TMJ
searchnav-menu

കടലിലും സാധ്യമാക്കുമോ ഈ രക്ഷാദൗത്യങ്ങള്‍ ?

11 Feb 2022   |   1 min Read
സിന്ധു നെപ്പോളിയന്‍

കേരളത്തിന്റെ സമീപകാല ചരിത്രത്തിലെ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനങ്ങളിലൊന്നാണ് ഇക്കഴിഞ്ഞ ദിവസം മലമ്പുഴ ചെറാട് മലയിൽ നടന്നത്. കൂട്ടുകാർക്കൊപ്പം മലകയറാൻ പോയ ബാബു എന്ന യുവാവ് കാൽ വഴുതി വീഴുകയും മലയിടുക്കിൽ രണ്ട് ദിവസത്തോളം കുടുങ്ങിപ്പോവുകയും ചെയ്തതോടെ കരസേനയുടെ പ്രത്യേക ദൗത്യ സംഘമെത്തി അദ്ദേഹത്തെ ജീവിതത്തിലേക്ക് കൈ പിടിച്ച് കയറ്റുകയായിരുന്നു. ഏറെ ദുർഘടമായ പ്രദേശത്ത്, കൊടുംവെയിലുള്ള പകലും ഏകാന്തമായ രാത്രിയെയും ബാബു അതിജീവിച്ചത് ഒരിറ്റ് വെള്ളവും ഭക്ഷണവുമില്ലാതെയായിരുന്നു. ആ മനുഷ്യൻ കടന്നുപോയ അരക്ഷിതാവസ്ഥയ്ക്കും അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും കടന്നുപോയ വേദനയ്ക്കും അവസാനമുണ്ടായതിൽ ഏറെ സന്തോഷം തോന്നി. ഒരു ദിവസം മുഴുവൻ  ബാബുവിന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം തത്സമയം കാണുകയും അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ അദ്ദേഹം സുരക്ഷിതനായി തിരിച്ചെത്തിയതായി അറിയുകയും ചെയ്തപ്പോൾ അറിയാതെയാണെങ്കിലും ഞങ്ങളുടെ നാട്ടിലെ മനുഷ്യരെപ്പറ്റി ആലോചിച്ചു പോയി. 

ഒന്നരക്കൊല്ലം മുൻപേ ഇതുപോലൊരു രാത്രി മുഴുവൻ പ്രതീക്ഷയോടെ കാത്തിരുന്ന എന്നെ ഞാനോർക്കുകയായിരുന്നു. ഏറ്റവും പ്രിയപ്പെട്ടൊരാൾ അകപ്പെട്ടു പോയ അപകട മുഖത്ത് നിന്ന് ആരോഗ്യത്തോടെ തിരികെയെത്തുമെന്നും ആ ദുരിത രാത്രിയെ എനിക്ക് അതിജീവിക്കാനാവുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു. മഹാപ്രളയത്തിൽ മീൻപിടുത്ത വള്ളങ്ങളുമായി ഓടിയെത്തി ജീവനുകൾ രക്ഷിച്ച കടൽപ്പണിക്കാരാണല്ലോ, നമുക്കൊരു ദുരിതാവസ്ഥ വരുമ്പോൾ ഓടിയെത്താൻ ഇവിടെ സംവിധാനങ്ങളുണ്ടല്ലോയെന്നും അന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ പൊതുസമൂഹത്തിന് വളരെ പെട്ടെന്ന് അവഗണിക്കാനാവുന്ന, ‘നമുക്കൊന്നും ചെയ്യാൻ നിവർത്തിയില്ല’ എന്നും പറഞ്ഞ് കയ്യൊഴിയാൻ പറ്റുന്ന ഇടമാണ് കടലും അവിടുത്തെ മനുഷ്യരുമെന്ന് ഒന്നുകൂടി വ്യക്തമാവുകയായിരുന്നു. അതിതീവ്ര ചുഴലിക്കാറ്റായ ഓഖി വീശിയപ്പോഴും അധികൃതരുടെ ഈ നിസംഗത കണ്ടതാണ്. ഏത് കൊടുംകാട്ടിലും എത്ര ചെങ്കുത്തായ മലയിടുക്കിലും അപകടത്തിൽപ്പെട്ടു പോയ മനുഷ്യരെ രക്ഷിക്കാനുള്ള സംവിധാനങ്ങൾ നമ്മുടെ സേനകൾക്കും ദുരന്തനിവാരണ വിഭാഗത്തിനുമുണ്ട്. ഒരു ദുരന്തമുണ്ടാവുമ്പോൾ, അഥവാ മനുഷ്യർ അപകടാവസ്ഥയിൽ പെടുമ്പോൾ അവരെ എത്രയും വേഗം സുരക്ഷിതരാക്കാനായി ബന്ധപ്പെട്ട വകുപ്പുകൾ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന കാഴ്ച്ച കേരളത്തിലെങ്കിലും നമുക്ക് സുപരിചിതമാണ്.

അതിലേറ്റവും വേദന തോന്നിയത്, ആ അപകടമുണ്ടായതിന് കഷ്ടിച്ച് ഒരാഴ്ച്ച മുൻപ് ഉദ്ഘാടനം ചെയ്ത് വിഴിഞ്ഞത്ത് എത്തിച്ച കടൽ ആംബുലൻസ്, സുരക്ഷാ കാരണങ്ങളുള്ളതിനാൽ തിരിച്ച് എറണാകുളത്തേക്ക് തന്നെ കൊണ്ടു പോയി എന്ന് കേട്ടപ്പൊഴാണ്. അനിയനും കൂട്ടുകാർക്കും അപകടമുണ്ടായ ഇടത്ത് നിന്ന് കഷ്ടിച്ച് പത്ത് മിനിറ്റിനപ്പുറത്താണ് വിഴിഞ്ഞം. പക്ഷേ ഇല്ലാത്ത കടൽ ആംബുലൻസ് കൊണ്ടുവരാനാവില്ലല്ലോ! 

പക്ഷേ ഈ പറഞ്ഞതൊന്നും നടക്കാത്തൊരു ഇടമാണ് കടൽ. തൊഴിലിന്റെ ഭാഗമായോ മറ്റ് കാരണങ്ങളാലോ കടലിൽ വെച്ച് ഉണ്ടാവുന്ന അപകടങ്ങളിൽ എല്ലാവർക്കും പറയാനുള്ളത് നിസ്സഹായതയെപ്പറ്റി മാത്രമാണ്. ശക്തമായ കാറ്റുണ്ട്, വലിയ കടലടിയുണ്ട്, കോസ്റ്റ് ഗാർഡിന്റെ ബോട്ട് കേടാണ്, തീരദേശ പൊലീസ് സ്ഥലത്തില്ല, കടൽ ആംബുലൻസിൽ ആളില്ല എന്നു തുടങ്ങി ഒരു നൂറ് കാരണങ്ങളും ഒഴിവുകഴിവുകളും കേൾക്കാറുണ്ട്. കടലിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങുന്നതിനിടെ ശക്തമായ തിരമാലയിൽ പെട്ടുപോയ ഏറ്റവും പ്രിയപ്പെട്ടയാൾ തിരികെ വരുന്നതും നോക്കിയിരുന്ന ആ രാത്രിയും ഇത്തരം കുറേ ഒഴിവുകഴിവുകൾ കേട്ടു. അതിലേറ്റവും വേദന തോന്നിയത്, ആ അപകടമുണ്ടായതിന് കഷ്ടിച്ച് ഒരാഴ്ച്ച മുൻപ് ഉദ്ഘാടനം ചെയ്ത് വിഴിഞ്ഞത്ത് എത്തിച്ച കടൽ ആംബുലൻസ്, സുരക്ഷാ കാരണങ്ങളുള്ളതിനാൽ തിരിച്ച് എറണാകുളത്തേക്ക് തന്നെ കൊണ്ടു പോയി എന്ന് കേട്ടപ്പൊഴാണ്. അനിയനും കൂട്ടുകാർക്കും അപകടമുണ്ടായ ഇടത്ത് നിന്ന് കഷ്ടിച്ച് പത്ത് മിനിറ്റിനപ്പുറത്താണ് വിഴിഞ്ഞം. പക്ഷേ ഇല്ലാത്ത കടൽ ആംബുലൻസ് കൊണ്ടുവരാനാവില്ലല്ലോ! 

photo : prasoon kiran

ഒന്നാം പിണറായി സർക്കാർ ഭരണത്തിന്റെ അവസാന ലാപ്പിൽ ഏറെ കൊട്ടിഘോഷിച്ച് കൊണ്ടുവന്നൊരു സംഗതിയായിരുന്നു മറൈൻ ആംബുലൻസ്. അത്യാധുനിക ജീവൻ രക്ഷ സംവിധാനങ്ങളും വിദഗ്ധരായ മുങ്ങൽവിദഗ്ധരുടെ സേവനവും കടലിൽ അപകടത്തിൽപ്പെടുന്നവർക്ക് പ്രഥമശ്രുശ്രൂഷ നൽകാനുള്ള സൗകര്യങ്ങളും ഉൾപ്പെടെ പലതും ഈ ആംബുലൻസ് ബോട്ടുകളിലുണ്ടായിരുന്നു. ഒരു തരത്തിൽ പറഞ്ഞാൽ ഇന്നാട്ടിലെ ആയിരക്കണക്കിന് മീൻപിടുത്തക്കാർ എത്രയോ കാലമായി വിഭാവന ചെയ്ത് കാത്തിരുന്നതും, ഇനിയൊരിക്കലും നടക്കില്ലെന്നോർത്ത് എന്നേ വിട്ടുകളഞ്ഞതുമായ ചില അടിസ്ഥാന സുരക്ഷാ സൗകര്യങ്ങൾ ഒരു കുടക്കീഴിൽ കിട്ടിയ പ്രതീതിയായിരുന്നു കടൽ ആംബുലൻസ് നൽകിയത്. പക്ഷേ നാളിത് വരെയും ഈ ആംബുലൻസുകൾ ഏതെങ്കിലും തരത്തിലുള്ള രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായോ കടലിൽ അകപ്പെട്ട ആരുടെയെങ്കിലും ജീവൻ രക്ഷിച്ചതായോ അറിവില്ല. കടലിൽ അപകടങ്ങളുണ്ടാവുന്നതും മനുഷ്യർ നിസ്സഹായരായി മുങ്ങിത്താഴുന്നതും ഇന്നും തുടരുകയാണ്. കടലിൽ വീണാൽ കയ്യകലത്ത് രക്ഷപ്പെടുത്താൻ പാകത്തിന് ഒരു മത്സ്യബന്ധന വള്ളമോ പണിക്കാരോ ഇല്ലെങ്കിൽ മുങ്ങിത്താഴ്ന്നു പോവുക മാത്രമേ നിവർത്തിയുള്ളൂ എന്നതാണ് നിലവിലെ വിഷമകരമായ യാഥാർത്ഥ്യം... 

കടലിൽ വെച്ചുണ്ടാവുന്ന അപകടങ്ങൾ യഥാസമയം കരയിലിരിക്കുന്ന ബന്ധപ്പെട്ടവരെ അറിയിക്കാനുള്ള ആശയവിനിമയ സൗകര്യങ്ങൾ ഇന്നും വിദൂരത്തിലാണ്. ഇനിയിപ്പൊ ഏതെങ്കിലും വിധേന അപകടങ്ങൾ കരയ്ക്കറിഞ്ഞാൽപ്പോലും സമയോചിതമായ രക്ഷാപ്രവർത്തനം നടത്താൻ സാധിക്കുന്ന ഒരു സംവിധാനവും നമുക്കില്ല. കരയിൽ നിന്ന് വളരെ പരിമിതമായ ദൂരത്തിൽ മാത്രം പോയി റോന്ത് ചുറ്റി വരാനേ കോസ്റ്റ് ഗാർഡ് പലപ്പോഴും മെനക്കെടാറുള്ളൂ. തീരദേശ പൊലീസിന് നയതന്ത്ര സുരക്ഷയ്ക്കപ്പുറത്തേക്ക് ഉത്തരവാദിത്വങ്ങൾ ഇല്ലാത്തതിനാലും കെട്ടുറപ്പുള്ള ബോട്ട് പോലും സ്വന്തമായി ഇല്ലാത്തതു കൊണ്ടും അവരുടെ സേവനങ്ങളും കടലാസിൽ മാത്രമാണുള്ളത്. നാവികസേനയ്ക്ക് മാത്രമാണ് കടലിൽ രക്ഷാപ്രവർത്തനം നടത്താനുള്ള കൊള്ളാവുന്ന സാങ്കേതിക സംവിധാനങ്ങൾ കയ്യിലുള്ളത്. എന്നാൽ അവരുടെ സേവനം ലഭിക്കണമെങ്കിൽ പല അധികാര കേന്ദ്രങ്ങളിൽ നിന്നും സന്ദേശങ്ങൾ കൈമാറ്റം ചെയ്യപ്പെടേണ്ടതുണ്ട്. ഇതിന് വേണ്ടി വരുന്ന സമയവും തീരെ മന്ദഗതിയിലുള്ള ഏകോപനവും നിമിത്തം നാവികസേന എത്തുമ്പൊഴേക്കും വിലപ്പെട്ട സമയത്തിന്റെ നല്ലൊരു ഭാഗവും കഴിഞ്ഞിട്ടുണ്ടാവും. ഇത്രയധികം സങ്കീർണമായ നടപടി ക്രമങ്ങൾക്കൊടുവിൽ മാത്രമാണ് കടലിലേക്ക് ഒരു തിരച്ചിൽ സംഘം ഇറങ്ങുന്നതെന്ന് മനസിലാവുമ്പോൾ മാത്രമാണ് കഴിഞ്ഞ ദിവസം ചെറാട് മലയിൽ നടന്ന രക്ഷാദൗത്യം പോലൊന്ന് കടലിൽ നടത്താൻ ഇപ്പോഴും നമ്മൾ അപ്രാപ്ത്യരാണെന്ന് തിരിച്ചറിയുന്നത്. ബാബുവിന് മല കയറുന്നതിന് പകരം വല്ല കടലിലും നീന്താൻ ഇറങ്ങാൻ തോന്നാതിരുന്നത് നന്നായി. കടലിൽ വന്ന് പൊക്കിയെടുക്കാൻ ഈ കൂട്ടരൊന്നും എത്തണമെന്നില്ല! 

എല്ലാക്കാലത്തും പൊതുസമൂഹത്തിന് വലിയ പരിഗണനയൊന്നും തോന്നാത്ത ഇടമാണ് കടൽ. അവധി ദിവസങ്ങളിൽ ബീച്ചിൽ പോവുമ്പൊ കാണുന്ന കടലിനപ്പുറം അതൊരു ആവാസ വ്യവസ്ഥ കൂടിയാണെന്നോ ഒരുപാട് മനുഷ്യരുടെ തൊഴിലിടം ആണെന്നോ ഉള്ള തിരിച്ചറിവ് ബഹുഭൂരിപക്ഷം ജനങ്ങൾക്കും ഉണ്ടാവാറില്ല.

Photo : prasoon Kiran

എല്ലാക്കാലത്തും പൊതുസമൂഹത്തിന് വലിയ പരിഗണനയൊന്നും തോന്നാത്ത ഇടമാണ് കടൽ. അവധി ദിവസങ്ങളിൽ ബീച്ചിൽ പോവുമ്പൊ കാണുന്ന കടലിനപ്പുറം അതൊരു ആവാസ വ്യവസ്ഥ കൂടിയാണെന്നോ ഒരുപാട് മനുഷ്യരുടെ തൊഴിലിടം ആണെന്നോ ഉള്ള തിരിച്ചറിവ് ബഹുഭൂരിപക്ഷം ജനങ്ങൾക്കും ഉണ്ടാവാറില്ല. മഹാ പ്രളയത്തിൽ കുടുങ്ങിപ്പോയ ആയിരക്കണക്കിന് മലയാളികൾക്ക് മത്സ്യത്തൊഴിലാളികൾ രക്ഷാസൈന്യമായി മാറിയെങ്കിലും കടലിൽ അപകടത്തിൽപ്പെടുന്ന മീൻപിടുത്തക്കാർക്ക് രക്ഷകരായി ആരും ഉണ്ടാവാറില്ലെന്നതാണ് സത്യം. ഇവിടുത്തെ പൊതുസമൂഹത്തിന് കടലിനോടും പരിഗണന തോന്നുന്ന, കടലിൽ അകപ്പെടുന്ന മീൻപിടുത്തക്കാരുടെയും മറ്റുള്ളവരുടെയും ജീവൻ രക്ഷിക്കുകയെന്നത് ഉത്തരവാദിത്വമായി മാറുന്ന കാലത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് തോന്നുന്നു. കാറ്റും കോളും ഉള്ളപ്പോൾ കടലിൽ അകപ്പെട്ടു പോകുന്നവരെ രക്ഷിക്കാനായി നമ്മുടെ സേനയും ബന്ധപ്പെട്ട വിഭാഗങ്ങളും സജ്ജമാവേണ്ടതുണ്ട്. എത്ര നന്നായി നീന്താൻ കഴിയുന്ന ആളാണെങ്കിൽപ്പോലും ഒരു അപകടത്തിൽപ്പെട്ട് കടലിൽ മുങ്ങികിടക്കേണ്ടി വന്നാൽ ശരീര ഊഷ്മാവ് 35 ഡിഗ്രി സെല്‍ഷ്യസിൽ താഴെ പോവാനും ഹൈപോതെർമിയ (Hypothermia) മൂലം മുങ്ങിമരണം സംഭവിക്കാനുമുള്ള സാധ്യത വളരെ കൂടുതലാണ്. വെള്ളത്തിന്റെ ഊഷ്മാവ്, കാറ്റിന്റെ ഊഷ്മാവ്, ശരീരത്തിന്റെ ചലനങ്ങൾ, വ്യക്തിയുടെ പ്രായം, ആരോഗ്യ സ്ഥിതി എന്നിവയെ ആശ്രയിച്ചാണ് ഹൈപ്പോതെർമിയയ്ക്കുള്ള സാധ്യതയുള്ളത്. ഇക്കാരണങ്ങൾ കൊണ്ടുതന്നെ സമയത്തിന് വലിയ വിലയുള്ള ഇടമാണ് കടൽ. സെക്കന്റുകളുടെ വ്യത്യാസം പോലും വിലപ്പെട്ടൊരു ജീവന്റെ നഷ്ടത്തിന് ഇടയാക്കും എന്ന വസ്തുത ഏതു കാലത്താണ് ഉത്തരവാദിത്വപ്പെട്ട വകുപ്പുകളിലിരിക്കുന്നവർ മനസിലാക്കുകയെന്ന് അറിയില്ല. മലയിടുക്കിൽ അകപ്പെട്ടു പോയ ബാബുവിനെ പുനർജന്മത്തിലേക്ക് കൊണ്ടുവരാൻ നീട്ടിയ കരങ്ങളിൽ ചിലത് കടലിൽ അകപ്പെട്ടു പോവുന്ന മനുഷ്യർക്ക് നേരെയും കൂടി നീട്ടാൻ എന്നാണ് നമുക്ക് സാധിക്കുക?

Leave a comment