TMJ
searchnav-menu
post-thumbnail

Outlook

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചു, ഇനിയെന്ത്?

28 Sep 2022   |   1 min Read
M P Prasanth

പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കപ്പെട്ടപ്പോള്‍ ഉയര്‍ന്ന് വരുന്ന ആദ്യത്തെ ചോദ്യം ഈ നിരോധനം ഉദ്ദേശിക്കുന്ന ഫലം ചെയ്യുമോ എന്നുള്ളതാണ്. കാരണം ഒരു നിരോധനം നടപ്പാക്കുന്നത് നിരോധിക്കാന്‍ വേണ്ടി മാത്രമല്ലല്ലോ. അതിന് ഒരു ഉദ്ദേശ്യം, അല്ലെങ്കില്‍ ഉദ്ദേശ്യം എന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നത് ഉണ്ടാകും. രാജ്യത്ത് ക്രമസമാധാനം സ്ഥാപിക്കുന്നതിന് വിഘാതമായ ഒരു സംഘടന ഉണ്ടെന്നും അതിനെ നിരോധിച്ചാല്‍ ഈ നിയമവ്യവസ്ഥ പുനഃസ്ഥാപിക്കാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് ഓരോ നിരോധനവും നടപ്പാക്കുന്നത്. ആ ഉദ്ദേശ്യം എത്ര കണ്ട് ഫലപ്രദമാകും എന്നതാണ് ഇപ്പോള്‍ ആദ്യം ഉയര്‍ന്ന് വരുന്ന ചോദ്യം. നമ്മുടെ മുന്നിലുള്ള ഉദാഹരണം സിമി നിരോധനം ആണ്. സിമിയെ നിരോധിച്ചത് 2001ല്‍ ആണ്. പക്ഷെ സിമിയുടെ പേരില്‍ ആരോപിക്കപ്പെട്ടിരിക്കുന്ന എല്ലാ പ്രധാനപ്പെട്ട കേസുകളും സംഭവിക്കുന്നത് 2005 ന് ശേഷമാണ്. സിമിയിലെ ഒരു വിഭാഗം കൂടുതല്‍ തീവ്രമായി എന്നും, അത് പിന്നീട് ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സംഘടന ആയി മാറി എന്നുമൊക്കെയാണ് പിന്നീട് ഔദ്യോഗികമായിട്ട് തരുന്ന വിശദീകരണം. സിമിയുടെ നേതാവായിരുന്ന സഫ്ദര്‍ നദൂരിയുടെ നേതൃത്വത്തിലുള്ള വിഭാഗം കൂടുതല്‍ തീവ്രമാവുകയും അവര്‍ രാജ്യത്ത് പല ഭാഗങ്ങളിലും സ്‌ഫോടനം ആസൂത്രണം ചെയ്യുകയും സ്‌ഫോടനം നടത്തുകയും ചെയ്തു എന്നാണ് കേസുകള്‍ നിലനില്‍ക്കുന്നത്. അങ്ങനെയാണെങ്കില്‍ നിരോധിക്കപ്പെട്ട സിമി ആയിരുന്നു കൂടുതല്‍ അപകടകാരിയായിരുന്നത്. സിമിയുടെ നിരോധിക്കും മുമ്പുള്ള, 2001ന് മുമ്പുള്ള പ്രവര്‍ത്തനങ്ങള്‍ നോക്കിയാല്‍ അതിന്റെ തീവ്രവാദം എന്നുള്ളത് ആശയതലത്തില്‍ മാത്രമായിരുന്നു എന്ന് കാണാം. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്നതു പോലുള്ള വളരെ പ്രകോപനപരമായ മുദ്രാവാക്യം ഉയര്‍ത്തിയിരുന്നു അവര്‍. പക്ഷെ എവിടെയും സ്‌ഫോടനങ്ങളോ ആക്രമണങ്ങളോ നടത്തി എന്ന ആരോപണങ്ങള്‍ സിമിക്ക് മേല്‍ ഉണ്ടായിരുന്നില്ല. അതൊക്കെ നടന്നത് 2005ന് ശേഷമാണ്.

അങ്ങനെയാണെങ്കില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഇപ്പോഴുണ്ടായ നിരോധനം എങ്ങനെയാണ് വരും ദിവസങ്ങളില്‍ പ്രതിഫലിക്കുക എന്നത് വളരെ ആശങ്കാജനകമായ കാര്യമാണ്. കാരണം പോപ്പുലര്‍ ഫ്രണ്ട് എന്നത് സിമിയെക്കാള്‍, പതിന്മടങ്ങ് പിന്തുണയുള്ള ഒരു സംഘടനയാണല്ലോ. അതിന് ഒരു കൂട്ടം ജനത്തിന്റെ പിന്തുണയുണ്ട്, അതിന് നേതാക്കളുണ്ട്. അങ്ങനെയൊരു സംഘടന നിരോധിക്കപ്പെടുമ്പോള്‍ എന്താകും ഭാവിയില്‍ അതിന്റെ രൂപപരിണാമം എന്നുളളത് വളരെ പ്രധാനപ്പെട്ടൊരു കാര്യമാണെന്ന് ഞാന്‍ കരുതുന്നു.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചുകൊണ്ടുള്ള ഉത്തരവിന്റെ പകർപ്പ്

ജനാധിപത്യപരമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല എന്ന ഒരു ബോധം ഇവിടത്തെ മുസ്ലീം സമുദായത്തിന് ഉള്ളില്‍ ഉണ്ടാക്കുകയായിരുന്നു എല്ലാ തീവ്രവാദ സംഘടനകളുടെയും ലക്ഷ്യം. ജനാധിപത്യപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുക എന്നത് അനിസ്ലാമികമാണ് , അല്ലെങ്കില്‍ ജനാധിപത്യം തന്നെയും, മതേതരത്വം തന്നെയും അനിസ്ലാമികമാണ് എന്നൊക്കെയുള്ള അതിതീവ്രവാദങ്ങളുന്നയിച്ച് കൊണ്ടാണ് ഈ സംഘടനകളൊക്കെ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നത്. ഇന്ത്യന്‍ മുജാഹിദീന്‍ ആയാലും, സിമി ആയാലും പിന്നീട് ഐ എസ് ആയാലും അവരുടെയൊക്കെ ആശയം എന്നുള്ളത് ഈ ജനാധിപത്യം എന്നുള്ളത് അസ്വീകാര്യമായതാണ് എന്നതാണ്. ജനാധിപത്യത്തെക്കുറിച്ച് നിലനില്‍ക്കുന്ന ഈയൊരു തീവ്രവാദപരമായ സമീപനത്തെ ന്യായീകരിക്കുന്ന വിധത്തിലായിരിക്കും ഈ പോപ്പുലര്‍ ഫ്രണ്ടിനെതിരായ നിരോധനം വ്യാഖ്യാനിക്കപ്പെടുക. ഒരു മുസ്ലീം സംഘടനയ്ക്ക് ജനാധിപത്യവ്യവസ്ഥിതിയില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതി നിഷേധിക്കപ്പെടുന്നു എന്ന വ്യാഖ്യാനം വരുമ്പോള്‍, കുറച്ച് പേരെയെങ്കിലും കൂടുതല്‍ തീവ്രമായ ചിന്താഗതിയിലേക്ക് മാറ്റാന്‍ കഴിയുന്ന രീതിയുള്ള ഡെവലപ്‌മെന്റ്‌സ് ഉണ്ടാവുകയാണെങ്കില്‍ അത് ഭീകരമായ ഒരു അവസ്ഥയായിരിക്കും. നമുക്കറിയാം, പോപ്പുലര്‍ ഫ്രണ്ടിന് തീവ്രത പോരാ എന്ന് പറഞ്ഞിട്ടായിരുന്നു ഏതാണ്ട് പത്തോ പതിനഞ്ചോ ചെറുപ്പക്കാര്‍ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരുന്നത്. അവര് പറയുന്ന കാര്യം പോപ്പുലര്‍ ഫ്രണ്ട് ആദ്യം ജിഹാദ് പഠിപ്പിക്കുകയും പിന്നീട് അതില്‍ നിന്ന് മാറുകയും എസ്.ഡി. പി.ഐ. എന്ന പാര്‍ട്ടി രൂപീകരിക്കുകയും മുസ്ലീങ്ങളെ മുഴുവന്‍ വഞ്ചിക്കുകയും ഇന്ത്യന്‍ മുസ്ലീങ്ങളെ ജനാധിപത്യ മാര്‍ഗത്തിലേക്ക് കൊണ്ട് വരാന്‍ ശ്രമിച്ചു എന്നൊക്കെയായിരുന്നു പോപ്പുലര്‍ ഫ്രണ്ടിനെതിരെ അതില്‍ നിന്ന് പോയ പ്രവര്‍ത്തകര്‍, പിന്നീട് ഐഎസില്‍ ചേര്‍ന്ന പ്രവര്‍ത്തകര്‍, ആരോപിച്ചിരുന്ന കാര്യം. അത് സാധൂകരിക്കുന്ന രീതിയിലാണ് ഇപ്പോള്‍ എല്ലാ കാര്യങ്ങളും നടക്കുന്നത് എന്നത് കൊണ്ട് തന്നെ പോപ്പുലര്‍ ഫ്രണ്ടിനകത്ത് തന്നെയുള്ള തീവ്രമായ ആശയഗതിയുള്ള ആളുകളെ, കൂടുതല്‍ തീവ്രമായ രീതിയില്‍ ചിന്തിക്കുന്നതിന് പ്രേരിപ്പിക്കുന്ന ഒരു നടപടിയായിരിക്കും ഇത് എന്നതില്‍ ഒരു സംശയവുമില്ല.

രണ്ടാമത്തെ കാര്യം, ഇപ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ ചില ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അത് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് കൊണ്ടുള്ള ഈ ഗസറ്റില്‍ പറയുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ട കാര്യം അന്താരാഷ്ട്ര ഭീകര സംഘടനകളായ അല്‍ ഖ്വയ്ദ, ലഷ്‌കര്‍ ഇ തോയ്ബ, ഇസ്ലാമിക് സ്‌റ്റേറ്റ് എന്നീ സംഘടനകളുമായിട്ട് പോപ്പുലര്‍ ഫ്രണ്ടിന് ബന്ധമുണ്ട് എന്നതാണ്. ഇത് ഉന്നയിക്കപ്പെടുമ്പോള്‍ രണ്ട് പ്രശ്‌നങ്ങളാണ് ഉള്ളത്. ഒന്ന്, കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത വളരെ കുറഞ്ഞിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് ഇത്. അവ ഭരണകൂടത്തിന്റെ, ഭരിക്കുന്ന പാര്‍ട്ടിയുടെ ചട്ടുകങ്ങളായി പ്രവര്‍ത്തിക്കുന്നു എന്ന ആരോപണം ശക്തമാണ്. അത് കോണ്‍ഗ്രസ്സിനെതിരെയായാലും, സിപിഎമ്മിനെതിരെ ആയാലും, ഡിഎംകെയ്ക്ക് എതിരെ ആയാലും ശിവസേനയ്ക്ക് എതിരെ ആയാലും ഇ ഡി യെ ഉപയോഗിച്ച് കൊണ്ട് ഒരു വേട്ട നടക്കുന്നു എന്ന ഒരു ചിന്ത നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന് വളരെ എളുപ്പത്തില്‍ ഞങ്ങള്‍ക്ക് എതിരെ നടക്കുന്നത് ഈ തരത്തിലുള്ള വേട്ടയാണ് എന്ന് വ്യാഖ്യാനിക്കാനുള്ള എല്ലാ സന്ദര്‍ഭങ്ങളും ഉണ്ട്. അത് കൊണ്ട്, ഞങ്ങള്‍ ബിജെപിക്കെതിരെയും ആര്‍ എസ്സ് എസ്സിനെതിരെയും സംസാരിക്കുന്നത് കൊണ്ടാണ് ഞങ്ങള്‍ നിരോധിക്കപ്പെട്ടത് എന്ന് പ്രചരിപ്പിക്കാനും വ്യാഖ്യാനിക്കാനും അവര്‍ക്ക് അവസരം കിട്ടുകയാണ്.

Representational Image: Twitter

ഈ നിരോധനം വരും എന്നത് ഏതാണ്ട് ഉറപ്പായിരുന്നത് കൊണ്ട് പോപ്പുലര്‍ ഫ്രണ്ട് അവരുടെ ലീഗല്‍ സെല്‍ വളരെ ശക്തമാക്കിയിരുന്നു. ആ ലീഗല്‍ സെല്‍ ഉപയോഗിച്ച് കൊണ്ട്, ഇന്ത്യയിലെ ഏറ്റവും ഉന്നതരായ അഭിഭാഷകരെ അണിനിരത്തിക്കൊണ്ട് സുപ്രീം കോടതിയില്‍ അവര്‍ വളരെ ദീര്‍ഘമായ ഒരു നിയമ പോരാട്ടം നടത്തും.

രണ്ടാമത്തേത്, ഈ പറഞ്ഞ കാര്യങ്ങളൊക്കെ, പോപ്പുലര്‍ ഫ്രണ്ടിനെതിരെ അവര് ഉന്നയിക്കുന്ന എല്ലാ കാര്യങ്ങളും കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമല്ലോ. ഈ ഉന്നയിക്കപ്പെടുന്ന കാര്യങ്ങളെല്ലാം, പോപ്പുലര്‍ ഫ്രണ്ടിന്റെ അന്താരാഷ്ട്ര ഭീകര ബന്ധം എന്നതടക്കം കോടതിയില്‍ തെളിയിക്കുക എന്നത് സര്‍ക്കാരിന്റെ മുന്നിലുള്ള വലിയൊരു കടമ്പയും ബാധ്യതയും ആയിരിക്കും. നാട്ടില്‍ ലഭ്യമായിരിക്കുന്ന ഏറ്റവും കൊള്ളാവുന്ന അഭിഭാഷകരെ ആയിരിക്കും പോപ്പുലര്‍ ഫ്രണ്ട് ഈ ദൗത്യത്തിന് വേണ്ടി നിയോഗിക്കുക. ഈ നിരോധനം വരും എന്നത് ഏതാണ്ട് ഉറപ്പായിരുന്നത് കൊണ്ട് പോപ്പുലര്‍ ഫ്രണ്ട് അവരുടെ ലീഗല്‍ സെല്‍ വളരെ ശക്തമാക്കിയിരുന്നു. ആ ലീഗല്‍ സെല്‍ ഉപയോഗിച്ച് കൊണ്ട്, ഇന്ത്യയിലെ ഏറ്റവും ഉന്നതരായ അഭിഭാഷകരെ അണിനിരത്തിക്കൊണ്ട് സുപ്രീം കോടതിയില്‍ അവര്‍ വളരെ ദീര്‍ഘമായ ഒരു നിയമ പോരാട്ടം നടത്തും. ആ നിയമപോരാട്ടത്തില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ കൊണ്ട് വന്നിരിക്കുന്ന തെളിവുകള്‍ എത്ര മാത്രം സ്വീകാര്യമാണ്, എത്ര മാത്രം ബലമുള്ളതാണ് എന്ന് തെളിയിക്കപ്പെടേണ്ടത് അത്രയ്ക്ക് ആവശ്യമായിരിക്കും. അത് തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലുള്ള പ്രശ്‌നം പോപ്പുലര്‍ ഫ്രണ്ടിന് രക്തസാക്ഷി പരിവേഷം കിട്ടുകയാണ് ചെയ്യുക എന്നതാണ്. രക്തസാക്ഷിത്വം കൊതിക്കുന്ന ആളുകളാണ് ഞങ്ങള്‍ എന്ന് അവര്‍ പറയാറുണ്ടെങ്കിലും ഇപ്പോഴാണ് സംഘടന തന്നെ രക്തസാക്ഷിയാകുന്നു എന്ന രീതിയിലെ പ്രചരണം നടത്താനുള്ള അവസരം കിട്ടിയിരിക്കുന്നത്. അങ്ങനെയുള്ള പ്രചരണത്തിന് ആക്കം കൂട്ടുകയാണ്, അവര്‍ക്കെതിരെ കൊണ്ട് വന്ന തെളിവുകള്‍ കോടതിയില്‍ നിലനില്‍ക്കുന്നില്ല എന്ന് സ്ഥാപിക്കാന്‍ പറ്റുകയാണെങ്കില്‍ അത് പോപ്പുലര്‍ ഫ്രണ്ടിന് മേല്‍ക്കൈ കിട്ടാനുള്ള ഒരു സന്ദര്‍ഭവുമാകും. അപ്പോള്‍ അങ്ങനെ വളരെ സങ്കീര്‍ണമായ ഒരു കാലഘട്ടത്തിലൂടെയായിരിക്കും ഭാവിയിലും ഈ വരുന്ന ദിവസങ്ങളിലും കാര്യങ്ങള്‍ പോവുക.

പോപ്പുലര്‍ ഫ്രണ്ടിന്റെ എല്ലാ അനുബന്ധസംഘടനകളും നിരോധിച്ചിട്ടുണ്ട്. എസ്.ഡി.പി.ഐ. യെ മാത്രം നിരോധിച്ചിട്ടില്ല. എന്ത് കൊണ്ട് എസ്.ഡി.പി.ഐ. യെ നിരോധിച്ചിട്ടില്ല എന്നത് നോക്കുമ്പോള്‍, ഒരു പക്ഷെ അതിന്റെ സാങ്കേതികമായ പ്രശ്‌നങ്ങള്‍ കൊണ്ടാകാം. തെരഞ്ഞെടുപ്പ് കമ്മീഷനാകാം അത്തരത്തിലുള്ള തീരുമാനം എടുക്കേണ്ടത് . അങ്ങനെയൊരു തീരുമാനം എടുത്തില്ലെങ്കില്‍ 90-95 ശതമാനം എസ് ഡി പി ഐക്കാരും പോപ്പുലര്‍ ഫ്രണ്ടുകാരായത് കൊണ്ട് അവര്‍ക്ക് പ്രവര്‍ത്തിക്കുന്നതിന് യാതൊരു തടസ്സവും ഉണ്ടായിരിക്കില്ല. എന്താണ് എസ് ഡി പി ഐയെ ചെയ്യാന്‍ പോകുന്നത്, നിരോധിക്കുമോ, എസ് ഡി പി ഐയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമോ എന്നുള്ള കാര്യങ്ങളൊക്കെയും വരും ദിവസങ്ങളില്‍ അറിയേണ്ടതാണ്. ഇങ്ങനെ എല്ലാ കാര്യങ്ങളും പരിശോധിച്ചാലും ഈ നിരോധനത്തിന്റെ ഭാവി എന്താണെന്നത് പൂര്‍ണമായി അറിയാന്‍ വരും ദിവസങ്ങളിലേ സാധിക്കൂ എന്നാണ് കരുതുന്നത്.

Leave a comment