TMJ
searchnav-menu
post-thumbnail

Outlook

ആണഹന്തയുടെ കാവ്യബോധങ്ങള്‍

16 Dec 2021   |   1 min Read
Ashalatha

കേരളത്തിലെ 99 ശതമാനം സ്ത്രീ കവികളും കവികളേയല്ലെന്ന് ഇവിടുത്തെ ആൺ കവികൾക്ക് വിശ്വസിക്കാം. കുഴപ്പമൊന്നുമില്ല. വേണമെങ്കിൽ പെൺകവികൾക്കും അങ്ങനെ തന്നെ കരുതാൻ സ്വാതന്ത്ര്യമുണ്ട്. തിരിച്ചുമാവാം. അതായത് 99% ആൺ കവികളും കവികളേയല്ലെന്ന് ഉറച്ചു തന്നെ വിശ്വസിക്കാം. അതിനും പ്രശ്നമൊന്നുമില്ല. കാരണം അതൊക്കെ അവരവരുടെ വ്യക്തിപരമായ ധാരണകളാണ്. അത്തരം വിശ്വാസങ്ങൾ തടയാൻ പറ്റില്ല. കാരണം ഇന്ത്യ ജനാധിപത്യ രാഷ്ട്രമാണെന്നാണല്ലോ വെയ്പ്പ്.

പക്ഷേ അങ്ങനെ വിശ്വസിക്കുമ്പോൾത്തന്നെ അതിൽ വലിയ ഒരപകടം പതിയിരിപ്പുണ്ട്. സ്ത്രീകൾ ഏത് രംഗത്തായാലും മികവു കാണിക്കുമ്പോൾ അത് അംഗീകരിക്കാനുള്ള വിമുഖത. സ്വന്തം നിലയ്ക്ക് പ്രാഗത്ഭ്യം കാണിക്കുന്ന സ്ത്രീകൾ മറ്റാരുടെയൊക്കെയോ ഔദാര്യം പറ്റി വന്നവരാണെന്ന് വിളിച്ചു പറയുക. അതിൽ ലിംഗപരവും ലൈംഗികവുമായ പരാമർശങ്ങൾ കലർത്തുക. സ്വഭാവഹത്യ നടത്തുക. ഇതെല്ലാം പൊതുബോധത്തി ന്റെ ചില നിർമ്മിതികളായിരിക്കാം. ബൗദ്ധികമായും സർഗ്ഗപരമായും എത്ര ഔന്നത്യം കാണിച്ചാലും അത് കാണാതെ പോവുക. കണ്ടാൽത്തന്നെയും കണ്ണടച്ച് അങ്ങനെയൊന്ന് ഇല്ല എന്ന മട്ടിൽ പെരുമാറുക. തെളിയിച്ചിട്ടുണ്ടോ, അടയാളപ്പെടുത്തിയിട്ടുണ്ടോ എന്നൊക്കെ ചോദിക്കുക. അതുമല്ലെങ്കിൽ അവരെ ശരീരം മാത്രമായി കാണുക. ഇപ്പറഞ്ഞതൊക്കെ സോഷ്യൽ മീഡിയക്കു മുമ്പും ഉണ്ടായിരുന്നു. "അത്യുദാത്ത നിരൂപകനാ"യി മലയാളിയുടെ പൊതുബോധം കൊണ്ടാടുന്ന എം കൃഷ്ണൻ നായരൊക്കെ സ്ത്രീകളുടെ ക്രിയേറ്റിവിറ്റിയെ നേരിട്ടിരുന്നത് അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പ്രസ്താവനകളോടെയാണ്. ആൺബോധം മാത്രമല്ല ആണഹന്ത കൂടിയാണ് ഇത്തരം മനോഭാവങ്ങൾക്കു പിന്നിൽ. അതിനു തുല്യമായ ഒന്നാണ് ഇക്കഴിഞ്ഞ ദിവസം കാണാനിടയായ മെസ്സഞ്ചർ ബോക്സിൽ നിരങ്ങുന്ന മുതിർന്ന ആൺ കവികളുടെ പ്രലോഭനത്തിൽ വീഴുന്ന പെൺ കവികളെക്കുറിച്ചുള്ള വിവാദ പ്രസ്താവന. പൊതുബോധത്തിൽ കിടക്കുന്ന സദാചാര ചിന്ത പുറത്തേക്കു വമിക്കുന്നതാണ് ഇവയൊക്കെ. പണ്ടുകാലത്തും സ്ത്രീകളുടെ ക്രിയേറ്റിവിറ്റിയെ ഇങ്ങനെയൊക്കെത്തന്നെയാണ് അന്നത്തെ സാഹിത്യത്തമ്പ്രാക്കന്മാർ അടയാളപ്പെടുത്തിയിരുന്നത്. "തോട്ടക്കാട്ടെക്കവനമണി കവയ്ക്കട്ടെ" എന്നും "മനസി ഘനമുലയ്ക്കും മുലക്കും തൊഴുന്നേൻ" എന്നും കവിതയെഴുതുന്നവരും വിദുഷികളുമായ സത്രീകളോടും പറഞ്ഞിരുന്ന ആ ആൺധാർഷ്ട്യകാലത്തിന്റെ തുടർച്ച തന്നെയാണിത്. മലയാളിയുടെ സെൻസിബിലിറ്റി അന്നത്തേതിൽ നിന്ന് ഒരിഞ്ചു പോലും മാറിയിട്ടില്ല എന്നതിൽ വലിയ സങ്കടമുണ്ട്.

സാധാരണ ഗതിയിൽ ഒരു സ്ത്രീ ഒരു വരി എഴുതണമെങ്കിൽ അതിനു വേണ്ട സമയം, ഇടം, അത്യാവശ്യം സ്വകാര്യത ഇതൊക്കെ സൃഷ്ടിച്ചെടുക്കാൻ പെടാപ്പാടു തന്നെ പെടേണ്ടി വരും. ശരാശരി മലയാളി വീടുകളിൽ ഈ സമയം സൃഷ്ടിച്ചെടുക്കാൻ വേണ്ടി വരുന്ന അധ്വാനം, ഊർജ്ജം ഒന്നും ചില്ലറയല്ല. ഒരുമാതിരിപ്പെട്ട കുടുംബങ്ങൾക്കകത്തൊന്നും മറ്റു കുടുംബാംഗങ്ങൾ തങ്ങളനുഭവിച്ചു കൊണ്ടിരിക്കുന്ന സുഖസൗകര്യങ്ങൾ ഒരു തരി പോലും ഒഴിവാക്കാനോ സ്വന്തം കംഫർട്ട് സോണിൽ നിന്ന് ഇറങ്ങി വരാനോ ഒന്നും താൽപ്പര്യപ്പെടില്ല. എഴുതുന്നവൾ ഉദ്യോഗസ്ഥ കൂടിയാണെങ്കിൽ പറയുകയും വേണ്ട. എഴുതാനോ വായിക്കാനോ സിനിമ കാണാനോ ഒക്കെ ചെലവഴിക്കുന്ന ഈ സമയത്തെ വെറും വേസ്റ്റായി കണക്കാക്കുന്ന കുടുംബത്തിന്റെ അകത്താണ് ഇപ്പോൾപ്പോലും സ്ത്രീകൾ നിൽക്കേണ്ടി വരുന്നത്. മിക്കപ്പോഴും തൊഴിലിടത്തിലും ഇതാണവസ്ഥ. ഇത്തിരി നേരം സ്വാതന്ത്ര്യം പ്രഖ്യാപിക്കുക എന്നത് പണവും സമയവും പ്രയോജനപരതയും ഒക്കെ കൂട്ടിക്കിഴിച്ച് തീരുമാനിക്കുന്ന ആൺ യുക്തി (അതായത് പാട്രിയാർക്കൽ യുക്തി - ആണും പെണ്ണും കുഞ്ഞും കുട്ടിയുമൊക്കെ ഇതിന്റെ അകത്താണല്ലോ) അതൊന്നും സമ്മതിച്ചു തരില്ല. ഈ അനുഭവങ്ങൾ കൂടിയാണ് അവരുടെ എഴുത്തിനെയും കലയെയും സൃഷ്ടിക്കുന്നത്.

തൊണ്ണൂറുകളിലൊക്കെ സ്ത്രീകൾ അവരുടെ പെണ്ണനുഭവത്തെപ്പറ്റി ധാരാളമായി എഴുതുകയും വരക്കുകയുമൊക്കെ ചെയ്തിരുന്നു. ശരീരവും അതിന്റെ മേലുള്ള അധിനിവേശങ്ങളും പ്രണയവും വീട്ടകങ്ങളും അടുക്കളയും ഒക്കെ അവരുടെ രചനകളിൽ മുറ്റിനിന്നിരുന്നു. എന്നാൽ ഇത് മാത്രമാണ് സ്ത്രീകളുടെ രചനാ വിഷയങ്ങൾ എന്ന ഒരു മുൻ വിധിയുണ്ട്. അതിന്റെയപ്പുറത്ത് എഴുതുകയും വരയ്ക്കുകയും നാടകവും സിനിമയും സംവിധാനം ചെയ്യുകയും ചെയ്യുന്ന സ്ത്രീകളുടെ സെൻസിബിലിറ്റി, അവരുടെ അവബോധം, രാഷ്ട്രീയ ബോധം ഒക്കെ നവീകരിക്കപ്പെട്ടുകൊണ്ട് തന്നെയാണിരിക്കുന്നത്. പുറംലോകത്തെ വിശാലമായ അനുഭവങ്ങൾ, യാത്രകൾ, ഫാന്റസികൾ, സൈബർ ഇടങ്ങൾ, വർത്തമാനകാല രാഷ്ട്രീയം, സാമൂഹികാവസ്ഥകൾ ഒക്കെ അവരുടെ ആവിഷ്ക്കാരങ്ങളിൽ വരുന്നുണ്ട്. വീട്ടകത്തിന്റെയും ശരീരത്തിന്റെയും രാഷ്ട്രീയത്തോടൊപ്പം തന്നെ ഇത്തരം വ്യത്യസ്തമായ അനുഭവങ്ങൾ പുതിയ കാലത്തെ പല പെൺ കവിതകളിലും വളരെ ശക്തമായിത്തന്നെ കാണപ്പെടുന്നുണ്ട്. കാലഘട്ടത്തിന്റെ ആകുലതകൾ ഒരുപക്ഷേ ആൺ കവികളെ സ്പർശിക്കുന്നതിനേക്കാൾ പെൺ കവികളെയാണ് തൊടുന്നത്. തങ്ങളുടെ ഭാഷയും സെൻസിബിലിറ്റിയുമൊക്കെ ഇവരൊക്കെത്തന്നെ പുതുക്കിക്കൊണ്ടിരിക്കുന്നുമുണ്ട്. സ്ത്രീകൾ മാത്രമല്ല ദളിത് ഗോത്രവർഗ്ഗ എഴുത്തുകാരും കലാകൃത്തുക്കളും. കണ്ണടച്ചിരുട്ടാക്കുന്നവർ കാണുന്നില്ല എന്നു മാത്രം. അച്ചടി മാധ്യമങ്ങൾക്കകത്ത് മുഖ്യധാരയ്ക്കു പുറത്തു നിന്നിരുന്ന സ്ത്രീകളടക്കമുള്ളവർക്ക് ഇടം കിട്ടിയിരുന്നില്ല മുൻപ്. ഇപ്പോൾ തീർച്ചയായും സോഷ്യൽ മീഡിയയും മറ്റുമുണ്ടാക്കുന്ന ഇടം തുറന്നു കിടപ്പുണ്ട്. കൂടാതെ കവിത എഴുതുന്ന സ്ത്രീകളുടെയും കലാകൃത്തുക്കളായ സ്ത്രീകളുടെയും സ്വന്തം പ്ലാറ്റ്ഫോമുകളുണ്ട്. കാവ്യബാഹ്യമായ കാര്യങ്ങളിലും അവർ ഇടപെടുന്നും പ്രതികരിക്കുന്നുമുണ്ട്.

സാധാരണയായി മുഖ്യധാരാ നിരൂപകന്മാർ ആൺ കവികളെപ്പറ്റി ഖണ്ഡികകളും (ചിലപ്പോൾ അധ്യായങ്ങളും) വരെ എഴുതിയിട്ട് മൂന്ന് നാല് സ്ത്രീ എഴുത്തുകാരുടെ പേര് അവസാനത്തെ ഖണ്ഡികയിൽ ഒന്നിച്ചങ്ങു ചേർക്കും. ശേഷം, എം ആർ രേണുകുമാറിന്റെ ഒരു കവിതയിൽ പറയുമ്പോലെ "മുതലായവർ" ആണ്. ഓർക്കുക - ഇവരാരും ഒറ്റ ഗണത്തിൽ പെടുന്നവരല്ല. തികച്ചും വിഭിന്നമായി കാണുന്നവരും ആവിഷ്ക്കരിക്കുന്നവരുമാണ്. വേറെ വേറെ വ്യക്തിത്വങ്ങളാണ്. അനുഭവങ്ങളും ഭാഷയും വ്യത്യസ്തമാണ്. ഇരുണ്ട ഹ്യൂമറും ഐറണിയും സർക്കാസവും നല്ലതു പോലെ വഴങ്ങുന്ന, അത് സമര്‍ത്ഥമായി പ്രയോഗിക്കുന്ന സ്ത്രീ കവികൾ എത്രയെങ്കിലുമുണ്ട്. കവിതയിൽ അത്യുജ്ജ്വലമായി സൂക്ഷ്മ രാഷ്ട്രീയം കൊണ്ടുവരുന്നവരുണ്ട്. ഭാഷ കൊണ്ട് കാൽപന്തു കളിക്കുന്നവരുണ്ട്.

എങ്കിലും സ്ത്രീകളുടെ ഭാഷ ഇന്നയിന്ന തരത്തിലായിരിക്കണം, സെൻസിബിലിറ്റി ഏതു തരത്തിലായിരിക്കണം, ഏതറ്റം വരെ പോകാം, എന്തൊക്കെ എഴുതാം, എഴുതിക്കൂട, എത്ര അളവ്-തൂക്കത്തിൽ ഫെമിനിസം ചേർക്കണം എന്നൊക്കെ നിശ്ചയിക്കുന്ന മട്ടിൽ കാരണവന്മാരും വല്യമ്മാവന്മാരും ഇടപെടും. സാമ്പ്രദായിക മാധ്യമങ്ങളിലെന്ന പോലെ സോഷ്യൽ മീഡിയയിലുമുണ്ട് ഈ കാരണവര്‍ കളിക്കാർ. വിമർശനങ്ങൾക്കപ്പുറത്ത് ഉപദേശവും തെറിവിളിയും സ്ലട്ട് ഷെയ്മിങ്ങും ഒക്കെ നടത്തുന്നുണ്ട്. നേരിട്ടും അല്ലാതെയും അതൊക്കെ അനുഭവിച്ചിട്ടുള്ള ഒരാളാണ്. അതു കൊണ്ട് പ്രിയപ്പെട്ട കാരണവര്‍ കളിക്കാരേ, ഒന്നു പറഞ്ഞോട്ടെ - ഇതിന്റെയൊക്കെ അളവുകോൽ ഒന്നു വലുതാക്കൂ. പൊതുബോധത്തിന്റെ ഇച്ചിരിപ്പിടിയോളം പോന്ന കുഞ്ഞു സ്കെയ്ൽ പോര. കാര്യങ്ങൾ കുറച്ചു കൂടി വലുതായി കാണൂ.

പിൻ കുറിപ്പ് –

പഴയ ഒരു സംഭാഷണ ശകലം:
"ഈ കവിതയൊക്കെ പുള്ളിക്കാരൻ തിരുത്തിത്തരുന്നതായിരിക്കും അല്ലേ?"
"അയ്യോ! അതിന് അങ്ങേര് പത്രത്തിലെ പ്രൂഫ് റീഡർ അല്ലല്ലോ."

Leave a comment