TMJ
searchnav-menu
post-thumbnail

Outlook

പെഗാസസ്: വെളിച്ചത്ത് വരുമോ വിവരങ്ങൾ?

04 Aug 2022   |   1 min Read
തോമസ് കൊമരിക്കൽ

ന്ത്യയുൾപ്പെടെയുള്ള ലോകരാജ്യങ്ങളെ പിടിച്ചു കുലുക്കിയ പെഗാസസ് ചാര സോഫ്ട്‍വെയർ ഫോൺ ചോർത്തൽ വിവാദം അന്വേഷിക്കുവാൻ സുപ്രീം കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. ചീഫ് ജസ്റ്റിസ് വി എൻ രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിദഗ്ദ്ധ സമിതിയെ നിയോഗിച്ചത്. ഈ മാസം 26 ന് വിരമിക്കുന്നതിന് മുൻപ് ജസ്റ്റിസ് രമണ സമിതി റിപ്പോർട്ട് പരിശോധിച്ച് പെഗാസസ് കേസ്സിൽ വിധി പറയുമെന്നാണ് പ്രതീക്ഷ.

ചാരസോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് രാഷ്ട്രീയ, മാധ്യമ, വ്യവസായ മേഖലകളിലുള്ള പലരുടെയും ഫോണുകള്‍ ചോർത്തപ്പെട്ടെന്ന വെളിപ്പെടുത്തല്‍ വലിയ രാഷ്ട്രീയ കോളിളക്കങ്ങൾക്കാണ് വഴിയൊരുക്കിയത്. ഇന്ത്യയിലാവട്ടെ കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, മാധ്യമ പ്രവർത്തകര്‍, മനുഷ്യാവകാശ പ്രവർത്തകര്‍ എന്നിവരുടെ ഫോണുകള്‍ ചോർത്തപ്പെട്ടെന്ന ആക്ഷേപം പല മാനങ്ങളുള്ള വിലയിരുത്തലുകൾക്ക് ഇടകൊടുക്കുകയും ചെയ്തു.

ഇന്ത്യയിലെ 'ദി വയര്‍' ഉൾപ്പെടുന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ സംഘമാണ് ലോകമാകെ അൻപതിനായിരത്തോളം പേര്‍ പെഗാസസ് അക്രമണത്തിന് ഇരയായെന്ന വാർത്ത ലോകത്തെയറിയിച്ചത്.

ഇസ്രായേല്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻഎസ്ഒ എന്ന കമ്പനിയുടെ ഉൽപ്പന്നമാണ് പെഗാസസ് സോഫ്റ്റ്‌വെയര്‍. ഒരു വാട്‌സാപ്പ് സന്ദേശത്തിലൂടെ ഫോണില്‍ കടന്ന് അതിന്റെ പൂർണ നിയന്ത്രണം മറ്റിടങ്ങളിലേക്ക് കൈമാറാന്‍ കെൽപ്പുള്ള സൈനിക നിലവാരത്തിലുള്ള സോഫ്റ്റ്‌വെയറാണത്. ഇന്ത്യയിലെ 'ദി വയര്‍' ഉൾപ്പെടുന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ സംഘമാണ് ലോകമാകെ അൻപതിനായിരത്തോളം പേര്‍ പെഗാസസ് ആക്രമണത്തിന് ഇരയായെന്ന വാർത്ത ലോകത്തെയറിയിച്ചത്. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കായി സർക്കാരുകൾക്ക് മാത്രമേ ഇത് വിൽക്കുന്നുള്ളുവെന്ന കമ്പനിയുടെ വാദം സർക്കാര്‍ സംവിധാനങ്ങളെ സംശയ നിഴലിലാക്കി. ഇതിന് പിന്നാലെയാണ് മുതിർന്ന മാധ്യമപ്രവർത്തകരായ എന്‍. റാം, ശശികുമാര്‍ എന്നിവര്‍ സുപ്രീം കോടതിയില്‍ ഹർജി ഫയല്‍ ചെയ്തത്.

ചീഫ് ജസ്റ്റിസ് എന്‍ വി രമണ | Photo: wiki commons

ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ നേതൃത്വതിലുള്ള മൂന്നംഗ ബെഞ്ചാണ് ഈ കേസ് പരിഗണിക്കുന്നത്. കേസിന്റെ ആദ്യഘട്ടത്തിൽ തന്നെ തണുപ്പന്‍ സമീപനമാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. ദേശീയ സുരക്ഷയുമായി ബന്ധമുള്ള കാര്യമായതിനാല്‍ വിശദമായ സത്യവാങ്മൂലം നൽകുന്നതിന് തടസമുണ്ടെന്ന് സർക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ദേശീയ സുരക്ഷയെന്ന പദത്തിനു പിന്നില്‍ എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും മറഞ്ഞിരിക്കാന്‍ സർക്കാരിനാവില്ലെന്ന നിരീക്ഷണം കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. തുടർന്ന് പെഗാസസ് വിഷയം വിശദമായി പഠിച്ച് റിപ്പോർട്ട് നൽകുന്നതിനായി സുപ്രീം കോടതി മുന്‍ ജഡ്ജി ആര്‍ വി രവീന്ദ്രന്‍ അധ്യക്ഷനായ സമിതിയെ നിയോഗിച്ചു.

പലതവണയായി സമയപരിധി നീട്ടിവെച്ചശേഷം സമിതിയുടെ കണ്ടെത്തലുകളടങ്ങിയ റിപ്പോർട്ട് കോടതിയില്‍ സമർപ്പിച്ചെന്നതാണ് ഈ കേസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാർത്ത. ഒരാഴ്ചക്കുമുമ്പാണ് റിപ്പോർട്ട് കോടതിക്കുമുന്നിലെത്തിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഒരു റിപ്പോർട്ടിൽ പറയുന്നു. എന്നാല്‍ റിപ്പോർട്ടിന്റെ ഉള്ളടക്കം രഹസ്യമാണ്. കേസിന്റെ അടുത്ത വാദത്തിനുള്ള തിയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെങ്കിലും പന്ത്രണ്ടിന് വാദം കേൾക്കാന്‍ സാധ്യതയുണ്ട്. ഈ മാസം 26ന് ചീഫ് ജസ്‌ററിസ് രമണ വിരമിക്കുന്നതിനാല്‍ അതിന് മുമ്പായി അന്തിമവിധിക്കുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍, ദി വയര്‍ സ്ഥാപക എഡിറ്റർമാരായ സിദ്ധാർത്ഥ് വരദരാജന്‍, എം കെ വേണു എന്നിവരുടെ ഫോണുകള്‍ പെഗാസസ് ഉപയോഗിച്ച് ചോർത്തിയതായി സംശയിക്കപ്പെടുന്നു.

ജസ്റ്റിസ് രവീന്ദ്രനോടൊപ്പം ഗാന്ധിനഗറിലുളള നാഷണല്‍ ഫോറൻസിക്ക് സയൻസ് യൂണിവേഴ്‌സിറ്റി ഡീന്‍ നവീന്‍ കുമാര്‍ ചൗധരി, അമൃത വിശ്വവിദ്യാപീഠത്തിലെ പ്രൊഫസര്‍ പി പ്രഭാകരന്‍, ബോംബെ ഐഐറ്റി അസോഷ്യേറ്റ് പ്രൊഫസര്‍ അശ്വിന്‍ അനില്‍ ഗുമസ്‌തെ എന്നിവരാണ് സമിതിയിലുള്ളത്. പെഗാസസിന് ഇരയായവരും അക്രമിക്കപ്പെട്ടെന്ന് സംശയമുള്ളവരും സമിതിക്കു മുന്നില്‍ മൊഴി നൽകുകയും അവരുടെ ഫോണുകളും മറ്റും ഫോറൻസിക്ക് പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍, ദി വയര്‍ സ്ഥാപക എഡിറ്റർമാരായ സിദ്ധാർത്ഥ് വരദരാജന്‍, എം കെ വേണു എന്നിവരുടെ ഫോണുകള്‍ പെഗാസസ് ഉപയോഗിച്ച് ചോർത്തിയതായി സംശയിക്കപ്പെടുന്നു.

ഭീമ കൊറെഗാവ് കേസിലെ കുറ്റാരോപിതരുടെ ഫോണുകളും പെഗാസസ് ഉപയോഗിച്ചുള്ള ചോർത്തലിന് നിരന്തരം വിധേയമായതായി കണക്കാക്കപ്പെടുന്നു.
രാഹുല്‍ ഗാന്ധി, തൃണമൂല്‍ കോൺഗ്രസ്സ് നേതാവ് അഭിഷേക് ബാനർജി തുടങ്ങി, കേന്ദ്ര മന്തിമാരായ അശ്വിനി വൈഷ്ണവ്, പ്രഹ്ലാദ് സിംഗ് പട്ടേല്‍ വരെയുള്ളവര്‍ ഇരയാക്കപ്പെട്ടെന്ന് സംശയിക്കപ്പെടുന്നുമുണ്ട്. സർക്കാരുകളുടെ വിമർശകർക്കും മറ്റും എതിരായി വളരെ വലിയ രീതിയില്‍ സോഫ്റ്റ്‌വെയര്‍ ദുരുപയോഗം ചെയ്തുവെന്ന് 'പെഗാസസ് പ്രോജക്റ്റിന്റെ' ഭാഗമായി ആഗോള തലത്തിലുള്ള മാധ്യമ കൂട്ടായ്‌മയുടെ റിപ്പോർട്ടുകൾ വെളിപ്പെടുത്തിയിരുന്നു.

Leave a comment