങളുമായി പരിചയമുള്ളവർക്ക് തിരിച്ചറിയാന്‍ പറ്റും.

ജിഫ്രി തങ്ങൾ കാണിക്കുന്ന രാഷ്ട്രീയ ബോധ്യം, സമുദായത്തെ മതരാഷ്ട്ര വാദികളുടെ താത്പര്യങ്ങൾക്ക് വിട്ടുകൊടുക്കാന്‍ സമ്മതിക്കില്ല എന്ന നിലപാടിന്റെ ഉശിര്‌ താഴേ തട്ടിലേക്ക് നൽകുക എന്നതാണ് ഇ.കെ വിഭാഗം സമസ്തക്കും അതിന്റെ പോഷക സംഘടനകൾക്കും ചെയ്യാനാകേണ്ടത്. അങ്ങനെ മാത്രമേ ലീഗിന്റെ രാഷ്ട്രീയ താൽപര്യങ്ങളെക്കാൾ സുന്നി ആദർശത്തിന്റെ തെളിമക്കു മേന്മനൽകി മെച്ചപ്പെട്ട നിലപാടുള്ള ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കാനാകൂവെന്ന് അവര്‍ തിരിച്ചറിയണം. അതല്ലായെങ്കിൽ ഇ.കെ വിഭാഗത്തിന്റെ നിലപാട് മാധ്യമങ്ങൾക്ക് ആഘോഷിക്കാൻ വല്ലതും നൽകിയേക്കാം എന്നതിനപ്പുറം, അടിത്തറയിൽ കാര്യമായ വ്യതിയാനം ഉണ്ടാക്കാനൊന്നും പോകുന്നില്ല. ജിഫ്രി തങ്ങളെയും, അത്തരം സ്വതന്ത്ര നിലപാടുകൾ എടുക്കുന്നവരെയും ലീഗിന് മാറ്റി നിര്‍ത്താന്‍ കഴിയുകയും ചെയ്തേക്കാം.

വഖ്ഫ് സമ്മേളന വേദിയിലെ, അബ്ദുറഹ്മാൻ കല്ലായിയുടെ അരങ്ങേറ്റത്തിന് കൃത്യമായ രാഷ്ട്രീയ മാനമുണ്ട്. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെയും എ.പി വിഭാഗം സമസ്തയെയും നിന്ദ്യമായ ഭാഷയിൽ ഭർത്സിക്കാൻ നിയോഗിതനായ ഒരാളായിരുന്നു അയാൾ, വിശേഷിച്ചും തൊണ്ണൂറുകളിൽ. ജിഫ്രി തങ്ങൾ, ലീഗിന് വിരുദ്ധമായ ഒരു നിലപാട് എടുത്തതോടെ, ജിഫ്രി തങ്ങളെ ഖണ്ഡിക്കുക എന്നതിനുവേണ്ടിയായിരുന്നു ഇ.കെ വിഭാഗം സമസ്തയുടെ ഭാഗമായ കല്ലായിയെ കൊണ്ടുവന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ, ഇ.കെ വിഭാഗത്തിലെ മറ്റാർക്കും അതിനു ധൈര്യംകിട്ടാത്തത് കാരണം, കിട്ടിയ ഒരാളെ അതിന് നിയോഗിച്ചിരിക്കാം. അയാളുടെ പ്രസംഗത്തിൽ വഖ്ഫ് ഒന്നും ഒരു വിഷയമേ ആയിരുന്നില്ല. ഈ തങ്ങന്മാർ-പാണക്കാട് തങ്ങന്മാർ-ഇവിടെയുണ്ട് അതുകൊണ്ടു മറ്റു തങ്ങന്മാർ-ജിഫ്രി തങ്ങളെ പോലുള്ളവർ പ്രശ്നമല്ല എന്ന സൂചനയിലുള്ള ആവർത്തിച്ചുള്ള പ്രയോഗങ്ങള്‍ കൃത്യമായ ഭീഷണി തന്നെയായിരുന്നു എന്ന് മലബാറിലെ മുസ്‌ലിംലീഗ് രാഷ്ട്രീയത്തെ കുറച്ചെങ്കിലും മനസിലാക്കിയവർക്ക് തിരിച്ചറിയാനായിട്ടുണ്ടാകും.

ലീഗ് നേരിടുന്ന പ്രതിസന്ധികൾ

മുസ്ലിംകളുടെ രാഷ്ട്രീയപ്രശ്നങ്ങളെ കൃത്യമായി അഡ്രസ് ചെയ്യുന്ന ഇടങ്ങളിൽ മുസ്ലിം ലീഗ് വലിയ പരാജയമായിരുന്നു. മുത്തലാഖ് പ്രശ്നത്തിലെ പാർലമെന്റിലെ അസാന്നിധ്യം, കുഞ്ഞാലിക്കുട്ടിയുടെ തരംപോലെയുള്ള നിയമസഭാ- ലോകസഭാ പ്രദക്ഷിണങ്ങൾ, ലീഗ് നേതാക്കന്മാരുമായി ബന്ധപ്പെട്ടുയരുന്ന അഴിമതി ആരോപണങ്ങൾ എന്നിവയെല്ലാം ലീഗിനെ ദുർബലപ്പെടുത്തുന്നു. രാജ്യസഭ പോലെ, മുസ്ലിംകളുടെ രാഷ്ട്രീയ വിഷയങ്ങൾ ഏറ്റവും സൂക്ഷ്മമായി ഉയർത്തേണ്ട ഒരിടത്തെ ഏക പ്രതിനിധി, നല്ലവണ്ണം ഇംഗ്ലീഷോ ഹിന്ദിയോ സംസാരിക്കാൻ പോലും അറിയാത്ത പി.വി അബ്ദുൽ വഹാബാണ്. പോപ്പുലർ ഫ്രണ്ടുമായി ചർച്ച നടത്തിയതും, ജമാഅത്തെ ഇസ്ലാമിയുമായി പരസ്യ സഖ്യം ഉണ്ടാക്കിയതുമെല്ലാം ലീഗിന്റെ നിലപാട്, കൂടുതൽ കൂടുതൽ ദുർബലപ്പെടുത്തുന്ന അവസ്ഥയുണ്ടാക്കുന്നു. ഇത്തരം അവിവേകങ്ങൾ, താൽപര്യങ്ങൾ എല്ലാം മനസ്സിലാക്കുന്നവരാണ് സമുദായത്തിലെ പുതുതലമുറ.

ഇതെഴുതുന്നതിന്റെ രണ്ട് നാള്‍ മുന്നെയാണ്, ചന്ദ്രികയിൽ ജീവനക്കാരുടെ പി.എഫ് തുക വക മാറ്റിയതിനു, കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനെ അറസ്റ്റ് ചെയ്തത്. ലീഗിന് സമുദായത്തെത്തന്നെ ഇപ്പോഴും ചേർത്തു നിർത്താൻ കഴിഞ്ഞിട്ടില്ല. 2018 ലെ മർകസ് സമ്മേളനം ബഹിഷ്കരിക്കുക പോലുള്ള, വളരെ നിഷേധാത്മകമായ സമീപനം ലീഗെടുത്തത് കോൺഗ്രസിന് പോലും കിട്ടേണ്ട മുസ്ലിം വോട്ടുകളിൽ വിള്ളലുകൾ വന്നു. ഒരു രാഷ്ട്രീയപ്പാർട്ടി എന്ന നിലയിൽ അണികൾക്ക് ആത്മവിശ്വാസം നൽകാനോ, രാഷ്ട്രീയമായ വിഷയങ്ങൾ ഏറ്റെടുത്തു അവരെ ജാഗ്രത്താക്കാനോ കഴിയാത്ത ഒരവസ്ഥ ലീഗിന് നിലവിലുണ്ട്. ജനിച്ചപ്പോൾ ലീഗ് കുടുംബത്തിൽ വന്നു, അതങ്ങനെ തുടരാം എന്ന് വിചാരിക്കുന്ന അണികളൊഴികെ, പുതിയ തരം അണികളെ ആകർഷിക്കാന്‍ ലീഗിനാകുന്നില്ല. നിലവിലെ നേതൃത്വവും പ്രവർത്തന രീതിയും ലീഗിനെ കൂടുതൽ കൂടുതൽ ക്ഷീണിപ്പിക്കയേ ഉള്ളൂ.

Leave a comment