TMJ
searchnav-menu
post-thumbnail

Outlook

കോൺഗ്രസിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വരുന്നു. പക്ഷെ, ആരാണ് വോട്ടർമാർ ?

31 Aug 2022   |   1 min Read
ടി ജെ ശ്രീലാൽ

ദി ഓൺലി ഗ്രാന്റ് ഓൾഡ് ഡമോക്രാറ്റിക് പാർട്ടി. രാജ്യത്തെ ഏറ്റവും പഴയ ജനാധിപത്യ പാർട്ടി. നേതാക്കളും അണികളും ആവേശത്തോടെ കോൺഗ്രസ് പാർട്ടിയെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. നയങ്ങൾ കാലഹരണപ്പെട്ടിട്ടും തെരഞ്ഞെടുപ്പുകൾ തോറ്റമ്പിയിട്ടും ഈ മേനി പറഞ്ഞാണ് ഇപ്പോഴും നേതൃത്വം അണികളെ ഒപ്പംകൂട്ടാൻ ശ്രമിക്കുന്നത്. ആ ഗ്രാന്റ് ഓൾഡ് പാർട്ടി ജനാധിപത്യപരമായി പുതിയ പ്രസിഡന്റിനെ കണ്ടെത്താൻ തീരുമാനിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പിലൂടെ പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തീയതിയും മറ്റ് ക്രമങ്ങളും പ്രഖ്യാപിച്ചു. ഒപ്പം തിരിഞ്ഞ് നിന്ന് മറ്റു പാർട്ടികളോട് ഇങ്ങനെ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പിലൂടെ നിങ്ങളെ നയിക്കാനുള്ള നേതാവിനെ കണ്ടെത്താനാകുമോ എന്ന ചോദ്യവും ചോദിച്ചു. 22 വർഷത്തിന് ശേഷമാണ് ഈ ജനാധിപത്യ തെരഞ്ഞെടുപ്പിലേക്ക് കോൺഗ്രസ് കടന്നിരിക്കുന്നത്. രണ്ട് പതിറ്റാണ്ട് കഴിഞ്ഞാണെങ്കിലും ഇത്തരമൊരു നടപടിക്ക് പാർട്ടി തയ്യാറായില്ലേ എന്ന് വാദിച്ച് ആശ്വാസം കൊള്ളുകയാണ് പാർട്ടി വിശ്വാസികളും അനുഭാവികളും. അവരെ കുറ്റം പറയാനോ കോൺഗ്രസ് പാർട്ടിയുടെ നടപടിയെ കുറച്ച് കാണിക്കാനോ അല്ല ഇവിടെ ശ്രമിക്കുന്നത്. മറിച്ച് തെരഞ്ഞെടുപ്പിലൂടെ ദേശീയ പ്രസിഡന്റിനെ കണ്ടെത്താനുള്ള കോൺഗ്രസിന്റെ ധൈര്യം കണ്ടപ്പോഴുണ്ടായ ചില സംശയങ്ങൾ ചോദിക്കാനാണ്.

പ്രസിഡന്റ് തെരഞ്ഞെടുപ്പും പിന്നിലെ ബുദ്ധിയും

ഈ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഇടയാക്കിയ സാഹചര്യത്തിൽ നിന്ന് തുടങ്ങാം. കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് ചർച്ച തുടങ്ങിയിട്ട് നാളേറേയായി. ഏറ്റവും ഒടുവിൽ രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച് ഗുലാം നബി ആസാദ് പാർട്ടി വിട്ടതോടെയാണ് അടിയന്തരമായി ഓൺലൈനിൽ പ്രവർത്തക സമിതി യോഗം ചേർന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള ഷെഡ്യൂൾ തയ്യാറാക്കിയത്. ഇതനുസരിച്ച് ഒക്ടോബർ 17ന് പ്രസിഡന്റ് സ്ഥാനത്തേക്ക് ആവശ്യമെങ്കിൽ വോട്ടെടുപ്പ് നടക്കും. രണ്ട് ദിവസം കഴിഞ്ഞ് ഒക്ടോബർ 19ന് ഫലം പ്രഖ്യാപിക്കും. മത്സരിക്കാൻ ഒരു സ്ഥാനാർത്ഥി മാത്രമേയുള്ളുവെങ്കിൽ (അങ്ങനെ സംഭവിക്കുമെന്നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഹൈക്കമാന്റ് കരുതുന്നത്) പത്രിക പിൻവലിക്കാനുള്ള അവസാന തിയതിയായ ഒക്ടോബർ 8ന് പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കും. രാഹുൽ ഗാന്ധി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കില്ലെന്നും മത്സരിക്കില്ലെന്നുമുള്ള കർക്കശ നിലപാടിലാണ്. അങ്ങനെയെങ്കിൽ സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയും ചേർന്ന് നിശ്ചയിക്കുന്ന വ്യക്തിയാകും ഔദ്യോഗിക സ്ഥാനാർത്ഥി. നിലവിൽ പറഞ്ഞ് കേൾക്കുന്നത് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ടിന്റെ പേരാണ്. ഗലോട്ടിനെയല്ല, പണ്ട് കേരളത്തിൽ നിന്നുള്ള യുവപ്രതിനിധി എ.ഐ.സി.സി സമ്മേളനത്തിൽ പറഞ്ഞത് പോലെ ഏത് പെട്ടിയെടുപ്പുകാരനെ ഔദ്യോഗിക സ്ഥാനാർത്ഥിയായി നിറുത്തിയാലും വിജയിക്കും. അതാണ് സംവിധാനം. ആ ധൈര്യത്തിലാണ് നെഹ്‌റു കുടുംബത്തിൽ ആൾ ക്ഷാമമില്ലാതിരുന്നിട്ടും പുറത്ത് നിന്നൊരാളെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ ആലോചിക്കുന്നതും. എന്താണ് ആ ധൈര്യത്തിന്റെ ആധാരം. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വോട്ടർമാരിലുള്ള വിശ്വാസം തന്നെയാണ് ആ ധൈര്യം.

രാഹുൽ ഗാന്ധി | photo: pti

ആരാണ് കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വോട്ടർമാർ?

രാജ്യത്താകെ നിന്ന് തെരഞ്ഞെടുത്ത 9000 ഡെലിഗേറ്റുകളാണ് കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വോട്ടർമാർ. ഇവർ ആരാണ് ? അറിയാവുന്നവർ ഔദ്യോഗികപക്ഷത്ത് പോലും കുറവാണ്. തമാശ പറഞ്ഞതല്ല. വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചെങ്കിലും ഇതുവരെ വോട്ടർമാരുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല. ഇത്തവണയെന്നല്ല ഇതിന് മുമ്പും അവസ്ഥ ഇതു തന്നെയായിരുന്നു. വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാതെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന വിചിത്ര ജനാധിപത്യ പ്രക്രിയയാണ് കോൺഗ്രസ് പാർട്ടി കാലങ്ങളായി തുടർന്ന് പോരുന്നത്. പിസിസി പ്രസിഡണ്ടിന് പോലും അതാത് സംസ്ഥാനത്തെ വോട്ടർമാരുടെ പട്ടിക ലഭിക്കാറില്ല. ഇത്തവണയും കാര്യങ്ങൾ അങ്ങനെ തന്നെ. പിസിസി പ്രസിഡന്റ്മാര്‍ക്ക് വോട്ടർമാരുടെ പട്ടിക ലഭ്യമാക്കുമെന്നാണ് പാർട്ടി തെരഞ്ഞെടുപ്പ് വരണാധികാരി മധുസൂദൻ മിസ്ത്രിയുടെ പ്രസ്താവന ഉറപ്പ്. ഏത് തെരഞ്ഞെടുപ്പിലും തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഉറപ്പാക്കേണ്ട കാര്യമാണ് ആ തെരഞ്ഞെടുപ്പിലെ വോട്ടർമാരുടെ പട്ടിക. എന്നാൽ വലിയ സഹായമെന്ന നിലയ്ക്ക് പിസിസികൾക്ക് ഈ പട്ടിക ലഭ്യമാക്കുമെന്ന ഉറപ്പാണ് മുഖ്യ വരണാധികാരി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചപ്പോൾ നൽകിയ വാഗ്ദാനം. അതായത് വോട്ടർമാരുടെ മുഴുവൻ പട്ടിക ലഭിക്കണമെങ്കിൽ എല്ലാ പിസിസികളുമായും ബന്ധപ്പെടേണ്ടി വരും. അവർക്ക് പട്ടിക ലഭിച്ചാൽ തന്നെ ചോദിക്കുന്നവർക്ക് ലഭ്യമാക്കണമെന്ന് എവിടേയും പറയുന്നില്ല. വോട്ടെടുപ്പുണ്ടായാൽ ആരൊക്കെ വോട്ട് ചെയ്യാനെത്തുമെന്ന അറിയിപ്പായിട്ടാണ് മുമ്പ് പിസിസികളിൽ ഈ പട്ടിക എത്തിച്ചിരുന്നത്. അതും വോട്ടെടുപ്പിന് തൊട്ടുമുമ്പ്.

അപ്പോ സ്ഥാനാർത്ഥികൾക്ക് വോട്ടർ പട്ടിക ലഭിക്കില്ലെ? ഏറ്റവും അവസാനം നടന്ന രണ്ട് തിരഞ്ഞെടുപ്പിലെ സാഹചര്യം പരിശോധിച്ചാൽ ഇല്ലെന്നോ അവസാന നിമിഷം പട്ടികയുടെ ചില പേജുകൾ ലഭിക്കുമെന്നോ പറയേണ്ടി വരും. കോൺഗ്രസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് അവസാനം തിരഞ്ഞെടുപ്പ് നടന്നത് 2000ത്തിലാണ്. അന്ന് ഉത്തർപ്രദേശിൽ നിന്നുള്ള കർഷകനേതാവ് ജിതേന്ദ്ര പ്രസാദയാണ് സോണിയാഗാന്ധിക്കെതിരെ മത്സരിച്ചത്. (ജിതേന്ദ്ര പ്രസാദയുടെ മകൻ ജിതിന് പ്രസാദ ജി23 നേതാക്കൾക്കൊപ്പം ചേരുകയും പിന്നീട് ബിജെപിയിലേക്ക് പോകുകയും ചെയ്തു) സോണിയ-ജിതേന്ദ്ര പ്രസാദ മത്സരം നേരിൽ റിപ്പോർട്ട് ചെയ്യാനുള്ള അവസരം ലഭിച്ച വ്യക്തിയാണ് ലേഖകൻ എന്നത് കൂടി കൂട്ടിചേർത്ത് അന്നുണ്ടായ ചില ആരോപണങ്ങളുടേയും കൈയ്യാംകളിയുടേയും കാര്യങ്ങൾ പറയാം. ജിതേന്ദ്ര പ്രസാദയ്ക്ക് പത്രിക നൽകാൻ എഐസിസി ആസ്ഥാനത്തേക്ക് എത്തിപ്പെടാൻ പോലും പെടാപാട് പെടേണ്ടി വന്നു. അദ്ദേഹത്തെ അടിച്ചോടിക്കാൻ കച്ചകെട്ടിയ പ്രവർത്തകരെ കൊണ്ട് നിറഞ്ഞിരുന്നു അന്ന് എഐസിസി ആസ്ഥാനം. അതിന് ശേഷം തിരഞ്ഞെടുപ്പിന്റെ അവസാന നാളുകളിൽ വരെ വോട്ടർ പട്ടിക ലഭിച്ചില്ലെന്ന ആരോപണം ജിതേന്ദ്ര പ്രസാദ ഉന്നയിച്ചിരുന്നു. വോട്ടെണ്ണലിൽ ജിതേന്ദ്ര പ്രസാദ ദയനീയമായി തോറ്റു. സോണിയഗാന്ധിക്ക് 7542 വോട്ട് ലഭിച്ചപ്പോൾ ജിതേന്ദ്ര പ്രസാദയ്ക്ക് ആകെ ലഭിച്ചത് 94 വോട്ടുകളാണ്. അതിന് മുമ്പ് കേസരിക്കെതിരെ ശരത് പവാറും രജേഷ് പൈലറ്റും മത്സരിച്ചപ്പോഴും വോട്ടർ പട്ടിക സംബന്ധിച്ച ഇതേ ആരോപണം ഉയർന്നിരുന്നു.

കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവകാശമുള്ള 9000 ഡെലിഗേറ്റുകളിൽ ഒരാളായിരുന്നു അന്തരിച്ച കോൺഗ്രസ് നേതാവ് ജി.പ്രതാപ വർമ തമ്പാൻ. കേരളത്തിൽ നിന്നുള്ള ഈ നേതാവിന് പകരം ആരെയാണ് ഡെലിഗേറ്റായി ഉൾപ്പെടുത്തിയിരിക്കുന്നത്. പിസിസി ഭാരവാഹികൾക്കെന്നല്ല പ്രസിഡന്റിന് പോലും ഇക്കാര്യം അറിയില്ല.

ജിതിൻ പ്രസാദ | photo: pti

വോട്ടർപട്ടിക പുറത്തുവിടാതിരിക്കുന്നതിന് ഔദ്യോഗികപക്ഷ നേതാക്കൾ നൽകുന്ന വിശദീകരണമാണ് ഏറ്റവും രസകരം. പട്ടിക പുറത്ത് വിട്ടാൽ വോട്ടർമാർ ആരൊക്കെയാണെന്ന് പ്രതിയോഗികളായ രാഷ്ട്രീയ പാർട്ടികൾ കണ്ടെത്തും.(ഇന്നത്തെ സാഹചര്യത്തിൽ ബിജെപി) അവർ വോട്ടർമാരെ സ്വാധീനിക്കും. അങ്ങനെ കോൺഗ്രസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് അവരുടെ സ്വാധീനത്തിൽ നിൽക്കുന്ന ആളെ അവരോധിക്കും. എത്ര രസകരമായ ആചാരമെന്ന് തോന്നിയാൽ കുറ്റം പറയുന്നില്ല. തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള മധുസൂദൻ മിസ്ത്രിയുടെ വിശദീകരണവും ഏറെ വ്യത്യസ്തമല്ല. കോൺഗ്രസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് പൊതുപരിപാടിയുടെ ഭാഗമല്ല. അത് പാർട്ടിയുടെ സ്വകാര്യ കാര്യമാണ്. അതുകൊണ്ട് തന്നെ വോട്ടർപട്ടിക പ്രസിദ്ധീകരിക്കേണ്ട കാര്യമില്ല. പിസിസികളിൽ ലഭ്യമാക്കും. ആർക്കും പിസിസിയുമായി ബന്ധപ്പെട്ട് പട്ടിക പരിശോധിക്കാം. അതായത് സോണിയയും രാഹുലും ചേർന്ന് നിർദ്ദേശിക്കുന്ന ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുന്ന സ്ഥാനാർത്ഥിക്ക് പിസിസികളുമായി ബന്ധപ്പെട്ടാൽ പട്ടിക ലഭിക്കും. ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ പത്രിക നൽകാൻ പാർട്ടി ആസ്ഥാനത്തേക്ക് കടക്കാൻ അനുവദിക്കാതെ കൂറു തെളിയിക്കാൻ മത്സരിക്കുന്ന അണികളുടെ നാട്ടിലാണ് പിസിസികളോട് ചോദിച്ചാൽ പട്ടിക ലഭിക്കുമെന്ന് വരണാധികാരി നിഷ്‌കളങ്കമായി പറയുന്നത്.

അടിസ്ഥാനമില്ലാത്ത ആരോപണമായി ഈ വോട്ടർപട്ടിക കഥ തോന്നുണ്ടെങ്കിൽ ഒരു ഉദാഹരണം കൂടി പറയാം. കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവകാശമുള്ള 9000 ഡെലിഗേറ്റുകളിൽ ഒരാളായിരുന്നു അന്തരിച്ച കോൺഗ്രസ് നേതാവ് ജി.പ്രതാപ വർമ തമ്പാൻ. കേരളത്തിൽ നിന്നുള്ള ഈ നേതാവിന് പകരം ആരെയാണ് ഡെലിഗേറ്റായി ഉൾപ്പെടുത്തിയിരിക്കുന്നത്. പിസിസി ഭാരവാഹികൾക്കെന്നല്ല പ്രസിഡന്റിന് പോലും ഇക്കാര്യം അറിയില്ല. കാരണം ഡെലിഗേറ്റ് പട്ടിക ഇനിയും തയ്യാറാക്കിയിട്ടില്ല. അതിന്റെ നടപടിക്രമം എന്താണെന്ന് പിസിസിയിൽ ആർക്കും അറിയില്ല. അടുത്ത 24ന് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുളള നടപടിക്രമങ്ങൾ തുടങ്ങും. അന്ന് മുതൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് തുടങ്ങാം. ഇങ്ങനെ തെരഞ്ഞെടുപ്പ് നടപടിക്രമം തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴും വോട്ടർപട്ടിക തയ്യാറാകാത്ത ജനാധിപത്യ തെരഞ്ഞെടുപ്പിനാണ് തുടക്കത്തിൽ പറഞ്ഞ ഗ്രാന്റ് ഓൾഡ് പാർട്ടി തയ്യാറെടുക്കുന്നത്. വോട്ടർമാർ ആരെന്ന് അറിയാതെ സ്ഥാനാർത്ഥികൾ വോട്ട് ചോദിക്കണം. ആരോട്? എങ്ങനെ? തെരഞ്ഞെടുപ്പ് നടത്തിപ്പുകാർക്ക് മറുപടിയില്ല. അതേസമയം ഔദ്യോഗിക സ്ഥാനാർത്ഥിക്ക് ഈ പരിമിതികളൊന്നുമില്ല. വോട്ടർപട്ടികയിൽ ആരോക്കെയെന്ന് അറിയാൻ ഒരു പ്രയാസവുമില്ല. അവരെ നേരിൽ കണ്ടും അല്ലാതെയും വോട്ട് ചോദിക്കാൻ പാർട്ടി സംവിധാനം തന്നെ റെഡി. ഇതാണ് സോണിയ-രാഹുൽ പക്ഷത്തിന്റെ ധൈര്യം. പാർട്ടിയിലെ ഈ ഔദ്യോഗികപക്ഷവും സ്തുതിപാഠകരും നിരത്തുന്ന കടമ്പകൾ കടന്നു വേണം മത്സരിക്കാൻ. അതിന് തയ്യാറാകുന്നത് തന്നെ വലിയ വെല്ലുവിളിയാണ്. മത്സരം കഴിഞ്ഞ് പിന്നീട് പാർട്ടിയിൽ തുടരുന്നത് അതിലും വലിയ വെല്ലുവിളി.

സോണിയ-രാഹുൽ-പ്രിയങ്ക എന്നിവരിൽ ആരെങ്കിലും മത്സരിച്ചാൽ എതിർക്കാനില്ലെന്നാണ് ശശി തരൂർ അടുപ്പമുള്ളവരോട് നേരത്തെ തന്നെ വ്യക്തമാക്കിയത്. എന്നാൽ ഔദ്യോഗികപക്ഷത്ത് നിന്ന് ആര് മത്സരിച്ചാലും നേരിടാൻ തയ്യാറാണെന്ന നിലപാടിലാണ് മനീഷ് തിവാരി.

എങ്കിലും മത്സരിക്കും

ഔദ്യോഗിക പക്ഷത്തിന് എതിരെ മത്സരത്തിനിറങ്ങാൻ കടമ്പകൾ ഏറെയാണ്. വോട്ടർ പട്ടിക ലഭിക്കണം. അതിലുള്ള വോട്ടർമാരെ നേരിൽ കണ്ടും അല്ലാതെയും വോട്ട് ഉറപ്പാക്കണം. അതിന് തടയിടാൻ പാർട്ടിയിലെ സർവ്വസന്നാഹങ്ങളുമായി ഔദ്യോഗികപക്ഷം മുന്നിലുണ്ടാകും. ഇതെല്ലാം മറികടക്കണം. കടമ്പകൾ അതികഠിനമാണെങ്കിലും ഇത്തവണ മത്സരമുറപ്പാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് ജി23 നേതാക്കൾ. ശശി തരൂരും, മനീഷ് തിവാരിയുമാണ് മത്സരിക്കാൻ സാധ്യതയുള്ളവരിൽ മുന്നിൽ. സോണിയ-രാഹുൽ-പ്രിയങ്ക എന്നിവരിൽ ആരെങ്കിലും മത്സരിച്ചാൽ എതിർക്കാനില്ലെന്നാണ് ശശി തരൂർ അടുപ്പമുള്ളവരോട് നേരത്തെ തന്നെ വ്യക്തമാക്കിയത്. എന്നാൽ ഔദ്യോഗികപക്ഷത്ത് നിന്ന് ആര് മത്സരിച്ചാലും നേരിടാൻ തയ്യാറാണെന്ന നിലപാടിലാണ് മനീഷ് തിവാരി. നാമനിർദ്ദേശ പത്രിക നൽകണമെങ്കിൽ പത്തു ഡെലിഗേറ്റുകളുടെ പിന്തുണ വേണം. വോട്ടർ പട്ടിക പുറത്തുവിട്ടില്ലെങ്കിലും പത്തു ഡെലിഗേറ്റുകളെ കണ്ടെത്താൻ പ്രയാസമൊന്നുമുണ്ടാകില്ല. അതുകൊണ്ട് തന്നെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ ഒരാളെ മത്സരിപ്പിക്കാൻ ജി23ക്ക് അത്ര പ്രയാസമുണ്ടാകില്ല. നെഹ്‌റു കുടംബത്തിനെതിരെ മത്സരിക്കില്ലെന്ന നിലപാടിലുറച്ച് നിന്നാലും പകരം മത്സരിക്കുന്ന സ്ഥാനാർത്ഥിക്ക് പിന്തുണ നൽകാതിരിക്കാൻ ശശി തരൂരിന് കഴിയില്ല. ജി23യുടെ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്ന പത്തുപേരിൽ ഒരാളാകാതെ ഒഴിഞ്ഞുമാറാൻ തരൂരിന് സാധിക്കില്ല.അങ്ങനെ പിന്നിൽ നിന്ന് പിന്തുണച്ച് എതിർക്കുന്നതിനെക്കാൾ തരൂരിന്റെ രാഷ്ട്രീയത്തിന് നല്ലത് പരസ്യമായി മത്സരിക്കാനിറങ്ങുന്നതാണ്.

ഔദ്യോഗികപക്ഷത്തും ആരു മത്സരിക്കുമെന്ന കാര്യത്തിൽ പ്രതിസന്ധിയുണ്ട്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ട് മത്സരിക്കണമെന്നാണ് സോണിയ-രാഹുൽപക്ഷം ആഗ്രഹിക്കുന്നത്. എന്നാൽ മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിച്ച് ഡൽഹിക്ക് വിമാനം കയറാൻ ഗലോട്ട് ഇതുവരെ തയ്യാറായിട്ടില്ല. ചില ഉപാധികൾ അദ്ദേഹം മുന്നോട്ട് വച്ചിട്ടുണ്ട്. നരസിംഹ റാവു ഒരേ സമയം കോൺഗ്രസ് പ്രസിഡണ്ട് സ്ഥാനവും പ്രധാനമന്ത്രി പദവും വഹിച്ചിരുന്നത് പോലെ മുഖ്യമന്ത്രിയായി തുടർന്ന് കൊണ്ട് പാർട്ടി പ്രസിഡന്റായിരിക്കാമെന്നതാണ് ഒരു നിർദ്ദേശം. അല്ലെങ്കിൽ താൻ നിർദ്ദേശിക്കുന്ന വ്യക്തിയെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കണം. സച്ചിൻ പൈലറ്റിനെ അധികാരത്തിൽ നിന്ന് അകറ്റി നിര്‍ത്തുമെന്ന ഉറപ്പാണ് ഗലോട്ട് ആവശ്യപ്പെടുന്നത്. ഗലോട്ട് അല്ലെങ്കിൽ ആരെന്ന ചിന്ത തുറക്കുന്നത് കുപ്പിയിൽ നിന്ന് ഭൂതത്തെ തുറന്ന് വിടുന്നതിന് തുല്യമാകുകയും ചെയ്യും.

അശോക് ഗലോട്ട് | Photo: pti

എന്തിന് മത്സരിക്കുന്നു?

പരാജയം ഉറപ്പാണ്. എങ്കിലും മത്സരിക്കും. ഇങ്ങനെയൊരു തീരുമാനത്തിൽ ജി23 നേതാക്കൾ എത്താൻ കാരണമുണ്ട്. 2000ൽ സോണിയാഗാന്ധിയും ജിതേന്ദ്ര പ്രസാദയും തമ്മിൽ നടന്നത് പോലുള്ള മത്സരമാകില്ല ഇത്തവണത്തേത്. അന്ന് എഐസിസി ആസ്ഥാനത്തേക്ക് കടക്കുന്നതിന് വരെ ജിതേന്ദ്ര പ്രസാദ ബുദ്ധിമുട്ടി. വോട്ടർ പട്ടിക ലഭിച്ചില്ലെന്ന് പരാതി പറഞ്ഞു നടന്നെങ്കിലും കേട്ടതായി പോലും വരണാധികാരിയോ പാർട്ടി നേതൃത്വമോ നടിച്ചില്ല. ഇത്തവണയും അതേ തന്ത്രം പാർട്ടി നേതൃത്വം പയറ്റിയാൽ പണിപാളും. ന്യൂസ് ചാനലുകളും സമൂഹമാധ്യമങ്ങളും തലനാരിഴ കീറി വാർത്ത കണ്ടെത്താനും പ്രചരിപ്പിക്കാനും ശ്രമിക്കും. പ്രതിയോഗിയെ നിലംപരിശാക്കിയാലും തിളക്കമില്ലാത്ത, വിമർശന വിധേയമാകുന്നതാകും ഔദ്യോഗികപക്ഷത്തിന്റെ ആ വിജയം. ഔദ്യോഗികപക്ഷത്തിന് എതിരെ വയ്ക്കാനുള്ള ബദൽ നിർദ്ദേശങ്ങളും രേഖകളും അവതരിപ്പിക്കാനുള്ള അവസരം കൂടിയാണ് ജി23 നേതാക്കൾക്ക് ഈ തെരഞ്ഞെടുപ്പ്. എന്തുകൊണ്ട് മത്സരിക്കുന്നു.? എന്തിന് വേണ്ടിയാണ് മത്സരിക്കുന്നത്? പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള ബദൽ നിർദ്ദേശങ്ങൾ എന്തൊക്കെ? ഇങ്ങനെ മുഴുവൻ ആശയങ്ങളും പ്രവർത്തകർക്ക് മുന്നിൽ വയ്ക്കാം? കുടുംബാധിപത്യമല്ല പുതിയ നേതൃത്വമാണ് വേണ്ടതെന്ന് എന്തുകൊണ്ട് വാദിക്കുന്നു എന്നൊക്കെ തെളിയിക്കാനാകും. പാർട്ടിക്ക് പുതുജീവൻ നൽകാനുള്ള ഈ നിർദ്ദേശങ്ങൾ ചർച്ചയ്ക്ക് കൊണ്ട് വരാൻ സാധിക്കും. പരാജയപ്പെട്ടാലും ഈ ചർച്ചകൾ ഫലമുണ്ടാക്കുമെന്നാണ് ജി23 നേതാക്കൾ വിലയിരുത്തുന്നത്. അത്തരം ചർച്ചകളിലൂടെയുണ്ടാകുന്ന തീരുമാനങ്ങൾ കണ്ടില്ലെന്ന് നടിച്ച് സ്തുതിപാഠകരുടെ വാക്കുകൾ മാത്രം കേട്ട് മുന്നോട്ട് പോകാൻ പിന്നീട് ഔദ്യോഗികപക്ഷത്തിനാകില്ലെന്നും ഇവർ കണക്കാക്കുന്നു. മത്സരം ഏകപക്ഷീയമാകും. അതിൽ ആർക്കും സംശയമില്ല. പക്ഷെ മത്സരത്തിനിടെ ഉയരുന്ന നിർദ്ദേശങ്ങളും ചോദ്യങ്ങളും കണ്ടില്ലെന്ന് നടിക്കാൻ ഔദ്യോഗികപക്ഷത്തിന് സാധിക്കില്ല. പാർട്ടിനേതൃത്വത്തെ തിരുത്താൻ ഇറങ്ങിയവർ ഉദ്ദേശിക്കുന്നതും അതുതന്നെയാണ്. മത്സരമുണ്ടായാൽ അത് ഔദ്യോഗികപക്ഷം ജയിച്ചു കൊണ്ട് തോൽക്കുന്നതും മറുപക്ഷം തോറ്റുകൊണ്ട് ജയിക്കുന്നതുമാകുമെന്ന കാര്യത്തിൽ സംശയമില്ല.

Leave a comment