പെരിയാറിന്റെ ഉത്ഭവസ്ഥാനമായ പുടവ
‘കാടിനൊപ്പം നടന്ന അറുപത് വര്‍ഷങ്ങള്‍’ മൂന്നാം ഭാഗം
അതിപുരാതനമായ ചരിത്ര സ്മാരകങ്ങളിൽ പലതിന്റെയും ഉത്ഭവം നിഗൂഢതയുടെ പുകമറ സൃഷ്ടിക്കുന്നതായി തോന്നിക്കാറുണ്ട്. പെരിയാർ വന്യജീവി സങ്കേതത്തിലെ മംഗളാദേവി ക്ഷേത്രവും അത്തരത്തിലൊന്നാണ്. പാതിയിൽ നിർമ്മാണം നിലച്ച ഈ ക്ഷേത്രത്തിൽ തമിഴർ തങ്ങളുടെ ഇതിഹാസ വനിതയായ കണ്ണകിയെ ആരാധിക്കുന്നു. വേറെയും ഐതിഹ്യങ്ങൾ ഈ ക്ഷേത്രത്തെ സംബന്ധിച്ച് തലമുറകളായി കൈമാറി പോരുന്നുണ്ട്.
ഒരിക്കൽ പെരിയാർ ടൈഗർ റിസർവ്വിലെ ഒരു ഉദ്യോഗസ്ഥൻ ഈ ക്ഷേത്രത്തിന്റെ ഉത്ഭവത്തെക്കുറിച്ച് അറിയാൻ താല്പര്യം കാണിക്കുകയുണ്ടായി. പ്രാചീനമായ രേഖകളിൽ നിന്നും, വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നും നിരവധി വിവരങ്ങൾ ശേഖരിച്ച അദ്ദേഹം പറയുന്നത് പ്രകാരം ഇന്ന് ക്ഷേത്രമിരിക്കുന്ന പ്രദേശം പ്രാചീനകാലത്ത് മയൂരാക്ഷി എന്ന പേരിലാണറിയപ്പെട്ടിരുന്നത്. മാരപ്പൻ മാരൻ എന്ന പാണ്ട്യ രാജാവ് ഭരിച്ചിരുന്ന പ്രദേശം. പിന്നീട് ഈ ദേശം തദ്ദേശീയരായ നാച്ചിയാർ കുടുംബത്തിന് കൈമാറുകയായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഇവിടുത്തെ നാട്ടു പ്രമാണിമാർ ഈ ക്ഷേത്രത്തിന്റെ നിർമ്മാണം ‘മസാത്ത് ഉന്മാടൻ’ എന്ന ശില്പിയെ ഏല്പിച്ചത്. യഥാർത്ഥത്തിൽ ഇതൊരു ശിവക്ഷേത്രമായിരുന്നു. തദ്ദേശീയമായി ലഭിച്ച കരിങ്കല്ല് മാത്രമുപയോഗിച്ചാണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചത്. സിമന്റോ മരമോ ലോഹമോ മറ്റെന്തെങ്കിലും പശയോ ക്ഷേത്ര നിർമ്മിതിക്ക് ഉപയോഗിച്ചിട്ടില്ല. ബ്രിട്ടീഷുകാരുടെ ഇടപെടലുകൾ കാരണമാവാം ക്ഷേത്ര നിർമ്മാണം പൂർത്തീകരിക്കാൻ സാധിക്കാതിരുന്നത്. കമ്പം താഴ്‌വരയ്ക്ക് അഭിമുഖമായി നിലകൊള്ളുന്ന, ആനയും കാട്ടുപോത്തും മാനും വിഹരിക്കുന്ന കുന്നിൻമുകളിലാണ് മംഗളാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടു തന്നെ കടുവകളടക്കമുള്ള ജീവികൾ ഇര തേടുന്ന പ്രദേശം കൂടിയാണിത്. കാടിന്റെ എല്ലാ വന്യതയും ഉൾക്കൊള്ളുന്നൊരു ഭൂമികയാണിത്. 1990ൽ എന്റെ മകൾ സ്വാതിക്ക് രണ്ട് വയസ്സ് പ്രായമുണ്ടായിരുന്നപ്പോഴാണ് ഞാൻ ആദ്യമായി മംഗളാദേവി ക്ഷേത്രം സന്ദർശിക്കുന്നത്. ക്ഷേത്രത്തിനുള്ളിൽ കരടികൾ ഉണ്ടായിരിക്കാൻ സാധ്യതയുണ്ടെന്ന് അന്ന് ഞങ്ങൾക്ക് മുന്നറിയിപ്പ് കിട്ടി. എന്നാൽ നിർഭാഗ്യവശാൽ കരടികളെ നേരിട്ട് കാണാൻ അന്ന് ഞങ്ങൾക്ക് സാധിച്ചില്ല.
1963-64 കാലഘട്ടത്തിൽ സ്കൂൾ വിദ്യാർത്ഥി ആയിരിക്കുന്ന സമയത്താണ് അമ്മാവന്റെ കൂടെ ഞാൻ ആദ്യമായി ശബരിമല ക്ഷേത്രം സന്ദർശിക്കുന്നത്. പമ്പ മുതൽ സന്നിധാനം വരെയുള്ള വഴിയുടെ ഇരുവശവും എത്ര നിബിഡമായ വനമായിരുന്നുവെന്ന് ഇന്നും എന്റെ ഓർമകളിലൂണ്ട്. ഒരുപക്ഷെ ആ യാത്രയുടെ ബാക്കി നിൽക്കുന്ന ഒരേയൊരോർമ്മ ഇത് മാത്രമാവാം. ശബരിമല ക്ഷേത്രത്തിന്റെ ഫോട്ടോ ആദ്യമായി പകർത്തിയത് 1939ൽ അന്ന് 17 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മയായിരിക്കാം. വീണ്ടും ഞാൻ ശബരിമല സന്ദർശിക്കുന്നത് നീണ്ട നാൽപ്പത് വർഷത്തിന് ശേഷം 2004ൽ പെരിയാർ ടൈഗർ റിസർവ്വിനെ പറ്റി ഒരു ഡോക്യുമെന്ററി ചിത്രീകരിക്കാൻ വേണ്ടിയായിരുന്നു. 2015ൽ വീണ്ടുമൊരിക്കൽ കൂടി ഞാൻ ശബരിമലയിൽ പോയി, അവിടെ നടക്കുന്ന ഭയാനകമായ ജൈവഹത്യ ഡോക്യുമെന്റ് ചെയ്യുക എന്ന ഉദ്ദേശത്തിൽ. ഇന്ന് പെരിയാർ ടൈഗർ റിസർവ്വിലെ വനപാതകളെ ഓരോ വർഷവും ലക്ഷക്കണക്കിന് മനുഷ്യർ ചവിട്ടിമെതിച്ച് കടന്നു പോകുന്നു. അവിടെ പ്രകൃതിയെന്ന ക്ഷേത്രത്തെ മനുഷ്യൻ അവന്റെ വിസർജ്യം പേറാനുള്ള ഇടമാക്കി മാറ്റിക്കൊണ്ടിരിക്കുന്നു.
1992 എപ്രിലിൽ എനിക്കൊരു ഫോൺ കോൾ വന്നു. എന്റെ സുഹൃത്തും കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ ഏറ്റവും മികച്ച ഫോറസ്റ്റ് ഓഫീസർമാരിൽ ഒരാളുമായ ജെയിംസ് സക്കറിയയുടേതായിരുന്നു ആ കോൾ. അന്നദ്ദേഹം പെരിയാർ ടൈഗർ റിസർവ്വിൽ ജോലി ചെയ്യുകയായിരുന്നു. പെരിയാറിന്റെ ഉത്ഭവസ്ഥാനത്തേക്ക് നടത്തുന്ന ഒരു സാഹസികയാത്രയിൽ പങ്കെടുക്കാൻ താല്പര്യമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഒരുപക്ഷെ അദ്ദേഹം ആ ഫോൺ കോൾ അവസാനിപ്പിച്ച് ഫോൺ താഴെ വെക്കുന്നതിന് മുന്നേ തന്നെ ഞാൻ പെരിയാറിൽ എത്തിയിരിക്കണം. ടൈഗർ റിസർവ്വിന്റെ പ്രധാന ഭാഗങ്ങളിലൂടെയെല്ലാം സഞ്ചരിച്ച് പെരിയാറിന്റെ ഉത്ഭവ സ്ഥാനമായ ശിവഗിരിമലയിലെ ചൊക്കൻപെട്ടിയിൽ എത്തിച്ചേരുന്ന ഒരാഴ്ച നീണ്ട ഒരു യാത്രയായിരുന്നു അത്. ആദിവാസികളായ മന്നാൻ വിഭാഗത്തിൽ പെട്ട അപൂർവം മനുഷ്യർ മാത്രമേ ഇതുവരെ അങ്ങനെയൊരു യാത്ര നടത്തിയിരുന്നുള്ളു. പിന്നെ ഏതാനും ഫോറസ്റ്റ് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥരും. അതിലൊന്ന് പിൽക്കാലത്ത് PCCF ആയി വിരമിച്ച ശ്രീ.ജെയിംസ് വർഗീസ് 1970കളിൽ നടത്തിയ യാത്രയായിരുന്നു. വൈൽഡ്‌ലൈഫ് അസിസ്റ്റന്റ് ആയിരുന്ന ദീപ കുമാർ 1980കളിൽ ഇങ്ങനെയൊരു യാത്ര നടത്തിയിട്ടുണ്ട്. എന്നാൽ ഇതിനൊക്കെ എത്രയോ മുന്നേ എന്റെ ഭാര്യയുടെ മാതൃപിതാവും മഹാകവി കുമാരനാശാന്റെ ഭ്രാതാവുമായിരുന്ന ശ്രീ. ഭാർഗവൻ (ഇദ്ദേഹം 1945 കാലത്ത് ഫോറസ്റ്റ് റേഞ്ചർ ആയി വിരമിച്ച വ്യക്തിയാണ്) തന്റെ ഡയറിയിൽ ഇങ്ങനെ എഴുതിയിട്ടുണ്ട്, ' പെരിയാറിന്റെ ഉത്ഭവം കാണാൻ ഒരു നീണ്ട യാത്ര പോകുന്നു, ആരോഗ്യം വളരെ മോശമാണ്, അതിനാൽ ജീവനോടെ തിരിച്ചെത്തുമോ എന്ന് ഉറപ്പില്ല'. എന്നാൽ അദ്ദേഹം ഈ യാത്രയ്ക്ക് ശേഷം സുരക്ഷിതമായി തിരിച്ചെത്തി. 1957ൽ തന്റെ 70ാ൦ വയസ്സിലാണ് അദ്ദേഹം മരണപ്പെട്ടത്. അദ്ദേഹം ഈ യാത്ര 1940ന് മുന്നെയാണ് നടത്തിയത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ജെയിംസ് ഞങ്ങളുടെ യാത്ര ഒരു വലിയ സംഭവമായാണ് പ്ലാൻ ചെയ്തത്. കേരളത്തിൽ ഇതുവരെ സംഭവിക്കാത്ത ഒരു യാത്രയുടെ രീതിയിൽ. വിവിധ മേഖലകളിൽ വിദഗ്ധരായ ആളുകൾ ഞങ്ങളുടെ യാത്രയിൽ അന്ന് കൂടെ ഉണ്ടായിരുന്നു. എന്റെ പ്രധാന കർത്തവ്യം ചിത്രശലഭങ്ങളുടെ വൈവിധ്യം ഡോക്യുമെന്റ് ചെയ്യുക എന്നതായിരുന്നു. അതോടൊപ്പം യാത്ര മുഴുവൻ ക്യാമറയിൽ പകർത്താനുള്ള ഉത്തരവാദിത്ത്വവും എന്റേതായിരുന്നു. (നിർഭാഗ്യവശാൽ ഈ യാത്രയുടെ അപൂർവം ചിത്രങ്ങളൊഴികെ ബാക്കി എല്ലാ നെഗറ്റീവുകളും 1994ൽ തിരുവനന്തപുരത്ത് ഉണ്ടായ വെള്ളപ്പൊക്കത്തിൽ നഷ്ടപ്പെട്ടു). അന്ന് ജയിംസ്സിന്റെ ഭാര്യ ജിജിയും ഒരു വയസ്സായ മകൾ മീനുവും ആ യാത്രയിൽ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. ഒരുപക്ഷെ ചൊക്കൻപെട്ടി സന്ദർശിച്ചിട്ടുള്ള ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ജയിംസിന്റെ മകൾ ആയിരുന്നിരിക്കണം.
ചൊക്കൻപെട്ടി യാത്ര മുപ്പതിലധികം പേർ പങ്കെടുത്ത മികച്ച രീതിയിൽ ആസൂത്രണം ചെയ്ത ഒന്നായിരുന്നു. മനുഷ്യരെ കൂടാതെ രണ്ട് കുതിരകളും അന്ന് ആ യാത്രയിൽ ഉണ്ടായിരുന്നു. ഒന്ന് ജയിംസിന്റെ ഭാര്യയ്ക്കും മകൾക്കും യാത്ര ചെയ്യാനും മറ്റൊന്നും ചില സാധനങ്ങൾ ചുമക്കാനും. എന്നാൽ യാത്രയുടെ പകുതി ദൂരം പിന്നിടുന്നതിന് മുന്നേ തന്നെ കുതിരകളെ രണ്ടിനെയും തിരിച്ചയക്കേണ്ടി വന്നു. യാത്രാമദ്ധ്യേ കുതിരകൾ പെട്ടെന്ന് അകാരണമായി പരിഭ്രാന്തരാവുകയായിരുന്നു. ഒരു കടുവയുടെ സാന്നിധ്യം കുതിരകൾ മനസ്സിലാക്കിയിരിക്കാം. അവരുടെ ജീവൻ അന്ന് രാത്രി ആപത്തിലാവുമായിരുന്നു. അതിനാൽ അവയെ വേഗം തിരിച്ചയച്ചു. എന്റെ മങ്ങിപ്പോയ ഓർമകളെ തിരിച്ചു കിട്ടുവാൻ സഹായിക്കുന്ന ഒരു ദിവ്യ ഔഷധം കിട്ടിയിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിച്ച് പോവുന്നു. എങ്കിലും ആ യാത്രയിൽ ഉച്ചഭക്ഷണത്തിന്റെ കൂടെ ലഭിച്ചിരുന്ന സുലൈമാനിയുടെ രുചി ഇന്നും ഞാൻ ഓർക്കുന്നുണ്ട്. ആദ്യ ദിവസങ്ങളിൽ സാമ്പാറും ചോറും കിട്ടിയിരുന്നെങ്കിൽ പിന്നെ ഭക്ഷണം പയറും കഞ്ഞിയും മാത്രമായി മാറി. എന്നാൽ നോൺ വെജ്ജ്ക്കാർക്ക് മീൻ കറിയായും വറുത്തതായും രാജകീയ ഭക്ഷണം ലഭിച്ചിരുന്നു. ടൈഗർ റിസർവ്വിലെ വാച്ചർമാരായിരുന്ന വെള്ളയാനും കണ്ണനുമായിരുന്നു സംഘത്തിലെ മീൻ വേട്ടക്കാർ. വെള്ളയാൻ ഏതോ ചില പ്രത്യേകജാതി കാട്ടുപൂക്കൾ ഉപയോഗിച്ച് മീൻ പിടിച്ചിരുന്നു. അവിടുത്തെ മീനുകൾക്ക് ആ കാട്ടുപൂക്കൾ വളരെ ഇഷ്ടമാണെന്ന് വെള്ളയാൻ വിശദീകരിച്ചു തന്നത് ഓർക്കുന്നു. ബ്രിട്ടീഷുകാരനായ പക്ഷി നിരീക്ഷകൻ ആൻഡ്രൂ റോബർട്ട്സൺ തന്റെ കർത്തവ്യത്തിൽ ഏറെ ശ്രദ്ധാലുവായിരുന്നു. അന്ന് ലഭ്യമായിരുന്ന ഏറ്റവും മികച്ച ബൈനോക്കുലർ ആയിരുന്നു അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ടായിരുന്നത്. അതിലൂടെയുള്ള പക്ഷികളുടെ കാഴ്ച വാക്കുകൾ കൊണ്ട് വിവരിക്കാൻ പറ്റാത്തതായിരുന്നു. ഒരു പ്രത്യേക ആകൃതിയിലുള്ള പാത്രത്തിൽ അദ്ദേഹം സ്വയം ചായ ഉണ്ടാക്കുന്നത് കാണുന്നതും വളരെ രസകരമായിരുന്നു. തേക്കടി വിട്ടതിനു ശേഷം ഞങ്ങളുടെ ആദ്യ ക്യാമ്പ് മ്ലാപ്പാറ ആയിരുന്നു. പിന്നീടുള്ള ക്യാമ്പുകൾ എല്ലാം പെരിയാറിന്റെ തീരങ്ങളിൽ തന്നെ ആയിരുന്നു. തന്നിക്കുടിയിൽ നിന്ന് 35 കിലോമീറ്റർ നടന്നാണ് ചോക്കൻപെട്ടിയിൽ എത്തിച്ചേർന്നത്. ഇതിനിടയിൽ എത്രയോ തവണ ഞങ്ങൾ പെരിയാറിനെ മുറിച്ചു കടന്നു. ആ യാത്രയിൽ ഞങ്ങളുടെ അവസാനത്തെ ക്യാമ്പ് പെരിയാറിന്റെ യഥാർത്ഥ ഉത്ഭവസ്ഥാനമായ പുടവയിൽ ആയിരുന്നു. അവിടെയാണ് അപ്രതീക്ഷിതവും ഭയപ്പെടുത്തുന്നതുമായ ഒരു സംഭവം ഉണ്ടായത്.
ഞങ്ങൾ പുടവയിൽ എത്തിച്ചേരാൻ എത്ര ദിവസമെടുത്തുവെന്ന് കൃത്യമായി ഞാൻ ഓർക്കുന്നില്ല. അഞ്ചോ ആറൊ ദിവസമെടുത്തു കാണും. ഉത്ഭവ സ്ഥാനത്തോട് അടുക്കുന്തോറും നദി കൂടുതൽ കൂടുതൽ നേർത്തു വന്നു. അതിമനോഹരമായ പ്രകൃതി ദൃശ്യമായിരുന്നു അവിടെ മുഴുവൻ. ചുറ്റും നിബിഡവും ആകാശം മുട്ടുന്നതുമായ കാട്. കുന്നിൻ ചെരുവുകളെ മുറിച്ചുകൊണ്ട് ഡസൻകണക്കിന് നിർച്ചാലുകൾ ഒഴുകുന്നു. ഒരു മുനമ്പിൽ നിന്ന് നോക്കുമ്പോൾ എങ്ങനെയാണ് ഇത്തരത്തിൽ നീർച്ചാലുകൾ മീറ്ററുകളോളം ഒഴുകി കൂടിച്ചേർന്ന് ഒരു ജല പ്രവാഹമായി മാറുന്നതെന്ന് എനിക്ക് കാണാൻ സാധിച്ചു. പെരിയാറിന്റെ ഏറ്റവും ശുദ്ധവും ദൈവീകവുമായ രൂപമായിരുന്നു അത്. ഞാൻ കുറച്ച് നേരം അവിടെ ഇരുന്ന് പ്രകൃതിയാകുന്ന എന്റെ ഈശ്വരനെ ധ്യാനിച്ചു. ആരോ വെച്ചു നീട്ടിയ ചായ വാങ്ങിക്കുടിച്ചു. പെരിയാർ കാത്തു വെച്ചിരിക്കുന്ന ആയിരക്കണക്കിന് നിധികളിൽ ഒരെണ്ണമെങ്കിലും കാണാനുള്ള ഭാഗ്യമുണ്ടായതിന് ഞാൻ ദൈവത്തിനോട് നന്ദി പറഞ്ഞു. ആ സമയം ആകാശത്ത് മഴമേഘങ്ങൾ നിറഞ്ഞിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു, എന്നാലത് മൺസൂണിന്റെ ആരംഭത്തിന് മുന്നേ സാധാരണമായതിനാൽ വലിയ കാര്യമാക്കിയില്ല.
വൈകുന്നേരം ആറ് മണിയോടെ ചെറിയ ചാറ്റൽ മഴ ആരംഭിച്ചു. വലിയൊരു മഴ ഞങ്ങളെ കാത്തിരിപ്പുണ്ടെന്ന് ഞങ്ങളുടെ ഗൈഡ് മുന്നറിയിപ്പ് തന്നു. ഏഴ് മണിയോടെ പ്രവചനത്തെ ശരിവെച്ചു കോണ്ട് മഴ തകർത്തു പെയ്യാൻ ആരംഭിച്ചു. മഴയിൽ നിന്ന് രക്ഷ നേടാൻ ഞങ്ങൾ അരുവിയിൽ നിന്ന് കുറച്ച് മീറ്ററുകൾ മുകളിലായി വാട്ടർപ്രൂഫ് ഷീറ്റ് കൊണ്ടുള്ള ഒരു ടെന്റ് അടിച്ചു. രണ്ട് വശവും തുറന്നിരിക്കുന്ന അതിനുള്ളിൽ ഇരുന്ന ഞങ്ങൾ ഒരു മണിക്കൂറിനകം നനഞ്ഞ് കുതിർന്നു. രാത്രി 9 മണിയോടെ ഞാൻ അന്നുവരെ കണ്ടിട്ടില്ലാത്തത്ര ഭയാനകമായ കൊടുംമഴ ഞങ്ങളെ അക്ഷരാർത്ഥത്തിൽ തകർത്തു കളഞ്ഞു. എന്റെ ക്യാമറ നനയാതിരിക്കാൻ ഒരു പോളിത്തീൻ ബാഗിൽ പൊതിഞ്ഞു വെച്ചു. ഞങ്ങള്‍ സ്വർഗമെന്ന് കരുതിയ ഇടം ഉയർത്തുവരാൻ കഴിയാത്ത വിധം ഭയാനകമായ നരകമായി മാറി കഴിഞ്ഞിരുന്നു. ഞങ്ങളുടെ തൊട്ടടുത്തെ ചെറിയ അരുവി ഒരു ശക്തമായ ജല പ്രവഹമായി മാറിക്കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്താണ് പെട്ടെന്ന് ആനകളുടെ ചിന്നംവിളി ഞങ്ങൾ ശ്രദ്ധിച്ചത്. ആനകൾ ഞങ്ങളിൽ നിന്ന് അധികം ദൂരത്തല്ലെന്ന് ചിന്നംവിളിയുടെ ശബ്ദം കൊണ്ട് മനസ്സിലാക്കാനായി. മാത്രമല്ല അവ ഞങ്ങളുടെ ക്യാമ്പിന്റെ നേരെയാണ് വരാൻ പോകുന്നത്. ഞങ്ങളിൽ പലരുടെയും അവസാനത്തെ ക്യാമ്പായിരിക്കും ഇതെന്ന് ഒരു നിമിഷം എന്റെ മനസ്സിൽ മിന്നി മാഞ്ഞു. എന്നാൽ ഭാഗ്യവശാല്‍ യാതൊന്നും സംഭവിക്കാതെ ആ മണിക്കൂറുകൾ കടന്നു പോയി. പുലർച്ചെ നാലു മണി വരെ നിർത്താതെ മഴ പെയ്തെങ്കിലും നേരം വെളുത്തപ്പോഴേക്കും പൂർണമായും ശാന്തമായി. എങ്ങനെയോ തീ കത്തിച്ച് എല്ലാവർക്കും ഓരോ കട്ടൻ ചായ ഉണ്ടാക്കാൻ സാധിച്ചു. തലേന്ന് ഉച്ചയ്ക്കോ രാത്രിയിലോ ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല. രാവിലെയും ഒന്നും കഴിക്കാൻ കിട്ടിയില്ല. ആകെയൊരു കട്ടൻ ചായയുടെ ബലത്തിലാണ് എല്ലാവരുമുള്ളത്. ആ ബലത്തിൽ പെരിയാർ റിസർവ്വിന് പുറത്ത് തമിഴ്നാട്ടിലെ സമതലങ്ങളിലേക്കുള്ള ഇറക്കം ഞങ്ങൾ ഇറങ്ങി.
രാവിലെ 11 മണി, നല്ല ചൂട് അനുഭവപ്പെടുന്നുണ്ടായിരുന്നു. നീണ്ട നടത്തത്തിന് ശേഷമുള്ള ക്ഷീണത്തിൽ ഒരരുവിക്കരയിൽ വിശ്രമിക്കാനുള്ള ഒരുക്കത്തിലായിരുന്നു ഞാൻ. അപ്പോഴാണ് പിറകിൽ നിന്ന് ഫോറസ്റ്റ് ഓഫീസറായ തോമസ് നെൽസണിന്റെ ശബ്ദം കേട്ടത്. ഞാൻ എന്റെ ബാഗ് താഴെ വെച്ച് ക്യാമറയുമെടുത്ത് നെൽസണിന്റെ സമീപത്തേക്ക് വേഗം പോയി. നെൽസൺ ഇരിക്കുന്നതിന്റെ കുറച്ചപ്പുറത്തായി തവിട്ട് നിറത്തിലുള്ള ഒരു ചിത്രശലഭത്തെ കണ്ടു. ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും കണ്ടു വരുന്ന 'തമിഴ് യോമൻ' എന്നറിയപ്പെടുന്ന ചിത്രശലഭമായിരുന്നു അത്. ഞാൻ എന്റെ നിക്കോൺ ക്യാമറ കയ്യിലെടുത്ത് ശ്രദ്ധയോടെ അതിന്റെ ചിത്രങ്ങൾ പകർത്താന്‍ തുടങ്ങി. മാക്രോ ലെന്‍സിലൂടെ സൂക്ഷ്മമായി നോക്കിയപ്പോഴാണ് ആ അപൂര്‍വ്വ ദൃശ്യം ഞാന്‍ ശ്രദ്ധിച്ചത്. ശലഭം തന്റെ തുമ്പിക്കൈ കൊണ്ട് ജലാംശം ഉള്ളിലേക്ക് വലിച്ചുകുടിക്കുകയും അതേസമയം തന്നെ പിന്‍വശത്തുകൂടെ ഓരോ ചെറുതുള്ളികളായി ഉപേക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുകയാണ്. ആ അപൂര്‍വ്വ ദൃശ്യം ഏറെ നേരം നിരീക്ഷിക്കുകയും ശ്രദ്ധയോടെ ചിത്രം പകര്‍ത്തുകയും ചെയ്തു. ആദ്യമായാണ് അത്തരമൊരു ഫോട്ടോഗ്രാഫ് വന്യലോകത്ത് നിന്നും പകര്‍ത്തപ്പെട്ടതെന്ന് പിന്നീട് മാത്രമാണ് ഞാന്‍ അറിഞ്ഞത്!
മ്ലാപ്പാറയിൽ ഞങ്ങൾ എത്തുമ്പോൾ ആകാശം കാർമേഘങ്ങളാൽ നിറഞ്ഞിരുന്നു. ഏത് നിമിഷവും മഴ പെയ്യുവാൻ സാധ്യതയുണ്ടായിരുന്നതിനാൽ പെരിയാറിനെ മുറിച്ചു കടക്കുന്നത് അപകടമാണെന്ന് ഞങ്ങൾക്ക് മനസ്സിലായി. അഥവാ മഴ പെയ്താൽ മിനിറ്റുകൾ കൊണ്ട് പുഴയിലെ ജലനിരപ്പ് ഉയരും. ആ പുഴക്കരയിൽ തന്നെ ആ ദിവസം ചിലവഴിക്കാൻ തീരുമാനിച്ചു. അപ്പോഴാണ്, ഞങ്ങളുടെ സംഘാംഗങ്ങളിൽ ഒരാൾ ഓടി വന്ന് ശ്വാസമടക്കിപ്പിടിച്ചു കൊണ്ട് പുഴയുടെ മറുകരയിൽ നൂറുകണക്കിന് മഞ്ഞ ചിത്രശലഭങ്ങൾ പാറിക്കളിക്കുന്നത് കണ്ടതായി പറഞ്ഞത്. യെല്ലോ ഗ്രാസ്സ് എന്നറിയപ്പെടുന്ന ചിത്രശലഭങ്ങളുടെ കൂട്ടമായിരിക്കും അതെന്ന് ഞാൻ ഊഹിച്ചു. അതൊരു ഗംഭീര കാഴ്ചയായിരിക്കുമെന്ന് മനസ്സിലോർത്തു. അതെങ്ങനെയാണ് നഷ്ടപ്പെടുത്തുക, വേഗം ക്യാമറ കയ്യിലെടുത്ത് മഴയുടെ മുന്നറിയിപ്പുകളെ അവഗണിച്ച് ഞാൻ പുഴ മുറിച്ചു കടക്കാൻ ആരംഭിച്ചു. മിനിറ്റുകൾ കൊണ്ട് അയാൾ പറഞ്ഞ സ്ഥലത്ത് എത്തിച്ചേർന്നു.
അതൊരു സ്വർഗീയമായ കാഴ്ചയായിരുന്നു, നൂറുകണക്കിന് ജീവനുള്ള പൂവുകൾ പറന്നുകളിക്കുന്നത് പോലെ തോന്നി. ഞാൻ സൂക്ഷിച്ചു നോക്കിയപ്പോൾ വിവിധ ഘട്ടമെത്തിയ അനവധി പ്യുപ്പകളും അവിടെയുണ്ട്. ഒരിക്കലും മറക്കാത്ത ഒരനുഭവമായിരുന്നു അത്. ആ കാഴ്ചയിൽ മതിമറന്നുപോയപ്പോഴേക്കും മഴയുടെ ആരംഭമായിരുന്നു. കൂടെ വന്ന സുഹൃത്ത് തട്ടി വിളിച്ചു കൊണ്ട് പറഞ്ഞു, മഴ കഴിഞ്ഞാൽ വീണ്ടും തിരികേ വരാമെന്ന്. പക്ഷെ ചിത്രശലഭങ്ങളുടെ കൂട്ടത്തിലേക്ക് ഒരിക്കൽ കൂടി നോക്കിയപ്പോൾ പെട്ടെന്ന് വിചിത്രമായ ഒരു ചിന്ത എന്നെ ബാധിച്ചു. എന്തുകൊണ്ടാണ് ചിറകുകൾ മുളച്ച ചിത്രശലഭങ്ങൾ വീണ്ടും അവിടെ തന്നെ തൂങ്ങിക്കിടക്കുന്നത്! എന്തുകൊണ്ടാണ് മറ്റു ചിത്രശലഭങ്ങൾ അവിടേക്ക് വീണ്ടും തിരിച്ചെത്തുന്നത്! ഞാൻ അത്ഭുതപ്പെട്ടു. ഞാൻ ക്യാമറയിലൂടെ വീണ്ടും സൂക്ഷിച്ച് നോക്കി. എന്റെ ഊഹം ശരിയായിരുന്നു. തിരിച്ചെത്തുന്നവയെല്ലാം ആൺശലഭങ്ങൾ ആയിരുന്നു. പ്യുപ്പയിൽ നിന്ന് ഉണ്ടാകുന്ന പെൺശലഭങ്ങളോട് ഇണ ചേരാനാണ് അവ വരുന്നത്. ഞാൻ സ്വപ്നങ്ങളിൽ മാത്രം കണ്ടിരുന്ന ഒരു കാഴ്ചയാണ് കണ്‍മുന്നിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. തെക്കേ അമേരിക്കയിലെ ഹെലിയോകോണിയസ് ചിത്രശലങ്ങൾക്കിടയിൽ മാത്രം നടക്കാറുള്ളതെന്ന് ഞാൻ കരുതിയ കാര്യം.എന്നാൽ അത് ക്യാമറയിൽ പകർത്താനുള്ള എല്ലാ പ്രതീക്ഷകളും മഴയിൽ മുങ്ങിപ്പോയി. അങ്ങനെയൊരു കാഴ്ച എനിക്ക് ഒരുക്കിത്തന്ന എന്റെ സുഹൃത്തിനോട് ഞാൻ മനസ്സിൽ നന്ദി പറഞ്ഞു. മഴ ശക്തമാവുന്നതിനു മുന്നേ തന്നെ ഞങ്ങൾ ക്യാമ്പിൽ തിരിച്ചെത്തി.
(തുടരും)