TMJ
searchnav-menu
post-thumbnail

Outlook

പെഗാസസും ഭീമ-കൊറേഗാണ്‍ കേസ്സും

20 Dec 2021   |   1 min Read
TMJ News Desk

ഭീമ-കൊറേഗാണ്‍ കേസ്സില്‍ കുറ്റാരോപിതനായി അറസ്റ്റു ചെയ്യപ്പെട്ട കേരളത്തില്‍ നിന്നുള്ള റോണ വില്‍സണിന്റെ മൊബൈല്‍ ഫോണ്‍ വിവാദമായ പെഗാസസ് ചാര സോഫ്റ്റ്‌വയര്‍ ഉപയോഗിച്ച് ചോര്‍ത്തിയതായുള്ള റിപ്പോര്‍ട്ട് പുറത്തു വന്നത് കഴിഞ്ഞ ആഴ്ചയാണ്. വില്‍സണടക്കമുള്ള ബികെ കേസ്സ് കുറ്റാരോപിതരില്‍ പ്രമുഖരുടെ കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്തതായി കണ്ടെത്തിയ അമേരിക്കയിലെ ഡിജിറ്റല്‍ ഫോറന്‍സിക് സ്ഥാപനമായ ആര്‍സണല്‍ കണ്‍സള്‍ട്ടിംഗ് തന്നെയാണ് പെഗാസസ് ചാര സോഫ്റ്റ്‌വയര്‍ ഉപയോഗപ്പെടുത്തി വില്‍സണിന്റെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്തതിന്റെ തെളിവുകളും കണ്ടെത്തിയത്. വില്‍സണ്‍ ഉപയോഗിച്ചിരുന്നു ഐഫോണ്‍-6 മോഡല്‍ ഫോണില്‍ ജൂലൈ 2017 മുതല്‍ ഏപ്രില്‍ 2018 വരെയുള്ള കാലയളവില്‍ പെഗാസസ് സോഫ്റ്റ്‌വയര്‍ ഉപയോഗപ്പെടുത്തി നുഴഞ്ഞു കയറിയതിന്റെ തെളിവുകള്‍ കണ്ടെത്തിയതായി ആര്‍സണല്‍ റിപോര്‍ട്ട് വെളിപ്പെടുത്തുന്നു. 2018 ജുണ്‍ 6 നാണ് വില്‍സണ്‍ അറസ്റ്റു ചെയ്യപ്പെടുന്നത്. വില്‍സണെ പോലുള്ളവരുടെ ശ്രദ്ധയാര്‍ഷിക്കുവാന്‍ പറ്റിയ SMS സന്ദേശങ്ങളാണ് ഫോറന്‍സിക് പരിശോധകര്‍ കണ്ടെത്തിയിട്ടുള്ളത്.

 

ഫോറന്‍സിക് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ശരിയാകുന്ന പക്ഷം ഇന്ത്യയിലെ രാഷ്ട്രീയ പ്രേരിതമായ ക്രിമിനല്‍ ഗൂഢാലോചന കേസ്സുകളുടെ ചരിത്രത്തിലെ നാഴികക്കല്ലായി ഭീമ-കൊറേഗാണ്‍ കേസ്സ് മാറുന്നതിനുള്ള സാധ്യത കൂടുതല്‍ തെളിയുകയാണ്. ധൈഷണിക-സാമൂഹിക പ്രവര്‍ത്തനങ്ങളുടെ വൈവിധ്യങ്ങളായ മേഖലകളില്‍ വര്‍ഷങ്ങളായി വ്യക്തിമുദ്ര പതിപ്പിച്ച 15 പേരെ കുറ്റാരോപിതരാക്കി കഴിഞ്ഞ മൂന്നു വര്‍ഷത്തിലധികമായി തടവിലാക്കിയ (84-കാരനായിരുന്ന സ്റ്റാന്‍ സ്വാമി ജീവിച്ചിരിന്നുവെങ്കില്‍ പതിനാറാമനായി ഇപ്പോഴും തടങ്കലില്‍ തുടരുമായിരുന്നു) ഈ കേസ്സിന്റെ അടിസ്ഥാനം കെട്ടിച്ചമച്ച തെളിവുകള്‍ ആണെന്ന ആരോപണങ്ങളെ ദൃഢപ്പെടുത്തുന്ന വിവരങ്ങള്‍ ഫോണ്‍ ചോര്‍ത്തല്‍ വിവരം വീണ്ടും ബലപ്പെടുത്തുന്നു. ബികെ കേസ്സ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഗൂഢാലോചന കേസ്സിന്റെ തുടക്കത്തില്‍ അറസ്റ്റിലായ ഗവേഷകനും, തടവുകാരുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തകനുമായ റോണ വില്‍സണിന്റെ കമ്പ്യൂട്ടറില്‍ നുഴഞ്ഞു കയറി നിരവധി രേഖകള്‍ നിക്ഷേപിച്ചതിനെ കുറിച്ചുള്ള വിവരങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. കമ്പ്യൂട്ടര്‍ മാത്രമല്ല വില്‍സണ്‍ന്റെ മൊബൈല്‍ ഫോണും നുഴഞ്ഞു കയറ്റക്കാര്‍ ആവശ്യാനുസരണം ഉപയോഗപ്പെടുത്തിയെന്നാണ് ഏറ്റവും ഒടുവില്‍ ലഭ്യമായ വിവരം.

 

റോണ വില്‍സണ്‍ / Photo : wiki commons

 

പെഗാസ്സസ് വിവാദത്തെ പറ്റി സമഗ്രമായി അന്വേഷിക്കുവാന്‍ സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ മുമ്പില്‍ ചാര സോഫ്റ്റ്‌വയര്‍ ഉപയോഗപ്പെടുത്തി വില്‍സണ്‍ന്റെ ഫോണ്‍ നിരീക്ഷണത്തിലാക്കിയെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കരുതപ്പെടുന്നു. ഗാന്ധിനഗറിലെ നാഷണല്‍ ഫോറസന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റി ഡീന്‍ നവീന്‍ കുമാര്‍ ചൗധരി, അമൃത വിദ്യാപീഠത്തിലെ പ്രൊഫസര്‍ പി പ്രഭാകരന്‍, ഐഐടി മുംബെയില്‍ നിന്നുള്ള ഡോ. അശ്വിന്‍ അനില്‍ ഗുമസ്‌തേ എന്നിവരടങ്ങുന്ന സമിതിയുടെ മേല്‍നോട്ട ചുമതല വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ആര്‍വി രവീന്ദ്രനാണ്. RAW യുടെ മുന്‍തലവന്‍ അലോക് ജോഷിയും, TCS ന്റെ ആഗോള സൈബര്‍ സെക്യൂരിറ്റി സര്‍വീസ്സസ് മേധാവി സന്ദീപ് ഒബ്‌റോയി എന്നിവര്‍ ജസ്റ്റിസ് രവീന്ദ്രനെ സഹായിക്കുന്നതാണ്. എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഒക്ടോബര്‍ 27 ന് പുറപ്പെടുവിച്ച സുപ്രീം കോടതി ഉത്തരവ്. കേസ്സ് എട്ട് ആഴ്ചകള്‍ക്കു ശേഷം വീണ്ടും പരിഗണിക്കുമെന്നും കോടതി അന്നത്തെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

 

ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങള്‍ ഇസ്രായേലിലെ NSO Group നിര്‍മിച്ച ചാര സോഫ്റ്റ്‌വയര്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെ ഡിജിറ്റല്‍ നിരീക്ഷണ വലയത്തിലാക്കുവാന്‍ ഉപയോഗിച്ചുവെന്ന വാര്‍ത്ത വളരെ വിവാദമായിരുന്നു. രാഷ്ട്രീയ നേതാക്കള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, സോഷ്യല്‍ ആക്ടിവിസ്റ്റുകള്‍ തുടങ്ങിയ വിവിധ തുറകളിലുള്ളവരുടെ മൊബൈല്‍ ഫോണുകളില്‍ പെഗാസ്സസ് ഉപയോഗപ്പെടുത്തി കയറി പറ്റുകയും അതുവഴി അവരുടെ ആശയവിനിമയങ്ങളും, മറ്റു ബന്ധങ്ങളും നിരന്തരം നിരീക്ഷണ വലയത്തിലാക്കുകയും ചെയ്ത സംഭവം ആഗോളതലത്തില്‍ വിവാദം സൃഷ്ടിച്ച വാര്‍ത്തയായിരുന്നു. പെഗാസ്സസുമായി ബന്ധപ്പെട്ട വിവരമൊന്നും ഔദ്യോഗികമായി സ്ഥിരീകരിക്കുവാന്‍ എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ല. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്ന ന്യായമാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഏജന്‍സികള്‍ക്കല്ലാതെ ചാര സോഫ്റ്റ്‌വയര്‍ തങ്ങള്‍ കൈമാറുന്ന പതിവില്ലെന്ന് പെഗാസ്സസിന്റെ നിര്‍മ്മാതാക്കളായ NSO ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. പെഗാസ്സസിന്റെ നിര്‍മാതാക്കളുടെ വാദം ശരിയാണെങ്കില്‍ പ്രസ്തുത ഉല്‍പ്പന്നം ഇന്ത്യയില്‍ വാങ്ങാനും, ഉപയോഗിക്കാനും ആരാണ് അനുമതി നല്‍കിയതെന്ന വിവരങ്ങള്‍ സര്‍ക്കാരിന് നല്‍കേണ്ടി വരും. ദേശ സുരക്ഷയുടെ മറവില്‍ എന്തും ആകാമെന്ന ധാരണ ശരിയല്ലെന്ന് സുപ്രീം കോടതി ഉത്തരവില്‍ രേഖപ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ വില്‍സണെ പോലുളളവരുടെ ഫോണ്‍ ചോര്‍ത്തല്‍ കോടതി നിയോഗിച്ച അന്വേഷണ സമിതി ഗൗരവമായി പരിഗണിക്കുമെന്ന് കരുതുന്നു. ദല്‍ഹി സര്‍വകലാശാല അദ്ധ്യപകനും മലയാളിയുമായ പ്രൊഫ. ഹാനി ബാബു, പ്രശസ്ത കവി വരവരറാവു, മാനേജ്‌മെന്റ് വിദഗ്ധനും എഴുത്തുകാരനുമായ ആനന്ദ് തെല്‍തുംബ്‌ഡെ, പത്രപ്രവര്‍ത്തകനായ ഗൗതം നാവ്ഖാല തുടങ്ങിയവരും ഈ കേസ്സിലെ കുറ്റാരോപിതരായി തടങ്കലിലാണ്. 80 വയസ്സു കഴിഞ്ഞ വരവര റാവുവിനും, കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് സുധ ഭരദ്വാജിനും ജാമ്യം ലഭിച്ചതാണ് കേസ്സുമായി ബന്ധപ്പെട്ട് ഇതുവരെയുണ്ടായ ആശ്വാസകരമായ കാര്യം.

 

 

 

 

 

 

Leave a comment