TMJ
searchnav-menu
post-thumbnail

Outlook

കലയുടെയും രാഷ്ട്രീയത്തിന്റെയും സങ്കീർണ്ണതകൾക്കൊപ്പം സഞ്ചരിച്ച മൊകേരി

05 Sep 2022   |   1 min Read
Dr. Mahesh Mangalat

മ്മ എന്ന നാടകത്തിന്റെ തലശ്ശേരിയിലെ ബി. ഇ. എം. പി. സ്കൂളിലെ അവതരണം അവസാനിച്ചപ്പോൾ ഗ്രീൻറൂമിൽ പോയി രാമചന്ദ്രൻ മൊകേരിയെ ഞാൻ തിരഞ്ഞു. ആകാരംകൊണ്ടും താടി എന്ന അടയാളംവെച്ചും ഞാൻ തിരഞ്ഞു കണ്ടെത്തിയത് ചിത്രകാരനായ എ.സി.കെ. രാജയെയായിരുന്നു. മാഷേ എന്ന് വിളിച്ചപ്പോൾത്തന്നെ രാജയ്ക്ക് മനസ്സിലായി അന്വേഷിച്ചുവന്നത് മൊകേരിയെയാണെന്ന്. രാജ എനിക്ക് മൊകേരിയെ ചൂണ്ടിക്കാണിച്ചുതന്നു. അവിടെവെച്ച്, അങ്ങനെയാണ് രാമചന്ദ്രൻ മൊകേരിയെ ഞാൻ ആദ്യമായി കാണുന്നത്. തിരഞ്ഞുപോയി പരിചയപ്പെടണം എന്ന് അക്കാലത്ത് മാഹി കോളേജിൽ വിദ്യാർത്ഥിയായും വിദ്യാർത്ഥിസംഘടനാപ്രവർത്തകനായും നാടകപ്രവർത്തകനായുമൊക്കെ നടക്കുന്ന എനിക്ക് തോന്നിപ്പിക്കാവുന്നത്ര വിശേഷങ്ങൾ അക്കാലത്ത് കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ അദ്ധ്യാപകനായിരുന്ന രാമചന്ദ്രൻ മൊകേരിയെക്കുറിച്ച് കേട്ടിട്ടുണ്ടായിരുന്നു. അതെല്ലാം ഞങ്ങൾക്ക് താല്പര്യമുണ്ടായിരുന്ന രാഷ്ട്രീയം, നാടകം, സാഹിത്യം എന്നിവയിൽ അക്കാലത്ത് നടന്നുകൊണ്ടിരുന്ന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു.

അടിയന്തരാവസ്ഥ കഴിഞ്ഞപാടെയുള്ള കാലം. വിപ്ലവരാഷ്ട്രീയത്തിന്റെ വക്താക്കളും പ്രയോക്താക്കളുമാണെന്ന് പറഞ്ഞുനടന്നവർ ജനാധിപത്യാവകാശങ്ങളും പൗരാവകാശങ്ങളും കശാപ്പുചെയ്യപ്പെട്ട കാലത്ത് അനുസരണയുള്ള പാർലമെന്ററി രാഷ്ട്രീയക്കാരായി നാണംകെട്ട് കഴിയുകയായിരുന്നുവെന്ന് തിരിച്ചറിയാനുള്ള രാഷ്ട്രീയവിവേകം അക്കാലത്ത് ഞങ്ങൾക്കുണ്ടായിരുന്നു. നക്സലൈറ്റുകൾ കായണ്ണയിൽ പോലീസ് സ്റ്റേഷൻ ആക്രമിച്ചുവെന്ന അതീവരഹസ്യമായി സൂക്ഷിക്കപ്പെട്ട വിവരം അറിഞ്ഞതോടെ ഞങ്ങൾ പിന്തുടരുന്ന വിപ്ലവപാർട്ടിയോട് പുച്ഛവും അതിന്റെ വിനീതാനുയായികളോട് സഹതാപവും തോന്നി. ഞങ്ങളും സഹതാപാർഹമായ വിധത്തിലുള്ള രാഷ്ട്രീയമാണ് കൊണ്ടുനടക്കുന്നത് എന്ന് തിരിച്ചറിഞ്ഞപ്പോൾ അതിനപ്പുറമുള്ളവ അന്വേഷിക്കുകയായിരുന്നു. ഇതറിഞ്ഞ് മയ്യഴിയിലെ പാർട്ടിയുടെ ഒരാൾ രഹസ്യമായി ഞങ്ങളുടെ കൂട്ടത്തിലുള്ള അത്യാവേശക്കാരനായ ഒരാളോട് പാർട്ടിക്ക് അണ്ടർഗ്രൗണ്ടിൽ മിലിട്ടറിയുണ്ടെന്ന് പറഞ്ഞ് അമ്പരപ്പിക്കുവാൻ ശ്രമിച്ചു. ഏത് സാഹസികതക്കും തയ്യാറായിരുന്ന അയാൾ തനിക്ക് ആ സൈന്യത്തിൽ ചേർന്ന് പ്രവർത്തിക്കാനാണ് താല്പര്യമെന്ന് പറഞ്ഞപ്പോൾ നേതാവ് പരിഹസിച്ചു, അതൊന്നും നിങ്ങളെപ്പോലെയുള്ളവർക്ക് പറഞ്ഞിട്ടുള്ളതല്ല. മാത്രമല്ല, അത്രയെളുപ്പത്തിലൊന്നും ആരെയും അതിൽ ചേർക്കില്ല. എന്ത് പ്രയാസമായാലും സഹിക്കാൻ തയ്യാറാണെന്നും മറ്റും പറഞ്ഞിട്ടും ഫലമുണ്ടായില്ല. അവസാനമായി ഒരു ചോദ്യം ചോദിച്ച് വിഷയം അവസാനിപ്പിച്ചു. സഖാവേ, വിപ്ലവപാർട്ടിയുടെ രഹസ്യസൈന്യത്തിൽ ചേരാതെ താങ്കൾ എന്താണ് പാർലമെന്ററി വ്യാമോഹവുമായി ജീവിക്കുന്നതെന്നതായിരുന്നു ആ ചോദ്യം.

രാമേന്ദ്രൻ മൊകേരി | Photo: Facebook

ഗോർക്കിയുടെ അമ്മയും ബെർട്ടോൾഡ് ബ്രെഹ്തിന്റെ മദർ കറേജ് ആന്റ് ഹേർ ചിൽഡ്രൻ എന്ന നാടകവും ചേർത്ത് കോഴിക്കോട് രണചേതന ഒരു നാടകം അവതരിപ്പിക്കുന്നുണ്ടെന്നും അത് തലശ്ശേരിയിൽ കളിക്കണമെന്നും ടിക്കറ്റ് വില്‍ക്കാൻ കൂടെവരണമെന്നും കവിയൂർ ബാലനും കൂട്ടുകാരും പറഞ്ഞു. അവരോടൊപ്പം അമ്മ നാടകത്തിന്റെ ടിക്കറ്റ് വില്‍ക്കാൻ മാഹിയിലെ കടകളിൽ കയറിയിറങ്ങി. നക്സലൈറ്റ് എന്ന ഒരു വിലാസവും വിശേഷണവും കിട്ടാൻ അതിലപ്പുറമൊന്നും അക്കാലത്ത് വേണ്ട. അരിസ്റ്റോട്ടിലിയൻ തിയേറ്റർ, എപിക് തിയേറ്റർ എന്നിങ്ങനെ രണ്ട് കോളങ്ങളിൽ അവയുടെ താരതമ്യം ചെയ്യുന്ന രണ്ടോ മൂന്നോ ലേഖനങ്ങളേ അക്കാലത്ത് മലയാളത്തിൽ ഉണ്ടായിരുന്നുള്ളു. ഇംഗ്ലീഷ് പുസ്തകങ്ങൾ കിട്ടാൻ ഒരു സാദ്ധ്യതയുമില്ല. എലീനേഷൻ എഫക്ട്, ഇംപ്രവൈസേഷൻ എന്നിങ്ങനെ ചില കാര്യങ്ങളും ലോകമെമ്പാടും നടക്കുന്ന വിപ്ലവപ്രവർത്തനങ്ങളെക്കുറിച്ചുമെല്ലാം കേട്ടറിയുന്നത് ഇക്കാലത്താണ്. അങ്ങനെ കുട്ടികളും യുവാക്കളും വഴിപിഴച്ചുപോകുന്നത് വലിയ അപകടമാണെന്നും അതിനാൽ അമ്മ എന്ന നാടകം നക്സലൈറ്റുകൾ കളിക്കുന്ന രീതിയിലല്ലാതെ കളിക്കുന്നുണ്ടെന്നും പി. ഗോവിന്ദപിള്ളയുടെ നേതൃത്വത്തിലാണ് അത് നടക്കുന്നതെന്നും ഞങ്ങളെ അറിയിച്ചത് അണ്ടർഗ്രൗണ്ടിലെ മിലിട്ടറിയെപ്പറ്റി പറഞ്ഞയാൾ തന്നെയായിരുന്നു. പക്ഷെ, മധു മാസ്റ്ററും രാമചന്ദ്രൻ മൊകേരിയും സേതുവും ജോയ് മാത്യുവും എ. സി. കെ. രാജയുമെല്ലാമുള്ള അനന്തകൃഷ്ണനെപ്പോലെ നിരവധി ധിഷണാശാലികൾ പിന്നണിയിൽ പ്രവർത്തിച്ച രണചേതനയുടെ നാടകത്തെ നേരിടുന്നതിൽ എതിർനാടകം രാഷ്ട്രീയമായും കലാപരമായും പരാജയപ്പെട്ടുവെന്നു മാത്രമല്ല രാഷ്ട്രീയമായും ചിന്താപരമായും അവർ പ്രതിനിധാനംചെയ്യുന്ന പരിതാപകരമായ അവസ്ഥ വെളിപ്പെടുത്തുകയും ചെയ്തു. ഇന്ത്യൻ ജനാധിപത്യവും ഇടതുപക്ഷരാഷ്ട്രീയവും കടന്നുപോകുന്ന അതീവസങ്കീർണ്ണമായ അവസ്ഥയോടൊപ്പം സഞ്ചരിച്ചവരാണ് അക്കാലത്തെ യുവതലമുറ. ഭീരുക്കളും യാഥാസ്ഥിതികരും ഗുണാനുഭവങ്ങൾ നേടാനുള്ള കാര്യസാദ്ധ്യരാഷ്ട്രീയത്തിന്റെ സുരക്ഷിതതാവളങ്ങളിൽ വിപ്ലവവായാടിത്തവുമായി ഇരതേടുവാൻ തുടങ്ങി. അവർ ഇപ്പോഴും അനവരതം അത് തുടരുന്നു. അവർക്ക് എക്കാലത്തും ഗുണാനുഭവങ്ങൾ തേടിയെത്തുന്ന വിധേയന്മാരെ കിട്ടുന്നതിന് വിഷമമുണ്ടാകില്ല. എന്നാൽ രാഷ്ട്രീയത്തെ ഗൗരവമായി കാണുന്നവർ സത്യസന്ധത പുലർത്താൻ ശ്രമിക്കും. പരാജയങ്ങളും തെറ്റുകളും അവർ തിരിച്ചറിയും. അതിനോടുള്ള പ്രതികരണമായിരിക്കും അത്തരക്കാരുടെ ജീവിതത്തിന്റെ ആകെത്തുക.

സ്കൂൾ ഓഫ് ഡ്രാമയിലെ വിധിവിലക്കുകളെല്ലാം മൊകേരിക്കു മുന്നിൽ തിരോഭവിച്ചു. ആ സ്ഥാപനത്തിന്റെ ഡയക്ടറായിരിക്കെ ചങ്ങലകളാൽ ബന്ധിതനായി രാമചന്ദ്രൻ മൊകേരി സർവ്വകലാശാലയ്ക്കെതിരെ സമരം ചെയ്തിരുന്നു. ഈ സമരം അക്കാലത്തെ പത്രങ്ങളിലെ വലിയ വാർത്തയായിരുന്നു.

Photo: facobook

രാമചന്ദ്രൻ മൊകേരിയുമായി ആദ്യത്തെ കണ്ടുമുട്ടലിനുശേഷം വീണ്ടും ഒത്തുചേരുന്നത് അദ്ദേഹം കാലിക്കറ്റ് സർവ്വകലാശാലയിൽ എം. ഫില്ലിന് പഠിക്കാൻ വന്നപ്പോഴാണ്. അക്കാലമാവുമ്പോഴേക്കും രാഷ്ട്രീയത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ട ഞാൻ എല്ലാ തരത്തിലുള്ള രാഷ്ട്രീയപ്രവർത്തനങ്ങളും ഉപേക്ഷിച്ചുവെന്നു മാത്രമല്ല, രാഷ്ട്രീയവാദികൾ പുച്ഛത്തോടെ സംസാരിക്കുന്ന നാടകത്തിലെ രൂപപരമായ പരീക്ഷണങ്ങൾ, പാരമ്പര്യവും ആധുനികതയും തമ്മിലുള്ള ബന്ധം എന്നിവയിൽ തല്പരനായിക്കഴിഞ്ഞിരുന്നു. അതിനാൽ മലയാളവിഭാഗത്തിൽ എം. ഫിൽ വിദ്യാർത്ഥിയായിരുന്ന എന്റെ പഠനവിഷയം തനതുനാടകവേദിയായിരുന്നു. സി. എൻ.ശ്രീകണ്ഠൻനായരിൽ നിന്ന് ആരംഭിച്ച് കാവാലം നാരായണപ്പണിക്കരിലൂടെ പക്വതയാർജ്ജിച്ച് രംഗാവതരണത്തിൽ കേരളീയവ്യക്തിത്വം പ്രകടമാക്കിയ തനതുനാടകവേദിയെ ഇടതുപക്ഷക്കാർ എന്ന വിളിപ്പേരിൽ അക്കാലമാവുമ്പോഴേക്കും രൂപപ്പെട്ട വിശാലകൂട്ടായ്മ പുച്ഛത്തോടും പരിഹാസത്തോടുമാണ് കണ്ടിരുന്നത്. തനതൻ എന്ന അവജ്ഞാദ്യോതകമായ പേരിൽ ആ ഗവേഷണപഠനം കാരണം അറിയപ്പെടാനുള്ള സൗഭാഗ്യവും എനിക്കുണ്ടായി. രാമചന്ദ്രൻ മൊകേരി യുജീൻ ഒനീലിന്റെ 'എംപറർ ജോൺസ്' എന്ന നാടകത്തിന്റെ രംഗഭാഷ്യത്തെക്കുറിച്ചാണ് എം. ഫിൽ പ്രബന്ധം തയ്യാറാക്കുന്നത്. അതിനായി നാടകം അവതരിപ്പിക്കാൻ തീരുമാനിച്ചു. അക്കാലത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിലെ ഏറ്റവും വലിയ സാംസ്കാരിക-ധൈഷണികസംഭവമായിരുന്നു, അത്. റിഹേഴ്സൽ നടക്കുന്ന ലൈബ്രറി ഹാളിൽ കേരളത്തിലെ എണ്ണംപറഞ്ഞ ധിഷണകളെല്ലാം എത്തി, ജോൺ അബ്രഹാം മുതൽ എല്ലാവരും. എടുത്തുപറയേണ്ട ഒരു വസ്തുത, മുഖ്യധാരാ ഇടതുപക്ഷത്തിന്റെ വക്താക്കളോ സാംസ്കാരികനായകന്മാരോ ആ വഴിക്ക് വന്നില്ല. ടി. കെ. രാമചന്ദ്രനെപ്പോലുള്ള ഒരാളുടെ മുന്നിൽനിന്ന് വർത്തമാനം പറയാനുള്ള ധൈര്യക്കുറവായിരിക്കാം അതിന്റെ കാരണമെന്നാണ് അന്ന് തോന്നിയത്, ഇന്നും എനിക്ക് തോന്നുന്നത്. മാത്രമല്ല, മുമ്പ് അമ്മ നാടകത്തിലൂടെ യുവാക്കളെ വഴിപിഴപ്പിക്കുന്ന പണി നടത്തിയതുപോലെ വല്ല ഗൂഢതന്ത്രവും ഇതിന് പിന്നിലുണ്ടോ എന്ന് ഭയപ്പെട്ടിരിക്കുകയും ചെയ്തിരിക്കാം. തനതൻ ആയിരുന്നതിനാൽ ഈ നാടകാവതരണസംരംഭത്തിൽ ഞാനുണ്ടായിരുന്നില്ല. ജോൺ അബ്രഹാമിന്റെ അമ്മ അറിയാൻ എന്ന സിനിമയിൽ ഈ നാടകാവതരണത്തിന്റെ റിഹേഴ്സൽ കടന്നുവരുന്നുണ്ട്. ഇക്കാലമാവുമ്പോഴേക്കും രണചേതനക്കാലത്തെ രാഷ്ട്രീയത്തിൽനിന്നും കലയിൽനിന്നും രാമചന്ദ്രൻ മൊകേരി മാറിക്കഴിഞ്ഞിരുന്നു. അധികം വൈകാതെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ തൃശ്ശൂർ സെന്ററിൽ പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് ഡ്രാമയിൽ അദ്ദേഹം അദ്ധ്യാപകനായി ചേർന്നു.

Photo: Wiki commons

പ്രൊഫ. ജി. ശങ്കരപിള്ള സ്ഥാപക ഡയറക്ടറായിരുന്ന സ്കൂൾ ഓഫ് ഡ്രാമയിലെ ആദ്യ ബാച്ചിലെ വിദ്യാർത്ഥിയായിരുന്ന ജോസ് ചിറമ്മൽ വിദ്യാർത്ഥിയായിരിക്കെ തന്നെ പല വിഷയങ്ങളിലും ഡയറക്ടറുടെ നിലപാടുകളുമായി വിയോജിച്ചിരുന്നു. അങ്ങനെ അധികമാരും ശങ്കരപിള്ളസാറിനോട് വിയോജിക്കാനുണ്ടായിരുന്നില്ല. അതിനാൽ കലാവിദ്യാർത്ഥികളുടെ സ്ഥാപനമായിരുന്നെങ്കിലും കേരളത്തിലെ മറ്റ് കലാവിദ്യാലയങ്ങളിൽനിന്നും വ്യത്യസ്തമായ ഒരു അച്ചടക്കം സ്കൂൾ ഓഫ് ഡ്രാമയിൽ നിലനിന്നിരുന്നു. ആ അന്തരീക്ഷത്തിലേക്കാണ് പ്രകൃതംകൊണ്ട് അതിന് പാകമല്ലാതായിക്കഴിഞ്ഞ മൊകേരി ചെന്നെത്തുന്നത്. സ്കൂൾ ഓഫ് ഡ്രാമയിലെ വിധിവിലക്കുകളെല്ലാം മൊകേരിക്കു മുന്നിൽ തിരോഭവിച്ചു. ആ സ്ഥാപനത്തിന്റെ ഡയക്ടറായിരിക്കെ ചങ്ങലകളാൽ ബന്ധിതനായി രാമചന്ദ്രൻ മൊകേരി സർവ്വകലാശാലയ്ക്കെതിരെ സമരം ചെയ്തിരുന്നു. ഈ സമരം അക്കാലത്തെ പത്രങ്ങളിലെ വലിയ വാർത്തയായിരുന്നു. അതിനെക്കാൾ സ്ഥാപനങ്ങളോടും അവയുടെ രീതികളോടും അനുരഞ്ജനപ്പെടാൻ സാധിക്കാത്ത കലാകാരന്റെയും കലാപകാരിയുടെയും കലഹങ്ങളായിരുന്നു അവയെല്ലാം.

റാഡ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ലണ്ടനിലെ റോയൽ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്സിന്റെ മാതൃക പിന്തുടർന്ന് സ്ഥാപിക്കപ്പെട്ട നാഷണൽ സ്കൂൾ ഓഫ് ഡ്രാമയായിരുന്നല്ലോ കാലിക്കറ്റ് സർവ്വകലാശാല നാടകപഠനകേന്ദ്രം സ്ഥാപിക്കുമ്പോൾ മാതൃകയാക്കിയിരുന്നത്. പാഠ്യപദ്ധതിയിലും പരിശീലനത്തിലുമെല്ലാം അതിന് അനുസൃതമായ രീതികൾ പിന്തുടരാനും അതോടൊപ്പം ദേശീയമായ രംഗാവതരണപാരമ്പര്യത്തെ സ്വാംശീകരിക്കാനുമുള്ള ശ്രമങ്ങൾ നടത്തുകയായിരുന്നു. മയാ തങ്ബർഗ്ഗിനെപ്പോലെയുള്ള സംവിധായകരും ജപ്പാനിലെ കബൂക്കി നാടകസംഘവുമെല്ലാം ദേശാന്തരീയമായ നാടകാവതരണരീതികൾ പരിശീലിപ്പിക്കാൻ സ്കൂൾ ഓഫ് ഡ്രാമയിൽ എത്തിയിരുന്നു. കോട്ടയത്ത് മഹാത്മ ഗാന്ധിജി സർവ്വകലാശാല സ്ഥാപിക്കപ്പെട്ടപ്പോൾ അവിടെ സ്കൂൾ ഓഫ് ലെറ്റേഴ്സിന്റെ ഡയറക്ടറായി പ്രൊഫ. ശങ്കരപിള്ള നിയമിതനായി. ഇക്കാലത്താണ് രാമചന്ദ്രൻ മൊകേരി സ്കൂൾ ഓഫ് ഡ്രാമയിലെത്തുന്നത്. ഇക്കാലമാകുമ്പോഴേക്കും തന്റെ രാഷ്ട്രീയവും കലാപരവുമായ സങ്കല്പങ്ങളിൽ സംഭവിച്ച പരിണാമങ്ങൾ കാരണം തന്റെ ഒറ്റയാൻ പരീക്ഷണങ്ങളിൽ അദ്ദേഹം വ്യാപൃതനായി. തെണ്ടിക്കൂത്ത് എന്ന് പേരിട്ട ഒരു നാടകസങ്കല്പമാണ് തന്റേത് എന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നുണ്ട്. സ്കൂൾ ഓഫ് ഡ്രാമയുടെ പരിവേഷത്തിൽ അക്കാദമികമായി ഈ രംഗവേദിയിയെ അവതരിപ്പിക്കാനല്ല അദ്ദേഹം താല്പര്യം പ്രകടിപ്പിച്ചത്. അടിയന്തരാവസ്ഥ കഴിഞ്ഞപാടെ തങ്ങളുടെ കലയും രാഷ്ട്രീയവുമായി തെരുവിലിറങ്ങി പ്രതിഷേധിച്ചവരുടെ രീതി പിന്തുടരാനാണ് അദ്ദേഹം ശ്രമിച്ചത്. പക്ഷെ, ഇക്കാലമാവുമ്പോഴേക്കും തെരുവുനാടകം ആരിലും ഒരു ചലനവും സൃഷ്ടിക്കുവാൻ സാധിക്കാത്ത വിധത്തിൽ മൂർച്ച നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. രാഷ്ട്രീയപാർട്ടികളുടെ തെരുവോര സമരങ്ങളുടെ ഭാഗമായുള്ള വിനോദം മാത്രമായി അത് മാറിക്കഴിഞ്ഞിരുന്നു. ഇക്കാലത്താണ് രാമചന്ദ്രൻ മൊകേരി തെണ്ടിക്കൂത്തുമായി പുറപ്പെടുന്നത്.

ഗിത്താറും തൊപ്പിയും വർണ്ണശബളമായ അങ്കിപോലുള്ള വസ്ത്രവുമെല്ലാമായുള്ള രാമചന്ദ്രൻ മൊകേരിയുടെ തെണ്ടിക്കൂത്ത് അവതരണങ്ങൾ ആരെങ്കിലും ഗൗരവമായി കണക്കിലെടുത്തിരുന്നോ എന്ന് സംശയമാണ്. എന്നാൽ അതൊന്നും തന്റെ പരിഗണനാ വിഷയമല്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് നിരന്തരം ആനുകാലിക സംഭവവികാസങ്ങളോട് അദ്ദേഹം കിട്ടിയവേദികളിലെല്ലാം പ്രതികരിച്ചിരുന്നു.

Photo: wiki commons

ഗിത്താറും തൊപ്പിയും വർണ്ണശബളമായ അങ്കിപോലുള്ള വസ്ത്രവുമെല്ലാമായുള്ള രാമചന്ദ്രൻ മൊകേരിയുടെ തെണ്ടിക്കൂത്ത് അവതരണങ്ങൾ ആരെങ്കിലും ഗൗരവമായി കണക്കിലെടുത്തിരുന്നോ എന്ന് സംശയമാണ്. എന്നാൽ അതൊന്നും തന്റെ പരിഗണനാ വിഷയമല്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് നിരന്തരം ആനുകാലിക സംഭവവികാസങ്ങളോട് അദ്ദേഹം കിട്ടിയവേദികളിലെല്ലാം പ്രതികരിച്ചിരുന്നു. വേദികളില്ലെങ്കിൽ അദ്ദേഹം സ്വയം തെരുവിലിറങ്ങുകയായിരുന്നു. മുഖ്യധാരാ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയമായ ശൂന്യത വെളിവാക്കുന്ന ഇടപെടലുകളായാണ് ഞാൻ അവയെ കാണുന്നത്. പത്രമാധ്യമങ്ങളിൽ വലിയ കോളിളക്കം സൃഷ്ടിച്ച ഒരു രാഷ്ട്രീയപ്രശ്നം കത്തിനില്ക്കുമ്പോൾ മൊകേരി കോഴിക്കോട് കിഡ്‌സൺ കോർണറിൽ എസ്. കെ. പൊറ്റെക്കാട് പ്രതിമയ്ക്കരികിൽ തന്റെ തെണ്ടിക്കൂത്തുമായി എത്തി. പ്രശ്നം രാഷ്ട്രീയമാണെന്നതിനാൽ അറസ്റ്റ് ചെയ്യപ്പെടാനുള്ള എല്ലാ സാധ്യതകളുമുണ്ട്. പോലീസ് ജാഗരൂകരായിരിക്കുകയാണ്. നാടകപരിപാടി ആരംഭിച്ചു. കൂട്ടം കൂടിനിന്ന കാണികളെ വകഞ്ഞുമാറ്റി പോലീസ് കയറിവരികയാണ്. ഉടൻ മൊകേരി പറഞ്ഞു. അതാ, പോലീസുകാരെത്തി. അവർക്കെന്തായാലും നമ്മളോട് ചില കാര്യങ്ങൾ പറയാനുണ്ട്. അവരെന്ത് പറയുന്നുവെന്ന് നമുക്ക് കേൾക്കാം, വരൂ, വരൂ, നിങ്ങൾ തന്നെ പറയൂ. പോലീസുകാർ അമ്പരുന്നു. അവർ ഈ നാടകത്തിൽ കഥാപാത്രങ്ങളാക്കപ്പെട്ടിരിക്കയാണ്. അവരുടെ വേഷവും തൊഴിലുമെല്ലാമായി അവർ കഥാപാത്രങ്ങളാക്കപ്പെട്ടിരിക്കുന്നു. അനുരഞ്ജനങ്ങൾ സാദ്ധ്യമല്ലാത്ത കലാപകാരിയുടെ കലയായിരുന്നു മൊകേരിയിലെ നാടക്കാരനെ നയിച്ചുകൊണ്ടിരുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കുറേനാൾ മുമ്പ് കിഡ്സൺ കോർണറിലെ നാടകാവതരണത്തെ സൂചിപ്പിച്ച് ചിന്ത ഡോട്ട് കോമിൽ ഞാൻ എഴുതിയിരുന്നു.

കേരളത്തിലെ മുഖ്യധാരാ നാടക-സാഹിത്യ സംവാദങ്ങളിൽ സാധാരണ നിലയിൽ പങ്കെടുക്കാത്ത, പങ്കെടുപ്പിക്കപ്പെടാത്ത ഒരാളാണ് മൊകേരി. സ്‌കൂൾ ഓഫ് ഡ്രാമയുടെ ഡയറക്ടർ സ്ഥാനത്തുനിന്നും വിരമിച്ച രാമചന്ദ്രൻ മൊകേരി മയ്യഴിക്കടുത്തുള്ള പാത്തിപ്പാലത്ത് താമസമാരംഭിച്ചു. തന്റെ നാടക ജീവിതത്തിന്റെയും രാഷ്ട്രീയത്തിന്റെയും എല്ലാ പൂർവകാല ഭാരങ്ങളും ഒഴിവാക്കി കൃഷിയും കന്നുകാലി വളർത്തലുമൊക്കെയായ് വളരെ ശാന്തമായ ഒരു ജീവിതം നയിക്കുകയായിരുന്നു. രാമചന്ദ്രൻ മൊകേരിയുടെ ഈ പിൻമാറ്റം അത് വളരെ സ്വാഭാവികമായ ഒന്നായി വേണം കാണാൻ. രാഷ്ട്രീയത്തെ, കലയെ, ഗൗരവമുള്ള ചിന്തയെ നെഞ്ചിലേറ്റുന്ന ഏതൊരാൾക്കും തങ്ങളുടെ സ്വപ്‌നങ്ങൾ യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നില്ല എന്ന് കാണുമ്പോൾ അവരുടെ മുന്നിൽ അവശേഷിക്കുന്ന ഒരു മാർഗം പിൻവാങ്ങലിന്റേത് മാത്രമായിരിക്കുമല്ലോ! മൊകേരിയുടെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചതെന്ന് ഞാൻ കരുതുന്നു.

Leave a comment