പോള്‍ ഫാര്‍മര്‍: രോഗങ്ങളുടെ സാമൂഹ്യ വേരുകള്‍ തേടിയ ഡോക്ടര്‍
PHOTO : PIH
വ്യക്തിപരമായും അല്ലാതെയും ഡോക്ടര്‍ പോള്‍ ഫാര്‍മറിനെ അറിഞ്ഞവര്‍ക്ക് അദ്ദേഹത്തിന്റെ മരണം ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല. അവിശ്വസനീയം എന്നാണ് എല്ലാവരുടെയും പ്രതികരണം. സാമൂഹ്യ വ്യവസ്ഥയും രോഗവും തമ്മിലുള്ള ബന്ധത്തെ പറ്റി അസാധാരണമായ അവഗാഹമുണ്ടായിരുന്ന ഡോക്ടറും, നരവംശ ശാസ്ത്രജ്ഞനുമായിരുന്ന ഫാര്‍മര്‍ ഫെബ്രുവരി 21 ന് ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ വച്ച് അറുപത്തിരണ്ടാം വയസ്സില്‍ മരണമടഞ്ഞു. ഉറക്കത്തില്‍ സംഭവിച്ച ഹൃദയാഘാതമായിരുന്നു മരണകാരണം. പൊതുജനാരോഗ്യ മേഖലയില്‍ ഇത്രയേറെ ദൂരവ്യാപകമായ ചിന്തകളിലും പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരുന്നു ഒരു ഭിഷഗ്വരന്‍ ഒരു പക്ഷെ സമീപകാലത്ത് വേറെയുണ്ടാവില്ല. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളില്‍ വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ രോഗവും സാമൂഹ്യ വ്യവസ്ഥയും തമ്മിലുള്ള ബന്ധത്തിന്റെ കെട്ടുപാടുകളെ പറ്റിയുള്ള അന്വേഷണം അദ്ദേഹം ആരംഭിച്ചു. വൈദ്യശാസ്ത്രത്തോടൊപ്പം നരവംശശാസ്ത്രവും പഠിച്ച ഫാര്‍മറിന്റെ അന്വേഷണങ്ങള്‍ സൈദ്ധാന്തിക തലങ്ങളില്‍ മാത്രമായിരുന്നില്ല. പട്ടിണിയും, ദാരിദ്ര്യവും, പകര്‍ച്ച വ്യാധികളും, മാറാരോഗങ്ങളും വിട്ടുമാറാതെ പിന്തുടരുന്ന പ്രദേശങ്ങളില്‍ ജീവിക്കുകയും, ചികിത്സിക്കുകയും ചെയ്യുന്നതിലൂടെ തന്റെ നിഗമനങ്ങളും, വീക്ഷണങ്ങളും വികസിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. Partners in Health (PIH) എന്ന സംഘടനയുടെ സ്ഥാപക ഡയറക്ടര്‍ എന്ന നിലയില്‍ തന്റെ കണ്ടെത്തലുകള്‍ സാക്ഷാത്ക്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നിരന്തരം വ്യാപൃതനായിരുന്നു അദ്ദേഹം.
മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലഘട്ടത്തില്‍ ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായ ഹയ്തിയിലെ തന്നെ ഏറ്റവും ദരിദ്രമായ ഒരു പ്രദേശത്തായിരുന്നു അദ്ദേഹം പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. മൂന്നു നൂറ്റാണ്ടുകളിലധികമായി തുടരുന്ന കൊളോണിയല്‍, നിയോ-കൊളോണിയല്‍ അധിനിവേശം ഒരു ജനതയെ, സമൂഹത്തെ മുഴുവന്‍ രോഗഗ്രസ്തമാക്കിയതിന്റെ നാള്‍വഴികള്‍ ഡോ. ഫാര്‍മര്‍ ഹൃദിസ്ഥമാക്കുന്നത് ഹയ്തിയില്‍ നിന്നായിരുന്നു. 1789 ലെ ഫ്രഞ്ച് വിപ്ലവത്തിന്റെ അതേ കാലയളവില്‍ (1791) ഹയ്തിയിലെ കറുത്ത വര്‍ഗ്ഗക്കാരായ അടിമകള്‍ ഫ്രഞ്ചുകാര്‍ക്കും മറ്റുള്ള വെള്ളക്കാര്‍ക്കും എതിരെ നടത്തിയ കലാപം വംശീയതയെയും, കൊളോണിയല്‍ വിരുദ്ധതയെയും, ജനാധിപത്യത്തെയും കുറിച്ചുളള പാഠപുസ്തകങ്ങളില്‍ ഇനിയും ഇടം പിടിച്ചിട്ടില്ല. സി.എല്‍.ആര്‍ ജെയിംസിന്റെ ബ്ലാക് ജാക്കോബിന്‍സ് പോലുള്ള കൃതികള്‍ ഹായ്തിയുടെ കലാപത്തിന്റെ ചരിത്രം വീണ്ടെടുക്കാന്‍ നടത്തിയ ജ്ഞാനസിദ്ധാന്തപരമായ പരിശ്രമങ്ങള്‍ക്ക് സമാനമാണ് ഹയ്തിയിലെ പൊതുജനാരോഗ്യ മേഖലയെക്കുറിച്ചുള്ള ഫാര്‍മറിന്റെ പഠനങ്ങള്‍. ഹയ്തിയിലെ എയിഡ്‌സ് രോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള രണ്ട് കൃതികള്‍ Aids and Accusation 1992 ലും, The Use of Haiti 1994 ലും അദ്ദേഹം പൂര്‍ത്തിയാക്കി. 'ഭൂമിശാസ്ത്രപരമായി വിശാലവും, ചരിത്രപരമായി ആഴവും' എന്ന ഫാര്‍മറിന്റെ സമീപനം ഇരു കൃതികളിലും വെളിവാകുന്നുവെന്ന് സെയ്ജി യമാദയും, ഗ്രെഗറി മാസ്‌കെറിനെക്കും അഭിപ്രായപ്പെടുന്നു(1).
സമൂഹത്തില്‍ അന്തസ്ഥിതമായ, ഘടനാപരമായ ഹിംസയുടെ ഭാഗമാണ് രോഗങ്ങളെന്നു വിശദീകരിയ്ക്കുന്ന 'പതോളജീസ് ഓഫ് പവര്‍' എന്ന കൃതിയിലാണ് ഡോക്ടര്‍ ഫാര്‍മര്‍ ആദ്യമായി ശ്രദ്ധയില്‍ വരുന്നത്. ഹയ്തിയിലും, ആഫ്രിക്കയിലും, ലാറ്റിനമേരിക്കയിലും, റഷ്യയിലും, അമേരിക്കയിലും ഭിഷഗ്വരനായി പ്രവര്‍ത്തിച്ച അനുഭവങ്ങളെ അടിസ്ഥാനമാക്കി എഴുതിയ ഈ കൃതിയില്‍ അന്തസ്സായ ചികിത്സയും, ആരോഗ്യ പരിരക്ഷയും ഭൂരിഭാഗം ജനങ്ങള്‍ക്കും നിഷേധിക്കപ്പെടുന്ന അവസ്ഥയെ ഘടനാപരമായ ഹിംസയെന്ന് ഫാര്‍മര്‍ വിശേഷിപ്പിക്കുന്നു. ഡോക്ടര്‍ ഫാര്‍മറല്ല ഈ കണ്ടെത്തല്‍ ആദ്യമായി നടത്തുന്നതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷെ ആരോഗ്യ നയരൂപീകരണങ്ങളിലും, മുന്‍ഗണനകള്‍ നിശ്ചയിക്കുന്നതിലുമടക്കമുള്ള കാര്യങ്ങളില്‍ ഘടനാപരമായ ഹിംസ -- സാമൂഹ്യ-സാമ്പത്തിക-സാംസ്‌ക്കാരിക-രാഷ്ട്രീയ തലങ്ങളില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നതിന്റെ സൂക്ഷ്മതലങ്ങള്‍ അനാവരണം ചെയ്യുന്നതില്‍ ഫാര്‍മര്‍ മൗലികമായ അവധാനത പുലര്‍ത്തുന്നു. കൊളോണിയലിസം, വംശീയത, ഔഷധ ആരോഗ്യ പരിപാലന വ്യവസായത്തിന്റെ തെറ്റായ മുന്‍ഗണനകള്‍ തുടങ്ങിയ നിരവധി ഘടകങ്ങള്‍ ഇപ്പോഴും പ്രത്യക്ഷമായും പരോക്ഷമായും രോഗബാധയുടെ നിദാനമായി നിലനില്‍ക്കുന്ന സാഹചര്യം അദ്ദേഹം വിവരിക്കുന്നു.
പുസ്തകത്തിന് അവതാരികയെഴുതിയ അമര്‍ത്യ സെന്‍ ചൂണ്ടിക്കാട്ടുന്ന ഒരുദാഹരണം ശ്രദ്ധേയമാണ്. എയ്ഡ്‌സും, ക്ഷയവും മാത്രല്ല മറ്റു പകര്‍ച്ചവ്യാധികളുടെയും കാരണം രാഷ്ട്രീയ, സാമ്പത്തിക ശക്തികളാണെന്നു വിലയിരുത്തുന്ന ഫാര്‍മര്‍ നല്‍കുന്ന ഉദാഹരണങ്ങളില്‍ ഒരെണ്ണം അസേഫി (Acephi) എന്ന പെണ്‍കുട്ടിയുടേതാണ്. ഹയ്തിയിലെ ഏറ്റവും വലിയ നദിയുടെ കരയിലുള്ള കേയ് (Kay) എന്ന ഗ്രാമത്തില്‍ സമ്പന്ന കര്‍ഷക കുടുംബത്തിലായിരുന്നു അസേഫിയുടെ ജനനം. അവളുടെ ഭാഗ്യം അധികകാലം നിലനിന്നില്ല. ഒരു അണക്കെട്ടിന്റെ നിര്‍മാണത്തോടെ അവരുടെ ഗ്രാമം വെള്ളത്തിനടിയിലായി. പുതിയ ജലാശയത്തിന്റെ ഒരു വശത്തുള്ള പാറക്കെട്ടുകള്‍ നിറഞ്ഞ പ്രദേശത്ത് അവരെ പുനരധിവസിപ്പിച്ചു. ജല അഭയാര്‍ത്ഥികള്‍ എന്നു വിളിക്കപ്പെട്ട ഈ ജനങ്ങളുടെ ആവശ്യങ്ങള്‍ ചെവിക്കൊള്ളാന്‍ ആരുമുണ്ടായില്ല. അസേഫിയും കുടുംബവും മറ്റുള്ളവരെ പോലെ കൃഷിയോഗ്യമല്ലാത്ത പ്രദേശത്ത് കൃഷി ചെയ്തു. കാര്‍ഷിക വിളകള്‍ തൊട്ടടുത്ത ചന്തയില്‍ മറ്റു പെണ്‍കുട്ടികളപ്പോലെ വില്‍ക്കാന്‍ അസേഫയും പോയി തുടങ്ങി. ചന്തയിലെ നിത്യ സാന്നിദ്ധ്യമായ പട്ടാളക്കാരുടെ പ്രധാന വിനോദം ഈ പെണ്‍കുട്ടികളുമായുള്ള സല്ലാപമാണ്. നീണ്ടു മെലിഞ്ഞ ശരീരവും വിടര്‍ന്ന കണ്ണുകളുള്ള അസേഫി ക്യാപ്റ്റന്‍ ജാക്വേ ഹോണാറ്റിന്റെ ശ്രദ്ധയില്‍ പെടുവാന്‍ അധികം താമസമുണ്ടായില്ല. വിവാഹിതനും, മറ്റു പല പങ്കാളികളുമുള്ള ഹോണാറ്റുമായുള്ള ബന്ധം അധികം നീണ്ടില്ല. അയാള്‍ പെട്ടെന്നു പനി ബാധിച്ചു മരിച്ചു. ഹയ്തിയുടെ തലസ്ഥാനത്ത് ചെറിയ വേതനത്തില്‍ വീട്ടുവേലക്കാരിയായി ജോലി ലഭിച്ച അസേഫി ബ്ലാങ്കോ നരറ്റേയെന്ന യുവാവുമായി പരിചയപ്പെടുന്നു. അസേഫി ഗര്‍ഭിണിയായതോടെ അവരുടെ ബന്ധം ഉലയുകയും അസേഫിയുടെ ജോലിയും നഷ്ടമാവുന്നു. ഇതോടൊപ്പം അവര്‍ക്ക് എയ്ഡ്‌സ് ബാധിച്ച വിവരവും സ്ഥിരീകരിക്കപ്പെടുന്നു. 22-ാമത്തെ വയസ്സിലെ അസേഫിയുടെ മരണത്തില്‍ ഡോ ഫാര്‍മര്‍ കാണുന്നത് ഘടനപരമായ ഹിംസയുടെ പല ഭാവങ്ങളാണെന്ന് സെന്‍ വിശദീകരിയ്ക്കുന്നു. ഫലപ്രദമായ പുനരധിവാസമില്ലാതെ അണക്കെട്ടിനായി ജനങ്ങളെ കുടിയിറക്കിയ ഉദ്യോഗസ്ഥ സംവിധാനം, ക്യാപ്റ്റന്‍ ഹോണരാറ്റ് മുതല്‍ വീട്ടുജോലി നല്‍കിയവര്‍ വരെ പുലര്‍ത്തിയ വര്‍ഗ്ഗ ചൂഷണം, പട്ടാളക്കാര്‍ മുതല്‍ ബ്ലാങ്കോ വരെയുള്ള പുരുഷന്മാര്‍ പുലര്‍ത്തിയ ജന്‍ഡര്‍ വിവേചനം, പാവപ്പെട്ടവര്‍ക്ക് വൈദ്യ സഹായവും ആരോഗ്യ പരിരക്ഷയും ലഭ്യമല്ലാത്ത അസമത്വം നിറഞ്ഞ സാമൂഹ്യ സംവിധാനം എന്നിവ ഘടനപരമായ ഹിംസയുടെ ഭാഗമായി ഫാര്‍മര്‍ വിലയിരുത്തുന്നതിനെ സെന്‍ ശ്ലാഖിക്കുന്നു.
മെക്‌സിക്കോ-ഗ്വാട്ടിമാല അതിര്‍ത്തിയിലെ ഒരു ഗ്രാമത്തിലെ ആരോഗ്യ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ യാത്രയുടെ വിവരണത്തോടെയാണ് പതോളജീസ് ഓഫ് പവറിന്റെ തുടക്കം. ഉറുഗ്വേയിലെ പ്രശസ്ത എഴുത്തുകാരനായ എദ്വാര്‍ദോ ഗലിയാനോയുടെ (Eduardo Galeano) 'ദ നോബഡീസ്' എന്ന കവിത ആദ്യ അധ്യായത്തില്‍ ചേര്‍ത്തിരിക്കുന്നു. ലാറ്റിനമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമാലയില്‍ മൂന്നു പതിറ്റാണ്ടോളം നീണ്ട ആഭ്യന്തര സംഘര്‍ഷത്തില്‍ രണ്ടു ലക്ഷത്തിലധികം മനുഷ്യര്‍ കൊല്ലപ്പെടുകയോ, കാണാതാവുകയും ചെയ്തുവെന്നാണ് കണക്ക്. കൊലയുടെയും കാണാതാവലിന്റെയും വടുക്കള്‍ പേറുന്ന ഒരു ഗ്രാമത്തില്‍ സാമൂഹ്യ മാനസികാരോഗ്യ സംവിധാനം (കമ്യൂണിറ്റി മെന്റല്‍ ഹെല്‍ത്ത്) സ്ഥാപിക്കുന്നതിനുള്ള സഹായവുമായാണ് ഫാര്‍മറും കൂട്ടരും എത്തുന്നത്. ഗ്രാമീണരുടെ ആവശ്യം എന്നാല്‍ അദ്ദേഹത്തെ അമ്പരിപ്പിച്ചു. പട്ടാളം കൊലപ്പെടുത്തി കുഴിച്ചു മൂടിയവരുടെ മൃതദേഹങ്ങള്‍ പുറത്തെടുക്കണമെന്നതായിരുന്നു അവരുടെ ആവശ്യം. കണ്ണുകള്‍ തുറന്ന നിലയിലാണ് കുഴിച്ചു മൂടിയതെന്നും അതിനാല്‍ മൃതദേഹങ്ങള്‍ പുറത്തെടുത്ത് കണ്ണുകള്‍ അടച്ച് ആചാരപൂര്‍വ്വം സംസ്‌ക്കരിക്കുന്നതുവരെ മരിച്ചവര്‍ക്കും ജീവിച്ചിരിക്കുന്ന ബന്ധുക്കള്‍ക്കും മനസമാധാനം ലഭിക്കില്ലെന്നതുമായിരുന്നു അതിനുളള ന്യായം.
ഡൗണ്‍ വിത്ത് നിയോലിബറലിസം എന്ന മുദ്രാവാക്യത്തിനൊപ്പം ബിഷപ്പ് യുവന്‍ ജോസ് ഗെരാര്‍ഡിയുടെ ചിത്രവും കൂടിയുള്ള ഒരു പോസ്റ്ററായിരുന്നു ഫാര്‍മറുടെ ശ്രദ്ധയാകര്‍ഷിച്ച മറ്റൊരു വിഷയം. ബിഷപ്പ് ഫ്രാങ്കോയെ പോലെ കേരളത്തിലെ വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും അത്ര പരിചിതമായ പേരല്ല ബിഷപ്പ് യുവന്‍ ജോസ് ഗെരാര്‍ഡി. ഗ്വാട്ടിമാലയിലെ ബിഷപ്പായിരുന്നു. ഒരു സംഘം പട്ടാളക്കാര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തുമ്പോള്‍ 75 വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം. 1998 ഏപ്രില്‍ 26 നായിരുന്നു കൊലപാതകം. (2) ഗ്വാട്ടിമാലയില്‍ രണ്ടു ലക്ഷത്തിലധികം പേര്‍ കൊല്ലപ്പെട്ടതിന്റെയും കാണാതായതിന്റെയും 85 ശതമാനം ഉത്തരവാദിത്തവും പട്ടാളത്തിനാണെന്ന് കണ്ടെത്തിയ സുദീര്‍ഘമായ ഒരു റിപ്പോര്‍ട്ട് കൊല്ലപ്പെടുന്നതിനും രണ്ടു ദിവസം മുമ്പ് അദ്ദേഹം പുറത്തിറക്കിയിരുന്നു. വളച്ചൊടിക്കപ്പെട്ട, നിശ്ശബ്ദമാക്കപ്പെടുന്ന സത്യത്തെ കുറിച്ചുള്ള വ്യാകുലതകള്‍ പ്രകടിപ്പിക്കുന്ന ബിഷപ്പിന്റെ അവസാനത്തെ പ്രഭാഷണത്തിന്റെ ഭാഗങ്ങള്‍ ഫാര്‍മര്‍ ഉദ്ധരിക്കുന്നു. ലോകത്തിലെ പാവപ്പെട്ട 200 കോടി ജനങ്ങള്‍ക്ക് ലഭ്യമല്ലാത്ത അല്ലെങ്കില്‍ നാമമാത്രമായി ലഭിക്കുന്ന ചികിത്സ പരിരക്ഷകളാണ് ആരോഗ്യമേഖല നേരിടുന്ന ഏറ്റവും വലിയ ധാര്‍മിക പ്രതിസന്ധിയെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. കോവിഡ് മഹാമാരിക്ക് തൊട്ടു മുമ്പ് പൂര്‍ത്തിയാക്കിയ Fevers, Feuds, and Diamonds: Ebola and Ravages of History എന്ന അദ്ദേഹത്തിന്റെ കൃതി പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ച എബോളയെ കുറിച്ചുള്ള ഉള്ളുലക്കുന്ന വിവരണമാണ്.
1: സെയ്ജി യമാദ ഹവായിയിലെ ഡോക്ടറും, ഗ്രെഗറി മാസ്‌കെറിനെക്ക് നരവംശ ശാസ്ത്രജ്ഞനുമാണ്.
2: ബിഷപ്പിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്നു തെളിഞ്ഞ മൂന്നു പട്ടാളക്കാര്‍ക്കും ഒരു പുരോഹിതനും 2011-ല്‍ കോടതി ശിക്ഷ വിധിച്ചിരുന്നു.