TMJ
searchnav-menu
post-thumbnail

Outlook

നവോത്ഥാന കേരളം; വിശ്വാസ വിചാരങ്ങളുടെ സങ്കീർണ്ണദേശം

14 Oct 2022   |   1 min Read
ഒ ബി രൂപേഷ്

കേരളത്തിനകത്തും പുറത്തും മലയാളികള്‍ അണിയുന്ന പുരോഗമന നാട്യങ്ങള്‍ ദുര്‍ബലമായ അടിത്തറയിലാണെന്ന്‌ സാമൂഹ്യശാസ്‌ത്ര ഗവേഷകനായ ഒ ബി രൂപേഷ്‌ മലബാർ ജേർണലിനു നൽകിയ ഫീല്‍ഡ്‌ വര്‍ക്ക് കുറിപ്പുകളിലൂടെ വിശദീകരിയ്‌ക്കുന്നു. ഇലന്തൂരിലെ നരബലിയുടെ പശ്ചാത്തലത്തില്‍ രൂപേഷിന്റെ നിരീക്ഷണങ്ങൾ ഗൗരവമായ ശ്രദ്ധ ആവശ്യപ്പെടുന്നു.

 

ത്തനംതിട്ടയിലെ നരബലിയാണല്ലൊ ഇപ്പൊഴത്തെ നമ്മുടെ പ്രധാന ചർച്ചാവിഷയങ്ങളിൽ ഒന്ന്. ഈ പശ്ചാത്തലത്തിൽ, സമകാലിക കേരളത്തിലെ ക്ഷേത്രപ്രവർത്തനങ്ങളെക്കുറിച്ചുള്ള എന്റെ ഗവേഷണത്തിന്റെ ഭാഗമായി, 2014 മുതൽ വിശ്വാസത്തിന്റെയും അനുഷ്ഠാനങ്ങളുടേയും മേഖലയിൽ ഞാൻ നടത്തിയ ഫീൽഡ് വർക്കുകളിലെ ചില വിവരങ്ങൾ പങ്കുവെക്കാനാണ് ഈ കുറിപ്പ്. കേരളീയ സമൂഹത്തെക്കുറിച്ച് വളരെയധികം ഉൾകാഴ്ച തരുന്ന നിരവധി അനുഭവങ്ങളാണ് എനിക്കതിൽ ഉണ്ടായിട്ടുള്ളത്. അവ പലപ്പോഴും മുഖ്യധാരാ ആഖ്യാനങ്ങൾക്ക് പുറത്തുള്ളവയാണ്. നമ്മൾ തമസ്കരിച്ച് ഇല്ലെന്നുവരുത്താൻ ശ്രമിച്ചവയാണവ. നമ്മുടെ ആധുനിക യുക്തിക്ക് നിരക്കുന്നതാണോ എന്നതല്ല, ചെയ്യുന്നവരുടെ യുക്തിക്ക് നിരക്കുന്നവിധം അവ നിലനിൽക്കുന്നു എന്നതാണ്. എന്റെ ഗവേഷണ പ്രബന്ധം 2019 ൽ ആണ് ഐ.ഐ.ടി. ബോംബെയിൽ സമർപ്പിക്കപ്പെട്ടത്.

 

പൊതുമണ്ഡലത്തിലെ ശബ്ദായമാനമായ ചർച്ചകൾക്ക് അപ്പുറം നമ്മുടെ ഗവേഷകരുടേയൊ, പൊതുപ്രവർത്തകരുടേയൊ ഒന്നും കാര്യമായ ശ്രദ്ധ പതിയാത്ത വിശ്വാസങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും ഉള്ളറകളുണ്ട് കേരളത്തിൽ. നമ്മൾ എന്നോ പരാജയപ്പെടുത്തിക്കഴിഞ്ഞതായി വിലയിരുത്തുകയും അവഗണിക്കുകയും ചെയ്തവയാണവ. മലയാളിയുടെ പുരോഗമന വായാടിത്തത്തിനിടയിൽ മറഞ്ഞുനിൽക്കുകയൊ നമ്മൾ അഭിസംബോധന ചെയ്യാതിരിക്കുകയോ ചെയ്ത വിഷയങ്ങളാണവ. ഒരു സമൂഹം സ്വീകരിച്ച ജനപ്രിയ ധാരണകളുടെ പ്രശ്നം മാത്രമായി ഇതിനെ ചുരുക്കാനാവില്ല. നമ്മുടെ പഠന ഗവേഷണ മേഖലകളിലെ ശ്രദ്ധേയമായ വിഷയമായി ഇത്തരം മേഖലകൾ ഉയര്‍ന്നു വന്നതായി കാണാൻ കഴിയുന്നില്ല. വികസനം, ക്ഷേമ സങ്കൽപ്പങ്ങൾ, ആധുനിക യുക്തി, തുടങ്ങിയവയിൽ ചുറ്റിത്തിരിഞ്ഞ ഗവേഷണ മുൻഗണനാക്രമങ്ങൾ കാണാതെപോയ നിരവധി വിഷയങ്ങൾ കേരളീയ സമൂഹത്തിലെ ആന്തരിക പ്രതിസന്ധിയിൽ മുൻപില്ലാത്തവിധം പൊന്തിവന്നിട്ടുണ്ട്. ശബരിമല ആചാര സമരം അത്തരം ഒന്നായിരുന്നു. സമകാലിക കേരളത്തിലെ ക്ഷേത്രപ്രവർത്തനങ്ങളെക്കുറിച്ചുള്ള എന്റെ ഗവേഷണം അവസാനഘട്ടത്തിലെത്തിയ സമയത്താണ് ശബരിമല വിഷയം കത്തിപ്പടരുന്നത്. അത് എന്നെ അൽഭുതപ്പെടുത്തിയില്ല എന്ന് മാത്രമല്ല, അങ്ങനെയൊന്നിനായി കേരളം കാത്തിരിക്കുകയായിരുന്നു എന്നാണ് എനിക്ക് തോന്നിയത്. അത്രമാത്രം ശക്തവും സർവവ്യാപിയുമാണ് കേരളത്തിലെ ക്ഷേത്രപ്രവർത്തനങ്ങളും അവയെ കേന്ദ്രീകരിചുള്ള സംഘാടനങ്ങളും. ഈ വിഷയത്തെ സൈദ്ധാന്തികമായി വിശദീകരിക്കുകയല്ല ഈ എഴുത്തിന്റെ ഉദ്ദേശ്യം മറിച്ച് നിരന്തരം ഞെട്ടിക്കൊണ്ടിരിക്കുന്ന നവോത്ഥാന മലയാളികൾക്ക് മുന്നിൽ ചില ഫീൽഡ് അനുഭവങ്ങൾ പങ്കുവെക്കുക മാത്രമാണ്. ഫീൽഡ് വർക്കിന്റെ ഗവേഷണ ധാർമ്മികതയുടെ ഭാഗമായി ആരുടേയും പേരുകൾ ഇതിൽ പരാമർശിക്കാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്.

 

Representational image: facebook

 

ഗവേഷണത്തിന്റെ ഭാഗമായി തൃശൂർ ജില്ലയിലെ ഒരു താന്ത്രിക ‘ഗുരു’വിനെ ഒരിക്കൽ ദീര്‍ഘമായി ഇന്റർവ്യൂ ചെയ്യുകയുണ്ടായി. അന്ന് അവിടെവെച്ച് മധ്യവയസ്കനായ ഒരു ഐ.ടി. പ്രൊഫഷണലിനെ ഞാൻ പരിചയപ്പെട്ടിരുന്നു. ബെംഗളുരുവിലെ ഒരു കോർപറേറ്റ് കമ്പനിയിൽ വൻ ശമ്പളത്തിൽ ജോലിചെയ്യുന്ന അദ്ദേഹം തന്റെ തിരക്കുകൾ എല്ലാം മാറ്റിവെച്ച് താന്ത്രിക ഗുരുവിനെ കണ്ട് സംശയ നിവാരണം നടത്താനും ഉപദേശങ്ങൾ സ്വീകരിക്കുവാനുമായി വന്നതാണ്. ശാക്തേയ (ശക്തി ആരാധനയുടെ ഒരു ധാര) ഉപാസകനായ ഇയാൾ പഞ്ച മകാരങ്ങൾ (മുദ്ര, മത്സ്യം, മദ്യം, മാംസ, മൈഥുനം) പാലിക്കുന്നതിൽ ഉള്ള തന്റെ സംശയ നിവാരണത്തിനായി വന്നതായിരുന്നു. മാംസ ഉപയോഗവും ലൈംഗിക ബന്ധവുമായി ബന്ധപ്പെട്ടായിരുന്നു അയാളുടെ സംശയങ്ങൾ ഏറെയും. ഇന്ത്യയിലേയും വിദേശത്തേയും വൻനഗരങ്ങളിൽ ജോലിനോക്കിയിട്ടുള്ള അദ്ദേഹം ഇത്തരം വിശ്വാസ മേഖലകളിൽ മുങ്ങിയിരിക്കുന്ന ഒരാളായിരുന്നു. ബെംഗളുരുവിലെ ഐ.ടി. പ്രൊഫഷനലുകൾക്കിടയിൽ ഇത്തരം ഗൂഡ അനുഷ്ഠാനങ്ങൾ പാലിച്ചുവരുന്ന നിരവധി മലയാളികളുണ്ടെന്ന കാര്യം ഞാൻ ആദ്യമായി മനസിലാക്കുന്നത് അദ്ദേഹത്തിൽ നിന്നായിരുന്നു. അത്തരം സുഹൃത്തുക്കൾക്കിടയിലെ തർക്കമായിരുന്നു അദ്ദേഹത്തെ ഇവിടെ എത്തിച്ചത്. അനുഷ്ഠാന പരമായി ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടുക എന്നത് ഒരു സജീവ പ്രയോഗ പ്രശ്നമായി അവർക്കിടയിൽ നിലനില്ക്കുന്നു. പിന്നീട് നടത്തിയ അന്വേഷണങ്ങൾ അത്തരം നിരവധി പുതിയ പ്രവണതകൾ നഗരകേന്ദ്രികൃത മദ്ധ്യ, ഉപരി മദ്ധ്യവർഗ്ഗ വിഭാഗങ്ങൾക്കിടയിൽ സജീവമാണെന്ന് മനസിലാക്കാൻ സഹായിച്ചു.

 

ശാക്തേയ ഉപാസന നമ്മുടെ നാട്ടിൽ, പ്രത്യേകിച്ചും മലബാറിൽ, ശക്തമായി വേരോടിയിട്ടുണ്ട്. എന്നാൽ അതിൽനിന്നും വ്യത്യസ്തമായ ആധുനിക നഗരവൽകൃത സമൂഹത്തിൽ സവിശേഷമായി രൂപമാറ്റം സംഭവിച്ചാണ് പുതു ശക്തി ആരാധന എന്ന് മനസിലാക്കേണ്ടിവരും. (നിഗൂഢമായതിനാൽ തന്നെ പലതും തുറന്ന് സംസാരിക്കാൻ ഇത്തരം ആളുകൾ തയ്യാറാവുകയുമില്ല). അതു പഴയ ഗ്രാമീണ ദേവീ ആരാധനയുടെ ഭൂപരവും സാംസ്കാരികപരവുമായ ബന്ധങ്ങളിൽനിന്ന് വിഛേദിക്കപ്പെട്ടവയാണ്. മദ്ധ്യ, ഉപരി മദ്ധ്യവർഗ്ഗ സമൂഹങ്ങളിൽ സ്വാധീനമുളള നിരവധി ‘ഗുരുക്കൻമാരും’ കേരളത്തിലുണ്ട്. നിഗൂഢമായ പല അനുഷ്ഠാന ക്രമങ്ങളിലും മദ്യവും, മാംസവും, ലൈഗികതയും അവിഭാജ്യ ഘടകമാണ്. മാന്യമാക്കപ്പെട്ട പൊതുമണ്ഡലത്തിന്റെയും ഭക്തിയുടേയും അധോലോകമായി നമുക്കിതിനെ കാണാം.

 

ഗൾഫിൽ പോയതിന് ശേഷം തന്നെ ഉപേക്ഷിച്ച ഭർത്താവിനെ തിരിച്ചെത്തിക്കാൻ തിരുവനന്തപുരത്തെ ലാറ്റിൻ കത്തോലിക്ക സ്ത്രീ വയനാട്ടിലെ മുസ്ലീം സിദ്ധനെതേടി യാത്ര ചെയുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇത്തരം നിരവധി കാര്യങ്ങൾ നമുക്കൊക്കെയും അറിവുള്ളതാണ്. മതാതീതമായ വിശ്വാസത്തിന്റെ തലമുണ്ട് ഇവയിൽ. ആധുനികമായ യുക്തിയിൽ പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളുടെ അതിഭൗതിക പരിഹാരം തേടിയാണ് ഈ അന്വേഷണങ്ങൾ.

 

കേരളത്തെക്കുറിച്ച് ധാരാളം പഠനങ്ങൾ നടത്തിയിട്ടുള്ള പ്രസിദ്ധ സാംസ്കാരിക നരവംശ ശാസ്ത്രജ്ഞനായ ഫിലിപ്പൊ ഒസെല്ല സംഭാഷണ മദ്ധ്യേ പലപ്പൊഴും പറയാറുളള ഒരുകാര്യമാണ് മലയാളികൾക്ക് മന്ത്രവാദത്തോടുള്ള ഒബ്സെഷൻ. ഇപ്പോഴും അത് വളരെ ശക്തമായി തന്നെ നിലനിൽക്കുന്നുണ്ട്. സമൂഹത്തിലെ എല്ലാ തട്ടിലും പെട്ട ജനങ്ങൾക്കിടയിൽ ഇത്തരം പ്രവർത്തനങ്ങൾ നിലവിലുണ്ട്. കേരളത്തിലെ മന്ത്രവാദ പാരമ്പര്യത്തിന് പേരുകേട്ട നമ്പൂതിരി കുടുംബമാണ് കാട്ടുമാടം. നാരായണൻ നമ്പൂതിരിയുടെ മകനും മന്ത്രവാദത്തിലെ ഇപ്പോഴത്തെ പിന്തുടർച്ചക്കാരനുമായ വ്യക്തിയുമായി നടത്തിയ അഭിമുഖത്തിൽ അദ്ദേഹം സൂചിപ്പിക്കുന്ന പേരുകൾ പലതും കേരളത്തിലെ കച്ചവട, സാംസ്കാരിക, രാഷ്ട്രീയ രംഗത്തുള്ളവരുടേതാണ്. ഉന്നത ശ്രേണികളിൽ ഉള്ളവരാണ് മിക്കവാറും എല്ലാവരും തന്നെ.

 

എല്ലാ ശ്രേണിയിലുമുള്ള മനുഷ്യരെയും അഭിസംബോധന ചെയ്തുകൊണ്ടാണ് മന്ത്രവാദം എന്ന സ്ഥാപനത്തിന്റെ നിൽപ്പ് എന്ന് കാണാം. സാമൂഹിക അംഗീകാരമുള്ള ഭക്തിയുടെ അധോതലം ആയാണ് ഇത് വ്യവഹരിക്കപ്പെടുന്നതെങ്കിലും, എല്ലാമതത്തിലും ഈ വിശ്വാസ ധാരയുടെ സ്വാധീനം കാണാൻ കഴിയും. ആധുനികമായ പല പ്രശ്നങ്ങളുടേയും പരിഹാരം തേടിയാണ് ആളുകൾ ഇത്തരം സ്ഥലങ്ങളിൽ ചെന്നെത്തുന്നത്. ഉദാഹരണത്തിന് ഗൾഫിൽ പോയതിന് ശേഷം തന്നെ ഉപേക്ഷിച്ച ഭർത്താവിനെ തിരിച്ചെത്തിക്കാൻ തിരുവനന്തപുരത്തെ ലാറ്റിൻ കത്തോലിക്ക സ്ത്രീ വയനാട്ടിലെ മുസ്ലീം സിദ്ധനെ തേടി യാത്ര ചെയുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇത്തരം നിരവധി കാര്യങ്ങൾ നമുക്കൊക്കെയും അറിവുള്ളതാണ്. മതാതീതമായ വിശ്വാസത്തിന്റെ തലമുണ്ട് ഇവയിൽ. ആധുനികമായ യുക്തിയിൽ പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളുടെ അതിഭൗതിക പരിഹാരം തേടിയാണ് ഈ അന്വേഷണങ്ങൾ. ഇവയോട് ബന്ധപ്പെട്ട മറ്റൊരു വഴിയാണ് ആഭിചാരങ്ങളുടേത്. വിചിത്ര അനുഷ്ഠാനങ്ങളുടെ ലോകമാണത്. കോഴിയെ ബലി നൽകുന്നത് വളരെ സാധാരണമാണ്. കരിങ്കോഴി ആഭിചാരക്രിയകളിലെ നിത്യ ബലിദാനിയാണെന്നത് നമുക്കറിയാമല്ലോ.

 

ഫിലിപ്പോ ഒസെല്ല | photo: twitter

 

ഫീൽഡ് വർക്കിനിടയിൽ കണ്ടുമുട്ടിയ മറ്റൊരു സ്ത്രീയുടെ രീതികൾ വിചിത്രമായിരുന്നു. ഒട്ടുമിക്കദിവസവും മണിക്കൂറുകൾ ആണ് അവർ പൂജാമുറിയിൽ ചെലവഴിച്ചിരുന്നത്. അമൃതാനന്ദമയിയുടെ പരമ ഭക്തയായ അവർക്ക് അവരിൽനിന്ന് മന്ത്രദീക്ഷയും ലഭിച്ചിട്ടുണ്ട്. വീട്ടിൽനിന്ന് പുറത്ത്പോകുന്ന മക്കളെ അവർ പുണ്യാഹം തളിച്ച് ശുദ്ധിവരുത്തി, കാറു വരെ കാർപെറ്റ് വിരിച്ചാണ് യാത്ര അയക്കുന്നത്. അശുദ്ധി ആവാതിരിക്കാനാണ് കാർപെറ്റ് ഉപയോഗിക്കുന്നത്. തിരിച്ചുവരുമ്പൊൾ മുറ്റം മുതൽ കുളിമുറിവരെ തുണിയൊ മറ്റോ വിരിക്കുന്നു. പുറത്ത് പോയതിനാൽ വീട് അശുദ്ധി ആവാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. കുളികഴിഞ്ഞേ നിലത്ത് ചവിട്ടാവു എന്നതാണ് നിബന്ധന. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ചിട്ടകളുടെ, നിയന്ത്രണങ്ങളുടെ ഒരു ലോകമായിരുന്നു ആ വീട്. മലബാറിലെ സമ്പന്നമായ ഒരു ഈഴവ കുടുംബം ആണ് അവരുടേത്. ആർത്തവ കാലമാണ് ഇത്തരം വീടുകളിൽ സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും കഷ്ടതരമായത്. ഒരിടത്തും സ്പർശിക്കാൻ പറ്റാതെ, പുറത്തിറങ്ങാനാവാതെ മുറിയിൽ തന്നെ ഒതുങ്ങിക്കൂടേണ്ടിവരുന്നു അവർക്ക്. ഇത്തരം സാഹചര്യങ്ങൾ സഹിക്കാൻ പറ്റാതെ ആ വീടുകളിലേക്ക് വിവാഹം കഴിച്ചെത്തിയ സ്ത്രീകൾ വീട് മാറുന്നതും, വിവാഹ മോചനം നേടുന്നതും സാധാരണമാണ്. മേൽ സൂചിപ്പിച്ച വീടും അതിന് അപവാദമായിരുന്നില്ല.

 

ഇല്ലാതായി എന്ന് നമ്മൾ കരുതിയ പലതിന്റേയും ഉയിർപ്പും നവീകരണവും നമുക്ക് കാണാം. അതു പഴയതിന്റെ ആവർത്തനങ്ങളായോ, പഴയകാലത്തിലേക്കുള്ള തിരിച്ചുപോക്കായോ ആണ് പലപ്പൊഴും നമ്മള്‍ വിശദീകരിക്കുന്നത്. മറിച്ച് പുതിയകാലത്തോട് പ്രതിപ്രവർത്തിച്ച് രൂപപ്പെടുന്ന പുതിയ ആവിഷ്കാരങ്ങളാണവ. പഴയ മന്ത്രവാദത്തിന്റെ വിശ്വാസികളല്ല പുതിയ വിശ്വാസികൾ. മന്ത്രവാദിയും, അവർ സംബോധനചെയ്യുന്ന വിഷയങ്ങളും വിശ്വാസികളും മാറിയിട്ടുണ്ട്. പുതിയ സാമൂഹിക സാഹചര്യത്തിൽ പ്രത്യേകിച്ചും സാമൂഹിക മാധ്യമങ്ങളുടെയൊക്കെ വളർച്ചയോടെ ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കാനും ആഖ്യാനങ്ങൾ ചമയ്ക്കാനും തൽപ്പരരായവരിൽ എത്തിക്കാനുമൊക്കെ എളുപ്പം സാധിക്കുന്നുണ്ട്. ഇത്തരത്തിൽ ആഖ്യാനങ്ങളുടെ പെരുപ്പവും പ്രചാരവും അതിന്റെ ഉപഭോക്താക്കളുടെ എണ്ണവും വലിയതോതിൽ വർദ്ധിച്ചിട്ടുണ്ട്. ഇത്തരം ആശയങ്ങൾ നിരന്തരം വിമർശനരഹിതമായി സ്വീകരിക്കുന്നവരുടെ പ്രയോഗങ്ങളിൽ അവ സ്വാഭാവികമായും കടന്നുവരും എല്ലായിടത്തും അത് ദൃശ്യമാവണമെന്നില്ല, എന്നാൽ നിങ്ങൾ തൽപ്പരനാണെങ്കിൽ നിങ്ങളിലേക്കു അതു നിരന്തരമായി എത്താനുളള സംവിധാനങ്ങൾ ഉണ്ട്. അതായത് ആശയങ്ങളുടെ നിരന്തര ഉപഭോഗം സാദ്ധ്യമാക്കുന്ന സവിശേഷമായ ഒരു പൊതുമ (public) രൂപപ്പെട്ട് വന്നിട്ടുണ്ട്. അത് ചിലപ്പോൾ കേരളവുമായി മാത്രമാകണമെന്നില്ല ബന്ധപ്പെട്ട് കിടക്കുന്നത്, ഊർജ്ജം സ്വീകരിക്കുന്നത്. സ്വകാര്യ ഇടങ്ങൾവിട്ട് പൊതുമയിലേക്ക് തള്ളിക്കയറിയ വിശ്വാസങ്ങളുടെ പെരുക്കങ്ങൾ തീർക്കുന്ന ചലനങ്ങളാണ് നമ്മൾ കാണുന്നത്.

 

വളരെ ചെറിയ ഒരു ലക്ഷ്യമേ ഈ എഴുത്തിനുള്ളൂ, നവോത്ഥാന മന്ത്രജപത്തിനിടയിൽ ഇടക്കിടെ ഞെട്ടിത്തരിക്കേണ്ടതില്ല എന്ന് പറയുക, അതുകൊണ്ട് രക്ഷിച്ചെടുക്കാവുന്നതിലും വലിയ അവസ്ഥ കേരളത്തിൽ നിലനില്ക്കുന്നു എന്ന് ചൂണ്ടിക്കാട്ടുക.

 

നമ്മുടെ പത്ര മാധ്യമങ്ങൾ പലതരം വിശ്വാസങ്ങൾക്കു നൽകുന്ന ഇടം എന്തുമാത്രമാണ് വർദ്ധിച്ചതെന്ന് നമുക്കു കാണാം. വിശ്വാസങ്ങളെ കേന്ദ്രീകരിച്ച എഴുത്തുകൾക്കും, വാർത്തകൾക്കുമൊക്കെയായി സർക്കുലേഷൻ
സ്ട്രാറ്റജിതന്നെ മാധ്യമ സ്ഥാപനങ്ങൾക്കുണ്ട്. ഓരോ ക്ലിക്കും, ചെലവഴിക്കുന്ന നിമിഷങ്ങളും ലാഭമായി പരിവർത്തിക്കപ്പെടുക കൂടിയാണല്ലൊ ഡിജിറ്റൽ മുതലാളിത്തത്തിൽ. മാത്രമല്ല ഓരോരുത്തരും സ്വയം മാധ്യമം ആകുന്ന കാലവുമാണല്ലൊ ഇത്. ഏതെങ്കിലും തന്ത്ര/മന്ത്ര പദ്ധതികളുടെ വ്യാപനം മാത്രമല്ല ഇവ. മികച്ച കച്ചവട മാതൃകകളായി, ഒരു പദ്ധതിയുമായി ബന്ധമില്ലാതെ ചായക്കട തുടങ്ങുന്നപോലെയും ഇത്തരം കാര്യങ്ങൾ നാടുനീളെ ഉണ്ടാവുന്നുണ്ട്. നരബലിയിലെ നായകനും അത്തരമൊരാളാണ്. ഇത്തരക്കാർ പണം കൊയ്യുന്നു എന്നതുപോലെതന്നെ പ്രധാനമാണ് ആളുകൾ പണം ചെലവഴിക്കാൻ തയ്യാറാവുന്നു എന്നത്. വിശ്വാസങ്ങളും, അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുമൊക്കെ ചേർന്ന ഒരു വിശ്വാസ സമ്പദ്ഘടന ഇവയ്ക്ക് ചുറ്റിലുമായി ഉണ്ടായി വന്നിട്ടുണ്ട്. കേരളത്തിലെ മദ്ധ്യ ഉപരിവർഗ്ഗങ്ങളിലെ ഒരു വിഭാഗം ഇതിലേക്ക് പണം നിക്ഷേപിക്കാൻ തയ്യാറുമാണ്. ആ പ്രക്രിയകൾ ഇനിയും മനസിലാക്കപ്പെടേണ്ടതായുണ്ട്.

 

തീർച്ചയായും തിരുവല്ലയിലെ കേസ് അതിന്റെ ക്രൂരതയാൽ ഒറ്റപ്പെട്ടതാണ് എന്നാൽ അങ്ങനെയല്ലാത്ത വിശ്വാസ വിചാരങ്ങളുടെ ഗൂഢ സങ്കീർണ്ണലോകം കൂടി കേരളത്തിൽ നിലവിലുണ്ട്. നമ്മുടെ ആധുനികതയിൽ പുരോഗമനപരമായത് മാത്രമായിരുന്നില്ല സംഭവിച്ചത്. ആചാര സംരക്ഷണത്തിന്റേയും, യാഥാസ്ഥിതികത്വത്തിന്റെയും, ആധുനിക കേരള ജീവചരിത്രം നമ്മൾ അന്വേഷിച്ചിട്ടേയില്ല. അത്തരം മേഖലകളിൽ ഗൗരവതരമായ ഗവേഷണങ്ങൾ ഇനി നടക്കേണ്ടതായാണുള്ളത്. വളരെ ചെറിയ ഒരു ലക്ഷ്യമേ ഈ എഴുത്തിനുള്ളൂ, നവോത്ഥാന മന്ത്രജപത്തിനിടയിൽ ഇടക്കിടെ ഞെട്ടിത്തരിക്കേണ്ടതില്ല എന്ന് പറയുക, അതുകൊണ്ട് രക്ഷിച്ചെടുക്കാവുന്നതിലും വലിയ അവസ്ഥ കേരളത്തിൽ നിലനില്ക്കുന്നു എന്ന് ചൂണ്ടിക്കാട്ടുക.

 

 

 

 

 

 

 

 

 

 

 

 

#outlook
Leave a comment