TMJ
searchnav-menu
post-thumbnail

Outlook

അക്കാദമിക് നിയമനങ്ങളുടെ ഭൂതവും ഭാവിയും; ഒരു കോടതി വിധി ഉയർത്തുന്ന ചോദ്യങ്ങൾ

29 Aug 2022   |   1 min Read
Jayaram Janardhanan

ഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആന്റ് ഡെവലപ്മെന്റ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി ഡോ.രേഖാരാജിന് നിയമനം നൽകിയതിനെതിരായി കോട്ടയം സ്വദേശിനി ശ്രീമതി നിഷ വേലപ്പൻ നായർ നൽകിയ പരാതി കേരള ഹൈക്കോടതിയുടെ രണ്ടംഗ ബഞ്ച് അംഗീകരിക്കുകയും അവരുടെ നിയമനം റദ്ദാക്കുകയും ഡോ.രേഖാ രാജിന് പകരമായി പരാതിക്കാരിയെ നിയമിക്കാൻ ഉത്തരവിടുകയും ചെയ്തു. സർവകലാശാലകളിലെയും കോളേജുകളിലെയും അധ്യാപക നിയമനത്തിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുക വഴി ഉന്നത വിദ്യാഭ്യാസ മേഖലയിൽ ദൂരവ്യാപകമായ പല മാറ്റങ്ങൾക്കും നിമിത്തവും ആയേക്കാം ഈ വിധി. ഇതടിസ്ഥാനമായെടുത്താൽ യൂണിവേഴ്സിറ്റികളിലും കോളേജുകളിലും നടന്ന പല നിയമനങ്ങളേയും മുൻകാല പ്രാബല്യത്തോടെ അസ്ഥിരപ്പെടുത്താൻ സാധിക്കും എന്നതാണ് പൊടുന്നനെയുള്ള ഒരു പ്രത്യാഘാതമായി ചിലർ ചൂണ്ടിക്കാണിക്കുന്നത്. അതിന്റെ വിശദാംശങ്ങളിലേക്ക് പോകുന്നതിന് മുൻപ് കോടതി ഉത്തരവിൽ എന്താണ് പറയുന്നത് എന്ന് നോക്കുന്നത് പ്രയോജനകരമായിരിക്കും.

ഡോ. രേഖാ രാജിന് നിയമനം ലഭിക്കാൻ ഇടയാക്കിയ സർവ്വകലാശാല വിജ്ഞാപനത്തിൽ മൂന്നു ഒഴിവുകളാണ് നോട്ടിഫൈ ചെയ്തിരിക്കുന്നത്. അതിൽ രണ്ട് ഒഴിവുകൾ ഒ.ബി.സി വിഭാഗത്തിനും ഒരെണ്ണം പൊതു വിഭാഗത്തിലും ആയിരുന്നു. ഈ പൊതുവിഭാഗത്തിലുള്ള ഒഴിവിലേക്കാണ് രേഖാ രാജും നിഷ വേലപ്പൻ നായരും അപേക്ഷിച്ചത്. അന്ന് നിലവിലിരുന്ന യു.ജി.സി റെഗുലേഷൻ 2010 അനുസരിച്ചുള്ള തിരഞ്ഞെടുപ്പ് മാനദണ്ഡ പ്രകാരം അഭിമുഖ സംഭാഷണത്തിന് 20 മാർക്കും മറ്റ് സവിശേഷ യോഗ്യതകൾക്ക്‌ 80 മാർക്കും ആണ് നിശ്ചയിച്ചിരിക്കുന്നത്. ഇതു പ്രകാരം ഡോ രേഖാ രാജിന് നൂറിൽ 49. 40 മാർക്കും നിഷ വേലപ്പൻ നായർക്ക് നൂറിൽ 46. 61 മാർക്കുമാണ് ലഭിച്ചത്. ഇങ്ങനെ ലഭിച്ച ഒന്നാം റാങ്കിന്റെ അടിസ്ഥാനത്തിലാണ് രേഖാ രാജിന് എം.ജി. യൂണിവേഴ്സിറ്റിയിൽ നിയമനം ലഭിക്കുന്നത്.

കോടതിയിൽ രണ്ടാം റാങ്കുകാരിയായ ഡോ. നിഷ വേലപ്പൻ നായർ ഈ മാർക്ക് നൽകിയ രീതിയെയാണ് ചോദ്യം ചെയ്യുന്നത്. അവരുടെ പരാതിയിൽ സൂചിപ്പിക്കുന്നത് പ്രകാരം അവർക്ക് ഇക്കണോമിക്സിൽ എം.എ, എം.ഫിൽ, പി.എച്ച്.ഡി ബിരുദങ്ങൾ ഉണ്ട്‌. ഇതിനു പുറമെ യു.ജി.സി നൽകുന്ന ഡോ എസ്.രാധാകൃഷ്ണൻ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പും നിഷ വേലപ്പൻ നായർക്ക് ലഭിച്ചിട്ടുണ്ട്. ജോലിക്കുള്ള യോഗ്യത പരിഗണിക്കുമ്പോൾ പി.എച്ച്.ഡിക്ക് ആറു മാർക്ക് ബോണസായി ലഭിക്കും. ഈ ആറ് മാർക്ക് തനിക്ക് അനുവദിച്ചിട്ടില്ല എന്നും മുകളിൽ സൂചിപ്പിച്ച യു.ജി.സി പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിനും ലഭിക്കേണ്ട മാർക്ക് നൽകിയില്ല എന്നുമാണ് നിഷ വേലപ്പൻ നായരുടെ പരാതി.

ഇതിനു പുറമെ, രേഖാരാജിന് പല ഇനങ്ങളിലായി അർഹതയില്ലാത്ത മാർക്ക് നൽകി എന്നതാണ് പരാതിക്കാരിയുടെ മറ്റൊരു ആരോപണം. രേഖാരാജിന് പി.എച്ച്.ഡി ക്കുള്ള ഗ്രെയ്‌സ് മാർക്ക് ലഭിക്കാൻ അർഹതയില്ലായെന്നും അവരുടെ പബ്ലിഷ്ഡ് വർക്കുകൾ ഒന്നും തന്നെ യു.ജി.സി. അംഗീകരിച്ച പ്രസിദ്ധീകരണങ്ങളിൽ അല്ല എന്നും ഹർജിക്കാരി വാദിക്കുന്നു. എന്നിട്ടും ഗവേഷണ പ്രസിദ്ധീകരണങ്ങൾക്ക് ഡോ.രേഖ രാജിന് എട്ടു മാർക്ക് നൽകി എന്ന് പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതുകൊണ്ട് തനിക്ക് 54.61 മാർക്കിന് അർഹതയുണ്ട്. അതേസമയം രേഖരാജിന് 35.40 മാർക്ക് മാത്രമേ നൽകാവൂ എന്നും ഡോ. നിഷ വേലപ്പൻ നായർ വാദിക്കുന്നു.

ഇവിടെ മനസിലാക്കേണ്ട പ്രാഥമികമായ കാര്യം അസിസ്റ്റന്റ് ഫ്രൊഫസർ നിയമനത്തിന്റെ അടിസ്ഥാന യോഗ്യത മാസ്റ്റർ ബിരുദവും യു.ജി.സി നടത്തുന്ന നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (NET) ഉം ആണ്. എന്നാൽ യു ജി റെഗുലേഷൻ 2010 പ്രകാരം 2009 നു മുൻപ് പി.എച്ച്.ഡി ക്ക് രജിസ്റ്റർ ചെയ്തവരെ NET യോഗ്യത നേടുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതിനു പക്ഷെ പി.എച്ച്.ഡി, യു ജി റെഗുലേഷൻ 2010 പ്രകാരമാണ് പൂർത്തിയാക്കിയത് എന്ന രേഖ സമർപ്പിക്കണം. ഇതേക്കുറിച്ചു യു.ജി.സി റെഗുലേഷൻ പറയുന്നത് ഇപ്രകാരമാണ്: “NET/SLET/SET shall remain the minimum eligibility condition for recruitment and appointment of Assistant Professors in Universities/Colleges/Institutions. Provided however, that candidates, who are or have been awarded as Ph.D. Degree in accordance with the University Grants Commission (Minimum Standards and Procedure for Award of Ph.D. Degree) Regulations, 2009, shall be exempted from the requirement of the minimum eligibility condition of NET/SLET/SET for recruitment and appointment of Assistant Professor or equivalent positions in Universities/Colleges/Institutions.”

രേഖ രാജിന് MA, NET, PhD യോഗ്യതകൾ ഉണ്ട്. അതേസമയം നിഷ വേലപ്പൻ നായർ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (NET) പാസ്സായിട്ടില്ല. NET ഇല്ലാത്ത സാഹചര്യത്തിൽ, ഇവിടെ നിഷ വേലപ്പൻ നായരുടെ അടിസ്ഥാന യോഗ്യത MA, PhD ആയി മാറുന്നു. PhD അടിസ്ഥാന യോഗ്യതയായി മാറിയ സാഹചര്യത്തിൽ അവർക്ക് PhD യ്ക്ക് നൽകുന്ന 6 മാർക്കിന് അർഹതയില്ല എന്നതാണ് യൂണിവേഴ്സിറ്റി സ്വീകരിച്ച നിലപാട്. ഈയടുത്ത് കേരളത്തിലും പുറത്തും നടന്ന അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള നിയമനങ്ങളിൽ എല്ലാം തന്നെ ഇതേ മാനദണ്ഡമാണ് പിന്തുടർന്ന് പോന്നത്. യു ജി റെഗുലേഷനും അതു തന്നെയാണ് നിര്‍ദ്ദേശിക്കുന്നത്: ("If PhD is the basic qualification at entry level,no mark shall be awarded" എന്നാണ് യു.ജി.സി നിർദ്ദേശത്തിൽ പറയുന്നത്). അടിസ്ഥാന യോഗ്യതക്ക് പുറത്തുള്ളതിനു ആണ് ഗ്രെയ്‌സ് മാർക്ക് ലഭിക്കുക. അടിസ്ഥാന യോഗ്യത നേടുന്നതിനു മുൻപുള്ള അധ്യാപന പരിചയം പോലും മിക്ക യൂണിവേഴ്സിറ്റികളും ഗ്രെയ്‌സ് മാർക്കിനായി പരിഗണിക്കാറില്ല. സർവ്വകലാശാലകളിലെ നിയമനത്തിന് PhD അടിസ്ഥാന യോഗ്യതയാക്കി കൊണ്ടുള്ള നിര്‍ദ്ദേശം ഈയിടെ യു ജി സി അവതരിപ്പിച്ച ശേഷം (ഈ തീരുമാനം നടപ്പിലാക്കുന്നത് യു ജി സി തന്നെ നീട്ടിവെച്ച ശേഷവും) നേരത്തെ PhD ക്കാർക്ക് നൽകി പോന്നിരുന്ന അധിക ഇൻഗ്രിമെൻറ് പോലും സർക്കാരുകൾ നൽകുന്നില്ല എന്നോർക്കണം.

PhD ഉള്ള ആൾക്കാരെ NET യോഗ്യത നേടുന്നതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത് ഒരു level playing field ഉണ്ടാക്കാനാണ് എന്നാണ് ബഹുമാനപ്പെട്ട ഹൈക്കോടതി അഭിപ്രായപ്പെടുന്നത്. അതുകൊണ്ട് NET ഇല്ലാതെ PhD ഉള്ളവർക്കും ആറ് മാർക്കിനുള്ള അവകാശമുണ്ടെന്ന് കോടതി നിരീക്ഷിക്കുന്നു. പക്ഷെ അങ്ങിനെയൊരു വ്യാഖ്യാനത്തിനുള്ള പഴുത് യു ജി സി റെഗുലേഷൻ നൽകുന്നുണ്ടോ എന്നത് സംശയകരമായ കാര്യമാണ്.

അതേ സമയം രേഖ രാജിന് NET യോഗ്യത ഉള്ളതിനാൽ അവർക്ക് അടിസ്ഥാന യോഗ്യതയുടെ മുകളിൽ നേടിയ അക്കാഡമിക നേട്ടമായി PhD പരിഗണിക്കപ്പെടുകയും അതിനുള്ള ആറു മാർക്ക് ലഭിക്കുകയും ചെയ്തു. അതുപോലെ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പുകൾ അവാർഡുകളായി പരിഗണിക്കാൻ കഴിയില്ല എന്നും യൂണിവേഴ്സിറ്റി കോടതിയെ അറിയിച്ചു. രേഖ രാജിന്റെ റിസർച്ച് പബ്ലിക്കേഷൻസ് യു.ജി.സി അംഗീകൃത പ്രസിദ്ധീകരണങ്ങളിൽ അല്ലെങ്കിൽ പോലും അവയുടെ ഗുണനിലവാരം പരിഗണിച്ചാണ് മാർക്ക് നൽകിയത് എന്നാണ് സർവ്വകലാശാലയുടെ നിലപാട്. എന്നാൽ PhD യുടെ കാര്യത്തിൽ സർവ്വകലാശാല നിലപാട് കോടതി അംഗീകരിച്ചില്ല. PhD ഉള്ള ആൾക്കാരെ NET യോഗ്യത നേടുന്നതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത് ഒരു level playing field ഉണ്ടാക്കാനാണ് എന്നാണ് ബഹുമാനപ്പെട്ട ഹൈക്കോടതി അഭിപ്രായപ്പെടുന്നത്. അതുകൊണ്ട് NET ഇല്ലാതെ PhD ഉള്ളവർക്കും ആറ് മാർക്കിനുള്ള അവകാശമുണ്ടെന്ന് കോടതി നിരീക്ഷിക്കുന്നു. പക്ഷെ അങ്ങിനെയൊരു വ്യാഖ്യാനത്തിനുള്ള പഴുത് യു.ജി.സി റെഗുലേഷൻ നൽകുന്നുണ്ടോ എന്നത് സംശയകരമായ കാര്യമാണ്. ഇല്ലെന്നാണ് ഇന്ത്യയിൽ ഇതുവരെയും നടന്ന നിയമനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിന് മാർക്ക് നൽകാത്തത് യൂണിവേഴ്സിറ്റിയുടെ തീരുമാനമായി അംഗീകരിച്ച കോടതി അതിൽ അഭിപ്രായം ഒന്നും പറയുന്നില്ല. അതുപോലെ രേഖരാജിന്റെ PhD ഗ്രെയ്‌സ് മാർക്കിനായി പരിഗണിക്കരുത് എന്ന നിഷ വേലപ്പൻ നായരുടെ ആവശ്യവും കോടതി നിരസിക്കുന്നുണ്ട്. സർവ്വകലാശാലയുടെ Interdisciplinary methods ന് അത്തരം നിയമനങ്ങൾ ആവശ്യമുണ്ടെന്ന് കോടതി അഭിപ്രായപ്പെടുന്നു.

ഡോ.രേഖരാജിന് ഗവേഷണ പ്രസിദ്ധീകരണങ്ങളുടെ ഇനത്തിൽ എട്ടു മാർക്ക് നൽകിയതിനെ പക്ഷേ കോടതി അതിന്റെ ഉത്തരവിൽ എതിർക്കുന്നു. രേഖ രാജിന്റെ പ്രസിദ്ധീകരണങ്ങൾ ഒന്നും തന്നെ യു.ജി.സി അംഗീകൃത പ്രസിദ്ധീകരണങ്ങളിൽ അല്ല എന്നതാണ് ന്യായം. എന്നാൽ യു.ജി.സി അപ്രൂവ്ഡ് പ്രസിദ്ധീകരണങ്ങൾ എന്നു പറയുന്നതിനോടൊപ്പം തന്നെ, പിയർ റിവ്യൂഡ് ജേർണലുകളും പരിഗണിക്കാം എന്ന് യു.ജി.സി റെഗുലേഷനിൽ പറയുന്നുണ്ട്. അതായത്, യു.ജി.സി അപ്രൂവ്ഡ് ജേർണലിൽ തന്നെ പ്രസിദ്ധീകരിക്കണം എന്ന് യു.ജി.സി നിർദ്ദേശിക്കുന്നില്ല. മാത്രവുമല്ല ഇതേ റെഗുലേഷൻ പ്രകാരം പ്രസിദ്ധീകരണങ്ങളുടെ ഗുണനിലവാരം തീരുമാനിക്കാനുള്ള അധികാരം സെലക്ഷൻ കമ്മറ്റിക്ക് യു.ജി.സി റെഗുലേഷൻ നൽകുന്നുമുണ്ട്. (റഗുലേഷനിലെ 6.0. 5. ഖണ്ഡിക നോക്കുക). രേഖ രാജ് അപേക്ഷയിൽ സൂചിപ്പിച്ച നാലിൽ മൂന്ന് പ്രസിദ്ധീകരണങ്ങളും എഡിറ്റഡ് പുസ്തകങ്ങളിലെ അധ്യായങ്ങൾ എന്ന വിഭാഗത്തിലാണ് പരിഗണിക്കപ്പെട്ടത്. അതായത് അപേക്ഷ സമർപ്പിക്കുന്ന സമയത്ത് നാല് പ്രസിദ്ധീകരണങ്ങൾ മാത്രമാണ് ശ്രീമതി രേഖ രാജ് പരിഗണനയ്ക്കായി സമർപ്പിച്ചിരുന്നത്. അത് പ്രകാരം രേഖ രാജിന് 3 മാർക്ക് മാത്രമാണ് ലഭിച്ചതെങ്കിലും പിന്നീട് അഭിമുഖ സമയത്ത് ഹാജരാക്കിയ പ്രസിദ്ധീകരണങ്ങൾ കൂടി പരിഗണിച്ച് അത് എട്ട് മാർക്കായി മാറുകയായിരുന്നു. ഈയൊരു മാർക്ക് മാറ്റം കോടതി അംഗീകരിക്കുന്നില്ല. അതുകൊണ്ട് ഈ ഇനത്തിൽ 3 മാർക്കിന് മാത്രമെ ശ്രീമതി രേഖ രാജിന് അർഹതയുള്ളൂ എന്ന നിഗമനത്തിലാണ് കോടതി എത്തിച്ചേർന്നത്. കോടതിയുടെ അഭിപ്രായത്തിൽ ഡോ രേഖ രാജിന് നൽകിയതിൽ അഞ്ച് മാർക്ക് കുറവ് ചെയ്യുകയും നിഷ വേലപ്പൻ നായർക്ക് മാർക്ക് വർധിപ്പിച്ചു നൽകുകയും ചെയ്യുക വഴി ഇവരുടെ മൊത്തം മാർക്ക് യഥാക്രമം 44.40 ഉം 52.61 ആയി മാറും. സ്വാഭാവികമായി ഒന്നാം സ്ഥാനത്ത് എത്തിച്ചേരുന്ന നിഷ വേലപ്പൻ നായർക്ക് നിയമനം ലഭിക്കുകയും ചെയ്യും. അതുപ്രകാരം ചെയ്യാനാണ് ബഹുമാനപ്പെട്ട കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

എന്നാൽ കോടതിയുടെ തന്നെ ഈ വിധി റാങ്ക് ലിസ്റ്റിലെ മറ്റു ഉദ്യോഗാർഥികളെ എങ്ങിനെ ബാധിക്കും എന്ന് പരിശോധിക്കാൻ കോടതി മെനക്കെട്ടുമില്ല. ഈ കോടതി വിധിയുടെ പശ്ചാത്തലത്തിൽ നിലവിലുള്ള റാങ്ക് ലിസ്റ്റിലെ മാർക്ക് വിതരണത്തിന്റെ സ്വഭാവം പരിശോധിക്കുമ്പോൾ അങ്ങനെയുള്ള മാറ്റങ്ങൾക്കുള്ള സാധ്യതകൾ ഏറെയാണ് താനും. പകരം നിഷ വേലപ്പൻ നായരെ നിയമിക്കണം എന്നാവശ്യപ്പെടുകയാണ്. ഇത് കോടതി വിധിയുടെ ഉദ്ദേശ്യ ശുദ്ധിയെ ചോദ്യം ചെയ്യാൻ പലരെയും പ്രേരിപ്പിക്കുന്ന ഘടകമാണ് എന്ന് ഇതിനോടകം തന്നെ വിമർശനം ഉയർന്നു കഴിഞ്ഞു.

കോടതി വിധി വായിച്ചാൽ സർവ്വകലാശാലയ്ക്ക് എതിരെയോ ഇന്റർവ്യൂ ബോർഡിന് എതിരായോ കോടതി ഒന്നും പറയുന്നില്ല എന്നത് വ്യക്തമാണ്. രേഖ രാജിനെ നിയമിക്കാൻ സ്വീകരിച്ച നടപടിക്രമം കോടതിയ്ക്ക് സ്വീകാര്യമായില്ല എന്നു മാത്രം. ഇതുപക്ഷേ സർവകലാശാല പ്രത്യേകമായി സ്വീകരിച്ച നടപടിക്രമം അല്ല താനും. യു.ജി.സി റെഗുലേഷൻ 2010 പ്രകാരം മറ്റെല്ലാ സർവ്വകലാശാലകളും പിന്തുടരുന്ന നിര്‍ദ്ദേശങ്ങൾ ആണ്. ഏറ്റവും ഒടുവിൽ കേരളത്തിലെ സർവ്വകലാശാലകളിൽ നടന്ന നിയമനങ്ങളിലും യു ജി സിയുടെ സമാനമായ 2018 ലെ റെഗുലേഷൻ പ്രകാരമാണ് നിയമനം നടന്നത് എന്നു കാണാം.

കേരള ഹൈക്കോടതിയുടെ ഈ പുതിയ വിധി നിരവധി പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് സ്വാഭാവികമായും സംശയിക്കാം. 2010 ലെ പുതിയ യു.ജി.സി മാനദണ്ഡപ്രകാരം അപേക്ഷകർ ഇന്റർവ്യൂ റൗണ്ടിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ പിന്നെ ഇന്റർവ്യൂവിൽ ലഭിക്കുന്ന മാർക്ക് മാത്രമാണ് മാനദണ്ഡം. പക്ഷേ മുൻ സംവിധാനത്തിൽ അത് 80:20 ആയിരുന്നു. 80 മാർക്ക് അക്കാഡമിക നേട്ടങ്ങൾക്കും 20 മാർക്ക് ഇന്റർവ്യൂവിനും . ഇതുപ്രകാരം നടന്ന നിയമനങ്ങൾ എല്ലാം ഇനി കോടതിയിൽ ചോദ്യം ചെയ്യാൻ പറ്റുന്ന സാഹചര്യമാണ് ഈ വിധിയോടെ നിലവിൽ വന്നിരിക്കുന്നത്. NET ഇല്ലാത്ത Phd ക്കാർക്ക് ജോലി നിഷേധിച്ചിട്ടുണ്ടെങ്കിൽ അവർക്കെല്ലാം ഈ വിധിയുടെ അടിസ്ഥാനത്തിൽ പുതിയ അവകാശ വാദങ്ങൾ ഉന്നയിക്കാൻ ഇതുവഴി സാധിക്കും. മറ്റൊന്ന് NET യോഗ്യതയെ ഈ വിധി തരംതാഴ്ത്തുന്നു എന്നതാണ്. NET യഥാർത്ഥത്തിൽ പ്രാഥമിക യോഗ്യതയും PhD ഉണ്ടെങ്കിൽ അത് അധിക യോഗ്യതയായി പരിഗണിക്കാം എന്നതുമായിരുന്നു ഇതുവരെയുള്ള സാഹചര്യം. അതായത് NET ഇല്ലാത്തവരെ സംബന്ധിച്ചിടത്തോളം അടിസ്ഥാന യോഗ്യത മാത്രമായാണ് PhD കണക്കാക്കപ്പെട്ടിരുന്നത്. ആ അവസ്ഥ ഇപ്പോൾ മാറുകയാണ്.

ഉദ്യോഗാർഥികൾ സമർപ്പിക്കുന്ന തങ്ങളുടെ പഠനങ്ങൾ പ്രസിദ്ധീകരിക്കുന്ന ജേർണലുകളുടെ ലിസ്റ്റ് പരിശോധിച്ചാൽ അവയിലേറെയും തങ്ങളുടെ തന്നെ ഡിപ്പാർട്മെന്റോ, തങ്ങളുടെ സൂപ്പർവൈസേഴ്സ് എഡിറ്റർമാരോ ആയ ജേർണലുകളാണ് എന്ന് കാണാം.

മറ്റൊന്ന് പ്രമുഖരായ അക്കാദമീഷ്യൻമാർ നേതൃത്വം നൽകുന്ന ബോർഡ് ആണ് ഇവിടെ നിയമനത്തിന് ആധാരമായ തിരഞ്ഞെടുപ്പ് നടത്തിയത്. അതിൽ ഗവർണർ, യു.ജി.സി, സർവ്വകലാശാല തുടങ്ങി വിവിധ ഏജൻസികളുടെ പ്രതിനിധികൾ ഉണ്ട്. ഏതെങ്കിലും ഒരു പോയിന്റിൽ വെച്ച് ഒരു ഏജൻസിക്ക് മാത്രം തീരുമാനിക്കാൻ കഴിയുന്നതല്ല ഈ ബോർഡിന്റെ ഘടന. പ്രസിദ്ധീകരണങ്ങളുടെ ഗുണനിലവാരവും മികവും വിലയിരുത്താൻ ആ ബോർഡിലുള്ള വിഷയ വിദഗ്ധർക്കാണല്ലോ ഏറ്റവും അറിവുണ്ടാവുക. അത്തരമൊരു ബോഡിയുടെ തീരുമാനം ഈ സാഹചര്യത്തിൽ അപ്രസക്തമായി മാറുന്നതായി വേണം നാം മനസ്സിലാക്കാൻ. PhD യും പ്രസിദ്ധീകരണങ്ങളും വെറും എണ്ണത്തിന്റെ കളികൾ മാത്രമായി മാറും. ഇക്കാര്യം മനസ്സിലാക്കാൻ യു ജി സി അപ്രൂവ്ഡ് ജേർണലുകളുടെ ലിസ്റ്റിലൂടെ ഒന്നു കണ്ണോടിച്ചാൽ മതിയാകും. ഓരോ ഡിസിപ്ലിനുകളും അതാത് മേഖലകളിലെ മികച്ച ജേർണലുകളായി കാണുന്ന പലതും ആ ലിസ്റ്റിൽ ഇല്ല. യാതൊരു അക്കാദമിക നിലവാരമോ ഇന്റഗ്രിറ്റിയോ ഇല്ലാത്ത, PhD സബ്മിഷനും പ്രമോഷനും വേണ്ടി പ്രസിദ്ധീകരണം നിർബന്ധമാക്കിയ യു.ജി.സി നിർദേശം വന്ന ശേഷം മാത്രം നിലവിൽ വന്ന ഒട്ടനവധി പ്രീഡേറ്ററി ജേർണലുകൾ ആ ലിസ്റ്റിൽ ഉണ്ട് താനും. ഉദ്യോഗാർഥികൾ സമർപ്പിക്കുന്ന തങ്ങളുടെ പഠനങ്ങൾ പ്രസിദ്ധീകരിക്കുന്ന ജേർണലുകളുടെ ലിസ്റ്റ് പരിശോധിച്ചാൽ അവയിലേറെയും തങ്ങളുടെ തന്നെ ഡിപ്പാർട്മെന്റോ, തങ്ങളുടെ സൂപ്പർ വൈസേഴ്സ് എഡിറ്റർമാരോ ആയ ജേർണലുകളാണ് എന്ന് കാണാം. തങ്ങൾക്ക് ഓൾറെഡി ഉള്ള സാംസ്കാരിക മൂലധനത്തിന്റെ പുനരുത്പാദനത്തിനുള്ള വേദി എന്ന നിലയിലാണ് ഇങ്ങിനെ സമാന സ്വഭാവമുള്ള ജേർണലുകളിൽ മാത്രം പഠനങ്ങൾ പ്രസിദ്ധീകരിക്കുന്നവർ ചെയ്തുകൊണ്ടിരിക്കുന്നത്. യഥാർഥത്തിൽ അത്തരക്കാർക്കു വേണ്ടിയാണ് ഇത്തരം ജേർണലുകൾ പ്രവർത്തിക്കുന്നതും.

Representational image: Wiki commons

അതായത്, പ്രസിദ്ധീകരണങ്ങളുടെ ഗുണ നിലവാരം യഥാവിധി മനസ്സിലാക്കി തീരുമാനം എടുക്കാനുള്ള സംവിധാനം തന്നെ നിലവിൽ ഇല്ല. അങ്ങിനെ വരുമ്പോൾ ഒട്ടനവധി റിവ്യൂ പ്രോസസ്സുകളിലൂടെ കടന്നുപോയി രണ്ടും മൂന്നും വർഷം എടുത്ത് ബയോസ്കോപ്പ് പോലൊരു ജേർണലിൽ വരുന്ന സിനിമയെ കുറിച്ചുള്ള ലേഖനവും, 2022 ൽ എഴുതി, യാതൊരു വിധ റിവ്യൂ പ്രോസസും ഇല്ലാതെ 2019 ൽ തന്നെ പ്രസിദ്ധീകരിച്ചു എന്നു വരുത്തി തരുന്ന കേരളത്തിലെ ഏതെങ്കിലും സ്വകാര്യ കോളേജുകളുടെ ജേർണലും തമ്മിൽ യാതൊരു വ്യത്യാസവും ഇല്ല എന്നു വരും. രണ്ടിനും ലഭിക്കുക ഒരേ മാർക്കാണ്. അക്കാദമിക് വിദഗ്ദർക്ക് പകരം അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫിൽ പെട്ടവരുടെ എണ്ണം എടുക്കലിലേക്ക് പ്രസിദ്ധീകരണങ്ങൾ ഒതുങ്ങും. ഈ പഴുത് ഉപയോഗിച്ച് പത്രമാധ്യമങ്ങളിൽ എഴുതിയ ലേഖനങ്ങൾക്കുവരെ എ.പി.എ സ്‌കോർ ക്ലെയിം ചെയ്തവരും അതു ലഭിച്ചവരും ഉണ്ട്. ഇങ്ങിനെയുള്ള തെറ്റായ വിലയിരുത്തലുകളിലൂടെ നടക്കുന്ന level playing field ലൂടെയാണ് പലപ്പോഴും പലരും അഭിമുഖത്തിലേക്ക് തന്നെ തിരഞ്ഞെടുക്കപ്പെടുന്നത്. അഭിമുഖത്തിന് മുന്നോടിയായി പൂരിപ്പിച്ചു നൽകേണ്ട ഫോമിൽ ജേർണലുകളുടെ എണ്ണം മാത്രം രേഖപ്പെടുത്താനുള്ള സ്ഥലമോ പലയിടങ്ങളിലും നൽകുന്നുള്ളൂ. ജേർണലിനെ പേരിലോ മറ്റു വിശദാംശങ്ങളിലോ ആർക്കും താല്പര്യമില്ല. ഇപ്പോൾ പലയിടത്തും നടന്നുവരുന്ന ആ തെറ്റായ പ്രാക്ടീസിന് നിയമ സാധുത നൽകുകയാണ് ഈ കോടതി വിധി ചെയ്യുന്നത്.

PhD യുടെ കാര്യത്തിലും സംഭവിക്കുന്നത് ഇതു തന്നെ. അതുകൊണ്ടാണല്ലോ 60 ശതമാനം വരെ കോപ്പിയടി കണ്ടുപിടിക്കപ്പെട്ടിട്ടും ആ അത്തരമൊരു PhD യുടെ ബലത്തിൽ ചിലർക്ക് സർവകലാശാലകളിൽ കയറിപ്പറ്റാൻ സാധിക്കുന്നത്. പ്രസിദ്ധീകരണം സംബന്ധിച്ച യു.ജി.സി റെഗുലേഷൻ അക്കാദമിക് നിലവാരത്തെ മെച്ചപ്പെടുത്തുകയല്ല, കൂടുതൽ ബലഹീനമാക്കുകയാണ് എന്നു ചുരുക്കം. ഇന്ത്യയിലെ പേരും പെരുമയുമുള്ള ഏതു അക്കാദമിക് ആണ് ഈ യു.ജി.സി അപ്പ്രൂവ്ഡ് കെയർ ലിസ്റ്റിൽ ഉള്ള ജേർണലുകളിൽ പ്രസിദ്ധീകരിച്ചത്? പകരം PhD സബ്മിഷനും ജോലിക്കും പ്രമോഷനും വേണ്ടിയുള്ള കള്ളക്കളി മാത്രമായി ഈ ജേർണൽ ലിസ്റ്റ് ഒതുങ്ങി. രേഖാരാജിന്റെയും നിഷാ വേലപ്പൻ നായരുടെയും അക്കാദമിക് ട്രജക്ടറിയും പ്രസിദ്ധീകരണങ്ങളുടെ സ്വഭാവവും താരതമ്യപ്പെടുത്തി നോക്കിയാൽ ഇക്കാര്യങ്ങൾ പകൽപോലെ വ്യക്തമാകും. 150 പ്രസിദ്ധീകരണങ്ങൾ എന്നൊക്കെയുള്ള ഗണാത്മക വാദങ്ങൾ നിയമനം ലഭിക്കാനുള്ള മാനദണ്ഡമായി ഉയർന്നുവരുന്നത് ഈ പശ്ചാത്തലത്തിൽ ആണ്. അവയൊന്നും തന്നെ അക്കാദമിക്‌സിന്റെ ഗുണനിലവാരത്തെ തെല്ലും അഭിമുഖീകരിക്കുന്നില്ല. നമുക്ക് വേണ്ടത് കൂടുതൽ പ്രസിദ്ധീകരണങ്ങളും പി.എച്ച്.ഡി കളും അല്ല, മെച്ചപ്പെട്ട പ്രസിദ്ധീകരണങ്ങളും പി.എച്ച്.ഡി കളും ആണ്. അത്തരമൊരു സമീപനം ഇല്ലാത്തതു കൊണ്ടാണ് കോപ്പിയടിക്ക് പിടിക്കപ്പെട്ട ഉദ്യോഗാർത്ഥിക്ക്, താൻ പി.എച്ച്.ഡി സമർപ്പിക്കുന്ന സമയത്ത് കോപ്പിയടി സംബന്ധിച്ച നിയമം ഇല്ലായിരുന്നു എന്നു പറഞ്ഞു ഇപ്പോഴും യൂണിവേഴ്‌സിറ്റിയിൽ അധ്യാപകനായി പിടിച്ചു നിൽക്കാൻ കഴിയുന്നത്.

ഉന്നത വിദ്യാഭ്യാസ മേഖലയെ കുറിച്ച് ഏറെ അജ്ഞതകൾ നിലനിൽക്കുന്ന ഒരു പ്രദേശമാണ് കേരളം. മെച്ചപ്പെട്ട അക്കാദമിക് സ്ഥാപനങ്ങൾ നമുക്ക് ഇല്ല എന്നതു തന്നെ പ്രധാനപ്പെട്ട കാരണം. ഈ അജ്ഞതകൾക്ക് പുറത്താണ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിയമനങ്ങൾ ഉൾപ്പടെയുള്ള വിഷയങ്ങളിൽ കേരളത്തിൽ ചർച്ചകൾ നടക്കുന്നതും പൊതുബോധങ്ങൾ സൃഷ്ടിക്കപ്പെടുന്നതും. നിയമനത്തിനുള്ള യു.ജി.സി നിർദേശം പോലും വായിക്കാതെ ഇതേ കുറിച്ചുള്ള ചർച്ചകൾ സാധ്യമായ മാധ്യമ പരിസരമാണ് നമ്മുടേത്. ആ പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള പരിഹാര നടപടികൾ ആണ് പലപ്പോഴും ഉണ്ടാവാറുള്ളത്. ആ അജ്ഞതയും പൊതുബോധവും ഇവിടെയും പ്രകടമാണ്. പൊതു കാറ്റഗറിയിൽ നിയമനം നേടിയ ഒരു ദളിത് ഫെമിനിസ്റ്റ് ആക്റ്റിവിസ്റ്റ് ബുദ്ധിജീവിയോട് നിലനിൽക്കുന്ന പൊതുബോധത്തിന്റെ കൂടി പശ്ചാത്തലത്തിൽ വേണം ഈ വിധിയെ വായിക്കാൻ എന്ന ചിലരുടെ നിരീക്ഷണവും അവഗണിക്കാവുന്നതല്ല. ജനറൽ കാറ്റഗറിയിൽ പ്രവേശനം നേടിയ സംവരണ സമുദായങ്ങളിൽ നിന്നുള്ള പല ഉദ്യോഗാർത്ഥികൾക്കും എതിരെയുള്ള കേസുകളും പരാമർശങ്ങളും ഈ നിരീക്ഷണത്തെ കൂടുതൽ ബലപ്പെടുത്തുന്നു. രേഖാരാജിനെ ഒഴിവാക്കണം എന്ന നിർദേശം സ്വാഭാവികമായും സാമൂഹിക നീതിയെപ്പറിയുള്ള സങ്കൽപ്പനങ്ങളിലും ചില വിള്ളലുകൾ ഉണ്ടാക്കുന്നുണ്ട്. അക്കാദമിക് നിയമനങ്ങളിൽ ഗുണാത്മകമായ കൂടുതൽ മാനദണ്ഡങ്ങൾ കൊണ്ടുവരേണ്ടുന്നതിന്റെ ആവശ്യകതയിലേക്കാണ് ഈ വിവാദങ്ങളെല്ലാം തന്നെ വിരൽ ചൂണ്ടുന്നത്.

അതേ സമയം ഈ വിവാദം നമ്മുടെ സിവിൽ സമൂഹ ബുദ്ധിജീവികളുടെയും ആക്ടിവിസ്റ്റുകളുടെയും കാപട്യം കൂടി പുറത്ത് കൊണ്ടു വരാൻ അവസരം നൽകി എന്നത് മറച്ചു വെക്കാൻ കഴിയില്ല. നീതിയോ മറ്റ് ഉന്നത സാമൂഹിക ബോധ്യങ്ങളോ അല്ല പലപ്പോഴും ഈ 'ശാശ്വത പ്രതിപക്ഷത്തിന്റെ' പ്രചോദനം. അത് പ്രത്യക്ഷമോ ഒളിച്ചു കടത്തുന്നതോ ആയ ഇടത് രാഷ്ട്രീയ വിരോധമാണെന്ന് പരസ്യമായ രഹസ്യമാണ്. ഡോ രേഖ രാജിനെ പോലൊരാളെ പിന്തുണയ്ക്കുകയും എന്നാൽ സമാനമായ അനുഭവത്തിൽ കൂടി കടന്നു പോകുന്ന വേറൊരു വ്യക്തി, അവർ ഇടതുപക്ഷത്തിന്റെ ഭാഗമാണ് എന്നത് കൊണ്ട് മാത്രം പിന്തുണയ്ക്കാതെ തന്ത്രപരമായി മൗനം പാലിക്കുന്നത് ഈയൊരു ഗ്രൂപ്പിന്റെ പൊതുരീതിയാണ്. അത്തരം നിലപാടുകൾ സൂചിപ്പിക്കുന്നത് ഉന്നത ജനാധിപത്യ ബോധ്യങ്ങളെക്കാൾ ഉപരിയായി ട്രൈബലിസ്റ്റിക് സ്പിരിറ്റ് ആണ് ഇവരെ നയിക്കുന്നത് എന്നാണ്.

Leave a comment