TMJ
searchnav-menu
post-thumbnail

Outlook

വീണ്ടും പുകഞ്ഞ് രാജസ്ഥാൻ കോൺഗ്രസ്

04 Nov 2022   |   1 min Read
ടി ജെ ശ്രീലാൽ

തിരഞ്ഞെടുപ്പിലൂടെ പുതിയ പ്രസിഡന്റിനെ കണ്ടെത്തി. അദ്ദേഹം ചുമതലയും ഏറ്റു. പക്ഷെ കോൺഗ്രസ് പാർട്ടിയുടെ പ്രതിസന്ധികൾക്ക് യാതൊരു അയവും വന്നിട്ടില്ല. രാജസ്ഥാനിൽ പരസ്യപോര് വീണ്ടും തുടങ്ങിയത് തന്നെ ഏറ്റവും പുതിയ ഉദാഹരണം. പ്രസിഡന്റ് തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരുന്ന സച്ചിൻ പൈലറ്റ് കച്ചമുറുക്കി മുഖ്യമന്ത്രി അശോക് ഗലോട്ടിനെതിരെ വീണ്ടും രംഗത്തിറങ്ങിയിരിക്കുകയാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷം നേടിയ മല്ലികാർജ്ജുന ഖർഗെ പ്രസിഡന്റിന്റെ ചുമതല ഏറ്റെടുത്തിട്ട് രണ്ടാഴ്ച തികയുന്നതേയുള്ളു. ഇതിനിടെ രണ്ട് തവണ സച്ചിൻ പൈലറ്റ് അദ്ദേഹവുമായി കൂടികാഴ്ച നടത്തി. രാജസ്ഥാനിൽ നേതൃമാറ്റം വേണമെന്ന ആവശ്യവും ഉന്നയിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ സോണിയഗാന്ധിയും രാഹുൽ ഗാന്ധിയും നൽകിയ ഉറപ്പായിരുന്നു സച്ചിന് മുഖ്യമന്ത്രി പദം. ആ ഉറപ്പ് പാലിക്കണമെന്നാണ് സച്ചിന്റെ ആവശ്യം. അതിന് ഇനിയും കാത്തിരിക്കാനികല്ലെന്ന വ്യക്തമായ സന്ദേശം തന്നെയാണ് സച്ചിൻ പക്ഷം നൽകുന്നത്.

ഉന്നം മന്ത്രിമാർ, ലക്ഷ്യം മുഖ്യമന്ത്രി

ഗലോട്ട് പക്ഷക്കാരായ മൂന്ന് മന്ത്രിമാരെ ഉന്നമിട്ടാണ് സച്ചിൻ പൈലറ്റ് പട നയിക്കുന്നത്. അശോക് ഗലോട്ടിനെ പാർട്ടി പ്രസിഡന്റാക്കി സച്ചിനെ മുഖ്യമന്ത്രിയാക്കാനുള്ള ഹൈക്കമാന്റ് നീക്കത്തിനെതിരെ സെപ്തംബറിൽ ലഹള നയിച്ച മന്ത്രിമാരായ ശാന്തി ധരിവാളിനും, മഹേഷ് ജോഷിക്കും ധർമേന്ദ്ര റത്തോഡിനും എതിരെയുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നാണ് സച്ചിന്റെ പുതിയ ആവശ്യം. സച്ചിൻ ഉന്നം വയ്ക്കുന്നത് ഈ നേതാക്കളെയാണെങ്കിലും ആ ഉന്നത്തിന് പിറകിലെ ലക്ഷ്യം മുഖ്യമന്ത്രി ഗലോട്ട് തന്നെയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി അശോക് ഗലോട്ടിനെ പുകഴ്ത്തിയതിന് പിന്നിലെ യഥാർത്ഥ കാരണം തിരിച്ചറിയണമെന്ന സച്ചിന്റെ പരിഹാസം ഈ ലക്ഷ്യം വ്യക്തമാക്കുന്നതുമാണ്. രാജസ്ഥാനിലെ പൊതുപരിപാടിയിൽ ഒന്നിച്ച് പങ്കെടുത്തപ്പോൾ മോദി നടത്തിയ സൗഹാർദ്ദപരമായ പരാമർശമാണ് അശോക് ഗലോട്ടിനെതിരെ പരിഹാരമായി സച്ചിൻ എയ്തു വിട്ടത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ മുതൽ ഗലോട്ടുമായി സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്നും സീനിയർ മുഖ്യമന്ത്രിമാരിൽ ഒരാളാണ് ഗലോട്ടെന്നുമായിരുന്നു മോദിയുടെ പരാമർശം. മുമ്പ് മോദി പുകഴ്ത്തിയ ഗുലാം നബി ആസാദ് പിന്നീട് എന്തു ചെയ്തു എന്ന് മറക്കരുതെന്നാണ് ഇതിൽ പിടിച്ച് ഗലോട്ടിനെ കടന്നാക്രമിച്ച് സച്ചിന്റെ പരിഹാസം.

അശോക് ഗലോട്ട്, സച്ചിൻ പൈലറ്റ് | Photo: Pti

ഇതൊരു വെറും പരിഹാസമല്ല. മുഖ്യമന്ത്രി ഗലോട്ടിനെതിരെയുള്ള പുതിയ പടപുറപ്പാടിന്റെ പ്രഖ്യാപനമാണ്. ഗലോട്ടിനൊപ്പം നിൽക്കുന്ന മൂന്ന് നേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സച്ചിൻ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഇതിന് കാരണവുമുണ്ട്. ഇവർക്കെതിരെ അച്ചടക്കലംഘനത്തിനാണ് നടപടി തുടങ്ങിയത്. അതും പുതിയ പ്രസിഡന്റിന് നേരിട്ട് അനുഭവമുള്ള വിഷയത്തിൽ. ഗലോട്ടിനെ ദേശീയ പ്രസിഡന്റാക്കുന്നതിന്റെ ഭാഗമായി രാജസ്ഥാനിലെ നേതൃമാറ്റം ആലോചിക്കാൻ വിളിച്ച നിയമസഭ കക്ഷിയോഗം ബഹിഷ്‌കരിക്കാൻ നേതൃത്വം നൽകിയതിനാണ് ഈ മൂന്ന് പേർക്കും എതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. നേതൃമാറ്റം നടപ്പിലാക്കാൻ ഹൈക്കമാന്റ് പ്രതിനിധികളായി അന്ന് ജയ്പൂരിലെത്തിയ രണ്ട് നേതാക്കളിൽ ഒരാൾ മല്ലികാർജ്ജുന ഖർഗെയാണ്. നിയമസഭ കക്ഷിയോഗം വിളിക്കാനായില്ലെന്ന് മാത്രമല്ല എംഎൽഎമാരെ കാണാൻ കൂടി കഴിയാതെയാണ് അന്ന് ഖർഗേയ്ക്കും അജയ്മാക്കനും മടങ്ങേണ്ടി വന്നത്. ഖർഗെയ്ക്ക് തന്നെ നേരിട്ട അനുഭവം ഓർമപ്പെടുത്തിയാണ് സച്ചിൻ നടപടി ആവശ്യപ്പെടുന്നത്.

സച്ചിൻ പരസ്യമായി രംഗത്തിറങ്ങിയെങ്കിലും അശോക് ഗലോട്ട് പക്ഷം ഇതുവരെ കടന്നാക്രമണത്തിന് മുതിർന്നിട്ടില്ല. പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ നടത്തിയ നാടകത്തിൽ സോണിയയും രാഹുലും ഉൾപ്പെടെ അതൃപ്തി രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഗലോട്ട് പക്ഷം തൽക്കാലം പതുങ്ങുന്നത്. അച്ചടക്കം എല്ലാവർക്കും ബാധകമാണെന്ന് പറഞ്ഞു നിറുത്തിയിരിക്കുകയാണ് അശോക് ഗലോട്ട്. ഹൈക്കമാന്റിന്റെ അടുത്ത നീക്കം വരെ കാത്തിരിക്കാനാണ് ഗലോട്ടിന്റെ തീരുമാനം. ഹൈക്കമാന്റ് നീക്കം തനിക്കെതിരാണെങ്കിൽ പറഞ്ഞ് നിറുത്തിയ ഇടത്ത് നിന്ന് ഗലോട്ട് തുടങ്ങും. അദ്ദേഹത്തിനൊപ്പം നിൽക്കുന്നവർ നൽകുന്ന സൂചനയും അതു തന്നെ. ഗലോട്ടിനെ എങ്ങനേയും ഗോദയിലിറക്കാനുള്ള തന്ത്രം കൂടിയാണ് സച്ചിൻ പയറ്റുന്നത്. അത് കൂടി ലക്ഷ്യമിട്ടാണ് നേതൃമാറ്റം അട്ടിമറിക്കാൻ ഗലോട്ടിന് ഒപ്പം നിന്നവർക്കെതിരെയുള്ള നടപടിക്കായി സച്ചിൻ പടയൊരുക്കം നടത്തുന്നത്. നിർണ്ണായക യുദ്ധത്തിൽ കൂടെ നിന്നവരെ കൈവിടാൻ ഗലോട്ടിന് സാധിക്കില്ല. അത്തരമൊരു സാഹചര്യമുണ്ടായാൽ ഗലോട്ടും രംഗത്തിറങ്ങും. നിലവിൽ ഹൈക്കമാന്റിന് താൽപര്യം സച്ചിൻ പൈലറ്റിനെയാണ്. അതുകൊണ്ട് തന്നെ വീണ്ടും ചക്കളത്തിൽ പോരുണ്ടായാൽ ഹൈക്കമാന്റ് ഒപ്പം നിൽക്കുമെന്നാണ് സച്ചിന്റെ പ്രതീക്ഷ.

ഇതിനിടെയാണ് ഹിമാചൽ പ്രദേശിലേയും ഗുജറാത്തിലേയും നിയമസഭ തിരഞ്ഞെടുപ്പുകൾ. ഹിമാചൽ പ്രദേശിൽ ബിജെപിയും കോൺഗ്രസും ഒരു പോലെ വിമത പ്രതിസന്ധി നേരിടുകയാണ്. വിമതരെ അനുനയിപ്പിക്കാനും അകറ്റി നിറുത്താനും ബിജെപി ദേശീയ അധ്യക്ഷൻ തന്നെ രംഗത്തുണ്ട്.

ഇരുട്ടടിയായി നിയമസഭ തിരഞ്ഞെടുപ്പുകളും

പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ പാളിയ തന്ത്രം രാജസ്ഥാനിലുണ്ടാക്കിയിട്ടുള്ള പ്രതിസന്ധി എങ്ങനെ മറികടക്കുമെന്ന കാര്യത്തിൽ പക്ഷെ പുതിയ നേതൃത്വത്തിനും ഒരു രൂപവുമില്ല എന്നതാണ് വസ്തുത. പ്രതിസന്ധിക്ക് പിന്നാലെ ജനപ്രിയ പദ്ധതികളും പ്രഖ്യാപനങ്ങളും നടത്തി തരംഗമുണ്ടാക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി. ഒരു പരിധി വരെ ഗലോട്ട് ഈ ശ്രമത്തിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ നാടകം കളിച്ചതിന്റെ പേരിൽ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാനാകില്ല. മറ്റു കാരണങ്ങൾ കണ്ടെത്താൻ സാവകാശം വേണം. തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ നേതൃത്വം സ്ഥാനമേറ്റെങ്കിലും നേതാക്കളിൽ ഭൂരിപക്ഷവും ഇപ്പോഴും രാഹുലിനൊപ്പം ജോഡോ നടത്തം തുടരുകയാണ്. അതുകൊണ്ട് തന്നെ കടുത്ത തീരുമാനങ്ങളെടുക്കാൻ പോയിട്ട് കൂടിയാലോചനയ്ക്ക് പോലും ഡൽഹിയിൽ സാഹചര്യമില്ല. ഇതിനിടെയാണ് ഹിമാചൽ പ്രദേശിലേയും ഗുജറാത്തിലേയും നിയമസഭ തിരഞ്ഞെടുപ്പുകൾ. ഹിമാചൽ പ്രദേശിൽ ബിജെപിയും കോൺഗ്രസും ഒരു പോലെ വിമത പ്രതിസന്ധി നേരിടുകയാണ്. വിമതരെ അനുനയിപ്പിക്കാനും അകറ്റി നിറുത്താനും ബിജെപി ദേശീയ അധ്യക്ഷൻ തന്നെ രംഗത്തുണ്ട്. ഈ മാസം 22ന് വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് വിമത വിഷയത്തിൽ ഇപ്പോഴും സംസ്ഥാന നേതൃത്വത്തിന്റെ ശുപാർശയും കാത്തിരിക്കുകയാണ് കോൺഗ്രസ് ഹൈക്കമാന്റ്

ഗുജറാത്തിലെ സ്ഥിതി അതിലും ദയനീയമാണ്. രണ്ട് ഘട്ടങ്ങളിലായി അടുത്ത മാസം ഒന്നും അഞ്ചിനുമാണ് ഗുജറാത്തിൽ വോട്ടെടുപ്പ്. തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ എവിടേയും എത്തിയില്ലെന്ന് മാത്രമല്ല സ്ഥാനാർത്ഥി നിർണ്ണയത്തിന് ഒത്തുകൂടേണ്ട നേതൃത്വം അഞ്ച് മേഖലകളിൽ യാത്രയിലാണ്. ജോഡോ യാത്ര ഗുജറാത്തിലേക്ക് കടക്കാത്തതിനെതിരെ വിമർശനം ശക്തിപ്പെട്ടതിനെ തുടർന്നാണ് സംസ്ഥാനത്തെ അഞ്ച് മേഖലകളായി തിരിച്ച് കോൺഗ്രസ് നേതൃത്വം അഞ്ച് യാത്രകൾ പ്രഖ്യാപിച്ചത്. ആകെയുള്ള 182 മണ്ഡലങ്ങളിൽ 175ലൂടെയും യാത്ര കടന്ന് പോകും. മാസങ്ങൾക്ക് മുമ്പ് തന്നെ ഈ അഞ്ച് മേഖലകളിലൂടേയും യാത്ര നടത്തിയ ബിജെപി പ്രധാനമന്ത്രി മോദിയേയും ആഭ്യന്തരമന്ത്രി അമിത്ഷായെയും രംഗത്തിറക്കി കാടിളക്കിയുള്ള പ്രചാരണം നടത്തുമ്പോഴാണ് കോൺഗ്രസ് യാത്രകൾക്ക് തുടക്കമിട്ടിരിക്കുന്നത്.

കഴിഞ്ഞ 27 വർഷമായി ഗുജറാത്ത് ഭരിക്കുന്ന ബിജെപി താഴെയിറക്കാനുള്ള തന്ത്രങ്ങൾ മെനയാൻ ഇപ്പോൾ അഹമ്മദാബാദിൽ കോൺഗ്രസ് ദേശീയ നേതാക്കൾ ആരുമില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി മുന്നിൽ നിന്നാണ് ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത്. അധികാരം പിടിക്കാനായില്ലെങ്കിലും എഴുപത്തിയേഴ് സീറ്റുകളും 41.4% വോട്ടുകളും കോൺഗ്രസ് നേടി. ഇത്തവണ ഈ ശ്രമങ്ങളെല്ലാം ഏറ്റെടുത്ത് നടത്തേണ്ടത് പിസിസി നേതൃത്വമാണ്. രാഹുലും മറ്റ് ഹൈക്കമാന്റ് നേതാക്കളും ജോഡോ യാത്രയിലാണ്. തൊട്ടടുത്ത സംസ്ഥാനത്തെ തലെയെടുപ്പുള്ള നേതാക്കൾ ഗുജറാത്തിലെ മേഖലാ യാത്രയിലും. പ്രിയങ്ക ഗാന്ധിയെ എത്തിച്ച് പ്രചാരണം ഉഷാറാക്കാനുള്ള അവസാന വട്ട ശ്രമത്തിലാണ് സംസ്ഥാന നേതൃത്വം.

രാജസ്ഥാനിൽ ഉരുണ്ട് കൂടുന്ന പുതിയ പ്രതിസന്ധി ഗുജറാത്തിലെ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളേയും ബാധിക്കും. ഗുജറാത്തിലെ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾക്കായി പ്രത്യേക നിരീക്ഷകനായി സോണിയ ഗാന്ധി നിയമിച്ചത് രാജ്സ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ടിനെയാണ്. പിസിസി സംഘടിപ്പിക്കുന്ന മേഖല യാത്രയിലെ പ്രധാന പ്രചാരകരിലൊരാളും ഗലോട്ട് തന്നെ. രാജസ്ഥാനിൽ പ്രതിസന്ധി രൂക്ഷമായാൽ ഗലോട്ട് സംസ്ഥാനം വിട്ട് പുറത്തേക്കിറങ്ങില്ല. ഇതു കൊണ്ട് ഗുജറാത്ത് കോൺഗ്രസിന് നഷ്ടമാകുന്നത് മുഖ്യമന്ത്രി ഗലോട്ടെന്ന പ്രചാരകനെ മാത്രമല്ല അദ്ദേഹം രാജസ്ഥാനിൽ നിന്നെത്തിക്കുന്ന പ്രചാരണ ഫണ്ടും കൂടിയാണ്. കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വരെ അശോക് ഗലോട്ട് എത്തിയിരുന്നു. അദ്ദേഹം ഒപ്പം കൊണ്ട് വന്ന പെട്ടികളാണ് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ചതെന്ന ആരോപണം അന്ന് ശക്തമായിരുന്നു.

രാജസ്ഥാനൊപ്പം ഛത്തീസ്ഗഡിലും മധ്യപ്രദേശിലും അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കും. കഴിഞ്ഞ തവണ ബിജെപിയെ പുറംതള്ളി കോൺഗ്രസിനെ അധികാരത്തിലെത്തിച്ച സംസ്ഥാനങ്ങളാണ് ഈ മൂന്നും. ഒരുവർഷത്തിനപ്പുറം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ അധികാരം പിടിക്കണമെങ്കിൽ മുഖ്യമന്ത്രി അശോക് ഗലോട്ട് പാർട്ടിക്കൊപ്പം ഉണ്ടായേ മതിയാകൂ.

നോക്കുകുത്തിയായി നേതൃത്വം

സച്ചിൻ പൈലറ്റിന് കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്ത് സോണിയയും രാഹുലും നേരിട്ട് നൽകിയ വാഗ്ദാനമാണ് രാജസ്ഥാൻ മുഖ്യമന്ത്രി പദം. അന്ന് അശോക് ഗലോട്ടിനെ അനായാസം രാജസ്ഥാനിൽ നിന്ന് പുറത്തെത്തിക്കാനാകുമെന്നായിരുന്നു അവർ കണക്ക് കൂട്ടിയത്. അതുകൊണ്ടാണ് അത്തരമൊരുറപ്പ് പൈലറ്റിന് ഇരുവരും നൽകിയതും. എന്നാൽ പിന്നീട് തന്ത്രം മാറി. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും സംഘടനയിൽ ജനാധിപത്യത്തിലൂടെ പുതിയ പ്രസിഡന്റിനെ കണ്ടെത്താൻ നടത്തിയ തന്ത്രം ആകെ അധികാരത്തിലുളള രണ്ട് സംസ്ഥാനങ്ങളിൽ ഒന്നിൽ ഭരണ പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ നിളുന്നതിന്റെ വക്കോളമെത്തിയിരിക്കുന്നു. എന്നിട്ടും ഹൈക്കമാന്റിന് പ്രത്യേകിച്ചൊന്നും ചെയ്യാൻ കഴിയുന്നില്ല എന്നത് തിരഞ്ഞെടുപ്പിന് ശേഷവും നേതൃത്വത്തിന് പിസിസികളെയും പ്രാദേശിക നേതാക്കളെയും നിയന്ത്രിക്കാനും നയിക്കാനും കഴിയുന്നില്ല എന്നതാണ് വ്യക്തമാക്കുന്നത്.

പുതിയ പ്രസിഡന്റ് അധികാരമേറ്റെങ്കിലും അശോക് ഗലോട്ടിനെ പോലൊരു നേതാവിനെ വരുതിക്ക് കൊണ്ട് വരാൻ അദ്ദേഹത്തിന് കഴിയില്ല. കാരണം നേരത്തെ ചൂണ്ടികാട്ടിയത് പോലെ രാജസ്ഥാൻ മുഖ്യമന്ത്രി ഗലോട്ടും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലുമാണ് ഇപ്പോൾ പാർട്ടിയുടെ താങ്ങായി നിൽക്കുന്ന പ്രമുഖർ. എഐസിസിയിലിരുന്ന് ഹൈക്കമാന്റ് നേതാക്കൾ മെനയുന്ന തന്ത്രം നടപ്പിലാകണമെങ്കിൽ ഈ നേതാക്കൾ കൈയ്യയച്ചു സഹായിക്കണം. രാജസ്ഥാനൊപ്പം ഛത്തീസ്ഗഡിലും മധ്യപ്രദേശിലും അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കും. കഴിഞ്ഞ തവണ ബിജെപിയെ പുറംതള്ളി കോൺഗ്രസിനെ അധികാരത്തിലെത്തിച്ച സംസ്ഥാനങ്ങളാണ് ഈ മൂന്നും. ഒരുവർഷത്തിനപ്പുറം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ അധികാരം പിടിക്കണമെങ്കിൽ മുഖ്യമന്ത്രി അശോക് ഗലോട്ട് പാർട്ടിക്കൊപ്പം ഉണ്ടായേ മതിയാകൂ. തന്ത്രം മെനഞ്ഞ് പാർട്ടിയെ ചലിപ്പിക്കാൻ സച്ചിൻ പൈലറ്റിനാകും. പക്ഷെ അത് വോട്ടാകണമെങ്കിൽ ഗലോട്ടിന്റെ പ്രതിഛായ കൂടിയേ തീരൂ. ഇതാണ് പുതിയ പ്രസിഡന്റിനേയും പഴയ നേതൃത്വത്തിന്റെയും പ്രതിസന്ധി. അത് തിരിച്ചറിഞ്ഞു തന്നെയാണ് മുഖ്യമന്ത്രി ഗലോട്ട് പകിട എറിയുന്നതും.

Leave a comment