TMJ
searchnav-menu
post-thumbnail

Outlook

രാഷ്ട്രീയം ചോർന്ന രാഷ്ട്രീയ യാത്ര

14 Sep 2022   |   1 min Read
ടി ജെ ശ്രീലാൽ

ന്ത്യയെ ഒന്നിപ്പിക്കാനും കോൺഗ്രസ്സിനെ പുനരുജ്ജീവിപ്പിക്കാനും ആവേശവും ആരവവുമുയർത്തി രാഹുൽ ഗാന്ധിയുടെ ജോഡോ യാത്ര. കിലോമീറ്റർ അകലെ നിന്ന് തന്നെ കാണാൻ ഓടിയെത്തിയ പ്രവർത്തകയ്ക്ക് രാഹുൽ വെള്ളം നൽകുന്നു. യാത്രയ്ക്കിടെ തട്ടുകടയിൽ ചായ കുടിക്കുന്ന രാഹുലും നേതാക്കളും. വഴിയിൽ മണിക്കൂറുകൾ കാത്ത് നിന്ന കുട്ടിയുമായി രാഹുൽ കുശലം പറയുന്നു. ഇങ്ങനെ ചിത്രങ്ങൾക്ക് അടിക്കുറിപ്പായി മാറിയിരിക്കുകയാണ് കോൺഗ്രസ്സിന്റെ ഭാരത് ജോഡോ യാത്ര.

തലക്കെട്ടില്ലെന്ന് മാത്രമല്ല യാത്ര സംബന്ധിച്ച വാർത്ത ചിത്രങ്ങളായെങ്കിലും നിലനിർത്താൻ പാടുപെടുകയാണ് ഇതിനായി സ്ഥാപനങ്ങൾ അസൈൻ ചെയ്ത മാധ്യമപ്രവർത്തകരും ഫോട്ടോ-വീഡിയോ ജേർണലിസ്റ്റുകളും. തലക്കെട്ടിനുള്ളത് കിട്ടിയില്ലെങ്കിൽ കിട്ടിയതാകട്ടെ. ഇങ്ങനെ മാധ്യമ പ്രവർത്തകർ പോലും എത്താൻ എന്താണ് കാരണം. യാത്ര ആവേശം ഉണ്ടാക്കാത്തത് കൊണ്ടോ, ജനപങ്കാളിത്തം ഇല്ലാത്തത് കൊണ്ടോ അല്ല മാധ്യമ പ്രവർത്തകർക്ക് ഇത്രയേറെ പാടുപെടേണ്ടി വരുന്നത്. കുറഞ്ഞപക്ഷം കേരളത്തിലെങ്കിലും അതല്ല കാരണം. യാത്രയിൽ രാഷ്ട്രീയമില്ല എന്നതാണ് പ്രശ്നം. ഇങ്ങനെയൊരു യാത്ര തന്നെ രാഷ്ട്രീയമല്ലെ എന്നാകും രാഹുലിന്റെ സഹയാത്രികരുടെ മറുചോദ്യം. അത് തന്നെയാണ് പ്രതിസന്ധി. രാഷ്ട്രീയ ആക്രമണത്തിന്റെ കുന്തമുനയാകേണ്ട യാത്ര ഇപ്പോൾ കൗതുകങ്ങളുടെ കഥ പറയുന്ന യാത്രയായി.

ബിജെപിക്കെതിരെ പടനയിക്കാൻ ആസൂത്രണം ചെയ്ത പദയാത്ര അവർക്ക് ഒരു സീറ്റ് പോലുമില്ലാത്ത കേരളത്തിലൂടെ നടക്കുന്നത് 18 ദിവസമാണ്. ബിജെപി അരങ്ങ് വാഴുന്ന ഉത്തർപ്രദേശിൽ ആകെ രണ്ട് ദിവസമായിരുന്നു യാത്ര തീരുമാനിച്ചിരുന്നത് വിമർശനങ്ങൾ ഉയർന്നതോടെയാണ് ഇത് അഞ്ച് ദിവസമായി ഉയർത്തിയത്.

ഈ യാത്ര ആലോചിക്കുമ്പോൾ അതിനൊരു രാഷ്ട്രീയമുണ്ടായിരുന്നു. എന്നാൽ അത് തുടങ്ങും മുമ്പേ ചോർന്നു പോയി. ഇങ്ങനെയൊരു യാത്ര തീരുമാനിച്ചത് തന്നെ ബിജെപിക്ക് മൂക്ക് കയറിട്ട് കോൺഗ്രസ്സിന്റെ തിരിച്ചു വരവിന് വഴിയൊരുക്കാനായിരുന്നു. അതായിരുന്നു ഈ യാത്രയുടെ രാഷ്ട്രീയവും. ആളെ കൂട്ടി റോഡ് ഗതാഗതം തടസ്സപ്പെടുത്തി നീങ്ങുന്ന യാത്രയെന്ന കൗതുകത്തിനപ്പുറം ഈ ജോഡോ യാത്ര എവിടെയെങ്കിലും ചർച്ച ചെയ്യപ്പെടുന്നുണ്ടോ ? യാത്രയ്ക്കിടെ രാഹുൽ നടത്തുന്ന പ്രസംഗങ്ങളിൽ മാത്രമല്ല രാഷ്ട്രീയ ചോർച്ചയുണ്ടായിട്ടുള്ളത്. ഈ യാത്രയുടെ പോക്കിൽ തന്നെയുണ്ട് ആ ചോർച്ച. ബിജെപിക്കെതിരെ പടനയിക്കാൻ ആസൂത്രണം ചെയ്ത പദയാത്ര അവർക്ക് ഒരു സീറ്റ് പോലുമില്ലാത്ത കേരളത്തിലൂടെ നടക്കുന്നത് 18 ദിവസമാണ്. ബിജെപി അരങ്ങ് വാഴുന്ന ഉത്തർപ്രദേശിൽ ആകെ രണ്ട് ദിവസമായിരുന്നു യാത്ര തീരുമാനിച്ചിരുന്നത് വിമർശനങ്ങൾ ഉയർന്നതോടെയാണ് ഇത് അഞ്ച് ദിവസമായി ഉയർത്തിയത്. വരുന്ന ഡിസംബറിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിലേക്ക് യാത്ര പോകുന്നത് തന്നെയില്ല. അതാണ് യാത്രയുടെ രാഷ്ട്രീയം തുടങ്ങും മുമ്പേ ചോർന്നു എന്ന് പറഞ്ഞത്.

ജനങ്ങളെ കേൾക്കാനുള്ള യാത്ര

ഭാരത് ജോഡോ യാത്ര ജനങ്ങളുടെ മനസ്സറിയാനുള്ള യാത്രയാണെന്നാണ് രാഹുൽ ഗാന്ധിയും കോൺഗ്രസ്സ് നേതാക്കളും അവകാശപ്പെടുന്നത്. ജനങ്ങളെ കേൾക്കുക എന്നത് ജനാധിപത്യത്തിലെ ഏറ്റവും പ്രാഥമികമായ കാര്യം തന്നെയാണ്. പക്ഷെ ഇത്തരമൊരു യാത്ര നടത്തുന്നത് എന്തിനാണെന്ന് മറന്നു പോകുന്നതാണ് ഇപ്പോൾ രാഹുൽ ഗാന്ധിയുടെ സഹയാത്രികരും സ്വീകരിച്ചിരിക്കുന്ന ഈ ജനകീയത. കോൺഗ്രസ്സ് പാർട്ടിയെ പഴയ പ്രതാപത്തിലേക്ക് ഉയർത്താൻ രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന ചിന്തൻ ശിബിരത്തിൽ എടുത്ത തീരുമാനമായിരുന്നു രാജ്യവ്യാപകമായി പദയാത്ര നടത്തുക എന്നത്. പക്ഷെ ഈ നിർദ്ദേശം കൊണ്ടുവന്നവരും അത് അംഗീകരിച്ചവരും ഉദ്ദേശിച്ചത് ജനങ്ങളെ കേൾക്കാനായിരുന്നോ എന്ന കാര്യത്തിൽ സംശയമുണ്ട്. യാത്ര നടത്തി പാർട്ടിയുടെ ഉയർത്തെഴുന്നേൽപ്പിനുള്ള നയങ്ങളും നടപടികളും ജനങ്ങളെ അറിയിക്കാനായിരുന്നു അവർ ആഗ്രഹിച്ചത്.

രാഹുൽ ഗാന്ധി | PHOTO: PTI

അത് എന്തായാലും ഇപ്പോൾ കോൺഗ്രസ്സ് പ്രവർത്തകരും അനുഭാവികളും കാത്തിരിക്കുന്നത് എങ്ങനെ പാർട്ടിയെ പുനരുജ്ജീവിപ്പിക്കുമെന്ന് നേതാക്കൾ പറയുന്നത് കേൾക്കാനാണ്. അതുകൊണ്ടാണ് രാജ്യത്താകെ നീളുന്ന പദയാത്ര എന്ന തീരുമാനം ചിന്തൻ ശിബിരത്തിൽ എടുത്തപ്പോൾ പ്രവർത്തകർ ആവേശത്തിലായത്. എന്നാൽ പതിവ് പോലെ പിന്നീട് ഒന്നുമുണ്ടായില്ല. അതിനെതിരെ വിമർശനം ഉയർന്നപ്പോഴാണ് ഒടുവിൽ തിരക്കിട്ട് ഈ യാത്രയ്ക്ക് രാഹുൽഗാന്ധി ഇറങ്ങി പുറപ്പെട്ടത്.

ജനങ്ങളെ കേൾക്കാനാണ് യാത്രയെങ്കിൽ അതിനുള്ള നടപടികൾ കൂടി സ്വീകരിക്കണം. പഴയ റോഡ് ഷോയ്ക്ക് തുല്യം നിൽക്കുന്ന പദയാത്ര കൊണ്ട് എങ്ങനെയാണ് ജനങ്ങളെ കേൾക്കാൻ സാധിക്കുക. റോഡിലൂടെ ഒന്നോ രണ്ടോ മണിക്കൂർ കൈവീശി നടന്നാൽ ചുറ്റും കൂടിനിൽക്കുന്നവർ വിളിക്കുന്ന മുദ്രാവാക്യമല്ലാതെ എന്ത് കേൾക്കാനാണ്. സാധാരണക്കാരൻ പറയുന്നത് കേൾക്കാനാണെങ്കിൽ അവർക്കിടയിലേക്ക് ഇറങ്ങി ചെല്ലണം. അല്ലാതെ നടത്തം കഴിഞ്ഞ് വിയർപ്പാറ്റാനിരിക്കുമ്പോൾ ചിലരെ മാത്രം വിളിച്ച് കാര്യങ്ങൾ ചോദിച്ചറിയുകയല്ല വേണ്ടത്.

രാഷ്ട്രീയം ചോർന്ന രാഷ്ട്രീയ യാത്ര

ചില ദിവസങ്ങളേ ആയിട്ടുള്ളു രാഹുൽ ഗാന്ധി ജോഡോ യാത്ര തുടങ്ങിയിട്ട്. അതിന് മുമ്പ് വേണോ ഇത്തരം വിമർശങ്ങളെന്ന് ചോദിക്കുന്നവരുണ്ടാകാം. കോൺഗ്രസ്സ് ബന്ധമില്ലാത്തവർ പോലും ഇക്കൂട്ടത്തിലുണ്ടാകാം. ചില ദിവസങ്ങൾ എന്നതല്ല വിഷയം. ഇത്തരമൊരു യാത്രയുടെ സംഘാടനത്തിൽ തന്നെയുണ്ടായ പിഴവാണ് പ്രശ്നം. ഈ യാത്ര ഇങ്ങനെ പോയാൽ അവസാനിക്കും വരേയും സ്വഭാവം ഇങ്ങനെ തന്നെയാകും. കേരളത്തിലെ ആവേശമൊന്നും മറ്റ് സംസ്ഥാനങ്ങളിലുണ്ടാകണമെന്നില്ല. അപ്പോൾ യാത്രയുടെ രാഷ്ട്രീയവും കൗതുകവും ചോരും. അങ്ങനെയുണ്ടായാൽ യാത്ര വീണ്ടും മാധ്യമങ്ങളിൽ നിറയും. കേരള അതിർത്തി കടന്നാൽ പിന്നാലെ യാത്രയുടെ കുറവുകളാകും വാർത്ത.

സംസ്ഥാനത്തോ കേന്ദ്രത്തിലോ അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ പാർട്ടിയാണ് ജനങ്ങളുടെ പ്രതിസന്ധി കേൾക്കാൻ തീരുമാനിച്ച് പദയാത്രയോ വാഹനപര്യടനമോ നടത്തുന്നതെങ്കിൽ മനസിലാക്കാം. പക്ഷെ യാത്ര കടന്ന് പോകുന്ന ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും കോൺഗ്രസ്സ് അധികാരത്തിന് പുറത്താണ്.

രാഷ്ട്രീയ പാർട്ടികൾ ഇത്തരം യാത്ര നടത്തുന്നത് അവരുടെ രാഷ്ട്രീയ സന്ദേശം ജനങ്ങളിലെത്തിക്കാനാണ്. അത് പറയാനാണ്. അതില്ലെങ്കിൽ പിന്നെ എന്തിനാണ് ഇത്തരമൊരു യാത്ര. ഇവിടെയാണ് രാഹുൽഗാന്ധിയെ കുറിച്ച് പലരും പലപ്പോഴും പറഞ്ഞ കാര്യങ്ങളും, വിമർശനങ്ങളും വീണ്ടും പ്രസക്തമാകുന്നത്. പ്രവർത്തകരെ അഭിവാദ്യം ചെയ്ത് ഇങ്ങനെ കൈവീശി നീങ്ങുന്നതിന് പ്രത്യേക തയ്യാറെടുപ്പൊന്നും വേണ്ട. മുമ്പ് വാഹനത്തിന്റെ മുകളിൽ കയറി കൈവീശി റോഡ് ഷോ നടത്തി പരിചയമുള്ള രാഹുൽ ഗാന്ധിക്ക് അത് അത്ര ബുദ്ധിമുട്ടുള്ള കാര്യവുമല്ല. പക്ഷെ ഈ യാത്രയ്ക്കിടെ രാഷ്ട്രീയം പറയാൻ തീരുമാനിച്ചാൽ അതിന് തയ്യാറെടുപ്പ് ചില്ലറയൊന്നുമല്ല വേണ്ടത്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ, പദയാത്ര കടന്ന് പോകുന്ന പ്രദേശത്തെ പ്രശ്നങ്ങൾ, അവിടെയുള്ള ജീവിത പ്രതിസന്ധി, ഇങ്ങനെ പറയേണ്ടതും, ഭരണാധികാരികളെ ആക്രമിക്കേണ്ടതും, പരിഹാരം കാണേണ്ടതും, മറുപടി പറയേണ്ടതുമായ വിഷയങ്ങൾ ഒരുപാടുണ്ടാകും. അതൊക്കെ കണ്ടെത്തി പറഞ്ഞ് പരിഹാരം നിർദ്ദേശിച്ച് മുന്നോട്ട് പോകണമെങ്കിൽ എടുക്കേണ്ട പണി ചെറുതൊന്നുമല്ല. അതിനെക്കാൾ നല്ലത് ഇപ്പോഴത്തെ മുദ്രാവാക്യമാണ്. ജനങ്ങളെ കേൾക്കുക. അതാകുമ്പോൾ കേട്ടിരുന്നാൽ മാത്രം മതിയാകും.

സംസ്ഥാനത്തോ കേന്ദ്രത്തിലോ അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ പാർട്ടിയാണ് ജനങ്ങളുടെ പ്രതിസന്ധി കേൾക്കാൻ തീരുമാനിച്ച് പദയാത്രയോ വാഹനപര്യടനമോ നടത്തുന്നതെങ്കിൽ മനസിലാക്കാം. പക്ഷെ യാത്ര കടന്ന് പോകുന്ന ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും കോൺഗ്രസ്സ് അധികാരത്തിന് പുറത്താണ്. കേന്ദ്രത്തിൽ അടുത്തെങ്ങും അധികാരം പിടിക്കാമെന്ന് സ്വപ്നം കാണാൻ പോലുമുള്ള ശേഷിയും ഇപ്പോൾ കോൺഗ്രസ്സിനില്ല. ഇങ്ങനെയൊരു സാഹചര്യത്തിൽ കേന്ദ്രസർക്കാരിനേയും ഭരണത്തിലിരിക്കുന്ന പ്രാദേശിക പാർട്ടികളേയും കടന്നാക്രമിച്ച് കരുത്തു തെളിയിക്കുകയും അണികൾക്ക് ഊർജ്ജം പകരുകയുമായിരുന്നില്ലെ ഈ യാത്രയിലൂടെ രാഹുൽഗാന്ധിയും കോൺഗ്രസ് പാർട്ടിയും ചെയ്യേണ്ടിയിരുന്നത്.

REPRESENTATIONAL IMAGE : PTI

കേരളത്തിലെ ആശയകുഴപ്പം

ജോഡോ യാത്രയ്ക്ക് കേരളത്തിൽ കിട്ടിയ സ്വീകാര്യത വടക്കേയിന്ത്യയിലെ ഏതെങ്കിലും സംസ്ഥാനത്ത് ലഭിക്കുമെന്ന് കരുതുക പ്രയാസം. കോൺഗ്രസ് അധികാരത്തിലില്ല എന്നത് മാത്രല്ല ഇതിന് കാരണം. കേരളത്തിന് പുറത്ത് പല സംസ്ഥാനങ്ങളിലും പാർട്ടി സംവിധാനം തന്നെ ഇല്ല എന്നതാണ് പ്രതിസന്ധി. അങ്ങനെ ജോഡോ യാത്രയ്ക്ക് ഏറ്റവും സ്വീകാര്യത ലഭിച്ച സംസ്ഥാനത്തിലും രാഷ്ട്രീയമായി എന്ത് നിലപാട് സ്വീകരിക്കണം എന്നതിൽ വലിയ ആശയകുഴപ്പമാണ് കോൺഗ്രസ്സ് പാർട്ടിയിലുള്ളത്. ഇടത് സർക്കാരിനെതിരെ കടുത്ത ആക്രമണം രാഹുൽഗാന്ധി നടത്തണം എന്നതാണ് സംസ്ഥാന നേതൃത്വത്തിന് തുടക്കം മുതലുള്ള ആവശ്യം. എന്നാൽ മോദി സർക്കാരിനെതിരെ ഡൽഹിയിലും വടക്കേയിന്ത്യയിലും ഒരുമിച്ചാണ് പ്രക്ഷോഭമെന്നത് കോൺഗ്രസ്സ് കേന്ദ്രനേതാക്കളെ വെട്ടിലാക്കുന്നു. കേരളത്തിൽ നിയമസഭ പ്രാതിനിധ്യമില്ലാത്ത ബിജെപിയെ കടന്നാക്രമിക്കുന്നതിൽ കാര്യമില്ലെങ്കിലും അതിനാണ് രാഹുൽ ഗാന്ധി സമയം കണ്ടെത്തുന്നത്. കേന്ദ്രത്തിലെ പ്രക്ഷോഭ ഐക്യം തന്നെ കാരണം.

ജെ.എൻ.യു.വിലെ പഴയ തീപൊരി നേതാവ് കനയ്യ കുമാർ യാത്രയിലുടനീളം രാഹുൽ ഗാന്ധിക്കൊപ്പമുണ്ട്. കനയ്യയെ കൊണ്ടെങ്കിലും കേരളത്തിൽ രാഷ്ട്രീയം പറയിപ്പിക്കാമായിരുന്നു. കുറഞ്ഞപക്ഷം പഴയ സഹയാത്രികൻ പറയുന്നത് കേൾക്കാൻ സിപിഐക്കാർക്കെങ്കിലും താൽപര്യമുണ്ടാകുമായിരുന്നു. ഇടത്പക്ഷം ഭരിക്കുന്ന സംസ്ഥാനത്ത് കനയ്യ കുമാറിനെ കൊണ്ട് കോൺഗ്രസ്സ് നേതൃത്വം ചെയ്യിക്കുന്നത് രാഹുൽ ഗാന്ധിയുടെ നടത്തത്തിന് തൊട്ട് മുമ്പ് അദ്ദേഹം ഇതായെത്തുന്നു എന്ന് പറയുന്ന മൈക്ക് അനൗൺസ്മെന്റാണ്.

അല്ലറ ചില്ലറ രാഷ്ട്രീയം

യാത്രയിൽ രാഹുൽ ഗാന്ധി രാഷ്ട്രീയം തീരെ പറയുന്നില്ല എന്ന് പറയാൻ പാടില്ല. ഇടയ്ക്ക് നടക്കുന്ന സംഗമ പൊതുസമ്മേളനത്തിൽ രാഹുൽ ഗാന്ധി മോദിയേയും കേന്ദ്രസർക്കാരിന്റെ നയങ്ങളേയും ചെറുവിരൽ കൊണ്ട് ചെറുക്കാൻ ശ്രമിക്കുന്നുണ്ട്. തലക്കെട്ടിനില്ലെങ്കിലും രാഹുലിന്റെ പേര് വച്ച് പ്രചരിപ്പിക്കാൻ കോൺഗ്രസ് പാർട്ടിയേയും അവർക്ക് ഇപ്പോഴും സ്വാധീനമുള്ള മാധ്യമ സ്ഥാപനങ്ങളേയും സഹായിക്കുന്ന ചില പരാർശങ്ങളുo പ്രയോഗങ്ങളും ഇതിലുണ്ട്.

വിഴിഞ്ഞം പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്നവരുമായി രാഹുൽ ഗാന്ധി ചർച്ച നടത്തുമെന്ന് യാത്ര കന്യാകുമാരിയിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് തന്നെ വാർത്ത പ്രചരിപ്പിച്ചിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് സമരസമിതി നേതാക്കളെ കണ്ടപ്പോൾ രാഹുൽ ഗാന്ധിക്ക് ഒരു ഉറച്ച തീരുമാനം പറയാൻ കഴിയാതെ പോയത്.

രാഷ്ട്രീയം ഇങ്ങനെ ഒളിച്ചു പറഞ്ഞ് കൊണ്ട് കാര്യമില്ല. പറയുമ്പോൾ അത് ഉച്ചത്തിൽ തന്നെ പറയണം. അങ്ങനെ പറഞ്ഞാൽ മാത്രമെ അണികൾക്കും പാർട്ടി ബന്ധുക്കൾക്കും അത് ആവേശമാകൂ. ഇപ്പോഴും കോൺഗ്രസ്സ് പാർട്ടിയിൽ ഏറ്റവും ജനകീയനായ നേതാവ് രാഹുൽഗാന്ധി തന്നെയാണ്. അത് കേരളത്തിലെങ്കിലും രാഹുൽ തെളിയിച്ചു. രാഹുൽ ഗാന്ധിയെ കാണാൻ എത്തുന്നവരാണ് ജോഡോ യാത്ര കടന്ന് പോകുന്ന പാതയോരങ്ങളിൽ തിക്കിതിരക്കുന്നത്. അവരെ കൈവീശി കാണിച്ച് കടന്ന് പോകാതെ അവരുടെ മനസിൽ പതിയുന്ന രാഷ്ട്രീയം പറയാൻ കൂടി രാഹുൽ ശ്രമിക്കണം. അല്ലെങ്കിൽ ഈ യാത്ര അവസാനിക്കുന്നതിന് മുമ്പ് അതിന്റെ പ്രസക്തി നഷ്ടപ്പെടും.

വിഴിഞ്ഞം പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്നവരുമായി രാഹുൽ ഗാന്ധി ചർച്ച നടത്തുമെന്ന് യാത്ര കന്യാകുമാരിയിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് തന്നെ വാർത്ത പ്രചരിപ്പിച്ചിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് സമരസമിതി നേതാക്കളെ കണ്ടപ്പോൾ രാഹുൽ ഗാന്ധിക്ക് ഒരു ഉറച്ച തീരുമാനം പറയാൻ കഴിയാതെ പോയത്. വിഴിഞ്ഞം പദ്ധതി കേരളത്തിന് സംഭാവന ചെയ്തത് യുഡിഎഫ് സർക്കാരാണ്. എന്നിട്ടും ഇക്കാര്യത്തിൽ കെ.പി.സി.സി നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി തലയൂരുകയായിരുന്നു. വ്യക്തമായ മറുപടില്ലെങ്കിൽ പിന്നെ എന്തിനാണ് സമരസമിതി നേതാക്കളെ രാഹുൽ കണ്ടത്. വിഴിഞ്ഞത്തെ മത്സ്യതൊഴിലാളികളുടെ പ്രശ്നം കേട്ടിട്ട് എന്ത് പരിഹാരം നിർദ്ദേശിക്കാനായി രാഹുൽ ഗാന്ധിക്ക്. ഒപ്പമുണ്ടായിരുന്ന തിരുവനന്തപുരം എംപി ശശി തരൂർ ചർച്ചയിൽ സ്വീകരിച്ച സുതാര്യതയെങ്കിലും രാഹുലിനുമാകാമായിരുന്നു. പണി പകുതി പിന്നിട്ട പദ്ധതി ഉപേക്ഷിക്കുക എളുപ്പമല്ലെന്ന് രാഹുലിനെ മുന്നിലിരുത്തിയാണ് ശശി തരൂർ സമരസമിതി നേതാക്കളോട് പറഞ്ഞു. ഒരുപക്ഷെ മുഖ്യമന്ത്രിക്ക് ശേഷം ഇക്കാര്യം ഇവരോട് നേരിട്ട് പറഞ്ഞ ആദ്യ നേതാവായിരിക്കും ശശി തരൂർ.

REPRESENTATIONAL IMAGE | PHOTO: TWITTER

രാഷ്ട്രീയമില്ലെങ്കിലും ലക്ഷ്യമുണ്ട്

രാഷ്ട്രീയം പറയുന്നില്ലെങ്കിലും ലക്ഷ്യമില്ലാത്ത യാത്രയല്ല രാഹുൽ ഗാന്ധി നടത്തുന്നത്. കൃത്യമായ ലക്ഷ്യമുണ്ട് ഈ യാത്രയ്ക്ക്. പന്ത്രണ്ട് സംസ്ഥാനങ്ങളിലൂടെ 3570 കിലോമീറ്റർ താണ്ടി 150 ദിവസം കൊണ്ടാണ് യാത്ര കന്യാകുമാരിയിൽ നിന്ന് കശ്മീരിലെത്തുക. അതായത് ഏതാണ്ട് അഞ്ച് മാസം യാത്ര ഇങ്ങനെ തുടരും. ഇതിനിടയിൽ നടക്കുന്ന ഒരു പ്രധാനപ്പെട്ട പാർട്ടി പരിപാടിയുണ്ട്. കോൺഗ്രസ്സിന്റെ ദേശീയ പ്രസിഡണ്ട് തിരഞ്ഞെടുപ്പ്. സംഘടന തിരഞ്ഞെടുപ്പിനുള്ള തിയതിക്രമം പ്രഖ്യാപിച്ച ശേഷം നടത്തുന്ന ഈ യാത്രയുടെ പ്രധാനപ്പെട്ട ലക്ഷ്യവും ഈ തിരഞ്ഞെടുപ്പ് തന്നെ. ഒന്നിലധികം സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക നൽകിയാൽ അടുത്ത മാസം 17 നാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. 19 ന് വോട്ടെണ്ണലും. ഈ ഷെഡ്യൂൾ പ്രകാരം രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയ്ക്കിടെയാകും കോൺഗ്രസ്സ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ്. അതായത് തിരഞ്ഞെടുപ്പിന് ഏതാണ്ട് ഒന്നരമാസം മുമ്പേ തന്നെ ഔദ്യോഗികപക്ഷം പ്രചാരണം തുടങ്ങി എന്നർത്ഥം. മറുപക്ഷത്ത് മത്സരിക്കാനുള്ള ആലോചന പോലും വേണ്ടത്ര മുന്നോട്ട് പോയിട്ടില്ല. മത്സരിക്കില്ലെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ച് പാർട്ടിയെ രക്ഷിക്കാൻ രാജ്യത്തിന്റെ ഒരു അറ്റം മുതൽ മറ്റേ അറ്റം വരെ രാഹുൽ ഗാന്ധി പദയാത്ര നടത്തുമ്പോൾ ഔദ്ദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ ഇനി ആരെങ്കിലും മത്സരിക്കാൻ ഇറങ്ങിയാൽ തന്നെ അത് പാർട്ടി വിരുദ്ധ നടപടിയായിട്ടാകും ഈ സാഹചര്യത്തിൽ വ്യാഖ്യാനിക്കപ്പെടുക. ഇനി എല്ലാ കണക്ക് കൂട്ടലുകളും അട്ടിമറിച്ച് രാഹുൽ വിരുദ്ധ ക്യാമ്പിൽ നിന്നുള്ള സ്ഥാനാർത്ഥി വിജയിച്ചാൽ ജോഡോ യാത്ര നയിക്കുന്ന ഔദ്യോഗികപക്ഷം വെല്ലുവിളിച്ചെത്തുക എ.ഐ.സി.സി. ആസ്ഥാനത്തേക്കാകും. അങ്ങനെയുണ്ടാകില്ലെന്ന് ഉറപ്പിക്കാൻ കൂടിയാണ് ഈ യാത്ര.

ഒരു ചെറുകഥ

ജോഡോ യാത്രയെക്കുറിച്ചുള്ള കഥകൾക്ക് ക്ഷാമമൊന്നുമില്ല. എന്നാൽ അതിലൊന്നല്ല ഇവിടെ പറയുന്നത്. പാർട്ടിയുടെ പ്രതാപകാലത്ത് കൊട്ടിഘോഷിച്ച് നടത്തിയ ദളിത് ഭവന സന്ദർശന പരിപാടിക്കിടെ ഉണ്ടായതായി കോൺഗ്രസ്സ് നേതാക്കൾ തന്നെ പറഞ്ഞ ഒരു കഥയാണിത്. യു.പി.എ. സർക്കാർ അധികാരത്തിലിരിക്കുമ്പോളാണ് രാഹുൽ ഗാന്ധി ദളിത് ഭവനങ്ങളിൽ അന്തിയുറങ്ങുന്ന പരിപാടിക്ക് തുടക്കമിട്ടത്. ദളിത് ഭവനങ്ങളിൽ നിന്ന് ഭക്ഷണം കഴിച്ച് അവർക്കൊപ്പം ഒരു രാത്രി ചിലവിട്ട് അവരെ ശാക്തീകരിക്കുന്ന പരിപാടി. പ്രാദേശിക പൊലീസ് ഉദ്ദ്യോഗസ്ഥരുടേയും രാഹുൽ ഗാന്ധിയുടെ എസ്പിജി സുരക്ഷ ഉദ്ദ്യോഗസ്ഥരുടേയും ഉറക്കം കെടുത്തിയ പ്രതിഛായ മിനുക്കൽ പരിപാടിയായിരുന്നു അത്. അങ്ങനെ ഒരു ദളിത് ഭവന സന്ദർശനത്തിനിടെ ഉണ്ടായതെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാക്കൾ തന്നെ അന്ന് പ്രചരിപ്പിച്ച കഥയാണ് പറയാൻ പോകുന്നത്.

“താങ്കൾ ഞങ്ങൾക്കൊപ്പം ഞങ്ങളുടെ ഭവനത്തിൽ അന്തിയുറങ്ങിയാൽ എങ്ങനെയാണ് ഞങ്ങൾ താങ്കൾക്കൊപ്പമെത്തുക. അതിന് ഒരു ദിവസമങ്കിലും ഞങ്ങൾക്ക് താങ്കൾക്കൊപ്പം താങ്കളുടെ ഭവനത്തിൽ അന്തിയുറങ്ങാനുള്ള അവസരം ഒരുക്കുകയല്ലെ വേണ്ടത്. എന്നാണ് ഞങ്ങളെ താങ്കളുടെ ഭവനത്തിലേക്ക് ക്ഷണിക്കുക.”

ദളിത് ഭവന സന്ദർന പരിപാടിയുമായി രാഹുൽ ഗാന്ധി പഴയ മണ്ഡലമായ അമേഠിയിലെത്തിയപ്പോഴാണ് ഈ കഥ നടന്നതെന്നാണ് നേതാക്കൾ പറയുന്നത്. അമേഠിയിലെ ദളിത് ഭവനത്തിലെത്തിയ രാഹുൽ ഗാന്ധി ആ വീട്ടിലെ കുട്ടിയോട് കുശലം പറയുന്നു. ചോദ്യങ്ങൾ ചോദിക്കുന്നു. ദളിത് ബാലൻ തന്നെകൊണ്ടാകും വിധം മറുപടിയും നൽകുന്നു. ഈ കുശല നിമിഷങ്ങൾക്ക് ശേഷം ദളിത് ബാലൻ ഒരു ചോദ്യം ചോദിക്കാൻ അവസരം ചോദിക്കുന്നു. സന്തോഷത്തോടെ രാഹുൽ സമ്മതം മൂളുകയും ചെയ്തു. പക്ഷെ ചോദ്യം കേട്ടപ്പോൾ രാഹുൽ മാത്രമല്ല ഒപ്പമുണ്ടായിരുന്നവരും അമ്പരന്നു. എങ്ങനെ മറുപടി പറയണമെന്നറിയാതെ പരസ്പരം നോക്കിയിരുന്നു പോയി. ഒരു സംശയവുമില്ലാതെ ആ ദളിത് ബാലൻ ചോദിച്ച ചോദ്യം ഇതായിരുന്നു.

“താങ്കൾ ഞങ്ങൾക്കൊപ്പം ഞങ്ങളുടെ ഭവനത്തിൽ അന്തിയുറങ്ങിയാൽ എങ്ങനെയാണ് ഞങ്ങൾ താങ്കൾക്കൊപ്പമെത്തുക. അതിന് ഒരു ദിവസമങ്കിലും ഞങ്ങൾക്ക് താങ്കൾക്കൊപ്പം താങ്കളുടെ ഭവനത്തിൽ അന്തിയുറങ്ങാനുള്ള അവസരം ഒരുക്കുകയല്ലെ വേണ്ടത്. എന്നാണ് ഞങ്ങളെ താങ്കളുടെ ഭവനത്തിലേക്ക് ക്ഷണിക്കുക.”

ഈ ചോദ്യത്തോടെ രാഹുൽ ഗാന്ധി ആ പരിപാടി തന്നെ ഉപേക്ഷിച്ചു എന്നൊന്നും പറയുന്നില്ല. പക്ഷെ വൈകാതെ ആ ശാക്തീകരണം നിന്നു പോയി.

ഇപ്പോഴത്തെ ഭാരത് ജോഡോ യാത്രയും രാഹുൽ ഗാന്ധി മുമ്പ് നടത്തിയ ദളിത് ഭവന സന്ദർശങ്ങളും തമ്മിൽ ഒരു ബന്ധവുമില്ല. ചില സാദൃശ്യങ്ങൾ അങ്ങിങ്ങ് തോന്നുന്നെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രം.

Leave a comment