TMJ
searchnav-menu
post-thumbnail

Outlook

നൻപകൽ നേരത്ത് മയങ്ങിയുണരുമ്പോൾ

15 Dec 2022   |   1 min Read

വിഭവ സമൃദ്ധമായ ഉച്ചയൂണിനു ശേഷമുള്ള ഉറക്കത്തിനെ മയക്കം എന്നാണ് പൊതുവേ വിശേഷിപ്പിക്കാറ്. നോമ്പെടുത്ത് വേളാങ്കണ്ണി പള്ളിയിൽ പോയി തിരിച്ചു കേരളത്തിലേക്ക് യാത്ര ആരംഭിച്ച നാടക കമ്പനിക്കാരിലെ ജെയിംസ്(മമ്മൂട്ടി) ഒഴിച്ച് മറ്റ് പുരുഷൻമാർ മദ്യപിച്ച് നോമ്പു മുറിച്ചും മറ്റെല്ലാവരും സമൃദ്ധമായ ഉച്ചയൂണും കഴിച്ച് മയക്കത്തിലാവുന്നു. ജെയിംസ് മദ്യപിക്കാതെയും സമൃദ്ധമായി ഭക്ഷണം കഴിക്കാതെയും മയങ്ങി പോവുന്നു. ഡ്രൈവറെ 'മയക്കം' പുതിയ വഴികളിലൂടെ സഞ്ചരിപ്പിക്കുന്നു. യാത്രയുടെ ഇടയിൽ തീർത്ഥാടന സംഘം വാൻ ഗോഗിന്റെ ഗോതമ്പുപാടത്തെ അനുസ്മരിപ്പിക്കുന്ന പാടത്ത് വണ്ടി നിർത്തുമ്പോൾ മുൻപ് എപ്പോഴോ കാണാതായ (അയാൾ മരിച്ചോ എന്നത് വ്യക്തമല്ല) ഒരു തമിഴ് മനുഷ്യന്റെ ജീവിത വേഷം നാടക കമ്പനിയുടെ നടത്തിപ്പുകാരൻ ജെയിംസ് കെട്ടിയാടി തുടങ്ങുന്നു. ഇവിടെയാണ് നൻപകൽ നേരത്ത് മയക്കം എന്ന നാടകം ആരംഭിക്കുന്നത്.

മതം, കുടുംബം, ഭാഷ, ദേശം, ഭക്ഷണം ജീവിതക്രമങ്ങൾ ഇതെല്ലാം വ്യത്യസ്തമായ മറ്റൊരു മനുഷ്യനായിട്ട് ഈ പകർന്നാട്ടത്തിന്റെ ചുവടു പിടിച്ച് മറ്റ് അംഗങ്ങളും പ്രകടനം ആരംഭിക്കുന്നു. ഒരു നാട് കാഴ്ചക്കാരായി മാറുന്നു. പിന്നീട് ഒരു മയക്കത്തിൽ നാടകം അവസാനിക്കുന്നു.

ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകൻ പുതിയൊരു സിനിമ അവതരിപ്പിക്കുമ്പോൾ ആഖ്യാനങ്ങളുടെ അനന്തസാധ്യതകൾ കൂടി തുറന്നു വെക്കുന്നുണ്ട്. അതിന്റെ ചുരുളഴിക്കുന്നതിനെക്കാൾ സിനിമയുടെ ദൃശ്യഭാഷയുടെ, കഥ പറച്ചിലിന്റെ, ശബ്ദ സംവിധാനത്തിന്റെ, അഭിനയത്തിന്റെ, രംഗകലയുടെ രസത്തിലൂടെ നടക്കൽ എന്നത് മനോഹരമായ അനുഭൂതിയാണ്.

IMAGE : FACEBOOK

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മറ്റ് സിനിമകളെ അപേക്ഷിച്ച് ഏറ്റവും മനോഹരമായ ട്രീറ്റ്‌മെന്റാണ് നൻപകൽ നേരത്ത് മയക്കത്തിന്റെത്. മഞ്ഞ സൂര്യൻ കത്തിയെരിയുന്ന വേനലിൽ ഇളം കാറ്റിൽ മയക്കത്തിലാവുമ്പോൾ യാഥാർത്ഥ്യങ്ങൾക്കപ്പുറമായ സ്വപ്നങ്ങളിലൂടെ സഞ്ചരിക്കാറുണ്ട്. ഒരു പക്ഷെ ഈ സിനിമ ഒരു സ്വപ്നമാണ് എന്ന് തോന്നും. തമിഴറിയാത്ത ജെയിംസ് മരിച്ചോ എന്നു പോലുമറിയാത്ത സുന്ദരമായി മാറുമ്പോൾ അയാൾ മാത്രമാണ് കഥാപാത്ര ഷിഫ്റ്റ് നടത്തുന്നത്. ജയിംസിന്റെ കുടുംബവും മറ്റ് അംഗങ്ങളും, സുന്ദരത്തിന്റെ കുടുംബവും ഒരു ഗ്രാമവും ആ നാട്യത്തിനു ചുറ്റും അവരുടെ ഭാഗം അഭിനയിച്ച് മുന്നേറുന്നു.

ക്യാമറ സ്റ്റാറ്റിക്കായിവച്ചു കൊണ്ട് എങ്ങനെ കഥ പറയാം എന്നത് മനസിലാക്കാൻ സാധിക്കുന്ന പ്രകടനമാണ് നൻപകൽ നേരത്ത് മയക്കത്തിലേത്. തേനി ഈശ്വർ നിലയൊറപ്പിച്ച് പകർത്തിയെടുത്തത് ഉച്ചമയക്കത്തിലെ അമൂർത്തമായ സ്വപ്നത്തിന്റെ ഭംഗിയായിരുന്നു. ചില രംഗങ്ങളിൽ നാടകത്തെ അനുഭവിക്കുന്ന രീതിയിൽ ചിട്ടപ്പെടുത്തിയ ഷോട്ടുകൾ പിഴവുകളില്ലാതെ ഒപ്പിയെടുക്കാൻ സാധിച്ചു.

തുടക്കം മുതൽ പഴയ തമിഴ് പാട്ടുകളും സിനിമ ഡയലോഗുകളും സിനിമയെ ഗൈഡ് ചെയ്യുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. അതേ സമയം തമിഴ്‌നാടിന്റെ മൂഡ് സിനിമയിലുടനീളം അനുഭവിക്കാൻ സാധിക്കുന്നു. ഒരു പക്ഷെ കാഴ്ച്ചകാരനും കഥ നടക്കുന്ന പരിസരത്തിൽ ദൃക്‌സാക്ഷിയാകുകയാണ്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഓരോ സിനിമകളും ഓരോ ശൈലിയാണ്. അമൂർത്തമായ സങ്കൽപ്പങ്ങളെ അവതരിപ്പിക്കുന്ന ലിജോയുടെ സിനിമ സംവിധാനം പലപ്പോഴും ശക്തമായ വിമർശനങ്ങൾക്കും വിധേയമായതാണ്. അപ്പോഴും Sorry guys….no plans to change, no plans to impress എന്ന് ധൈര്യപൂർവ്വം ലിജോ പറയുന്നതാണ് നൻപകൽ നേരത്ത് മയക്കം പോലത്തെ ചിത്രങ്ങൾ സംഭവിക്കുന്നത്

മമ്മൂട്ടിയെന്ന പ്രതിഭയുടെ സാധ്യതകൾ ഇല്ലായിരുന്നു എങ്കിൽ ചിത്രം എന്താകുമെന്നത് ചിന്തിച്ചു പോവുന്ന പ്രകടനമാണ് മമ്മൂട്ടിയുടേത്. സമീപകാലത്ത് കഥാപാത്ര തെരഞ്ഞെടുപ്പിൽ സൂക്ഷ്മത പുലർത്തുന്ന മമ്മൂട്ടിയുടെ മികച്ച പ്രകടനമാണ് ചിത്രത്തിലേത്. വോയിസ് മോഡുലേഷൻ ഭംഗിയായി അവതരിപ്പിക്കാൻ സാധിക്കുക എന്നത് അഭിനേതാവിന്റെ നില ഉയർത്തുന്ന ഘടകമാണ്. അതിൽ മമ്മൂട്ടിയുടെ സൂക്ഷ്മത പ്രശംസ അർഹിക്കുന്നതാണ്.

ഒരു പക്ഷെ കൈവിട്ടു പോകുമായിരുന്ന അമൂർത്തമായ സങ്കൽപ്പത്തെ കൈയ്യടക്കത്തോടു കൂടി എഴുതിയുറപ്പിച്ച എസ്. ഹരീഷിന്റെ രചന സിനിമയുടെ നട്ടെല്ലാണ്. സമീപകാലത്തെ തിരക്കഥാ രചനയിൽ എസ് ഹരീഷ് അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിക്കുകയാണിവിടെ.

തമിഴും മലയാളവും സംസാരിക്കുന്ന സിനിമ ആരുടേതാണ് എന്ന ചോദ്യം ഉയർത്താവുന്നതാണ്. നായകൻ മലയാളിയും ഒരു ഘട്ടത്തിൽ തമിഴ്‌നാട്ടുകാരനുമാണ്. ഭാഷ കൊണ്ട് വേർതിരിക്കപ്പെടുന്ന തീവ്ര ദേശീയതയുടെ കാലത്ത് രണ്ട് ഭാഷയിൽ രണ്ട് നായകൻ ഒരാളിലൂടെ അവതരിപ്പിക്കപ്പെടുന്നു. മലയാളത്തിലെയും തമിഴിലെയും സഹനടന്മാരും. ടെക്‌നിക്കലായി മലയാള പടമെന്ന് വാദമുയർത്തിയാലും സ്വത്വം തിരിച്ചറിയാനാവാതെ സിനിമ ദേശീയ സ്വഭാവത്തെ മറികടന്ന് സാർവ്വദേശീയമാവുകയാണ്. കുടുംബം, ഭാഷ, രുചി, ദേശം, വസ്ത്രം, സങ്കൽപ്പങ്ങൾ എല്ലാം വിരുദ്ധമായി നിൽക്കുമ്പോഴും ഒന്നായി തീരുന്ന സർറിയലിസ്റ്റിക്കായ സിനിമ അനുഭവം വൈവിദ്ധ്യകളുടെ വൈരുദ്ധ്യവും ഐക്യവും ചർച്ച ചെയ്യുന്നു.

IMAGE : FACEBOOK

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഓരോ സിനിമകളും ഓരോ ശൈലിയിലാണ്. അമൂർത്തമായ സങ്കൽപ്പങ്ങളെ അവതരിപ്പിക്കുന്ന ലിജോയുടെ സിനിമാ സംവിധാനം പലപ്പോഴും ശക്തമായ വിമർശനങ്ങൾക്കും വിധേയമായതാണ്. അപ്പോഴും Sorry guys….no plans to change, no plans to impress എന്ന് ധൈര്യപൂർവ്വം ലിജോ പറയുന്നതിലൂടെയാണ് നൻപകൽ നേരത്ത് മയക്കം പോലത്തെ ചിത്രങ്ങൾ സംഭവിക്കുന്നത്. പലപ്പോഴും പെയിന്റിങ്ങുകളുടെ സ്വഭാവം ലിജോ ചിത്രങ്ങളിൽ കണ്ടിട്ടുണ്ട്. സർറിയലിസ്റ്റിക്കായ പെയിന്റിങ്ങുകൾ കാണുന്ന അനുഭൂതി ഡബ്ബിൾ ബാരലും, ആമേനും, ചുരുളിയും കാണുമ്പോൾ ഉണ്ടാവാറുണ്ട്. ഈ മ യൗ കഥ പറയുന്ന പരിസരത്തിൽ നിഗൂഢമായ എന്തോ (മരണമാവാം) ഒളിച്ചിരിക്കുന്ന ചിത്രം പോലെ തോന്നാം. അവിടെ നിന്ന് നൻപകലിലേക്ക് എത്തുമ്പോൾ വാൻഗോഗിന്റെ പോസ്റ്റ് ഇംപ്രഷനിസ്റ്റ് പെയിന്റിങ്ങുകളുടെ ക്യാൻവാസുകൾ കാണാം. ആദ്യത്തെ പോസ്റ്റർ മുതൽ അത്തരം ചില എലമെന്റുകൾ പ്രകടമാണ്. ഇവിടെയാണ് കലാസൃഷ്ട്ടിയുടെ സ്വതന്ത്രമായ നിൽപ്പ് ഉണ്ടാവുന്നത്. കാഴ്ചക്കാരന്റെ സ്വാതന്ത്ര്യത്തിലേക്ക് സൃഷ്ട്ടി സധൈര്യം വന്നു നിൽക്കുന്നു. പലപ്പോഴും മലയാള സിനിമയിൽ സൃഷ്ടി സധൈര്യം വന്നു നിൽക്കാൻ പ്രയാസപ്പെടുന്നത് കാണാം. പുതിയൊരു കലാ രാഷ്ട്രീയം ഇങ്ങനെ പരുവപ്പെടുന്നത് കലാ ലോകത്ത് പുതിയ ചർച്ചകൾക്ക് തുടക്കം കുറിക്കാനാവട്ടെ. സിനിമയ്ക്ക് പുറത്ത് രാഷ്ട്രീയം കൊട്ടിഘോഷിക്കുന്നവർക്കും സിനിമയ്ക്കകത്ത് രാഷ്ട്രീയം ഒളിച്ചു കടത്തുന്നവർക്കുമിടയിൽ പ്രമേയപരമായും ഘടനാപരമായും കലാ സൃഷ്ട്ടിയെ സമൂഹത്തിനു മുൻപിൽ ചർച്ച ചെയ്യാൻ പാകത്തിൽ അവതരിപ്പിക്കുക എന്ന കലാ രാഷ്ട്രീയത്തെ ലിജോ ചെയ്യുമ്പോൾ സിനിമ ഗൗരവപരമായ ചർച്ചകൾക്ക് ഭാഗമാവുന്നു, നല്ല കാഴ്ച്ചക്കാരെയും വിമർശകരേയും സൃഷ്ട്ടിക്കുന്നു. സിനിമ വെറും സിനിമയിൽ നിന്ന് കലാരൂപമാവുന്ന വിമർശനാന്മക പ്രക്രിയ മനോഹരമായി സംഭവിക്കുന്നു.

നാടകം അവസാനിക്കുന്നു.

നട്ടുച്ചയ്ക്ക് കണ്ട സ്വപ്നം. ഭൂമിയിൽ ഉണ്ടോ ഇല്ലയോ എന്ന യാഥാർത്ഥ്യത്തിനു നടുവിൽ അമൂർത്തമായ അവസ്ഥയെ ആവാഹിച്ച കഥാ നാടകത്തിന്റെ ക്ലൈമാക്‌സിൽ എല്ലാവരും ഉറങ്ങുന്നു. ഒരു സ്വപ്നം പോലെ എല്ലാവരും അവസ്ഥയിൽ നിന്ന് യാഥാർത്ഥ്യത്തിലേക്ക് ഉണരുന്നു. ഭ്രാന്തിന്റെ മൂർത്തമായ അവസ്ഥയിൽ മഞ്ഞ സൂര്യന്റെ, മഞ്ഞ പാടത്തെ കടുത്ത നിറങ്ങൾ കൊണ്ട് വരച്ച വാൻ ഗോഗിന്റെ ഗോതമ്പു പാടം എന്ന ചിത്രത്തിന്റെ നടുവിലൂടെ യാത്രയാവുന്ന നാടകത്തിന് ഒരു മയക്കം കഴിഞ്ഞ ആലസ്യത്തിന്റെ സൗന്ദര്യം.

Leave a comment