TMJ
searchnav-menu
post-thumbnail

Outlook

പേരറിവാളന്‍ അര്‍പ്പുതാമ്മാള്‍-കണ്ണടച്ചു നിന്ന നിയമത്തിന് മുന്നിലെ രണ്ടു പേരുകൾ

19 May 2022   |   1 min Read
K P Sethunath

രാജീവ് ഗാന്ധി വധക്കേസ്സില്‍ പ്രതി ചേര്‍ക്കപ്പെട്ട പേരറിവാളന്‍ 31 വര്‍ഷത്തിനു ശേഷം ജയില്‍ മോചിതനാവുമ്പോള്‍ രണ്ട് കാര്യങ്ങള്‍ ശ്രദ്ധേയമാവുന്നു. പേരറിവാളന്റെ അമ്മ അര്‍പ്പുതാമ്മാള്‍ എന്ന സ്ത്രീയുടെ നിശ്ചയദാര്‍ഢ്യമാണ് ഒന്നാമത്തെ കാര്യം. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെന്ന രാവണന്‍കോട്ടയിലെ എല്ലാ ഇരുള്‍വഴികളിലും 31 വര്‍ഷത്തിലധികമായി വിശ്രമമില്ലാതെ കയറിയിറങ്ങിയ അര്‍പ്പുതാമ്മാളിന്റെ അസാധാരണമായ ജീവിതം നിയമ പോരാട്ടങ്ങളുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒന്നാവും. 'ഒരമ്മയുടെ കണ്ണീരിന് കടലുകളില്‍ ഒരു രണ്ടാം പ്രളയമാരംഭിക്കാന്‍ കഴിയും', (1) എന്ന വരികളെ അന്വര്‍ത്ഥമാക്കുന്നതായിരുന്നു അവരുടെ പോരാട്ടം. അമ്മമാരുടെ കണ്ണീരില്‍ കുതിര്‍ന്ന നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമായ സുപ്രീം കോടതി വിധിയെ ശ്രദ്ധേയമാക്കുന്ന മറ്റൊരു വസ്തുത ഭരണഘടനപരമായ അവകാശങ്ങളും, ചട്ടങ്ങളും, കീഴ്‌വഴക്കങ്ങളും പരിരക്ഷിക്കാനുള്ള ചുമതല നിറവേറ്റുന്നതിനു പകരം അവയുടെ ലംഘനങ്ങളില്‍ മാത്രം വ്യാപൃതരാവുന്ന ഭരണഘടന സ്ഥാപനങ്ങളുടെ അവസ്ഥയാണ്. ഭരണഘടനയുടെ 142-ാം വകുപ്പ് സുപ്രീം കോടതിക്ക് നല്‍കുന്ന അസാധാരണമായ അധികാരം ഉപയോഗിച്ചാണ് പേരറിവാളനെ ജയില്‍ മുക്തനാക്കുന്നതിനുള്ള വിധി പുറപ്പെടുവിച്ചിട്ടുള്ളത്.

രാഷ്ട്രീയമായ ലാഭ-നഷ്ടങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങളെ സമീപിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കുളള താക്കീത് കൂടിയാണ് സുപ്രീം കോടതി വിധി. ദയാഹര്‍ജിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാതെ അടയിരിക്കുന്ന ഗവര്‍ണ്ണര്‍മാരും, പ്രസിഡണ്ടുമാരും ഭരണഘടനപരമായ ചുമതലകളില്‍ നിന്നും ഒഴിഞ്ഞു മാറുന്ന പ്രവണത ഇതോടെ അവസാനിക്കുമെന്ന വ്യാമോഹങ്ങളൊന്നുമില്ലെങ്കിലും സുപ്രീം കോടതി വിധി ഇപ്പോഴത്തെ സാഹചര്യത്തില്‍ ആശ്വാസകരമാണ്. ഭരണഘടനയുടെ 161-ാം വകുപ്പു പ്രകാരം ജയില്‍മുക്തനാക്കണമെന്ന ദയാഹര്‍ജി 2015 ല്‍ പേരറിവാളന്‍ ഗവര്‍ണ്ണര്‍ക്ക് സമര്‍പ്പിച്ചു. ഗവര്‍ണ്ണര്‍ അതില്‍ തീരുമാനമെടുക്കാതെ ആറുകൊല്ലത്തോളം അടയിരിക്കുകയായിരുന്നു. അതോടെ അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചു. വിഷയം സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കവെ 2017 ആഗസ്റ്റില്‍ തമിഴ്‌നാട് സര്‍ക്കാര്‍ പേരറിവാളന് പരോള്‍ അനുവദിച്ചു. 1991-ല്‍ ജയിലില്‍ ആയതിനു ശേഷമുള്ള ആദ്യ പരോള്‍. 26 കൊല്ലത്തെ തടവു ജീവിതത്തിനു ശേഷം.

PHoto: wiki commons

ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാത്ത ഗവര്‍ണ്ണറുടെ നടപടിയെ 2018 സെപ്തംബറില്‍ സുപ്രീം കോടതി വിമര്‍ശിച്ചു. അതിനിടയില്‍ രാജീവ് ഗാന്ധി വധക്കേസ്സിലെ 7 പ്രതികളെയും ജയില്‍മുക്തരാക്കുവാന്‍ സെപതംബര്‍ 9 ന് തമിഴ്‌നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. പേരറിവാളന്റെ കേസ്സില്‍ 2021 ജനുവരിയില്‍ വീണ്ടും വാദം കേട്ട സുപ്രീം കോടതി ഗവര്‍ണ്ണറുടെ അനങ്ങാപ്പാറ നയത്തെ രൂക്ഷമായി വിമര്‍ശിക്കുകയും തീരുമാനമെടുക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി എല്ലാവരെയും ജയില്‍ മോചിതരാക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കുവാന്‍ കോടതി നിര്‍ബന്ധിതമാവുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇക്കാര്യത്തില്‍ ഇടപെടുവാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുകയാണെന്നും കോടതി വ്യക്തമാക്കി. ഇതോടെ പേരറിവാളന്റെ ദയാഹര്‍ജി ഗവര്‍ണ്ണര്‍ രാഷ്ട്രപതിയുടെ പരിഗണനക്കായി അയച്ചു. 2021 മെയ് മാസത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ പേരറിവാളന്റെ പരോള്‍ നീട്ടി നല്‍കി. 2022 മാര്‍ച്ചില്‍ സുപ്രീം കോടതി അദ്ദേഹത്തിന് ജാമ്യം നല്‍കുകയും താമസിയാതെ ദയാഹര്‍ജിയുമായ ബന്ധപ്പെട്ട കേസ്സില്‍ വാദം കേള്‍ക്കാന്‍ തുടങ്ങുകയും ചെയ്തു. കേസ്സിന്റെ വാദത്തില്‍ സുപ്രീം കോടതി ഉന്നയിച്ച ഒരു പ്രധാന വിഷയം ഭരണഘടനയുടെ 161-ാം വകുപ്പ് പ്രകാരം ഗവര്‍ണ്ണര്‍ തീരുമാനമെടുക്കേണ്ട വിഷയം രാഷ്ട്രപതിയുടെ പരിഗണനക്ക് വിടുന്നതിന്റെ നിയമസാധുതയായിരുന്നു. ഗവര്‍ണ്ണറില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ദയാഹര്‍ജി സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാമെന്നല്ലാതെ 161-വകുപ്പ് പ്രകാരം രാഷ്ട്രപതിയുടെ പരിഗണനക്ക് വിടാന്‍ ഗവര്‍ണ്ണര്‍ക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി വിചാരണ വേളയില്‍ വാക്കാല്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാന മന്ത്രിസഭയുടെ തീരുമാനങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുവാന്‍ ബാധ്യതയുള്ള ഗവര്‍ണ്ണര്‍ സ്വന്തമിഷ്ടപ്രകാരം തീരുമാനമെടുക്കുന്നത് ഫെഡറല്‍ തത്വങ്ങളുടെ പൂര്‍ണ്ണമായ ലംഘനമാവുമെന്നും വിചാരവേളയില്‍ സുപ്രീം കോടതി വ്യക്തമാക്കി. സുപ്രീം കോടതിയുടെ ഈ നിരീക്ഷണങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക്
വഴിയൊരുക്കുവാന്‍ സാധ്യതയുണ്ട്.

Photo: wiki commons

രാജീവ് ഗാന്ധി വധത്തിന്റെ അന്വേഷണച്ചുമതലയുള്ള സിബിഐ പ്രത്യേക അന്വേഷണ സംഘം 1991 ജൂണ്‍ 11 ന് 19 വയസ്സുകാരനായ പേരറിവാളനെ അറസ്റ്റു ചെയ്യുന്നു. രാജീവ് ഗാന്ധി വധത്തിന് ഉപയോഗിച്ച ബോംബ് സ്‌ഫോടനം നടത്തുന്നതിനുളള ഡിറ്റനേറ്ററുകള്‍ക്കുള്ള ബാറ്ററികള്‍ വാങ്ങി നല്‍കിയെന്നതായിരുന്നു അദ്ദേഹത്തിന്റെ പേരിലുള്ള കുറ്റം. അക്കാലം പ്രാബല്യത്തില്‍ ഉണ്ടായിരുന്ന ടാഡ (Terrorism and Disruptive Activites Prevention Act) നിയമ പ്രകാരമായിരുന്നു അറസ്റ്റ്. 1992 മെയ് 20 ന് കുറ്റപത്രം നല്‍കിയ കേസ്സില്‍ പേരറിവാളനടക്കമുള്ള 26 പ്രതികള്‍ക്ക് പ്രത്യേക കോടതി 1998 ജനുവരി 28 ന് വധശിക്ഷ വിധിച്ചു. പേരറിവാളന്‍, നളിനി, ശാന്തന്‍, മുരുകന്‍ എന്നീ നാലു പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി 1999 ല്‍ ശരിവെക്കുകയും മൂന്നു പേരുടെ ശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കുകയും ബാക്കിയുള്ള 19 പേരെ വെറുതെ വിടുകയും ചെയ്തു. 2,000 ഏപ്രിലില്‍ നളിനിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ഗവര്‍ണ്ണര്‍ ഇളവു ചെയ്യുന്നു. സംസ്ഥാന മന്ത്രിസഭയുടെയും കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെയും ശുപാര്‍ശ പ്രകാരമായിരുന്നു ഇളവ്. വധശിക്ഷക്ക് വിധിക്കപ്പെട്ട ശാന്തനും, മുരുഗനും, പേരറിവാളനും 2001 ല്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കുന്നു. 2006 ല്‍ പേരറിവാളന്‍ പ്രസിദ്ധീകരിച്ച ആത്മകഥയില്‍ ബാറ്ററി വാങ്ങി നല്‍കിയെന്ന തന്റെ കുറ്റസമ്മതം അന്വേഷണ സംഘത്തിന്റെ മര്‍ദ്ദനവും, ഭീഷണിയും മൂലമാണെന്നു വെളിപ്പെടുത്തുന്നു. 2011 ആഗസ്റ്റില്‍ അന്നത്തെ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ മൂവരുടെയും ദയാഹര്‍ജി തളളുന്നു. 2011 സെപ്തംബര്‍ 9 ന് നിശ്ചയിച്ചിരുന്ന മൂന്നു പേരുടെയും വധശിക്ഷ മദ്രാസ് ഹൈക്കോടതി തടയുന്നു. 22 കൊല്ലമായി നടപ്പിലാക്കാത്ത വധശിക്ഷക്ക് പ്രതികളെ വിധേയമാക്കുന്നത് ഭരണഘടനക്ക് നിരക്കുന്നതല്ലെന്നു 2013 ഫെബ്രുവരിയില്‍ ജസ്റ്റിസ് കെടി തോമസിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബഞ്ച് ചൂണ്ടിക്കാട്ടുന്നു. പേരറിവാളന്റെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയ സിബിഐ എസ് പി ആയിരുന്നു വി ത്യാഗരാജന്‍ മൊഴിയില്‍ താന്‍ മാറ്റം വരുത്തിയെന്ന് 2013 നവംബറില്‍ വെളിപ്പെടുത്തുന്നു. 2014 ജനുവരി 21 ന് സുപ്രീം കോടതി മൂന്നു പേരുടെയും വധശിക്ഷ ജീവപരന്ത്യമാക്കി ഇളവു ചെയ്യുന്നു. അതിനകം 23 വര്‍ഷക്കാലം തടവറയില്‍ കഴിഞ്ഞ പേരറിവാളന്‍ അതോടെയാണ് ജയില്‍ മോചനത്തിനായുള്ള ദയാഹര്‍ജി സംസ്ഥാന ഗവര്‍ണ്ണര്‍ക്ക് സമര്‍പ്പിക്കുന്നത്. അതിലാണ് തീരുമാനമെടുക്കാതെ ഏഴു വര്‍ഷത്തോളം ഗവര്‍ണ്ണര്‍മാര്‍ അടയിരുന്നത്.

1: 'ജീവിക്കപ്പെടാത്ത ഒരു ജീവിതം' എന്നന്നേക്കുമായി അവസാനിപ്പിച്ച സുബ്രമണ്യദാസിന് സമര്‍പ്പിച്ച സച്ചിദാനന്ദന്റെ ഒഴിഞ്ഞ മുറി എന്ന കവിത

Leave a comment