TMJ
searchnav-menu
post-thumbnail

Outlook

“രാഷ്ട്രപത്നി” കോൺഗ്രസ് വിലകൊടുത്ത് വാങ്ങിയ വിവാദം

30 Jul 2022   |   1 min Read
ടി ജെ ശ്രീലാൽ

PHOTO: PTI

രാഷ്ട്രപത്നി… മുമ്പ് കേട്ടിട്ടില്ലാത്ത ഈ വാക്ക് അധിക്ഷേപം തന്നെയാണ്. അരിശം ഉണ്ടാക്കുന്നതുമാണ്. അതിൽ തർക്കിക്കാൻ കഴിയുമെന്ന് കരുതുന്നുമില്ല. അതാണ് ആ വാക്ക് ഉയർത്തുന്ന പൊതുവികാരം. അപ്പോൾ പിന്നെ ഉയരുന്ന ചോദ്യം കോൺഗ്രസിന്റെ ലോകസഭ കക്ഷി നേതാവ് അധിർ ര‍ഞ്ജൻ ചൗധരി ഈ പ്രയോഗം മനപ്പൂർവ്വം നടത്തിയതാണോ എന്നതാണ്. അല്ലെന്ന് പറയാൻ സാധിക്കില്ല. നാഷണൽ ഹെറാൾഡ് കേസിൽ സോണിയഗാന്ധിയെ ഇ ഡി ചോദ്യം ചെയ്തതിനെതിരെ രാഷ്ട്രപതിക്ക് പരാതി നൽകാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് ഈ പ്രയോഗമുണ്ടായത്. രാഷ്ട്രപതി ഭവനിലേക്കുള്ള എംപിമാരുടെ പ്രതിഷേധ പ്രകടനം ഡൽഹി പൊലീസ് തടഞ്ഞപ്പോഴായിരുന്നു അധിർ രഞ്ജന്റെ അതിരുകടന്ന പ്രയോഗം. ദ്രൗപതി മുർമുവിനെ രണ്ട് തവണ രാഷ്ട്രപത്നി എന്ന് വിശേഷിപ്പിച്ച ശേഷമാണ് രാഷ്ട്രപതിയെന്ന് കോൺഗ്രസ് നേതാവ് മാറ്റി പറഞ്ഞത്. ഇത് നാക്ക് പിഴയാണെന്ന് കരുതാൻ നേരത്തെ പറഞ്ഞത് പോലെ പ്രയാസമുണ്ട്. ഇനി നാക്ക് പിഴയായിരുന്നെങ്കിൽ അത് തിരുത്താനും അദ്ദേഹത്തിന് ആവശ്യത്തിലധികം സമയമുണ്ടായിരുന്നു. എന്ത് കൊണ്ട് അത് ചെയ്തില്ല. ആ പ്രയോഗം വിവാദമായപ്പോഴെങ്കിലും അധിർ രഞ്ജൻ പിൻവലിച്ച് മാപ്പ് പറയാമായിരുന്നു. തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ അത് അംഗീകരിക്കാനും നിലപാട് തിരുത്താനും മാപ്പ് പറയാനും എന്തുകൊണ്ടാണ് നമ്മുടെ പല രാഷ്ട്രീയ നേതാക്കളും ഇത്ര മടിക്കുന്നത്. പകരം രാഷ്ട്രീയ കുറ്റപ്പെടുത്തൽ നടത്തിയും മാധ്യമങ്ങളെ പഴിപറഞ്ഞും തലയൂരാനാണ് അവർക്കിഷ്ടം. അതിന് തന്നെയാണ് അധിർ ര‍ഞ്ജനും ശ്രമിച്ചത്. അതാണ് കോൺഗ്രസ് പ്രസിഡണ്ട് സോണിയ ഗാന്ധിയെ പോലും വിവാദത്തിലേക്ക് വലിച്ചിഴച്ച സാഹചര്യമുണ്ടാക്കാൻ കാരണവും.

ഗതികെട്ടു, ഒടുവിൽ മാപ്പ്

രാഷ്ട്രപത്നി പ്രയോഗത്തിൽ അധിർ രഞ്ജൻ ചൗധരി മാപ്പ് പറഞ്ഞോ? പറഞ്ഞു, പക്ഷെ അതിന് മുമ്പ് പലതും നടന്നു. അധിർ മാപ്പ് പറഞ്ഞുവെന്ന് ആദ്യം അവകാശപ്പെട്ടത് സോണിയ ഗാന്ധിയാണ്. ഭരണപക്ഷം സോണിയ ഗാന്ധിക്കെതിരെയുള്ള ആക്രമണം ശക്തിപ്പെടുത്തിയപ്പോഴായിരുന്നു ഈ പ്രഖ്യാപനം. എന്നാൽ മാപ്പ് പറഞ്ഞില്ലെന്ന് ഭരണപക്ഷം ആവർത്തിച്ചു. യഥാർത്ഥത്തിൽ എന്താണുണ്ടായത്. തനിക്ക് തെറ്റുപറ്റിയെന്ന് സമ്മതിക്കുക മാത്രമാണ് അധിർ ആദ്യം ചെയ്തത്. നാവ് പിഴച്ചതാണ് എന്നു വിശദീകരിച്ചു. വിവാദം ആളികത്തിയ ശേഷം മാത്രമാണ് ഇങ്ങനെയെങ്കിലും പറയാൻ അധിർ തയ്യാറായത്. രാഷ്ട്രപത്നി പ്രയോഗത്തിന് പിന്നാലെ തനിക്ക് തെറ്റിപ്പോയതാണെന്നും ബിജെപിയോട് മാപ്പ് പറയില്ലെന്നുമായിരുന്നു കോൺഗ്രസ് കക്ഷിനേതാവിന്റെ നിലപാട്. പിന്നാലെ രാഷ്ട്രപതിയോട് നേരിട്ട് മാപ്പ് പറയാമെന്ന് തിരുത്തി. അതിനും പിന്നാലെ രാഷ്ട്രപതി ഏത് സമുദായത്തിൽ നിന്നായാലും നമ്മുടെ രാഷ്ട്രപതിയാണെന്ന തത്വം പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ വീഡിയോ തന്നെ പോസ്റ്റ് ചെയ്തു . പക്ഷെ ഇതിനിടയിലെവിടെയും പ്രയോഗം പിൻവലിക്കുന്നുവെന്നോ മാപ്പ് പറയുന്നുവെന്നോ അധിർ പറഞ്ഞില്ല. അങ്ങനെ കക്ഷിനേതാവ് പറയാത്തകാര്യം പറഞ്ഞുവെന്ന് സോണിയ ഗാന്ധി തെറ്റിധരിപ്പിച്ചുവെന്ന് കുറ്റപ്പെടുത്തിയാണ് ബിജെപിയും അവരെ നയിച്ച് സ്മൃതി ഇറാനിയും പടനയിച്ച് രംഗത്തെത്തിയത്. പാർലമെന്റിൽ സോണിയ ഗാന്ധിയെ ഭരണപക്ഷം മുൾമുനയിൽ നിർത്തിയതോടെ ഒടുവിൽ അധിർ രാഷ്ട്രപതിയോട് മാപ്പ് പറഞ്ഞു. അബദ്ധത്തിൽ പറ്റിപ്പോയതാണെന്നും മാപ്പ് സ്വീകരിക്കണമെന്നും രേഖാമൂലം തന്നെ രാഷ്ട്രപതിയെ അറിയിച്ചു.

അധിർ ര‍ഞ്ജൻ ചൗധരി | PHOTO: WIKI COMMONS

സോണിയ ഗാന്ധി ദളിത് വിരോധിയും ആദിവാസി വിരോധിയും സ്ത്രീസമൂഹ വിരോധിയുമാണെന്ന് വരെ സ്മൃതി ലോകസഭയിൽ പ്രസംഗിച്ചു. സ്വന്തം നിലപാട് വിശദീകരിക്കാൻ ശ്രമിച്ച സോണിയ ഗാന്ധിയോട് നേർക്ക് നേർ വെല്ലുവിളിച്ചു.

സോണിയ-ഇറാനി പോര്

അധിർ രഞ്ജൻ ചൗധരിയുടെ രാഷ്ട്രപത്നി പ്രയോഗത്തിനെതിരെയുള്ള പ്രതിഷേധങ്ങൾക്ക് പാർലമെന്റിൽ നേതൃത്വം നൽകിയത് ബിജെപിയുടെ വനിത നേതാക്കളായ നിർമല സീതാരാമനും, സ്മൃതി ഇറാനിയും ശോഭ കരന്തലജെയുമാണ്. ഇതിൽ കടുത്ത വിമർശനം നടത്തി കേന്ദ്രധനമന്ത്രികൂടിയായ നിർമല സീതാരാമൻ പിൻവാങ്ങി. ചാനലുകൾക്ക് മുന്നിൽ ആക്രോശിച്ചതോടെ ശോഭ കരന്തലജെയുടെ പ്രതിഷേധവും ഒന്നടങ്ങി. എന്നാൽ സ്മൃതി ഇറാനി തുടർച്ചയായി പാർലമെന്റിനകത്തും പുറത്തും കടുത്ത ഭാഷയിലുള്ള വിമർശനം തുടർന്നു. ആക്രമണം സോണിയ ഗാന്ധിയിലേക്ക് വഴിതിരിച്ചു വിട്ടു. അധിർ രഞ്ജൻ മാപ്പ് പറഞ്ഞില്ലെങ്കിലും സോണിയ ഗാന്ധി മാപ്പ് പറയണമെന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാട് സഭയിൽ സ്വീകരിച്ചു. ഇതിന്റെ പേരിൽ സോണിയ ഗാന്ധിയോട് കയർത്തു. സോണിയ ഗാന്ധി ദളിത് വിരോധിയും ആദിവാസി വിരോധിയും സ്ത്രീസമൂഹ വിരോധിയുമാണെന്ന് വരെ സ്മൃതി ലോകസഭയിൽ പ്രസംഗിച്ചു. സ്വന്തം നിലപാട് വിശദീകരിക്കാൻ ശ്രമിച്ച സോണിയ ഗാന്ധിയോട് നേർക്ക് നേർ വെല്ലുവിളിച്ചു. അധിർ മാപ്പ് പറഞ്ഞെന്നും പിന്നെ എന്തിനാണ് തന്നെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നതെന്നും സോണിയ ഗാന്ധി ബിജെപി എംപി രമാദേവിയോട് ചോദിച്ചതിന് മറുപടിയായിട്ടാണ് സ്മൃതി വിരൽ ചൂണ്ടി വെല്ലുവിളിച്ചത്. ഞാൻ സഹായിക്കട്ടെ മാഡം… താങ്കളുടെ പേര് പറഞ്ഞത് ഞാനാണ് എന്നായിരുന്നു സ്മൃതി ഇറാനിയുടെ വാക്കുകൾ.. എന്നോട് സംസാരിക്കരുതെന്ന മറുപടി നൽകി സോണിയ രംഗം വിടുകയും ചെയ്തു.

വനിതകൾക്കായി വാദിക്കുന്ന രണ്ട് നേതാക്കൾ ഇങ്ങനെയായിരുന്നോ ചെയ്യേണ്ടിയിരുന്നത്. അധിർ രഞ്ജൻ മാപ്പ് പറഞ്ഞാലും ഇല്ലെങ്കിലും അദ്ദേഹം നടത്തിയ കടുത്ത പ്രയോഗത്തിന് പാർട്ടി പ്രസിഡണ്ട് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നത് രാഷ്ട്രീയം. പക്ഷെ പാർട്ടി പ്രസിഡണ്ട് വനിതയാകുമ്പോൾ ഈ സ്ത്രീവിരുദ്ധ പ്രസ്താവനയ്ക്ക് അവർ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നതിൽ അത്ര വലിയ തെറ്റ് പറയാനുമില്ല. പക്ഷെ അതിന്റെ പേരിൽ പിന്നീട് സോണിയ ഗാന്ധിയെ കടന്നാക്രമിക്കാനും അവരെ മാത്രം കരുവാക്കാനുള്ള സ്മൃതി ഇറാനിയുടെ നീക്കം സംശയമുയർത്തുന്നത് തന്നെയാണ്. പ്രത്യേകിച്ച് മുംബൈയിലെ ഹോട്ടലിന് ബാർ ലൈസൻസ് സംഘടിപ്പിക്കാൻ സ്മൃതിയുടെ മകൾ ചില വളഞ്ഞവഴി സ്വീകരിച്ചെന്ന ആരോപണം കോൺഗ്രസ് ഉന്നയിച്ചതിന് പിന്നാലെയാകുമ്പോൾ. ആ ആരോപണം വന്നത് മുതൽ സ്മൃതി പ്രതിരോധത്തിലാണ്. സോണിയ ഗാന്ധിക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ്.

സ്‌മൃതി ഇറാനിയും രാഷ്‌ട്രപതി ദ്രൗപദി മുർമുവും | photo: facebook

രാഷ്ട്രീയ നേതാക്കൾ മനപ്പൂർവ്വം പറയുന്നതോ നാക്ക് പിഴയായി വന്ന് ഭവിക്കുന്നതോ ആയ വരികളും വാക്കുകളും വിവാദമാകുന്നത് ആദ്യമായിട്ടൊന്നുമല്ല. അത്തരം പ്രയോഗങ്ങളിൽ മുന്നിൽ ഒരു പക്ഷെ ബിജെപി നേതാക്കളുമാണ്. രാജ്യത്തും രാജ്യത്തിന് പുറത്തും വലിയ പ്രതിഷേധത്തിന് ഇടയാക്കിയ മുൻ ബിജെപി വക്താവ് നൂപുർ ശർമയുടെ പ്രവാചക നിന്ദയ്ക്ക് പാർട്ടി ദേശീയ പ്രസിഡണ്ടോ പ്രധാനമന്ത്രിയോ മാപ്പുപറഞ്ഞതായി ഓർമയിലില്ല. ബിജെപി ഉത്തർപ്രദേശ് ഘടകം വൈസ് പ്രസിഡണ്ട് ദയ ശങ്കർ സിങ്, ബിഎസ്പി അധ്യക്ഷ മായാവതിയെ വേശ്യയെന്ന് വിളിച്ചപ്പോഴും ഇത്തരത്തിൽ ബിജെപി നേതാക്കളുടെ മാപ്പു പറച്ചിലുണ്ടായില്ല. സാധ്വി പ്രാചിയുടേയും, സാധ്വി നിരഞ്ജൻ ജ്യോതിയുടേയും പൊട്ടിത്തെറികൾക്കും നേതൃത്വം മാപ്പ് പറഞ്ഞില്ല. ഗാന്ധി നിന്ദയും ഗോഡ്സേ പുകഴ്ത്തലുമുണ്ടായിട്ടുണ്ട് ബിജെപി നേതാക്കളുടെ ഭാഗത്ത് നിന്നും. അന്നൊന്നും ദേശീയ അധ്യക്ഷനോ തുല്യ പ്രാധാന്യമുളള നേതാക്കളോ മാപ്പ് പറഞ്ഞതായി രേഖകളുമില്ല. അപ്പോൾ അധിർ രഞ്ജന്റെ വാക്കുകൾ ഉയർത്തി സോണിയയ്ക്കെതിരെ പാർലമെന്റിനകത്തും പുറത്തും സ്മൃതി പട നയിക്കുന്നതിന് പിന്നിൽ വ്യക്തിപരമായ കാരണങ്ങളില്ലെന്ന് തീർത്തു പറയുന്നതെങ്ങനെ.

പ്രതിഭ പാട്ടീൽ ആദ്യ വനിത രാഷ്ട്രപതിയായപ്പോൾ രാഷ്ട്രമാതാവെന്നും രാഷ്ട്ര അധ്യക്ഷയെന്നും വിളിക്കണമെന്നുള്ള നിർദ്ദേശങ്ങൾ അന്നുയർന്നു. ഒടുവിൽ ഭരണഘടന വിദഗ്ധർ നൽകിയ വിശദീകരണം രാഷ്ട്രപതിയെന്ന് തന്നെ വിശേഷിപ്പിക്കണമെന്നാണ്. രാഷ്ട്രപതി എന്ന ഹിന്ദി വാക്കിന് ലിംഗഭേദമില്ലെന്നാണ് ഭരണഘടന പറയുന്നത്.

കാലം മാറി

ആരോപണങ്ങളും നേർക്കു നേർ ഏറ്റുമുട്ടലുകളും രാഷ്ട്രീയത്തിൽ പതിവുള്ള കാര്യം. എന്നാൽ കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയെ വിളിച്ച് നിറുത്തി സ്മൃതി ഇറാനി വെല്ലുവിളി നടത്തിയത് പോലുള്ള നടപടികൾ അത്ര സാധാരണയല്ല. ഇതിന് മുമ്പ് ഇങ്ങനെയുണ്ടായിട്ടുണ്ടോയെന്ന് പോലും സംശയമുണ്ട്.  സഭ കഴിഞ്ഞാൽ പ്രതിപക്ഷം ട്രഷറി ബഞ്ചിനടുത്തെത്തി കുശലം പറയുന്നതും ഭരണപക്ഷം പ്രതിപക്ഷ ബഞ്ചുകളിലിരിക്കുന്നവരോട് തമാശ പറയുന്നതുമെല്ലാം പാർലമെന്റിലെ സ്ഥിരം കാഴ്ചയാണ്. രാഷ്ട്രീയത്തിനപ്പുറമുള്ള ബന്ധത്തിന്റെ ഉദാഹരങ്ങളാണ്. എന്നാൽ കാലം മാറിയെന്നാണ് കഴിഞ്ഞ ദിവസം നടന്ന സ്മൃതി സോണിയ നേർക്കുനേർ വ്യക്തമാക്കുന്നത്. അധിർ രഞ്ജന്റെ രാഷ്ട്രപത്നി പ്രയോഗത്തിന് സോണിയ ഗാന്ധി മാപ്പു പറയണമെന്നാവശ്യപ്പെട്ടുള്ള ഭരണപക്ഷ ബഹളത്തിൽ സഭ തടസപ്പെട്ടതിന് ശേഷമാണ് സോണിയ ഗാന്ധി ട്രഷറി ബഞ്ചിനടുത്തെത്തി ബിജെപി എംപി രമാദേവിയോട് അധിർ മാപ്പ് പറഞ്ഞ സാഹചര്യത്തിൽ എന്തിനാണ് തന്റെ പേര് വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നതെന്ന് ചോദിച്ചത്. ഈ ചോദ്യമാണ് സ്മൃതി ഇറാനി ഏറ്റുപിടിച്ചത്.  മാഡം ഞാനാണ് നിങ്ങളുടെ പേര് പറഞ്ഞത് എന്ന് ഓർമ്മിപ്പിച്ചത്. പ്രതിപക്ഷം പോലും ബഹുമാനത്തോട് കണ്ടിരുന്ന സുഷ്മ സ്വരാജുമാരുടെ കാലം ബിജെപിയിൽ കഴിഞ്ഞുവെന്നാണോ ഈ വെല്ലുവിളി വ്യക്തമാക്കുന്നത്.

സോണിയ ഗാന്ധി | photo: PTI

ഭരണഘടന പറയുന്നത്

വനിത പ്രഥമ പൗരയാകുമ്പോൾ എന്ത് വിളിക്കണം. ഈ പ്രതിസന്ധി ആദ്യമുയർന്നത് 2007ലാണ്. പ്രതിഭ പാട്ടീൽ ആദ്യ വനിത രാഷ്ട്രപതിയായപ്പോൾ രാഷ്ട്രമാതാവെന്നും രാഷ്ട്ര അധ്യക്ഷയെന്നും വിളിക്കണമെന്നുള്ള നിർദ്ദേശങ്ങൾ അന്നുയർന്നു. ഒടുവിൽ ഭരണഘടന വിദഗ്ധർ നൽകിയ വിശദീകരണം രാഷ്ട്രപതിയെന്ന് തന്നെ വിശേഷിപ്പിക്കണമെന്നാണ്. രാഷ്ട്രപതി എന്ന ഹിന്ദി വാക്കിന് ലിംഗഭേദമില്ലെന്നാണ് ഭരണഘടന പറയുന്നത്. അതുപോലെ തന്നെയാണ് പാർലമെന്റിന്റെ ഇരുസഭകളേയും നിയന്ത്രിക്കുന്നവരുടെ കാര്യവും. ലോകസഭയെ നിയന്ത്രിക്കുന്നത് സ്പീക്കറും രാജ്യസഭയെ നയിക്കുന്നത് ചെയർമാനുമാണ്. പക്ഷെ ഹിന്ദിയിലെ വിശേഷണം ഇരുവർക്കും സഭാപതിയെന്നാണ്. ഡപ്യൂട്ടി സ്പീക്കറേയും ഡപ്യൂട്ടി ചെയർമാനേയും ഉപസഭാപതിയെന്നും വിളിക്കുന്നു. ഭരണഘടന എഴുതുമ്പോൾ തന്നെ രാഷ്ട്രപതിയുടെ കാര്യത്തിൽ തർക്കമുണ്ടായി. രാഷ്ട്ര പ്രധാൻ, രാഷ്ട്ര നേതാ തുടങ്ങിയ നിർദ്ദേശങ്ങളുണ്ടായി. ഏറ്റവും ഒടുവിലാണ് രാഷ്ട്രപതിയെന്ന തീരുമാനത്തിലെത്തിയത്. തീരുമാനങ്ങളില്ലാത്തത് കൊണ്ടോ അത് അറിയാത്തത് കൊണ്ടോ അല്ല ഇത്തരം വിവാദങ്ങളുയരുന്നത്. അത് ആളി പടരുന്നത്. ആ രാഷ്ട്രീയം അങ്ങനെ തുടരും.

Leave a comment