വൈകാരികതയുടെ തടവുകാര്‍
ILLUSTRATION : SAVINAY SIVADAS / TMJ
വടക്കരെയും തെക്കരെയും താരതമ്യപ്പെടുത്തിക്കൊണ്ട് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞ ഒരു കഥ വലിയ വിവാദമുണ്ടാക്കിയിരുന്നല്ലോ. രാവണനെ വധിച്ച് ശ്രീരാമനും സീതയും ലക്ഷ്മണനും ലങ്കയില്‍ നിന്ന് പുഷ്പകവിമാനത്തില്‍ മടങ്ങുമ്പോഴാണ് കഥയിലെ സംഭവം നടക്കുന്നത്. വിമാനം തെക്കന്‍ കേരളത്തിനു മുകളിലൂടെ പറന്നുകൊണ്ടിരിക്കെ രാമനെ താഴെ തള്ളിയിട്ട് സീതയെ സ്വന്തമാക്കിയാലോ എന്ന തോന്നലുണ്ടായി ലക്ഷ്മണന്. വിമാനം തൃശ്ശൂരെത്തിയപ്പോള്‍ ലക്ഷ്മണന്റെ മനസ്സ് മാറി. താന്‍ ആലോചിച്ച കാര്യമോര്‍ത്ത് അദ്ദേഹത്തിന് കടുത്ത കുറ്റബോധം തോന്നി. അപ്പോള്‍ രാമന്‍ ലക്ഷ്മണന്റെ പുറത്തു തട്ടിയിട്ട് പറഞ്ഞു: “അനിയാ, എന്തൊക്കെ വിചാരങ്ങളാണ് നിന്റെ മനസ്സിലൂടെ കടന്നുപോയതെന്ന് എനിക്ക് മനസ്സിലായി. സാരമില്ല, അതൊന്നും നിന്റെ കുറ്റമല്ല. നാം കടന്നു വന്ന സ്ഥലത്തിന്റെ കുറ്റമാണത്”
ഈ കഥ ഞാന്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ക്കേ കേള്‍ക്കാന്‍ തുടങ്ങിയതാണ്. കഥ പറയുന്നവരില്‍ പലരും ലക്ഷ്മണന്റെ മനസ്സിലൂടെ കടന്നുപോയ കാര്യങ്ങള്‍ പൊലിപ്പിച്ചെടുക്കും. മിക്കവാറും അശ്ലീലം വഴിയായിരിക്കും അത് സാധിക്കുക. ഈ കഥയുടെ ഉള്ളിലുള്ളത് വടക്കന്മാരില്‍ പലര്‍ക്കും പണ്ട് തെക്കന്മാരിലുണ്ടായിരുന്ന അവിശ്വാസവും അവരെക്കുറിച്ച് അവര്‍ ഉള്ളില്‍ കൊണ്ടുനടന്നിരുന്ന ഭീതിയുമാണെന്ന് വ്യക്തം. ഇങ്ങനെയൊരു മനോഭാവം തെക്കന്മാര്‍ക്കു നേരെ ഉണ്ടായതിന് ചരിത്രപരമായ എന്തെങ്കിലും കാരണമുണ്ടായിരുന്നോ?
പത്തറുപത് വര്‍ഷം മുമ്പൊക്കെ വടക്കന്‍ കേരളത്തിലെ സ്കൂളുകളിലും ഗവ.കോളേജുകളിലും അധ്യാപകരായും ഓഫീസുകളില്‍ പല തട്ടിലുള്ള ജീവനക്കാരായും ഡോക്ടര്‍മാരായും നേഴ്സുമാരായുമെല്ലാം തെക്കന്‍ ജില്ലകളില്‍ നിന്നുള്ള കുറേപേര്‍ എത്തിയിരുന്നു. അവരില്‍ ഒട്ടുമിക്കയാളുകളും മാന്യമായി പെരുമാറുന്നവര്‍ തന്നെയായിരുന്നെങ്കിലും അവരുടെ നില്‍പ്പും നടപ്പും വേഷത്തിലെ വെടിപ്പും അകല്‍ച്ചയുടെയും അധികാരത്തിന്റെയും പരപുച്ഛത്തിന്റെയുമെല്ലാം ലാഞ്ഛന കലര്‍ന്നതായി തങ്ങള്‍ക്കനുഭവപ്പെട്ട വ്യത്യസ്തമായ സംസാരഭാഷയും അവര്‍ വഹിച്ചിരുന്ന പദവിയുമെല്ലാം അക്കാലത്ത് പൊതുവെ വടക്കന്മാരില്‍ ഭീതിയും സംശയവും വളര്‍ത്തിയിരുന്നിരിക്കാം.
വടക്കന്മാരില്‍, വിശേഷിച്ചും അത്യുത്തരകേരളത്തിലുള്ളവരില്‍ ഏറെ പേര്‍ക്കും സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറിപ്പറ്റുന്നത് എങ്ങനെയെന്ന് അറിഞ്ഞുകൂടാത്ത കാലമായിരുന്നു അത്. പിന്നീടും ദശകങ്ങള്‍ തന്നെ കഴിഞ്ഞാണ് ഡിഗ്രി പഠനം പൂര്‍ത്തിയാവാറാവുമ്പോഴെങ്കിലും പി എസ് സി പരീക്ഷ എഴുതുന്നതിനെപ്പറ്റി ആലോചിച്ചു തുടങ്ങാം എന്നു ചിന്തിക്കുന്ന അവസ്ഥയിലേക്ക് കുറച്ചുപേരെങ്കിലും എത്തിയത്. ജീവിതത്തില്‍ ജയിച്ചു മുന്നേറാനുള്ള വഴികളെപ്പറ്റി ഒന്നും ആലോചിക്കാതെ പഠിക്കുക എന്നതായിരുന്നു പഴയ രീതി. പഴയ വടക്കന്മാരില്‍ ഭൂരിപക്ഷം പേരും കൃഷിക്കും പരമ്പരാഗത തൊഴിലുകള്‍ക്കും അപ്പുറത്തുള്ള മേഖലകളില്‍ വ്യാപരിക്കുന്നതിന് ആവശ്യമായ പ്രായോഗികബുദ്ധി നന്നേ കുറഞ്ഞവരായിരുന്നു. തങ്ങള്‍ക്കില്ലാത്ത ഈ ബുദ്ധി തെക്കന്മാരില്‍ കണ്ടതുകൊണ്ട് അവരെ പൊതുവെ സമര്‍ത്ഥന്മാരും അതിസമര്‍ത്ഥന്മാരുമായൊക്കെയാണ്
വടക്കന്മാര്‍ കണ്ടിരുന്നത്.
തെക്കന്മാര്‍ ചതിച്ചുകളയും, അപായപ്പെടുത്തിക്കളയും എന്ന തോന്നല്‍ ഏതാനും ദശകങ്ങള്‍ കൊണ്ടു രൂപപ്പെട്ടതല്ല, വടക്കന്‍ മനസ്സില്‍ അത് നേരത്തേ തന്നെ ഉണ്ട് എന്നു തെളിയിക്കുന്ന ഒരു പാട്ടുണ്ട്. പൂരോത്സവത്തിന്റെ ഭാഗമായി ചാണകം കൊണ്ടുണ്ടാക്കി വീട്ടുമുറ്റത്തു ഒമ്പത് ദിവസം പൂവിട്ടു പൂജിക്കുന്ന കാമദേവന്റെ വിഗ്രഹങ്ങള്‍ ഒമ്പതാം ദിവസം അവരെ പൂജിച്ച പൂവോടുകൂടി മുറത്തില്‍ വാരിയെടുത്ത് പ്ലാവിന്‍ ചുവട്ടില്‍ കൊണ്ടുപോയി ഇടും. കാമനെ ഇങ്ങനെ യാത്രയയക്കുമ്പോള്‍
“എനിയത്തേ കൊല്ലോം വെരണേ കാമാ
നേരത്തെ കാലത്തേ വെരണേ കാമാ”
എന്നു പാടും. ചിലര്‍ പാടുന്ന പാട്ടില്‍ ചില വരികള്‍ കൂടുതലായി ഉണ്ടാവും. അവ ഇങ്ങനെയാണ്:
“കല്ലിലേ മുള്ളിലേ പോല്ലേ കാമാ
തെക്കന്‍ ദിക്കിലേ പോല്ലേ കാമാ
ഈന്തടചുട്ട് ചതിക്കും കാമാ
ഈന്തോല കെട്ടി വലിക്കും കാമാ”
ഇത്തരത്തിലുള്ള ധാരണകള്‍ക്കെല്ലാം നിറംകെട്ടു കഴിഞ്ഞു. ഇപ്പോള്‍ വടക്കന്‍ ജില്ലകളിലെ സ്കൂളുകളിലും സര്‍ക്കാറാപ്പീസുകളിലുമെല്ലാം തെക്കന്മാരുടെ സാന്നിധ്യം നാമമാത്രമായി. വടക്കന്മാര്‍ യഥേഷ്ടം തെക്കോട്ടേക്ക് സഞ്ചരിച്ചു തുടങ്ങി. രാഷ്ടീയത്തിലും സംസ്ഥാനഭരണത്തിലുമെല്ലാം അവര്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തവരായി. എല്ലാമായെങ്കിലും തെക്കന്മാരിലുള്ള അവിശ്വാസവും അവരെക്കുറിച്ചുള്ള ഭീതിയും ചെറിയ അളവില്‍ പല വടക്കന്‍ മനസ്സുകളിലും നിലനില്‍ക്കുന്നതുകൊണ്ടു തന്നെയാണ് തമാശ രൂപത്തിലാണെങ്കിലും ആ കഥ പറയാന്‍ കെ സുധാകരന് തോന്നിയിട്ടുണ്ടാവുക.
സ്വന്തം പ്രദേശത്തിന് കുറച്ചു ദൂരെയായിരിക്കുന്ന, പെരുമാറ്റ രീതികളിലും സാംസ്കാരിക ശീലങ്ങളിലും പ്രകടമായ വ്യത്യാസം പുലര്‍ത്തുന്ന, ജനങ്ങളുടെ നേര്‍ക്ക് നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന സ്വഭാവം വടക്കന്‍മാര്‍ക്ക് മാത്രമുള്ളതല്ല. വടക്കന്‍മാരെപ്പറ്റി കുടകന്മാര്‍ക്ക് ഉള്ളിന്റെയുള്ളിലുള്ള അഭിപ്രായം വ്യക്തമാക്കുന്ന രണ്ട് കഥകളും അവയില്‍ ഒന്നിനെക്കുറിച്ചുള്ള ചോദ്യത്തിനു കിട്ടിയ മറുപടിയും ചുരുക്കിപ്പറയാം. മലനാട് 'മാണിക്യ മലനാടാ'യിരിക്കെത്തന്നെ അജ്ഞാനഭൂമി കൂടിയായിരുന്നു കുടകര്‍ക്ക്. കുടകിലെ ഇര്‍പ്പ് എന്ന മനോഹരമായ സ്ഥലത്തെ വെള്ളച്ചാട്ടത്തിന്റെ ഉല്‍പത്തിയെക്കുറിച്ച് രണ്ടു കഥകളുണ്ട്. ആദ്യകഥ ഇങ്ങനെയാണ്: രാമനും ലക്ഷ്മണനും സീതയുമെല്ലാം ആദ്യകാലത്ത് (വനവാസത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെയായിരിക്കാം) കുടകിലായിരുന്നു. അക്കാലത്ത് അങ്ങേയറ്റം അനുസരണയുള്ള നല്ല സഹോദരനായിരുന്നു ലക്ഷ്മണന്‍. പിന്നെ രാമനും ലക്ഷ്മണനും സീതയുമെല്ലാം കേരളത്തിലേക്കു പോയി (കേരളമെന്നാല്‍ പഴയ കാലത്തെ കുടകന്മാരെ സംബന്ധിച്ചിടത്തോളം വടക്കന്‍ കേരളമാണ്).
കേരളത്തിലായിരുന്ന കാലം മുഴുവന്‍ ലക്ഷ്മണന്‍ സകല കാര്യത്തിലും രാമനെ ധിക്കരിച്ചു. മൂന്നുപേരും തിരിച്ച് വീണ്ടും കുടകിലെത്തിയപ്പോഴാണ് ജ്യേഷ്ഠനോട് താന്‍ എത്ര മോശമായാണ് പെരുമാറിയത് എന്ന് ലക്ഷ്മണന് ബോധ്യപ്പെട്ടത്. അപ്പോഴുണ്ടായ അസഹ്യമായ കുറ്റബോധം കാരണം ലക്ഷ്മണന്‍ ഇര്‍പ്പിലെ ഒരു പാറയില്‍ അമ്പെയ്ത് തീയുണ്ടാക്കി അതില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. ആ തീ കെടുത്താന്‍ രാമന്‍ സൃഷ്ടിച്ചതാണ് വെള്ളച്ചാട്ടം. അടുത്ത കഥയനുസരിച്ച് ഋതുമതിയായ സീത കുളിക്കാന്‍ വെള്ളം വേണമെന്നു പറഞ്ഞപ്പോള്‍ ലക്ഷ്മണന്‍ അമ്പെയ്ത് ഉണ്ടാക്കിയതാണ് ഈ വെള്ളച്ചാട്ടം. രാമന്‍ കൂടെയുണ്ടായിട്ടും ഇങ്ങനെയൊരു കാര്യത്തിന് സീത ലക്ഷ്മണന്റെ സഹായം തേടിയതെന്തിനാണെന്നു ഞാന്‍ ചോദിച്ചപ്പോള്‍ ഒരു കുടകനില്‍ നിന്നു കിട്ടിയ മറുപടി ഇതാണ്: “അവര് കേരളത്തിലായിരുന്നല്ലോ. അപ്പോള്‍ തല തിരിഞ്ഞുപോയിട്ടുണ്ടാവും.”
വടക്കന്‍ കേരളത്തില്‍ വ്യത്യസ്ത ജാതി-മതങ്ങളില്‍പ്പെട്ടവര്‍ വളരെ സൗഹൃദത്തോടെ തന്നെയാണ് ജീവിച്ചു വരുന്നത്. എങ്കിലും ഓരോ ജാതി-മതവിഭാഗങ്ങളില്‍പ്പെടുന്നവരും മുന്‍കാലങ്ങളില്‍ മറ്റുള്ളവരെക്കുറിച്ച് നല്ലതു മാത്രമല്ല ചീത്തയായ ധാരണകളും കൊണ്ടു നടന്നിരുന്നു. അവയൊന്നും ഗൗരവസ്വഭാവമുള്ളവയായിരുന്നില്ല. നാടന്‍ ചൊല്ലുകളിലും ചെറിയ തമാശക്കഥകളിലുമൊക്കെയാണ് ഈ ധാരണകള്‍ വെളിപ്പെടുന്നത്. അത്യുത്തരകേരളത്തില്‍ അംഗബലം കൊണ്ട് മുന്നില്‍ നില്‍ക്കുന്ന തീയരെക്കുറിച്ച്, അവരുടെ സ്വഭാവത്തില്‍ മുന്നിട്ടുനില്‍ക്കുന്നതായി കരുതപ്പെടുന്ന പ്രത്യേകതയെക്കുറിച്ച് പലപ്പോഴായി കേട്ട ഒരു പറച്ചില്‍ ഇതാണ് : “തീയമ്മാര്‍ക്ക് മൂക്കത്താണ് മൊഞ്ച്” മൊഞ്ച് എന്നതിന് ഇവിടെ ദേഷ്യം എന്നാണ് അര്‍ത്ഥം. തീയന്മാര്‍ പെട്ടന്ന് ദേഷ്യം വരുന്നവരും ഉടന്‍ പ്രതികരിക്കുന്നവരുമാണെന്ന ധാരണ എപ്പോഴോ ഇവിടെ രൂപപ്പെട്ടിരുന്നുവെന്നാണ് ഈ പറച്ചിലില്‍ നിന്ന് വ്യക്തമാവുന്നത്. തങ്ങളെക്കുറിച്ച് മറ്റുള്ളവര്‍ ഇങ്ങനെയാണ് കരുതുന്നതെന്ന കാര്യം തീയന്മാര്‍ക്ക് വളരെ പണ്ടു തന്നെ അറിവുണ്ടായിരുന്നുവെന്നാണ് തോന്നുന്നത്. തീയരുടെ രണ്ട് ഉല്‍പത്തി പുരാവൃത്തങ്ങളില്‍ നിന്ന് ഇത് വ്യക്തമാവുന്നുണ്ട്. രണ്ടിലും തീയന്‍ ശിവന്റെ മകനാണ്. ആദ്യത്തേതില്‍ ശിവന്റെ മകനായ സൗണിക ബാലന്‍ (ഈ പേര് പാര്‍വ്വതി തന്നെ ഇട്ടതാണ്) ശിവനെ ഏല്‍പ്പിക്കാനുള്ള ഒരു കുടം കള്ളുമായി ഒരു ബ്രാഹ്മണനെ കൈലാസത്തിലേക്കയക്കുന്നു. പോകുന്ന വഴിക്ക് ബ്രാഹ്മണന്‍ കുടത്തില്‍ നിന്ന് കുറച്ചെടുത്ത് കുടിക്കുകയും പകരം അത്രയും വെള്ളം അതില്‍ ഒഴിക്കുകയും ചെയ്തു. എല്ലാം കഴിഞ്ഞ് അയാള്‍ കൈലാസത്തിലെത്തി കുടം ഏല്‍പ്പിച്ച് സ്ഥലം വിടുമ്പോഴേക്കും ശിവന്റെ പൂജയ്ക്കുള്ള സമയം കഴിഞ്ഞിരുന്നു. കോപാകുലനായ ശിവന്‍ ഈ ബ്രാഹ്മണനെ പിടിച്ചു കൊണ്ടുവരാന്‍ സൗണിക ബാലനോട് ആജ്ഞാപിച്ചു. ഇതിനകം ബ്രാഹ്മണന്‍ ബാലന്റെ അടുത്തെത്തി കുറ്റസമ്മതം നടത്തുകയും അവന്‍ അപ്പോള്‍ത്തന്നെ അയാളെ കഴുത്തറുത്ത് കൊല്ലുകയും ചെയ്തിരുന്നു. അറുത്തെടുത്ത ബ്രാഹ്മണ ശിരസ്സുമായി വരുന്ന മകനെ കണ്ട് ശിവന്റെ കോപം ഇരട്ടിച്ചു. എന്നാല്‍ ബ്രഹ്മഹത്യ എന്ന പാപം ചെയ്തവനെ വെച്ചുപൊറുപ്പിക്കാനാവില്ല എന്നു പറഞ്ഞ ശിവനോട് ശക്തിപൂജയ്ക്ക് തടസ്സം വരുത്തിയവന്‍ ബ്രാഹ്മണനല്ല ചണ്ഡാളനാണ് എന്നു പറഞ്ഞു തര്‍ക്കിക്കുകയാണ് സൗണിക ബാലന്‍ ചെയ്തത്. ശിവന്റെ കോപം അടങ്ങിയില്ല. ഒടുവില്‍ താന്‍ അച്ഛന്റെ കൈകൊണ്ടു തന്നെ മരിക്കാനാഗ്രഹിക്കുന്നുവെന്ന് അവന്‍ പറഞ്ഞപ്പോള്‍ അടങ്ങിയെങ്കിലും ശിവന്‍ അവന് ഭ്രഷ്ട് കല്‍പ്പിക്കുക തന്നെ ചെയ്തു. പക്ഷേ, അവനെ ശപിക്കുകയും മറ്റും ചെയ്യുന്നതിനു പകരം കള്ള് സമര്‍പ്പിച്ച് ശക്ത്യാരാധന തുടരണമെന്നും അതിലൂടെ മോക്ഷപ്രാപ്തിയുണ്ടാകുമെന്നും അനുഗ്രഹിക്കുകയാണ് ചെയ്തത്. ഈ കുട്ടിയാണ് ആദിതീയന്‍.
വയനാട്ടുകുലവന്റെ പുരാവൃത്തത്തിലും തീയന്‍ ശിവന്റെ മകന്‍ തന്നെ. ആ മകന്റെ ഉല്‍പത്തി തീയന്മാരുടെ മുന്‍കോപം എവിടെനിന്ന് വന്നു എന്ന് വ്യക്തമാക്കുന്നുണ്ട്. ശിവന്‍ വേടനും പാര്‍വ്വതി വേടനാരിയുമായി കാട്ടില്‍ ഉല്ലസിച്ചു കഴിയുന്ന കാലം. അക്കാലത്ത് കള്ള് തെങ്ങിന്‍ തടിയില്‍ താഴെയാണ് ഉണ്ടായിരുന്നത്. ശിവന്‍ കള്ളുകുടിച്ച് മദോന്മത്തനായി നടക്കാന്‍ തുടങ്ങിയപ്പോള്‍ പാര്‍വ്വതി പരിഭ്രാന്തയായി. ഒരു ദിവസം പാര്‍വ്വതി ശിവന്‍ അറിയാതെ ചെന്ന് തെങ്ങിന്റെ കീഴ്ഭാഗത്തുള്ള കള്ള് തടവി മേലോട്ടാക്കി. പിറ്റേന്ന് പതിവുപോലെ കള്ളെടുത്തു കുടിക്കാന്‍ ചെന്ന ശിവന്‍ കള്ള് തെങ്ങിന്റെ താഴെ നിന്ന് മുകളിലേക്കു പോയതായി കണ്ടു. കോപം പൂണ്ട ശിവന്‍ തന്റെ തൃത്തുടമേല്‍ തല്ലി ഒരു പുത്രനെ ഉണ്ടാക്കി. അവന് ദിവ്യന്‍ എന്നു പേരിടുകയും ചെയ്തു. ആ പുത്രന്‍ തെങ്ങിന്‍ മുകളില്‍ കയറി കള്ളെടുത്ത് ശിവന് കൊണ്ടുക്കൊടുത്തു. ശിവന്‍ നല്‍കിയ ദിവ്യന്‍ എന്ന പേരിന് പിന്നീട് രൂപപരിണാമം വന്നാണ് അത് 'തീയന്‍'എന്നായത്.
ആദ്യകഥയില്‍ അച്ഛന്റെ പൂജയ്ക്ക് ഭഗ്നം വരുത്തിയ ബ്രാഹ്മണനെ അയാള്‍ ഇങ്ങോട്ടു വന്ന് കുറ്റസമ്മതം നടത്തിയിട്ടും കോപം ശമിക്കാതെ, രണ്ടാമതൊന്നാലോചിക്കാതെ തലയറുത്തു കൊന്നുകളഞ്ഞവനാണ് ആദിതീയന്‍. അയാള്‍ അച്ഛനോടു തര്‍ക്കിക്കാനും മടിയില്ലാത്തവനാണെന്നുകൂടി കഥയില്‍ നിന്നു വ്യക്തമാവുന്നു. രണ്ടാമത്തെ കഥയില്‍ ശിവന്റെ കോപത്തില്‍ നിന്നു തന്നെയാണ് ആദിതീയന്റെ പിറവി. രണ്ടു കഥകളും തീയരുടെ കുലത്തൊഴിലായ കള്ളുചെത്ത് ശിവന്റെ അനുഗ്രഹത്തോടു കൂടി ആരംഭിച്ചതാണെന്നും സ്ഥാപിക്കുന്നു.
തീയന്മാര്‍ പെട്ടെന്ന് ദേഷ്യം വരുന്നവരും തോന്നുന്ന കാര്യം മുന്നും പിന്നും നോക്കാതെ അപ്പപ്പോള്‍ ചെയ്തുകളയുന്നവരുമാണ് എന്ന ധാരണ പഴയകാലത്ത് എപ്പോഴോ രൂപപ്പെട്ടിരിക്കാം. 'തീയത്' എന്ന വാക്കിന് ചീത്തയായത് എന്നാണ് അര്‍ത്ഥം. തീയന്മാര്‍ സ്വഭാവഗുണമില്ലാത്ത, താഴ്ന്ന ഒരു കൂട്ടം ആളുകളാണെന്ന തോന്നല്‍ ആര്‍ക്കൊക്കെയോ ഉണ്ടായിട്ടുണ്ടാവാം. സമൂഹത്തില്‍ പലരും തങ്ങളുടെ നേരെ വെച്ചു പുലര്‍ത്തുന്ന ഈ മനോഭാവത്തില്‍ നിന്ന് രക്ഷപ്പെടാനായി ഏതോ ഒരു ഘട്ടത്തില്‍ തീയര്‍ ഉണ്ടാക്കിയെടുത്തതാവാം രണ്ട് ഉല്പത്തി പുരാവൃത്തങ്ങളും. ആ പുരാവൃത്തങ്ങള്‍ അവരുടെ പദവി ഉയര്‍ത്തിക്കാട്ടുന്നു. ശിവനില്‍ നിന്നു പിറന്ന് ശിവന്റെ ആഗ്രഹമനുസരിച്ചുള്ള തൊഴില്‍ കുലത്തൊഴിലാക്കിയ ദിവ്യന്മാരാണ് തങ്ങള്‍. തങ്ങളെപ്പറ്റി ഒരാരോപണവും ഉന്നയിക്കാന്‍ ആര്‍ക്കും അവകാശമില്ല. തങ്ങളുടെ സ്വഭാവദൂഷ്യത്തെപ്പറ്റി പറയുന്നവര്‍ ആ ദൂഷ്യം ദൈവത്തില്‍ നിന്നു തന്നെ കിട്ടിയതാണ് എന്ന് മനസ്സിലാക്കിക്കോട്ടെ എന്നൊക്കെയായിരിക്കും ആ പുരാവൃത്തങ്ങള്‍ നിര്‍മ്മിച്ചെടുത്ത ഭാവനാശാലികളായ ബുദ്ധിമാന്മാര്‍ ആലോചിച്ചിട്ടുണ്ടാവുക.
ജീവിക്കുന്ന ഭൂവിഭാഗത്തിലെ പ്രകൃതി, സ്വന്തം സാമ്പത്തികസ്ഥിതി, കുടുംബസാഹചര്യം, ചെയ്യുന്ന തൊഴില്‍, ആ തൊഴിലിനോടുള്ള അധികാരികളുടെ സമീപനം, സമൂഹത്തിന്റെ മനോഭാവം, തുടര്‍ച്ചയായ ദാരിദ്യം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ഇവയെല്ലാം മനുഷ്യസ്വഭാവത്തെ സ്വാധീനിക്കും. തീയന്മാര്‍ക്ക് അവരുടെ കുലത്തൊഴിലുമായി ബന്ധപ്പെട്ട് പലപ്പോഴായി പല പ്രശ്നങ്ങളുമുണ്ടായിരുന്നു. ആധുനിക കാലത്ത് ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി മദ്യവര്‍ജനം എന്ന മുദ്രാവാക്യം ഉയര്‍ന്നുവന്നതും അതിനു മുമ്പേ തന്നെ കള്ള് ചെത്തുന്നതിനും കുടിക്കുന്നതിനും എതിരെ ശ്രീനാരായണഗുരു ശക്തമായ നിലപാട് കൈക്കൊണ്ടതും ചെത്തുകാര്‍ക്ക് ആദ്യകാലത്ത് കിട്ടിയിരുന്ന തുച്ഛമായ വരുമാനവുമൊക്കെ തീയന്മാരുടെ മനോനിലയെ കാര്യമായി സ്വാധീനിച്ചിരിക്കാം. സംസ്കൃതം നന്നായി അറിയുന്നവരും മികച്ച വൈദ്യന്മാരുമൊക്കെ തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നിട്ടും നമ്പൂതിരിമാര്‍ തൊട്ട് നായന്മാര്‍ വരെയുള്ളവര്‍ അര്‍ഹിക്കുന്ന മതിപ്പ് തങ്ങള്‍ക്ക് കല്‍പ്പിക്കാതിരുന്നതും സമൂഹവുമായി സൗഹാര്‍ദ്ദപൂര്‍ണ്ണമായ ബന്ധം വളര്‍ത്തിയെടുക്കുന്നതിന് വലിയ തടസ്സമായി അവര്‍ക്ക് അനുഭവപ്പെട്ടിട്ടുണ്ടാവും. ദീര്‍ഘകാലം നിരന്തരമായ അരക്ഷിതത്വവും അവ്യവസ്ഥിതത്വവും അനുഭവിച്ചുപോന്ന ഒരു ജാതിവിഭാഗമായിരുന്നു തീയ സമുദായം എന്നു കരുതുന്നതില്‍ തെറ്റില്ല. അവരുടേതിനേക്കാള്‍ മോശമായ അവസ്ഥയില്‍ കഴിഞ്ഞിരുന്നവരുടെ മേല്‍ ആരോപിക്കപ്പെടാതിരുന്ന മുന്‍കോപം, എടുത്തുചാട്ടം എന്നീ ദൂഷ്യങ്ങള്‍ തീയന്മാരുടെ മേല്‍ ആരോപിക്കപ്പെട്ടത് ജാതിവ്യവസ്ഥയില്‍ ഏതാണ്ട് മധ്യസ്ഥാനത്തു വരുന്ന തീയന്മാര്‍ക്ക് ചിലപ്പോഴെങ്കിലും മേലാളരെ ധിക്കരിക്കാനുള്ള ധൈര്യം കൂടി നേരത്തേ കൈവന്നതുകൊണ്ടാകാം.
എന്തായാലും എല്ലാറ്റിനെയും പഴങ്കഥകളാക്കിക്കൊണ്ട് തീയന്മാരുടെ സാമൂഹ്യപദവിയിലും സാമ്പത്തികശേഷിയിലും കഴിഞ്ഞ എട്ടൊമ്പത് ദശകക്കാലത്തിനിടയില്‍ വമ്പിച്ച മാറ്റങ്ങള്‍ വന്നു കഴിഞ്ഞു. ഇന്ന് അവര്‍ എല്ലാ തൊഴില്‍ മേഖലയിലുമുണ്ട്. പരമ്പരാഗത തൊഴില്‍ മേഖലയില്‍ത്തന്നെ തുടരുന്നവര്‍ക്കും പഴയതുപോലെ അരക്ഷിതത്വമില്ല. അവര്‍ക്ക് ഭേദപ്പെട്ട വരുമാനം ലഭിക്കുന്നുണ്ട്; യൂണിയനും ക്ഷേമനിധി ബോര്‍ഡുമൊക്കെ ഉണ്ട്.
ഇനി 'മൂക്കിന്മേല്‍ മൊഞ്ചി'ല്‍ ഒതുങ്ങാത്ത മറ്റൊരു കാര്യത്തിലേക്കു വരാം. ആദികാലം മുതല്‍ക്ക് ഇന്നുവരെ കേരളജനതയുടെ സ്വഭാവത്തില്‍ വിട്ടുമാറാത്തതായി നില്‍ക്കുന്നുണ്ടെന്നു കേസരി ബാലകൃഷ്ണ പിള്ള പറഞ്ഞ അഞ്ചു ഘടകങ്ങളിലൊന്ന് ക്ഷണികമായ വികാരപാരമ്യമാണ്. ഇത് ജാതിഭേദമില്ലാതെ വടക്കന്‍ കേരളത്തിലെ പലരുടെയും സ്വഭാവത്തില്‍ ശക്തമായി നിലനില്‍ക്കുന്നുണ്ടെന്നു തന്നെയാണ് തോന്നുന്നത്. കേസരി പറഞ്ഞ മറ്റു നാല് കാര്യങ്ങള്‍ നടനത്തിലും നൃത്തത്തിലുമുള്ള ഭ്രമവും സംഗീതഭ്രമവും ഹാസ്യഭ്രമവും നേരിയ വിഷാദാത്മകത്വവും ആണ്. വടക്കരിലും പ്രവര്‍ത്തിച്ചു വരുന്ന സംഗതികള്‍ തന്നെയാണ് ഇവയുമെങ്കിലും 'ക്ഷണികമായ വികാരപാരമ്യം' എന്ന ഘടകം കൂടുതല്‍ പ്രബലമാണ്.
എന്റെ ബാല്യ-കൗമാരങ്ങളില്‍ ഞാന്‍ കണ്ടിരുന്ന വടക്കന്‍ കേരളത്തിലെ പല കവികളും ശുദ്ധകാല്‍പനികരായിരുന്നു. അവരുടെ മനസ്സിന്റെ സഞ്ചാരം മറ്റുള്ളവര്‍ക്ക് അപരിചിതമായ ഏതൊക്കെയോ വഴികളിലൂടെയായിരുന്നിരിക്കണം. മേഘരൂപനില്‍ ആറ്റൂര്‍ രവിവര്‍മ്മ മഹാകവി പി കുഞ്ഞിരാമന്‍ നായരെപ്പറ്റി പറഞ്ഞതുപോലെ അവരില്‍ പലരും 'ഉന്നതങ്ങളില്‍ മേഘങ്ങളൊത്തുമേയുന്ന'വര്‍ തന്നെയായിരുന്നു. കവിത എഴുതുക, കിട്ടുന്ന ചെറു സദസ്സുകള്‍ക്കു മുന്നില്‍ അത് വായിക്കുക, അതിലപ്പുറമൊന്നും അവര്‍ ആഗ്രഹിച്ചിരുന്നതായി തോന്നുന്നില്ല. അവരില്‍ പലരും അക്കാലത്ത് ഭേദപ്പെട്ട കവികള്‍ തന്നെയായിരുന്നെങ്കിലും പിന്നീട് എവിടെയും എത്തിയില്ല. എങ്ങും എത്താന്‍ അവര്‍ ആഗ്രഹിച്ചിരുന്നില്ല എന്നതാവാം സത്യം. നേരിയ വിഷാദാത്മകത്വവും ഒരാളില്‍ മാത്രം ഒതുങ്ങാത്തതും ഏറെക്കുറെ അനിര്‍വ്വചനീയവുമായ കാമുകത്വവും കൊണ്ട് അവര്‍ അലഞ്ഞു.
ഇന്നിപ്പോള്‍ അത്തരത്തിലുള്ള ഒരു കവിയെയും കലാകാരനെയും രണ്ടുമല്ലാത്ത സാധാരണ മനുഷ്യനെയും കാണുന്നില്ല. മുതലാളിത്ത ജീവിതമൂല്യങ്ങള്‍ അതിവേഗത്തില്‍ ആഗിരണം ചെയ്തുകൊണ്ടിരിക്കുന്ന ഒരു ജനതയ്ക്ക് ലാഭേച്ഛയോടെയല്ലാതെ ഒന്നും ചെയ്യാനാവില്ല. അവര്‍ക്ക് സംശുദ്ധമായ മൂല്യവിചാരവും വികാരങ്ങളും മറ്റൊന്നും ലക്ഷ്യം വെക്കാത്ത കവിതയുടെ ഭ്രാന്തുമൊന്നും കൊണ്ടു നടക്കാനാവില്ല.