ഹിന്ദുത്വ കാലത്തെ അതിജീവന രാഷ്ട്രീയം; നിതീഷ് കുമാർ സ്റ്റൈൽ
ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള നേതാക്കളിൽ ഒരാളായിരുന്നു നിതീഷ് കുമാർ. സാധാരണ രാഷ്ട്രീയ നേതാക്കളുടെ പ്രകടനപരതയില്ലാത്ത വിവേകശാലിയായ നേതാവെന്ന ഇമേജ് ആയിരുന്നു അദ്ദേത്തിന്റെ പ്രധാന കൈമുതൽ. ലാലു പ്രസാദ് യാദവിന്റെ ഷോമാൻഷിപ്പും ഗിമ്മിക്കുകളും കണ്ടു മടുത്ത ബീഹാറിലെ ജനങ്ങൾ മാത്രമല്ല ദേശീയ തലത്തിൽ തന്നെ കോൺഗ്രസ്സും ബിജെപിയുമല്ലാത്ത കക്ഷികളുടെ നിരയിലെ പ്രമുഖ നേതാവായി അദ്ദേഹത്തെ രാഷ്ട്രീയ വിലയിരുത്തലുകളിൽ പരിഗണിക്കപ്പെട്ടിരുന്നു. 1996 ൽ ലാലു പ്രസാദ് യാദവുമായുള്ള ഭിന്നതകളെ പേരിൽ സ്വന്തം ജനതാദൾ രൂപീകരിച്ചുകൊണ്ട് ബിജെപിയുമായി കൂട്ടുചേർന്നുവെങ്കിലും അദ്ദേഹത്തിന്റെ വ്യക്തിപരമായ പ്രതിച്ഛായയിൽ വലിയ വീഴ്ചയുണ്ടായില്ല. അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭയിൽ 1998-2004 കാലഘട്ടത്തിൽ മന്ത്രിയായിരുന്ന നിതീഷ് കുമാർ 2005 ൽ ബീഹാറിൽ മുഖ്യമന്ത്രിയായി. ബിജെപി ആയിരുന്നു സഖ്യ കക്ഷി. 2013 ൽ ബിജെപി സഖ്യം ഉപേക്ഷിച്ച അദ്ദേഹം 2015 ൽ ബദ്ധവിരോധിയായ ലാലു പ്രസാദ് യാദവും കോൺഗ്രസ്സുമായി മഹാസഖ്യം രൂപീകരിച്ചു. ബീഹാറിലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ വൻവിജയം നേടി മുഖ്യമന്ത്രി ആയതോടെ ദേശീയ തലത്തിൽ നരേന്ദ്ര മോദിക്ക് എതിരായ ബദൽ നേതാവെന്ന പ്രതിച്ഛായ ഒന്നുകൂടി വർധിപ്പിച്ചു. എന്നാൽ ഒരു കൊല്ലത്തിനകം അത്തരത്തിലുള്ള എല്ലാ പ്രതീക്ഷകളും കാറ്റിൽ പറത്തി 2016 ൽ അദ്ദേഹം ബിജെപിയുമായി സഖ്യം പുനഃസ്ഥാപിച്ചത് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ മലക്കം മറിച്ചിലുകളിൽ ഒന്നായി. അതോടെ അദ്ദേഹത്തിന്റെ വിശ്വാസ്യതയിൽ ഗണ്യമായ ഇടിവ് സംഭവിച്ചുവെന്നു മാത്രമല്ല ബീഹാറിലെ പ്രമുഖ രാഷ്ട്രീയ കക്ഷിയായി വളരാനുള്ള അവസരം ബിജെപിക്ക് ഒരുക്കുകയും ചെയ്തു. 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 70 ലധികം സീറ്റുകൾ നേടിയപ്പോൾ കുമാറിന്റെ ജനതാദൾ 43 സീറ്റുകളിൽ ഒതുങ്ങി.
ബിജെപി ഔദാര്യമെന്നോണം കുമാറിനെ മുഖ്യമന്തി ആക്കിയെങ്കിലും 2021 മോഡി കേന്ദ്രത്തിൽ വീണ്ടും അധികാരത്തിൽ എത്തിയതോടെ സഖ്യത്തിൽ താളപ്പിഴകൾ രൂപപ്പെട്ടു. അതിന്റെ പരിസമാപ്തിയാണ് കുമാറിന്റെ ഇന്നലത്തെ തീരുമാനം. ഇനിയുള്ള ഓരോ നീക്കങ്ങളും നിർണായകവും നിലനിൽപ്പിനെ സ്വാധീനിക്കുന്നതുമാണ്. നിതീഷ് കുമാറിന്റെ ജനതാദൾ, ലാലു പ്രസാദ് യാദവിന്റെ മകൻ തേജസ്വിയുടെ നേതൃത്വത്തിലുള്ള ആർജെഡി, കോൺഗ്രസ്, ഇടതുകക്ഷികൾ എന്നിവരുമായി ചേരുന്ന പക്ഷം എളുപ്പത്തിൽ മന്ത്രിസഭ ഉണ്ടാക്കുമെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ 2025 ൽ നടക്കാനിരിക്കുന്ന നിയമസഭ തെരെഞ്ഞെടുപ്പ് വരെ അസ്വാരസ്യങ്ങളും കലഹങ്ങളും ഇല്ലാതെ ഭരണം മുന്നോട്ടു കൊണ്ടുപോകാൻ ഈ സഖ്യത്തിന് എത്രത്തോളം കഴിയും എന്നതിനെ ആശ്രയിച്ചാവും അതിന്റെ ഭാവി. വോട്ടുകളുടെ ശതമാനവും സീറ്റുകളുടെ എണ്ണവും കണക്കിലെടുത്താൽ ബിജെപിയെ തറ പറ്റിക്കുവാൻ ശേഷിയുള്ള സഖ്യമാവും അതെന്ന കാര്യത്തിൽ ആർക്കും സംശയം ഉണ്ടാവില്ല. പരസ്പരം മത്സരിക്കുന്നതിന് പകരം ബിജെപി വിരുദ്ധ വോട്ടുകൾ പരമാവധി കേന്ദ്രീകരിക്കുകയെന്ന ലക്ഷ്യത്തോടെ ആവശ്യത്തിന് വിട്ടു വീഴ്ചകൾ ചെയ്തു പ്രവർത്തിക്കുന്ന പക്ഷം ദേശീയ തലത്തിൽ തന്നെ ബിജെപിക്ക് ബദലാവാൻ ശേഷിയുള്ള സഖ്യമായി വളരാൻ സാധ്യതയുള്ള ഒന്നാവും ഇപ്പോൾ ഉരുത്തിരിയുന്ന കൂട്ടുകെട്ട്.
മഹാരാഷ്ട്രയിൽ ശിവസേനക്ക് സംഭവിച്ച ദുര്യോഗമാണ് നിതീഷ് കുമാറിന്റെ മനം മാറ്റത്തിനുള്ള ഒരു കാരണമെന്നു വിലയിരുത്തപ്പെടുന്നു. ബീഹാറിലും അതേ മാതൃക ആവർത്തിക്കുന്നതിന് ബിജെപി കളമൊരുക്കുന്നുവെന്ന ആശങ്കൾക്കൊപ്പം ഫെഡറൽ സംവിധാനം നേരിടുന്ന ഭീഷണികളും സംസ്ഥാനങ്ങളുടെ അധികാരങ്ങളിൽ നടത്തുന്ന കടന്നു കയറ്റങ്ങളും രാഷ്ട്രീയമായ ധ്രുവീകരണത്തിനായി ഉപയോഗപ്പെടുത്താൻ നിതീഷ് കുമാറിനെ പോലെ പരിണിതപ്രജ്ഞനായ ഒരു നേതാവിന് കഴിയുന്നതാണ്. മോഡി-അമിത് ഷാ സഖ്യത്തിന്റെ തന്ത്രപരമായ നീക്കങ്ങളുടെ മുന്നിൽ മറ്റെല്ലാവരും നിഷ്പ്രഭരാവുമെന്ന അവകാശവാദങ്ങൾക്ക് ഏറ്റ ഒരു ഷോക്ക് ട്രീറ്റ്മെന്റാണ് നിതീഷ് കുമാറിന്റെ നടപടി. ചത്തതിനൊക്കുമേ ജീവിച്ചിരിക്കലും എന്ന മട്ടിൽ നീങ്ങുന്ന പ്രതിപക്ഷ രാഷ്ട്രീയത്തിൽ പുതിയ ഉണർവുകൾക്കും അദ്ദേഹത്തിന്റെ തീരുമാനും ഇട വരുത്തും. തങ്ങളുടെ അധികാരം നിലനിർത്താൻ ബദ്ധശ്രദ്ധരായ മോഡി-ഷാ സഖ്യത്തിന്റെ നീക്കങ്ങൾ ഒട്ടും തന്നെ വിലകുറച്ചു കാണരുതെന്നുള്ള പാഠം നിതീഷും അദ്ദേഹത്തിന്റെ പുതിയ രാഷ്ട്രീയ ചങ്ങാതിമാരും ഓർത്തിരുന്നാൽ അവർക്കു തന്നെയാവും അതിന്റെ ഗുണം ലഭിക്കുക.