TMJ
searchnav-menu
post-thumbnail

Outlook

റിയല്‍എസ്റ്റേറ്റ് താല്‍പ്പര്യമാണ് കെ റെയിലിന് പിറകില്‍

22 Dec 2021   |   1 min Read
TMJ

Photo : Prasoon Kiran/tmj

കേരളത്തിലെ നദികളേയും വയലുകളേയും കുന്നുകളേയും കീറി മുറിച്ചു കൊണ്ടുള്ള ഒരു സ്റ്റാന്‍ഡേര്‍ഡ് ഗേജ് പാതയാണ് സില്‍വര്‍ ലൈന്‍ അഥവാ കെ റെയില്‍ എന്ന പദ്ധതിയിലൂടെ കേരള സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. ഒരു ലക്ഷം കോടിയോളം രൂപ ചെലവ് വരുമെന്ന് കണക്കാക്കിയിരിക്കുന്ന ഈ പദ്ധതിയുടെ സാമ്പത്തിക സാങ്കേതിക വശങ്ങളെക്കുറിച്ച് അതാത് മേഖലകളിലെ വിദഗ്ധര്‍ തന്നെ ഗൗരവതരമായ ആശങ്കകള്‍ ഉന്നയിച്ചുകഴിഞ്ഞു. ഇന്ത്യന്‍ റെയില്‍വേയിലെ മുന്‍ എന്‍ജിനിയറിങ് വിദഗ്ദ്ധനായ അലോക് വര്‍മ, ഇ.ശ്രീധരന്‍ തുടങ്ങിയവര്‍ ഉന്നയിച്ചിട്ടുള്ള വിഷയങ്ങള്‍ നമ്മുടെ പൊതുമണ്ഡലങ്ങളില്‍ ലഭ്യമാണ്. പ്രധാനമായി ഈ പദ്ധതിയുടെ പാരിസ്ഥിതിക സാമൂഹ്യ വശങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍, കാലാവസ്ഥ മാറ്റങ്ങളെത്തുടര്‍ന്ന് ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ രൂക്ഷമായ പ്രളയം നേരിട്ട പ്രദേശമെന്ന നിലയില്‍ കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെ കടന്നു പോവുന്ന കെ റെയില്‍ ഉണ്ടാക്കാന്‍ പോകുന്ന പാരിസ്ഥിതികാഘാതങ്ങള്‍ വളരെ രൂക്ഷമായിരിക്കും. ഇതിനോട് സമാനമായി ഉത്തരാഖണ്ഡിലെ ചാര്‍ധാം റോഡ് പ്രോജക്റ്റ് കാരണം അവിടെ സംഭവിച്ച പരിസ്ഥിതി നാശങ്ങളെ കാണാന്‍ കഴിയും. കുന്നുകളിടിച്ച് റോഡുകള്‍ പണിയുകയും പിന്നീട് കനത്ത മഴയില്‍ ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിക്ക് വലിയ ദോഷമുണ്ടാക്കുകയും ചെയ്യുകയായിരുന്നു അവിടങ്ങളില്‍. സമാനമായ അനുഭവമായിരിക്കും കെ റെയില്‍ കേരളത്തിന് സമ്മാനിക്കാന്‍ പോവുന്നത്.

ഒരു പുതിയ റയില്‍വേ ലൈന്‍ എന്ന നിലയില്‍ വളരെ വലിയ രീതിയിലുള്ള ഭൂമിയേറ്റെടുക്കലുകളാണ് കെ റെയിലിന് ആവശ്യമായി വരിക. അതില്‍ കൃഷിയിടങ്ങളും വനങ്ങളും നഗരഭാഗങ്ങളുമെല്ലാം ഉള്‍പ്പെടും. ആയിരക്കണക്കിന് വീടുകള്‍ ഇതിന്റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടും. ഒരു സ്റ്റാന്‍ഡേര്‍ഡ് ഗേജ് പാതയായതിനാല്‍ കെ റെയിലിനെ ഒരിയ്ക്കലും ഇന്ത്യന്‍ റെയില്‍വേയുടെ പാതകളുമായി ബന്ധിപ്പിക്കാനാവില്ല എന്നതാണു യഥാര്‍ത്ഥ്യം. കെ റെയിലിന്റെ പദ്ധതി തുകയുടെ 10% മാത്രം ചെലവഴിച്ചു കൊണ്ട് കേരളത്തിലെ നിലവിലെ റെയില്‍വേ പാതകളുമായി ചേര്‍ന്ന് പുതിയ പാത വികസിപ്പിക്കാനാവുമെന്നും ഈ പാതയിലൂടെ യാത്രക്കാര്‍ക്ക് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരത്തേക്ക് 150 കി.മി വേഗത്തില്‍ സഞ്ചരിക്കാവുമെന്നും അലോക് വര്‍മ്മ നിര്‍ദ്ദേശിക്കുന്നുണ്ട്. അലോക് വര്‍മയും ഇ ശ്രീധരനുമടക്കമുള്ളവര്‍ മുന്നോട്ട് വെക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നാണ് കെ റെയില്‍ പദ്ധതിക്കു വിശദമായ പഠന റിപ്പോര്‍ട്ട് ഇല്ല എന്നുള്ളത്. നിലവിലെ അലൈന്‍മെന്റില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രദേശങ്ങള്‍ ഒരു റെയില്‍ പാതയ്ക്ക് അനുയോജ്യമായവ തന്നെയാണോ എന്നുള്ള യാതൊരു പഠനവും ഇതുവരെ നടന്നിട്ടില്ല.

ടി പി പത്മനാഭന്‍ മാസ്റ്റര്‍, അഡ്വ. പ്രശാന്ത് ഭൂഷണ്‍.

യാതൊരു വിധ കേന്ദ്ര സഹായവും ലഭിക്കാത്ത കെ റെയില്‍ പദ്ധതിക്ക് ചെലവഴിക്കപ്പെടുന്ന തുക മുഴുവന്‍ കേരള സര്‍ക്കാര്‍ തന്നെ കണ്ടെത്തായിട്ടുണ്ട്. ഈ തുകയുടെ മുഴുവന്‍ ഭാരവും കേരളത്തിലെ ജനങ്ങളുടെ മേലായിരിക്കും പതിക്കുക. കേരള സര്‍ക്കാര്‍ പറയുന്നതു പ്രകാരമാണെങ്കില്‍ ജപ്പാനില്‍ നിന്നും ലഭിക്കുന്ന സോഫ്ട് ലോണിലൂടെയായിരിക്കും പദ്ധതിയുടെ പണം കണ്ടെത്തുക. ജപ്പാന്‍ നാണ്യപ്പെരുപ്പം ഉണ്ടാകാത്ത രാജ്യങ്ങളിലൊന്നാണ് എന്ന വസ്തുത നമ്മള്‍ ഓര്‍ക്കണം. നാണ്യപ്പെരുപ്പം തുടര്‍ച്ചയായി അനുഭവപ്പെടുന്ന ഇന്ത്യ പോലൊരു രാജ്യത്തെ ഒരു സംസ്ഥാന സര്‍ക്കാര്‍ ജപ്പാന്‍ പോലൊരു രാജ്യത്തു നിന്നും ലോണ്‍ സ്വീകരിക്കുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്ന ഘട്ടത്തില്‍ ലോണ്‍ തിരിച്ചടവ് ബാധ്യതയായി മാറുമെന്ന കാര്യം നിശ്ചയമാണ്. ഈ തിരിച്ചടവ് സാധ്യമാകണമെങ്കില്‍ കെ റയില്‍ ദിവസേന ആയിരക്കണക്കിന് യാത്രികര്‍ ഉപയോഗിക്കുകയും ഇവരെല്ലാം വലിയ തുക ടിക്കറ്റിനായി മുടക്കുകയും ചെയ്യേണ്ടി വരും. ഇത് തീര്‍ച്ചയായും അനിശ്ചിതത്വമേറിയ ഒരു വിഷയമാണ്. ആ രീതിയില്‍ ഇത് ആത്യന്തികമായി കേരളത്തിലെ ജനങ്ങളുടെ ചുമലില്‍ ഭാരമായി മാറുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

റിയല്‍ എസ്റ്റേറ്റ് താല്പര്യങ്ങളാണ് കെ റെയിലിനു പിന്നിലുള്ളത്. റിയല്‍ എസ്റ്റേറ്റ് മാഫിയ നിലവിലെ സില്‍വര്‍ ലൈന്‍ അലൈന്‍മെന്റില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രദേശങ്ങളില്‍ വന്‍ തോതില്‍ ഭൂമി വാങ്ങി കൂട്ടുകയാണ്. അതുപോലെ തന്നെ കെ റെയിലുമായി ബന്ധപ്പെട്ട് നിരവധി കരാറുകളും സാമ്പത്തിക ക്രയവിക്രയങ്ങളുമാണ് നടക്കാന്‍ പോകുന്നത്. ഇതുമായി ബന്ധപ്പെട്ടിട്ടുള്ളവരുടെ താല്പര്യങ്ങളുമാണ് കെ റെയില്‍ പദ്ധതിയെ യഥാര്‍ത്ഥത്തില്‍ നയിക്കുന്നത്. തീര്‍ത്തും ജനവിരുദ്ധമായ ഈ പദ്ധതിക്കെതിരെ കേരളത്തിലെ വിവിധ കോണുകളില്‍ നിന്ന് ജനങ്ങളുടെ പ്രതിരോധമുണ്ടാകുന്നു എന്നത് വലിയ ശുഭസൂചനയാണ്. ഈ പദ്ധതിയെ എതിര്‍ത്ത് തോല്‍പ്പിക്കാനാവുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.

(‘കെ‌.റെയില്‍-സില്‍വര്‍ ലൈന്‍ പ്രതിരോധ സമിതി’ പയ്യന്നൂരില്‍ സംഘടിപ്പിച്ച സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് അഡ്വ.പ്രശാന്ത് ഭൂഷണ്‍ നടത്തിയ പ്രസംഗത്തിന്റെ സംക്ഷിപ്തരൂപം.)

Leave a comment