വടക്കന്‍ മനസ്സ്
PHOTOS : PRASOON KIRAN
ഒന്ന്
ഞാന്‍ എഴുപതാം വയസ്സിലെത്തുകയാണ് (1952 ഡിസംബര്‍ 30 ആണ് ജനന തിയ്യതി). ഇത്രയും കാലം ജീവിക്കാനാവുമെന്ന് മുമ്പ് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. കിലോമീറ്ററുകള്‍ നടക്കാനും മലകയറാനുമൊക്കെ ശേഷിയുണ്ടായിരുന്ന കാലം എന്നോ കഴിഞ്ഞു. എങ്ങനെയൊക്കെയോ ഇവിടം വരെ എത്തി. ശരീരത്തെക്കുറിച്ച് അധികം ആലോചിക്കുന്ന ശീലമില്ലാതിരുന്നത് നന്നായെന്നു തന്നെ തോന്നുന്നു. ജീവിതം ഒരുപാട് വേദനകളും ഇടയിലിടയില്‍ സന്തോഷവും തന്നിട്ടുണ്ട്. കേരളത്തിലും അന്യസംസ്ഥാനങ്ങളിലുമുള്ള എത്രയോ പേരെ പരിചയപ്പെടാനും സാഹിത്യം, രാഷ്ട്രീയം, സാംസ്കാരിക പ്രവര്‍ത്തനം എന്നീ മേഖലകളില്‍ എന്റേതായ ഇടപെടലുകള്‍ നടത്താനും സാധിച്ചു. ചിലര്‍ സൗഹൃദവും സ്നേഹവും തന്നു. അതിന്റെ എത്രയോ ഇരട്ടി ആളുകളില്‍ നിന്ന് അവഗണനയും വേറെ ചിലരില്‍ നിന്ന് അകാരണമെന്നു മാത്രം എനിക്ക് പറയാനാവുന്ന വെറുപ്പും നിന്ദയും കിട്ടി. അധ്യാപനമായിരുന്നു തൊഴില്‍. ഉയര്‍ന്ന മാനസ്സിക നിലവാരമുള്ള വിദ്യാര്‍ത്ഥികളുടെ സ്നേഹം എത്രമേല്‍ ആഴവും പരപ്പുമുള്ളതാണെന്ന് ഞാന്‍ നന്നായി അനുഭവിച്ചറിഞ്ഞു. ഈ ദീര്‍ഘലേഖനത്തിന്റെ വിഷയം മറ്റൊന്നായതുകൊണ്ട് അത്തരം കാര്യങ്ങള്‍ ഇവിടെ വിസ്തരിക്കുന്നില്ല.
വാര്‍ധക്യത്തിലേക്ക് പ്രവേശിക്കുന്നതോടെ മിക്കയാളുകള്‍ക്കും തിരിഞ്ഞുനോട്ടത്തിനുള്ള പ്രേരണയുണ്ടാവും. എന്റെ കാര്യവും അതില്‍ നിന്ന് വ്യത്യസ്തമല്ല. എഴുതുന്ന ശീലമുള്ള ഒരാളായതുകൊണ്ട് ആ പ്രേരണ എന്നെ എഴുത്തിലേക്കെത്തിച്ചു. അങ്ങനെയാണ് ‘ഞാന്‍ മാത്രമല്ലാത്ത ഞാന്‍’എന്ന ശീര്‍ഷകത്തില്‍ എന്റെ ആത്മകഥയുടെ ആദ്യഭാഗം എഴുതിയത്. തുടര്‍ന്നുള്ള ഭാഗങ്ങളും എഴുതണമെന്നു തന്നെയാണ് ആഗ്രഹിക്കുന്നത്. നടന്നുകിട്ടുമെന്ന കാര്യത്തില്‍ ഉറപ്പില്ല. എഴുത്തിന്റെ കാര്യത്തില്‍ അത്രയേ പറയാനാവൂ. വലിയ ആവേശത്തോടെ എഴുതാന്‍ തുടങ്ങിയ നോവലുകള്‍ പലതും ഒട്ടും മുന്നോട്ടുപോവില്ല എന്ന് ഉറപ്പായപ്പോള്‍ ഉപേക്ഷിച്ച അനുഭവം ഉണ്ട്.
ഇപ്പോള്‍ ആത്മകഥയുടെ കാര്യം തല്‍ക്കാലത്തേക്ക് മാറ്റിവെച്ച് മറ്റൊരു കാര്യം ചെയ്തേ പറ്റൂ എന്നു തോന്നിയതുകൊണ്ടാണ് ഇങ്ങനെയൊരു സാഹസത്തിനു പുറപ്പെട്ടത്. എന്റെ പതിനെട്ടു വയസ്സു വരെയുള്ള ജീവിതത്തിന്റെ ആദ്യത്തെ നാലുവര്‍ഷക്കാലത്തിന്റെ മുക്കാല്‍ പങ്കും പറശ്ശിനിക്കടവിലായിരുന്നു (പറശ്ശിനി മടപ്പുരയില്‍ നിന്ന് വളരെ ചെറിയ ദൂരം മാത്രമുള്ള കൊവ്വല്‍ എന്ന സ്ഥലത്ത്). പിന്നെയുള്ള കാലം ഏതാണ്ട് മുഴുവനായിത്തന്നെ എരിപുരത്ത്, മാടായിക്കാവിലേക്കുള്ള പ്രധാനവഴിയുടെ എതിര്‍വശത്തുള്ള വീട്ടിലും. ശൈശവ ബാല്യകൗമാരങ്ങള്‍ ഉത്തരകേരളത്തിലെ ഏറെ പ്രസിദ്ധമായ രണ്ടുകാവുകളുടെ പരിസരത്തായിരുന്നു എന്നര്‍ത്ഥം.
ഡിഗ്രി വിദ്യാഭ്യാസത്തിനായി ധര്‍മടത്തെ ബ്രണ്ണന്‍ കോളേജിലെത്തിയതിനു ശേഷവും ഞാന്‍ എല്ലാ ഒഴിവുദിവസങ്ങളിലും എരിപുരത്തെത്തിയിരുന്നു. 1975 അവസാനം മുതല്‍ 1980 മാര്‍ച്ച് വരെയുള്ള കാലത്ത് അതിന് മുടക്കം വന്നു. അക്കാലത്ത് വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണയേ നാട്ടിലെത്തിയിരുന്നുള്ളൂ. പിന്നീടിങ്ങോട്ട് അഞ്ചെട്ടു വര്‍ഷം മുമ്പുവരെയും മിക്കവാറും എല്ലാ ഞായറാഴ്ചകളിലും ഞാന്‍ എരിപുരത്തേക്ക് പോവുമായിരുന്നു. അവിടന്നിങ്ങോട്ട് മാസത്തിലൊരിക്കല്‍. പിന്നെപ്പിന്നെ രണ്ടോ മൂന്നോ മാസത്തിലൊരിക്കല്‍. അങ്ങനെ എരിപുരത്തേക്കുള്ള പോക്ക് നന്നേ കുറഞ്ഞു. എങ്കിലും ഈ നാടുമായും ഈ നാടിനെ അതാക്കിമാറ്റുന്ന മാടായിപ്പാറയുമായുള്ള എന്റെ ബന്ധം ദൃഢമായിത്തന്നെ തുടരുന്നു.
ഇത്രയും കാലം ശരീരം കൊണ്ടും മനസ്സുകൊണ്ടും ബന്ധപ്പെട്ട പ്രദേശത്തിന്റെ, ആ പ്രദേശം ഉള്‍പ്പെടുന്ന വടക്കന്‍ കേരളത്തിന്റെ മനസ്സിനെപ്പറ്റി ചിലതൊക്കെ കണ്ടത്തേണ്ടത് വലിയൊരു വൈകാരികാവശ്യമായി അനുഭവപ്പെട്ടു തുടങ്ങിയതുകൊണ്ടാണ് ഇങ്ങനെയൊരു എഴുത്തിലേക്ക് പ്രവേശിക്കുന്നത്. ഞാന്‍ ചെയ്യാന്‍ പോകുന്നത് അനായാസമായി സാധിക്കാവുന്ന ഒന്നല്ലെന്ന കാര്യം എനിക്ക് കൃത്യമായി അറിയാം. എന്തൊക്കെ പ്രയാസങ്ങളുണ്ടാവാം എന്നറിഞ്ഞാലും ചിലപ്പോള്‍ ചില കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നമുക്കാവില്ലല്ലോ. എഴുതാതിരിക്കാന്‍ പറ്റില്ല എന്ന അവസ്ഥ സര്‍ഗ്ഗാത്മക രചനകളുടെ കാര്യത്തിലാണ് സംഭവിക്കുക എന്നാണ് ഞാന്‍ എഴുത്തിന്റെ ലോകത്തിലേക്ക് പ്രവേശിക്കുമ്പോള്‍ കേട്ടിരുന്നത്. അങ്ങനെ ഒരവസ്ഥയില്‍ എത്തിയാലേ എഴുതാവൂ എന്ന ഉപദേശം അക്കാലത്തെ മുതിര്‍ന്ന എഴുത്തുകാരില്‍ ചിലര്‍ നവാഗതര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. കാലം മാറി. കഥയും കവിതയും നോവലും മാത്രമല്ല ആത്മകഥാപരമായ എഴുത്തുകളും നരവംശശാസ്ത്ര പഠനങ്ങളും പത്രങ്ങള്‍ക്കു വേണ്ടി എഴുതപ്പെട്ട മികച്ച ഫീച്ചറുകള്‍ പോലും സര്‍ഗാത്മക രചനകളാവാമെന്ന് ലോകം മുഴുവനുമുള്ള വായനക്കാരിലും നിരൂപകരിലും വലിയൊരു വിഭാഗം സംശയരഹിതമായി കരുതുന്ന കാലം വന്നിരിക്കയാണ്. ഈയൊരു മാറ്റത്തില്‍ അല്പവും അസ്വാസ്ഥ്യം അനുഭവപ്പെടാത്ത ആളാണ് ഞാന്‍. സാഹിത്യേതരം എന്ന എഴുത്തും മറ്റൊരു പരിഗണനയും കൊണ്ടല്ലാതെ ഉള്ളില്‍ അനുഭവപ്പെടുന്ന വലിയ സമ്മര്‍ദ്ദം കൊണ്ടു സംഭവിക്കാമെന്ന് സ്വാനുഭവത്തിലൂടെ തന്നെ അറിഞ്ഞ നിലയ്ക്ക് സര്‍ഗാത്മക സാഹിത്യം സംബന്ധിച്ചുള്ള പുതിയ ധാരണയുടെ നേര്‍ക്ക് മറിച്ചൊരു പ്രതികരണം സാധ്യമല്ല.
അത്യുത്തര കേരളം എന്ന് കണ്ണൂര്‍, കാസർഗോഡ് ജില്ലകളെപ്പറ്റി പറയാറുണ്ടെങ്കിലും കണ്ണൂര്‍ക്കാര്‍ വളപട്ടണം പുഴക്കപ്പുറമുള്ള പ്രദേശത്തെയും മറ്റു ചിലര്‍ പെരുമ്പപ്പുഴയ്ക്കപ്പുറമുള്ള പ്രദേശത്തെയും വേറെ ചിലര്‍ നീലേശ്വരം മുതല്‍ കേരളത്തിന്റെ വടക്കേ അതിര്‍ത്തിയായ തലപ്പാടി വരെയുള്ള പ്രദേശങ്ങളെയുമാണ് അര്‍ത്ഥമാക്കാറുള്ളത്.
രണ്ട്
ഒരു പ്രദേശത്തിന്റെ മനസ്സിന്റെ അടിസ്ഥാനസ്വഭാവങ്ങളും താല്‍പര്യങ്ങളും കണ്ടെത്തുന്നതില്‍ ഏറ്റവുമധികം താല്‍പര്യം പുലര്‍ത്തുക നരവംശ ശാസ്ത്രകാരന്മാരും സാമൂഹ്യ ശാസ്ത്രകാരന്മാരുമായിരിക്കും. അവര്‍ എന്നല്ല ആര് തന്നെ കണ്ടെത്തുന്ന കാര്യങ്ങള്‍ക്കും ശാശ്വതമൂല്യമുണ്ടായിരിക്കില്ല. ജീവിതത്തിന്റെ എല്ലാതലങ്ങളും മാറിക്കൊണ്ടേയിരിക്കുന്നതാണ്. ഈ മാറ്റത്തിന്റെ ഫലങ്ങള്‍ തീര്‍ച്ചയായും ജനങ്ങളുടെ സ്വഭാവത്തിലും പ്രതിഫലിക്കും. എങ്കിലും ചില ഘടകങ്ങള്‍ ദീര്‍ഘകാലത്തേക്ക് മാറ്റമില്ലാതെ നിലനിന്നേക്കും. ഇല്ലെങ്കില്‍ത്തന്നെയും ഒരിക്കല്‍ കണ്ടെത്തുന്ന കാര്യങ്ങള്‍ പിന്നീടും പല സന്ദര്‍ഭങ്ങളിലും പ്രസക്തമായി അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ഏറ്റവും ചുരുങ്ങിയത് ഒരു പ്രദേശത്തെ ജനങ്ങളുടെ സാംസ്കാരിക ചരിത്രം എഴുതുമ്പോഴെങ്കിലും അവ പ്രയോജനപ്പെടുക തന്നെ ചെയ്യും.
വടക്കന്‍ കേരളത്തിലെ ജനമനസ്സിന്റെ പ്രകൃതത്തെക്കുറിച്ചുള്ള അന്വേഷണത്തിലേക്ക് പ്രവേശിക്കും മുമ്പ് വടക്കന്‍ കേരളം എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത് എന്നു വ്യക്തമാക്കാം. ബ്രിട്ടീഷുകാരുടെ കാലത്ത് മദ്രാസ് പ്രസിഡന്‍സിയിലെ ഒരു ജില്ലയായിരുന്നു മലബാര്‍. ഭരണത്തിന്റെ സൗകര്യത്തിനു വേണ്ടി മലബാര്‍ വടക്ക്, തെക്ക് എന്നിങ്ങനെ രണ്ടായി ഭാഗിക്കപ്പെട്ടിരുന്നു. വടക്കേ മലബാറിന്റെ ആസ്ഥാനം തലശ്ശേരിയും തെക്കേ മലബാറിന്റേത് ചെര്‍പ്പുളശ്ശേരിയുമായിരുന്നു. രണ്ടും മലബാര്‍ പ്രൊവിന്‍സിന്റെ ചീഫ് മജിസ്ട്രേറ്റിന്റെ നിയന്ത്രണത്തിലായിരുന്നു. അദ്ദേഹത്തിന്റെ ആസ്ഥാനം കോഴിക്കോട്ടും. ഇന്നത്തെ കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് (ചിറ്റൂര്‍ ഒഴികെയുള്ള) ജില്ലകളും തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്കും കൊടുങ്ങല്ലൂര്‍ താലൂക്കിന്റെ ചില ഭാഗങ്ങളും ഫോര്‍ട്ട് കൊച്ചിയും ലക്ഷദ്വീപും നീലഗിരി ജില്ലയുടെ ഒരു ഭാഗവും മലബാറിന്റെ ഭാഗമായിരുന്നു. വടക്കന്‍ കേരളം എന്ന് ഇന്ന് പ്രയോഗിക്കുമ്പോള്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കാസറഗോഡ് എന്നീ ജില്ലകളെയാണ് അര്‍ത്ഥമാക്കുന്നത്.
അത്യുത്തര കേരളം എന്ന് കണ്ണൂര്‍, കാസർഗോഡ് ജില്ലകളെപ്പറ്റി പറയാറുണ്ടെങ്കിലും കണ്ണൂര്‍ക്കാര്‍ വളപട്ടണം പുഴക്കപ്പുറമുള്ള പ്രദേശത്തെയും മറ്റു ചിലര്‍ പെരുമ്പപ്പുഴയ്ക്കപ്പുറമുള്ള പ്രദേശത്തെയും വേറെ ചിലര്‍ നീലേശ്വരം മുതല്‍ കേരളത്തിന്റെ വടക്കേ അതിര്‍ത്തിയായ തലപ്പാടി വരെയുള്ള പ്രദേശങ്ങളെയുമാണ് അര്‍ത്ഥമാക്കാറുള്ളത്. വടക്കേ മലബാറിന്റെ തെക്കേയറ്റം കോരപ്പുഴയാണെന്നാണ് മുമ്പ് കരുതപ്പെട്ടിരുന്നത്. പഴയ മദ്രാസ് പ്രസിഡന്‍സിയിലെ സൗത്ത് കാനറാ ജില്ലയുടെ ഭാഗമായിരുന്ന കാസര്‍ഗോഡിനെ ഒഴിവാക്കിക്കൊണ്ട് കാഞ്ഞങ്ങാടിനെ വടക്കേ മലബാറിന്റെ വടക്കേയറ്റമായും കരുതിയിരുന്നു. പക്ഷേ, ഈ അതിര്‍ത്തികള്‍ക്ക് ഒരു പരിധിക്കപ്പുറം പ്രാധാന്യം മുമ്പും ഉണ്ടായിരുന്നതായി കരുതാനാവില്ല. എന്തായാലും ഈ അന്വേഷണത്തില്‍ വടക്കന്‍ കേരളം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് വളപട്ടണം പുഴയ്ക്ക് വടക്കുള്ള കേരളത്തെയാണ്. പക്ഷേ, ഈ പറയുന്ന അതിരും ജനസംസ്കാരത്തെയും ജനങ്ങളുടെ മാനസികപ്രകൃതത്തെയും കുറിച്ചുള്ള അന്വേഷണത്തില്‍ കൃത്യമായി പാലിക്കപ്പെടേണ്ട ഒന്നല്ല. അതുകൊണ്ട് വളപട്ടണം പുഴയ്ക്ക് തെക്കുള്ള സ്ഥലങ്ങളെയും കുറെയൊക്കെ കണക്കിലെടുത്തുകൊണ്ടു തന്നെയാണ് വടക്കന്‍ മനസ്സിനെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങള്‍ക്ക് ശ്രമിക്കുന്നത്.
വടക്കേ മലബാറിന്റെ സംസ്കാരത്തെക്കുറിച്ചുള്ള ആലോചനകളും അന്വേഷണങ്ങളും തെയ്യംകലയില്‍ നിന്നാണ് ആരംഭിക്കാറ്. അതിന് ന്യായീകരണം സാധ്യമാവും വിധം ഏറെ വ്യാപകവും ജനകീയവുമാണ് ഈ കല. പല തവണ തെയ്യം കാണുകയും അതിന്റെ നാനാതരം ഭംഗികള്‍ ആസ്വദിക്കുകയും ചെയ്തവര്‍ തന്നെയായിരിക്കും ഇന്നാട്ടിലെ വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ട ജനങ്ങളില്‍ മഹാഭൂരിപക്ഷവും. കോരപ്പുഴ മുതല്‍ തെക്കന്‍ കര്‍ണാടകം വരെയാണ് തെയ്യത്തിന്റെ തട്ടകം എന്നു പറയാറുണ്ടെങ്കിലും വളപട്ടണം പുഴ മുതല്‍ കരിവെള്ളൂര്‍ വരെയാണ് തെയ്യത്തിന്റെ കേന്ദ്രമേഖല. കരിവെള്ളൂരിലെ മണക്കാടന്‍ ഗുരിക്കള്‍ തന്നെ അപമാനിക്കാനും അപായപ്പെടുത്താനും ശ്രമിച്ച കോലത്തിരിയുടെ മുന്നില്‍ ഒറ്റരാത്രികൊണ്ട് ഒന്നൂറെ നാല്പത് അതായത് മുപ്പത്തൊമ്പത് തെയ്യങ്ങളെ സ്വയം കെട്ടിയാടിക്കാണിച്ച് അത്ഭുതപ്പെടുത്തി കീഴ്പ്പെടുത്തി എന്നാണ് കഥ. കരിവെള്ളൂരിനപ്പുറം കാസർഗോഡ് ജില്ലയിലെ കാനത്തൂര്‍ വരെയും തെയ്യം ഉണ്ട്. തുളുത്തെയ്യങ്ങളെക്കൂടി ഉള്‍പ്പെടുത്തിയാണ് തെക്കന്‍ കര്‍ണാടകം എന്നുപറയുന്നത്.
എണ്‍പതുകളോടെ തെയ്യത്തിലുള്ള താല്‍പര്യം വര്‍ധിച്ച കരുത്തോടെ തിരിച്ചു വരുമ്പോഴേക്കും തെയ്യം ഭക്ത്യാദരപൂര്‍വം സമീപിക്കേണ്ടുന്ന ഒരനുഷ്ഠാനകലയാണെന്ന ധാരണ കുറെയൊക്കെ ദുര്‍ബലമാവുകയും തെയ്യത്തെ ഒട്ടേറെ വ്യത്യസ്തകളുള്ള ആദരണീയമായ ഒരു കലാരൂപമെന്ന നിലയില്‍ മനസ്സിലാക്കി പരിരക്ഷിക്കാനുള്ള ശ്രമങ്ങളാണ് ആവശ്യം എന്ന നിലപാട് ശക്തിപ്പെടുകയും ചെയ്തിരുന്നു
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം ബഹുജനങ്ങളിലേക്ക് വ്യാപിച്ചു തുടങ്ങിയ 1940 മുതല്‍ക്കുള്ള മൂന്നു ദശകത്തിലേറെക്കാലം യാഥാസ്ഥിതകത്വത്തിനും അന്ധവിശ്വാസങ്ങള്‍ക്കുമെതിരായ ബോധവല്‍ക്കരണം പല തലങ്ങളില്‍ നടന്ന കാലം കൂടിയായിരുന്നു. ഈ കാലയളവില്‍ തെയ്യത്തിലുള്ള വിശ്വാസത്തിനും തെയ്യം കെട്ടിയാടിക്കുന്നതിലും കാണാന്‍ പോകുന്നതിലുമുള്ള താല്‍പര്യത്തിനും ഒരു വിഭാഗം ആളുകളില്‍ താല്‍പര്യരാഹിത്യം വളര്‍ന്നിരുന്നെങ്കിലും ഈ അനുഷ്ഠാനകലയ്ക്കെതിരെ വലിയ അളവില്‍ ജനവികാരം ഉണര്‍ത്തിക്കൊണ്ടുവരുന്നതില്‍ കമ്യൂണിസ്റുകാര്‍ വിജയിച്ചു എന്നു പറയാനാവില്ല. പക്ഷേ, അവരുടെ ആശയ പ്രചാരണങ്ങള്‍ പാഴായിപ്പോയി എന്നു പറയാനും കഴിയില്ല. എണ്‍പതുകളോടെ തെയ്യത്തിലുള്ള താല്‍പര്യം വര്‍ധിച്ച കരുത്തോടെ തിരിച്ചു വരുമ്പോഴേക്കും തെയ്യം ഭക്ത്യാദരപൂര്‍വം സമീപിക്കേണ്ടുന്ന ഒരനുഷ്ഠാനകലയാണെന്ന ധാരണ കുറെയൊക്കെ ദുര്‍ബലമാവുകയും തെയ്യത്തെ ഒട്ടേറെ വ്യത്യസ്തകളുള്ള ആദരണീയമായ ഒരു കലാരൂപമെന്ന നിലയില്‍ മനസ്സിലാക്കി പരിരക്ഷിക്കാനുള്ള ശ്രമങ്ങളാണ് ആവശ്യം എന്ന നിലപാട് ശക്തിപ്പെടുകയും ചെയ്തിരുന്നു. 1980 കളോടെ ഫോക്‌ലോർ എന്ന പഠനശാഖയെ ഗൗരവപൂര്‍വ്വം സമീപിക്കുന്ന കുറേപേര്‍ പുതുതായി രംഗത്തു വന്നു എന്നത് ഈ മാറ്റത്തിനുള്ള പ്രധാന കാരണമാണ്.
വടക്കന്‍ കേരളത്തിന്റെ മനസ്സിനെപ്പറ്റി തെയ്യം നല്‍കുന്ന സൂചനകള്‍ എന്തൊക്കെയാണ്? പല തെയ്യങ്ങളെയും ഹിന്ദുദൈവങ്ങളുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ പില്‍ക്കാലത്ത് നടന്നു. പലതിന്റെയും കഥകളായി ഇന്ന് ലഭിക്കുന്നത് അല്‍പമായ രൂപഭേദം വരുത്തിയ ഹൈന്ദവ പുരാവൃത്തങ്ങള്‍ മാത്രമാണ്. മൃഗങ്ങളും പാമ്പും മുതലയും രോഗങ്ങളും വരെ തെയ്യമാവുന്നുണ്ടെങ്കിലും, തെയ്യം പുരാവൃത്തങ്ങളിലൂടെ കടന്നുപോവുന്ന ആര്‍ക്കും ബോധ്യപ്പെടുന്ന ചില വസ്തുതകളുണ്ട്. തെയ്യങ്ങളില്‍ ഭൂരിപക്ഷവും മണ്‍മറഞ്ഞ മനുഷ്യര്‍ തന്നെയാണ്. സാഹസികമായോ അവിചാരിതമായോ ചിലപ്പോള്‍ കബളിപ്പിക്കപ്പെട്ടോ അപൂര്‍വ്വം ചിലപ്പോള്‍ സ്വന്തം ദുഷ്കര്‍മത്തിലൂടെയോ ജീവന്‍ വെടിയേണ്ടി വന്ന മനുഷ്യര്‍. ഈ മനുഷ്യര്‍ക്ക് ഭക്തജനങ്ങളെയും തന്നോട് സഹായത്തിന് കേണപേക്ഷിക്കുന്നവരെയും രക്ഷിക്കാനുള്ള കഴിവ് പിന്നീട് കൈവരുന്നതായി പറയുന്നുണ്ടെങ്കിലും ജീവിച്ചിരുന്ന കാലത്ത് അവര്‍ വിശേഷ സിദ്ധികളൊന്നുമില്ലാത്ത സാധാരണ മനുഷ്യര്‍ തന്നെയായിരുന്നു. ആദ്യം മനുഷ്യനായെങ്കിലേ പിന്നീട് വിശേഷപ്പെട്ട കഴിവുകളും കരുത്തും കൈവരൂ എന്നാണ് വടക്കരുടെ നാട്ടുദൈവങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. ഈ ബോധ്യം വടക്കരുടെ ചിന്താജീവിതത്തിന്റെയും കലാസ്വാദനത്തിന്റെയുമെല്ലാം അന്തര്‍ധാരയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നു പറയാം. ആഗോളവല്‍ക്കരണകാലത്തെ പല ചെപ്പിടിവിദ്യകളും പല തലങ്ങളിലും അട്ടിമറികള്‍ സാധിക്കുന്നതുവരെ വടക്കരെ ബുദ്ധിജീവി നാട്യങ്ങളിലൂടെയും വിചിത്രമായ ആശയങ്ങളിലൂടെയും കബളിപ്പിക്കുക ഏറെക്കുറെ അസാധ്യമായിരുന്നു.
ജാതിവിഭജനം സ്ഥലവിഭജനം തന്നെയായി അടയാളപ്പെടുത്തിയിരുന്ന ഒരു സമൂഹത്തില്‍ സംസ്കാരത്തിന്റെ പ്രസരണത്തിനും വ്യാപനത്തിനുമുള്ള ഇടമായിരുന്നു തെയ്യാട്ടമെന്ന് ദിലീപ് മേനോന്‍ നിരീക്ഷിച്ചിട്ടുണ്ട്. ഇത് ഏറെക്കുറെ ശരിയാണ്. ബ്രിട്ടീഷ് നിയമവ്യവസ്ഥയ്ക്ക് കീഴിലായിരുന്നു എന്നതിനു പുറമെ തെയ്യങ്ങളുടെ സാന്നിധ്യവും വടക്കേ മലബാറിലെ ജനങ്ങളുടെ മനസ്സില്‍ ജാതിചിന്തയെ ദുര്‍ബലപ്പെടുത്തുന്നതിന് സഹായിച്ചിട്ടുണ്ടാവും. എന്നാല്‍ ഓരോ ജാതിവിഭാഗത്തിനും അവരവരുടെ തെയ്യങ്ങളുണ്ടായിരുന്നുവെന്നും തങ്ങളുടെ ആരാധനാലങ്ങളെ മറ്റു ജാതിക്കാര്‍ തൊട്ട് അശുദ്ധമാക്കരുതെന്ന നിര്‍ബന്ധം കീഴ്ജാതികളില്‍പ്പെട്ടവര്‍ക്കും ഉണ്ടായിരുന്നുവെന്നും ഉള്ള വസ്തുത മറന്നു കളയരുത്. പയ്യന്നൂരിലെ കണ്ടോത്തെ തീയ്യരുടെ കാവിനരികിലുള്ള റോഡിലൂടെ നടക്കാന്‍ ഹരിജനങ്ങള്‍ക്ക് അവകാശമില്ലാതിരുന്ന കാലത്താണ് എ.കെ.ജി ഹരിജനങ്ങളെയും കൂട്ടി ആ റോഡിലൂടെ നടക്കുകയും അദ്ദേഹവും കൂടെയുണ്ടായിരുന്നവരും ക്രൂരമര്‍ദ്ദനത്തിന് ഇരകളാവുകയും ചെയ്തത്. ഒലക്കയുമായി വന്ന സ്ത്രീകളടക്കം ആ മര്‍ദ്ദകസംഘത്തിലുണ്ടായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ നേരിടേണ്ടി വന്ന ആദ്യത്തെ ശാരീരികാക്രമണം എന്നാണ് കണ്ടോത്തെ ആക്രമണത്തെപ്പറ്റി എ.കെ.ജി പറഞ്ഞിട്ടുള്ളത്.
ജാതിയെച്ചൊല്ലിയുള്ള അഭിമാനബോധം പിന്നോക്കജാതിക്കാര്‍ക്കും ഉണ്ടായിരുന്നുവെന്ന് കണ്ടോത്ത് സംഭവം തെളിയിക്കുന്നുണ്ട്. അതിന്റെ മറുവശത്തേക്കു വന്നാല്‍ ഹിന്ദുമതത്തിന്റെ ഭാഗമായ ജാതിയെ ഇല്ലാതാക്കാന്‍ തങ്ങള്‍ക്കാവില്ലെങ്കിലും സ്വന്തം തെയ്യങ്ങളിലൂടെ തങ്ങളുടെ ജാതിസ്വത്വത്തെ അന്തസ്സുറ്റതാക്കിത്തീര്‍ത്ത് ഒരു തലത്തിലെങ്കിലും മേല്‍ജാതിക്കാര്‍ക്ക് തുല്യരാണ് തങ്ങളെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തെക്കൂടി ആ സംഭവം അടയാളപ്പെടുത്തുന്നുണ്ട്. ജാതിശ്രേണിയില്‍ കുറേക്കൂടി താഴെയായിരുന്നവരുടെ കാവും തെയ്യവും ഈ നിലയ്ക്ക് പ്രവര്‍ത്തിച്ചു എന്നു കരുതാനാവില്ലെങ്കിലും സ്വന്തമായി തെയ്യങ്ങളുള്ള നിലയ്ക്ക് ഹിന്ദുമതത്തിന്റെ ജാതിശ്രേണിയില്‍ തങ്ങള്‍ എത്ര താഴെയായിരുന്നാലും അതൊരു പ്രശ്നമല്ലെന്ന ആത്മവിശ്വാസം ഒരു പരിധിവരെയെങ്കിലും ഏറ്റവും അടിത്തട്ടിലുള്ളവര്‍ക്കും കൈവന്നിരിക്കണം. ദൈവം കൂടെയുണ്ടെങ്കില്‍പ്പിന്നെ ആരെ പേടിക്കാനാണ്! പറശ്ശിനി മുത്തപ്പനെയും വയനാട്ടുകുലവനെയും പറ്റി പറയുമ്പോള്‍ തീയസമുദായവും മുച്ചിലോട്ടു ഭഗവതിയെപ്പറ്റി പറയുമ്പോള്‍ വാണിയ സമുദായവും പ്രകടിപ്പിച്ചു കാണുന്ന അതേ അളവിലുള്ള അഭിമാനം പുലിമറഞ്ഞ തൊണ്ടച്ചനെപ്പറ്റി പറയുമ്പോള്‍ പുലയസമുദായവും പ്രകടിപ്പിച്ചു കാണാറുണ്ട്.
വടക്കേ മലബാറിലെ ചില കാവുകളുടെ ഉത്സവത്തിന്റെ പ്രാരംഭച്ചടങ്ങുകളില്‍ മുസ്ലീങ്ങളുടെ സഹകരണവും സഹായവും ഇപ്പോഴും ഉറപ്പുവരുത്തുന്നുണ്ട്. കാസർഗോഡ് ജില്ലയിലെ പെരുമ്പട്ട ഗ്രാമത്തിലെ പാടാര്‍കുളങ്ങര ക്ഷേത്രത്തിലെ വിഷ്ണുമൂര്‍ത്തി തൊട്ടടുത്തുള്ള പള്ളിയില്‍ ചെന്ന് എല്ലാ മതാചാരങ്ങളും കൃത്യമായി അനുഷ്ഠിക്കണമെന്ന് മുസ്ലീങ്ങളോട് പറയാറുണ്ട്. ‘ബാങ്കുവിളി എന്നും എന്റെ കര്‍ണത്തിന് മധുരമൊഴിയായി വേണം’ എന്നു കൂടി തെയ്യം പറയും.
ജാതിയുടെ അടിസ്ഥാനത്തില്‍ തെയ്യങ്ങള്‍ക്കിടയില്‍ വലിപ്പച്ചെറുപ്പം കല്‍പിക്കുക സാധ്യമല്ല. അപ്പോള്‍പ്പിന്നെ ഭക്തജനങ്ങള്‍ക്കിടയില്‍ ഹിന്ദുമതം സൃഷ്ടിച്ചു വെച്ച മേല്‍ജാതി കീഴ് ജാതി വ്യത്യാസത്തിന് വേണ്ടത്ര ബലം കിട്ടാതിരിക്കുക സ്വാഭാവികം. മറ്റു ചില വസ്തുകള്‍ കൂടിയുണ്ട്. പല കാവുകളും അതാതു പ്രദേശത്തെ, ചിലപ്പോള്‍ വിശാലമായ ഒരു ഭൂവിഭാഗത്തിലെത്തന്നെ എല്ലാ ജാതിവിഭാഗങ്ങളില്‍പ്പെട്ടവരെയും ഓരോരോ ചടങ്ങു വഴി അവയുടെ ഭാഗമാക്കിത്തീര്‍ത്തിരുന്നു. വണ്ണാന്‍, മലയന്‍, മുന്നൂറ്റാന്‍, അഞ്ഞൂറ്റാന്‍, വേലന്‍, മാവിലന്‍, പുലയന്‍ ,കോപ്പാളന്‍ തുടങ്ങിയ സമുദായങ്ങളില്‍പ്പെട്ടവരാണ് തെയ്യം കെട്ടുന്നത്. ഇവരെല്ലാം ഒരു കാലത്ത് കീഴ്ജാതിക്കാരായി കണക്കാക്കപ്പെട്ടവരായിരുന്നു. പക്ഷേ, ഏത് ജാതിക്കാരന്‍ തെയ്യമായി മുന്നിലെത്തിയാലും മേല്‍ജാതിക്കാര്‍ അവരെ വണങ്ങിക്കൊള്ളണമെന്നതാണ് നിയമം. വര്‍ഷത്തില്‍ ഏതാനും ദിവസങ്ങളില്‍ മാത്രമേ കീഴ്ജാതിക്കാര്‍ക്ക് ഈ സൗഭാഗ്യം കൈവന്നിരുന്നുള്ളുവെങ്കിലും ഇതും ജാതിഭേദത്തിന് ഒരു പരിധിയില്‍ കവിഞ്ഞ പ്രാധാന്യം കല്‍പിക്കാതിരിക്കാന്‍ പണ്ടേ തന്നെ വടക്കന്‍ കേരളത്തിലുള്ളവരെ പ്രേരിപ്പിച്ചിട്ടുണ്ടാവും.
ജാതികള്‍ തമ്മിലുള്ള കൊള്ളക്കൊടുക്കലുകള്‍ മാത്രമല്ല മതസൗഹാര്‍ദ്ദവും ഉറപ്പുവരുത്താനുള്ള ചടങ്ങുകള്‍ തെയ്യത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്. വടക്കേ മലബാറിലെ ചില കാവുകളുടെ ഉത്സവത്തിന്റെ പ്രാരംഭച്ചടങ്ങുകളില്‍ മുസ്ലീങ്ങളുടെ സഹകരണവും സഹായവും ഇപ്പോഴും ഉറപ്പുവരുത്തുന്നുണ്ട്. കാസർഗോഡ് ജില്ലയിലെ പെരുമ്പട്ട ഗ്രാമത്തിലെ പാടാര്‍കുളങ്ങര ക്ഷേത്രത്തിലെ വിഷ്ണുമൂര്‍ത്തി തൊട്ടടുത്തുള്ള പള്ളിയില്‍ ചെന്ന് എല്ലാ മതാചാരങ്ങളും കൃത്യമായി അനുഷ്ഠിക്കണമെന്ന് മുസ്ലീങ്ങളോട് പറയാറുണ്ട്. ‘ബാങ്കുവിളി എന്നും എന്റെ കര്‍ണത്തിന് മധുരമൊഴിയായി വേണം’ എന്നുകൂടി തെയ്യം പറയും. ഇസ്ലാംമതവിശ്വാസികളെയും തെയ്യത്തോട് ഇണക്കിച്ചേര്‍ത്ത് സാമുദായിക ഐക്യം വളര്‍ത്താന്‍ പഴയകാലത്തെ വടക്കേ മലബാറുകാര്‍ നടത്തിയ ആത്മാര്‍ത്ഥമായ ശ്രമത്തിനുള്ള ശക്തമായ മറ്റൊരു തെളിവാണ് മാപ്പിളത്തെയ്യങ്ങള്‍. ബാങ്കു വിളിക്കുകയും നിസ്കരിക്കുകയും ചെയ്യുന്ന മുക്രിപ്പോക്കര്‍ തെയ്യവും തട്ടമിട്ട ഉമ്മച്ചിത്തെയ്യവുമെല്ലാം വടക്കന്‍ കേരളത്തിലെ സാധാരണജനങ്ങള്‍ എത്ര വിശാലഹൃദയരായാണ് തങ്ങളുടെ ദൈവസങ്കല്‍പത്തെ രൂപപ്പെടുത്തിയതെന്നു ബോധ്യപ്പെടുത്തി ഇന്നും നമ്മെ വിസ്മയിപ്പിക്കുന്നു.
ആധുനിക കാലത്ത് ജാതിക്കും മതത്തിനും അതീതമായി മനുഷ്യത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ കമ്യൂണിസ്റ്റുകാര്‍ നല്‍കിയ സംഭാവന വളരെ വലുതാണെന്ന കാര്യവും ഇതോടൊപ്പം ഓര്‍മിക്കേണ്ടതാണ്. കമ്യൂണിസ്റ്റ് ദര്‍ശനവുമായുള്ള പരിചയം വടക്കെ മലബാറിലെ ജനങ്ങളുടെ മാനസിക ജീവിതത്തെ എല്ലാ അര്‍ത്ഥത്തിലും നവീകരിച്ചിരുന്നു എന്നു പറയാനാവില്ല. പക്ഷേ, ജാതിയും മതവും ജനങ്ങള്‍ക്കിടയില്‍ വിഭജനം സൃഷ്ടിക്കാതിരിക്കാന്‍ പാകത്തില്‍ പൊതുബോധത്തെ ശക്തിപ്പെടുത്താന്‍ അവര്‍ക്കു കഴിഞ്ഞിരുന്നുവെന്നത് വസ്തുതയാണ്. മതേതര സംസ്കാരം മുറുകെ പിടിക്കാന്‍ ജനങ്ങളെ പഠിപ്പിച്ചതില്‍ ദേശീയ പ്രസ്ഥാനത്തിന്റെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും സംഭാവനയും ചെറുതല്ല.
അമ്പത്തിനാല് വര്‍ഷം മുമ്പാണ് ഞാന്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴോ പിന്നീട് കോളേജ് വിദ്യാര്‍ത്ഥിയായിരുന്നപ്പോഴോ അതുകഴിഞ്ഞ് യൂണിവേഴ്സിറ്റിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴോ ഒന്നും ഞാന്‍ എന്റെ അടുത്തിരിക്കുന്ന ആള്‍ ഏത് ജാതിക്കാരനാണെന്ന കാര്യം ആലോചിച്ചിരുന്നില്ല. പിന്നീടും ജാതി എന്റെ മനസ്സിനെ ശല്യപ്പെടുത്തിയ ഒരു പ്രശ്നമായിരുന്നില്ല. ഇത് എന്റെ മാത്രം കാര്യമല്ലെന്ന് എനിക്കുറപ്പുണ്ട്. എന്റെ തലമുറയിലെ വടക്കേ മലബാറുകാരാരും ജാതിചിന്തയ്ക്ക് മനസ്സില്‍ ഇടം കൊടുത്തിരുന്നില്ല. ജാതിക്ക് അവരുടെ ഉള്ളില്‍ ലഭിച്ചത് ബോധത്തിന്റെ വെളിച്ചം വീഴാത്ത ഒരിടം മാത്രമായിരുന്നു എന്ന് വേണമെങ്കില്‍ തിരുത്തിപ്പറയാം. ചിലരുടെ അച്ഛന്റെ തൊഴില്‍ ഇന്നതാണെന്നു പറയുമ്പോള്‍ അവരുടെ ജാതി ഇന്നതാണെന്നും ഇസ്ലാം ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍ പെടുന്നവരെ അവരുടെ പേരിലൂടെയും തിരിച്ചറിഞ്ഞിരുന്നു എന്നത് ശരിയാണ്. ആ അറിവ് പക്ഷേ അല്പമായ അകല്‍ച്ചയ്ക്കു പോലും വഴിവെച്ചിരുന്നില്ല. കുറച്ചുകാലമായി ജാതിചിന്തയും മതബോധവും ചിലരുടെ മാനസിക ജീവിതത്തെ സാരമായി ബാധിച്ചു തുടങ്ങിയിട്ടുണ്ടെന്നത് ശരിയാണ്. വിചിത്രമായ ഒരു കാര്യം നല്ല പഠിപ്പും പത്രാസമുള്ള ബുദ്ധിജീവികളുടെ പിന്തുണയോടെയാണ് ജാതി തിരിച്ചു വരവിനുള്ള ശ്രമം നടത്തുന്നത് എന്നതാണ്. പക്ഷേ, ഈ ബുദ്ധിജീവികളും അവരുടെ ആരാധകരും നാളെ ഒരു പ്രബലശക്തിയായി വളരുമെന്നും വടക്കന്‍ കേരളം ഇതേ വരെ അനുഭവിച്ചുപോന്ന ജാതിമതാതീതമായ മാനവികതയുടെ സൗന്ദര്യം കൈമോശം വന്നേക്കുമെന്നും ഞാന്‍ ഭയപ്പെടുന്നേയില്ല.