TMJ
searchnav-menu
post-thumbnail

Outlook

വിപ്ലവ മോഹങ്ങള്‍ക്കും വ്യവസ്ഥാ വിധേയത്വങ്ങള്‍ക്കുമിടയിലെ പാര്‍ട്ടി കോണ്‍ഗ്രസുകള്‍

05 Feb 2022   |   1 min Read
എന്‍ കെ ഭൂപേഷ്

PHOTO : PRASOON KIRAN

'ങ്ങള്‍ പുതിയ പാര്‍ട്ടി കെട്ടിപ്പടുക്കാനാണ് ശ്രമിക്കുന്നത്. അതിനുള്ള ജാഗ്രത്തായ പ്രവര്‍ത്തനം നടന്നുവരുന്നുണ്ട്. അല്ലാതെ ഉടന്‍ ഒരു സായുധ സമരം നടത്താനുള്ള തയ്യാറെടുപ്പൊന്നും ഇപ്പോള്‍ ഞങ്ങള്‍ക്കില്ല. അടിസ്ഥാന രഹിതമായ കുറെ ആരോപണങ്ങള്‍ ഉന്നയിച്ച് ഞങ്ങളെ അടിച്ചമര്‍ത്താനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നത്. ഇത് തികച്ചും ഖേദകരമാണ്' സിപിഎമ്മിന്റെ ആദ്യ ജനറല്‍ സെക്രട്ടറി പി സുന്ദരയ്യയുടെ വാക്കുകള്‍ ആണിത്. അദ്ദേഹത്തിന്റെ ജീവിതയാത്ര എന്ന ആത്മകഥയില്‍ എഴുതിയത്. സിപിഐ പിളരുകയും സിപിഐ(എം) രൂപികരിക്കപ്പെടുകയും ചെയ്ത കാലത്ത് പാര്‍ട്ടിക്ക് ഭരണകൂടത്തില്‍നിന്ന് നേരിടേണ്ടിവന്നത് ക്രൂരമായ അടിച്ചമര്‍ത്തലുകളായിരുന്നു. നിരവധി പേര്‍ അറസ്റ്റിലായി. ഈ ഘട്ടത്തില്‍ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റിയുടെ നിര്‍ദ്ദേശാനുസരണം അന്നത്തെ ആഭ്യന്തര മന്ത്രി ഗുല്‍സാരിലാല്‍ നന്ദയെ കണ്ട് തങ്ങളുടെ നിലപാട് വ്യക്തമാക്കിയതിനെക്കുറിച്ചാണ് പി സുന്ദരയ്യ എഴുതുന്നത്. ഔദ്യോഗിക നേതൃത്വത്തെ തിരുത്തല്‍ വാദികള്‍ എന്ന് വിളിച്ച് പുതിയ പാര്‍ട്ടി രൂപീകരിച്ചെങ്കിലും തെലങ്കാനയിലേക്കോ, കല്‍ക്കത്ത കോണ്‍ഗ്രസിന്റെ സായുധ ലൈനിലേക്കോ തങ്ങളില്ലെന്ന് ഭരണകൂടത്തിന് മുന്നില്‍ സാക്ഷ്യപ്പെടുത്തുകയാണ് പാര്‍ട്ടി ചെയ്തത്. അന്നത്തെ അടിച്ചമര്‍ത്തല്‍ മറികടക്കാനുള്ള തന്ത്രപരമായ മാര്‍ഗം ആയിരിക്കാം അത്. അമ്പത് കൊല്ലം മുമ്പ് നടന്ന ഒരു സംഭവത്തെക്കുറിച്ച് ഇപ്പോള്‍ എഴുതുന്നത് എന്തിനാണെന്ന് ചോദിച്ചാല്‍ സിപിഎമ്മുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളില്‍ ചിലതിന് സുന്ദരയ്യ എഴുതിയ വാക്കുകള്‍ക്ക് പ്രസക്തിയുണ്ടെന്നതുകൊണ്ടാണെന്നാണ് ഉത്തരം. പാര്‍ട്ടിയുടെ 23ാം കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയം പുറത്തിറക്കി കഴിഞ്ഞു. ഇനി അതില്‍ ഇന്ത്യയിലെമ്പാടുമുള്ള പാര്‍ട്ടി അംഗങ്ങള്‍ക്ക് ഭേദഗതികള്‍ നിര്‍ദ്ദേശിക്കാം. അത് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി പരിശോധിച്ച് പുതുക്കി, പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കും. ഇത്രയും വിപുലമായ ഒരു ജനാധിപത്യ പ്രക്രിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കല്ലാതെ മറ്റേതെങ്കിലും ജനാധിപത്യ പാര്‍ട്ടികള്‍ക്ക് ഇന്ത്യയിലില്ല.

സിപിഎമ്മിന്റെ രാഷ്ട്രീയ പ്രമേയത്തില്‍ എപ്പോഴും ചര്‍ച്ചയാവുന്നത് ദേശീയ രാഷ്ട്രീയത്തില്‍ അവര്‍ എന്ത് സമീപനം സ്വീകരിക്കുന്നുവെന്നതാണ്. പാര്‍ട്ടിയുടെ രൂപീകരണത്തിലേക്ക് അടക്കം നയിച്ചതും ഇപ്പോഴും പലപ്പോഴും തര്‍ക്കവിഷയുമായി തുടരുന്നതുമായ കോണ്‍ഗ്രസ്സ് ബന്ധമാണ് കരട് രാഷ്ട്രീയ പ്രമേയത്തില്‍ നിന്ന് മുഖ്യധാര കണ്ടെത്താന്‍ ശ്രമിക്കുന്ന മുഖ്യ ഐറ്റം. കോണ്‍ഗ്രസ് മുഖ്യശത്രുവാണോ, കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യത്തിന് തയ്യാറാകുമോ എന്നീ കാര്യങ്ങളില്‍ സിപിഎമ്മിന്റെ രാഷ്ട്രീയ പ്രമേയത്തിന്റെ ചര്‍ച്ചകളെ പരിമിതപ്പെടുത്തുകയാണ് പൊതുവില്‍ മാധ്യമങ്ങള്‍ ചെയ്യാറുള്ളത്. ഇപ്പോഴും പാര്‍ട്ടി ഭരണഘടനയില്‍ തൊഴിലാളി വര്‍ഗ സര്‍വ്വാധിപത്യം സ്ഥാപിച്ച് സോഷ്യലിസവും കമ്മ്യൂണിസവും സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് പറയുന്ന സിപിഎമ്മിനെ കുറിച്ച് മറ്റൊരു ചര്‍ച്ചയും സാധാരണ ഗതിയില്‍ മാധ്യമങ്ങളില്‍ നടക്കാറില്ല. പാര്‍ട്ടിയുടെ സമ്മേളനങ്ങളില്‍ നടക്കാറുണ്ടായിരിക്കാം.പാര്‍ട്ടി കരട് പ്രമേയം വായിക്കുമ്പോള്‍ തൊഴിലാളി വര്‍ഗ സര്‍വാധിപത്യം സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് ഭരണഘടനയില്‍ പറയുന്നു, എന്നാല്‍ പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന് മൂഖ്യ ഊന്നല്‍ നല്‍കുകയും അതിന്റെ മാത്രം അടിസ്ഥാനത്തില്‍ അടവു നയങ്ങള്‍ രൂപികരിക്കുകയും ചെയ്യുന്ന ഒരു കമ്മ്യൂണിസ്റ്റു പാര്‍ട്ടി കടന്നുപോകുന്ന അവസ്ഥകള്‍ കൂടി വ്യക്തമാകുകയാണ് ചെയ്യുന്നത്.

അതിന് കാരണവും കൊല്‍ക്കത്ത പ്ലീനം കണ്ടെത്തിയിരുന്നു. അതില്‍ ഒന്ന് വര്‍ധിച്ചുവരുന്ന പാര്‍ലമെന്ററിസമായിരുന്നു. പാര്‍ലമെന്ററിസത്തിന്റെ സ്വാധീനം മൂലം വിപ്ലവ പാര്‍ട്ടിയുടെ സംഘടന കെട്ടിപടുക്കാന്‍ സാധിക്കുന്നില്ലെന്നാണ് 2015 ലെ കൊല്‍ക്കത്ത പ്ലീനം വിലയിരുത്തിയത്. അതോടൊപ്പം അംഗങ്ങള്‍ക്ക് പ്രത്യയശാസ്ത്ര പ്രതിബന്ധത ഇല്ലാതെപോകുന്നതും ഒക്കെ അന്ന് സിപിഎമ്മിന്റെ പ്ലീനം ചൂണ്ടിക്കാട്ടുകയും ചെയ്തു.

സാര്‍വദേശീയ പ്രശ്‌നങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിച്ചതിന് ശേഷമാണ് പാര്‍ട്ടി സംഘടനകാര്യങ്ങളെക്കുറിച്ചും ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും വിശദീകരിക്കുന്നത്. പാര്‍ലമെന്ററി രംഗത്തെ മികവിന്റെ അടിസ്ഥാനത്തില്‍ മാത്രം വിലയിരുത്തുകയാണെങ്കില്‍ സിപിഎം അതിന്റെ ഏറ്റവും വലിയ തിരിച്ചടികള്‍ നേരിടുന്ന കാലത്താണ് അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോഴും അന്നു വരെയുളള ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നേരിടേണ്ടി വന്നത്. കഴിഞ്ഞ കുറച്ച് പാര്‍ട്ടി കോണ്‍ഗ്രസുകള്‍ എല്ലാം ചേരുന്നത് പാര്‍ട്ടിയുടെ പുതിയ പുതിയ പ്രതിസന്ധികളുടെ പശ്ചാതത്തിലാണ്. 23-ാം പാര്‍ട്ടി കോണ്‍ഗ്രസിനുള്ള കരട് രാഷ്ട്രീയ പ്രമേയത്തില്‍ പാര്‍ട്ടിയുടെ വളര്‍ച്ച മെച്ചപ്പെടുത്താനും മറ്റും സ്വീകരിക്കേണ്ട മാര്‍ഗങ്ങളെക്കുറിച്ച് നേരത്തെ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും എടുത്തുദ്ധരിക്കുന്നുണ്ട്. പാര്‍ട്ടിയുടെ സ്വതന്ത്ര്യ ശക്തി വികസിപ്പിച്ചെടുക്കുന്നതിനുള്ള നടപടികള്‍ എടുക്കണമെന്ന 17 -ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ (ഏകദേശം ഇരുപത് വര്‍ഷം മുമ്പ്) എടുത്ത തീരുമാനങ്ങള്‍ ഈ റിപ്പോര്‍ട്ടിലും ആവര്‍ത്തിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ പിന്നോട്ടടി തടയുന്നതിന് ചില കാര്യങ്ങള്‍ ഈ രേഖയിലും ആവര്‍ത്തിക്കുന്നു. രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായി പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് കരട് രേഖ നിര്‍ദ്ദേശിക്കുന്നത്. ഇതിനായി 2015 ല്‍ കൊല്‍ക്കത്തയില്‍ അംഗീകരിച്ച പ്ലീനം രേഖ ആത്മാര്‍ത്ഥതയോടെ നടപ്പിലാക്കണമെന്നും കരട് പ്രമേയം നിര്‍ദ്ദേശിക്കുന്നുണ്ട്. കൊല്‍ക്കത്തയില്‍ നടന്ന പ്ലീനം എന്തുകൊണ്ടാണ് പല പാര്‍ട്ടി കോണ്‍ഗ്രസുകളും സാല്‍ക്കിയ പ്ലീനത്തിലും എടുത്ത നടപടികള്‍ പാര്‍ട്ടിക്ക് നടപ്പിലാക്കാന്‍ കഴിയാത്തതെന്ന് വിശദീകരിക്കുന്നുണ്ട്. അതിന് കാരണവും കൊല്‍ക്കത്ത പ്ലീനം കണ്ടെത്തിയിരുന്നു. അതില്‍ ഒന്ന് വര്‍ധിച്ചുവരുന്ന പാര്‍ലമെന്ററിസമായിരുന്നു. പാര്‍ലമെന്ററിസത്തിന്റെ സ്വാധീനം മൂലം വിപ്ലവ പാര്‍ട്ടിയുടെ സംഘടന കെട്ടിപടുക്കാന്‍ സാധിക്കുന്നില്ലെന്നാണ് 2015 ലെ കൊല്‍ക്കത്ത പ്ലീനം വിലയിരുത്തിയത്. അതോടൊപ്പം അംഗങ്ങള്‍ക്ക് പ്രത്യയശാസ്ത്ര പ്രതിബന്ധത ഇല്ലാതെപോകുന്നതും ഒക്കെ അന്ന് സിപിഎമ്മിന്റെ പ്ലീനം ചൂണ്ടിക്കാട്ടുകയും ചെയ്തു. ഈക്കാര്യങ്ങള്‍ മിക്കവാറും അടുത്ത പാര്‍ട്ടി കോണ്‍ഗ്രസിന്റെ റിപ്പോര്‍ട്ടിലും സ്ഥാനം പിടിക്കാനാണ് സാധ്യത. കാരണം കരട് റിപ്പോര്‍ട്ട് അനുസരിച്ച് അന്നുയര്‍ത്തിയ പ്രധാനപ്പെട്ട പ്രശ്‌നങ്ങളിലൊന്നും ഒരു പരിഹാരവും ഉണ്ടായിട്ടില്ലെന്നത് തന്നെ.

യുഎപിഎ നിയമം യുപിഎ സര്‍ക്കാരിന്റെ കാലത്ത് കഠിനമായ വ്യവസ്ഥകളോടെ ഭേദഗതി ചെയ്യപ്പെടുമ്പോള്‍ അതിനെ അനുകൂലിക്കുകയായിരുന്നു സിപിഎം ചെയ്തത്. അന്ന് വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്നതിന് തന്നോട് പാര്‍ട്ടി വിശദീകരണം തേടിയെന്ന് എംപിയായിരുന്ന സെബാസ്റ്റ്യന്‍ പോള്‍ ഈയിടെ പ്രസിദ്ധീകരിച്ച് ആത്മകഥയില്‍ പറയുന്നുണ്ട്.

മുൻനിരയിൽ പി. രാമമൂർത്തി, ഇ.എം.എസ്, പ്രമോദ് ദാസ് ഗുപ്ത, എം. ബസവ പുന്നയ്യ. പിൻനിരയിൽ ജ്യോതി ബസു, ബി.ടി. രണദിവെ, പി. സുന്ദരയ്യ, എ.കെ.ജി, ഹർകിഷൻ സിങ്ങ് സുർജിത് എന്നിവർ

പാര്‍ട്ടിയുടെ കരട് റിപ്പോര്‍ട്ടില്‍ പറയുന്ന ചില കാര്യങ്ങള്‍ പരിശോധിക്കാം. ജന്മി- ബൂര്‍ഷ്വാ പരിപാടികള്‍ക്ക് ബദലായുള്ള ഇടതു ജനാധിപത്യ പരിപാടിയെക്കുറിച്ച് പറയുമ്പോള്‍ സിപിഎം ഇങ്ങനെ വിശദമാക്കുന്നു: ഭരണഘടന നല്‍കുന്ന ജനാധിപത്യ പൗരാവകാശ സ്വാതന്ത്ര്യം ഉറപ്പുവരുത്തുക, നിലവിലുള്ള യുഎപിഎ റദ്ദാക്കുക, രാജ്യദ്രോഹകുറ്റ നിയമം പിന്‍വലിക്കുക, അഫ്‌സ്പയും ദേശീയ സുരക്ഷ നിയമവും പിന്‍വലിക്കുക, തുടങ്ങിയ കാര്യങ്ങളാണ് പൗരാവകാശ സംരക്ഷണത്തിനായി സിപിഎം മുന്നോട്ടുവെയ്ക്കുന്നത്. എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ യുഎപിഎയുമായി ബന്ധപ്പെട്ടുളള സിപിഎമ്മിന്റെ പ്രായോഗിക സമീപനം ? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ കേരളത്തില്‍ കഴിഞ്ഞ ആറ് വര്‍ഷമായി എങ്ങനെയാണ് ഈ നിയമം ഉപയോഗിക്കപ്പെട്ടതെന്നും പാര്‍ട്ടിയുടെ പൊളിറ്റ് ബ്യുറോ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ യുഎപിഎ പ്രയോഗത്തിന് ന്യായികരണവുമായി രംഗത്തെത്തിയതെന്നും നോക്കിയാല്‍ മതി. അതു മാത്രമല്ല, യുഎപിഎ നിയമം യുപിഎ സര്‍ക്കാരിന്റെ കാലത്ത് കഠിനമായ വ്യവസ്ഥകളോടെ ഭേദഗതി ചെയ്യപ്പെടുമ്പോള്‍ അതിനെ അനുകൂലിക്കുകയായിരുന്നു സിപിഎം ചെയ്തത്. അന്ന് വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്നതിന് തന്നോട് പാര്‍ട്ടി വിശദീകരണം തേടിയെന്ന് എംപിയായിരുന്ന സെബാസ്റ്റ്യന്‍ പോള്‍ ഈയിടെ പ്രസിദ്ധീകരിച്ച് ആത്മകഥയില്‍ പറയുന്നുണ്ട്.

ജി എസ് ടി എങ്ങനെയാണ് രാജ്യത്തെ ഫെഡറലിസത്തെ തകര്‍ക്കുന്നതെന്ന് ഒഴുക്കന്‍ മട്ടിലാണെങ്കിലും കരട് പ്രമേയത്തില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ എന്തായിരുന്നു ജിഎസ്ടിയോടുളള സിപിഎമ്മിന്റെ സമീപനം. ജിഎസ്ടിയെ ഏറ്റവും ശക്തമായി സ്വാഗതം ചെയ്തത് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ തോമസ് ഐസക്കായിരുന്നു. പാര്‍ലമെന്റിറി നിലപാടുകള്‍ നിര്‍ണായക ഘട്ടത്തില്‍ വ്യവസ്ഥാ സംരക്ഷണത്തിനായി ഉപയോഗിക്കുകയും അധികാരമുള്ള പ്രദേശങ്ങളില്‍ അത്തരം നയങ്ങള്‍ തീവ്രതയോടെ നടപ്പിലാക്കുകയും ചെയ്തുകൊണ്ട് തന്നെയാണ് സിപിഎം കരട് പ്രമേയങ്ങളും ചര്‍ച്ചകളും സംഘടിപ്പിക്കുന്നതെന്നതാണ് ഏറെ കൗതുകകരം. പരിസ്ഥിതി സംരക്ഷണത്തെയും കാലാവസ്ഥ പ്രതിസന്ധിയെകുറിച്ചും സംസാരിക്കുകയും, എന്തുസംഭവിച്ചാലും കൃത്യമായ പരിസ്ഥിതി ആഘാത പഠനം പോലും നടപ്പിലാക്കാതെയും സില്‍വര്‍ ലൈന്‍ നടപ്പിലാക്കുമെന്നും അതിനെതിരെ ആരും വിരട്ടലുമായി വരേണ്ടെന്നും പാര്‍ട്ടി നേതാക്കള്‍ തന്നെ പറയുകയും ചെയ്യും. വികസനത്തിനെതിരെ നില്‍ക്കുന്നവരെ ഗുണ്ടാ നിയമം കൊണ്ട് നേരിടുമെന്ന് പറഞ്ഞതും കേരളത്തിന്റെ മുഖ്യമന്ത്രിയായ സിപിഎം പൊളിറ്റ് ബ്യുറോ അംഗം തന്നെയാണ്. ഭരണവും സമരവും എന്നത് ഒരു പ്രയോഗിക സമീപനമല്ലെന്നത് പ്രാഗ്മാറ്റിസ്റ്റുകള്‍ക്ക് നല്ല ബോധ്യമുണ്ട്.

പാര്‍ട്ടിയുടെ സ്വാധീന പ്രദേശങ്ങളിലെ ഭരണം എങ്ങനെ മറ്റുള്ള സ്ഥലങ്ങളിലെ മുന്നേറ്റത്തിന് ഉപയോഗിക്കണമെന്നത് സിപിഎമ്മിന്റെ ആലോചന വിഷയങ്ങളില്‍ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ഇവിടെയും സിപിഎം തന്നെ ചൂണ്ടിക്കാട്ടിയ പാര്‍ലമെന്ററി സ്വാധീനത്തില്‍ പ്രായോഗിക നിലപാടുകള്‍ മാറ്റുകയാണ് പാര്‍ട്ടി ചെയ്യുന്നത്. ഇതാണ് ബംഗാളില്‍ ചെയ്തത്. സിപിഎം ബംഗാളില്‍ പരാജയപ്പെട്ടതിന് ശേഷം എഴുതിയ പഠനത്തില്‍ പ്രൊഫ. പ്രഭാത് പട്‌നായിക് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. ബംഗാളില്‍ നടപ്പിലാക്കിയ തരം വ്യവസായവല്‍ക്കരണത്തെ ചൂണ്ടിയാണ് പ്രഭാത് പട്‌നായിക് ഇങ്ങനെ പറഞ്ഞത്. ' ..Its attempt to pursue 'industrialisation' in West Bengal in a bid to consolidate itself there by preventing possible middle class alienation from it, which it sees essential in a context where the party is not growing elsewhere has actually also stood in the way of the party's growth elsewhere' ( Left in Decline - Prabhat Patnaik, - Challenges for Indian Left-Ed Murzban Jal). ബംഗാളില്‍ മധ്യവര്‍ഗത്തിനിടയില്‍ പാര്‍ട്ടി അന്യവല്‍ക്കരിക്കപ്പെടാതിരിക്കാന്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ മറ്റിടങ്ങളില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് വിഘാതമാകുകയാണ് ചെയ്‌തതെന്നാണ് പ്രഭാത് പട്‌നായിക് വിശദീകരിച്ചത്.

കിഫ്ബിയും സില്‍വര്‍ ലൈനും യുഎപിഎയും ചേര്‍ത്തുള്ള പ്രാഗ്മാറ്റിസത്തില്‍ അര്‍മാദിക്കുമ്പോഴും, വിപ്ലവ മോഹങ്ങള്‍ കൈവിടാന്‍ തയ്യാറാകാത്തതിന്റെ പരിഭ്രമങ്ങളാണ് കരട് രേഖയില്‍ ഇത്തവണയും ഉള്ളത്.

ചെകോസ്ലാവാക്യയില്‍ പ്രാഗ് വസന്തത്തിന്റെ തുടക്ക കാലത്ത് നടന്ന സംഭവങ്ങളിലും ഇതിന് കൗതുകകരമായ സമാനത കാണാം. അന്ന് അധികാരത്തിലുണ്ടായിരുന്ന അലക്‌സാണ്ടര്‍ ദ്യൂബ് ചെക്, പ്രാഗ് വസന്തത്തെ സമ്പൂര്‍ണമായി അടിച്ചമര്‍ത്തരുതെന്നും അങ്ങനെ ചെയ്താല്‍ പശ്ചിമ യൂറോപ്പിലെ ഇടത് മുന്നേറ്റത്തെ അത് ബാധിക്കുമെന്നും താനുമായി ചര്‍ച്ച നടത്താന്‍ വന്ന സോവിയറ്റുകളോട് പറഞ്ഞു. അതിനുള്ള സോവിയറ്റ് യൂണിയന്റെ മറുപടി 'വിഡ്ഢിത്തം പറയാതിരിക്കൂ, പശ്ചിമ യൂറോപില്‍ ഇടതുപക്ഷ മുന്നേറ്റത്തിന് ഒരു സാധ്യതയുമില്ലാ' എന്നായിരുന്നു. ('Stages of Economic Growth' എന്ന പുസ്തകത്തിന് പോള്‍ ബാരനും ഹോംബ്‌സ്ബാമും എഴുതിയ റിവ്യു പ്രഭാത് പട്‌നായിക്ക് ഉദ്ധരിച്ചതില്‍നിന്ന്). ഇതുതന്നെയാണ് ബംഗാളില്‍ നടന്നതെന്നാണ് പ്രഭാത് പട്‌നായിക് ചൂണ്ടിക്കാണിക്കുന്നത്. മറ്റിടങ്ങളില്‍ വളരുന്നില്ല. മധ്യവര്‍ഗത്തെ അന്യവല്‍ക്കരിക്കാനും വയ്യ. അതിന് വേണ്ടി നടപ്പിലാക്കിയ നയങ്ങള്‍ മറ്റിടങ്ങളിലും യഥാര്‍ത്ഥത്തില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാവുകയും ചെയ്തു.

ചരിത്രത്തിന്റെ ആവര്‍ത്തനം ഏത് രീതിയിലായിരുന്നാലും കേരളത്തിലും സംഭവിക്കുന്നത് ഇതു തന്നെ. ഡ്യൂബ് ചെക് സോവിയറ്റ് അധിനിവേശക്കാരോട് പറഞ്ഞതുപോലെ കേരളത്തിലെ പാര്‍ട്ടി നേതാക്കളോട് പറയാന്‍ ഇവിടെയാരുമില്ലെന്ന് മാത്രം. കിഫ്ബിയും സില്‍വര്‍ ലൈനും യുഎപിഎയും ചേര്‍ത്തുള്ള പ്രാഗ്മാറ്റിസത്തില്‍ അര്‍മാദിക്കുമ്പോഴും, വിപ്ലവ മോഹങ്ങള്‍ കൈവിടാന്‍ തയ്യാറാകാത്തതിന്റെ പരിഭ്രമങ്ങളാണ് കരട് രേഖയില്‍ ഇത്തവണയും ഉള്ളത്. തുടക്കത്തില്‍ ഉദ്ധരിച്ച പി സുന്ദരയ്യയുടെ വാക്കുകളിലും അത് തന്നെയാണ്. വ്യവസ്ഥയുടെ സംരക്ഷണത്തില്‍ ഒരു വിപ്ലവപാര്‍ട്ടിയെ അവതരിപ്പിക്കാനുള്ള ശ്രമം.അതൊരു മിസ്‌നോമര്‍ ആണെങ്കില്‍ എന്ത്.

Leave a comment