TMJ
searchnav-menu
post-thumbnail

Outlook

റീഷോറിംഗും പാര്‍ട്ടി കോണ്‍ഗ്രസ്സും

16 Oct 2022   |   1 min Read
കെ പി സേതുനാഥ്

PHOTO: WIKI COMMONS


2017 ഒക്ടോബറില്‍ ചൈനയിലെ കമ്യൂണിസ്‌റ്റു പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ മൂന്നര മണിക്കൂര്‍ നീണ്ട ഉദ്‌ഘാടന പ്രസംഗത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും, ചൈനയിലെ പ്രസിഡണ്ടും, കേന്ദ്ര മിലിട്ടറി കമ്മീഷന്റെ ചെയര്‍മാനുമായ ഷി ജിന്‍പിംഗ്‌ 70 തവണ റിഫോംസ്‌ അഥവാ പരിഷ്‌ക്കാരം എന്ന വാക്കുപയോഗിച്ചിരുന്നു. സ്വകാര്യ മൂലധനത്തിന്റെ അതിരുകളില്ലാത്ത പോക്കുവരവുകളെ ഉറപ്പാക്കുന്ന നയങ്ങളെ ദ്യോതിപ്പിക്കുന്ന കോഡ്‌ വാക്കായ റിഫോംസിനെ 70 തവണ ആവര്‍ത്തിച്ചതോടെ ചൈനയുടെ സര്‍വാധികാരിയായ ഷീ എന്താണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ സ്ഥിരം 'ചൈന നിരീക്ഷകര്‍' വ്യാഖ്യാനങ്ങള്‍ തുടങ്ങി. വിദേശ-സ്വദേശ മൂലധനങ്ങള്‍ക്ക്‌ കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കുന്നതു മുതല്‍ ചൈനക്കാര്‍ക്കു മാത്രം മനസ്സിലാവുന്ന നിഗൂഢമായ എന്തെങ്കിലുമാവും എന്നുവരെയുള്ള ഊഹാപോഹങ്ങള്‍ സുലഭമായിരുന്നു. 2022 ഒക്ടോബറില്‍ മറ്റൊരു പാര്‍ട്ടി കോണ്‍ഗ്ര്‌സ്സിന്റെ ഉദ്‌ഘാടന പ്രസംഗത്തില്‍ ഷി യുടെ നാവില്‍ നിന്നും പുറത്തു വരുന്ന വിവിധോദ്ദേശ പദം ഏതായിരുക്കുമെന്ന കാര്യത്തില്‍ നോക്കിയിരിക്കുന്നവരുടെ എണ്ണം ഏറെയാവും. പാശ്ചാത്യ നാടുകളിലെ സ്ഥിരം ചൈന നോക്കികള്‍ വിചാരിച്ച അര്‍ത്ഥമല്ല ഷി യുടെ റിഫോംസ്‌ അര്‍ത്ഥമാക്കിയതെന്ന്‌ കഴിഞ്ഞ 5 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. ചൈനയിലെ അതിസമ്പന്നരുടെ മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും, വിദേശിയും സ്വദേശിയുമായ മൂലധനത്തിന്റെ സ്വതന്ത്ര വിഹാരങ്ങള്‍ക്ക്‌ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്ന തരത്തിലുള്ള നയങ്ങളായിരുന്നു നടന്നതെന്നു കരുതേണ്ടിയിരിക്കുന്നു

ചൈനയിലെ ശതകോടീശ്വരനായ ജാക്ക്‌ മായുടെ ആലിബാബ എന്ന കമ്പനിയുടെ നിയന്ത്രണത്തിലുളള മറ്റൊരു കമ്പനിയുടെ ലോകത്തിലെ ഏറ്റവും വലിയ IPO ഹോംഗ്‌കോംഗ്‌, ഷാങ്ങ്‌ഹായ് ഓഹരി വിപണികളില്‍ ലിസ്റ്റു ചെയ്യുന്നതിനും ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ റദ്ദാക്കാന്‍ നിര്‍ബന്ധിതമായത്‌ ഷി യുടെ നയം മാറ്റത്തിന്റെ വ്യക്തമായ സൂചകമായി കണക്കാക്കപ്പെടുന്നു. പൂച്ച കറുത്തതായാലും, വെളുത്തതായാലും എലിയെ പിടിച്ചാല്‍ മതിയെന്ന ദെങ്ങ്‌പിയാവോ സിങ്ങിന്റെ പ്രയോഗിക സൂക്തത്തില്‍ നിന്നും കോമണ്‍ പ്രോസ്‌പെരിറ്റി അഥവാ പൊതു സമൃദ്ധിയെന്ന ഷി സിദ്ധാന്തം ചൈനയിലെ അസമത്വം മൂടിവെയ്‌ക്കാന്‍ പറ്റാത്തവിധം പ്രകടമായതിന്റെ ലക്ഷണമായും കണക്കാക്കപ്പെടുന്നു. കോമണ്‍ പ്രോസ്‌പെരിറ്റിയാണ്‌ ചൈന ലക്ഷ്യം വയ്‌ക്കുന്നതെന്ന ഷീയുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനങ്ങള്‍ ചൈന പുതിയൊരു സാമ്പത്തിക പുനര്‍വിതരണത്തിന്റെ പാതയിലാണെന്നതിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു. അതിസമ്പന്നരുടെ തേര്‍വാഴ്‌ച്ച അനുവദിക്കില്ലെന്ന ഷിയുടെ നിലപാട്‌ കൂടുതല്‍ കാര്‍ക്കശ്യം കൈവരിക്കുന്നതിനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. റിയല്‍ എസ്റ്റേറ്റ്‌ മേഖലയിലെ തകര്‍ച്ചയുടെ കാര്യത്തില്‍ സ്വീകരിച്ച സമീപനത്തെ അതിന്റെ ലക്ഷണങ്ങളായി വ്യാഖ്യാനിക്കുന്നവരുണ്ട്‌. ചൈനയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ്‌ സ്ഥാപനമായ എവര്‍ ഗ്രാന്‍ഡെ പ്രതിസന്ധി ഇക്കാര്യം വെളിച്ചത്തു കൊണ്ടു വന്നിരുന്നു.

representational image

ചൈനീസ്‌ കമ്യൂണിസ്‌റ്റു പാര്‍ട്ടിയുടെ സുപ്രധാനമായ പാര്‍ട്ടി കോണ്‍ഗ്രസ്സ്‌ തുടങ്ങാനിരിക്കെ ഇന്ത്യയില്‍ മാത്രമല്ല ലോകത്തിന്റെ തന്നെ മുഴുവന്‍ ശ്രദ്ധയും ചൈനയില്‍ കേന്ദ്രീകരിയ്‌ക്കുന്നതിന്റെ പശ്ചാത്തലമിതാണ്‌. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന സിപിസി യുടെ കോണ്‍ഗ്രസ്സിന്റെ തുടക്കം ഒക്ടോബര്‍ 16 ഞായറാഴ്‌ച മുതലാണ്‌. ചൈനയുടെ മാത്രമല്ല ലോകത്തിന്റെ തന്നെ ചരിത്രത്തിലെ നിര്‍ണ്ണായകമായ ഒരു ഘട്ടത്തില്‍ നടക്കുന്ന കോണ്‍ഗ്രസ്സില്‍ എന്തെങ്കിലും അത്ഭുതം സംഭവിക്കുമെന്ന് ആരും കരുതുന്നില്ല. അധികാരത്തില്‍ വന്നിട്ടുള്ള കമ്യൂണിസ്റ്റു പാര്‍ട്ടികളുടെ ഇതുവരെയുള്ള രീതികള്‍ അനുസരിച്ച്‌ പാര്‍ട്ടി കോണ്‍ഗ്രസ്സ്‌ പോലെയുള്ള സന്ദര്‍ഭങ്ങളില്‍ മുന്‍നിശ്ചയിച്ച പ്രകാരമുള്ള അജന്‍ഡകള്‍ ഒന്നു കൂടി ഉറപ്പിക്കുവാനും പ്രയോഗത്തില്‍ വരുത്താനുമുള്ള കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിക്കലുമാണ്‌ നടക്കുക. പാര്‍ട്ടിക്കുള്ളിലെ വിവിധ അധികാര ബ്ലോക്കുകള്‍ തമ്മിലുളള കിടമത്സരങ്ങളും ഭിന്ന വീക്ഷണങ്ങളും പുറം ലോകം അറിയാതെ ഒതുക്കി വെയ്‌ക്കുന്നതിനുള്ള കമ്യൂണിസ്റ്റു രീതികളും സമീപനങ്ങളും ഇപ്പോള്‍ ഏറെക്കുറെ പരിചിതവുമാണ്‌. ചൈനീസ്‌ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായ ഷി ഏതാണ്ട്‌ ജീവിതാവസാനം വരെ പരമാധികാര നേതാവായി തുടരുന്നതിന് നടത്തിയിട്ടുള്ള തയ്യാറെടുപ്പുകള്‍ക്ക്‌ ഔപചാരികമായ അംഗീകാരം കോണ്‍ഗ്രസ്സില്‍ ലഭിക്കുമെന്നാണ്‌ പൊതുവെയുള്ള അനുമാനം. പ്രസിഡണ്ടായി രണ്ടു തവണയിലധികം തുടരാനാവില്ലെന്ന വിലക്ക്‌ 2018 ല്‍ തന്നെ ഒഴിവാക്കിയതോടെ തന്റെ മൂന്നാം ഊഴത്തിനുളള ഏര്‍പ്പാടുകള്‍ 69 കാരനായ ഷി നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. പാര്‍ട്ടി നേതൃനിരയിലും നയങ്ങളിലും അത്ഭുതങ്ങളൊന്നും സംഭവിക്കുന്നില്ലെങ്കില്‍ എന്തിനാണ്‌ ലോകശ്രദ്ധ ചൈനയിലേക്ക്‌ തിരിയുന്നതെന്ന ചോദ്യം സ്വാഭാവികമാണ്‌.

അമേരിക്കയുടെ തന്ത്രപരമായ ആവശ്യത്തിനായി രൂപംകൊടുത്ത ക്വാഡിന്റെ ഭാഗമാവുന്നതിന്‌ പകരം ഏഷ്യയിലെ വന്‍ശക്തികളെന്ന നിലയില്‍ ഇന്ത്യയും ചൈനയും ഒരുമിച്ച്‌ നിന്നുകൊണ്ട് അമേരിക്കയെ മേഖലയില്‍ നിന്നും പരമാവാധി ഒഴിവാക്കണമെന്ന ചൈനയുടെ വാദങ്ങള്‍ ഇന്ത്യന്‍ നയകര്‍ത്താക്കള്‍ക്ക്‌ ഇതുവരെ ബോധിച്ചിട്ടില്ലെന്ന വസ്‌തുത ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധങ്ങളുടെ നാള്‍വഴികള്‍ വ്യക്തമാക്കുന്നു.

പുതിയ ശീതയുദ്ധം, ആഗോളതാപനവും, കാലാവസ്ഥ വ്യതിയാനവും, റഷ്യ-ചൈന സഖ്യം, തായ്‌വാന്‍ പ്രശ്‌നത്തില്‍ അമേരിക്കയുമായുള്ള സംഘര്‍ഷം, ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം, ചൈനയിലെ സാമ്പത്തിക വളര്‍ച്ച നേരിടുന്ന തിരിച്ചടികള്‍, കോവിഡ്‌ മഹാമാരി സൃഷ്ടിക്കുന്ന പ്രതിസന്ധി തുടങ്ങിയ ആഭ്യന്തര-വിദേശ വിഷയങ്ങളില്‍ ചൈനയിലെ ഭരണാധികാരി വര്‍ഗ്ഗം പുലര്‍ത്തുന്ന സമീപനം എന്തായിരിക്കുമെന്നതിന്റെ സൂചനകള്‍ വ്യക്തമാവുമെന്നതാണ്‌ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ശ്രദ്ധ പതിയുന്നതിന്റെ പ്രധാന കാരണം. ചൈനയുടെ രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യ മേഖലകളില്‍ കഴിഞ്ഞ 5 വര്‍ഷത്തെ സംഭവ വികാസങ്ങള്‍ വിലയിരുത്തുകയും അടുത്ത 5 വര്‍ഷത്തേക്ക്‌ എന്താണ്‌ വേണ്ടതെന്ന തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്യുന്നതാണ്‌ സമ്മേളനത്തിലെ പ്രധാന പരിപാടി. ഏകദേശം ഒരാഴ്‌ച നീണ്ടു നില്‍ക്കുന്ന സമ്മേളനം ഇക്കാര്യങ്ങള്‍ വള്ളിപുള്ളി വിടാതെ ചര്‍ച്ച ചെയ്യുന്നതാണ്‌. ചൈനയുടെ അടുത്ത തലമുറയിലെ നേതാക്കള്‍ ആരാവും എന്നതിന്റെ സൂചനകളും പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ അവസാനം ലഭ്യമാകും. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളും പോളിറ്റ്‌ ബ്യൂറോ സ്‌റ്റാന്‍ഡിംഗ്‌ കമ്മിറ്റിയിലും വരുന്നവരാകും അടുത്ത തലമുറയിലെ നേതാക്കള്‍. സ്‌റ്റാന്‍ഡിംഗ്‌ കമ്മിറ്റിയില്‍ 7 പേരാണ്‌ ഇപ്പോള്‍ ഉള്ളത്‌.

റഷ്യയെയും, ചൈനയെയും ശത്രുപക്ഷത്ത്‌ നിര്‍ത്തുന്ന അമേരിക്കയുടെയും സഖ്യകക്ഷികളുടെയും പുതിയ ശീതയുദ്ധത്തിന്റെ ഭൂമിശ്ശാസ്‌ത്രം ഇപ്പോള്‍ ഏറെക്കുറെ വ്യക്തമാണ്‌. പഴയ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളെ ഓരോന്നായി നാറ്റോ സഖ്യത്തില്‍ ഉള്‍പ്പെടുത്തി റഷ്യന്‍ അതിര്‍ത്തിവരെ അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യത്തിന്റെ സ്വാധീനമുറപ്പിക്കുക, ചൈനയെ വരിഞ്ഞു മുറുക്കുന്ന ഏഷ്യാ-പസിഫിക്‌ അഥവാ നയത്തിലൂടെ നാറ്റോയുടെ ഏഷ്യന്‍ മാതൃകയ്‌ക്ക്‌ രൂപം നല്‍കുക എന്നിവയാണ്‌ പുതിയ ശീതയുദ്ധത്തിന്റെ ഭൗമരാഷ്ട്രീയമെന്ന്‌ വിശാലമായ അര്‍ത്ഥത്തില്‍ പറയാം. അമേരിക്ക, ആസ്‌ത്രേലിയ, ജപ്പാന്‍, ഇന്ത്യ എന്നീ രാജ്യങ്ങള്‍ ചേര്‍ന്നുള്ള ക്വാഡ്‌ സഖ്യം അമേരിക്കയുടെ അമേരിക്കയുടെ ഈ നയത്തിന്റെ നിര്‍ണ്ണായകഘടകമാണ്‌. പരമ്പരാഗതമായ അതിര്‍ത്തി തര്‍ക്കത്തിന്‌ പുറമെ ഇന്ത്യയും ചൈനയും തമ്മിലുളള തര്‍ക്കങ്ങള്‍ രൂക്ഷമാക്കുന്നതില്‍ ക്വാഡിനുള്ള പങ്ക്‌ അവഗണിക്കാവുന്നതല്ല. അമേരിക്കയുടെ തന്ത്രപരമായ ആവശ്യത്തിനായി രൂപംകൊടുത്ത ക്വാഡിന്റെ ഭാഗമാവുന്നതിന്‌ പകരം ഏഷ്യയിലെ വന്‍ശക്തികളെന്ന നിലയില്‍ ഇന്ത്യയും ചൈനയും ഒരുമിച്ച്‌ നിന്നുകൊണ്ട് അമേരിക്കയെ മേഖലയില്‍ നിന്നും പരമാവാധി ഒഴിവാക്കണമെന്ന ചൈനയുടെ വാദങ്ങള്‍ ഇന്ത്യന്‍ നയകര്‍ത്താക്കള്‍ക്ക്‌ ഇതുവരെ ബോധിച്ചിട്ടില്ലെന്ന വസ്‌തുത ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധങ്ങളുടെ നാള്‍വഴികള്‍ വ്യക്തമാക്കുന്നു. റഷ്യയും, ചൈനയും, ഇന്ത്യയും ഒരുമിച്ചു നിന്നാല്‍ ഇപ്പോള്‍ അമേരിക്കയുടെ ആധിപത്യത്തിലുളള ലോകക്രമം തന്നെ ഇല്ലാതാവുമെന്ന പ്രലോഭനീയമായ ആഗ്രഹചിന്തകള്‍ പുലര്‍ത്തുന്നവരും ഇല്ലാതില്ല. സാമ്രാജ്യത്വം, ആഗോള മുതലാളിത്തം തുടങ്ങിയ സങ്കല്‍പ്പനങ്ങളും, പരികല്‍പ്പനകളുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ അത്തരം കാര്യങ്ങളില്‍ നിഗമനങ്ങളും, അഭിപ്രായങ്ങളും രൂപീകരിയ്‌ക്കുക അത്രയെളുപ്പമല്ല. പുതിയ ശീതയുദ്ധത്തിലെ മുഖ്യപ്രതിയോഗികളിലൊന്നായി ചൈനയെ അമേരിക്ക ചിത്രീകരിയ്‌ക്കുന്ന സാഹചര്യത്തില്‍ ആഗോളകാര്യങ്ങളില്‍ ചൈന കൈക്കൊള്ളുന്ന നിലപാടുകള്‍ എന്തായിരിക്കുമെന്നതിന്റെ രൂപരേഖ പാര്‍ട്ടി കോണ്‍ഗ്രസ്സോടെ വ്യക്തമാവുമെന്നു കരുതപ്പെടുന്നു. സംഘര്‍ഷഭരിതമായ ആഗോളവിഷയങ്ങളില്‍ വളരെ തന്ത്രപരമായ മൗനങ്ങളും അമേരിക്കന്‍ സഖ്യത്തിനെ പ്രത്യക്ഷത്തില്‍ ആക്രമിയ്‌ക്കുന്ന തരത്തിലുളള നിലപാടുകളും ഒഴിവാക്കിയുള്ള ഞാണിന്മേല്‍ കളിയായിരുന്നു കഴിഞ്ഞ 40 വര്‍ഷമായുളള ചൈനീസ്‌ വിദേശനയത്തിന്റെ മുഖമുദ്ര. അത്തരമൊരു നയം ഇനിയും തുടരുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ വെളിപ്പെടുന്ന സാഹചര്യത്തില്‍ ചൈനീസ്‌ ഭരണവര്‍ഗ്ഗങ്ങളുടെ വിലയിരുത്തലുകള്‍ എന്താവുമെന്ന കാര്യം ആഗോളതലത്തില്‍ ശ്രദ്ധേയമാവുന്ന വിഷയമാണ്‌.

1980 കള്‍ മുതല്‍ ലോകശ്രദ്ധ പിടിച്ചു പറ്റുന്ന തരത്തില്‍ ചൈന ശരവേഗത്തില്‍ കൈവരിച്ച്‌ സാമ്പത്തിക വളര്‍ച്ചയുടെ കീഴോട്ടിറക്കം തുടങ്ങിയെന്ന നിഗമനങ്ങളുടെ സാഹചര്യത്തിലാണ്‌ പാര്‍ട്ടി കോണ്‍ഗ്രസ്സ്‌ നടക്കുന്നത്‌. ഇരട്ട അക്കങ്ങളിലെ വളര്‍ച്ച ഏതാണ്ട്‌ തുടര്‍ക്കഥയായ ചൈനയുടെ 2022 ലെ ജിഡിപി വളര്‍ച്ച്‌ 3.2 ശതമാനം മാത്രമായിരിക്കുമെന്നാണ്‌ ഇപ്പോഴത്തെ നിഗമനങ്ങള്‍. ചൈനയിലെ ഔദ്യോഗിക സ്ഥാപനങ്ങള്‍ ജിഡിപി വളര്‍ച്ച 5.5 ശതമാനം വരെയെത്തുമെന്നു കണക്കാക്കുന്നു. ഏതായാലും കോവിഡ്‌ മഹാമാരിക്ക്‌ മുമ്പുതന്നെ ചൈനയുടെ വളര്‍ച്ച മന്ദഗതിയില്‍ ആയിരുന്നു. കോവിഡ്‌ കാലഘട്ടത്തില്‍ അത്‌ കൂപ്പുകുത്തിയെങ്കിലും 2022 ല്‍ വളര്‍ച്ച രേഖപ്പെടുത്തുന്നത്‌ സാമ്പത്തിക മേഖലയുടെ തിരിച്ചുവരവിന്റെ സൂചനയായും കണക്കാക്കപ്പെടുന്നു. ചൈനയുടെ ത്വരിതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയുടെ പ്രധാനകാരണമായ ആഗോളതലത്തിലുള്ള ഉല്‍പ്പാദന സംവിധാനം (ഗ്ലോബലൈസ്‌ഡ്‌ പ്രൊഡക്ഷന്‍) നേരിടുന്ന പ്രതിസന്ധികള്‍ എങ്ങനെയാണ്‌ ചൈനയുടെ ഭാവിയെ ബാധിക്കുകയെന്ന ചോദ്യം അവഗണിക്കാനാവില്ല. ആഗോള ഉല്‍പ്പാദനത്തിന്റെ ആപ്‌തവാക്കായ ഓഫ്‌ഷോറിംഗിനു പകരം റീഷോറിംഗ്‌ ഭാഷയാവുന്നത്‌ ചൈനയുടെ താല്‍പ്പര്യങ്ങളെ എങ്ങനെയാവും ബാധിക്കുക. അതിനുള്ള മറുമരുന്നുകള്‍ എന്താവും. ഇക്കാര്യങ്ങളില്‍ വ്യക്തമായ ദിശാബോധം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ കൈവരുമെന്നു പ്രതീക്ഷിക്കുന്നു.

ചൈനീസ് പ്രസിഡന്റ്‌ ഷി ജിന്‍ പിംഗ്

കാലാവസ്ഥ വ്യതിയാനവും തല്‍ഫലമായുണ്ടാവുന്ന പ്രകൃതി ദുരന്തങ്ങളും ചൈനയിലെ ഭരണവര്‍ഗ്ഗങ്ങള്‍ മുന്‍ഗണനക്രമത്തില്‍ പരിഗണിക്കുന്ന വിഷയങ്ങളിലൊന്നാണെന്ന്‌ കരുതാവുന്ന നിരവധി നയങ്ങളും, തീരുമാനങ്ങളും ഇതിനകം ലഭ്യമാണ്‌. 2050 ഓടെ നെറ്റ്‌ സീറോ എമിഷന്‍ കൈവരിയ്‌ക്കുകയെന്നത്‌ നയമായി സ്വീകരിച്ചത്‌ അതിന്റെ ഉദാഹരണമാണ്‌. കാലാവസ്ഥ വ്യതിയാനവും, അതിന്റെ തിക്തഫലങ്ങള്‍ മുതലാളിത്തവുമായി ബന്ധപ്പെട്ടതാണെന്നും അതില്‍ നിന്നുള്ള പരിഹാരം മുതലാളിത്ത സംവിധാനത്തെ തന്നെ അവസാനിപ്പിക്കുന്നതാണെന്നും വാദിക്കുന്ന ജോണ്‍ ബെല്ലാരി ഫോസ്‌റ്ററിനെ പോലുള്ള ചിന്താഗതിക്കാരെ ചൈനയിലെ ഔദ്യോഗിക മാധ്യമങ്ങളില്‍ അവതരിപ്പിക്കുന്നതുമെല്ലാം ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തതയുള്ള സമീപനങ്ങള്‍ ചൈന സ്വീകരിക്കാനിടയുളളതിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു. ചൈനയിലെ പാര്‍ട്ടി കോണ്‍ഗ്രസ്സിനെ പറ്റി മൂന്നു തരത്തിലുള്ള ആഖ്യാനങ്ങളാണ്‌ പ്രധാനമായും കേരളത്തിലെ മാധ്യമങ്ങളില്‍ കാണാനാവുക. പരമ്പരാഗതമായ കമ്യൂണിസ്റ്റു വിരുദ്ധതയില്‍ വേരുകളുള്ളതും ശീതയുദ്ധകാലത്ത്‌ പൂര്‍ണ്ണരൂപം കൈവരിച്ചതുമായ പ്രൊപഗാന്‍ഡയുടെ ഭാഗമായ ആഖ്യാനങ്ങളാണ്‌ അവയില്‍ പ്രധാനം. മിക്കവാറും പാശ്ചാത്യ മാധ്യമങ്ങളില്‍ നിന്നും വാര്‍ത്താ ഏജന്‍സികളിലും വരുന്ന ചൈന ഉള്ളടക്കങ്ങള്‍ അതിന്റെ ലക്ഷണമൊത്ത മാതൃകകളാണ്‌. മലയാളത്തിലെ മുഖ്യധാര മാധ്യമങ്ങള്‍ മിക്കവാറും പിന്തുടരുന്നതും ഈയൊരു സംവിധാനത്തെയാണ്‌.

സോഷ്യലിസത്തിന്റെ പുതിയ വിഹായസ്സുകളിലേക്ക്‌ മുന്നേറുകയാണ്‌ ചൈനയെന്ന വാദങ്ങളാണ്‌ മറ്റൊരു പ്രധാന ആഖ്യാനം. പരമ്പരാഗത കമ്യൂണിസ്റ്റു പാര്‍ട്ടികളും, അമേരിക്കന്‍ ആധിപത്യത്തെ എതിര്‍ക്കുന്ന സാമ്രാജ്യത്വ വിരുദ്ധരായ ഒട്ടേറെപ്പേരും ഈ ഗണത്തില്‍ ഉള്‍പ്പെടുന്നു. കേരളത്തില്‍ സിപിഎം ന്റെ നേതാക്കളും അനുയായികളുമാണ്‌ ഈ വാദത്തിന്റെ പ്രധാന പിന്തുണക്കാര്‍. 1976 ല്‍ മാവോ സെതൂങ്ങിന്റെ മരണശേഷം ചൈനയില്‍ ദെങ്ങിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്നവര്‍ മുതലാളിത്തം പുനസ്ഥാപിച്ചുവെന്ന്‌ സ്ഥാപിക്കുന്ന മാവോയിസ്‌റ്റു ആഖ്യാനങ്ങളും കേരളത്തില്‍ സജീവമായി നിലനില്‍ക്കുന്നു. ഒരു കാര്യം ഏതായാലും ഉറപ്പാണ്‌. 'ചൈനീസ്‌ പാത നമ്മുടെ പാത'-യെന്ന ചൊല്ലിനെ ഏറ്റവും വിധ്വംസകമായ മുദ്രാവാക്യമായി ഇന്ത്യന്‍ ഭരണാധികാരികള്‍ കണ്ട 1960 കളിലും 70 കളിലും നിന്ന്‍ ചൈന ആകെ മാറിയിരിക്കുന്നു. ഇന്ത്യയിലും ലോകമാകെയും ചൈനീസ്‌ പാതയെ പിടിച്ച്‌ ആണയിടുന്നവരെ തട്ടി നടക്കാന്‍ മേലാത്ത സ്ഥിതിയാണ്‌ ഇപ്പോള്‍. ഭരണാധികാരികള്‍ മാത്രമല്ല ഒരു മാതിരിയുള്ള കച്ചവടക്കാരെല്ലാം ചൈനീസ്‌ മാതൃകയുടെ ആരാധകരാവുന്ന സാഹചര്യത്തിലാവും മാവോയുടെ ഇഷ്ടവിഷയമായ മുഖ്യവൈരുദ്ധ്യം ഏതാണെന്ന ചോദ്യത്തിന്റെ പ്രസക്തി.

Leave a comment