TMJ
searchnav-menu
post-thumbnail

Outlook

സൈലന്റ് വാലി മുതല്‍ കെ-റെയില്‍ വരെ

17 Jan 2022   |   1 min Read
കെ പി സേതുനാഥ്

കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കണമെന്ന പ്രസ്താവനയില്‍ ഒപ്പുവെച്ചതായിരുന്നു പ്രൊഫ. എം. കെ. പ്രസാദ് ഏറ്റവും ഒടുവില്‍ നടത്തിയ പൊതു ഇടപെടല്‍. സൈലന്റ് വാലി സംരക്ഷണത്തിലൂടെ കേരളത്തിലെ ഏറ്റവും സാര്‍ത്ഥകമായ പാരിസ്ഥിതിക അവബോധത്തിന്റെ ഉത്തമ പ്രതിനിധികളിലൊരാളായ പ്രസാദ് സര്‍ കെ-റെയിലിന് എതിരായ കൂട്ടായ്മയിലെ ആദ്യ ഒപ്പുകാരനായത് സ്വാഭാവികമായിരുന്നു. കേരളത്തിലെ പ്രമുഖരായ സാമൂഹ്യ-ശാസ്ത്രജ്ഞരും, എഴുത്തുകാരും സംസ്ഥാന മുഖ്യമന്ത്രിയോട് നടത്തിയ അഭ്യര്‍ത്ഥനയായിരുന്നു സംയുക്തപ്രസ്താവന. കെ-റെയില്‍ പോലുള്ള പദ്ധതികള്‍ വിഭാവന ചെയ്യുന്നവരുടെ അവിവേകം സ്വതസിദ്ധമായ നര്‍മത്തോടെ ഒരു മാസത്തിന് മുമ്പ് നേരില്‍ കാണുമ്പോള്‍ അദ്ദേഹം പറഞ്ഞിരുന്നു. മറവി രോഗം വല്ലാതെ അലട്ടിയിരുന്നുവെങ്കിലും ഓര്‍മയുടെ ചില മിന്നലുകള്‍ അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. തിരിച്ചുവരാത്ത വണ്ണം പഴയ കാര്യങ്ങള്‍ ഓര്‍മയില്‍ നിന്നും മാഞ്ഞു പോയതായിരുന്നു ഏറെ സങ്കടകരം. കേരളത്തിലെ പാരിസ്ഥിതിക അവബോധത്തിന്റെയും, പ്രവര്‍ത്തനങ്ങളുടെയും ഒരു വലിയ 'ആര്‍ക്കൈവ്' നോക്കി നില്‍ക്കെ കൺമുന്നില്‍ നിന്നും അപ്രത്യക്ഷമായതു പോലുള്ള തോന്നലായിരുന്നു മനസ്സില്‍. സൈലന്റ് വാലിയിലേക്കുള്ള മാഷിന്റെ ആദ്യ യാത്ര, പൂയംകുട്ടി, ആണവനിലയം, ഗോശ്രീ വികസനത്തിന്റെ പേരില്‍ എറണാകുളം മറൈന്‍ ഡ്രൈവിനടുത്ത് 500 ഹെക്ടര്‍ കായല്‍ നികത്താനുള്ള പദ്ധതി ഇങ്ങനെ പ്രസാദ് സാര്‍ നേതൃത്വപരമായ പങ്ക് വഹിച്ച നിരവധി സമരങ്ങളും, പ്രസ്ഥാനങ്ങളും കേരളത്തില്‍ രൂപപ്പെടുത്തിയ പാരിസ്ഥിതിക അവബോധത്തിന്റെ ഒരു രേഖപ്പെടുത്തല്‍ മനസ്സിലുണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍ പഴയ കാര്യങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും മാഷിന്റെ ഓര്‍മയില്‍ നിന്നും മാഞ്ഞുപോയതായി അദ്ദേഹത്തിന്റെ ജീവിത പങ്കാളിയായ പ്രൊഫ. ഷേര്‍ളി പറഞ്ഞു.

ദ ഫൈനാന്‍ഷ്യല്‍ എക്‌സ്പ്രസ്സ് പത്രത്തില്‍ 1995-2000 കാലഘട്ടത്തില്‍ എറണാകുളത്ത് പ്രവര്‍ത്തിക്കുമ്പോഴാണ് പ്രസാദ് സാറുമായി അടുത്തിടപഴകാനുള്ള അവസരം ലഭിച്ചത്. എറണകുളം നഗരത്തിന് വിളിപ്പാടകലെയുള്ള വൈപ്പിന്‍ ദ്വീപുകളെ നഗരവുമായി ബന്ധിപ്പിക്കുന്നതിനുള്ള പാലം പണിയുന്നതിനായി മറൈന്‍ ഡ്രൈവിനോടു ചേര്‍ന്ന വേമ്പനാട്ട് കായല്‍ 500 ഹെക്ടര്‍ നികത്തിയെടുക്കുന്ന ഗോശ്രീ പദ്ധതി ജില്ലാ ഭരണകൂടം സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെ ആവിഷ്‌ക്കരിച്ചിരുന്നു. പാലം നിര്‍മിക്കുന്നതിന് ആവശ്യമായ പണം സര്‍ക്കാരിന്റെ പക്കല്‍ ഇല്ലെന്നും കായല്‍ നികത്തിയെടുക്കുന്ന ഭൂമി വിറ്റുകിട്ടുന്ന പണം ഉപയോഗപ്പെടുത്തി പാലം മാത്രമല്ല വൈപ്പിന്‍ ദ്വീപുകളുടെ സമഗ്ര വികസനത്തിനുള്ള പണം സ്വരൂപിക്കുവാന്‍ കഴിയുമെന്നായിരുന്നു ഗോശ്രീ പദ്ധതി വിഭാവന ചെയ്തവരുടെ അവകാശവാദം. ഗോശ്രീ പദ്ധതിയില്‍ അന്തര്‍ലീനമായ പരിസ്ഥിതി വിനാശം തിരിച്ചറിഞ്ഞ പ്രസാദ് സാര്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ പൊതുമണ്ഡലത്തില്‍ വ്യാപകമായ സംവാദമാക്കുന്നതില്‍ മുന്‍കൈയെടുത്തു. വന്‍തോതിലുള്ള കൈയ്യേറലുകളും, നികത്തലുകളും വേമ്പനാട്ട് കായലിനെ ശോഷിപ്പിക്കുന്നതിന്റെ വിവരണങ്ങള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. കൊച്ചി സര്‍വകലാശാല, കൊച്ചിയിലെ സമുദ്ര-മത്സ്യ ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയിലെ നിരവധി ശാസ്ത്രജ്ഞരെ ഇക്കാര്യത്തില്‍ അണി നിരത്തുന്നതില്‍ പ്രസാദ് സാറിന്റെ സാന്നിദ്ധ്യം നിര്‍ണ്ണായകമായിരുന്നു. കായല്‍ ശോഷണത്തിന്റെ ആപത്തിനൊപ്പം ഗോശ്രീ പദ്ധതി ലക്ഷണമൊത്ത ഒരു റിയല്‍ എസ്റ്റേറ്റ് സംരംഭമാണെന്ന കാര്യവും പൊതുജന മദ്ധ്യത്തില്‍ വ്യക്തമാക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നു. ഹൈക്കോടതി ജെട്ടിയില്‍ നിന്നും വിളിപ്പാടകലെയുള്ള താന്തോന്നി തുരുത്തില്‍ അന്നത്തെ ഭരണ സംവിധാനവുമായി ബന്ധമുള്ള രാഷ്ട്രീയ-ഉദ്യോഗസ്ഥ പ്രമുഖര്‍ വലിയ തോതില്‍ ഭൂമി മേടിച്ചു കൂട്ടിയതിന്റെ രേഖകള്‍ മാധ്യമങ്ങള്‍ക്ക് ലഭ്യമാക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പങ്കാളിയായിരുന്നു. ഗോശ്രീ പദ്ധതി പ്രകാരം ഹൈക്കോടതി ജട്ടിയില്‍ നിന്നുമുള്ള ആദ്യപാലം മേല്‍പ്പറഞ്ഞ തുരുത്തിലേക്കായിരുന്നു. കായല്‍ നികത്തുന്നതിന് എതിരായ കേസ്സുകള്‍ സുപ്രീം കോടതി വരെയെത്തുകയും 500 ഹെക്ടര്‍ എന്നതിന് പകരം 25 ഹെക്ടര്‍ കായല്‍ നികത്തുന്നതിന് കോടതി അനുമതി നല്‍കുകയും ചെയ്തു. നികത്തിയെടുത്ത ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മുന്നോട്ടു വച്ചിരുന്ന ഉപാധികള്‍ ഫലപ്രദമായി നടപ്പിലാക്കുവാന്‍ ഉത്തരവാദപ്പെട്ടവര്‍ അതിനായി ചെറുവിരല്‍ പോലും അനക്കിയിട്ടില്ലെന്നതിന്റെ സാക്ഷ്യങ്ങളായി നികത്തു ഭൂമിയിലെ ബഹുനില കെട്ടിട സമുച്ചയങ്ങള്‍ ഇപ്പോള്‍ ഉയര്‍ന്നു നില്‍ക്കുന്നു. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ ആവാസ വ്യവസ്ഥയില്‍ കായലുകളും, നീര്‍ത്തടങ്ങളും, ചതുപ്പുകളുമെല്ലാം വഹിക്കുന്ന പങ്കിനെപറ്റി പുതിയ അറിവുകള്‍ രൂപപ്പെടുത്താന്‍ ഗോശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട സംവാദങ്ങള്‍ വഴിയൊരുക്കിയെന്ന കാര്യത്തില്‍ സംശയമില്ല.

പ്രൊഫ. എം കെ പ്രസാദ് മാധവ് ഗാഡ്ഗിലിനൊപ്പം.

പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ 'വേണ്ട നിലയില്‍' കൈകാര്യം ചെയ്യുന്നതില്‍ രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വം കൈവരിച്ച വൈദഗ്ധ്യവും ഗോശ്രീ സംവാദ കാലത്താണ് വ്യക്തമായും പുറത്തു വന്നത്. ഗോശ്രീ പദ്ധതിയുടെ ചുമതലക്കാരനായ ഉദ്യോഗസ്ഥന്‍ എറണാകുളത്തെ പ്രധാന മാധ്യമങ്ങളുടെ പത്രാധിപന്മാരെ ഉള്‍പ്പെടുത്തി (ടെലിവിഷന്‍ ചാനലുകള്‍ അന്ന് ഇല്ലായിരുന്നു) ഒരു അനൗദ്യോഗിക കൂടിയാലോചന സമിതി രൂപപ്പെടുത്തിയിരുന്നതായി അക്കാലം പറഞ്ഞു കേട്ടിരുന്നു. ഗോശ്രീ പദ്ധതിയെ കുറിച്ചുള്ള നെഗറ്റീവ് വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാതിരിക്കുവാനുള്ള മുന്‍കരുതലായിരുന്നു പ്രസ്തുത അനൗപചാരിക സംവിധാനം എന്നായിരുന്നു കേള്‍വി. ഗോശ്രീ പദ്ധതിയുടെ അവകാശവാദങ്ങളെ ചോദ്യം ചെയ്യുന്ന 'നെഗറ്റീവ് വാര്‍ത്തകള്‍ക്കൊന്നും' പ്രധാനപ്പെട്ട മാധ്യമങ്ങളില്‍ അക്കാലം മിക്കവാറും ഇടം ലഭിച്ചിരുന്നില്ല. മാധ്യമ ഗവേഷണം നടത്തുന്ന ആര്‍ക്കും കൂടുതല്‍ പഠിക്കുവാന്‍ പറ്റിയ ഒരു വിഷയമാണ് ഈ വാര്‍ത്ത തിരസ്‌ക്കരണം. വികസന നായകരായ രാഷ്ട്രീയ നേതാക്കളും, അവരുടെ വിനീത വിധേയരയായ അനുയായികളും ഇപ്പോള്‍ നിരന്തരം അപഹസിക്കുന്ന വികസന വിരോധികളെ കുറിച്ചുള്ള നിര്‍മിതികള്‍ രൂപപ്പെട്ടതിന്റെ നാള്‍വഴികള്‍ കണ്ടെത്തുവാന്‍ അത്തരമൊരു പഠനം ഒരു പക്ഷെ സഹായിക്കും. പരിസ്ഥിതി സ്‌നേഹം തങ്ങളുടെ തൊഴില്‍പരമായ നേട്ടങ്ങള്‍ക്കും, സ്വകാര്യ ധനസമ്പാദനത്തിനും പറ്റിയ മാര്‍ഗ്ഗമായി ഉപയോഗപ്പെടുത്തിയ കള്ളനാണയങ്ങളെയും, അവരുടെ ഇപ്പോഴത്തെ പിന്മുറക്കാരെയും തിരിച്ചറിയുന്നതിനും അത് സഹായകമാവും. പാരിസ്ഥിതിക അവബോധം ശാസ്ത്രീയ പരികല്‍പ്പനകളില്‍ ഉറപ്പിക്കുന്നതിന്റെ പ്രാധാന്യം വേണ്ട നിലയില്‍ ഉള്‍ക്കൊണ്ട വ്യക്തിത്വമായിരുന്നു പ്രസാദ് സാര്‍. വികസനവും, ക്യാരിയിംഗ് കപ്പാസിറ്റി അഥവ വഹനശേഷിയും പരസ്പര ബന്ധിതമാണെന്ന വീക്ഷണം രൂപപ്പെടുത്തുന്നതും അത് പദ്ധതി ചര്‍ച്ചകളുടെ ഭാഗമാക്കുന്നതും അതിന്റെ ഭാഗമായിരുന്നു. പ്രസാദ് സാറിനെ പോലുള്ളവര്‍ മുന്നോട്ടുവെച്ച ആശങ്കകളും, ഉത്ക്കണ്ഠകളും കൂടുതല്‍ ഭയാനകമായ വിധത്തില്‍ പ്രത്യക്ഷപ്പെടുന്നതിന്റെ നിഴലിലാണ് 2018-ലെ മഹാപ്രളയത്തിന് ശേഷമുള്ള കേരളമെന്ന തിരിച്ചറിവ് പോലും നമ്മുടെ ഭരണ സംവിധാനത്തിന് ഇല്ലാതാവുന്നുവെന്ന ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ വിയോഗമെന്നതാണ് ഏറെ ദുഖകരം.

Leave a comment