വിനായകന് നേരെ നടന്നത് മാധ്യമവിചാരണയല്ല, വംശീയവിചാരണയാണ്
"എനിക്ക് ആ പെണ്ണിനോട് സെക്സ് ചെയ്യാൻ തോന്നിയാൽ ഞാൻ ചോദിക്കും" എന്ന വിനായകന്റെ കഴിഞ്ഞ പത്രസമ്മേളനത്തിലെ വാചകങ്ങളിൽ ആണുണ്ട്, ആണിന്റെ പ്രിവിലേജും ഉണ്ട്. സ്വഭാവികമായും ഈ പ്രസ് മീറ്റിൽ - ,സിനിമയുടെ പ്രമോഷനായി വിളിച്ച പ്രസ് മീറ്റ് എങ്കിൽ പോലും - പഴയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ചോദ്യ ഉത്തരങ്ങൾ ആവർത്തിക്കാം. പക്ഷേ ഈ സൂചിത ചോദ്യങ്ങൾ, ദിലിപീനോട് ഒരുത്തരും ചോദിക്കുകയില്ല എന്നിടത്തും, ചോദ്യം ആക്രോശമാകുന്നു എന്നിടത്തും, അത് വിനായകന് നേരെ മാത്രമാകുന്നു എന്നിടത്തുമാണ് അസ്വാഭാവികത. ഉത്തരങ്ങളിലെ ശരികേടിന് മുന്നേ തന്നെ ചോദ്യങ്ങളിലെ ശരികേട് അഭിസംബോധന ചെയ്തേ പറ്റൂ.
"റിപ്പോർട്ട് ചെയ്യാൻ വന്ന സ്ത്രീയോട് കൂടെക്കിടക്കാൻ താല്പര്യമുണ്ടോ എന്ന് നിങ്ങൾ എന്തിന്റെ പേരിലാണ് ചോദിച്ചത്?" എന്നായിരുന്നു മാധ്യമ പ്രവർത്തകർ ക്ഷുഭിതരായി ചോദിച്ചത്. അങ്ങനെ അയാൾ കഴിഞ്ഞ പത്രസമ്മേളനത്തിൽ ചോദിച്ചിട്ടില്ല. അപ്പോൾ, ആ പൊട്ടിത്തെറി ചോദ്യത്തിൽ വൈറൽ വാർത്ത പടച്ചുണ്ടാക്കുന്നതിനുള്ള ക്രുക്കഡ്നസ് മാത്രമല്ല, വിനായകന് നേർക്കുള്ള, മറ്റ് നടന്മാർക്ക് നേരെ ഒരിക്കലുമുണ്ടാകാനിടയില്ലാത്ത ആധിപത്യത്തിന്റെ വെളിപ്പെടലുണ്ട്. "വിനായകാ", "താൻ" എന്ന് വിളിച്ച പോലെ, ദീലീപേ ,താൻ, നീ..എന്ന് നാവ് പൊന്തില്ല. ഇക്ക / ഏട്ട / ഇച്ചായന്മാരെ അവിടെ കാണുമ്പോൾ ഇവിടെ വണങ്ങി മുട്ടു നിലത്തുമുട്ടുന്ന ഇളികൾ കാണാറുണ്ട്.
മുകുന്ദന്റെ 'പുലയപ്പാട്ട് ' നോവലിൽ എന്നാണോർമ, പ്രസവിച്ച കുഞ്ഞിനിടാനുള്ള പേര് 'ഗൗതമൻ' എന്നു പറയുമ്പോൾ "നീ പേര് എന്ത് വേണങ്കിലും ഇട്ടോ. പൊലയനായി വളർത്തിയാ മതി” എന്ന് മേലാളൻ ഉത്തരവിടുന്നുണ്ട്.
കേരളം ഇതാണ്.
പേര് വിനായകൻ ഒക്കെയാവാം.
വീടും കാറും ഒക്കെയാവാം
സംസ്ഥാന അവാർഡും കിട്ടട്ടെ.
പക്ഷേ ജാതി / നിറം / കുലം / വസ്ത്രം / എന്നീ ഘടകങ്ങള്‍ മനസിൽ വച്ച് വാക്കുകൾ തുപ്പുന്ന കേരളം തന്നെ. വിനായകന്റെ സ്ത്രീവിരുദ്ധമായ ആണധിഷ്ഠിത സൂചനകളെ അഭിസംബോധന ചെയാനെത്തുന്ന, മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ വലിയ വൃത്തികേടാണ് പുറന്തള്ളപ്പെട്ടുന്നത്. ക്രെഡിബിലിറ്റി, ആധികാരികത, സാമൂഹിക ഉത്തരവാദിത്തം ഇതെല്ലാം അനിവാര്യമായ തൊഴിലായതുകൊണ്ടാണ് മാധ്യമങ്ങൾ നാലാംതൂണാകുന്നത്.
മലയാള സിനിമയിൽ എത്രയോ കാലങ്ങളായി തുടരുന്ന സ്ത്രീ വിരുദ്ധതയെ കണ്ണിൻ മുമ്പിൽ കണ്ടിട്ടും കേട്ടിട്ടും, മറുപടി പറയാൻ ഉത്തരവാദിത്തപ്പെട്ടവർ കൺമുന്നിൽ വരുമ്പോൾ കൊഞ്ചിച്ചും പ്രശംസിച്ചും കൊച്ചുവർത്തമാനം പറഞ്ഞും നേരംകളയും. എന്നാൽ വിനായകന്റെ മുന്നിൽ വരുമ്പോൾ മാത്രം മാധ്യമ ധർമ്മമായി വ്യാഖ്യാനിക്കപ്പെടുന്ന 'ഊറ്റം' മനുഷ്യത്വ വിരുദ്ധമാകുന്നു.
അതിന് ഒറ്റ കാരണം അയാളുടെ അസ്തിത്വമോ ജാതിയോ ആകുന്നിടത്ത് മാധ്യമങ്ങൾ ഉന്നയിക്കാൻ ശ്രമിക്കുന്ന 'മി ടൂ' വിഷയത്തിന്റെ രാഷ്ട്രീയം തകർന്നു തരിപ്പണമാകുകയാണ്. അപ്പോൾ വിഷയത്തിന്റെ പരിഹാരമല്ല, വെറും ഷോ ആണവർ ഉദ്ദേശിക്കുന്നത്. ഈ നെഗറ്റീവ് പബ്ലിസിറ്റി കൊണ്ട് ഇത്തരം 'മാധ്യമ പ്രവർത്തകർക്ക്' ദൃശ്യത കിട്ടുമായിരിക്കും. എന്നാൽ തരിമ്പും ക്രെഡിബിലിറ്റി ഉണ്ടാകില്ല എന്നു മാത്രമല്ല, നിങ്ങളുടെ ചാനൽ / പത്രത്തിന്റെ ജനാധിപത്യ വർത്തമാനങ്ങൾ കേട്ടാൽ ആളുകൾ നിഷ്കരുണം അതിനെ പരിഹസിക്കും, വേണ്ടെന്നു വെക്കും. ഇത് പറയാൻ കാരണം, 'റിപ്പോർട്ടർ' എന്ന ചാനലിന്റെ തലയ്ക്കലിരുന്ന് മാധ്യമ പ്രവർത്തനത്തിന്റെ നൈതികതയെ പറ്റി ശ്രീ എം.വി നികേഷ് കുമാർ സംസാരിക്കുമ്പോൾ, ആ ചാനലിന്റെ മാധ്യമ പ്രതിനിധി തന്നെ അതിനു നേർവിരുദ്ധമായി പെരുമാറുന്നത് എന്തൊരു വിരോധാഭാസമാണ്!. ഇതാദ്യവട്ടവുമല്ല, പല പത്ര സമ്മേളനങ്ങളിലും അരോചകമായ ചോദ്യ രീതികൾ കാണുന്നു.
ഉള്ളിൽ നിന്ന് നിങ്ങൾ തിരുത്താതെ,
എന്ത് തിരുത്തിനാണ് ലോകത്തോട് ആഹ്വാനം ചെയ്യുന്നത് ???
വിനായകനെതിരെയുള്ള മീ ടു ആരോപണ കേസ് പരിശോധിക്കപ്പെടട്ടെ. എന്നാൽ അതിന്റെ പേരിലെന്ന വ്യാജേന ജാതി-വംശീയമായ വിചാരങ്ങളോടെ ഒരാൾ വിചാരണ ചെയ്യപ്പെടുന്നത് കാണുമ്പോൾ കേരളത്തിലെ പൊതുബോധത്തിൽ നിന്ന് അടർന്നു പോകാൻ കൂട്ടാക്കാത്ത ജാതിവെറി മാത്രമല്ല, അങ്ങേയറ്റം ടോക്സിക്കാവുന്ന മാധ്യമ പ്രവർത്തനത്തെ കൂടിയാണ് സമൂഹം തിരിച്ചറിയുന്നത്.