TMJ
searchnav-menu
post-thumbnail

Outlook

കുറ്റവാളിയുടെ ഹൃദയം

04 Sep 2021   |   1 min Read
വി കെ അനില്‍ കുമാര്‍

Photos : Prasoon kiran

രാണ് കുറ്റവാളി. പിടിക്കപ്പെട്ടവനാണ്, അധികാരവർഗ്ഗം ശിക്ഷ വിധിച്ചവരാണ് കുറ്റവാളികൾ. ജനിച്ചതുമുതൽ പാപികളൊ കുറ്റവാളികളൊ ആയി മുദ്രകുത്തപ്പെട്ട വരാണ് കേരളത്തിലെ കീഴാള ജനത. കുറ്റവാളികളെക്കാൾ വില കുറഞ്ഞ മനുഷ്യരായിട്ടാണ് മേൽത്തട്ട് സമൂഹം അവരെ കൈകാര്യം ചെയ്തിട്ടുള്ളത്. കാലമേറെയായിട്ടും കീഴാളജനതയോടുള്ള സമീപനത്തിൽ വലിയ മാറ്റങ്ങളൊന്നും ഇന്നും ഉണ്ടായിട്ടില്ല. അതുകൊണ്ട് കൂടിയാണ് നമുക്ക് ജാതിയില്ലെന്ന കള്ളം ആവർത്തിച്ച് പറഞ്ഞ് നമ്മൾ സ്വയം സമാധാനിക്കാൻ ശ്രമിക്കുന്നത്.  നമ്മുടെ ജാതിയെ നമ്മൾ സൃഷ്ടിച്ചതല്ലാത്തതിനാൽ ആ ജാതിയെ നമുക്കൊഴിവാക്കാനും സാധ്യമല്ല.

ആരാണ് കുറ്റവാളി

പൊട്ടൻ ഉത്തരകേരളത്തിലെ സാധാരണയിൽ സാധാരണമായ തെയ്യമാണ്. പൊട്ടൻ പുലയനാണ്. പുലയ ജീവിതമാണ് തെയ്യത്തിന്റെ വിഷയം. നീചജീവിതത്തിൽ പുലയൻ സ്വയം അടയാളപ്പെടുന്നത് അയാളുടെ തന്നെ ഹത്യയിലൂടെയാണ്. പുലയനായത് കൊണ്ട് മാത്രം പാടവരമ്പിൽ വിചാരണ ചെയ്യപ്പെട്ട ജീവിതമാണ് പൊട്ടനാട്ടം എന്ന തെയ്യം. ജാതി, ജാതി മാത്രമാണ് തെയ്യം മുന്നോട്ട് വെക്കുന്ന രാഷ്ട്രിയം. ഉത്തരകേരളത്തിന്റെ ജാതിചിന്തയിൽ പുലയൻ തുടങ്ങി വെച്ച നവോത്ഥാനം ഇന്നും വെളിച്ചം കണ്ടിട്ടില്ല. പല പ്രകാരത്തിൽ പുലയന്റെ സത്യവാക്കിന്റെ കണ്ണ് കുത്തിപ്പൊട്ടിച്ചു കൊണ്ടിരുന്നു.

മനുഷ്യനല്ലാത്ത ബ്രാഹ്മണനെ മനുഷ്യനാക്കുന്നതിന് വേണ്ടിയാണ്, മാനവ സ്നേഹത്തെക്കുറിച്ച് ബോധവാനാക്കുന്നതിന് വേണ്ടിയാണ് നികൃഷ്ടനായ പൊലയൻ കണ്ടത്തിൽ ബലിയായി ദൈവക്കരുവായി പൊട്ടൻ തെയ്യമായത്. മനുഷ്യനെക്കുറിച്ചറിവു പകർന്ന പൊലയനെ കുറ്റവാളിയാക്കി ശിക്ഷ വിധിച്ചുവെന്നതും പൊട്ടന്റെയും പുളിങ്ങോത്തെ വൈനാടോൻ പുഞ്ചയുടെയും ചരിത്രമാണ്.

ഉത്തരകേരളത്തിന്റെ ജാതി ചിന്തയിൽ പൊട്ടൻ നിർമ്മിച്ച നവോത്ഥാന ആശയങ്ങൾ ചരിത്രത്തിൽ പിന്നീടെങ്ങനെയാണ് സ്ഥാനപ്പെട്ടിട്ടുള്ളത്. പൊട്ടനും അവൻ പാടിയ പാട്ടിനും പിന്നീടെന്താണ് സംഭവിച്ചത്. ജാതി ഒരു സാമൂഹ്യ വിഷയമായെടുത്തുള്ള ലോകത്തിലെ തന്നെ ആദ്യത്തെ അവതരണമായിരിക്കും പുലയനും മലയനും കൊട്ടിപ്പാടിയാടുന്ന പൊട്ടൻ തെയ്യം. ജാതിയെന്നത് പുലയന് ഒരു പുതിയപ്രശ്നമല്ല അവന്റെ ജീവിതം തന്നെയായിരുന്നു. ജാതിയെ മാറ്റിനിർത്തിക്കൊണ്ടുള്ള യാതൊരു ജീവിത വ്യവഹാരവും സാധ്യമാകാതിരിക്കുമ്പോഴാണ് പുലയൻ പൊട്ടനാകുന്നതും പൊട്ടൻ തെയ്യമാകുന്നതും. തെയ്യം ദൈവമാകുന്നതും.

തങ്ങളെ മനുഷ്യനാകാൻ പ്രേരിപ്പിച്ചതിൽ ലോകത്താകമാനമുള്ള ബ്രാഹ്മണരും പൊട്ടനോട് കടപ്പെട്ടിരിക്കുന്നു. ലോകത്തെ ചൊൽപ്പടിയിൽ നിർത്താൻ ശേഷിയുള്ളവരെ ലോകം ഭയപ്പെടുന്നവരെ ജീവിതത്തിന്റെ നടുക്കണ്ടത്തിൽ വെച്ച് നിർദ്ദയം നിർഭയം വിചാരണ ചെയ്യാൻ കഴിഞ്ഞ ഒരൊറ്റ മനുഷ്യനേയുള്ളു. അത് തെയ്യമാണ്. ആ വിചാരണയിൽ ധീരരായ മനുഷ്യർക്ക് നഷ്ടമായത് സ്വന്തം ചോരയാണ്. മണ്ണിലും വെള്ളത്തിലും കലർന്ന കീഴാളന്റെ ചോരയുടെ തുടർച്ചകൾക്ക് പിന്നീട് ചരിത്രം വഴിമാറുകയായിരുന്നു. അങ്ങനെ കാടും പടലുമായി വഴി തെറ്റിയ ചരിത്രത്തോടൊപ്പമാണ് ഉത്തരമലബാറിന്റെ തെയ്യവും സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്.

ശിക്ഷ വിധിക്കപ്പെട്ട കുറ്റവാളികളുടെ പ്രേതാരവങ്ങളാണ് കാവുമുറ്റത്തുറയുന്ന തെയ്യങ്ങൾ. ഗളഛേദം ചെയ്യപ്പെട്ട മിണ്ടുന്ന കാലം. കുറ്റവാളികളുടെ രണ്ടാം ദൈവപ്പിറവി കൂടിയാണ് തെയ്യം. തമ്പുരാക്കന്മാർ വധശിക്ഷ വിധിച്ച് ഭൂമുഖത്ത് നിന്നും ഇല്ലാതാക്കിയ മനുഷ്യരുടെ അന്തമില്ലാത്ത സങ്കടങ്ങളാണ് കാവുകളിൽപ്പടർന്ന് കാണുന്ന കരിനിഴലുകൾ. കൊഴിഞ്ഞുവീണ ഇലകൾക്കൊപ്പം പഴങ്കാലമടിഞ്ഞ മണ്ണിൽ ഒടുങ്ങിപ്പോയ മനുഷ്യരുടെ ഉള്ളിൽത്തിളച്ച അടങ്ങാത്ത വീര്യമുറയുന്നുണ്ട്. കൊന്നാലും ചാകാത്ത ചിലതുണ്ട് ചില വീര്യമുണ്ട് അഭിമാന്യമുണ്ട്. കുറ്റവാളികളെങ്കിലും അവർ സ്വയം ചരിത്രവും ഒരു ചരിത്രത്തെ നിർമ്മിച്ചവരുമാണ്.

ഉത്തരകേരളത്തിന് പുറത്തുള്ളവർക്ക് വിശ്വസിക്കാൻ പ്രയാസമുണ്ടാകും ചില തെയ്യങ്ങൾ എങ്ങനെയാണ് ഇന്നും ആ മണ്ണിൽ നിലനിൽക്കുന്നതെന്ന്. ചിലപ്പോൾ ആലോചിച്ചാൽ ഒരെത്തുംപിടിയും കിട്ടാത്ത കാര്യമാണ്. ചാതുർവർണ്യം അതിന്റെ എല്ലാ ഊറ്റത്തോടെയും നിലനിൽക്കുമ്പോൾ എങ്ങനെയാണ് പൊട്ടൻ തെയ്യം അതിജീവിച്ചതെന്ന്. ജാതിശ്രേണിയിൽ ഏറ്റവും താഴെത്തട്ടിൽ എല്ലാ അവഹേളനത്തോടെയും ജീവിക്കാൻ വിധിക്കപ്പെട്ട തെയ്യക്കാരനാണ് മേൽജാതിക്കാരന്റെ വീട്ടിൽ പൊട്ടൻ തെയ്യം കെട്ടുന്നത്. മേൽജാതിക്കാരന്റെ ജാത്യാഹങ്കാരത്തെ അവന്റെ തന്നെ വീട്ടിൽ പോയിട്ടാണ് തെയ്യം ചോദ്യം ചെയ്യുന്നത്. ഒരു പൊട്ടൻ തെയ്യത്തിന്റെ മുഴുവൻ ചടങ്ങുകളും അടിമുടി ജാതിവൽകരിച്ച ഇന്നത്തെ ആധുനിക പൂർവ്വസമൂഹത്തിൽ ചിന്തിക്കാനാകാത്തതാണ്. മറ്റൊന്ന് പൊട്ടൻ ഉന്നയിക്കുന്ന രാഷ്ട്രീയ വീര്യത്തെ അതിന്റെ അനുഷ്ഠാനത്തോടൊപ്പം നിർവീര്യമാക്കുകയായിരുന്നു അന്നത്തെ പരിഷ്കൃത സമൂഹം ചെയ്തത്. അതിലെ ജീവിതത്തെ തുറന്നു കാണിക്കുന്നതിനുള്ള ശ്രമങ്ങൾ ദുർബ്ബലമായിരുന്നു. അനുഷ്ഠാനത്തിനപ്പുറത്തേക്കുള്ള പൊട്ടന്റെ പ്രാധാന്യത്തെ പൊട്ടന്റെ നാട്ടുകാരെങ്കിലും ബോധവാന്മാരാകാതിരിക്കുന്നതിന് പിറകിലും ബോധപൂർവ്വമുള്ള ശ്രമങ്ങളുണ്ട്.

പലതരം കുറ്റവാളികളുടെ ഉയിർപ്പുത്സവങ്ങളാണ് തെയ്യങ്ങൾ. ബ്രാഹ്മണനോ ബ്രാഹ്മണന് വേണ്ടി നാടുവാഴുന്ന ഉടയോനോ ആണ് ശിക്ഷ നടപ്പാക്കുന്നത്. പയ്യന്നൂരിൽ ഐപ്പിള്ളി എന്ന പേരിലൊരു തെയ്യമുണ്ട്. മാമായപ്പട കൂടാൻ പോകുന്ന കോലമുടി മന്നന്റെ ശകുനം മുടക്കി എന്ന ഒറ്റക്കാരണത്താൽ ഞണ്ടിനെ പിടിക്കുന്ന പിത്താരിയെന്ന പൊലയച്ചെക്കനെ കണ്ടത്തിൽ വെടിവെച്ചിട്ടു. പടകൂടാൻ പോകുമ്പോ പുലയനെ കണികാണാൻ പാടില്ല. ജാതി ഇവിടെ കുറ്റമാവുകയാണ്. ജാതി ചോദിച്ചു കൊണ്ടാണ് കൊല നടപ്പാക്കുന്നത്. ഇതേ ജാതി ചോദിക്കലും കുറ്റവിചാരണയും വധശിക്ഷയും തെയ്യത്തിലുടനീളം കാണാം. 

കണ്ടം കാക്കുന്ന പുലയനോട് അവിടെ നിന്ന് മാറിപ്പോകാൻ പറയുന്ന വിധി പ്രസ്താവത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ദളിതൻ വിദ്യ അഭ്യസിച്ചാൽ ബ്രാഹ്മണന്റെ കുട്ടികൾ മരിക്കുന്ന ഒരേയൊരു രാജ്യമായിരുന്നു രാമൻ ഭരിച്ച അയോദ്ധ്യ. ശംബുകന്റെ കഴുത്തറുക്കുന്നതിന് മുമ്പ് രാമന്റെ കുറ്റപത്രം വായന അങ്ങനെയായിരുന്നു. നീച ഗോത്രത്തിൽ പിറന്നവർ അയോദ്ധ്യയിൽ വിദ്യ അഭ്യസിച്ചാൽ അത് ബ്രാഹ്മണരുടെ മരണത്തിന് കാരണമാകും എന്ന് പറഞ്ഞ ബ്രാഹ്മണന്റെ പരാതിയിലാണ് രാമൻ തന്നെ നേരിട്ട് ചെന്ന് ശംബുകവധം നിർവ്വഹിക്കുന്നത്. ശംബുകനും പിത്താരിയും പൊട്ടനും നെടുബാലിയനും ഒരേ നീതിയുടെ ഇരകളാണ്. തങ്ങളുടെ തല്ലാത്ത കാരണങ്ങളാൽ കുറ്റവാളികളാക്കപ്പെട്ട മനുഷ്യരാണ്.  സ്വന്തം ചാളയും പടിഞ്ഞാറ്റയും ദൈവപ്പുരയാക്കി കീഴാളർ കുറ്റവാളികളായ തങ്ങളുടെ കാർന്നോന്മാരെ കാത്തു പരിപാലിച്ചു.

കുറ്റവാളിയുടെ ചോരയ്ക്ക് പറയാനുള്ളതാണ്.

പലരും മറന്നുപോയ പൊട്ടനും കുറ്റവാളിയും വീണ്ടും വാർത്തകളിൽ സ്ഥാനം നേടിയപ്പോഴാണ് പല കാര്യങ്ങളും ആലോചിച്ചത്. ചരിത്രത്തിലാദ്യമായി തെയ്യത്തിന്റെ നീതിയെ കൂട്ടുപിടിച്ച് ഹൈക്കോടതി വിധിന്യായം പുറപ്പെടുവിച്ചിരിക്കുകയാണ്. കുറ്റകൃത്യങ്ങളിൽ പ്രതിയായ വ്യക്തിയുടെ വൃക്കദാനത്തിന് നിയമതടസ്സം നേരിട്ടപ്പോഴാണ് ഹൈക്കോടതി അത് തടഞ്ഞു കൊണ്ട് വിധിന്യായം പുറപ്പെടുവിച്ചത്. മനുഷ്യ ശരീരത്തിൽ കുറ്റവാളിയായ വൃക്ക, കരൾ, ഹൃദയം എന്നിങ്ങനെ ഇല്ലെന്നും എല്ലാവരിലും ഒരേ രക്തമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. നിരവധി തവണ പൊട്ടൻ തെയ്യം കണ്ടിരിക്കാനിടയുള്ള ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഈ വിധിന്യായത്തിനായി കൂട്ടുപിടിച്ചത് മേൽതട്ട് ജാതി വ്യവസ്ഥ കുറ്റവാളിയായി കണക്കാക്കിയ പുലയനായ പൊട്ടനെയായിരുന്നു. 

"നിങ്കളെ കൊത്യാലും ചോരല്ലേ ചൊവ്വറേ
നാങ്കളെ കൊത്യാലും ചോരല്ലേ ചൊവ്വറേ
പിന്നെന്തിന് ചൊവ്വറ് കുലം പിശക്ന്ന്   
തീണ്ടിക്കൊണ്ടല്ലേ കുലം പിശക്ന്ന്" എന്ന പുലയപ്പേച്ചിനെ വിധിന്യായത്തിൽ ഉൾപ്പെടുത്തുകയായിരുന്നു. സർവ്വജ്ഞപീഠത്തിലേക്കുള്ള യാത്രാമധ്യേ ശങ്കരാചാര്യർ പുലയന്റെ വഴിയിൽ പ്പെട്ടു. നീചജാതിക്കാരനായ പുലയനോട് ബ്രാഹ്മണശ്രേഷ്ഠൻ വഴി മാറിപ്പോകാൻ പറഞ്ഞപ്പോഴാണ് കണ്ടത്തിന്റെ കാവൽക്കാരനായ പുലയൻ ഈ ചോദ്യം ചോദിക്കുന്നത്. നമ്മളിൽ ഒരേ രക്തമാണെന്നും. നമ്മൾ തമ്മിൽ ഒരു വിവേചനവും നിലനില്ക്കുന്നില്ല എന്നുമുള്ള സാമാന്യയുക്തിയാണ് എഴുത്താണി പിടിക്കാത്ത എഴുത്തോല കാണാത്ത പുലയൻ ആചാര്യരുടെ മുന്നിൽ ഉന്നയിക്കുന്നത്. കുറ്റവാളികളായി ആരും ജനിക്കുന്നില്ലെന്നും എല്ലാവരിലും ഒരേ രക്തമാണെന്നുമുള്ള പൊട്ടന്റെ വാദം തന്നെയാണ് കോടതിക്കും പറയാനുള്ളതാണ്.

കുറ്റവാളിയായ മനുഷ്യൻ ഇവിടെ വയൽ വരമ്പിലൊറ്റപ്പെട്ട പുലയനെ പോലെയാണ്. കുറ്റവാളിയുടെ വൃക്കയും കുറ്റം ചെയ്തുവെന്നായിരുന്നു ആദ്യത്തെ വിധി. മേൽ നീതിപീഠമായ ഹൈക്കോടതി ഇടപെട്ട് കുറ്റവാളിയുടെ അവയവത്തെ കുറ്റവിമുക്തമാക്കി. ജസ്റ്റിസ് പി. വി. കുഞ്ഞികൃഷ്ണന്റെ വിധി പുഞ്ചക്കണ്ടത്തിൽ പൊലയനെ കുറ്റവാളിയാക്കിയ ആചാര്യർക്കും ബാധകമാണ്. കുറ്റവാളിയായ വൃക്കയോ ഹൃദയമോ ഇല്ലെന്നും എല്ലാവരിലും ഒരേ രക്തമാണെന്നും കോടതി പറയുന്നത് ശങ്കരാചാര്യരോടും അനുയായികളോടും കൂടിയാണ്.

കുറ്റവാളികളുടെ ചോരയ്ക്ക് എഴുതിയ ആമുഖങ്ങളാണ് തെയ്യത്തിലെ പടപ്പാട്ടുകൾ. അധികാരത്തിന്റെ എല്ലാ സുഖങ്ങളും അനുഭവിക്കുന്നവരോട് സ്വന്തം സങ്കടം പറയുന്നതാണ് പൊട്ടൻ തെയ്യത്തിന്റെ തോറ്റംപാട്ട്. പൊട്ടൻതെയ്യം വർണ്ണവിവേചനം അതിന്റെ എല്ലാ ഹിംസയും നിർദ്ദയം നടപ്പാക്കുന്ന കാലത്താണ് പൊട്ടൻ തെയ്യം രൂപപ്പെടുന്നത്. പുലയൻ പൊട്ടൻ തെയ്യമായി മാറുന്നത്. 

മേൽജാതി അധികാരഘടന പുലയരെയും അതിനോട് ചേർന്നു നില്ക്കുന്ന എല്ലാ കീഴ്ജാതിയെയും കുറ്റവാളികളെക്കാൾ നീചന്മാരായിട്ടാണ് കണക്കാക്കിയിരുന്നത്. നല്ല ഭക്ഷണം കഴിക്കുന്നതിനോ നല്ല വസ്ത്രം ധരിക്കുന്നതിനോ നല്ല വഴിയിലൂടെ യാത്ര ചെയ്യുന്നതിനോ പുലയർക്കോ മറ്റ് ദളിത് ജാതിക്കാർക്ക് അവകാശമുണ്ടായിരുന്നില്ല. തെയ്യത്തിലെ പുലയൻ അത് തുറന്ന് സമ്മതിക്കുന്നുണ്ട്. മേൽത്തട്ട് കീഴ്ത്തട്ട് വ്യവസ്ഥയുടെ വിവേചനം സഹിച്ചിട്ടാണെങ്കിലും ഞങ്ങളും നിങ്ങളും തമ്മിൽ വ്യത്യാസമില്ലെന്ന് പലവിധ യുക്തികൾ നിരത്തിയാണ് പുലയൻ സ്ഥാപിക്കുന്നത്. നമ്മുടെ രംഗകലയ്ക്കും പാട്ട് സാഹിത്യത്തിനും സ്വപ്നം കാണാൻ പറ്റാത്ത ആശയാവിഷ്കാരമാണ് പുലയൻ തെയ്യമെന്ന അനുഷ്ഠനമായി രൂപാന്തരപ്പെടുന്നതിലൂടെ നിർവഹിക്കുന്നത്.

മാടനെയും മറുതയെയും ഉച്ഛാടനം ചെയ്തതു പോലെ തെയ്യങ്ങളെയും പുറന്തള്ളാനാണ് നാരായണഗുരുദേവൻ പറഞ്ഞത്. തെയ്യം ഒരു ജാതി ഉല്ലന്നമാകുമ്പോൾ തന്നെ ജാതിയുടെ വിഷപ്പത്തി അടിച്ചു തകർക്കുന്നുമുണ്ട്. ഗുരുദേവൻ അരുവിപ്പുറത്ത് മുങ്ങി നിവരുന്നതിനും നൂറ്റാണ്ടുകൾക്കു മുൻപു തന്നെ പുളിങ്ങോത്തെ പുലയൻ ദുരിത ജീവിതത്തിന്റെ പെരുങ്കടലിൽ കൈകാലിട്ടടിക്കുന്നുണ്ട്. 'ഒരു ജാതി ഒരു മതം ഒരു ദൈവം'  എന്ന ആഗോളസൂക്തം പിറക്കുന്നതിനും എത്രയോ നൂറ്റാണ്ടുകൾക്ക് മുൻപാണ് വിളഞ്ഞു കിടക്കുന്ന വൈനാടോൻ പുഞ്ചക്കണ്ടത്തിൽ വെച്ച് പുലയൻ ബ്രാഹ്മണന് ചോരയ്ക്ക് നിറവ്യത്യാസമില്ലെന്ന സാമാന്യ തത്വം പഠിപ്പിക്കുന്നത്. നാങ്കളെ കൊത്യാലും നീങ്കളെ കൊത്യാലും ചോര തന്നെയല്ലേ എന്ന പുലയപ്പേച്ചിനെ ചരിത്രം ചവുട്ടിയരച്ച് കൊട്ടയിലെറിഞ്ഞു. പക്ഷേ അടി കൊണ്ടവർ ചരിത്രത്തിന്റെ കണ്ണുവെട്ടിച്ച്, തെയ്യക്കാരന്റെ പേളികയിലൊളിപ്പിച്ച് പുലയന്റെ പാട്ടിനെ കാലങ്ങൾക്കിപ്പുറത്തേക്ക് കടത്തിക്കൊണ്ടുവന്നു.

പുലയൻ സ്വന്തം ജീവിതത്തിലെ പല പ്രശ്നങ്ങളും ചൊവ്വറെ മുമ്പിൽ അവതരിപ്പിക്കുന്നുണ്ട്. ചൊവ്വറുടെ കണ്ണു തുറപ്പിക്കാൻ പുലയന് കിട്ടിയ അവസരം കൃത്യമായി ഉപയോഗിക്കുക കൂടി ചെയ്യുന്നുണ്ട്. പൊട്ടൻ തെയ്യത്തെക്കുറിച്ച് പറയുന്നവരൊക്കെയും പ്രഖ്യാതമായ നാലുവരിക്കുമപ്പുറത്തേക്ക് പോകാൻ തയ്യാറല്ല. പൊതുജീവിതത്തിൽ നിന്നും ആട്ടിയകറ്റപ്പെടുന്ന കീഴാളവേദനകൾ പലതും വെളിച്ചപ്പെടാതെ ഇന്നും ഇരുളിൽത്തന്നെയാണ്. 

കടിയാക്കുളത്തിലെ കയ്ക്കുന്ന കണ്ണിമീൻ കൊണ്ട് മാത്രം കറിവെക്കുന്ന പുലയ ജീവിതത്തിന്റെ നിസ്സഹായത തെയ്യം പൊതുജീവിത സമക്ഷമാണ് അതരിപ്പിക്കുന്നത്. മേലാളനിൽ നിന്നു നേരിടുന്ന കടുത്ത പീഢനങ്ങളും സ്വന്തം ധർമ്മസങ്കടങ്ങളും തോറ്റത്തിലെ പ്രതിപാദ്യവിഷയമാണ്. പണ്ഡിതരുടെ കണ്ണേറ് തട്ടാതെ കാത്തുവെച്ച ഉള്ളകം പൊള്ളിക്കുന്ന ഉൾക്കണ്ണു തുറപ്പിക്കുന്ന പാട്ടുകൾ. പൊയ്യ കലക്കുന്ന പോത്തിനെ ഓടിക്കുമ്പോൾ ഉഴുതുമറിച്ച കണ്ടത്തിൽ കേറാതെ നോക്കണം. പോത്ത് ഉഴുതുമറിച്ച കണ്ടം കലക്കിയാൽ പുലയൻ കൊടിയ ശിക്ഷയ്ക്ക് വിധേയനാകും. തോറ്റം പാട്ടിന്റെ അവസാന ഭാഗത്താണ് സ്വന്തം ജീവിതം കലക്കുന്ന പോത്തിറങ്ങുന്നത്.

വലിയ സങ്കടത്തിലാണ് പൊലിച്ചുപാടൽ അവസാനിക്കുന്നത്. ദളിതനെ എങ്ങനെ ഒരു മനുഷ്യനല്ലാതാക്കുന്നു എന്ന ഉപരിവർഗ്ഗ താല്പര്യങ്ങളെ പച്ചയായി തെയ്യം തുറന്നു കാണിക്കുന്നു. എല്ലാവരുടെയും കത്തിക്കും ആയുധങ്ങൾക്കും പേരുണ്ട്. എന്റെ കത്തിക്കോ എനിക്കോ ഒരു പേരുപോലുമില്ലെന്ന യാഥാർത്ഥ്യം പുലയൻ തുറന്നുപറയുന്നു വിശപ്പിന്റെയും പട്ടിണിയുടെയും വറുതിയിൽ മേലാളന്റെ വീട്ടിൽ ചക്ക പറിക്കാൻ പോകുന്ന പുലയനെയാണ് പിന്നെ കാണുന്നത്. പ്ലാവിന്റെ മുരട്ട് നിറയെ ചക്കയിരിക്കെ അതൊന്നും പറിക്കാനനുവദിക്കാതെ കൊമ്പത്തേക്ക് കേറിയ കുട്ടനും ചക്കയും ഒരുമിച്ച് താഴെ വീഴുന്ന ദുരന്തചിത്രവും പൊട്ടൻ പാടുന്നുണ്ട്. ലോകത്താകമാനമുള്ള കീഴാളജനത നേരിടുന്നതാണ് മോഷണകുറ്റം. മോഷണക്കുറ്റമാരോപിക്കപ്പെടുന്ന കുട്ടികളുടെ ദുരന്തത്തെ ഓർമ്മിപ്പിച്ചു കൊണ്ടാണ് പാട്ടവസാനിക്കുന്നത്. പെരിയാട്ട് ചൊവ്വറുടെ കക്കിരിക്ക വട്ടി പയിച്ച് കുട്ടൻ അറിയാതെ പറിച്ചുവെങ്കിൽ അവനെകൊല്ലാതെ കാത്തുരക്ഷിക്കണമെന്ന അങ്ങേയറ്റത്തെ നിസ്സഹായമായ നിലവിളിയിലാണ് പൊട്ടന്റെ പേച്ചുകൾ അവസാനിക്കുന്നത്.

കുറ്റവാളികൾ സ്വന്തം ചോരചാറിപ്പാടിയ പാട്ടുകൾ കേവലം നിസ്സഹായരുടെ നിലവിളികളല്ല. നിസ്വജനത സ്വന്തം ചരിത്രം കൊണ്ട് കെട്ടിച്ചമച്ച പാട്ടു കൊണ്ടും ആട്ടം കൊണ്ടും അധിനിവേശ ചരിത്രത്തോട് പടപൊരുതുകയാണ്. കണ്ടത്തിൽ ബലിയായ പുലയൻ പൊട്ടിമുളച്ച് പൊട്ടൻ ദൈവമെന്ന വടവൃക്ഷമായി പടർന്ന് പന്തലിച്ചിട്ടും ജാതിയൊരു കുറ്റകൃത്യമാണെന്ന മേലാളമനോഭാവത്തിന് മാറ്റം വന്നിട്ടുണ്ടോ. കാലമിത്രയായിട്ടും പതിനായിരക്കണക്കിന് പൊട്ടന്മാർ ആടിപ്പൊലിഞ്ഞിട്ടും വടക്കൻ കേരളത്തിലെ ജാതി ചിന്ത ഇന്നെവിടെ എത്തി നിൽക്കുന്നു.

പുലയനെ ദൈവമായി കൈകൂപ്പുന്ന അതേ നാട്ടിൽ തന്നെയാണ് പൊലയന്റെ മോനേ പൊലയാടി മോനേ പൊലയാടിച്ചീ പോലുള്ള തെറികൾ ശ്രേഷ്ഠഭാഷാ പദവികൾ നേടി കീഴാള ജീവിതത്തിന് മുകളിൽ വിരാജിക്കുന്നത്. സ്വന്തം ജീവിതം പകരമായിക്കൊടുത്ത് പൊട്ടൻ കൊയ്ത് കൂടിയ പാട്ടിന്റെ ഉതിർമണികൾ ഇന്ന് എഴുത്തച്ഛന്മാരുടെ പത്തായത്തിലെ നിക്ഷേപമായി മാറിക്കഴിക്കഴിഞ്ഞു.

എഴുത്തച്ഛൻ അച്ഛനാകണ്ട

പൊട്ടൻ തെയ്യത്തിന്റെ തോറ്റം പാട്ടുകളിലെ വരികൾ ഹൈക്കോടതിയുടെ വിധിന്യായത്തിൽ ഉൾപ്പെടുത്തിയതിലൂടെ തെയ്യവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ വീണ്ടും പൊട്ടന്റെ പാട്ടുകൾ സജീവമായി ചർച്ച ചെയ്യാൻ തുടങ്ങി. തെയ്യം ഒരു കീഴാള സ്വത്വാവിഷ്കാരമാകുന്നത് അതിന്റെ ആത്മീയതലത്തിൽ മാത്രമാണ്. ഭൗതികമായി തെയ്യവും അതിന്റെ പരിസരവും കീഴാള ജീവിതത്തിന്റെയൊ അതിന്റെ സംസ്കാരത്തിന്റെയൊ ലക്ഷണങ്ങൾ ഒന്നും കാണിക്കുന്നില്ല. മേലാളന് സംഘടിക്കാനും ജാത്യാധികാരം ഉറപ്പിക്കുന്നതിനുമുള്ള കേവലം ഒരുപകരണമായി തെയ്യത്തെ മാറ്റിയെടുക്കുന്നതിൽ എല്ലാ ജാതിക്കാരും ഇതിനകം വിജയിച്ചിട്ടുണ്ട്. തെയ്യം നടത്തിപ്പുകാർ എല്ലാവരും പൂണൂല് സ്വപ്നം കാണുന്ന മേലാളർ തന്നെയാണ്. തെയ്യം പോലുമറിയാതെ അത്രയും ആസൂത്രിതമായാണ് തെയ്യത്തിന് സ്വന്തം സ്വത്വവും ദേശവും നഷ്ടമായത്. മേൽജാതിയുടെ അപ്രമാദിത്വം പോലെ തന്നെ ഗവേഷകരും വിദേശ വിപണി ലക്ഷ്യം വെച്ചുള്ള പ്രൊഫഷണലുകളും തെയ്യത്തിൽ കണ്ണുവെച്ചിരുന്നു. ചുരുക്കിപ്പറഞ്ഞാൽ തെയ്യത്തിന് മുകളിലുള്ള സമ്പൂർണ്ണമായ ജ്ഞാനാധികാരം കീഴാളരായ തെയ്യക്കാർക്ക് നഷ്ടമായി.

പൊട്ടൻ തെയ്യത്തിന്റെ തോറ്റം പാട്ട് ആരുണ്ടാക്കി എന്ന ചോദ്യത്തിന് പുലയന്റെയൊ മലയന്റെയൊ പേര് പറയുന്നതിന് പകരം ഇന്ന് ഔദ്യോഗിക രേഖകളിൽ കാണുന്നത് കൂർമ്മൽ എഴുത്തച്ഛന്റെ പേരാണ്. ചരിത്രത്തിലെ ഏറ്റവും ക്രൂരമായ തമാശയാണിത്. പാട്ടെന്ന പരിഗണനയിൽ പോലും പെടാത്തതാണ് പൊട്ടൻ പാട്ടുകൾ. പുഞ്ചയ്ക്ക് കാവൽ നില്ക്കുന്ന പുലയന്റെ പേച്ചിന്റെ സവിശേഷമായ സ്വകാര്യാവകാശം ചോരണം ചെയ്യപ്പെട്ടത് ചരിത്രത്തിലെ ഏറ്റവും കൊടിയ അനീതിയാണ്. പൊട്ടൻ തോറ്റം കോടതിയിലെത്തിയതോടെ ഈ അവകാശവാദവും ബലപ്പെടുകയാണ്.

ഒരു തെയ്യത്തിന് പല പ്രകാരത്തിലുള്ള പാട്ടുകളും ചൊല്ലുവിളികളും സ്തുതികളും ഒക്കെയുണ്ടാകും. അത് അനുഷ്ഠാനത്തിൽ അത്ര പ്രധാനവുമല്ല. തെയ്യത്തിലെ അയ്യടിത്തോറ്റവും പൊലിച്ചുപാടലും ഉറച്ചിൽത്തോറ്റവും തെയ്യക്കാരനല്ലാതെ മറ്റൊരാൾക്കും കൊട്ടിപ്പാടിയൊപ്പിച്ചെടുക്കാനാകില്ല. തെയ്യത്തിന്റെ താളവുമായും തോറ്റത്തിന് നില്ക്കുന്ന തെയ്യക്കാരന്റെ മനോഗതവുമായും ബന്ധപ്പെട്ട് തെയ്യത്തിന് പുറത്ത് നില്ക്കുന്ന ഒരാൾക്ക് മനസ്സിലാക്കിയെടുക്കാൻ സാധിക്കാത്ത വിധം അങ്ങേയറ്റം സങ്കേതബദ്ധമാണ്. പാടിപ്പാടി കൊട്ട് മാറ്റിക്കൊട്ടി തെയ്യക്കാരനെ ചൊല്ലി ഉറയിക്കലാണ്. തോറ്റംപാട്ട് എകാന്ത ധ്യാനത്തിലിരുന്ന് രചിക്കുന്ന ഒരുസാഹിത്യ സൃഷ്ടിയല്ല. തോറ്റമെന്നത് പാട്ടിനെ അവതരിപ്പിച്ച് കാണിക്കലാണ്. അങ്ങനെയുള്ള തെയ്യക്കാരന്റെ ഉള്ളുവെന്തു കലങ്ങിയ പാട്ടുകൾക്ക് അച്ഛനാകാൻ ഏതെങ്കിലും എഴുത്തച്ഛൻ ശ്രമിക്കുന്നുണ്ടെങ്കിൽ അത് ശുദ്ധ അസംബന്ധമാണ്.

പൊട്ടൻ തെയ്യത്തിന്റെ ഏതെങ്കിലും മണിപ്രവാളത്തിലുള്ള സ്തുതിയൊ സ്തവങ്ങളൊ എഴുത്തച്ഛന്മാരോ മേൽജാതി കാവ്യകാരന്മാരോ രചിച്ചിട്ടുണ്ടാകും. അല്ലാതെ പൊലിക പൊലിക എന്നു തുടങ്ങുന്ന പൊലിച്ചുപാടൽ ഒരെഴുത്തച്ഛന്റെയും രചനയല്ല. പൊട്ടന്റെ പൊലിച്ചുപാടൽ മതവും ഭക്തിയും തലക്ക് പിടിച്ച് ഏതെങ്കിലും ദൈവത്തെ സ്തുതിച്ച് പാടലല്ല. മണ്ണിലെ ജീവിതം അതിന്റെ എല്ലാ അർത്ഥത്തിലും ദുസ്സഹമായ പുലയന്റെ ധർമ്മസങ്കടങ്ങളാണ് അതിന്റെ വിഷയം.

മേൽജാതിക്കാരന് ഒരിക്കലും സങ്കല്പിക്കാനാകാത്ത കഠിന ജീവിതമാണതിന്റെ ലക്ഷ്യം. അതൊന്നും പൊതു സമക്ഷം അവതരിപ്പിക്കാൻ എഴുത്തച്ഛന്മാർക്ക് ത്രാണിയില്ല. അവരുടെ കാവ്യരചനാ ലക്ഷ്യങ്ങൾ വേറെയാണ്. പുലയനെ ഒരു മനുഷ്യനെപ്പോലെ ചേർത്തു പിടിക്കാനുള്ള വകതിരിവൊന്നും പണ്ഡിത സാർവ്വഭൗമന്മാരായ സവർണ്ണകവികൾക്ക് ഒരു കാലത്തും ഉണ്ടായിട്ടില്ല. പൊട്ടൻ തെയ്യം കെട്ടിയാടുന്നത് പുലയരും മലയരും മാവിലരുമാണ്. 

" ന്ങ്ങ മുറിഞ്ഞാലും ഒന്നല്ലേ ചോര
ഞ്ഞാങ്ങ മുറിഞ്ഞാലും ഒന്നല്ലേ ചോര " എന്ന പാട്ടുകെട്ടിയത് കാവ്യഭാവനയുള്ള തെയ്യക്കാരായ ആചാര്യന്മാരായ പുലയനോ മലയനോ ആണ്. എത്രയോ തവണ പൊട്ടന്റെ മേലേരിയിൽ കുളിർന്ന കോതോർമ്മനുമായും കാനായി വേണുപണിക്കറുമായും മനേഷ് ലാൽ പണിക്കരുമായും ഷിംജിത്തുമായും പൊട്ടനെ കുറിച്ച് സംസാരിച്ചു. "പരാപര പൊരുളാം നാഥൻ " എന്ന് തുടങ്ങുന്ന പാട്ടുകെട്ടിയത് കയ്യൂരച്ചപ്പൻ എന്ന മലയമൂപ്പനാണ്. "കരിവരവദനം പൂണ്ട ഗണേശൻ " എന്ന രണ്ടാം സ്തുതി രചിച്ചത് പരിയാരം മുതൂടനാണ്. "കാട്ടുതീ മിഴിയനായും കാടകേ വേടനായും" എന്ന ഭാഗം കുറ്റിക്കോൽ വലിയ കവയനാടൻ്റെതാണ്. തോറ്റം പാട്ടിന്റെ സങ്കേതങ്ങളെക്കുറിച്ച് തെയ്യക്കാർക്ക് ഏറെ പറയാനുണ്ട്.

മലയാള ഭാഷയുടെ പിതൃത്വം തന്നെ എഴുത്തച്ഛന് അടിയറ വെക്കുമ്പോൾ എഴുത്തച്ഛൻ മലയാളത്തിന് മുമ്പുണ്ടായ ജീവിതം തിളച്ചുമറിയുന്ന എത്രയോ പാട്ടുകളെയാണ് പിതൃശൂന്യമാക്കുന്നത്. കീഴാളജനതയുടെ ഉയിർപ്പുപാട്ടുക്കളായ എതയോ തോറ്റം പാട്ടുകൾ എഴുത്തച്ഛൻ്റെ മധുരം മലയാളത്തിനും മുമ്പേ ഉരുവപ്പെട്ടതാണ്. സ്വർണ്ണക്കൂട്ടിലടച്ച കിളി പാൽപ്പായസവും കദളിപ്പഴവും ഭുജിച്ച് പാടിയ കാകളിയും കളകാഞ്ചിയുമല്ല. കണ്ടത്തിൽ വെടികൊണ്ട് പിടഞ്ഞും പൊനമലയിൽ കത്തിയെരിഞ്ഞും ദൈവത്തിന്റെ ചതിയമ്പ് കൊണ്ട് പിടഞ്ഞും ഈ മണ്ണിലൊടുങ്ങിയ കാർന്നോപ്പാട്ടുകളാണ്. വരിയും നിരയും തെറ്റിയ ചോരയിറ്റുന്ന പാട്ടുകളുടെ അച്ഛനാകാൻ ഈ കാലംകെട്ട കാലത്ത് എഴുത്തച്ഛൻ വരണ്ട. കുറ്റവാളിയുടെ തുടിക്കുന്ന ഹൃദയം നിങ്ങളെ വെറുതെ വിടില്ല.

Leave a comment