പെരിയാറില്‍ നടന്ന കേരളത്തിലെ ആദ്യ പക്ഷി സര്‍വ്വേ
‘കാടിനൊപ്പം നടന്ന അറുപത് വര്‍ഷങ്ങള്‍’ രണ്ടാം ഭാഗം.
1985 ജനുവരിയിലെ അവസാന ദിവസങ്ങളിലെന്നോ ആയിരുന്നു ഫോറസ്റ്റ് ചീഫ് കൺസെർവേറ്റർ ആയിരുന്ന ശ്രീ. ജി. മുകുന്ദന്‍റെ ഫോൺകോൾ വന്നത്. പെരിയാർ വന്യജീവി സങ്കേതത്തിന്‍റെ സുവർണ ജൂബിലിയുമായി ബന്ധപ്പെട്ട് പുറത്തിറക്കുന്ന സോവനീറിന്‍റെ കവറിനായി കടുവയുടെ ഒരു ഫോട്ടോ വേണമെന്നായിരുന്നു ആവശ്യം. കാട്ടിൽ നിന്നുള്ള കടുവയുടെ ചിത്രം ഞാൻ അന്നുവരെ പകർത്തിയിട്ടില്ലെങ്കിലും ഫോട്ടോ സംഘടിപ്പിച്ചു കൊടുക്കാമെന്ന് ഞാൻ ഉറപ്പ് കൊടുത്തു. നേരെ എന്‍റെ പെന്‍റാക്സ് എം.എക്സ് മാന്വൽ ക്യാമറയും പുതുതായി വാങ്ങിയ വിവിറ്റർ 400 ടെലിഫോട്ടോ ലെൻസുമായി തിരുവനന്തപുരം മൃഗശാലയിലേക്ക് പോയി. അവിടെ സുഹൃത്തും ഒരു മൃഗസ്നേഹിയുമായ ഡോക്ടർ സി.ജെ ചന്ദ്ര എന്നെ സഹായിക്കാൻ ഉണ്ടായിരുന്നു. മൃഗശാലയിലെ തുറസ്സായ സ്ഥലത്ത് വെച്ച് കടുവയെ ക്യാമറയിലാക്കുക എന്നതായിരുന്നു പ്ലാൻ. പക്ഷെ ഡോക്ടർ കൂട്ടിനുള്ളിലുള്ള കടുവക്കുഞ്ഞിനെ കുറിച്ച് പറഞ്ഞപ്പോൾ അതിന്‍റെ സുന്ദരമായ മുഖത്തിന്‍റെ ഒരു ക്ലോസപ്പ് എടുക്കുകയാണ് ചെയ്തത്. സോവെനീർ പിന്നീട് പ്രസിദ്ധീകരിക്കപ്പെടുകയും ആ ഫോട്ടോ കവറായി വരികയും ചെയ്തു. എന്നാൽ, എന്നെ അത്യധികം ആഹ്ലാദിപ്പിച്ചത് ആ മാഗസിനിൽ വന്ന രണ്ട് ലേഖനങ്ങളായിരുന്നു. എം. കൃഷ്ണൻ എഴുതിയ പെരിയാറിനെ കുറിച്ചുള്ള ലേഖനവും പ്രൊഫ. നീലകണ്ഠന്‍റെ പെരിയാറിലെ പക്ഷികളെക്കുറിച്ചുള്ള മറ്റൊരു ലേഖനവും. ആദ്യ സംഭവം സൂചിപ്പിച്ചത് ഇതിലേക്ക് വരാനായിരുന്നു. എം. കൃഷ്ണനെ ഒരിക്കലും നേരിട്ട് പരിചയപ്പെടാൻ സാധിച്ചിട്ടില്ലെങ്കിലും ഒന്നിലധികം തവണ അദ്ദേഹവുമായി കത്തിടപാട് നടത്തിയിരുന്നു. അത്ഭുതപ്പെടുത്തുന്ന ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്‍റേത്. ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഗ്രാഫിയിലും ഇന്ത്യൻ കാടുകളെക്കുറിച്ചും തികഞ്ഞ പണ്ഡിത്യമുള്ള ഒരാൾ. കൽക്കട്ടയിൽ നിന്നും പുറത്തിറങ്ങിയിരുന്ന ' ദി സ്റ്റേറ്റ്സ്മാനിൽ ' അന്നദ്ദേഹം 'കൺഡ്രി ബുക്ക്' എന്ന പേരിൽ ഒരു കോളം കൈകാര്യം ചെയ്തിരുന്നു. 1950ൽ ആരംഭിച്ച ആ കോളമെഴുത്ത് നീണ്ട 45 വർഷം മുടങ്ങാതെ തുടർന്നു. ഇന്ത്യൻ പത്രരംഗത്ത് തന്നെ ഇതൊരു റെക്കോർഡ് ആണ്. യാദൃശ്ചികത എന്തെന്നാൽ 1996 ഫെബ്രുവരി 18ന് തന്‍റെ എൺപത്തി നാലാം വയസ്സില്‍ അദ്ദേഹം അന്തരിച്ച അതേ ദിവസമാണ് കൺഡ്രി ബുക്കിന്‍റെ അവസാന ഭാഗം പ്രസിദ്ധീകരിക്കപ്പെട്ടത്.
എം. കൃഷ്ണൻ പെരിയാറിനെ കുറിച്ചുള്ള തന്‍റെ ലേഖനത്തിൽ 1959ൽ ഒരു വലിയ കൊമ്പനെ സാഹസികമായി ക്യാമറയിലാക്കിയ അനുഭവം വിവരിക്കുന്നുണ്ട്. ആ സാഹസിക യാത്രയിൽ അദ്ദേഹത്തെ അനുഗമിച്ചത് കെ. കൃഷ്ണമൂർത്തിയെന്ന പരിസ്ഥിതി പ്രവർത്തകൻ ആയിരുന്നു. ഇദ്ദേഹമാണ് പിന്നീട് കേരളത്തിൽ മിസ്റ്റിരിക്ക ചതുപ്പുകള്‍ എന്ന അതിവിശിഷ്ടമായ ആവാസവ്യവസ്ഥ തിരിച്ചറിഞ്ഞത്. അന്നത്തെ സാഹസിക യാത്രയിൽ താന്നിക്കുടിയിലെ തടാകത്തിനടുത്തായാണ് അവർ കൊമ്പനെ കണ്ടത്. അവന്‍റെ കൊമ്പുകളിലും പിറകിലും ചോരപ്പാടുകൾ ഉണ്ടായിരുന്നു. മറ്റേതെങ്കിലും കൊമ്പനുമായി നടത്തിയ പോരിന്‍റെ ഫലമായി ഉണ്ടായതായിരിക്കുമതെന്ന് അവർ അനുമാനിച്ചു. കൊമ്പന്‍റെ ചിത്രമെടുക്കാനായി അദ്ദേഹം അടുത്തുള്ള ഈറ്റകൾക്കിടയിലേക്ക് നുഴഞ്ഞു കയറുകയും ഇഴഞ്ഞു നീങ്ങി ഒരു വിടവിലൂടെ ഫോട്ടോ എടുക്കാനുമായിരുന്നു ഉദ്ദേശം. എം. കൃഷ്ണന്‍റെ അന്നത്തെ അനുഭവം ഇങ്ങനെയാണ് വിവരിച്ചത്
"കുറച്ച് കുറ്റിച്ചെടികളുടെ അകലം മാത്രമാണ് അന്ന് എനിക്കും അവനുമിടയിൽ ഉണ്ടായിരുന്നത്. ചെടികളുടെ ഇലകൾക്കിടയിലൂടെ ഞാൻ അവനെ വ്യക്തമായി കണ്ടു. അവൻ അനങ്ങാതെ, ഞാന്‍ നില്‍ക്കുന്ന അതേ ദിശയിലേക്ക് നോക്കി നിൽക്കുകയായിരുന്നു. വെറും 20 മീറ്ററോളം അകലത്തിൽ, കരുത്തിന്റെ പ്രതീകമായ, ഭീമാകാരനായ ഒരു രൂപം തന്‍റെ ചോര പുരണ്ട മസ്തകവും കൊമ്പുകളുമായി അടങ്ങാത്ത കോപത്തോടെ നിൽക്കുന്നു. ഒരു നിമിഷം ആ ചിന്ത എന്നിൽ ഒരു ഉൾക്കിടിലമുണ്ടാക്കി. അഥവാ അവൻ എന്‍റെ സാന്നിധ്യം തിരിച്ചറിഞ്ഞ് എന്‍റെ നേരെ വന്നാൽ രക്ഷപ്പെടാൻ ഒരു പഴുത് പോലും അവശേഷിക്കുന്നില്ല. ഞാൻ അങ്ങേയറ്റം ശ്രദ്ധയോടെ സാവധാനം വന്ന വഴിയിലൂടെ തന്നെ താഴേക്ക് ഇഴഞ്ഞു നീങ്ങി. സുരക്ഷിതനായി എന്ന് തിരിച്ചറിഞ്ഞ ശേഷമാണ് ഞാൻ കാണിച്ച വിഡ്ഢിത്തത്തിന്‍റെ ആഴം എനിക്ക് മനസ്സിലായത്. ഏതാനും മിനിറ്റുകൾക്ക് ശേഷം എന്‍റെയരികിൽ എത്തിയ കൃഷ്ണമൂർത്തി എന്നെ ഇതിന്‍റെ പേരിൽ ശകാരിക്കുകയായിരുന്നു. എങ്കിലും ഇത്രയും വർഷങ്ങൾക്കിടെ നൂറുകണക്കിന് ആനചിത്രങ്ങൾ എടുത്ത ശേഷവും അന്ന് ആ ഭീതിയുടെ പുറത്ത് എനിക്ക് നഷ്ടമായത് ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരം കൂടിയായിരുന്നെന്ന് ഞാൻ തിരിച്ചറിയുന്നു ".
ഈ സംഭവം ഉണ്ടായ അതേ ദിവസം തന്നെ വീണ്ടും മറ്റൊരു കൊമ്പനെ കാണുകയും അദ്ദേഹത്തിന് ചിത്രങ്ങളെടുക്കാൻ സാധിക്കുകയും ചെയ്തിരുന്നെന്നും ലേഖനത്തിൽ എം. കൃഷ്ണൻ പറയുന്നുണ്ട്.
എം. കൃഷ്ണന്‍റെ ഏറ്റവും മികച്ച രചനയാണ് 1975 ൽ ഇന്ത്യൻ ഗവർമെന്റിനു വേണ്ടി ചെയ്ത " ഇല്ലസ്ട്രേറ്റഡ് റിപ്പോർട്ട് ഓൺ ഇന്ത്യാസ് വൈൽഡ് ലൈഫ്" ഇതിനായി അദ്ദേഹം രാജ്യം മുഴുവൻ സഞ്ചരിച്ചു. ഒരുപക്ഷെ സ്വാതന്ത്രാനന്തര ഇന്ത്യയിൽ പുറത്തിറങ്ങിയ ഏറ്റവും ഉന്നതമായ ശാസ്ത്ര ലേഖനങ്ങളിൽ ഒന്നായിരിക്കും ഈ റിപ്പോർട്ട്. കാട്ടാനകളെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ അറിവ് അപാരമാണ്. അമേരിക്കയിലെ കോർണെൽ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞയായ കേറ്റി പെയിൻ 1992ൽ നീണ്ട കാലത്തെ ഗവേഷണങ്ങൾക്ക് ശേഷം മനുഷ്യന് കേൾക്കാൻ സാധിക്കാത്ത ഫ്രീക്വൻസിയിലുള്ള ശബ്ദ തരംഗങ്ങൾ പുറപ്പെടുവിച്ച് ആനകൾ ആശയവിനിമയം നടത്തുന്നതായി കണ്ടെത്തുകയുണ്ടായി. ഈ ശബ്ദ തരംഗങ്ങൾ മൈലുകളോളം സഞ്ചരിക്കുമെന്ന് കേറ്റി പെയിൻ കണ്ടെത്തി. എന്നാൽ ഇതിനുള്ള സാധ്യത 1972ൽ തന്നെ എം.കൃഷ്ണൻ വിശദീകരിച്ചിട്ടുണ്ട്. 1959ന് ശേഷം എത്രയോ തവണ അദ്ദേഹം പെരിയാറിൽ സന്ദർശനം നടത്തിയിട്ടുണ്ടാവണം. 1960ൽ പെരിയാറിലെ തടാകക്കരയിൽ വെച്ച് ഒരു വയസ്സൻ കൊമ്പന്‍റെ ചിത്രം അദ്ദേഹം പകർത്തിയിരുന്നു. ഭൂട്ടാൻ മുതൽ കേരളം വരെ രാജ്യം മുഴുവൻ കണ്ടിട്ടുള്ള നൂറുകണക്കിന് ആനകളിൽ വെച്ച് ഏറ്റവും രാജകീയമായ കാഴ്ചയായിരുന്നു അതെന്ന് അദ്ദേഹം പറയുന്നു.
സാലിം അലി
വിഖ്യാത പക്ഷി നിരീക്ഷകനായ സാലിം അലിയുടെ കേരളവുമായുള്ള ആദ്യ ബന്ധം തിരു-കൊച്ചി മേഖലയിൽ 1933-34 ൽ അദ്ദേഹം നടത്തിയ ഓർണിത്തോളജിക്കൽ സർവ്വേ ആണെന്നാണ് പലരും കരുതാറുള്ളത് . എന്നാൽ അതിനൊക്കെ മുന്‍പ് തന്നെ സാലിം അലിക്ക് ഒരു മലയാളി വഴി കേരളവുമായി ബന്ധമുണ്ടായിരുന്നു. ഒരുപക്ഷെ ആരും പെട്ടെന്ന് പ്രതീക്ഷിക്കാത്ത ഒരു പേരാണത്. വിപ്ലവകാരിയും സ്വാതന്ത്ര സമര സേനാനിയുമായിരുന്ന ചെമ്പകരാമൻ പിള്ള. 1929ൽ സാലിം അലിക്ക് ജർമ്മനിയിൽ പോകാനും ബെർലിൻ യൂണിവേഴ്സിറ്റിയുടെ സുവോളജിക്കൽ മ്യൂസിയത്തിലെ ക്യുറേറ്ററും വിഖ്യാത ഓർമിണിത്തോളജിസ്റ്റുമായിരുന്ന ഇർവിൻ സ്‌ട്രസ്മാന്റെ കീഴിൽ ഉപരിപഠനം നടത്താനും അവസരം ലഭിച്ചു. ജർമനിയിൽ വെച്ചാണ് ചെമ്പകരാമൻ പിള്ളയെ സാലിം അലി കണ്ടുമുട്ടുന്നത്. തീർത്തും വ്യത്യസ്തമായ രണ്ട് മേഖലകളിൽ പ്രവർത്തിക്കുന്നവരാണെങ്കിലും രണ്ടുപേരും വളരെപ്പെട്ടെന്ന് സുഹൃത്തുക്കളായി. സാലിം അലിയുടെ ആത്മകഥയിൽ അദ്ദേഹം ചെമ്പകരാമൻ പിള്ളയെ ഓർത്തെടുക്കുന്നുണ്ട്. “പിള്ള നന്നായി പാചകം ചെയ്യുമായിരുന്നു, മിക്കപ്പോഴും രുചികരമായ ഇന്ത്യൻ ഭക്ഷണമുണ്ടാക്കി അദ്ദേഹം ഞങ്ങളെ സൽക്കരിക്കാറുണ്ടായിരുന്നു."
ജർമനിയിൽ നിന്ന് തിരിച്ചെത്തിയ ഉടൻ തന്നെ സാലിം അലിക്ക് ഹൈദരാബാദ് സംസ്ഥാനത്തിലെ പക്ഷികളെ പറ്റി ഒരു സർവ്വേ നടത്താൻ ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയിൽ നിന്നും ആദ്യത്തെ അസൈൻമെന്റ് ലഭിച്ചു. ഇതാണ് പിന്നീട് തിരുവിതാംകൂറിലും സമാനമായ ഒരു സർവ്വേ നടത്താൻ സാലിം അലിയെ ഏൽപ്പിക്കാൻ ചിത്തിര തിരുനാളിനെ പ്രേരിപ്പിച്ചത്. 1930 മുതൽ 50 വരെ ഇന്ത്യയുടെ വിവിധ മേഖലകളിൽ സർവ്വേ നടത്തിയ കാലയളവിനെ തന്റെ ജീവിതത്തിലെ ഏറ്റവും ക്രീയാത്മകമായ കാലമായാണ് സാലിം അലി വിശേഷിപ്പിക്കുന്നത്. തിരുവിതാംകൂറിലും കൊച്ചിയിലും നടത്തിയ സർവ്വേ ആണ് പിന്നീട് തന്റെ ' The Birds of Kerala ' എന്ന പുസ്തകത്തിന് അടിസ്ഥാനമായി മാറിയതെന്ന് അദ്ദേഹം പിന്നീട് എഴുതിയിട്ടുണ്ട്. 1933 ജനുവരിയിലാണ് അദ്ദേഹം തന്റെ ഭാര്യ തെഹ്‌മിനയോടൊപ്പം മറയൂരിൽ സർവെക്കായി എത്തിയത്. തിരുവിതാംകൂർ രാജാവിന്റെ പ്രതിനിധിയായി തിരുവനന്തപുരം മൃഗശാലയിലെ ക്യൂറേറ്റർ ആയിരുന്ന എൻ.ജി പിള്ളയാണ് അദ്ദേഹത്തെ സ്വീകരിക്കാൻ മറയൂരിൽ എത്തിയത്. മറയൂരിലെ സർവ്വേക്ക് ശേഷം പെരിയാർ വന്യജീവി സാങ്കേതത്തിന്റെ പരിധിയിലുള്ള മൂന്നാർ, ദേവികുളം, ശാന്തൻപാറ, പീരുമെട് എന്നീ സ്ഥലങ്ങളിലേക്ക് പോകുകയും ദിവസങ്ങളോളം താമസിച്ച് സർവ്വേ തുടരുകയും ചെയ്തു. ഈ സർവ്വേയിൽ മറയൂരിനും കന്യാകുമാരിക്കും ഇടയിൽ അദ്ദേഹം 19 സ്ഥലങ്ങളിൽ ക്യാമ്പ് ചെയ്തിരുന്നു. സാലിം അലിയുടെ പെരിയാർ സന്ദർശനത്തിന്റേതായി അദ്ദേഹവും ഭാര്യയും ബോട്ടിൽ യാത്ര ചെയ്യുന്ന ഒരു ചിത്രം മാത്രമാണ് എനിക്ക് കണ്ടെത്താനായത്. 1933ന് ശേഷം 1947ലാണ് അദ്ദേഹം വീണ്ടും പെരിയാർ സന്ദർശിച്ചത്. സാലിം അലിയെ രണ്ട് തവണ നേരിട്ട് കാണാൻ എനിക്ക് സാധിച്ചിട്ടുണ്ട്. 1975ൽ ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയിൽ വെച്ചും 1981ൽ പ്രൊഫ. നീലകണ്ഠന്റെ കൂടെയും.
പ്രൊഫ. കെ കെ നീലകണ്ഠൻ
പെരിയാർ വന്യജീവി സാങ്കേതത്തിന്റെ സുവർണ ജൂബിലിയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സോവനീറിൽ പ്രൊഫ. നീലകണ്ഠൻ 1964നും 1984നും ഇടയിൽ നടത്തിയ എട്ട് പെരിയാർ യാത്രകളെപ്പറ്റി വിവരിക്കുന്നുണ്ട്. ഇതിൽ 1964ലെ ആദ്യ യാത്ര അമേരിക്കൻ സാഹിത്യവുമായി ബന്ധപ്പെട്ടുള്ള ഒരു സെമിനാറിൽ പങ്കെടുക്കാനായിരുന്നു. അന്ന് അദ്ദേഹത്തിന് താമസസൗകര്യം ലഭിച്ചത് എടപ്പാളയം പാലസിൽ ആയിരുന്നു. അതൊരു ദ്വീപിലായതിനാൽ പക്ഷികളെ കാണാൻ തനിക്ക് സാധിക്കില്ലെന്നോർത്ത് അദ്ദേഹം നിരാശനായി. പക്ഷിനിരീക്ഷണത്തിലെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത നേരത്താവും അത്ഭുതങ്ങൾ നമ്മെ തേടിയെത്തുക. അന്ന് നീലകണ്ഠനേയും കാത്തിരുന്നത് അത്തരമൊരു അനുഭവമായിരുന്നു. അന്ന് വൈകുന്നേരം പാലസിനടുത്തുള്ള സിൽവർ ഓക്ക് മരത്തിന്റെ മുകളിൽ grey wagtails പക്ഷിയുടെ ഒരു വലിയ കൂട് അദ്ദേഹം കണ്ടെത്തി. ഈ കണ്ടെത്തലിനെ പറ്റി അദ്ദേഹം ഇങ്ങനെ എഴുതി, " എന്റെയറിവിൽ തെക്കേയിന്ത്യയിൽ ആരും അന്നേവരെ grey wagtails പക്ഷിയുടെ ഒരു കൂട് കണ്ടെത്തിയിട്ടില്ലായിരുന്നു. ഈ പക്ഷി മരങ്ങളിൽ കൂട് വെക്കുമെന്ന് സംശയം പോലും ആരും ഉന്നയിച്ചിരുന്നില്ല ".
കെ. കെ നീലകണ്ഠന്റെ രണ്ടാമത്തെ പെരിയാർ യാത്ര 1965ലായിരുന്നു. ഈ യാത്രയിലെ ഏറ്റവും വലിയ പ്രത്യേകത ആരണ്യ നിവാസിന്റെ അടുത്തുള്ള സിൽക്ക് കോട്ടൺ മരത്തിൽ കൂടു നിർമ്മിക്കുന്ന white necked stork നെ കണ്ടെത്താനായതാണ്. 1952ലാണ് ഈ പക്ഷി ഈ പ്രദേശത്ത് കൂട് നിർമ്മിക്കാൻ തുടങ്ങിയത് എന്നദ്ദേഹം പറയുന്നു. കേരളത്തിലെ തന്നെ ആദ്യത്തെ റിപ്പോർട്ട് ആയിരുന്നു അത്. 1974 ഫെബ്രുവരിയിലെ സന്ദർശനത്തിനിടെയാണ് അദ്ദേഹം ആദ്യമായി great black woodpecker ന്റെ കൂട് കണ്ടെത്തുന്നത്. അന്ന് അദ്ദേഹത്തിന് അതിന്റെ ചിത്രങ്ങൾ എടുത്തു കൊടുത്തത് നീലഗിരി ലംഗൂരിനെ പറ്റി ഗവേഷണം നടത്താനായി പെരിയാറിൽ എത്തിയ അമേരിക്കൻ പ്രൈമാറ്റോളജിസ്റ്റ് ആയിരുന്ന റോബർട്ട് ഹോർവിച്ച് ആയിരുന്നു. 1976ൽ അന്നത്തെ വൈൽഡ്ലൈഫ് പ്രിസർവേഷൻ ഓഫീസർ ആയിരുന്ന മനു നായർ കെ. കെ നീലകണ്ഠനേയും ഡോ. വി. എസ് വിജയനെയും പെരിയാറിലേക്ക് ക്ഷണിക്കുകയുണ്ടായി. അന്നത്തെ യാത്രയ്ക്കിടെ ഉണ്ടായ ഒരു അനുഭവത്തെപറ്റി കെ.കെ നീലകണ്ഠൻ പിന്നീട് എഴുതിയിട്ടുണ്ട്. "മുല്ലയാറിന് അടുത്ത് വെച്ച് ആരാലോ ആക്രമിക്കപ്പെട്ട ഒരു സ്ത്രീയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേൾക്കുകയുണ്ടായി. ഒരുപാട് നേരത്തെ തിരച്ചിലിനൊടുവിലാണ് അതൊരു grey headed eagle ന്റെ കരച്ചിൽ ആണെന്ന് മനസ്സിലായത് ". അദ്ദേഹം അവസാനമായി പെരിയാർ സന്ദർശിച്ചത് 1987ൽ കേരളത്തിലെ പക്ഷിനിരീക്ഷകരുടെ ആദ്യ മീറ്റിങ്ങിനു നേതൃത്വം വഹിക്കാനായിരുന്നു.
(തുടരും)