TMJ
searchnav-menu
post-thumbnail

Outlook

സിഖ് രാഷ്ട്രീയത്തിന്റെ ഭാവിയെന്ത് ?

16 Mar 2022   |   1 min Read
ജുനൈദ് ടി പി തെന്നല

PHOTO: PTI

ഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പഞ്ചാബിലെ തിരഞ്ഞെടുപ്പ് ഫലമാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്. കോൺഗ്രസിന്റെ പതനവും ആംആദ്മിയുടെ മുന്നേറ്റവും പ്രവചിക്കപ്പെട്ടിരുന്നെങ്കിലും ആപ്പ് ഇത്ര വലിയ ഭൂരിപക്ഷത്തിലേക്ക് നടന്നു കയറുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. അതിനേക്കാൾ വലിയ ഞെട്ടലുണ്ടാക്കിയത് സിഖ് രാഷ്ട്രീയത്തിന്റെ തേരാളികളായ ശിരോമണി അകാലിദളിന്റെ വീഴ്ചയാണ്. രൂപീകരണ കാലം മുതൽ പഞ്ചാബ് രാഷ്ട്രീയത്തിലെ നിർണായക സ്വാധീനമായിരുന്ന അകാലിദൾ സംസ്ഥാന രാഷ്ട്രീയത്തിൽ ഈ തിരഞ്ഞെടുപ്പോടെ ഒന്നുമല്ലാതായി മാറിയിരിക്കുകയാണ്. അഞ്ച് തവണ മുഖ്യമന്ത്രിയായ പാർട്ടിയുടെ മുതിർന്ന നേതാവ് പ്രകാശ് സിങ് ബാദലും മകനും മുൻ ഉപമുഖ്യമന്ത്രിയും പാർട്ടി അദ്ധ്യക്ഷനുമായ സുക്ബീർ സിങ് ബാദലും അടക്കം തോറ്റത് സിഖ് രാഷ്ട്രീയത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകളിലേക്ക് കൂടി വഴി തുറന്നിരിക്കുകയാണ്. പ്രകാശ് സിങ് ബാദലിനെ കൂടാതെ അമരീന്ദർ സിങും ചരൺജിത്ത് സിംഗ് ചന്നിയും അടക്കം മൂന്ന് മുൻ മുഖ്യമന്ത്രിമാരാണ് ഇത്തവണ അസംബ്ലിക്ക് പുറത്തായിരിക്കുന്നത്.

ആപ്പിന്റെ മുന്നേറ്റം നൽകുന്ന സൂചന

2017 അസംബ്ലി തിരഞ്ഞെടുപ്പിലാണ് സംസ്ഥാനത്ത് ആദ്യമായി ആംആദ്മി മത്സരിക്കുന്നത് അരങ്ങേറ്റത്തിൽ തന്നെ 23.7 ശതമാനം വോട്ട് വിഹിതത്തിൽ 20 സീറ്റ് നേടിയ ആപ്പിന്റെ പ്രകടനം ഡൽഹി എഫക്ടായിരിക്കുമെന്നാണ് കരുതിയവരാണ് ഏറെയും. എന്നാല്‍ ഇത്തവണ ആപ്പ് പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ 92 സീറ്റുകളുമായി നാലിൽ മൂന്ന് ഭൂരിപക്ഷം നേടി ചരിത്രപരമായ വിജയം നേടി നാല് പതിറ്റാണ്ടിനിടെ സംസ്ഥാനത്ത് ഒരു പാർട്ടി നേടിയ ഏറ്റവും ഉയർന്ന സീറ്റാണിത്. കഴിഞ്ഞ അഞ്ച് വർഷത്തെ ഗ്രൗണ്ട് വർക്കും സംഘടനാ സംവിധാനവും കൊണ്ട് ആംആദ്മി അധികാരത്തിലേക്ക് എത്തുമ്പോള്‍ അത് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾക്ക് നൽകുന്ന സന്ദേശം വലുതാണ്. പാർട്ടി രുപീകരിച്ച് പത്ത് വർഷത്തിനിടെ രണ്ട് പ്രധാനപ്പെട്ട സംസ്ഥാനങ്ങളുടെ ഭരണചക്രം നിയന്ത്രിക്കാൻ പാകത്തിൽ വളരുക എന്നത് ചെറിയ നേട്ടമല്ല. കൃത്യമായ ആസൂത്രണവും ചിട്ടയോടെയുള്ള പ്രവര്‍ത്തനവുമാണ് ആപ്പിനെ അധികാരത്തിലെത്തിച്ചത്. പക്ഷേ ഒരു മധ്യവർഗ്ഗ പാർട്ടിയായ ആപ്പിന് കോൺഗ്രസിന് ബദലാവാൻ കഴിയുമോ എന്നത് സംശയമാണ്. വലതുപക്ഷത്തോടും ഇടതുപക്ഷത്തോടും കൃത്യമായ അകലം പാലിക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രം ഇന്ത്യന്‍ ജനസാമാന്യത്തിന്റെ ആവശ്യങ്ങളോട് എത്രകണ്ട് സംവദിക്കാനാവും എന്ന് കണ്ടറിയേണ്ടത്. വെൽഫെയർ സ്റ്റേറ്റ് എന്ന സങ്കല്പത്തിൽ കുറേ ക്ഷേമ പദ്ധതികള്‍ നടപ്പാക്കുക എന്നതൊഴിച്ചാൽ മൂല്ല്യാധിഷ്ഠിതമായ എന്ത് രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ് ആപ്പിനുള്ളത് എന്ന ചോദ്യം പ്രസക്തമാണ്. കോൺഗ്രസിനെ പോലെ തന്നെ മൃദുഹിന്ദുത്വ രാഷ്ട്രീയ നിലപാട് ഹിന്ദു വോട്ടുകൾ പെട്ടിയിലാക്കാൻ സഹായിച്ചേക്കാം പക്ഷേ കോൺഗ്രസ് മുന്നോട്ട് വെക്കുന്ന വിശാലമായ രാഷ്ട്രീയത്തെ ആപ്പിന് സ്വീകരിക്കാൻ കഴിയുന്നില്ല തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ആപ്പ് കോൺഗ്രസിനേക്കാൾ മികച്ചു വന്നാലും പ്രത്യശാസ്ത്രപരമായി ആപ്പിന് കോൺഗ്രസിന് ബദലാവാൻ കഴിയില്ല . പൗരത്വ നിയമ ഭേദഗതി നിയമ സമരത്തിലും ഡൽഹി കലാപത്തിലും ഇരകൾക്ക് വേണ്ടി സംസാരിക്കാൻ കഴിയാത്ത കെജ്രിവാളിനെ ഇന്ത്യയിലെ ന്യൂനപക്ഷം എത്രകണ്ട് വിശ്വാസത്തിലെടുക്കുമെന്നതും കണ്ടറിയേണ്ടതാണ്.

അരവിന്ദ് കെജ്രിവാളും ഭഗ്വന്ത് മന്നും | PHOTO : FAcebook

അകാലിദള്ളിന്റെ വീഴ്ച

57 ശതമാനം സിഖ് ജനസംഖ്യയുള്ള പഞ്ചാബിൽ സംഘപരിവാർ രാഷ്ട്രീയത്തിന് ഒരിക്കലും ഇടം കിട്ടിയിട്ടില്ല, സിഖ് സത്വ രാഷ്ട്രീയം ഉയർത്തുന്ന ഒരു നൂറ്റാണ്ടിന്റെ ചരിത്രമുള്ള പാർട്ടിയാണ് ശിരോമണി അകാലിദൾ കോൺഗ്രസ് കഴിഞ്ഞാൽ പഞ്ചാബിൽ ഏറ്റവും കൂടുതൽ അധികാരത്തിലിരുന്നതും അകാലിദളാണ്. പഞ്ചാബ് ഒരു സ്വതന്ത്ര റിപ്പബ്ലിക്കാവണമെന്ന് വാദിക്കുന്ന പാർട്ടി പല കാലങ്ങളിലും വിഘടനാ വാദത്തെ തൊട്ടും താലോടിയുമാണ് വളർന്നത്. എന്നാല്‍ അതൊരു വലിയ രാഷ്ട്രീയ പ്രതിസന്ധിയായി മാറാതിരുന്നത് അകാലിദൾ അധികാരം കയ്യാളിയത് കൊണ്ട് കൂടിയാണ് എന്ന വസ്തുത തള്ളിക്കളയാനാവില്ല. അത്രകണ്ട് പഞ്ചാബിൽ പ്രസക്തമാണ് ഈ പാർട്ടി. ബാബരി മസ്ജിദ് പൊളിച്ച ശേഷം മുസ്ലീങ്ങൾ ബിജെപിക്ക് വോട്ട് ചെയ്തിട്ടില്ല പക്ഷെ സുവർണ്ണ ക്ഷേത്രം അക്രമിച്ചിട്ടും ഇപ്പോഴും സിഖുകാർ കോൺഗ്രസിന് വോട്ട് ചെയ്യുന്നു എന്ന് ഒരിക്കല്‍ സുഖ്ബീർ സിങ് പ്രസംഗിക്കുകയുണ്ടായിരുന്നു. സിഖുകാരുടെ വൈകാരിക രാഷ്ട്രീയത്തെ എത്രമേൽ അകാലിദൾ ഊതിക്കത്തിച്ചിട്ടുണ്ട് എന്നതിന്റെ കൂടി സാക്ഷ്യമാണ് ഈ പ്രസ്താവന. കർഷക സമരം കൊടുമ്പിരി കൊള്ളുന്ന സമയത്ത് തങ്ങളുടെ അസ്തിത്വം തന്നെ ഇല്ലാതാവുമെന്ന് കണ്ടാണ് പഞ്ചാബിലെ സിഖ് കർഷക വോട്ടുകൾ ചോർന്ന് പോകുമെന്ന ഭയത്താല്‍ കേന്ദ്രത്തിലെ എൻഡിഎ മന്ത്രിസഭയിൽ നിന്ന് തങ്ങളുടെ പ്രതിനിധി ഹർസ്മിത്ര കൗറിന് രാജിവെപ്പിച്ചത്. എന്നിട്ടും 117 അംഗസഭയിൽ അകാലിദള്ളിന് വെറും മൂന്ന് സീറ്റ് മാത്രമാണ് നേടാനായത്. ഇന്ത്യയിലെ വെറും രണ്ട് ശതമാനത്തിനടുത്ത് മാത്രം വരുന്ന സിഖ് സമുദായത്തിന് സർക്കാർ സംവിധാനങ്ങളിലടക്കം ലഭിക്കുന്ന പ്രിവിലേജും ആനുകൂല്യങ്ങളും അകാലിദള്ളിന്റെ രാഷ്ട്രീയ ശക്തിയുടെ കൂടി ഫലമായി ഉണ്ടായതാണ്. കർഷക പ്രക്ഷേപത്തിൽ കർഷകർക്കൊപ്പമാണ് എന്ന് പ്രഖ്യാപിച്ചിട്ടും സമുദായം അകാലിദള്ളിനെ ഈ വിധം നിരാകരിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടികളിലൊന്നായി തന്നെ പരിഗണിക്കാം.

അധികാരത്തില്‍ അകാലിദള്ളിന് കാര്യമായ ഇടമില്ലാതാവുന്നതോടെ സിഖ് സ്വത്വ രാഷ്ട്രീയത്തെ ആര് അഭിസംബോധന ചെയ്യുമെന്നത് ഒരു പ്രശ്നമായി മാറും. കോൺഗ്രസിനോ ആംആദ്മിക്കോ അവരുടെ പൊളിറ്റിക്കൽ ഐഡന്റിറ്റിക്ക് പൂർണ്ണമായി പുറത്തുകടക്കാൻ കഴിയില്ല എന്നത് ഒരു പ്രതിസന്ധിയാണ്.

കോൺഗ്രസിനേറ്റ തിരിച്ചടി

ഒന്നര വർഷം മുൻപ് വരെ കോൺഗ്രസ് തീർച്ചയായും അധികാരം നിലനിർത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ട സംസ്ഥാനമാണ് പഞ്ചാബ്, സവർണ്ണ സിഖ് മുഖവും പഞ്ചാബ് രാഷ്ട്രീയത്തിലെ ക്രൗഡ് പുള്ളറുമായിരുന്ന മുഖ്യമന്ത്രി അമരീന്ദർ സിങിനെ പിസിസി അദ്ധ്യക്ഷനായ സിദ്ദുവിന്റെ അധികാരക്കൊതിക്ക് വേണ്ടി പുകച്ചു പുറത്തു ചാടിച്ചതാണ് പഞ്ചാബിലെ പരാജയത്തിന് ഇത്ര വലിയ ആഴം കൂട്ടിയത്, കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാറിന്‍റെ കാലത്ത് സുവർണ്ണ ക്ഷേത്രത്തിൽ നടപ്പാക്കിയ ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന് ശേഷവും സിഖ് കൂട്ടക്കൊല സംഭവിച്ച കാലത്തുമൊന്നും കോൺഗ്രസിന് ഇത്ര വലിയ പരാജയം നേരിടേണ്ടി വന്നിരുന്നില്ല. ഭരണവിരുദ്ധ വികാരത്തേക്കാൾ ഗ്രൂപ്പ് വഴക്കാണ് ജനങ്ങള്‍ക്ക് പാർട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തിയത്, സിദ്ദുവിന്റെ തോൽവിക്ക് കാരണം തിരയേണ്ടതില്ലെങ്കിലും സാമാന്യം നല്ല ഇമേജുണ്ടായിരുന്ന മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി മത്സരിച്ച രണ്ടിടത്തും തോൽവി ഏറ്റുവാങ്ങിയത് ജനങ്ങള്‍ എത്രമാത്രം ഈ പാർട്ടിയിൽ നിന്ന് അകന്നു പോയിട്ടുണ്ട് എന്നതിന്റെ അടയാളമാണ്. ആപ്പിന് മികച്ച ഭരണം നടത്താനായാൽ ദൽഹി പോലെ പഞ്ചാബിൽ അനായാസം അധികാരത്തില്‍ തുടരാൻ വലിയ പ്രയാസമുണ്ടാവില്ല. അങ്ങനെ വന്നാൽ സംഘടനാപരമായി വലിയ നവീകരണം നടത്താതെ അധികാരത്തിലേക്ക് തിരിച്ചെടുത്തുക കോൺഗ്രസിന് വലിയ സ്വപ്നമായി മാറും.

സിഖ് രാഷ്ട്രീയം ആര് സംസാരിക്കും?

അധികാരത്തില്‍ അകാലിദള്ളിന് കാര്യമായ ഇടമില്ലാതാവുന്നതോടെ സിഖ് സ്വത്വ രാഷ്ട്രീയത്തെ ആര് അഭിസംബോധന ചെയ്യുമെന്നത് ഒരു പ്രശ്നമായി മാറും. കോൺഗ്രസിനോ ആംആദ്മിക്കോ അവരുടെ പൊളിറ്റിക്കൽ ഐഡന്റിറ്റിക്ക് പൂർണ്ണമായി പുറത്തുകടക്കാൻ കഴിയില്ല എന്നത് ഒരു പ്രതിസന്ധിയാണ്. എന്നിരുന്നാലും സിഖ് പ്രീണന നയങ്ങളുമായി അകാലിദള്ളിന്റെ സ്പേസിലേക്ക് കടന്നു ചെല്ലാന്‍ ആംആദ്മിക്ക് തടസ്സമുണ്ടാവില്ല. പക്ഷേ കോൺഗ്രസിന് ആ കുപ്പായം അത്രകണ്ട് ചേരില്ല. മാത്രവുമല്ല അങ്ങനെ വന്നാൽ തന്നെ ദേശീയ തലത്തില്‍ കോൺഗ്രസിന് അത് ക്ഷീണമാണുണ്ടാക്കുക. അത് കൊണ്ട് തന്നെ അകാലിദള്ളിന് തിരിച്ചു വരാൻ പാകത്തിന് ഒരു സ്പേസ് ഒഴിഞ്ഞു കിടക്കും എന്ന് തന്നെ കരുതാം.

Leave a comment