TMJ
searchnav-menu
post-thumbnail

Outlook

ക്യാമറ കണ്ണിലൂടെ വളരുന്ന ആമസോണിലെ രാഷ്ട്രീയാധികാരം

22 Aug 2022   |   1 min Read
Ed Rampell

ഉറു-ഇയു-വൗ-വോയുടെ തദ്ദേശീയ ഭൂമി | PHOTO: WIKI COMMONS

ബ്രസീലിലെ ആമസോൺ മഴക്കാടുകളിൽ നടക്കുന്ന അധിനിവേശം ഇപ്പോൾ ലോകമാകെ ചർച്ചാവിഷയമാണ്. അമൂല്യമായ ജൈവ വൈവിധ്യം നിറഞ്ഞ മഴക്കാടുകളും, നിത്യഹരിത വനങ്ങളും ഇല്ലാതാവുന്നതിനൊപ്പം നൂറ്റാണ്ടുകളായി പ്രസ്തുത പ്രദേശങ്ങളിൽ വസിക്കുന്ന തദ്ദേശീയരായ ഗോത്ര ജനതയുടെ ഉന്മൂലനവും അധിനിവേശത്തിന്റെ ഭാഗമാണ്. അധിനിവേശ ശക്തികൾക്കെതിരെ തങ്ങളുടെ ഭൂമിയും ആവാസ വ്യവസ്ഥയും സംരക്ഷിക്കുവാൻ പോരാടുന്ന തദ്ദേശീയരുടെ യഥാർത്ഥ ജീവിതമാണ് 'ദ ടെറിട്ടറി' എന്ന സിനിമ. സിനിമയുടെ നിർമ്മാണത്തിന്റെ എല്ലാ ഘട്ടങ്ങളിലും തദ്ദേശീയരായ ജനങ്ങളുടെ പങ്കാളിത്തമാണ് 82 മിനിറ്റുകളോളം ദൈർഘ്യമുള്ള ഈ ഡോക്യുമെന്ററിയുടെ സവിശേഷത. Uru-Eu-Wau-Wau (ഉറു-ഇയു-വൗ-വോ) എന്ന പേരിൽ അറിയപ്പെടുന്ന തദ്ദേശീയ സമൂഹത്തിന്റെ പോരാട്ടത്തിന്റെയും ചെറുത്തുനിൽപിന്റെയും ചരിത്രം അനാവരണം ചെയ്യുന്ന 'ദ ടെറിട്ടറി', പോർച്ചുഗീസ് കാലം മുതലുള്ള അധിനിവേശം ആമസോണിലെ ആവാസ വ്യവസ്ഥയിലും ജനജീവിതത്തിലും വരുത്തിയ മാറ്റങ്ങൾ മുതൽ പിന്തിരിപ്പൻ നയങ്ങളെ മുറുകെപ്പിടിക്കുന്ന ജെയർ ബോൾസോനാരോയ്ക്കും, അദ്ദേഹത്തിന്റെ പിന്തുണയോടെ ആമസോൺ കൈയ്യടക്കാൻ ശ്രമിക്കുന്ന അധിനിവേശ ശക്തികള്‍ക്കുമെതിരെയും ഉറു-ഇയു-വൗ-വോയുടെ പോരാട്ടം വരെയുള്ള സംഭവങ്ങളെ ചിത്രീകരിക്കുന്നു. കാലാവസ്ഥാ പ്രതിസന്ധി, പാരിസ്ഥിതിക വംശീയത, പരമാധികാരം തുടങ്ങിയ വിഷയങ്ങള്‍ സിനിമ കൈകാര്യം ചെയ്യുന്നു. ഓസ്‌കാർ നാമനിർദ്ദേശം ചെയ്യപ്പെട്ട സംവിധായകൻ ഡാരൻ ആരോനോഫ്‌സ്‌കി സഹനിർമ്മാതാവായ 'ദ ടെറിട്ടറി' സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ ലോക സിനിമാ മത്സരത്തിൽ ഒന്നാമതായി പ്രദർശിപ്പിക്കുകയും ഡോക്യുമെന്ററി വിഭാഗത്തിൽ പ്രേക്ഷക അവാർഡും പ്രത്യേക ജൂറി അവാർഡും നേടിയ ഒരേയൊരു സിനിമയാണ്. സിനിമയുടെ സംവിധായകൻ അലക്സ് പ്രിറ്റ്സുമായി എഴുത്തുകാരനായ എഡ് റാംപെൽ നടത്തിയ സംഭാഷണത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ ഇവിടെ ചേര്‍ക്കുന്നു. തന്റെ സംഭാഷണത്തിൽ പ്രിറ്റ്സ് വെളിപ്പെടുത്തുന്നത് പോലെ, തദ്ദേശവാസികൾ സിനിമയിലെ കഥാപാത്രങ്ങൾ മാത്രമല്ല, ചലച്ചിത്രനിർമ്മാണ പ്രക്രിയയിലെ പ്രധാന പങ്കാളികൾ കൂടിയാവുന്നത് അവരുടെ പ്രാതിനിധ്യം തങ്ങളിലേക്കും പുറം ലോകത്തേക്കും വ്യക്തമായി രൂപപ്പെടുത്താൻ സജീവമായി സഹായിക്കുന്നു. ആ നിലയ്ക്ക്, തദ്ദേശീയ സിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലായ 'ദ ടെറിട്ടറി'യുടെ ആവിഷ്ക്കാരം കേരളത്തിലടക്കമുള്ള സിനിമ പ്രവർത്തകർക്കും മറ്റുള്ളവർക്കും ഉപകാരപ്രദമാവുമെന്നു കരുതുന്നു.

'ദ ടെറിട്ടറി' സിനിമയുടെ സംവിധായകൻ അലക്സ് പ്രിറ്റ്സ്. | PHOTO: WIKI Commons

എന്താണ് 'ദ ടെറിട്ടറി'?

ബ്രസീലിയൻ ആമസോണിലെ ഭൂമി അധിനിവേശത്തിനെതിരായ തദ്ദേശീയ പ്രതിരോധത്തെക്കുറിച്ചുള്ള ദൈർഘ്യമേറിയ ഡോക്യുമെന്ററി ചിത്രമാണ് 'ദ ടെറിട്ടറി'. 2018ലാണ് സിനിമയ്ക്കായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. അതിനായി ആമസോൺ മഴക്കാടുകളെയും അവിടെ താമസിക്കുന്ന ജനങ്ങളെയും സംരക്ഷിക്കാൻ സജീവമായി പ്രവർത്തിക്കുന്ന നെയ്ഡിൻഹ ബന്ദേരയെ (Neidinha Bandeira) ഞാൻ സമീപിച്ചു. അവരുടെ പ്രവർത്തനങ്ങൾ എന്നെ പ്രചോദിപ്പിക്കുന്നവയായിരുന്നു. എല്ലാ പ്രതിബന്ധങ്ങൾക്കും എതിരെ പോരാടുന്ന ഒരു സ്ത്രീ. നല്ലൊരു വ്യക്തിത്വത്തിനുടമ, അവരാണ് ഞങ്ങളുടെ സിനിമയിലെ ആക്ടിവിസ്റ്റ്. ബ്രസീലിൽ തിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്ന സമയമായിരുന്നു. വലതുപക്ഷ യാഥാസ്ഥിതിക നേതാവായ പ്രസിഡന്റ് സ്ഥാനാർഥി ബോൾസോനാറോയുടെ വിഷലിപ്തവും വിദ്വേഷജനകവുമായ പ്രസ്താവനകൾക്ക് ക്ഷാമമില്ലായിരുന്നു. തദ്ദേശീയർക്ക് ഒരു ഭൂമിയും വിട്ടുകൊടുക്കരുതെന്നായിരുന്നു അയാളുടെ പ്രധാന പ്രചാരണം. ബോൾസോനാരയുടെ വിജയത്തിനു ശേഷം നെയ്ഡിൻഹയുടെ പ്രവർത്തനങ്ങൾ തുടരുന്നത് വളരെ ബുദ്ധിമുട്ടായിരിക്കുമെന്ന് മനസിലാക്കി അവരെ വീണ്ടും കാണാൻ തീരുമാനിച്ചു. പിന്നീട് നെയ്ഡിൻഹ എന്നെ ഉറു-ഇയു-വൗ-വോ സമൂഹത്തിലെ ആളുകളെ പരിചയപ്പെടുത്തി, അതിനുശേഷം ഞങ്ങൾക്ക് പറയുന്നതിനായ് ഒരു കഥയുണ്ടെന്ന് മനസിലാക്കി ആ ആശയത്തിൽ തന്നെ മനസുറപ്പിച്ചു. ഈ തദ്ദേശീയ ഗ്രൂപ്പ് പിന്നീട് സിനിമയിലും പ്രധാന കഥാപാത്രങ്ങളായി. അന്നായിരുന്നു ഞാൻ ആദ്യമായി ബ്രസീൽ സന്ദർശിച്ചത്.

താങ്കളുടെ സിനിമയുടെ പേര് 'ദ ടെറിട്ടറി' എന്നാണ്. ഉറു-ഇയു-വൗ-വോ വസിക്കുന്ന പ്രദേശത്തെക്കുറിച്ച് ഒന്ന് വിശദീകരിക്കാമോ?

ബ്രസീലിൽ നിരവധി പരമ്പരാഗതമായ പ്രദേശങ്ങൾ നിലവിലുണ്ട്. കാലാകാലങ്ങളായി സംരക്ഷിക്കുന്ന ഈ ഭൂമിയും അതിലെ ശേഖരങ്ങളും നിയമപരമായി പരിരക്ഷിക്കപ്പെടുന്നു. അതിൽ, ഉറു-ഇയു-വൗ-വോ പ്രദേശം നിയമപരമായ പരിരക്ഷയുടെ ഏറ്റവും ഉയർന്ന തലത്തിലാണ്. ഈ ഭൂമി തദ്ദേശീയർക്ക് അധികാരപ്പെട്ടതാണെന്ന് ബ്രസീലിന്റെ പുതിയ ഭരണഘടനയിൽ ചേർത്തിരിക്കുന്നു. 6,000 ചതുരശ്ര മൈൽ വരുന്ന ഈ ഭൂപ്രദേശം, ഡെലവെയറിന്റെ മൂന്നിരട്ടി വലുപ്പമുള്ളതാണ്. 18,000 ചതുരശ്ര കിലോമീറ്ററായി വ്യാപിച്ചു കിടക്കുന്ന ഈ സ്ഥലം ബഹിരാകാശത്ത് നിന്ന് നിങ്ങൾക്ക് കാണാൻ കഴിയും. എന്നാൽ, ബ്രസീലിയൻ ഭരണകൂടങ്ങളില്‍ നിന്നുണ്ടായ നിർബന്ധിത സമ്പർക്കവും ഏകീകരണ പ്രവർത്തനങ്ങളും വഴി ആയിരക്കണക്കിന് ആളുകളിൽ നിന്ന് 183 പേരായി കുറഞ്ഞ ജനസമൂഹമാണ് ഈ ഭൂപ്രദേശത്തെ ഇപ്പോൾ കാത്തു സൂക്ഷിക്കുന്നത്.

ഈ ഭൂപ്രദേശത്തിന് ഉയർന്ന തലത്തിലുള്ള പരിരക്ഷയുണ്ടെന്ന് നിങ്ങൾ പറഞ്ഞു, എന്നാൽ ബ്രസീലിയന്‍ ഭരണകൂടവും സർക്കാർ അധികാരികളും യഥാർത്ഥത്തിൽ ഇവ പാലിക്കുന്നുണ്ടോ? കുടിയേറ്റക്കാരുടെ കടന്നുകയറ്റത്തിൽ എന്താണ് സംഭവിക്കുന്നത്?

ആധികാരിക രേഖകളിൽ അവ സംരക്ഷണത്തിന്റെ ഏറ്റവും ഉയർന്ന തലത്തിലാണ്. എന്നാൽ ഫലത്തിൽ പല തരം അധിനിവേശങ്ങൾ അവിടെ നടക്കുന്നു. സമ്പന്ന കർഷകർ, ഖനി മുതലാളിമാർ, മരം വെട്ടുകാർ, എന്നിവരുടെ നിരന്തരമായ കൈയ്യേറ്റം ഈ മേഖലയെ ഏറെ ഭീഷണിപ്പെടുത്തുന്നു. എന്നാൽ ഇവയൊക്കെ പുതിയ കാര്യങ്ങളല്ല. 500 വർഷം മുമ്പ് പോർച്ചുഗീസുകാർ വന്നതുമുതൽ, തദ്ദേശീയരുടെ ശേഖരങ്ങൾ മോഷ്ടിക്കുകയും അവരുടെ ഭൂമി തട്ടിയെടുക്കുകയും ചെയ്തിരുന്നു. നിലവിലെ പ്രസിഡന്റിന്റെ കീഴിൽ ഈ സാഹചര്യങ്ങൾ ശക്തമാകുകയാണ്. തദ്ദേശീയരുടെ ഭൂമി ബലമായി പിടിച്ചെടുക്കുന്നതിന് അദ്ദേഹം ആളുകളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.

ബോൾസോനാരോയുടെ വാദം ഉറു-ഇയു-വൗ-വോയുടെ പ്രത്യേക സംരക്ഷണ നിയമ പ്രകാരം ഓരോ തദ്ദേശീയ നിവാസിക്കും ഏകദേശം 35 ചതുരശ്ര മൈൽ ഭൂമി ഉണ്ടെന്നും, അത് അനുവദിക്കാൻ ആവില്ലെന്നുമാണ്. അനേകം പേർ തിങ്ങിപ്പാർക്കുന്ന ബ്രസീലിയൻ നഗരങ്ങളിൽ ഒരു തുണ്ടു ഭൂമി ഇല്ലാത്ത ലക്ഷങ്ങൾ ഉള്ളപ്പോൾ തദ്ദേശീയ ജനത ഭൂമി കൈവശം വയ്ക്കുന്ന സ്വാർത്ഥമതികളായി തദ്ദേശവാസികളെ അദ്ദേഹം ചിത്രീകരിക്കുന്നു.

ഭൂമിയുടെ ഏകീകരണവും വലിയ ഭൂഅസമത്വവുമാണ് ബ്രസീലിൽ നിലനിൽക്കുന്നത്. ഈ വൻകിട കർഷകർ കാർഷികവൃത്തി പൂർണ്ണമായും യന്ത്രവൽക്കരിക്കുകയും തീവ്രത കൂടിയ രാസവസ്തുക്കൾ ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെ, ചെറുകിട ഉപജീവന കർഷകർക്ക് കൃഷി എന്നത് അസാധ്യമാകുകയും വിപണി നഷ്ടമാകുകയും ചെയ്യുന്നു.

ഈ വാദത്തോട് അവരുടെ പ്രതികരണം എന്താണ്?

ബ്രസീലിൽ സൈനിക സേച്ഛാധിപത്യം നടമാടിയ 1964 മുതൽ1985 വരെയുള്ള കാലം മുതൽ ഈ വാദം സ്ഥിരം പല്ലവിയാണ്. വളരെ കുറച്ച് ആളുകൾക്ക് വളരെയധികം ഭൂമി. എന്റെ അഭിപ്രായത്തിൽ, വിഷയത്തെ നിങ്ങൾ ഏത് രീതിയിലാണ് നോക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു അതിലെ വീക്ഷണം. ബ്രസീൽ ഒരു രാജ്യമായതിനു ശേഷം തദ്ദേശീയ ഭൂമി തുടർച്ചയായി ചുരുങ്ങി വരുന്നു. മുൻപ് അവയെല്ലാം അവരുടേതായിരുന്നു; ഇപ്പോൾ രാജ്യത്തിന്റെ 13% മാത്രമാണ് തദ്ദേശീയ പ്രദേശമായി കണക്കാക്കുന്നത്. സ്വകാര്യ സ്വത്ത് എന്ന രീതിയിൽ കണക്കാക്കിയാൽ അവ വളരെ വലുതെന്ന് തോന്നിയേക്കാം എന്നാൽ അവരുടെ ഭാഗത്ത് നിന്ന് അതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, ഇപ്പോഴുള്ള ഭൂമി വളരെ കുറവാണ്.

മറ്റൊരു കാര്യം, 'കുറച്ച് ആളുകൾക്ക് വളരെയധികം ഭൂമി' എന്ന അഭിപ്രായം ഇപ്പോഴത്തെ സാഹചര്യത്തിൽ വൻകിട ഭൂവുടമകൾക്കും ബാധകമാക്കാം. അവശേഷിക്കുന്ന സംരക്ഷിത ഭൂമിയെല്ലാം സ്വന്തം ഉടമസ്ഥതയിലാക്കാൻ ശ്രമിക്കുന്നവരാണ് വൻതോതിൽ ഭൂമി കൈവശം വെച്ചിരിക്കുന്ന സമ്പന്ന കർഷകർ. രാജ്യത്തെ സാമ്പത്തിക പുരോഗതിയിൽ നിന്ന് പിന്നോട്ട് നിർത്തുന്നവരായി തദ്ദേശീയരെ ചിത്രീകരിക്കാൻ വലതുപക്ഷം മുൻപന്തിയിലാണ്. മറുവശത്ത് നിന്ന് നോക്കുമ്പോൾ, ഭൂമിയുടെ ഏകീകരണവും വലിയ ഭൂഅസമത്വവുമാണ് ബ്രസീലിൽ നിലനിൽക്കുന്നത്. ഈ വൻകിട കർഷകർ കാർഷികവൃത്തി പൂർണ്ണമായും യന്ത്രവൽക്കരിക്കുകയും തീവ്രത കൂടിയ രാസവസ്തുക്കൾ ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെ, ചെറുകിട ഉപജീവന കർഷകർക്ക് കൃഷി എന്നത് അസാധ്യമാകുകയും വിപണി നഷ്ടമാകുകയും ചെയ്യുന്നു. തദ്ദേശവാസികളുടെ ഉടമസ്ഥതയിലല്ലെങ്കിൽ, പാശ്ചാത്യർക്കും, കുടിയേറ്റക്കാർക്കും, കാലിവളർത്തലുക്കാർക്കുമെല്ലാം കാര്യങ്ങൾ എളുപ്പമാവും.

സ്വകാര്യ സ്വത്ത് എല്ലായിപ്പോഴും പവിത്രവും പരമപ്രധാനവുമാണ്. എങ്ങനെ പ്രതികരിക്കുന്നു?

അതെ; എന്നാൽ തദ്ദേശീയമായ ഭൂമി സ്വകാര്യ സ്വത്തല്ല. അവ സാമുദായിക ഉടമസ്ഥതയിലുള്ളതാണ്. ആ ഭൂമി വാങ്ങാനോ വിൽക്കാനോ കഴിയില്ല; അവർക്ക് അതിൽ ജീവിക്കാൻ അവകാശമുണ്ട്. അതിനടിയിലുള്ള ധാതുകളിൽ അവർക്ക് അവകാശമില്ല. എന്നാൽ അവ സംരക്ഷിതമാണ്.

കുടിയേറ്റക്കാരും വൻഭൂഉടമകളും തങ്ങൾ ശൂന്യതയിൽ നിന്നും സമ്പത്തും സ്വത്തും സൃഷ്ടിക്കുന്നവരായി തങ്ങളെ ചിത്രീകരിക്കുന്നു. സ്വകാര്യ സ്വത്ത് ഏറ്റവും പവിത്രമാണെന്ന ധാരണയും സൃഷ്ടിക്കുന്നു.

ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ | Photo: wiki commons

ബ്രിട്ടീഷ് കൊളോണിയൽ അധികാരികൾ ഓസ്ട്രേലിയയിൽ ഭൂമിയിൽ ആരുമില്ലെന്ന വാദം ഉന്നയിച്ചിരുന്നു. എന്നാൽ അവിടെ ഭൂമി ശൂന്യമായിരുന്നില്ല. അവിടെ നിരവധി പേർ വസിച്ചിരുന്നു.

ശരിയാണ്. നിങ്ങൾ ചില ദേശങ്ങൾ കണ്ടെത്തി കോളനിവൽക്കരിക്കുന്ന രീതി. അത് ഒരു പഴയ ആശയമാണ്. എന്നാൽ ഇപ്പോഴും ബ്രസീലിൽ അവ സജീവമാണ്. മാത്രമല്ല ഭൂമി തികച്ചും സുരക്ഷിതമല്ലാത്ത രീതിയിൽ കൈകാര്യം ചെയ്യുന്നു. യുഎസിന്റെ പടിഞ്ഞാറോട്ട് വിപുലീകരണത്തിനും അവിടെയുണ്ടായിരുന്ന തദ്ദേശവാസികളുടെ ഭൂമി കൈയേറ്റത്തിനും കാരണമായതും അതേ ആശയമാണ്. അത്തരം ആശയങ്ങളാണ് 'ദ ടെറിട്ടറി'യിൽ ചർച്ച ചെയ്യുന്നത്. വ്യക്തമായും അമേരിക്കൻ കൊളോണിയൽ പദ്ധതിയുടെ ഭാഗമായ ആശയങ്ങളാണ്. അതിനാൽ, ഈ രണ്ട് രാജ്യങ്ങൾക്കിടയിലും ഏറെ സമാനതകളുണ്ട്. അവ രണ്ടും വംശീയ അടിമത്തത്തിലും വംശീയ മുതലാളിത്തത്തിലും കെട്ടിപ്പടുത്ത കൊളോണിയൽ രാഷ്ട്രങ്ങളാണ്. തീർച്ചയായും, അവ ഒരേ ആശയങ്ങളിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഭൂമി, സ്ഥലം എന്നിവയെക്കുറിച്ചുള്ള തദ്ദേശവാസികളുടെ സങ്കൽപ്പം ഏകത്വബോധമാണ്. പ്രകൃതിയും 'നാഗരികതയും' തമ്മിൽ വേർതിരിവില്ല.

റോണ്ടോണിയ സംസ്ഥാനത്തിലെ 17 വ്യത്യസ്ത പ്രധാന നദികളുടെ പ്രധാന ജലസ്രോതസ്സാണ് ഉറു-ഇയു-വൗ-വോ പ്രദേശം. കർഷകർ ഉപയോഗിക്കുന്ന ജലസേചനത്തിനുള്ള വെള്ളം അവരുടെ ഭൂമിയിൽ നിന്നാണ് ഉത്ഭവിക്കുന്നത്.

മരം മുറിക്കലും, കാടിന് തീയിടലും പോലുള്ള കടന്നുകയറ്റങ്ങൾ 'ഭൂമിയുടെ ശ്വാസകോശം' എന്ന് വിളിക്കപ്പെടുന്ന ആമസോണിൽ മാത്രമല്ല മൊത്തമായി കാലാവസ്ഥാ വ്യതിയാനത്തെ എങ്ങനെയാണ് ബാധിക്കുന്നത്?

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും മോശമായ പ്രത്യാഘാതങ്ങളെ ചെറുക്കാൻ പ്രാപ്തമായ ഭൂപ്രദേശമാണ് ആമസോൺ മഴക്കാടുകൾ. ആ കാര്യത്തിൽ ബിറ്റാറ്റേയും (ഒരു യുവ തദ്ദേശീയ നേതാവ്) ഉറു-ഇയു-വൗ-വോ സമൂഹത്തിലെ ജനങ്ങളും വളരെ ബോധവാന്മാരാണ്. ഈ മഴക്കാടുകളുടെ പ്രാധാന്യം അവർ മനസ്സിലാക്കുന്നു, അവർക്ക് മാത്രമല്ല, സമീപത്തുള്ള കർഷകർക്കും മഴക്കാടുകളുടെ നിലനിൽപ്പ് അവശ്യമാണ്. റോണ്ടോണിയ സംസ്ഥാനത്തിലെ 17 വ്യത്യസ്ത പ്രധാന നദികളുടെ പ്രധാന ജലസ്രോതസ്സാണ് ഉറു-ഇയു-വൗ-വോ പ്രദേശം. കർഷകർ ഉപയോഗിക്കുന്ന ജലസേചനത്തിനുള്ള വെള്ളം അവരുടെ ഭൂമിയിൽ നിന്നാണ് ഉത്ഭവിക്കുന്നത്. വിളവെടുപ്പ് തുടരാൻ അവർ ആഗ്രഹിക്കുന്നു. കാലാവസ്ഥാ വ്യതിയാനം വ്യാപകമാകാൻ അനുവദിച്ചാൽ, കൃഷിക്ക് വരാൻ പോകുന്ന മറ്റ് നാശനഷ്ടങ്ങൾ വലുതാണ്. തങ്ങളുടെ ഭൂമിയെ സംരക്ഷിക്കുന്നതിനേക്കാൾ പ്രാധാന്യമർഹിക്കുന്ന മറ്റൊന്നിനെക്കുറിച്ച് ചിന്തിക്കാൻ അവർക്കാകില്ല. ബിറ്റാറ്റേയും ഉറു-ഇയു-വൗ-വോയിലെ ജനങ്ങളും അതിൽ തങ്ങളുടെ പങ്കിനെയും ഉത്തരവാദിത്തത്തെയും കുറിച്ച് വളരെ ബോധവാന്മാരാണ്.

ഒരു ചലച്ചിത്ര ചരിത്രകാരൻ എന്ന നിലയിൽ 'ദ ടെറിട്ടറി'യിൽ എനിക്ക് ഏറ്റവും താൽപ്പര്യം തോന്നിയത് തദ്ദേശീയരുടെ സുതാര്യമായ ചിത്രീകരണമാണ്. പസഫിക് ദ്വീപുവാസികളെ കുറിച്ച് സിനിമയിലും ടിവിയിലും ഞാൻ മൂന്ന് സിനിമാ ചരിത്ര പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഡോക്യുമെന്ററിയിൽ തദ്ദേശീയരായ ആളുകൾക്ക് 'കഥാപാത്രങ്ങൾ' എന്ന പദം നിങ്ങൾ ഉപയോഗിക്കുന്നു. ന്യൂയോർക്കിലെ ഇറ്റാക്കയിൽ ജനിച്ചു വളർന്ന അമേരിക്കകാരനായ താങ്കൾ ഉറു-ഇയു-വൗ-വോ അംഗങ്ങളെ നായകരായി മാത്രമല്ല സിനിമാനിർമ്മാണത്തിന് അവരെ കൂടെ പങ്കാളികളാക്കുന്നു എന്നതാണ് ഞാനേറെ ഇഷ്ടപ്പെടുന്നത്.

അതെ. ബിറ്റാറ്റേയും ഉറു-ഇയു-വൗ-വോയുടെ യുവതലമുറയും മാധ്യമങ്ങളെ കൈകാര്യം ചെയ്യാൻ പ്രാപ്തരാണ്. വളരെ രാഷ്ട്രീയാഭിമുഖ്യം പുലർത്തുന്ന അവർ ആവിഷ്‌കാരത്തിന്റെയും കഥപറച്ചിലിന്റെയും ശക്തി വളരെ ആഴത്തിലുള്ളതും സൂക്ഷ്മവുമായ രീതിയിൽ മനസ്സിലാക്കിയിരിക്കുന്നു. ഞങ്ങൾ അവിടെ എത്തുമ്പോൾ ബിറ്റാറ്റേ ഡ്രോണുകൾ ഉപയോഗിച്ചിരുന്നു. ഉറു-ഇയു-വൗ-വോ സമൂഹത്തിലെ ജനങ്ങൾ നുണ പറയുകയും സത്യത്തെ തെറ്റായി പ്രതിനിധീകരിക്കുകയും ചെയ്യുന്നു എന്ന ആരോപണത്തെ ചെറുത്ത് തോൽപ്പിക്കാൻ തെളിവായി ചിത്രങ്ങൾ ഉപയോഗിക്കുന്നതിന് ഡ്രോണുകളും ഡ്രോൺ പരിശീലനവും ലഭിക്കാൻ അദ്ദേഹം ഞങ്ങളെ ആശ്രയിക്കാതെ അപേക്ഷകൾ എഴുതുകയായിരുന്നു. അവന്റെ മാതാപിതാക്കളുടെയും മുത്തശ്ശീമുത്തശ്ശന്മാരുടെയും തലമുറയിൽ അവ സാധ്യമായിരുന്നില്ല. തെളിവുകൾക്കുള്ള ഒരു ഉപകരണമായാണ് ബിറ്റാറ്റേ ക്യാമറകളെ കണ്ടത്. കാലക്രമേണ, പിന്നീട് അവയെ സ്വയം ആവിഷ്‌കാരത്തിന്റെ ഒരു രൂപമായും കലാപരമായ ആവിഷ്‌കാരമായും കാണാൻ അദ്ദേഹം വളർന്നു. അത് ആഴത്തിൽ പരിശോധിച്ചാൽ വളരെ മികച്ചതും അതിശയകരവുമായ ഒരു കഥാസന്ദർഭമായിരിക്കുമെന്ന് ഞാൻ മനസിലാക്കി.

ഉറു-ഇയു-വൗ-വോ അംഗങ്ങൾക്ക് നിരവധി സ്‌ക്രീൻ ക്രെഡിറ്റുകൾ ഉണ്ടോ?

സഹഛായാഗ്രാഹകനും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാരും അവരുടെ ഇടയിൽ നിന്നുള്ളവരാണ്. കൂടാതെ ചിത്രത്തിന്റെ സഹനിർമ്മാതാക്കളായ ഉറു-ഇയു-വൗ-വോ കമ്മ്യൂണിറ്റിയിലെ അംഗങ്ങളെത്തന്നെ ഞങ്ങൾക്ക് ലഭിച്ചു. ഇതെല്ലാം നടന്നത് കോവിഡിനിടയിലാണ്. ആദ്യമായി ക്യാമറകൾ കൊണ്ട് വന്ന് ചില അടിസ്ഥാന ഫിലിം മേക്കിംഗ് വർക്ക്‌ഷോപ്പുകൾ നടത്തി. ഈ സമുദായത്തിലെ മുതിർന്നവരിൽ ഭൂരിഭാഗവും ഇതുവരെ ഒരു ഫീച്ചർ ഫിലിം കണ്ടിട്ടില്ല. അറിവോടു കൂടിയുള്ള സമ്മതത്തെ കുറിച്ച് ഞങ്ങൾ സിനിമാ മേഖലയിൽ ആധികാരികമായി ഒരുപാട് സംസാരിക്കുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ സമൂഹം ഒരു സിനിമയിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് അവരോട് സംസാരിക്കുക എന്നത് പ്രധാനമായിരുന്നു. ഒരു സിനിമ എന്താണെന്നും അതിലൂടെ എന്താണ് പ്രകടിപ്പിക്കാൻ ഞങ്ങൾക്ക് കഴിയുന്നതെന്നും അവരെ ബോധ്യപ്പെടുത്തി. ഒരു സിനിമയിൽ നിന്നും അതുമായി ബന്ധപ്പെട്ട ഒരു ഇംപാക്ട് കാമ്പെയ്നിൽ നിന്നും ഉണ്ടായേക്കാവുന്ന ഫലങ്ങളും അതോടൊപ്പം ഒരു സിനിമയിൽ അഭിനയിക്കുന്നതിന്റെ ചിലവും അതിന്റെ പിന്നിലെ പ്രവർത്തനങ്ങളും അവരെ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചു.

സിനിമയുടെ സഹനിർമ്മാതാക്കളാകാനും സിനിമയിൽ നിന്നുള്ള ലാഭത്തിന്റെ തുല്യഭാഗം സ്വീകരിക്കാനും കഴിയുന്ന ഒരു അസോസിയേഷൻ സൃഷ്ടിക്കാൻ ഞങ്ങൾ അവരെ സഹായിച്ചു. അതിലൂടെ ബിസിനസ്സ് തീരുമാനങ്ങളിൽ അഭിപ്രായം നൽകുന്നതിനും അവർക്ക് അവസരം നൽകി.

സത്യസന്ധമായി ചെയ്യാൻ ഞങ്ങൾ കണ്ടെത്തിയ ഒരേയൊരു മാർഗ്ഗം ക്യാമറകൾ കൊണ്ടുവരികയും പരസ്പരം അഭിമുഖം നടത്തുകയും ചെയ്യുക എന്നതായിരുന്നു. ഒരു ക്യാമറ എങ്ങനെ പ്രവർത്തിക്കുന്നു എന്നത്, എങ്ങനെ എഡിറ്റ് ചെയ്യുന്നു എന്നതും വ്യക്തമാക്കി. ഒപ്പം അവരുടെ സമൂഹത്തിന്റെ ചരിത്രവും ആളുകളുടെ ധാരണയും എങ്ങനെ രൂപപ്പെടുത്തുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നു എന്നത് അവർക്ക് കാണിച്ചുകൊടുത്തു. ആ പൊതുവായ ധാരണയുണ്ടെങ്കിൽ മാത്രമേ അവരെക്കൊണ്ട് അവരുടെ ചരിത്രം പ്രദർശിപ്പിക്കാനുള്ള വിശ്വാസവും അനുവാദവും ലഭിക്കുകയുള്ളു എന്ന് മനസിലാക്കി. എന്നാൽ, കോവിഡ് ആരംഭിച്ചപ്പോൾ, അവരുടെ പ്രദേശത്തേക്ക് പ്രവേശിക്കാനുള്ള അനുവാദം നഷ്ടമായി. അടുത്തത് എന്ത് എന്ന് സാഹചര്യത്തിൽ നിൽക്കുമ്പോഴാണ് ബിറ്റാറ്റേ മുന്നോട്ടിറങ്ങിയത്. നിങ്ങളുടെ കൈവശമുള്ള അതേ ഓഡിയോ ഉപകരണങ്ങൾ ഞങ്ങൾക്ക് അയച്ചുതരിക. ഞങ്ങൾ ഷൂട്ട് ചെയ്യും, ഞങ്ങൾ നിർമ്മിക്കും, സിനിമയുടെ ബാക്കി ഭാഗം ഞങ്ങൾ ഇവിടെ നിന്ന് കൈകാര്യം ചെയ്യും അദ്ദേഹം പറഞ്ഞു.

അത് കേട്ടപ്പോൾ ഞാൻ ശരിക്കും ആവേശഭരിതനായി. അതിൽ നിന്ന് എന്ത് സംഭവിക്കുമെന്നോ ആ ആശയം പ്രാവർത്തികമാകുമോ എന്നോ ഞങ്ങൾക്ക് അറിയില്ലായിരുന്നു. എന്നാൽ ഈ അവസരം ഞങ്ങൾക്ക് സമൂഹവുമായി ഇടപഴകാനുള്ള ഈ സാധ്യതയും തുറന്നുതന്നു. സിനിമയുടെ സഹനിർമ്മാതാക്കളാകാനും സിനിമയിൽ നിന്നുള്ള ലാഭത്തിന്റെ തുല്യഭാഗം സ്വീകരിക്കാനും കഴിയുന്ന ഒരു അസോസിയേഷൻ സൃഷ്ടിക്കാൻ ഞങ്ങൾ അവരെ സഹായിച്ചു. അതിലൂടെ ബിസിനസ്സ് തീരുമാനങ്ങളിൽ അഭിപ്രായം നൽകുന്നതിനും അവർക്ക് അവസരം നൽകി.

എന്താണ് 'തദ്ദേശീയമായ സൗന്ദര്യശാസ്ത്രം', അത് ഹോളിവുഡിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?

നല്ലൊരു ചോദ്യം.

സിനിമയിലെ 'സ്വയം നിർണ്ണയം' എന്നതിനർത്ഥം അത് എങ്ങനെ പ്രതിനിധീകരിക്കപ്പെടുന്നുവെന്ന് സ്വയം നിർണ്ണയിക്കുന്നു എന്നാണ്. അതിൽ പുറത്തുന്നുള്ളവർക്ക് പങ്കില്ല.

അതെ. അതൊരു മഹത്തായ ചിന്തയാണ്. ഈ സിനിമയുടെ ധാർമ്മികതയുടെ ഒരു ഭാഗം അത് തന്നെയാണ്. സ്വയം ആരെയാണ് പ്രതിനിധീകരിക്കുന്നത് എന്നതിനെക്കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഒപ്പം ആരാണ് ഇതിന്റെ പ്രേക്ഷകർ? ഈ സിനിമ ബ്രസീലിൽ പ്രദർശിപ്പിക്കാൻ കഴിയുന്നത് ഞങ്ങളുടെ ഒരു വലിയ നേട്ടമാണ്. എന്നാൽ ഈ ചിത്രം ബ്രസീലിലെ തദ്ദേശീയ സമൂഹങ്ങളിൽ പ്രദർശിപ്പിക്കുന്നതിനായി. ഉറു-ഇയു-വൗ-വോ സംസാരിക്കുന്ന തദ്ദേശീയ ഭാഷയിലേക്ക് ഈ സിനിമ വിവർത്തനം ചെയ്യാൻ ഞങ്ങൾ ശ്രമിക്കുന്നു.. നാഷണൽ ജിയോഗ്രാഫിക് സിനിമ ഏറ്റെടുക്കുകയും അതിലെ ആശയങ്ങൾക്ക് മുൻഗണന നൽകുന്ന ഒരു ഇംപാക്റ്റ് കാമ്പെയ്ൻ നടത്തുകയും ചെയ്തത് ഞങ്ങളുടെ ഭാഗ്യമാണ്, അതിനാൽ ഞങ്ങൾക്ക് ഈ സിനിമ മറ്റ് തദ്ദേശീയമായ സമൂഹത്തിലേയ്ക്ക് എത്തിക്കാനും അതിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അത്തരം ചർച്ചകൾക്ക് തുടക്കമിടാനും സാധിക്കും.

ഓഗസ്റ്റ് 19 മുതൽ തീയറ്ററുകളിൽ ടെറിട്ടറി പ്രദർശനം തുടങ്ങും. വിശദാംശങ്ങൾക്ക് കാണുക: https://films.nationalgeographic.com/the-territory#where-to-watch.

ലോസ് ഏഞ്ചൽസിൽ താമസിക്കുന്ന ചലച്ചിത്ര ചരിത്രകാരനും നിരൂപകനുമായ എഡ് റാംപെൽ ദ ഹവായ് മൂവി ആൻഡ് ടെലിവിഷൻ ബുക്ക്, പ്രോഗ്രസീവ് ഹോളിവുഡ്, എ പീപ്പിൾസ് ഫിലിം ഹിസ്റ്ററി ഓഫ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവയുടെ സഹ-രചയിതാവാണ്.
.
കടപ്പാട്: കൗണ്ടർപഞ്ച്.

പരിഭാഷ: അനിറ്റ് ജോസഫ്

Leave a comment