TMJ
searchnav-menu
post-thumbnail

Outlook

പീറ്റര്‍ ബ്രൂക്ക്; മനുഷ്യ സങ്കീർണ്ണതകളെ ആഴത്തിൽ പരിശോധിച്ചയാൾ

04 Jul 2022   |   1 min Read
ദീപന്‍ ശിവരാമന്‍

PHOTO: WIKI COMMONS

പീറ്റര്‍ ബ്രൂക്കിന്റെ മരണത്തോടെ ഒരു കാലത്തിന്റെ അന്ത്യമായിരിക്കുന്നു എന്ന് നമുക്ക് നിശ്ചയമായും പറയാം. പീറ്റര്‍ ബ്രൂക്ക് 1925ലാണ് ജനിച്ചത്. ഇന്ന്, 2022 ജൂലായ് രണ്ടിന് അന്തരിക്കുമ്പോള്‍ 97 വയസ്സായിരുന്നു പ്രായം. ഇരുപതാം നൂറ്റാണ്ട് കെട്ടിപ്പടുക്കുന്നതില്‍ പങ്ക് വഹിച്ചിട്ടുള്ളവരില്‍ പ്രധാനിയാണ് അദ്ദേഹം. ഓരോ നൂറ്റാണ്ടിനെ, അല്ലെങ്കില്‍ ഒരു കാലഘട്ടത്തെ നമ്മള്‍ മനസ്സിലാക്കിയെടുക്കുന്നത് ആ കാലഘട്ടത്തില്‍ നടന്നിട്ടുള്ള പ്രധാനപ്പെട്ട സംഭവങ്ങള്‍, ആ നൂറ്റാണ്ടില്‍ ജീവിച്ചിട്ടുള്ള പ്രധാനപ്പെട്ട ചിന്തകര്‍, എഴുത്തുകാര്, നാടകക്കാര്‍ , ചിത്രകാരന്മാര്‍, ശില്‍പ്പികള്‍, ശാസ്ത്രഞ്ജര്‍, രാഷ്ട്രീയക്കാര്‍ ഇങ്ങനെയൊക്കെയുള്ള ആളുകളുടെ പേരിലും അവരുടെയൊക്കെ കോണ്‍ട്രിബ്യൂഷന്റെയും ഒക്കെ പേരിലാണല്ലോ. ഇരുപതാം നൂറ്റാണ്ടിനകത്ത് എന്ന് പറയുമ്പോള്‍, തിയേറ്റർ മേഖലയിൽ ആ കാലത്ത് അന്റോണിന്‍ അര്‍ത്തോഡും, ബെര്‍ത്തോള്‍ഡ് ബ്രെഹ്ത്തും ഉണ്ട്. ബ്രൂക്ക് ചെറുപ്പക്കാരനായിരുന്ന കാലത്ത് ഇവരിരുവരും അവരുടെ മികച്ച വർക്കുകൾ ചെയ്യുന്ന കാലമാണ്. ഇവരുടെ സ്വാധീനം അദ്ദേഹത്തിലുണ്ട്. എന്ന് മാത്രമല്ല, ഇവരിരുവരുടെയും തിയേറ്റർ രീതികളുടെ സങ്കലനം ആണ് പീറ്റർ ബ്രൂക്കിന്റെ ശൈലി എന്ന് പറഞ്ഞാലും തെറ്റില്ല. സ്റ്റാന്‍സിലാവ്‌സ്‌കിയുടെ അവസാന സമയത്ത് പോലും ഉണ്ടായിരുന്ന ആളാണ് പീറ്റര്‍ ബ്രൂക്ക്. ഗ്രോട്ടോവ്‌സ്‌കി അല്ലെങ്കില്‍ അതുപോലെ അദ്ദേഹത്തിനൊപ്പം പണിയെടുത്തിട്ടുള്ള ഒരുപാട് നാടകപ്രവര്‍ത്തകര്‍ ഇന്ന് ഇല്ല. പീറ്റര്‍ ബ്രൂക്ക് വിടവാങ്ങുമ്പോള്‍ നമ്മള്‍ ഒരു കാലഘട്ടത്തിന്റെ അന്ത്യം എന്ന് പറയുന്നതിന് ഇതൊക്കെ കാരണങ്ങളാണ്.

പീറ്റര്‍ ബ്രൂക്ക് എന്ത് കൊണ്ടാണ് ഏറ്റവും പ്രധാനപ്പെട്ട, ഇരുപതാം നൂറ്റാണ്ടിന്റെ ഒരു കലാകാരനായി നില്‍ക്കുന്നത് എന്ന് ചോദിക്കുകയാണെങ്കില്‍ ഉത്തരം ഇങ്ങനെയാണ്. ലോകനാടക വേദിയില്‍ സംവിധായകന്റെ വരവ് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഉണ്ടായത്. അത് വരെ എഴുത്തുകാരുടെ ഒരു മേഖലയായാണ് നാടകത്തെ ലോകം കണ്ടിട്ടുള്ളത്. നാടകം എഴുതുന്നയാള്‍ തന്നെയാണ് അത് സംവിധാനം ചെയ്യുകയും രൂപപ്പെടുത്തിയെടുക്കുകയും ചെയ്യുക. പീറ്റര്‍ ബ്രൂക്കിന്റെ സംഭാവന, അത് വരെ നിലനിന്നിരുന്ന എഴുത്തുകാരന്റെ ഈ അപ്രമാദിത്വത്തെ വെല്ലുവിളിക്കുകയും പുതുവഴികള്‍ തുറക്കുകയും അത് വഴി നാടകവേദിയെ അന്ന് വരെ കാണാത്ത ചില വഴികളിലേക്ക് നയിക്കുകയും ചെയ്തു എന്നതാണ്. വില്യം ഷെയ്ക്‌സ്പിയറിന്റെ ഒരു നാടകം അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്നത് 1945ലാണ്. കിംഗ് ജോണ്‍ എന്ന നാടകം ബെര്‍മിംഗ്ഹാം റിപ്പര്‍ട്ടറി തിയേറ്ററിന് വേണ്ടി. അന്ന് അദ്ദേഹത്തിന് വെറും ഇരുപത് വയസ്സാണ്. ‘ആന്‍ എര്‍ത്ക്വാക്ക് ഓണ്‍ ഷേയ്ക്‌സ്പീരിയന്‍ ലാന്‍ഡ്’ എന്നാണ് അന്ന് അത് വിശേഷിപ്പിക്കപ്പെട്ടത്. പീറ്റര്‍ ബ്രൂക്ക് അക്കാലത്തേ അങ്ങനെയായിരുന്നു, നാടകവേദിയിലെ യംഗസ്റ്റ് എര്‍ത്‌ക്വേയ്ക്ക്.

ബെര്‍ത്തോള്‍ഡ് ബ്രെഹ്ത്തും, അന്റോണിന്‍ അര്‍ത്തോഡും

1949ലാണ് അദ്ദേഹം ഷെയ്ക്‌സ്പിയറിന്റെ തന്നെ സലോമി, കോവന്‍ ഗാര്‍ഡനിലെ ഓപ്പറ ഹൗസിന് വേണ്ടി സംവിധാനം ചെയ്യുന്നത്. 1925ല്‍ ജനിച്ചിട്ടുള്ള ബ്രൂക്ക് 1949ല്‍ കോവന്‍ഗാര്‍ഡനിലെ ഓപ്പറ ഹൗസില്‍ ആ നാടകം സംവിധാനം ചെയ്യാന്‍ വരുമ്പോള്‍ ആ നാടകം ഡിസൈന്‍ ചെയ്യാന്‍ അദ്ദേഹം വിളിച്ചത് സാല്‍വദോര്‍ ദാലിയെ ആണ്. സാല്‍വദോര്‍ ദാലിയെ പോലെയുള്ള ഒരു മാസ്റ്റര്‍ ആര്‍ട്ടിസ്റ്റ് ആണ് അദ്ദേഹത്തിന്റെ ഒപ്പം ആ ചെറുപ്രായത്തില്‍ സലോമിക്ക് വേണ്ടി വര്‍ക്ക് ചെയ്യുന്നത് എന്നോര്‍ക്കണം. ഷേയ്ക്‌സ്പിയറിന്റെ ‘മിഡ്‌സമ്മര്‍ നൈറ്റ് ഡ്രീം’ എന്ന നാടകം അദ്ദേഹം റോയല്‍ ഷെയ്ക്‌സ്പീരിയന്‍ കമ്പനിക്ക് വേണ്ടി 1970ല്‍ സംവിധാനം ചെയ്തു. മിഡ്‌സമ്മര്‍ നൈറ്റ് വളരെ മാജിക്കല്‍ ആയിട്ടുള്ള, വളരെ കളര്‍ഫുള്‍ ആയിട്ടുള്ള നാടകമായിട്ടാണ് അദ്ദേഹം ചെയ്തത്. വെളുത്ത ചുവരുകള്‍ക്കുള്ളില്‍ ട്രപ്പീസുകളിക്കാരുടെയും, ചുവന്ന കമ്പി കൊണ്ടുണ്ടാക്കിയ കാറ്റുകളെയും ഒക്കെ രൂപപ്പെടുത്തി, അത് വരെ കാണാത്ത ഒരു ഷെയ്ക്‌സ്പീരിയന്‍ അനുഭവമായിട്ട് മിഡ്‌സമ്മര്‍ നൈറ്റിനെ അദ്ദേഹം കാഴ്ചക്കാര്‍ക്ക് മുന്നിലെത്തിച്ചു. ഷെയ്ക്‌സ്പിയറിന്റെ നാടകങ്ങള്‍ ഇത്രത്തോളം ചെയ്തിട്ടുള്ള മറ്റൊരു സംവിധായകന്‍ ആധുനിക കാലത്ത് കുറവായിരിക്കും. ഷെയ്ക്‌സ്പിയറിന്റെ കൃതികളെ മറ്റേത് സംവിധായകരെക്കാളും അടുത്തറിഞ്ഞിട്ടുള്ള ആളാണ് ബ്രൂക്ക്. അദ്ദേഹത്തിന്റെ നാടകസങ്കല്‍പ്പങ്ങളെ രൂപപ്പെടുത്തിയതില്‍ ഷെയ്ക്‌സ്പിയറിന് വലിയ പങ്കാണ് ഉള്ളത്.

പീറ്റര്‍ ബ്രൂക്കിന്റേതായി ഇന്ത്യാക്കാര്‍ക്ക് എല്ലാവര്‍ക്കും അറിയുന്ന നാടകം എട്ട് മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന, മഹാഭാരതത്തെ അവലംബിച്ചിട്ടുള്ള വലിയ വര്‍ക്കാണ്. അവിന്യോണ്‍ ഫെസ്റ്റിവലില്‍ ചെയ്തിട്ടുള്ള നാടകമാണത് . പല അവതരണങ്ങള്‍ക്ക് ശേഷം അദ്ദേഹം അത് സിനിമയുടെ രൂപത്തില്‍ ഷൂട്ട് ചെയ്ത് ആറ് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയായി മാറ്റിയെടുത്തിട്ടുണ്ട്. സിനിമയിലെ മറ്റൊരു ഇടപെടല്‍ വില്യം ഗോള്‍ഡിംഗിന്റെ ഈച്ചകളുടെ തമ്പുരാന്‍, ലോര്‍ഡ് ഓഫ് ദി ഫ്‌ളൈസ് എന്ന നൊബേല്‍ സമ്മാനിതമായ കൃതിയുടെ സിനിമാവിഷ്‌കാരമാണ്. ഈ കൃതികളിലൊക്കെ അദ്ദേഹത്തിന്റെ കയ്യൊപ്പ് കാണാനാകുന്നുണ്ട്. പീറ്റര്‍ ബ്രൂക് വോസ് എ ഫിലോസഫര്‍. അദ്ദേഹം ഒരു തത്വ ചിന്തകനും മിസ്റ്റിക്കും ആയിരുന്നു എന്ന് പറയാവുന്നതാണ്. മഹാഭാരതം, കിംഗ് ലിയര്‍ , ലോര്‍ഡ് ഓഫ് ദി ഫ്‌ളൈസ് , സലോമി ഇവയ്ക്കകത്തെല്ലാം ഉള്ള മിസ്റ്റിക് ആയ ഒരു എലമെന്റ് ബ്രൂക്കിനെ ആകര്‍ഷിച്ചിട്ടുണ്ട് എന്ന് തോന്നുന്നു. അദ്ദേഹം ഒരു സത്യാന്വേഷകനായിരുന്നു, കലയ്ക്കകത്ത് . അങ്ങനെയുള്ള ആളുകള്‍ വളരെ കുറവാണല്ലോ. അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്തിട്ടുള്ള ആളുകളും അദ്ദേഹത്തെപ്പോലെ തന്നെ സത്യാന്വേഷകരായിരുന്നു. ഉദാഹരണത്തിന്, ജെര്‍സി ഗ്രോട്ടോവ്‌സ്‌കി എന്ന പോളണ്ടിലെ വളരെ പ്രശസ്തനായ സംവിധായകനായിരുന്നു അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളിലൊരാള്‍. ഗ്രോട്ടോവ്‌സ്‌കി പ്രായത്തില്‍ പീറ്റര്‍ ബ്രൂക്കിനെക്കാള്‍ ഇളയതായിരുന്നു, പക്ഷെ ഇരുവരും പരസ്പരം കണ്ടിരുന്ന ഗുരു എന്ന നിലയ്ക്കായിരുന്നു. ബ്രൂക്കിന്, ഗ്രോട്ടോവ്‌സ്‌കിയോടുള്ള മതിപ്പിന് കാരണം ഗ്രോട്ടോവ്‌സ്‌കി മുന്നോട്ട് വെച്ചിട്ടുള്ള പരീക്ഷണങ്ങള്‍ വളരെ മാനവികതയില്‍ ഊന്നിയിട്ടുള്ളതായത് കൊണ്ടുമാണ്. മനുഷ്യന്റെ വളരെ അടിസ്ഥാനപരമായ ഒരു വീക്ഷണ കോണില്‍ നിന്ന് കൊണ്ടാണ് ഗ്രോട്ടോവ്‌സ്‌കിയുടെ ഹോളി തിയേറ്റര്‍ രൂപപ്പെട്ടിട്ടുള്ളത്. അതിനകത്തൊക്കെ ഉള്ള ഈ മിസ്റ്റിക് എലമെന്റ് കൂടെയാണ് പീറ്റര്‍ ബ്രൂക്കിനെ ഗ്രോട്ടോവ്‌സ്‌കിയിലേക്ക് അടുപ്പിച്ചിട്ടുള്ളത് എന്ന് തോന്നുന്നു.

ഷേയ്ക്‌സ്പിയറിന്റെ ‘മിഡ്‌സമ്മര്‍ നൈറ്റ് ഡ്രീം’ | Photo: wiki commons

ബ്രൂക്കിന്റെ നാടകങ്ങള്‍ ഞാനൊക്കെ പഠിക്കുന്നതും അറിയുന്നതും 1993 തൊട്ടുള്ള ഡ്രാമാ സ്‌കൂളിലെ പഠനകാലത്താണ്. നാടകം നേരിട്ട് കാണാന്‍ സാധിച്ചത് 2018ല്‍. ചെക്കോവ് അന്താരാഷ്ട്ര ഫെസ്റ്റിവലിലാണ്. മോസ്‌കോയില്‍ നടന്ന സമയത്ത്. അവിടെ എന്നെ ക്ഷണിക്കുകയുണ്ടായി. അവിടെ അന്നുണ്ടായത് അദ്ദേഹത്തിന്റെ മഹാഭാരതത്തിന്റെ ചെറിയ വേര്‍ഷന്‍ ആണ്. അവിഞ്യോണ്‍ ഫെസ്റ്റിവലില്‍ കളിച്ച ശേഷം , ലണ്ടനിലെ യംഗ് വിക് എന്ന് പറയുന്ന ഒരു തിയേറ്ററില്‍ ഇത് കളിച്ചിരുന്നു. യംഗ് വിക്ക്, ഓള്‍ഡ് വിക്ക് അങ്ങനെ രണ്ട് തിയേറ്ററുകളാണ് അവിടെ. അതില്‍ യംഗ് വിക്കില്‍ ഒന്നര, രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വേര്‍ഷന്‍ അദ്ദേഹം അവിടെ ചെയ്തിരുന്നു. ആ വേര്‍ഷനാണ് ഞാന്‍ മോസ്‌കോയില്‍ കണ്ടത്. ഇത് കണ്ട സമയത്ത് തോന്നിയ സംഗതി എന്താന്ന് വെച്ചാല്‍, ഞാനാണെങ്കില്‍ നാടകകൃതിയെ, എഴുതിവെക്കപ്പെട്ടിട്ടുള്ള കൃതിയെയോ അതിന്റെ ഭാഷയിലോ സംഭാഷണങ്ങളിലോ അതിലൊന്നും അത്ര വലിയ ഊന്നല്‍ കൊടുക്കണമെന്നുള്ളയാളല്ല. അതിലുപരി ദൃശ്യപരവും എക്‌സ്പീരിയന്‍ഷ്യലും ആയിട്ടുള്ള ഒരു രീതിയിലാണ് എനിക്ക് താല്‍പ്പര്യമുള്ളത്. സംഭാഷണപ്രധാനമായ നാടകങ്ങളിലുപരി , അനുഭവങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന, പഞ്ചേന്ദ്രിയങ്ങളാല്‍ അനുഭവിക്കാനാകുന്ന ഒരു നാടക സങ്കല്‍പ്പത്തിലാണ് എനിക്ക് താല്‍പ്പര്യം. അത് വെച്ച് , 2018ല്‍ പീറ്റര്‍ ബ്രൂക്കിന്റെ മഹാഭാരതം കണ്ടപ്പോള്‍ അത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുകയുണ്ടായി. കാരണം, വളരെ സംഭാഷണപ്രധാനമായ നാടകമാണ് അത്. നടന്മാരെല്ലാം തറയിലിരുന്ന് വര്‍ത്തമാനം പറയുകയാണ്, അതിന്റെ കൂടെ ഡ്രമ്മ് മാത്രം അടിക്കുന്ന ഒരാളുണ്ട്. ഇത്തരം വളരെ ലളിതമായിട്ടുള്ള ഒരു പരിപാടിയായിരുന്നു അത്. പക്ഷെ, രണ്ട് മണിക്കൂര്‍ ഒട്ടും ശ്രദ്ധ തെറ്റാതെ നമ്മള് അതിന്റെ കൂടെ സഞ്ചരിക്കുന്ന അനുഭവമുണ്ടായി. വലിയതായിരുന്നു വ്യക്തിപരമായി ആ കാഴ്ചാ അനുഭവം . ഈ കാലമൊക്കെ ദൃശ്യങ്ങളുടെ ഭയങ്കരമായ അതിപ്രസരം ഉള്ള കാലമാണല്ലോ. അവിടെ നമുക്ക് ഒരു മിനിറ്റ് പോലും മൊബൈലില്‍ നിന്ന് ശ്രദ്ധ മാറ്റാന്‍ പറ്റാത്ത ഈ കാലത്ത് പോലും , ഇദ്ദേഹം രണ്ട് മണിക്കൂര്‍ നേരം സംഭാഷണപ്രധാനമായ ഈ നാടകത്തിലേക്ക് നമ്മുടെ ശ്രദ്ധെയെയും കാഴ്ചയെയും പിടിച്ചെടുക്കുകയാണല്ലോ. അത്തരത്തിലുള്ള ഒരു സമ്പ്രദായമായിരുന്നു അദ്ദേഹം ഉപയോഗിച്ചിരുന്നത്. അത് അദ്ദേഹത്തിന്റെ മാസ്റ്ററി ആണ്.ഒരു മാസ്റ്റര്‍ ക്രാഫ്റ്റര്‍ക്ക് മാത്രം കഴിയുന്നതാണത്. വ്യക്തിപരമായിട്ട് അങ്ങനെയൊരു ഭാഗ്യം ഉണ്ടായി. ഇത് നേരിട്ട് കാണാനുള്ള ഭാഗ്യം.

പീറ്റര്‍ ബ്രൂക്കിന്റെ വലിയൊരു ആഗ്രഹമായിരുന്നു മഹാഭാരതം ഇന്ത്യയിലേക്ക് കൊണ്ട് വന്ന് കളിക്കണം എന്നത്. അതിന് അദ്ദേഹത്തിന് സാധിച്ചില്ല, അതിന് പല കാരണങ്ങളുണ്ടായിരുന്നു. പിന്നീട് മഹാഭാരതത്തിന്റെ വീഡിയോ റെക്കോര്‍ഡിംഗ് മാത്രമാണ് ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാനായത്. ഏതെങ്കിലും ഫെസ്റ്റിവലില്‍ , പ്രത്യേകിച്ചും കേരളത്തിലെയൊക്കെ ഫെസ്റ്റിവലില്‍ പീറ്റര്‍ ബ്രൂക്കിന്റെ മഹാഭാരതം കൊണ്ട് വന്ന് നമ്മള്‍ കാണേണ്ടതാണ്. കാരണം കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒരു ബാക്കി പത്രം , ഒരു കാലഘട്ടത്തിന്റെ മഹത്തായ അവശേഷിപ്പാണത്. അദ്ദേഹം ഉണ്ടാക്കി വെച്ചിട്ടുള്ള നാടകസമ്പ്രദായത്തിന്റെ തുടര്‍ച്ചയാണ് ഇന്ന് നമ്മള്‍ 21ാം നൂറ്റാണ്ടില്‍ കാണുന്ന, ഒരു പാട് മാറ്റങ്ങള്‍ക്കെല്ലാം കാരണമായിട്ടുള്ള മഹാന്മാരായിട്ടുള്ള നാടക്കാരും എഴുത്തുകാരും ഉണ്ടാക്കിയിട്ടുള്ള കലാപ്രവര്‍ത്തനങ്ങളെല്ലാം. പീറ്റര്‍ ബ്രൂക്കിന്റെ നാടകങ്ങള്‍ ഇന്ത്യയില്‍ വന്നിട്ടില്ല എന്ന് പറഞ്ഞല്ലോ. ഒരു പ്രതീക്ഷയായി ഞാന്‍ കാണുന്നുണ്ട്. അത് എനിക്ക് സാധിക്കുകയാണെങ്കില്‍, ഏത് വിധത്തിലെങ്കിലും സാഹചര്യം വരികയാണെങ്കില്‍ ഞാന്‍ മുന്‍കയ്യെടുത്ത് അത് നടപ്പാക്കും. അതിനായി ശ്രമിക്കും.

പീറ്റര്‍ ബ്രൂക്ക് എഴുതിയ ‘എംപ്റ്റി സ്പേസ്’ എന്ന പുസ്തകം. | photo: wiki commons

അദ്ദേഹം എഴുതിയിട്ടുള്ള വളരെ പ്രധാനപ്പെട്ട ഒരു പുസ്തകം ‘എംപ്റ്റി സ്‌പെയ്‌സ്’. ശൂന്യമായ ഇടം എന്നതാണ്. മാനിഫെസ്റ്റോ ഓഫ് പീറ്റര്‍ ബ്രൂക്ക് എന്ന് പറയാവുന്ന പുസ്തകമാണത്. അദ്ദേഹത്തിന്റെ നാടകസമ്പ്രദായങ്ങളുടെയും സങ്കല്‍പ്പങ്ങളുടെയും തത്വചിന്തയുടെയും ക്രോഡീകരിച്ച രൂപമാണത്. ചെറിയൊരു പുസ്തകം. ആ പുസ്തകത്തിന്റെ തുടക്കത്തില്‍ അദ്ദേഹം പറയുന്നുണ്ട്, ഏത് ശൂന്യമായ ഇടവും എനിക്ക് ഒരു അരങ്ങാക്കിത്തീര്‍ക്കാന്‍ കഴിയുമെന്ന് . ആ ശൂന്യമായ ഇടത്തിലൂടെ നടന്ന് പോകുന്ന ഒരു നടനെ ദൂരെ മാറി നിന്ന് കൊണ്ട് നോക്കിക്കാണുന്ന മറ്റൊരാള്‍ ഉണ്ടാകുന്നതോട് കൂടി ഒരു നാടകം രൂപപ്പെടുന്നു എന്നാണ് ബ്രൂക്ക് എഴുതുന്നത്. എന്ന് വെച്ചാല്‍ , ഒരു നാടകം ഉണ്ടാക്കിയെടുക്കാന്‍ അത്രയൊക്കെ മതി എന്ന് . ഒരു ഇടവും അത് കാണാന്‍ മറ്റൊരാളും. അങ്ങനെ രണ്ട് കാര്യങ്ങള്‍ മാത്രമാണ് ഒരു നാടകം ഉണ്ടാക്കിയെടുക്കാന്‍ വേണ്ടത്. അങ്ങനെ നാടകം ഉണ്ടാകാന്‍ ഏത് ഇടവും മതി. ഏത് സ്‌പെയ്‌സിലും ആ സ്‌പെയ്‌സിനെ ഒരു നാടക ഇടമായി രൂപപ്പെടുത്തിയെടുക്കാന്‍ പറ്റും, അങ്ങനെയൊരു ഫിലോസഫിക്കല്‍ ഇടത്ത് നിന്ന് കൊണ്ടുള്ളതാണ് പീറ്റര്‍ ബ്രൂക്കിന്റെ നാടകചിന്ത. മനുഷ്യരാശിയുടെ സങ്കീർണ്ണതകളെ ആഴത്തിൽ പരിശോധിച്ചിട്ടുള്ള മോഡേണിസ്റ്റ് ആയിരുന്നു അദ്ദേഹം. അദ്ദേഹം വിടവാങ്ങിയെങ്കിലും ആ ചിന്തയും അത് കൊണ്ടുണ്ടായി വന്ന നാടകങ്ങളും നിലനില്‍ക്കും.

Leave a comment