പ്രതിപക്ഷത്തിന് നിതീഷിന്റെ ബൂസ്റ്റർ ഡോസ്
PHOTO: FACEBOOK
സോഷ്യലിസത്തിന് ഏറ്റവും വളക്കുറുള്ള മണ്ണാണ് ബീഹാർ നാളിതുവരെ സോഷ്യലിസ്റ്റ് മേൽവിലാസമില്ലാത്ത ഒരു മുഖ്യമന്ത്രിയും ബീഹാർ ഭരിച്ചിട്ടുമില്ല എന്നാല്‍ ആ പതിവിന് മാറ്റമുണ്ടാവാനുള്ള നേരിയ സാധ്യത കണ്ടുതുടങ്ങിയത് നിതീഷ് കുമാർ എന്ന പഴയ സോഷ്യലിസ്റ്റ് നേതാവ് ബിജെപിക്കൊപ്പം സഖ്യമുണ്ടാക്കിയതോടെയാണ്, രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളില്ല എന്ന ഫിലോസഫി കലർപ്പില്ലാതെ കൊണ്ടു നടക്കുന്ന അവസരവാദ രാഷ്ട്രീയത്തിന്റെ വക്താവാണ് നിതീഷ് കുമാർ. 2014ൽ നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കിയതിൽ പ്രതിഷേധിച്ച് എൻഡിഎ വിട്ട നിതീഷ് പിന്നീട് 2015ലെ ബീഹാർ അസംബ്ലി തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ലാലുപ്രസാദിന്റെ ആർജെഡിയെയും കോൺഗ്രസിനെയും ഇടതുപാർട്ടികളെയും കൂട്ടുപിടിച്ച് മഹാഗഡ്ബന്ധൻ എന്ന പേരിൽ വിശാല ജനാധിപത്യ സംഖ്യമുണ്ടാക്കി ബീഹാറിൽ വലിയ വിജയം നേടുകയും അന്ന് ഇന്ത്യയിൽ മോദി എഫക്ടിനെ ഒന്നുമല്ലാതാക്കുന്നതിലും പ്രതിപക്ഷ മുന്നണിക്ക് വലിയ പ്രതീക്ഷയായി മാറുന്നതിലും ആ നീക്കം വലിയ ഊർജ്ജമായിരുന്നു. എന്നാല്‍ അധികാരത്തിലെത്തി അധികം താമസിയാതെ തന്നെ ആർജെഡി നേതാവും ലാലുവിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെതിരെ നിതീഷ് പടപ്പുറപ്പാട് തുടങ്ങി. അഴിമതി ആരോപണം ഉയർത്തി ആർജെഡി സഖ്യം ഉപേക്ഷിച്ച് വീണ്ടും ബിജെപിക്കൊപ്പം തന്നെ സഖ്യം ചേർന്ന് അധികാരം നിലനിർത്തുകയായിരുന്നു. ബീഹാർ രാഷ്ട്രീയത്തിന്റെ തലവര മാറ്റിയ നിതീഷിന്റെ അവിശുദ്ധ സഖ്യം ഒരു തരത്തില്‍ പറഞ്ഞാൽ ജയപ്രകാശ് നാരായണന്റെ സോഷ്യലിസത്തെ ഒറ്റിക്കൊടുക്കലായിരുന്നു എന്നും പറയാം. അതിനുള്ള ശിക്ഷയായിരുന്നു 2020ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ നിതീഷിന് കിട്ടിയത്. സഖ്യത്തിന്റെ എല്ലാ ആനുകൂല്യങ്ങളും പറ്റി ബിജെപി 79 സീറ്റ് നേടിയപ്പോൾ നിതീഷിന്റെ ജെഡിയു 43ലേക്ക് ഇല്ലാതാവുകയായിരുന്നു. 2005 മുതൽ ബീഹാർ രാഷ്ട്രീയത്തിൽ തുടർച്ചയായി അധികാരത്തിലിരുന്ന പാർട്ടിയെ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി എൻഡിഎ സഖ്യ കക്ഷിയായ ചിരാഗ് പാസ്വാന്റെ എൽജെപിയെ അസംബ്ലി തെരഞ്ഞെടുപ്പിൽ പുറത്ത് നിന്ന് മത്സരിപ്പിക്കുകയും ജെഡിയു സ്ഥാനാര്‍ഥികളുടെ വോട്ട് ഭിന്നിപ്പിക്കുകയും ചെയ്തത് മോദി-അമിത് ഷാ കേന്ദ്രത്തിന്റെ രഹസ്യ അജണ്ടയായിരുന്നു. ചിരാഗ് പാസ്വാൻ തെരഞ്ഞെടുപ്പ് രംഗത്ത് നിറഞ്ഞു നിന്നത് തന്നെ താൻ മോദിയുടെ ഹനുമാനാണെന്ന് പ്രഖ്യാപിച്ചു കൊണ്ടായിരുന്നു. നിതീഷിന്റെ സീറ്റുകളുടെ എണ്ണം കുറച്ചത് എൽജെപിയുടെ സാന്നിധ്യം വലിയ പങ്കുവഹിച്ചു.
സഖ്യത്തിൽ രണ്ടാമതായിരുന്നിട്ടും സീനിയർ നേതാവ് എന്ന പരിഗണനയിൽ നിതീഷിനെ തന്നെ ബിജെപി മുഖ്യമന്ത്രിയാക്കിയത് അടുത്ത തവണ ആ പാർട്ടിയെ വിഴുങ്ങാം എന്ന കണക്കുകൂട്ടലിലായിരുന്നു. അത് കൊണ്ട് തന്നെ പലപ്പോഴും അസംബ്ലിയിലും പുറത്തും വരെ അസ്വാരസ്യങ്ങൾ പുകഞ്ഞു. പരസ്യമായി തന്നെ ബിജെപിയും നിതീഷും പലപ്പോഴും കൈകോർത്തു. ബിജെപിയുടെ നോമിനിയായ സ്പീക്കർ വിജയ് കുമാർ സിൻഹയുടെ പ്രവർത്തനരീതിക്കെതിരെ നിതീഷ് പലപ്പോഴും ശക്തമായി രംഗത്തെത്തി. അദ്ദേഹത്തെ മാറ്റാനുള്ള ആവശ്യം ബിജെപി പരിഗണിച്ചില്ല എന്ന് മാത്രമല്ല കേന്ദ്ര മന്ത്രിസഭയിൽ പോലും അർഹമായ പ്രാധാന്യം ജെഡിയുവിന് നൽകിയതുമില്ല. തുടർന്ന് കേന്ദ്ര മന്ത്രിയായിരുന്ന പാർട്ടിയുടെ മുതിർന്ന നേതാവായ ആർസിപി സിങ്ങിനെ അദ്ദേഹത്തിന്റെ രാജ്യസഭ കാലാവധി കഴിയുന്നതോടെ മത്സരിപ്പിക്കേണ്ടെന്നും ജെഡിയു തീരുമാനിച്ചത് ബിജെപിയോടുള്ള നിസ്സഹകരണത്തിന്റെ ഭാഗമായിട്ട് കൂടിയായിരുന്നു. എന്നാല്‍ സിങ്ങിനെതിരെ ഉയർന്ന അഴിമതി ആരോപണത്തെ തുടർന്ന് പാർട്ടി സിങ്ങിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടും അതേ തുടർന്ന് സിങ്ങ് പുറത്തായതും കാര്യങ്ങള്‍ കൂടുതൽ വഷളാക്കി സിങ്ങിനെ വെച്ച് ബിജെപി മഹാരാഷ്ട്ര മോഡൽ തന്ത്രം പ്രയോഗിക്കാനുള്ള സാധ്യതകളുണ്ട്. മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെയെയും മധ്യപ്രദേശിൽ ജോതിരാദിത്യ സിന്ധ്യയെയും ഉപയോഗിച്ച പോലെ ഒരു റിബൽ നീക്കം നടത്തിയാൽ നിതീഷ് ബീഹാർ രാഷ്ട്രീയത്തിൽ അപ്രസക്തനാവും ഈ തിരിച്ചറിവാണ് ഇപ്പോള്‍ നിതീഷിനെ സഖ്യം വിടാൻ പ്രേരിപ്പിച്ചത്. അത് കൊണ്ട് നിതീഷ് കുമാർ മോദിക്കെതിരെ കുരിശു യുദ്ധം നയിക്കാന്‍ വന്ന മിശിഹാ ആണെന്ന് കരുതാനാവില്ല എന്നിരുന്നാലും എൻഡിഎയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റകക്ഷി എന്ന നിലയില്‍ അത് എൻഡിഎക്ക് ഉണ്ടാക്കുന്ന ക്ഷീണവും നിതീഷിന്റെ വരവ് പ്രതിപക്ഷത്തിന് നൽകുന്ന ഊർജ്ജവും ചെറുതല്ല.
പ്രത്യയശാസ്ത്രപരമായി സംഘപരിവാറിന്റെ ഫ്രയിമിനുള്ളിൽ ഫിറ്റാവുന്ന നേതാവല്ല നിതീഷ്. പക്ഷേ, പലപ്പോഴും മോദി സർക്കാറിന്റെ നയപരമായ കാര്യങ്ങളിൽ രാഷ്ട്രീയമായി ഐക്യപ്പെടുന്നു എന്നതാണ് നിതീഷ് എന്ന നേതാവിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തിയത്. പൗരത്വ ഭേദഗതി നിയമത്തിലും ജിഎസ്ടി അടക്കമുള്ള ഒട്ടുമിക്ക വിഷയങ്ങളിലും മോദിക്ക് നിതീഷിന്റെ പിന്തുണയുണ്ടായിരുന്നു. എന്നാൽ ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയത്തിലും അഗ്‌നിപഥ്, ജാതി സെൻസസ് അടക്കമുളള വിഷയങ്ങളിലും കേന്ദ്ര സർക്കാറിന് എതിരായ നിലപാടാണ് നിതീഷ് സ്വീകരിച്ചത്. ഇത്രയും വിയോജിപ്പുകൾ നിലനിൽക്കെ തന്നെ മുന്നണി വിടാനുള്ള തീരുമാനം അടുത്തെത്തിയ സമയത്ത് പോലും രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മുർമുവിന് നൽകിയ പിന്തുണ നിതീഷിനെ എത്രകണ്ട് പ്രതിപക്ഷത്തിന് വിശ്വസിക്കാനാവും എന്ന വലിയ ചോദ്യം ബാക്കിയാക്കുന്നുണ്ട്.
ജാതി സെൻസസ് നടത്തുന്നതിൽ ബിജെപിക്ക് ഒട്ടും താത്പര്യമില്ല. കാരണം, ബീഹാർ പോലുള്ള സംസ്ഥാനത്ത് അത് തങ്ങൾക്ക് യതൊരുവിധ നേട്ടവുമുണ്ടാക്കില്ലെന്ന് ബിജെപിക്കറിയാം. മറ്റെല്ലാ സംസ്ഥാനങ്ങളേക്കാളും ജാതിസമവാക്യങ്ങൾക്ക് ഇപ്പോഴും മികച്ച വേരുള്ള സംസ്ഥാനമാണ് ബീഹാർ. ആർജെഡിയുടെയും ജെഡിയുവിന്റെയും രാഷ്ട്രീയം നിലനിൽക്കുന്നത് തന്നെ ബീഹാറിന്റെ ജാതി സമവാക്യങ്ങളിലാണ്. യാദവും മുസ്ലീങ്ങളും ആർജെഡിക്കൊപ്പം നിൽക്കുമ്പോൾ യാദവരല്ലാത്ത മറ്റ് പിന്നാക്ക ജാതികളുടെയും മറ്റു ദരിദ്ര പിന്നാക്ക വിഭാഗങ്ങളുടെയും അനിഷേധ്യ നേതാവാണ് നിതീഷ്. പക്ഷേ ഇപ്പോൾ ഉത്തർപ്രദേശിലും മധ്യപ്രദേശിലും ഒക്കെ പോലെ പിന്നോക്കക്കാരിലേക്കും ബിജെപി കടന്നു ചെന്നിട്ടുണ്ട്. അവരുടെ വോട്ട് ചോർത്താൻ പാകത്തിൽ ബീഹാറിൽ ബിജെപിക്ക് മികച്ച സംഘടനാ സംവിധാനവുമുണ്ട്. ഈ അപകടം നിതീഷ് തിരിച്ചറിയുന്നുണ്ട്. ബീഹാറിൽ ജാതി സെൻസസ് നടന്നാൽ അത് ബിജെപി മുന്നോട്ടുവെക്കുന്ന ഒറ്റ ഹിന്ദു എന്ന ഫ്രയിമിനെ തകർത്ത് കളയും എന്ന് മോദിക്കും-അമിത്ഷാക്കും നന്നായി അറിയാം. എന്നാൽ അത് മാത്രമാണ് ഇനി നിതീഷിന് പിടിച്ചു കയറാനുള്ള ഏക കച്ചിത്തുരുമ്പും. അത് കൊണ്ടാണ് നിതീഷ് 2024 പൊതു തെരഞ്ഞെടുപ്പിന് മുമ്പായി ജാതി സെൻസസ് പ്രസിദ്ധപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്.
മഹാഗഡ്ബന്ദനിൽ ആർജെഡി, ജെഡിയു, കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ ഉൾപെടെ 7 പാർട്ടികളുണ്ട്. ഈ സഖ്യം പ്രത്യയശാസ്ത്രപരമായും സംഖ്യാപരമായും സംസ്ഥാന രാഷ്ട്രീയത്തിൽ ബിജെപിയെ ഒന്നുമല്ലാതാക്കും എന്നതിൽ തർക്കമില്ല. മുഖ്യമന്ത്രി എന്ന നിലയിൽ നിതീഷിന്റെ അവസാന ഊഴമാണിത്. അടുത്ത അസംബ്ലിയിൽ തേജ്വസിക്ക് ബാറ്റൻ കൈമാറേണ്ടി വരും. കുറുമാറ്റവും കുതിരക്കച്ചവടവും നടന്നില്ലെങ്കിൽ ലോകസഭ തെരഞ്ഞെടുപ്പിലും ബിജെപിക്ക് ബീഹാറിൽ നേട്ടമുണ്ടാക്കാനാവില്ല എന്നുറപ്പാണ്. അങ്ങനെ വരുമ്പോൾ തേജ്വസി യാദവ് ബീഹാറിന്റെ തന്നെ അനിഷേധ്യ നേതാവായി മാറും. തേജ്വസിയുടെ യുവത്വം തന്നെയാണ് ദേശീയ തലത്തിലും പ്രതിപക്ഷത്തിന് വലിയ മൂലധനമായി മാറാനിരിക്കുന്നത്. ഇപ്പോൾ ദേശീയ ജനാധിപത്യ സഖ്യത്തിൽ ബിജെപി അല്ലാതെ വലിയ പാർട്ടികളില്ല. ശിവസേന വിമതർ മാത്രമാണ് എൻഡിഎ ക്യാമ്പിലെ ഏക പ്രതീക്ഷ. പക്ഷെ കുതിരക്കച്ചവടവും കുറുമാറ്റത്തോടും ശിവസൈനികർ എങ്ങനെ പ്രതികരിക്കുന്നു എന്നറിയാൻ അടുത്ത തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരുമെന്നതിനാൽ ബിജെപിക്ക് 2024 അത്ര എളുപ്പമുള്ള ഒരു പോരാട്ടമാവില്ല. അടിയന്തരാവസ്ഥ കാലത്ത് ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിന് തീ പകർന്ന ജനതയാണ് ബീഹാറിലേത്. അതേ ജനതയ്ക്ക് മറ്റൊരു ചരിത്ര നിയോഗത്തിനുള്ള അവസരമാണ് നിതീഷിന്റെ കൂടുമാറ്റത്തിലൂടെ ഇപ്പോൾ കൈവന്നിരിക്കുന്നത്. അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ 2024 ലേക്കുള്ള പ്രതിപക്ഷ ശ്രമങ്ങളിലെ ഏറ്റവും നിർണ്ണായകമായ ചരിത്ര സന്ധിയായി ഈ കൂടുമാറ്റം അറിയപ്പെടും.